അനുതാപത്തിന്റെ ഒരു പ്രാർഥന
അധ്യായം ഇരുപത്തിയഞ്ച്
അനുതാപത്തിന്റെ ഒരു പ്രാർഥന
1, 2. (എ) ദിവ്യ ശിക്ഷണത്തിന്റെ ഉദ്ദേശ്യം എന്ത്? (ബി) യഹോവയുടെ ശിക്ഷണം ലഭിച്ചശേഷം യഹൂദന്മാർ എന്തു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും?
യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും പൊ.യു.മു. 607-ലെ നാശം യഹോവയിൽ നിന്നുള്ള ഒരു ശിക്ഷണമായിരുന്നു, അവന്റെ കടുത്ത അനിഷ്ടത്തിന്റെ ഒരു പ്രകടനമായിരുന്നു. അനുസരണംകെട്ട യഹൂദ ജനതയ്ക്ക് ആ കടുത്ത ശിക്ഷ ആവശ്യമായിരുന്നു. എന്നാൽ യഹൂദന്മാർ പൂർണമായി നശിപ്പിക്കപ്പെടാൻ യഹോവ ഉദ്ദേശിച്ചില്ല. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യഹോവയുടെ ശിക്ഷണത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ഒരു സൂചന നൽകി: “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.”—എബ്രായർ 12:11.
2 കഠിനമായ ഈ അനുഭവത്തോട് യഹൂദന്മാർ എങ്ങനെ പ്രതികരിക്കും? അവർ യഹോവയുടെ ശിക്ഷണത്തെ വെറുക്കുമോ? (സങ്കീർത്തനം 50:16, 17) അതോ അവർ അതിനെ ഒരു പരിശീലനമായി കാണുമോ? അവർ അനുതപിച്ച് സൗഖ്യം പ്രാപിക്കുമോ? (യെശയ്യാവു 57:18; യെഹെസ്കേൽ 18:23) യഹൂദയിലെ മുൻ നിവാസികളിൽ ചിലരെങ്കിലും ആ ശിക്ഷണത്തോട് അനുകൂലമായി പ്രതികരിക്കുമെന്ന് യെശയ്യാവിന്റെ പ്രവചനം സൂചിപ്പിക്കുന്നു. 63-ാം അധ്യായത്തിന്റെ അവസാന വാക്യങ്ങളിലും 64-ാം അധ്യായത്തിൽ ഉടനീളവും ഹൃദയംഗമമായ യാചനയോടെ യഹോവയെ സമീപിക്കുന്ന അനുതാപമുള്ള ഒരു ജനമായി യഹൂദ ജനതയെ ചിത്രീകരിച്ചിരിക്കുന്നു. പ്രവാചകനായ യെശയ്യാവ് ഭാവിയിൽ പ്രവാസികൾ ആയിത്തീരാനിരിക്കുന്ന തന്റെ ദേശക്കാർക്കായി അനുതാപത്തിന്റെ പ്രാർഥന നടത്തുന്നു. അങ്ങനെ പ്രാർഥിക്കവേ, ഭാവി സംഭവങ്ങൾ തന്റെ കൺമുന്നിൽ സംഭവിക്കുന്നതു പോലെയാണ് അവൻ സംസാരിക്കുന്നത്.
അനുകമ്പയുള്ള ഒരു പിതാവ്
3. (എ) തന്റെ പ്രാവചനിക പ്രാർഥനയിലൂടെ യെശയ്യാവ് യഹോവയെ സ്തുതിക്കുന്നത് എങ്ങനെ? (ബി) യെശയ്യാവിന്റെ പ്രാവചനിക പ്രാർഥന ബാബിലോണിലെ അനുതാപമുള്ള യഹൂദന്മാരുടെ ചിന്തകളെ പ്രതിഫലിപ്പിക്കുന്നു എന്ന് ദാനീയേലിന്റെ പ്രാർഥന പ്രകടമാക്കുന്നത് എങ്ങനെ? (362-ാം പേജിലെ ചതുരം കാണുക.)
3 യെശയ്യാവ് യഹോവയോട് ഇങ്ങനെ പ്രാർഥിക്കുന്നു: “സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ!” ഇവിടെ പ്രവാചകൻ, യഹോവയും അവന്റെ അദൃശ്യ ആത്മസൃഷ്ടികളും വസിക്കുന്ന ആത്മീയ സ്വർഗത്തെ കുറിച്ചാണു പറയുന്നത്. യെശയ്യാവ് തുടർന്ന് ഇങ്ങനെ പറഞ്ഞുകൊണ്ട് പ്രവാസികളായ യഹൂദന്മാരുടെ ചിന്തകൾ പ്രതിഫലിപ്പിക്കുന്നു: “നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു.” (യെശയ്യാവു 63:15) യഹോവ തന്റെ ശക്തി അടക്കിവെക്കുകയും തന്റെ ജനത്തോടുള്ള ആഴമായ വികാരങ്ങൾ—“[അവന്റെ] മനസ്സലിവും കരുണയും”—നിയന്ത്രിക്കുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, യഹോവ യഹൂദ ജനതയുടെ ‘പിതാവ്’ ആണ്. അബ്രാഹാമും ഇസ്രായേലും (യാക്കോബ്) അവരുടെ ജഡിക പൂർവപിതാക്കന്മാർ ആയിരുന്നു. എന്നാൽ അവർ ഇരുവരും ജീവനിലേക്കു തിരിച്ചുവന്നാൽ അവർ വിശ്വാസത്യാഗികളായ തങ്ങളുടെ സന്തതികളെ ഒരുപക്ഷേ തള്ളിക്കളഞ്ഞേനെ. യഹോവയ്ക്ക് തന്റെ ജനത്തോട് അതിലുമേറെ അനുകമ്പയുണ്ട്. (സങ്കീർത്തനം 27:10) യെശയ്യാവ് കൃതജ്ഞതയോടെ പറയുന്നു: “നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.”—യെശയ്യാവു 63:16.
4, 5. (എ) തന്റെ വഴികളിൽനിന്ന് യഹൂദന്മാർ തെറ്റിപ്പോകാൻ യഹോവ ഇടയാക്കുന്നത് ഏത് അർഥത്തിലാണ്? (ബി) യഹോവ ആഗ്രഹിക്കുന്നത് എങ്ങനെയുള്ള ആരാധനയാണ്?
4 ഹൃദയംഗമമായ വാക്കുകളോടെ യെശയ്യാവ് തുടരുന്നു: “യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെററുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ.” (യെശയ്യാവു 63:17) അതേ, യഹോവ വീണ്ടും തന്റെ ശ്രദ്ധ തന്റെ ദാസന്മാരിലേക്കു തിരിക്കേണമേ എന്ന് യെശയ്യാവ് ഇവിടെ പ്രാർഥിക്കുകയാണ്. ഏത് അർഥത്തിലാണ് യഹൂദന്മാർ തന്റെ വഴികളിൽനിന്നു തെറ്റിപ്പോകാൻ യഹോവ ഇടയാക്കുന്നത്? യഹോവയെ ഭയപ്പെടാതിരിക്കത്തക്കവിധം ഇസ്രായേൽ തങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കിയതിന് യഹോവയാണോ ഉത്തരവാദി? അല്ല. പക്ഷേ, അവൻ അത് അനുവദിക്കുന്നു എന്നേയുള്ളൂ. എന്നാൽ, അത്തരം വഴിതെറ്റിയ ഗതി സ്വീകരിക്കാൻ യഹോവ തങ്ങൾക്കു സ്വാതന്ത്ര്യം നൽകിയതായി നിരാശരായ യഹൂദന്മാർ വിലപിക്കുന്നു. (പുറപ്പാടു 4:21; നെഹെമ്യാവു 9:16) തെറ്റു ചെയ്യുന്നതിൽനിന്നു തങ്ങളെ തടയാൻ യഹോവ ഇടപെട്ടിരുന്നെങ്കിൽ എന്ന് അവർ ആശിക്കുന്നു.
5 തീർച്ചയായും, ദൈവം മനുഷ്യരോട് ആ വിധത്തിൽ പെരുമാറുന്നില്ല. നാം സ്വതന്ത്ര ധാർമിക കാര്യസ്ഥരാണ്. യഹോവയെ അനുസരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവൻ നമ്മെ അനുവദിക്കുന്നു. (ആവർത്തനപുസ്തകം 30:15-19) നാം യഥാർഥ സ്നേഹത്താൽ പ്രചോദിതമായ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും യഹോവയെ ആരാധിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. അതിനാൽ, തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിക്കാൻ അവൻ യഹൂദരെ അനുവദിക്കുന്നു. എന്നാൽ അവരാകട്ടെ ആ ഇച്ഛാസ്വാതന്ത്ര്യത്തെ യഹോവയോട് മത്സരിക്കാനാണ് ഉപയോഗിക്കുന്നത്. യഹോവ അവരുടെ ഹൃദയങ്ങളെ കഠിനമാക്കിയിരിക്കുന്നു എന്നു പറയുന്നത് ഈ അർഥത്തിലാണ്.—2 ദിനവൃത്താന്തം 36:14-21.
6, 7. (എ) യഹൂദന്മാർ യഹോവയുടെ വഴികൾ ഉപേക്ഷിച്ചതിന്റെ ഫലമെന്താണ്? (ബി) എന്തു വ്യർഥാഭിലാഷം അവർ പ്രകടിപ്പിക്കുന്നു, എന്നാൽ യഹൂദന്മാർക്ക് എന്തു പ്രതീക്ഷിക്കാനുള്ള അവകാശമില്ലായിരുന്നു?
6 അതിന്റെ ഫലമെന്താണ്? യെശയ്യാവ് പ്രാവചനികമായി പറയുന്നു: “നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു. ഞങ്ങൾ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു.” (യെശയ്യാവു 63:18, 19) യഹോവയുടെ ജനത്തിനു കുറെക്കാലം അവന്റെ വിശുദ്ധമന്ദിരം കൈവശമായി ഉണ്ടായിരുന്നു. പിന്നീട് അതു നശിപ്പിക്കപ്പെടാനും തന്റെ ജനത പ്രവാസത്തിലേക്കു പോകാനും യഹോവ അനുവദിച്ചു. അതു സംഭവിച്ചപ്പോൾ, അവനും അബ്രാഹാമിന്റെ സന്തതികളും തമ്മിൽ ഉടമ്പടി ഇല്ലാത്തതു പോലെയും അവന്റെ നാമം അവരുടെമേൽ വിളിക്കപ്പെടാത്തതു പോലെയും ഉള്ള ഒരു അവസ്ഥ ആയിരുന്നു. ഇപ്പോൾ ബാബിലോണിൽ പ്രവാസികളായ യഹൂദന്മാർ നിസ്സഹായരായി ഇങ്ങനെ വിളിച്ചുപറയുന്നു: “അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും തീകൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകൾ നിന്റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു!” (യെശയ്യാവു 64:1, 2) യഹോവയ്ക്കു തീർച്ചയായും രക്ഷിക്കുന്നതിനുള്ള ശക്തിയുണ്ട്. ആകാശം പോലുള്ള ഭരണവ്യവസ്ഥിതികളെ കീറിമുറിച്ചുകൊണ്ടും മലകൾ പോലുള്ള സാമ്രാജ്യങ്ങളെ തകർത്തുകൊണ്ടും അവനു തീർച്ചയായും ഇറങ്ങിവന്ന് തന്റെ ജനത്തിനുവേണ്ടി പോരാടാൻ കഴിയുമായിരുന്നു. തന്റെ ജനത്തെപ്രതി ഉഗ്രമായ തീക്ഷ്ണത കാട്ടിക്കൊണ്ട് തന്റെ നാമം അവനു പ്രസിദ്ധമാക്കാമായിരുന്നു.
7 കഴിഞ്ഞ കാലത്ത് യഹോവ അത്തരം സംഗതികൾ ചെയ്തിരുന്നു. യെശയ്യാവ് പറയുന്നു: “ഞങ്ങൾ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവർത്തിച്ചപ്പോൾ നീ ഇറങ്ങിവരികയും മലകൾ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ.” (യെശയ്യാവു 64:3) അത്തരം മഹാപ്രവൃത്തികൾ യഹോവയുടെ ശക്തിയെയും ദൈവത്വത്തെയും പ്രകടമാക്കി. എന്നിരുന്നാലും, തങ്ങളുടെ പ്രയോജനത്തിനായി യഹോവ അത്തരമൊരു വിധത്തിൽ പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കാൻ യെശയ്യാവിന്റെ നാളിലെ അവിശ്വസ്ത യഹൂദന്മാർക്ക് യാതൊരു അവകാശവും ഇല്ലായിരുന്നു.
യഹോവയ്ക്കു മാത്രമേ രക്ഷിക്കാനാകൂ
8. (എ) ജാതികളുടെ വ്യാജദൈവങ്ങളിൽനിന്ന് യഹോവ വ്യത്യസ്തൻ ആയിരിക്കുന്ന ഒരു വിധം ഏത്? (ബി) തന്റെ ജനത്തെ രക്ഷിക്കാൻ യഹോവയ്ക്കു പ്രാപ്തി ഉണ്ടായിരുന്നിട്ടും അവൻ അങ്ങനെ ചെയ്യാത്തത് എന്തുകൊണ്ട്? (സി) പൗലൊസ് എങ്ങനെ യെശയ്യാവു 64:4 ഉദ്ധരിച്ച് ബാധകമാക്കുന്നു? (366-ാം പേജിലെ ചതുരം കാണുക.)
8 വ്യാജദൈവങ്ങൾ തങ്ങളുടെ ആരാധകർക്കായി ശക്തമായ യാതൊരു രക്ഷാപ്രവൃത്തിയും ചെയ്യുന്നില്ല. യെശയ്യാവ് എഴുതുന്നു: “നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു.” (യെശയ്യാവു 64:4, 5എ) ‘തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നവൻ’ യഹോവ മാത്രമാണ്. (എബ്രായർ 11:6) നീതി പ്രവർത്തിക്കുകയും തന്നെ ഓർക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് അവൻ നടപടി എടുക്കുന്നു. (യെശയ്യാവു 30:18) യഹൂദന്മാർ നീതി പ്രവർത്തിക്കുകയും അവനെ ഓർക്കുകയും ചെയ്തിട്ടുണ്ടോ? ഇല്ല. യെശയ്യാവ് യഹോവയോടു പറയുന്നു: “നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?” (യെശയ്യാവു 64:5ബി) ദൈവജനം ദീർഘകാലം പാപപൂർണമായ ഒരു ഗതിയിൽ തുടർന്നതിനാൽ, തന്റെ കോപം അടക്കിനിറുത്താനോ അവരുടെ രക്ഷയ്ക്കായി പ്രവർത്തിക്കാനോ യാതൊരു കാരണവും യഹോവ കാണുന്നില്ല.
9. അനുതാപമുള്ള യഹൂദന്മാർക്ക് എന്തിനായി പ്രതീക്ഷിക്കാൻ കഴിയും, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
9 ഭൂതകാലത്തു സംഭവിച്ച കാര്യങ്ങൾ ഇല്ലാതാക്കാൻ യഹൂദന്മാർക്കാവില്ല. എന്നാൽ അനുതപിച്ച് ശുദ്ധാരാധനയിലേക്കു മടങ്ങിവരുന്നെങ്കിൽ, അവർക്ക് ക്ഷമയും ഭാവി അനുഗ്രഹങ്ങളും പ്രതീക്ഷിക്കാൻ സാധിക്കും. ബാബിലോണിയൻ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ട് യഹോവ അനുതാപമുള്ളവർക്കു പ്രതിഫലം കൊടുക്കും. എന്നാൽ, അവർ ക്ഷമയുള്ളവർ ആയിരിക്കേണ്ടതുണ്ട്. അവർ അനുതപിച്ചാൽ പോലും യഹോവ തന്റെ സമയപ്പട്ടികയ്ക്കു മാറ്റം വരുത്തുകയില്ല. എന്നാൽ അവർ ജാഗ്രതയുള്ളവർ ആയിരിക്കുകയും യഹോവയുടെ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ, അവർക്ക് നിശ്ചയമായും നിത്യമായ വിടുതൽ ലഭിക്കും. സമാനമായി, ഇന്നു ക്രിസ്ത്യാനികൾ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരിക്കുന്നു. (2 പത്രൊസ് 3:11, 12) പിൻവരുന്ന പ്രകാരം പറഞ്ഞ പൗലൊസ് അപ്പൊസ്തലന്റെ വാക്കുകൾ നാം ഗൗരവമായി എടുക്കുന്നു: “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
10. യെശയ്യാവിന്റെ പ്രാർഥനയിൽ എന്തു കഴിവില്ലായ്മ തുറന്നു സമ്മതിച്ചിരിക്കുന്നു?
10 യെശയ്യാവിന്റെ പ്രാവചനിക പ്രാർഥന പാപത്തിന്റെ ഔപചാരികമായ ഏറ്റുപറച്ചിലിനെക്കാൾ കവിഞ്ഞതാണ്. യഹൂദ ജനതയ്ക്ക് സ്വയം രക്ഷിക്കാനുള്ള പ്രാപ്തിയില്ലായ്മ സംബന്ധിച്ച ആത്മാർഥമായ ഏറ്റുപറച്ചിൽ അതിൽ കാണാം. പ്രവാചകൻ ഇങ്ങനെ പറയുന്നു: “ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീർന്നു; ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാററുപോലെ പറപ്പിച്ചുകളയുന്നു.” (യെശയ്യാവു 64:6) പ്രവാസകാലത്തിന്റെ അവസാനം ആയപ്പോഴേക്കും അനുതാപമുള്ള യഹൂദന്മാർ വിശ്വാസത്യാഗം ഉപേക്ഷിച്ചിരിക്കാം. നീതിപ്രവൃത്തികൾ ചെയ്തുകൊണ്ട് അവർ യഹോവയിലേക്കു തിരിഞ്ഞിരിക്കാം. എന്നാൽ അവർ ഇപ്പോഴും അപൂർണരാണ്. അവരുടെ സത്പ്രവൃത്തികൾ പ്രശംസനീയമാണെങ്കിലും, പാപപരിഹാരത്തിന്റെ കാര്യത്തിൽ അവ കറപുരണ്ട വസ്ത്രത്തെക്കാൾ ഒട്ടും മെച്ചമല്ല. യഹോവയുടെ ക്ഷമ അവന്റെ കരുണയാൽ പ്രേരിതമായ ഒരു അനർഹ ദാനമാണ്. അത് ശ്രമം ചെയ്ത് നേടിയെടുക്കാവുന്ന ഒന്നല്ല.—റോമർ 3:23, 24.
11. (എ) പ്രവാസികളായ യഹൂദന്മാരുടെ ഇടയിൽ അനാരോഗ്യകരമായ എന്ത് ആത്മീയ അവസ്ഥ നിലനിൽക്കുന്നു, അത് എന്തുകൊണ്ട്? (ബി) അവരുടെ ഇടയിൽ ആർ വിശ്വാസത്തിന്റെ ഉത്തമ മാതൃകകൾ ആണ്?
11 യെശയ്യാവ് മുന്നോട്ടു നോക്കവേ, അവൻ എന്താണു കാണുന്നത്? പ്രവാചകൻ ഇപ്രകാരം പ്രാർഥിക്കുന്നു: “നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.” (യെശയ്യാവു 64:7) ജനത്തിന്റെ ആത്മീയ അവസ്ഥ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ജനങ്ങൾ പ്രാർഥനയിൽ ദൈവനാമം വിളിച്ചപേക്ഷിക്കുന്നുണ്ടായിരുന്നില്ല. വിഗ്രഹാരാധന എന്ന ഗുരുതരമായ അപരാധം യഹൂദന്മാർ മേലാൽ ആവർത്തിക്കുന്നില്ലെങ്കിലും, അവർ വ്യക്തമായും തങ്ങളുടെ ആരാധനയിൽ ഉദാസീനരാണ്. യഹോവയെ “മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്ന” ആരുമില്ല. അവർ വ്യക്തമായും സ്രഷ്ടാവുമായി ആരോഗ്യാവഹമായ ഒരു ബന്ധം ആസ്വദിക്കുന്നില്ല. യഹോവയെ പ്രാർഥനയിൽ വിളിക്കാൻ തങ്ങൾക്കു യോഗ്യത ഇല്ലെന്ന് ഒരുപക്ഷേ ചിലർക്കു തോന്നുന്നുണ്ടായിരിക്കാം. മറ്റു ചിലർ അവനെ കുറിച്ച് യാതൊരു ചിന്തയും ഇല്ലാതെ തങ്ങളുടെ അനുദിന കാര്യാദികളിൽ മുഴുകുന്നു. തീർച്ചയായും ആ പ്രവാസികളുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ്, യെഹെസ്കേൽ തുടങ്ങിയവർ ഉണ്ട്. അവർ വിശ്വാസത്തിന്റെ നല്ല മാതൃകകൾ ആണ്. (എബ്രായർ 11:33, 34) 70 വർഷത്തെ പ്രവാസകാലത്തിന്റെ അവസാനം അടുത്തുവന്നപ്പോൾ ഹഗ്ഗായി, സെഖര്യാവ്, സെരുബ്ബാബേൽ, മഹാപുരോഹിതനായ യോശുവ തുടങ്ങിയവർ യഹോവയുടെ നാമത്തെ വിളിക്കുന്നതിൽ മികച്ച നേതൃത്വം നൽകാൻ തയ്യാറായി നിൽക്കുകയാണ്. അപ്പോഴും പ്രവാസികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ആത്മീയ അവസ്ഥ യെശയ്യാവ് തന്റെ പ്രാർഥനയിൽ വിവരിക്കുന്നതായി തോന്നുന്നു.
‘അനുസരിക്കുന്നത് യാഗത്തെക്കാളും നല്ലത്’
12. അനുതാപമുള്ള യഹൂദന്മാർ തങ്ങളുടെ നടത്തയ്ക്കു മാറ്റം വരുത്താൻ സന്നദ്ധരാണ് എന്ന സംഗതി യെശയ്യാവ് എങ്ങനെ പ്രകടിപ്പിക്കുന്നു?
12 അനുതാപമുള്ള യഹൂദന്മാർ മാറ്റം വരുത്താൻ സന്നദ്ധരാണ്. അവരെ പ്രതിനിധാനം ചെയ്തുകൊണ്ട് യെശയ്യാവ് യഹോവയോടു പ്രാർഥിക്കുന്നു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശയ്യാവു 64:8) ഈ വാക്കുകൾ പിതാവ് അല്ലെങ്കിൽ ജീവദാതാവ് എന്ന നിലയിലുള്ള യഹോവയുടെ അധികാരത്തെ വീണ്ടും സമ്മതിച്ചുപറയുകയാണ്. (ഇയ്യോബ് 10:9) അനുതപിക്കുന്ന യഹൂദന്മാരെ വഴക്കമുള്ള കളിമണ്ണിനോടു താരതമ്യം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ ശിക്ഷണത്തോടു പ്രതികരിക്കുന്നവരെ ഒരു പ്രതീകാത്മക വിധത്തിൽ ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. എന്നാൽ മനയുന്നവനായ യഹോവ ക്ഷമിക്കുന്നെങ്കിൽ മാത്രമേ അതു സാധ്യമാകൂ. അതിനാൽ യഹൂദന്മാർ ദൈവത്തിന്റെ ജനമാണെന്ന് ഓർക്കാൻ യെശയ്യാവ് രണ്ടു പ്രാവശ്യം അവനോട് അപേക്ഷിക്കുന്നു: “യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓർക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങൾ എല്ലാവരും നിന്റെ ജനമല്ലോ.”—യെശയ്യാവു 64:9.
13. ദൈവജനം പ്രവാസത്തിൽ ആയിരിക്കുമ്പോൾ ഇസ്രായേൽ ദേശത്തിന്റെ അവസ്ഥ എന്താണ്?
13 പ്രവാസകാലത്ത്, ഒരു പുറജാതീയ ദേശത്തെ അടിമത്തത്തെക്കാളധികം യഹൂദന്മാർ സഹിക്കുന്നു. യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും ശൂന്യാവസ്ഥ അവരുടെയും ദൈവത്തിന്റെയും മേൽ നിന്ദ വരുത്തിവെക്കുന്നു. യെശയ്യാവിന്റെ പ്രാർഥന, ഈ നിന്ദയ്ക്കു കാരണമായ ചില സംഗതികൾ പറയുന്നു: “നിന്റെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീർന്നു; ഞങ്ങൾക്കു മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു.”—യെശയ്യാവു 64:10, 11.
14. (എ) ഇപ്പോൾ നിലനിൽക്കുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് യഹോവ എങ്ങനെ മുന്നറിയിപ്പു നൽകി? (ബി) യഹോവ അവന്റെ ആലയത്തിലും അവിടെ അർപ്പിച്ച യാഗങ്ങളിലും പ്രസാദിച്ചിരുന്നെങ്കിലും അതിനെക്കാൾ പ്രധാനമായിരുന്നത് എന്താണ്?
14 തീർച്ചയായും, യഹൂദന്മാരുടെ പൂർവിക ദേശത്തിന്റെ അവസ്ഥ സംബന്ധിച്ച് യഹോവയ്ക്ക് നന്നായി അറിയാം. യെരൂശലേമിന്റെ നാശത്തിന് ഏകദേശം 420 വർഷം മുമ്പ്, ഇസ്രായേൽ ജനം തന്റെ കൽപ്പനകളെ വിട്ടുമാറി അന്യദൈവങ്ങളെ ആരാധിച്ചാൽ താൻ “കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയു”മെന്നും മനോഹരമായ ആലയം ഒരു “പാഴ്ക്കൂന” [ഓശാന ബൈ.] ആയിത്തീരുമെന്നും അവൻ അവർക്കു മുന്നറിയിപ്പു നൽകി. (1 രാജാക്കന്മാർ 9:6-9) തന്റെ ജനത്തിന് യഹോവ നൽകിയ ദേശത്തിലും തന്റെ മഹത്ത്വത്തിനായി നിർമിച്ചിരിക്കുന്ന പ്രൗഢമായ ആലയത്തിലും തനിക്കായി അർപ്പിക്കപ്പെടുന്ന യാഗങ്ങളിലും യഹോവ പ്രസാദിച്ചിരുന്നു. എന്നാൽ ഭൗതിക വസ്തുക്കളെക്കാൾ, യാഗങ്ങളെക്കാൾ പോലും, പ്രധാനമാണ് വിശ്വസ്തതയും അനുസരണവും. പ്രവാചകനായ ശമൂവേൽ ഉചിതമായി ശൗൽ രാജാവിനോട് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.”—1 ശമൂവേൽ 15:22.
15. (എ) പ്രാവചനികമായി യെശയ്യാവ് യഹോവയോട് എന്ത് അഭ്യർഥിക്കുന്നു, അതിന് എങ്ങനെ ഉത്തരം ലഭിക്കുന്നു? (ബി) ഒരു ജനത എന്ന നിലയിൽ യഹോവ ഇസ്രായേലിനെ അന്തിമമായി തള്ളിക്കളയുന്നതിലേക്കു നയിച്ച സംഭവങ്ങൾ എന്തെല്ലാം?
15 എങ്കിലും, ഇസ്രായേലിന്റെ ദൈവത്തിന് അനുതാപമുള്ള തന്റെ ജനത്തിന്റെ അരിഷ്ടത കണ്ടിട്ട് അനുകമ്പ തോന്നാതിരിക്കുമോ? യെശയ്യാവ് തന്റെ പ്രാവചനിക പ്രാർഥന അവസാനിപ്പിക്കുന്നത് അത്തരത്തിലുള്ള ഒരു ചോദ്യത്തോടെയാണ്. പ്രവാസികളായ യഹൂദന്മാർക്കായി അവൻ ഇങ്ങനെ അപേക്ഷിക്കുന്നു: “യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?” (യെശയ്യാവു 64:12) ഒടുവിൽ, യഹോവ തന്റെ ജനത്തോടു ക്ഷമിക്കുകയും അവർക്ക് സ്വദേശത്ത് വീണ്ടും സത്യാരാധന നടത്താൻ കഴിയേണ്ടതിന് പൊ.യു.മു. 537-ൽ അവൻ അവരെ അവിടേക്കു തിരികെ കൊണ്ടുവരികയും ചെയ്യുന്നു. (യോവേൽ 2:13) എന്നാൽ, നൂറ്റാണ്ടുകൾക്കു ശേഷം യെരൂശലേമും അതിലെ ആലയവും വീണ്ടും നശിപ്പിക്കപ്പെട്ടു. തന്റെ ഉടമ്പടി ജനതയെ ഒടുവിൽ ദൈവം തള്ളിക്കളയുകയും ചെയ്തു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയുടെ ജനം അവന്റെ കൽപ്പനകൾ അനുസരിക്കാതിരിക്കുകയും മിശിഹായെ തള്ളിക്കളയുകയും ചെയ്തു. (യോഹന്നാൻ 1:11; 3:19, 20) അതു സംഭവിച്ചപ്പോൾ ഇസ്രായേലിനെ മാറ്റി യഹോവ ഒരു പുതിയ ജനതയെ, അതായത് ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ജനതയെ അതിന്റെ സ്ഥാനത്ത് ആക്കിവെച്ചു.—ഗലാത്യർ 6:16; 1 പത്രൊസ് 2:9.
യഹോവ, ‘പ്രാർഥന കേൾക്കുന്നവൻ’
16. യഹോവയുടെ ക്ഷമ സംബന്ധിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു?
16 ഇസ്രായേലിനു സംഭവിച്ച കാര്യങ്ങളിൽനിന്നു പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാനാകും. യഹോവ “നല്ലവനും ക്ഷമിക്കുന്നവനും” ആണെന്നു നാം മനസ്സിലാക്കുന്നു. (സങ്കീർത്തനം 86:5) അപൂർണ മനുഷ്യർ എന്ന നിലയിൽ രക്ഷ ലഭിക്കുന്നതിനു നമുക്ക് അവന്റെ കരുണയും ക്ഷമയും ആവശ്യമാണ്. നാം ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തികളിലൂടെ ആ അനുഗ്രഹങ്ങൾ നേടിയെടുക്കാനാവില്ല. അതേസമയം, യഹോവ എല്ലാവർക്കും ക്ഷമ വെച്ചുനീട്ടുന്നില്ല. പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും അതിനു ചേർച്ചയിൽ തിരിഞ്ഞുവരുകയും ചെയ്യുന്നവർക്കേ ദൈവത്തിന്റെ ക്ഷമ ലഭിക്കൂ.—പ്രവൃത്തികൾ 3:19.
17, 18. (എ) യഹോവയ്ക്കു നമ്മുടെ ചിന്തകളിലും വികാരങ്ങളിലും യഥാർഥ താത്പര്യമുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) പാപികളായ മനുഷ്യരോട് യഹോവ ക്ഷമ പ്രകടമാക്കുന്നത് എങ്ങനെ?
17 നാം പ്രാർഥനയിൽ നമ്മുടെ ചിന്തകളും വികാരങ്ങളും യഹോവയെ അറിയിക്കുമ്പോൾ അവൻ അവയിൽ അതീവ താത്പര്യം പ്രകടമാക്കുന്നതായി നാം മനസ്സിലാക്കുന്നു. യഹോവ ‘പ്രാർഥന കേൾക്കുന്നവൻ’ ആണ്. (സങ്കീർത്തനം 65:2, 3) പത്രൊസ് അപ്പൊസ്തലൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “[യഹോവയുടെ] കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1 പത്രൊസ് 3:12) മാത്രമല്ല, അനുതാപത്തോടു കൂടിയ പ്രാർഥനയിൽ നമ്മുടെ പാപങ്ങൾ താഴ്മയോടെ ഏറ്റുപറയുന്നത് ഉൾപ്പെടുന്നുവെന്നും നാം മനസ്സിലാക്കുന്നു. (സദൃശവാക്യങ്ങൾ 28:13) എന്നാൽ, നാം എന്തു ചെയ്താലും ദൈവം കരുണ കാണിക്കുമെന്നു നാം വിചാരിക്കരുത്. “നിങ്ങൾക്കു ലഭിച്ച ദൈവത്തിന്റെ കൃപ വ്യർഥമാക്കരുത്” എന്നു ക്രിസ്ത്യാനികൾക്കു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—2 കൊരിന്ത്യർ 6:1, ഓശാന ബൈ.
18 ഒടുവിൽ, പാപികളായ മനുഷ്യരോടു ദൈവം ക്ഷമ പ്രകടമാക്കുന്നതിന്റെ ഉദ്ദേശ്യം നാം മനസ്സിലാക്കുന്നു. ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിക്കുന്ന’തിനാൽ യഹോവ ക്ഷമ കാണിക്കുന്നുവെന്ന് പത്രൊസ് അപ്പൊസ്തലൻ വിശദീകരിച്ചു. (2 പത്രൊസ് 3:9) എന്നാൽ ദൈവത്തിന്റെ ക്ഷമയെ നിരന്തരം ദുരുപയോഗപ്പെടുത്തുന്നവർ ഒടുവിൽ ശിക്ഷിക്കപ്പെടും. ഇതു സംബന്ധിച്ച് നാം ഇങ്ങനെ വായിക്കുന്നു: “[യഹോവ] ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.”—റോമർ 2:6-8.
19. മാറ്റമില്ലാത്ത എന്തെല്ലാം ഗുണങ്ങൾ യഹോവ എപ്പോഴും പ്രകടമാക്കും?
19 പുരാതന ഇസ്രായേലിനോടു ദൈവം ഇടപെട്ടത് ആ വിധത്തിലാണ്. ഇന്ന് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ഭരിക്കുന്നത് അതേ തത്ത്വങ്ങൾ ആണ്. കാരണം, അവൻ മാറ്റമില്ലാത്തവനാണ്. അർഹിക്കുന്ന ശിക്ഷ കൊടുക്കുമ്പോൾത്തന്നെ യഹോവയാം ദൈവം എല്ലായ്പോഴും ‘കരുണയും കൃപയും ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയും ഉള്ളവനും ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും’ ആണ്.—പുറപ്പാടു 34:6, 7.
[അധ്യയന ചോദ്യങ്ങൾ]
[362-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ദാനീയേലിന്റെ അനുതാപത്തോടു കൂടിയ പ്രാർഥന
യഹൂദന്മാരുടെ പ്രവാസകാലമായ 70 വർഷം മുഴുവനും പ്രവാചകനായ ദാനീയേൽ ബാബിലോണിൽ ജീവിച്ചു. പ്രവാസകാലത്തിന്റെ 68-ാം വർഷത്തിൽ എപ്പോഴോ, യഹൂദരുടെ പ്രവാസകാലം അവസാനിക്കാറായിരിക്കുന്നു എന്ന് യിരെമ്യാവിന്റെ പ്രവചനത്തിൽനിന്ന് ദാനീയേൽ മനസ്സിലാക്കി. (യിരെമ്യാവു 25:11; 29:10; ദാനീയേൽ 9:1, 2) ദാനീയേൽ പ്രാർഥനയിൽ യഹോവയിലേക്കു തിരിഞ്ഞു. മുഴു യഹൂദ ജനതയ്ക്കും വേണ്ടിയുള്ള അനുതാപത്തോടു കൂടിയ ഒരു പ്രാർഥന ആയിരുന്നു അത്. ദാനീയേൽ ഇങ്ങനെ വിവരിക്കുന്നു: “അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടുംകൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു. എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാർത്ഥിച്ചു.”—ദാനീയേൽ 9:3, 4.
യെശയ്യാ പുസ്തകത്തിന്റെ 63-ഉം 64-ഉം അധ്യായങ്ങളിൽ കാണുന്ന പ്രാവചനിക പ്രാർഥന യെശയ്യാവ് രേഖപ്പെടുത്തി ഏതാണ്ട് ഇരുന്നൂറ് വർഷം കഴിഞ്ഞാണ് ദാനീയേൽ ഈ പ്രാർഥന നടത്തുന്നത്. ഈ ദുഷ്കരമായ പ്രവാസകാലത്ത് ആത്മാർഥതയുള്ള നിരവധി യഹൂദന്മാർ യഹോവയോടു പ്രാർഥിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. എന്നാൽ, വിശ്വസ്തരായ നിരവധി യഹൂദന്മാരുടെ വികാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നായി ദാനീയേലിന്റെ പ്രാർഥനയെ ബൈബിൾ എടുത്തുകാട്ടുന്നു. യെശയ്യാവിന്റെ പ്രാവചനിക പ്രാർഥനയിലെ വികാരങ്ങൾ വാസ്തവത്തിൽ ബാബിലോണിലെ വിശ്വസ്തരായ യഹൂദന്മാരുടെ വികാരങ്ങൾ തന്നെയാണെന്ന് ദാനീയേലിന്റെ പ്രാർഥന വെളിപ്പെടുത്തുന്നു.
ദാനീയേലിന്റെ പ്രാർഥനയും യെശയ്യാവിന്റെ പ്രാർഥനയും തമ്മിലുള്ള ചില സമാനതകൾ ശ്രദ്ധിക്കുക.
യെശയ്യാവു 64:1-3 ദാനീയേൽ 9:15
യെശയ്യാവു 64:4-7 ദാനീയേൽ 9:4-7
യെശയ്യാവു 64:6 ദാനീയേൽ 9:9, 10
യെശയ്യാവു 64:10, 11 ദാനീയേൽ 9:16-18
[366-ാം പേജിലെ ചതുരം]
“കണ്ണു കണ്ടിട്ടില്ല”
കൊരിന്ത്യർക്കുള്ള തന്റെ ലേഖനത്തിൽ, യെശയ്യാ പുസ്തകത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: ‘“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുളളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നു.’ (1 കൊരിന്ത്യർ 2:9) a പൗലൊസിന്റെ പ്രസ്താവനയോ യെശയ്യാവിന്റെ വാക്കുകളോ യഹോവ തന്റെ ജനത്തിനായി സ്വർഗത്തിലോ ഒരു ഭാവി ഭൗമിക പറുദീസയിലോ ഒരുക്കിയിട്ടുള്ള കാര്യങ്ങളെ പരാമർശിക്കുന്നില്ല. ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങളെ മനസ്സിലാക്കുന്നതും യഹോവയിൽനിന്നുള്ള ആത്മീയ പ്രബുദ്ധത സ്വീകരിക്കുന്നതും പോലെ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അപ്പോൾത്തന്നെ ആസ്വദിച്ചിരുന്ന അനുഗ്രഹങ്ങൾക്കാണ് യെശയ്യാവിന്റെ വാക്കുകൾ പൗലൊസ് ബാധകമാക്കുന്നത്.
ആഴമേറിയ ആത്മീയ കാര്യങ്ങൾ വെളിപ്പെടുത്താനുള്ള യഹോവയുടെ തക്കസമയത്തേ നമുക്ക് അവ മനസ്സിലാക്കാനാകൂ, അതും നാം യഹോവയുമായി അടുത്ത ബന്ധമുള്ള ഒരു ആത്മീയ ജനം ആയിരിക്കുന്നെങ്കിൽ മാത്രം. ആത്മീയത വളരെ കുറഞ്ഞവർക്കും തീരെയില്ലാത്തവർക്കും പൗലൊസിന്റെ വാക്കുകൾ ബാധകമാകുന്നു. അവരുടെ കണ്ണിനു കാണാനാവില്ല, അതായത് അവർക്ക് ആത്മീയ സത്യങ്ങൾ വിവേചിച്ചറിയാനാവില്ല. അവരുടെ കാതിനു കേൾക്കാനാവില്ല, അതായത് അത്തരം കാര്യങ്ങൾ അവർക്കു മനസ്സിലാക്കാനാവില്ല. തന്നെ സ്നേഹിക്കുന്നവർക്കായി ദൈവം ഒരുക്കിയ കാര്യങ്ങളെ കുറിച്ചുള്ള അറിവ് അത്തരം മനുഷ്യരുടെ ഹൃദയത്തിൽ കടക്കുന്നു പോലുമില്ല. എന്നാൽ പൗലൊസിനെ പോലെ, ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നവർക്ക് തന്റെ ആത്മാവു മുഖാന്തരം ദൈവം കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.—1 കൊരിന്ത്യർ 2:1-16.
[അടിക്കുറിപ്പ്]
a ഈ വാക്കുകൾ പൗലൊസ് ഉദ്ധരിച്ചിരിക്കുന്ന അതേ വിധത്തിൽ എബ്രായ തിരുവെഴുത്തുകളിൽ കാണാനാവില്ല. യെശയ്യാവു 52:15; 64:4; 65:17 എന്നീ വാക്യങ്ങളിലെ ആശയങ്ങൾ കൂട്ടിച്ചേർത്ത് പൗലൊസ് ഇവിടെ പറയുന്നതായി തോന്നുന്നു.
[367-ാം പേജിലെ ചിത്രം]
ദൈവജനത്തിന് ‘അല്പകാലത്തേക്ക്’ യെരൂശലേമും അതിലെ ആലയവും കൈവശമായി ഉണ്ടായിരുന്നു