അന്യജാതിക്കാർ ദൈവത്തിന്റെ പ്രാർഥനാലയത്തിൽ കൂടിവരുന്നു
അധ്യായം പതിനേഴ്
അന്യജാതിക്കാർ ദൈവത്തിന്റെ പ്രാർഥനാലയത്തിൽ കൂടിവരുന്നു
1, 2. ആവേശകരമായ എന്ത് അറിയിപ്പ് 1935-ൽ നടത്തപ്പെട്ടു, അത് എന്തിന്റെ നിവൃത്തി ആയിരുന്നു?
ദിവസം 1935 മേയ് 31 വെള്ളിയാഴ്ച. വാഷിങ്ടൺ ഡി.സി.-യിൽ നടന്ന ഒരു കൺവെൻഷനിൽ സന്നിഹിതരായിരുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ജോസഫ് എഫ്. റഥർഫോർഡ്. യോഹന്നാൻ അപ്പൊസ്തലൻ ദർശനത്തിൽ കണ്ട “മഹാപുരുഷാര”ത്തെ കുറിച്ച് ആയിരുന്നു അദ്ദേഹത്തിന്റെ ചർച്ച. പ്രസംഗത്തിന്റെ പാരമ്യത്തിൽ റഥർഫോർഡ് സഹോദരൻ ചോദിച്ചു: “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള എല്ലാവർക്കും ദയവായി എഴുന്നേറ്റു നിൽക്കാമോ?” “സദസ്സിൽ ഉണ്ടായിരുന്നവരിൽ പകുതിയലധികവും എഴുന്നേറ്റുനിന്നു” എന്ന് അവരിൽ ഒരാൾ പറയുന്നു. അപ്പോൾ പ്രസംഗകൻ പറഞ്ഞു: “നോക്കൂ! മഹാപുരുഷാരം!” അവിടെ സന്നിഹിതയായിരുന്ന മറ്റൊരാൾ അനുസ്മരിക്കുന്നു: “ആദ്യം ഒരു നിശ്ശബ്ദത, പിന്നീട് ഉച്ചത്തിലുള്ള സന്തോഷാരവമായി. അത് ഏറെ നേരം നീണ്ടുനിൽക്കുകയും ചെയ്തു.”—വെളിപ്പാടു 7:9.
2 ഏകദേശം 2,700 വർഷം മുമ്പ് എഴുതപ്പെട്ടതും ബൈബിളിൽ യെശയ്യാവു 56-ാം അധ്യായത്തിൽ കാണുന്നതുമായ ഒരു പ്രവചനത്തിന്റെ തുടർച്ചയായ നിവൃത്തിയുടെ സവിശേഷമായ ഒരു സന്ദർഭമായിരുന്നു അത്. യെശയ്യാവിലെ മറ്റു നിരവധി പ്രവചനങ്ങളിൽ എന്നപോലെ, ഇതിലും ആശ്വാസ വാഗ്ദാനങ്ങളും ശക്തമായ മുന്നറിയിപ്പുകളും അടങ്ങിയിരിക്കുന്നു. ആദ്യ നിവൃത്തിയിൽ അത് യെശയ്യാവിന്റെ നാളിലെ ദൈവത്തിന്റെ ഉടമ്പടി ജനത്തെ അഭിസംബോധന ചെയ്യുന്നതാണ്. എന്നാൽ അതിന്റെ നിവൃത്തി നൂറ്റാണ്ടുകൾ കഴിഞ്ഞ് നമ്മുടെ നാളിലും കാണാവുന്നതാണ്.
രക്ഷയ്ക്ക് അനിവാര്യമായിരിക്കുന്നത്
3. ദൈവത്തിൽ നിന്നുള്ള രക്ഷ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, യഹൂദന്മാർ എന്തു ചെയ്യണം?
3 യെശയ്യാവു 56-ാം അധ്യായം ആരംഭിക്കുന്നത് യഹൂദരോടുള്ള ഒരു ഉദ്ബോധനത്തോടെയാണ്. എന്നിരുന്നാലും, പ്രവാചകൻ എഴുതുന്ന കാര്യങ്ങൾക്ക് സത്യാരാധകരായ എല്ലാവരും ശ്രദ്ധ കൊടുക്കണം. നാം ഇങ്ങനെ വായിക്കുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ. ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്റെ കൈ സൂക്ഷിച്ചുംകൊണ്ടു ഇതു ചെയ്യുന്ന മർത്യനും ഇതു മുറുകെപിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ.” (യെശയ്യാവു 56:1, 2) ദൈവത്തിൽനിന്നു രക്ഷ ലഭിക്കാൻ ആഗ്രഹിക്കുന്ന യഹൂദാ നിവാസികൾ മോശൈക ന്യായപ്രമാണം അനുസരിക്കുകയും ന്യായം പ്രവർത്തിക്കുകയും നീതിനിഷ്ഠമായ ജീവിതം നയിക്കുകയും വേണം. എന്തുകൊണ്ട്? കാരണം, യഹോവതന്നെ നീതിയുള്ളവനാണ്. നീതി പിന്തുടരുന്നവർ യഹോവയുടെ പ്രീതി ഉണ്ടായിരിക്കുന്നതിന്റെ സന്തുഷ്ടി ആസ്വദിക്കുന്നു.—സങ്കീർത്തനം 144:15ബി.
4. ശബത്താചരണം ഇസ്രായേലിൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ശബത്താചരണത്തെ കുറിച്ച് പ്രവചനത്തിൽ എടുത്തുപറഞ്ഞിരിക്കുന്നു. കാരണം, മോശൈക ന്യായപ്രമാണത്തിലെ ഒരു പ്രധാന സംഗതിയാണ് ശബത്ത്. വാസ്തവത്തിൽ, യഹൂദാ നിവാസികൾ പ്രവാസത്തിലേക്കു പോകാനുള്ള ഒരു കാരണം അവർ ശബത്ത് അവഗണിച്ചു എന്നതാണ്. (ലേവ്യപുസ്തകം 26:34, 35; 2 ദിനവൃത്താന്തം 36:20, 21) യഹോവയ്ക്ക് യഹൂദന്മാരുമായുള്ള പ്രത്യേക ബന്ധത്തിന്റെ ഒരു അടയാളമാണ് ശബത്ത്, അത് ആചരിക്കുന്നവർ തങ്ങൾ ആ ബന്ധത്തെ അമൂല്യമായി കരുതുന്നു എന്നു പ്രകടമാക്കുന്നു. (പുറപ്പാടു 31:13) മാത്രമല്ല, ശബത്താചരണം യഹോവയാണ് സ്രഷ്ടാവ് എന്ന് യെശയ്യാവിന്റെ സമകാലികരെ ഓർമിപ്പിക്കും. അത് അവരോട് അവൻ കാട്ടിയ കരുണയെ മനസ്സിലേക്കു കൊണ്ടുവരികയും ചെയ്യും. (പുറപ്പാടു 20:8-11; ആവർത്തനപുസ്തകം 5:12-15) മാത്രമല്ല, ശബത്ത് ആചരിക്കുന്നത് യഹോവയെ ആരാധിക്കുന്നതിനുള്ള ക്രമീകൃതവും സംഘടിതവുമായ ഒരു ക്രമീകരണമാണ്. ആഴ്ചയിൽ ഒരു ദിവസം ജോലിയിൽനിന്നു വിശ്രമിക്കുന്നത് പ്രാർഥനയ്ക്കും പഠനത്തിനും ധ്യാനത്തിനുമുള്ള അവസരം യഹൂദാ നിവാസികൾക്കു നൽകുമായിരുന്നു.
5. തത്ത്വത്തിൽ, ശബത്ത് ആചരിക്കാനുള്ള ബുദ്ധിയുപദേശം ക്രിസ്ത്യാനികൾക്ക് എങ്ങനെ ബാധകമാക്കാനാകും?
5 എന്നാൽ, ക്രിസ്ത്യാനികളെ സംബന്ധിച്ചോ? ശബത്ത് ആചരിക്കാനുള്ള പ്രോത്സാഹനം അവർക്കു ബാധകമാണോ? നേരിട്ടു ബാധകമല്ല, ക്രിസ്ത്യാനികൾ ന്യായപ്രമാണത്തിന്റെ കീഴിൽ അല്ലാത്തതിനാൽ അവർ അത് ആചരിക്കാൻ ബാധ്യസ്ഥരല്ല. (കൊലൊസ്സ്യർ 2:16, 17) എന്നിരുന്നാലും, വിശ്വസ്ത ക്രിസ്ത്യാനികൾക്ക് “ഒരു ശബ്ബത്തനുഭവം” ഉണ്ടെന്ന് പൗലൊസ് അപ്പൊസ്തലൻ വിശദീകരിച്ചു. ഈ “ശബ്ബത്തനുഭവ”ത്തിൽ രക്ഷയ്ക്കുള്ള യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നതും പ്രവൃത്തികളിൽ മാത്രം ആശ്രയിക്കാതിരിക്കുന്നതും ഉൾപ്പെടുന്നു. (എബ്രായർ 4:6-10) അതിനാൽ, ശബത്തു സംബന്ധിച്ച യെശയ്യാ പ്രവചനത്തിലെ വാക്കുകൾ, രക്ഷയ്ക്കായി ദൈവം ചെയ്തിരിക്കുന്ന ക്രമീകരണത്തിൽ വിശ്വാസം പുലർത്തുന്നതു മർമപ്രധാനമാണെന്ന് യഹോവയുടെ ദാസന്മാരെ ഓർമിപ്പിക്കുന്നു. യഹോവയുമായി അടുത്ത ബന്ധം നട്ടുവളർത്തേണ്ടതിന്റെയും ക്രമവും ചിട്ടയുമുള്ള ഒരു ആരാധനാരീതി പിൻപറ്റേണ്ടതിന്റെയും ആവശ്യം സംബന്ധിച്ച് നമ്മെ ഓർമിപ്പിക്കുന്നു.
അന്യജാതിക്കാരനും ഷണ്ഡനും ആശ്വാസം
6. ഏതു രണ്ടു വിഭാഗങ്ങൾക്ക് ഇപ്പോൾ ശ്രദ്ധ കിട്ടുന്നു?
6 തന്നെ ആരാധിക്കാൻ ആഗ്രഹമുണ്ടെങ്കിലും, മോശൈക ന്യായപ്രമാണമനുസരിച്ച് യഹൂദ സഭയിൽ വരാൻ യോഗ്യത ഇല്ലാത്ത രണ്ടു വിഭാഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് യഹോവ ഇങ്ങനെ പറയുന്നതായി നാം പ്രവചനത്തിൽ വായിക്കുന്നു: “യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽനിന്നു അശേഷം വേർപെടുത്തും എന്നു പറയരുതു; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു.” (യെശയ്യാവു 56:3) ഇസ്രായേലിൽനിന്നു തന്നെ വേർപെടുത്തിയേക്കുമോ എന്നാണ് അന്യജാതിക്കാരന്റെ ഭയം. ഷണ്ഡന്റെ വേവലാതി, തന്റെ പേര് നിലനിറുത്താൻ തനിക്കു മക്കളില്ലാതെ പോകുമോ എന്നാണ്. ഇരു വിഭാഗങ്ങളും ആശ കൈവെടിയരുത്. അതിന്റെ കാരണം പരിശോധിക്കുന്നതിനു മുമ്പ്, ഇസ്രായേൽ ജനതയോടുള്ള ബന്ധത്തിൽ ന്യായപ്രമാണത്തിൻ കീഴിൽ അവർക്കുള്ള സ്ഥാനത്തെ കുറിച്ച് നമുക്കു നോക്കാം.
7. ഇസ്രായേലിലെ അന്യജാതിക്കാർക്ക് ന്യായപ്രമാണം എന്തു പരിമിതികൾ വെച്ചു?
7 ഇസ്രായേലിനോടൊപ്പം ആരാധനയിൽ പങ്കെടുക്കുന്നതിൽനിന്നു പരിച്ഛേദനയേൽക്കാത്ത അന്യജാതിക്കാരെ ഒഴിവാക്കിയിരിക്കുകയാണ്. ഉദാഹരണത്തിന്, പെസഹായിൽ പങ്കെടുക്കാൻ അവർക്ക് അനുവാദമില്ല. (പുറപ്പാടു 12:43) ദേശത്തെ നിയമങ്ങൾ ധിക്കാരപൂർവം ലംഘിക്കാത്ത അന്യജാതിക്കാർക്ക് നീതിയും അതിഥിപ്രിയവും ആസ്വദിക്കാൻ കഴിയുമെങ്കിലും, ഇസ്രായേൽ ജനതയുമായി അവർക്ക് സ്ഥിരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. തീർച്ചയായും ചിലർ ന്യായപ്രമാണം സ്വീകരിക്കുകയും അതിന്റെ അടയാളമായി പുരുഷന്മാർ പരിച്ഛേദന ഏൽക്കുകയും ചെയ്യുന്നു. അങ്ങനെ യഹൂദ മതാനുസാരികൾ ആയിത്തീരുന്ന അവർക്ക് യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ ആരാധിക്കാനും ഇസ്രായേൽ സഭയുടെ ഒരു ഭാഗമായി കണക്കാക്കപ്പെടാനുമുള്ള പദവിയുണ്ട്. (ലേവ്യപുസ്തകം 17:10-14; 20:2; 24:22) എന്നിരുന്നാലും, യഹോവയ്ക്ക് ഇസ്രായേലുമായുള്ള ഉടമ്പടിയിൽ ഈ മതാനുസാരികൾ പോലും പൂർണമായി ഉൾപ്പെട്ടിരിക്കുന്നില്ല. അവർക്ക് വാഗ്ദത്ത ദേശത്ത് അവകാശമായി ഭൂമി ലഭിക്കുകയില്ല. അന്യജാതിക്കാരായ മറ്റുള്ളവർക്ക് പ്രാർഥിക്കാൻ ആലയത്തിലേക്കു തിരിയാവുന്നതാണ്. കൂടാതെ, അവർക്ക് പുരോഹിതന്മാർ മുഖാന്തരം ന്യായപ്രമാണത്തിനു ചേർച്ചയിൽ യാഗങ്ങൾ അർപ്പിക്കാനും കഴിയും. (ലേവ്യപുസ്തകം 22:25; 1 രാജാക്കന്മാർ 8:41-43) എങ്കിലും, ഇസ്രായേല്യർ അവരുമായി അടുത്തു സഹവസിക്കാൻ പാടില്ലായിരുന്നു.
ഷണ്ഡന്മാർക്ക് ഒരു ശാശ്വതനാമം ലഭിക്കുന്നു
8. (എ) ന്യായപ്രമാണത്തിനു കീഴിൽ ഷണ്ഡന്മാരെ എങ്ങനെയാണ് വീക്ഷിച്ചിരുന്നത്? (ബി) പുറജാതി ജനതകൾ ഷണ്ഡന്മാരെ എങ്ങനെ ഉപയോഗിച്ചിരുന്നു, ‘ഷണ്ഡൻ’ എന്ന പദം ചിലപ്പോഴൊക്കെ എന്തിനെ പരാമർശിക്കുന്നു?
8 ഷണ്ഡന്മാർ ജനിച്ചത് യഹൂദ മാതാപിതാക്കൾക്ക് ആണെങ്കിൽ പോലും, ഇസ്രായേൽ ജനതയിൽ അവർക്കു പൂർണമായ അംഗത്വം ലഭിച്ചിരുന്നില്ല. a (ആവർത്തനപുസ്തകം 23:1) ബൈബിൾ കാലങ്ങളിലെ ചില പുറജാതീയ ജനതകളിൽ ഷണ്ഡന്മാർക്ക് പ്രത്യേക സ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു. യുദ്ധത്തിൽ ബന്ദികളായി പിടിക്കപ്പെട്ട ചില ബാലന്മാരെ വൃഷണച്ഛേദനത്തിന് വിധേയരാക്കുന്ന രീതി ഈ ജനതകൾക്ക് ഉണ്ടായിരുന്നു. കൊട്ടാര ഉദ്യോഗസ്ഥരായി ഷണ്ഡന്മാരെ നിയമിക്കുകയും ചെയ്തിരുന്നു. ഒരു ഷണ്ഡൻ സ്ത്രീകളുടെ ‘അന്തഃപുരപാലകനോ’ ‘വെപ്പാട്ടികളുടെ പാലകനോ’ അല്ലെങ്കിൽ രാജ്ഞിയുടെ പരിചാരകനോ ആയിരുന്നു. (എസ്ഥേർ 2:3, 12-15; 4:4-6, 9) ഇസ്രായേല്യരുടെ ഇടയിൽ അത്തരം രീതികൾ ഉണ്ടായിരുന്നു എന്നതിനോ ഷണ്ഡന്മാരെ തിരഞ്ഞുപിടിച്ച് ഇസ്രായേല്യ രാജാക്കന്മാരുടെ സേവനാർഥമുള്ള ജോലികളിൽ നിയമിച്ചിരുന്നു എന്നതിനോ തെളിവില്ല. b
9. അക്ഷരീയ ഷണ്ഡന്മാരെ ആശ്വസിപ്പിക്കുംവിധം യഹോവ എന്തു പറയുന്നു?
9 അക്ഷരീയ ഷണ്ഡന്മാർക്ക് സത്യദൈവത്തിന്റെ ആരാധനയിൽ പരിമിതമായേ പങ്കെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതിനു പുറമേ, കുട്ടികൾക്കു ജന്മം നൽകാനാകാത്തതിനാൽ തങ്ങളുടെ കുടുംബപ്പേര് നിലനിറുത്താൻ കഴിയാത്തതിന്റെ വലിയ അപമാനവും ഇസ്രായേലിൽ അവർക്ക് ഉണ്ടായിരുന്നു. അതിനാൽ, പ്രവചനത്തിലെ അടുത്ത വാക്കുകൾ എത്ര ആശ്വാസപ്രദമാണ്! നാം ഇങ്ങനെ വായിക്കുന്നു: “എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും.”—യെശയ്യാവു 56:4, 5.
10. ഷണ്ഡന്മാരുടെ അവസ്ഥയ്ക്കു മാറ്റം വന്നത് എപ്പോൾ, അന്നു മുതൽ എന്തു പദവി അവർക്കായി തുറന്നുകിടക്കുന്നു?
10 അതേ, യഹോവയുടെ ഒരു ദാസൻ എന്ന നിലയിൽ പൂർണമായി സ്വീകരിക്കപ്പെടുന്നതിന് അക്ഷരീയമായി ഷണ്ഡൻ ആയിരിക്കുന്നതു പോലും ഒരു തടസ്സം ആയിരിക്കുകയില്ലാത്ത ഒരു കാലം തീർച്ചയായും വരും. ഷണ്ഡന്മാർ അനുസരണം പ്രകടമാക്കുന്നെങ്കിൽ, യഹോവയുടെ ആലയത്തിൽ പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായ ഒരു ‘ജ്ഞാപകം’ അഥവാ സ്ഥലം അവർക്കും ലഭിക്കും. അത് എപ്പോഴാണ് സംഭവിക്കുക? യേശുക്രിസ്തുവിന്റെ മരണശേഷം. ആ സമയത്ത് പഴയ ന്യായപ്രമാണ ഉടമ്പടിയുടെ സ്ഥാനത്ത് പുതിയ ഉടമ്പടിയും ജഡിക ഇസ്രായേലിന്റെ സ്ഥാനത്ത് ‘ദൈവത്തിന്റെ യിസ്രായേ’ലും നിലവിൽ വന്നു. (ഗലാത്യർ 6:16) അന്നു മുതൽ, വിശ്വാസം പ്രകടമാക്കുന്ന സകലർക്കും ദൈവത്തിനു സ്വീകാര്യമായ ആരാധന അർപ്പിക്കാൻ സാധിച്ചിരിക്കുന്നു. ജഡികമായ വ്യത്യാസങ്ങളോ ശാരീരിക അവസ്ഥയോ അല്ല മേലാൽ പ്രധാനം. വിശ്വസ്തതയോടെ സഹിച്ചുനിൽക്കുന്നവർക്ക്, അവരുടെ ശാരീരിക നില എന്തായിരുന്നാലും, “ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം” ഉണ്ടായിരിക്കും. യഹോവ അവരെ മറക്കുകയില്ല. അവരുടെ പേരുകൾ അവന്റെ “സ്മരണപുസ്തക”ത്തിൽ എഴുതപ്പെട്ടിരിക്കും. ദൈവത്തിന്റെ തക്കസമയത്ത് അവർക്കു നിത്യജീവൻ ലഭിക്കും.—മലാഖി 3:16; സദൃശവാക്യങ്ങൾ 22:1; 1 യോഹന്നാൻ 2:17.
അന്യജാതിക്കാർ ദൈവജനത്തോടൊപ്പം ആരാധിക്കുന്നു
11. അനുഗ്രഹങ്ങൾ ലഭിക്കാൻ, എന്തു ചെയ്യുന്നതിന് അന്യജാതിക്കാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു?
11 എന്നാൽ അന്യജാതിക്കാരുടെ കാര്യമോ? തുടർന്നു പ്രവചനം അവരെ കുറിച്ചു പറയുന്നു. യഹോവയ്ക്ക് അവരോടു പറയാൻ വലിയ ആശ്വാസത്തിന്റെ വാക്കുകൾ ഉണ്ട്. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും [“എന്റെ ഉടമ്പടി പിടിച്ചുകൊള്ളുകയും,” NW] ചെയ്യുന്നവരെ ഒക്കെയും തന്നേ, ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.”—യെശയ്യാവു 56:6, 7.
12. ‘വേറെ ആടുകളെ’ സംബന്ധിച്ച യേശുവിന്റെ പ്രവചനത്തെ കുറിച്ച് ബൈബിൾ വിദ്യാർഥികൾക്ക് നേരത്തേ ഉണ്ടായിരുന്ന ഗ്രാഹ്യം എന്ത്?
12 നമ്മുടെ കാലത്ത് ‘അന്യജാതിക്കാർ’ ക്രമേണ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ്, സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ പ്രത്യാശയുള്ളവരുടെ—നാം ഇന്നു ദൈവത്തിന്റെ ഇസ്രായേലായി തിരിച്ചറിയുന്നവരുടെ—എണ്ണത്തെക്കാൾ കൂടുതൽ പേർക്ക് രക്ഷ ലഭിക്കുമെന്നു ദൈവജനം മനസ്സിലാക്കിയിരുന്നു. യോഹന്നാൻ 10:16-ൽ രേഖപ്പെടുത്തിയിരുന്ന യേശുവിന്റെ ഈ വാക്കുകൾ സംബന്ധിച്ച് ബൈബിൾ വിദ്യാർഥികൾക്ക് അറിയാമായിരുന്നു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.” ഈ “വേറെ ആടുകൾ” ഒരു ഭൗമിക വർഗമാണെന്ന് ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കിയിരുന്നെങ്കിലും, അവരിൽ മിക്കവരും വിശ്വസിച്ചിരുന്നത് യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് ആയിരിക്കും ഈ വേറെ ആടുകൾ പ്രത്യക്ഷപ്പെടുക എന്നാണ്.
13. മത്തായി 25-ാം അധ്യായത്തിലെ ചെമ്മരിയാടുകൾ ഈ വ്യവസ്ഥിതിയുടെ സമാപന നാളുകളിലാണ് പ്രത്യക്ഷപ്പെടേണ്ടത് എന്നതിനു മുന്നോട്ടു വെച്ച ന്യായമായ കാരണം എന്തായിരുന്നു?
13 പിൽക്കാലത്ത്, ചെമ്മരിയാടുകളെ കുറിച്ചുള്ള മറ്റൊരു തിരുവെഴുത്തു സംബന്ധിച്ച് കൂടുതൽ ഗ്രാഹ്യം ലഭിച്ചു. മത്തായി 25-ാം അധ്യായത്തിൽ, ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമ കാണാം. യേശുവിന്റെ സഹോദരന്മാരെ പിന്താങ്ങുന്നതു നിമിത്തം ഈ ചെമ്മരിയാടുകൾക്കു നിത്യജീവൻ ലഭിക്കുന്നതായി അവിടെ പറഞ്ഞിരിക്കുന്നു. അതിനാൽ അവർ ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരിൽനിന്നു വ്യത്യസ്തമായ ഒരു വർഗമാണ്. ചെമ്മരിയാടുകൾ പ്രത്യക്ഷപ്പെടേണ്ടത് സഹസ്രാബ്ദ വാഴ്ചക്കാലത്തല്ല, മറിച്ച് ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ആയിരിക്കണം എന്ന് 1923-ൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള ലോസാഞ്ചലസിൽ നടന്ന ഒരു കൺവെൻഷനിൽ വ്യക്തമാക്കപ്പെട്ടു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ‘അതു എപ്പോൾ സംഭവിക്കും, നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്ത്’? എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് യേശു ആ ഉപമ നൽകിയത്.—മത്തായി 24:3.
14, 15. വേറെ ആടുകൾ ആരാണ് എന്നതു സംബന്ധിച്ച ഗ്രാഹ്യത്തിൽ അന്ത്യകാലത്ത് പുരോഗതി ഉണ്ടായത് എങ്ങനെ?
14 തങ്ങൾക്കു സ്വർഗീയ വിളി ഉള്ളതായി യഹോവയുടെ ആത്മാവ് തങ്ങളോടു സാക്ഷ്യം പറയുന്നില്ലെന്ന് 1920-കളിൽ ബൈബിൾ വിദ്യാർഥികളോടു സഹവസിച്ച ചിലർക്കു തോന്നിത്തുടങ്ങി. എങ്കിലും, അവർ അത്യുന്നത ദൈവത്തിന്റെ തീക്ഷ്ണതയുള്ള ദാസന്മാരായിരുന്നു. 1931-ൽ സംസ്ഥാപനം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അവർ ആരാണെന്നു കൂടുതൽ വ്യക്തമായി. ബൈബിൾ പുസ്തകമായ യെഹെസ്കേലിന്റെ വാക്യാനുവാക്യ ചർച്ചയുടെ ഭാഗമെന്ന നിലയിൽ സംസ്ഥാപനം പുസ്തകം എഴുത്തുകാരന്റെ മഷിക്കുപ്പി പിടിച്ച ‘മനുഷ്യനെ’ കുറിച്ചുള്ള ദർശനം വിശദീകരിച്ചു. (യെഹെസ്കേൽ 9:1-11, NW) ആ “മനുഷ്യൻ” യെരൂശലേമിൽ ചെന്ന് അവിടെ നടക്കുന്ന മ്ലേച്ഛതകൾ നിമിത്തം നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റികളിൽ അടയാളം ഇടുന്നതായി കാണുന്നു. ആ “മനുഷ്യൻ,” യെരൂശലേമിന്റെ പ്രതിമാതൃകയായ ക്രൈസ്തവലോകത്തെ ന്യായം വിധിക്കുന്ന സമയത്ത് ഭൂമിയിൽ ജീവിച്ചിരിക്കുന്ന യേശുവിന്റെ സഹോദരന്മാരെ, അതായത് അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനെ പ്രതിനിധാനം ചെയ്യുന്നു. അടയാളമിടപ്പെടുന്നവർ അപ്പോൾ ജീവിച്ചിരിക്കുന്ന വേറെ ആടുകളാണ്. ദർശനത്തിൽ, യഹോവ നിയമിച്ച വധനിർവാഹകർ വിശ്വാസത്യാഗം ഭവിച്ച ആ നഗരത്തിന്മേൽ പ്രതികാരം നടത്തുമ്പോൾ അവർ രക്ഷിക്കപ്പെടുന്നു.
15 ഇസ്രായേൽ രാജാവായ യേഹൂവും ബാൽ ആരാധന ഇല്ലാതാക്കുന്നതിൽ അവനെ പിന്താങ്ങുന്ന യഹൂദനല്ലാത്ത യോനാദാബും ഉൾപ്പെട്ട ഒരു പ്രാവചനിക നാടകം ബൈബിളിൽ കാണാം. 1932-ൽ ഈ പ്രാവചനിക നാടകം സംബന്ധിച്ച് ആഴമായ ഗ്രാഹ്യം ലഭിച്ചു. വേറെ ആടുകൾ ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരെ എങ്ങനെ പിന്താങ്ങുന്നുവെന്ന് അങ്ങനെ വ്യക്തമായി. ഒടുവിൽ, വ്യവസ്ഥിതിയുടെ സമാപനകാലത്ത് ജീവിച്ചിരിക്കുന്ന വേറെ ആടുകൾ തന്നെയാണ് യോഹന്നാൻ അപ്പൊസ്തലൻ ദർശനത്തിൽ കണ്ട മഹാപുരുഷാരമെന്ന് 1935-ൽ തിരിച്ചറിയപ്പെട്ടു. ഇത് ആദ്യം വിശദീകരിക്കപ്പെട്ടത് വാഷിങ്ടൺ ഡി.സി.-യിൽ നടന്ന മുമ്പ് പരാമർശിച്ച കൺവെൻഷനിൽ ജോസഫ് എഫ്. റഥർഫോർഡ് ഭൗമിക പ്രത്യാശ ഉള്ളവരെ “മഹാപുരുഷാരം” ആയി ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു.
16. ‘അന്യജാതിക്കാർക്ക്’ എന്തു പദവിയും ഉത്തരവാദിത്വങ്ങളുമാണ് ഉള്ളത്?
16 അന്ത്യനാളുകളിലെ യഹോവയുടെ ഉദ്ദേശ്യങ്ങളിൽ ‘അന്യജാതിക്കാർക്ക്’ വലിയ ഒരു പങ്കുള്ളതായി ക്രമേണ കാണപ്പെട്ടു. യഹോവയെ ആരാധിക്കാൻ അവർ ദൈവത്തിന്റെ ഇസ്രായേലിന്റെ അടുക്കലേക്കു വന്നു. (സെഖര്യാവു 8:23) ആ ആത്മീയ ജനതയോടൊപ്പം, അവർ ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കുകയും ശബത്ത് വിശ്രമത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. (എബ്രായർ 13:15, 16) മാത്രമല്ല, യെരൂശലേമിലെ ആലയത്തെ പോലെ “സകല ജാതികൾക്കും പ്രാർത്ഥനാലയ”മായ ദൈവത്തിന്റെ ആത്മീയ ആലയത്തിൽ അവർ ആരാധിക്കുന്നു. (മർക്കൊസ് 11:17) ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചു’കൊണ്ട് അവർ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുന്നു. ‘രാപ്പകൽ ദൈവത്തെ ആരാധിച്ചു’കൊണ്ട് അവർ യഹോവയെ നിരന്തരം സേവിക്കുന്നു.—വെളിപ്പാടു 7:14, 15.
17. ആധുനികകാല അന്യജാതിക്കാർ പുതിയ നിയമം പിടിച്ചുകൊള്ളുന്നത് എങ്ങനെ?
17 ഈ ആധുനികകാല അന്യജാതിക്കാർ ദൈവത്തിന്റെ ഇസ്രായേലിനോടൊപ്പം സഹവസിക്കുന്നതിനാൽ പുതിയ ഉടമ്പടി മുഖാന്തരം വരുന്ന പ്രയോജനങ്ങളും അനുഗ്രഹങ്ങളും ആസ്വദിക്കുന്നു എന്ന അർഥത്തിലാണ് അവർ പുതിയ ഉടമ്പടി പിടിച്ചുകൊള്ളുന്നത്. അവർ ആ ഉടമ്പടിയിലെ പങ്കാളികൾ അല്ലെങ്കിലും, അതിനോടു ബന്ധപ്പെട്ട നിയമങ്ങൾക്ക് അവർ മുഴുഹൃദയാ കീഴ്പെടുന്നു. തന്മൂലം യഹോവയുടെ നിയമം അവരുടെ ഹൃദയത്തിലുണ്ട്. തങ്ങളുടെ സ്വർഗീയ പിതാവും അത്യുന്നത പരമാധികാരിയും എന്ന നിലയിൽ അവർ യഹോവയെ അറിയാൻ ഇടയായിരിക്കുന്നു.—യിരെമ്യാവു 31:33, 34; മത്തായി 6:9; യോഹന്നാൻ 17:3.
18. അന്ത്യകാലത്ത് എന്തു കൂട്ടിച്ചേർക്കൽ വേലയാണ് നടക്കുന്നത്?
18 യെശയ്യാ പ്രവചനം തുടരുന്നു: “ഞാൻ അവരോടു, അവരുടെ ശേഖരിക്കപ്പെട്ടവരോടു തന്നേ, ഇനി മററുള്ളവരെയും കൂട്ടിച്ചേർക്കും എന്നു യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 56:8) അന്ത്യകാലത്ത് യഹോവ “യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ,” അഭിഷിക്ത ശേഷിപ്പിൽ പെട്ടവരെ, ശേഖരിച്ചിരിക്കുന്നു. അവർക്കു പുറമേ, അവൻ മറ്റുള്ളവരെ, മഹാപുരുഷാരത്തിൽ പെട്ടവരെ, ശേഖരിക്കുകയാണ്. യഹോവയുടെയും അവന്റെ സിംഹാസനസ്ഥ രാജാവായ ക്രിസ്തുയേശുവിന്റെയും മേൽനോട്ടത്തിൻ കീഴിൽ അവർ ഒന്നിച്ച് സമാധാനത്തിലും ഐക്യത്തിലും ആരാധിക്കുന്നു. ക്രിസ്തു മുഖാന്തരമുള്ള യഹോവയുടെ ഗവൺമെന്റിനോടുള്ള അവരുടെ വിശ്വസ്തത നിമിത്തം നല്ല ഇടയൻ അവരെ ഏകീകൃതവും സന്തുഷ്ടവുമായ ഒരു കൂട്ടമാക്കി മാറ്റിയിരിക്കുന്നു.
കുരുടന്മാരായ കാവൽക്കാരും ഊമനായ്ക്കളും
19, 20. വയലിലെയും കാട്ടിലെയും മൃഗങ്ങളെ എന്തിനായി ക്ഷണിച്ചിരിക്കുന്നു?
19 മുമ്പ് പറഞ്ഞ ഊഷ്മളവും പരിപുഷ്ടിപ്പെടുത്തുന്നതുമായ വാക്കുകളെ തുടർന്ന് വരുന്നത് വളരെ ഭിന്നവും ശ്രദ്ധേയവും ഏറെക്കുറെ ഞെട്ടിക്കുന്നതുമായ വാക്കുകളാണ്. അന്യദേശക്കാരോടും ഷണ്ഡന്മാരോടും കരുണാപൂർവം ഇടപെടാൻ യഹോവ തയ്യാറാണ്. എന്നാൽ ദൈവത്തിന്റെ സഭയിലെ അംഗങ്ങളെന്ന് അവകാശപ്പെടുന്ന പലരെയും അവൻ കുറ്റം വിധിച്ചിരിക്കുകയാണ്, അവരുടെമേൽ ന്യായവിധി വരാൻ പോകുന്നു. അതിലുപരി, മാന്യമായ ഒരു ശവസംസ്കാരത്തിനു പോലും അർഹരല്ലാത്ത അവരെ ദുഷ്ട മൃഗങ്ങൾ തിന്നുകളയും. നാം പ്രവചനത്തിൽ ഇപ്രകാരം വായിക്കുന്നു: “വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊൾവിൻ.” (യെശയ്യാവു 56:9) ഈ കാട്ടുമൃഗങ്ങൾ എന്താണു ഭക്ഷിക്കാൻ പോകുന്നത്? പ്രവചനം വിശദീകരിക്കും. ആ വിശദീകരണം, ദൈവത്തെ എതിർക്കുന്നവർക്ക് ആസന്നമായ അർമഗെദോൻ യുദ്ധത്തിൽ സംഭവിക്കാൻ പോകുന്ന ദാരുണമായ അവസ്ഥയെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. അവരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾ തിന്നുകളയും.—വെളിപ്പാടു 19:17, 18.
20 പ്രവചനം ഇങ്ങനെ തുടരുന്നു: “അവന്റെ കാവല്ക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരെപ്പാൻ വഹിയാത്ത ഊമനായ്ക്കൾ തന്നേ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു. ഈ നായ്ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നേ; ഈ ഇടയന്മാരോ സൂക്ഷിപ്പാൻ അറിയാത്തവർ; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും ഓരോരുത്തൻ താന്താന്റെ ലാഭത്തിന്നും തിരിഞ്ഞിരിക്കുന്നു. വരുവിൻ: ഞാൻ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നേ എന്നു അവർ പറയുന്നു.”—യെശയ്യാവു 56:10-12.
21. മതനേതാക്കന്മാരുടെ ഏതെല്ലാം പരാജയങ്ങൾ ആത്മീയ വഴികാട്ടികൾ എന്ന നിലയിൽ അവരെ ഉപയോഗശൂന്യരാക്കുന്നു?
21 യഹൂദാ മതനേതാക്കന്മാർ യഹോവയെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ്. തങ്ങൾ “അവന്റെ കാവല്ക്കാർ” ആണെന്ന് അവർ പറയുന്നു. എന്നാൽ അവർ ആത്മീയമായി അന്ധരും ഊമരും ഉറക്കംതൂങ്ങികളുമാണ്. ജാഗ്രതയോടെയിരുന്ന് അപകടം സംബന്ധിച്ച് മുന്നറിയിപ്പു നൽകാൻ കഴിയില്ലെങ്കിൽ, അവരെക്കൊണ്ട് എന്തു പ്രയോജനം? അത്തരം മത കാവൽക്കാർ അറിവില്ലാത്തവരാണ്. ചെമ്മരിയാടു തുല്യരായ ആളുകൾക്ക് ആത്മീയ മാർഗനിർദേശം നൽകാൻ കഴിയുന്ന സ്ഥാനത്തല്ല അവർ. മാത്രമല്ല, അവർ നീചരുമാണ്. അവരുടെ സ്വാർഥ ആഗ്രഹങ്ങൾക്ക് ഒരിക്കലും തൃപ്തി വരികയില്ല. യഹോവയുടെ മാർഗം പിൻപറ്റുന്നതിനു പകരം, അവർ സ്വന്തം ഗതിയേ പോകുകയും നീതികെട്ട മാർഗത്തിലൂടെ ലാഭമുണ്ടാക്കുകയും മദ്യത്തിൽ ആറാടുകയും അതിനു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ആസന്നമായ ന്യായവിധിയെ കുറിച്ച് അവർക്ക് യാതൊരു ചിന്തയുമില്ല. തന്മൂലം, യാതൊരു കുഴപ്പവും വരില്ല എന്നാണ് അവർ ജനങ്ങളോടു പറയുന്നത്.
22. യഹൂദയിലെ മതനേതാക്കന്മാർ ഇസ്രായേലിലെ മതനേതാക്കന്മാരെക്കാൾ ഒട്ടും മോശമല്ലാതിരുന്നത് എന്തുകൊണ്ട്, യേശുവിന്റെ നാളിലെ മതനേതാക്കന്മാരുടെ കാര്യമോ?
22 തന്റെ പ്രവചനത്തിൽ നേരത്തേ, ഇസ്രായേലിലെ അവിശ്വസ്തരായ—ആത്മീയമായി മത്തുപിടിച്ച, ഉറക്കംതൂങ്ങികളായ, അറിവില്ലാത്ത—മതനേതാക്കന്മാരെ വർണിക്കാൻ യെശയ്യാവ് സമാനമായ പ്രതീകമാണ് ഉപയോഗിച്ചത്. അവർ മനുഷ്യ പാരമ്പര്യങ്ങളാൽ ആളുകളെ ഭാരപ്പെടുത്തുകയും മതപരമായ ഭോഷ്കുകൾ പറയുകയും ദൈവത്തിലേക്കു തിരിയുന്നതിനു പകരം അശ്ശൂരിനെ ആശ്രയിക്കുകയും ചെയ്തു. (2 രാജാക്കന്മാർ 16:5-9; യെശയ്യാവു 29:1, 9-14) യഹൂദയിലെ മതനേതാക്കന്മാരും ഒട്ടും മോശമായിരുന്നില്ല. ദുഃഖകരമെന്നു പറയട്ടെ, ഒന്നാം നൂറ്റാണ്ടിലും അത്തരത്തിലുള്ള നേതാക്കന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ സ്വന്തം പുത്രനായ യേശു എത്തിച്ച സുവാർത്ത സ്വീകരിക്കുന്നതിനു പകരം അവർ അവനെ തള്ളിക്കളയുകയും വധിക്കുകയുമാണ് ചെയ്തത്. യേശു അവരെ “കുരുടന്മാരായ വഴികാട്ടികൾ” എന്ന് മുഖത്തുനോക്കി വിളിച്ചു. “കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും” എന്നും അവൻ കൂട്ടിച്ചേർത്തു.—മത്തായി 15:14.
ഇന്നത്തെ കാവൽക്കാർ
23. മതനേതാക്കന്മാരെ സംബന്ധിച്ച പത്രൊസിന്റെ ഏതു പ്രവചനം നിവൃത്തിയേറിയിരിക്കുന്നു?
23 ക്രിസ്ത്യാനികളെ വഴിതെറ്റിക്കാൻ വ്യാജ ഉപദേഷ്ടാക്കന്മാർ എഴുന്നേൽക്കുമെന്ന് പത്രൊസ് അപ്പൊസ്തലൻ മുന്നറിയിപ്പു നൽകി. അവൻ ഇങ്ങനെ എഴുതി: “എന്നാൽ കള്ളപ്രവാചകന്മാരും [ഇസ്രായേൽ] ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.” (2 പത്രൊസ് 2:1) അത്തരം വ്യാജ ഉപദേഷ്ടാക്കന്മാരുടെ തെറ്റായ പഠിപ്പിക്കലുകളുടെയും വിഭാഗീയ ചിന്താഗതിയുടെയും അനന്തരഫലം എന്താണ്? അതാണ് ഇന്നത്തെ ക്രൈസ്തവലോകം. അതിലെ മതനേതാക്കന്മാർ ഇന്ന് തങ്ങളുടെ രാഷ്ട്രീയ സുഹൃത്തുക്കളുടെമേൽ ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കുകയും തുടർന്ന് ശോഭനമായ ഒരു ഭാവി സംബന്ധിച്ച വാഗ്ദാനം വെച്ചുനീട്ടുകയും ചെയ്യുന്നു. ക്രൈസ്തവലോക മതനേതാക്കന്മാർ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച് അന്ധരും നിശ്ശബ്ദരും ഉറക്കംതൂങ്ങികളും ആണെന്നു തെളിഞ്ഞിരിക്കുന്നു.
24. ആത്മീയ ഇസ്രായേലിന്റെയും അന്യജാതിക്കാരുടെയും ഇടയിൽ എങ്ങനെയുള്ള ഐക്യം നിലനിൽക്കുന്നു?
24 എന്നിരുന്നാലും, തന്റെ വലിയ ആത്മീയ പ്രാർഥനാലയത്തിൽ ദൈവത്തിന്റെ ഇസ്രായേലിന്റെ അവസാന അംഗങ്ങളോടൊത്ത് ആരാധിക്കാൻ യഹോവ ദശലക്ഷക്കണക്കിന് അന്യജാതിക്കാരെ കൊണ്ടുവരികയാണ്. ഈ അന്യജാതിക്കാർ പല രാഷ്ട്രങ്ങളിലും വർഗങ്ങളിലും ഭാഷകളിലും നിന്നുള്ളവർ ആണെങ്കിലും, തമ്മിൽത്തമ്മിലും ദൈവത്തിന്റെ ഇസ്രായേലുമായും ഐക്യത്തിൽ കഴിയുന്നു. യേശുക്രിസ്തു മുഖാന്തരം ദൈവത്തിലൂടെ മാത്രമേ രക്ഷ വരികയുള്ളൂ എന്ന് അവർക്കു ബോധ്യമായിരിക്കുന്നു. സ്നേഹത്താൽ പ്രചോദിതരായ അവർ തങ്ങളുടെ വിശ്വാസത്തെ കുറിച്ചു ഘോഷിക്കാൻ ക്രിസ്തുവിന്റെ സഹോദരന്മാരോടൊപ്പം ചേരുന്നു. പിൻവരുന്ന പ്രകാരം എഴുതിയ നിശ്വസ്ത അപ്പൊസ്തലന്റെ വാക്കുകളിൽനിന്ന് അവർ ആഴമായ ആശ്വാസം കണ്ടെത്തുന്നു: “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏററുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.”—റോമർ 10:9.
[അടിക്കുറിപ്പുകൾ]
a ‘ഷണ്ഡൻ’ എന്ന പദം കൊട്ടാര ഉദ്യോഗസ്ഥനെ സൂചിപ്പിക്കാനും ഉപയോഗിക്കപ്പെട്ടു, അവരെ അക്ഷരീയമായി വൃഷണച്ഛേദനം നടത്തിയിരുന്നു എന്ന് അത് അർഥമാക്കുന്നില്ല. ഫിലിപ്പൊസ് സ്നാപനപ്പെടുത്തിയ എത്യോപ്യക്കാരൻ ഒരു യഹൂദ മതാനുസാരി ആയി കാണപ്പെടുന്നതിനാൽ, ഒരു കൊട്ടാര ഉദ്യോഗസ്ഥൻ എന്ന അർഥത്തിൽ വേണം അവൻ ഒരു ഷണ്ഡൻ ആയിരുന്നത്. പരിച്ഛേദനയേൽക്കാത്ത പുറജാതീയർക്ക് ക്രിസ്ത്യാനിത്വത്തിലേക്കുള്ള വഴി തുറന്നുകിട്ടുന്നതിനു മുമ്പാണ് ഈ എത്യോപ്യക്കാരൻ സ്നാപനമേറ്റത്.—പ്രവൃത്തികൾ 8:27-39.
b യിരെമ്യാവിന്റെ സഹായത്തിന് എത്തിയ, സിദെക്കീയാ രാജാവിന്റെ അടുക്കൽ നേരിട്ടു പ്രവേശനം ഉണ്ടായിരുന്ന ഏബെദ്-മേലെക്കിനെ ഷണ്ഡൻ എന്നു വിളിച്ചിരിക്കുന്നു. അവന്റെ അക്ഷരീയമായ വൃഷണച്ഛേദനത്തെ അല്ല, പകരം ഒരു കൊട്ടാര ഉദ്യോഗസ്ഥനായുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ ആണ് ഇതു സൂചിപ്പിക്കുന്നതെന്നു തോന്നുന്നു.—യിരെമ്യാവു 38:7-13.
[അധ്യയന ചോദ്യങ്ങൾ]
[250-ാം പേജിലെ ചിത്രം]
പ്രാർഥിക്കുന്നതിനും പഠിക്കുന്നതിനും ധ്യാനിക്കുന്നതിനുമുള്ള അവസരം ശബത്ത് പ്രദാനം ചെയ്യുമായിരുന്നു
[256-ാം പേജിലെ ചിത്രങ്ങൾ]
1935-ൽ വാഷിങ്ടൺ ഡി.സി.-ൽ നടന്ന ഒരു കൺവെൻഷനിൽ വേറെ ആടുകൾ ആരാണെന്ന് വ്യക്തമായി വിശദീകരിക്കപ്പെട്ടു (താഴത്തെ ചിത്രം സ്നാപനം, വലത്ത് കൺവെൻഷൻ കാര്യപരിപാടി)
[259-ാം പേജിലെ ചിത്രം]
വന്യമൃഗങ്ങളെ വിരുന്നിനു ക്ഷണിക്കുന്നു
[261-ാം പേജിലെ ചിത്രങ്ങൾ]
അന്യജാതിക്കാരും ദൈവത്തിന്റെ ഇസ്രായേലും ഐക്യത്തിൽ കഴിയുന്നു