വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഒരു പുതിയ പേര്‌’

‘ഒരു പുതിയ പേര്‌’

അധ്യായം ഇരുപ​ത്തി​മൂന്ന്‌

‘ഒരു പുതിയ പേര്‌’

യെശയ്യാവു 62:1-12

1. യെശയ്യാ​വു 62-ാം അധ്യാ​യ​ത്തിൽ എന്ത്‌ ഉറപ്പു നൽകി​യി​രി​ക്കു​ന്നു?

 ഉറപ്പ്‌, സമാശ്വാ​സം, പുനഃ​സ്ഥി​തീ​കരണ പ്രത്യാശ. ബാബി​ലോ​ണി​ലെ ഭഗ്നാശ​രായ യഹൂദ​ന്മാർക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ഇതെല്ലാ​മാണ്‌. യെരൂ​ശ​ലേ​മും അതിലെ ആലയവും നശിപ്പി​ക്ക​പ്പെ​ട്ടിട്ട്‌ നിരവധി പതിറ്റാ​ണ്ടു​കൾ കടന്നു​പോ​യി​രി​ക്കു​ന്നു. ബാബി​ലോ​ണിൽനിന്ന്‌ ഏതാണ്ട്‌ 800 കിലോ​മീ​റ്റർ അകലെ​യുള്ള യഹൂദ ഇപ്പോൾ ശൂന്യ​മാ​യി കിടക്കു​ക​യാണ്‌. യഹോവ യഹൂദരെ മറന്നു​പോ​യതു പോലെ കാണ​പ്പെ​ടു​ന്നു. അവരുടെ അവസ്ഥയെ മെച്ച​പ്പെ​ടു​ത്താൻ എന്തിനു കഴിയും? അവരെ സ്വദേ​ശ​ത്തേക്കു മടക്കി​വ​രു​ത്തു​മെ​ന്നും നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ അനുവ​ദി​ക്കു​മെ​ന്നു​മുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങൾക്ക്‌. “ത്യക്ത” എന്നും “ശൂന്യ” എന്നുമുള്ള വിശേ​ഷ​ണ​ങ്ങൾക്കു പകരം, ദൈവാം​ഗീ​കാ​രത്തെ സൂചി​പ്പി​ക്കുന്ന നാമങ്ങൾ അവൾക്കു ലഭിക്കും. (യെശയ്യാ​വു 62:4; സെഖര്യാ​വു 2:12) യെശയ്യാ​വു 62-ാം അധ്യായം ഇത്തരം വാഗ്‌ദാ​നങ്ങൾ നിറഞ്ഞ​താണ്‌. എന്നിരു​ന്നാ​ലും മറ്റു പുനഃ​സ്ഥി​തീ​കരണ പ്രവച​ന​ങ്ങളെ പോലെ, ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽ നിന്നുള്ള യഹൂദ​രു​ടെ വിടു​ത​ലി​നെ​ക്കാൾ ഏറെ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങളെ കുറി​ച്ചും ഈ അധ്യായം പ്രതി​പാ​ദി​ക്കു​ന്നുണ്ട്‌. അതിന്റെ പ്രമുഖ നിവൃ​ത്തി​യിൽ, യഹോ​വ​യു​ടെ ആത്മീയ ജനമായ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേലി’ന്റെ രക്ഷ സുനി​ശ്ചി​ത​മാ​ണെന്ന്‌ ഉറപ്പു നൽകി​യി​രി​ക്കു​ന്നു.—ഗലാത്യർ 6:16.

യഹോവ മിണ്ടാ​തി​രി​ക്കു​ന്നില്ല

2. യഹോവ വീണ്ടും സീയോ​നോട്‌ എങ്ങനെ പ്രീതി കാട്ടുന്നു?

2 പൊ.യു.മു. 539-ൽ ബാബി​ലോൺ മറിച്ചി​ട​പ്പെ​ടു​ന്നു. അതേത്തു​ടർന്ന്‌ പേർഷ്യ​യി​ലെ കോ​രെശ്‌ രാജാവ്‌, യെരൂ​ശ​ലേ​മി​ലേക്കു മടങ്ങാ​നും യഹോ​വ​യു​ടെ ആരാധന പുനഃ​സ്ഥാ​പി​ക്കാ​നും ദൈവ​ഭ​ക്ത​രായ യഹൂദ​ന്മാ​രെ സഹായി​ക്കുന്ന ഒരു കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്നു. (എസ്രാ 1:2-4) പൊ.യു.മു. 537-ൽ, യഹൂദ​രു​ടെ ആദ്യത്തെ കൂട്ടം സ്വദേ​ശത്തു തിരി​ച്ചെ​ത്തു​ന്നു. യഹോവ ഒരിക്കൽക്കൂ​ടി യെരൂ​ശ​ലേ​മി​നോ​ടു പ്രീതി കാട്ടുന്നു. അവന്റെ ഊഷ്‌മ​ള​മായ ഈ പ്രാവ​ച​നിക പ്രഖ്യാ​പ​ന​ത്തിൽനിന്ന്‌ അതു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌: “സീയോ​നെ​ക്കു​റി​ച്ചു ഞാൻ മിണ്ടാതെ ഇരിക്ക​യില്ല, യെരൂ​ശ​ലേ​മി​നെ​ക്കു​റി​ച്ചു ഞാൻ അടങ്ങി​യി​രി​ക്ക​യു​മില്ല; അതിന്റെ നീതി പ്രകാ​ശം​പോ​ലെ​യും അതിന്റെ രക്ഷ, കത്തുന്ന വിളക്കു​പോ​ലെ​യും വിളങ്ങി​വ​രു​വോ​ളം തന്നേ.”—യെശയ്യാ​വു 62:1.

3. (എ) ഭൗമിക സീയോ​നെ യഹോവ തള്ളിക്ക​ള​യു​ന്നത്‌ എന്തു​കൊണ്ട്‌, അവളുടെ സ്ഥാനത്ത്‌ ആർ വരുന്നു? (ബി) എന്ത്‌ ശോഷണം സംഭവി​ക്കു​ന്നു, എപ്പോൾ, നാം ഏതു കാലഘ​ട്ട​ത്തിൽ ജീവി​ക്കു​ന്നു?

3 സീയോനെ അഥവാ യെരൂ​ശ​ലേ​മി​നെ പുനഃ​സ്ഥാ​പി​ക്കു​മെന്ന വാഗ്‌ദാ​നം പൊ.യു.മു. 537-ൽ യഹോവ നിറ​വേറ്റി. അതിലെ നിവാ​സി​കൾക്ക്‌ അവനിൽനി​ന്നു രക്ഷ ലഭിച്ചു, അവരുടെ നീതി ഉജ്ജ്വല​മാ​യി ശോഭി​ച്ചു. എന്നാൽ പിൽക്കാ​ലത്ത്‌ അവർ വീണ്ടും സത്യാ​രാ​ധ​ന​യിൽനി​ന്നു വീണു​പോ​യി. ഒടുവിൽ, അവർ മിശി​ഹാ​യായ യേശു​വി​നെ തള്ളിക്ക​ള​ഞ്ഞ​പ്പോൾ തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത എന്ന സ്ഥാനത്തു​നിന്ന്‌ യഹോവ അവരെ​യും തള്ളിക്ക​ളഞ്ഞു. (മത്തായി 21:43; 23:38; യോഹ​ന്നാൻ 1:9-13) ഒരു പുതിയ ജനത, ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ ജനിക്കാൻ യഹോവ ഇടയാക്കി. ഈ പുതിയ ജനത അവന്‌ ഒരു പ്രത്യേക ജനം ആയിത്തീർന്നു. ഒന്നാം നൂറ്റാ​ണ്ടിൽ അതിലെ അംഗങ്ങൾ അന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ലോക​ത്തി​ലു​ട​നീ​ളം സുവാർത്ത ഘോഷി​ച്ചു. (ഗലാത്യർ 6:16; കൊ​ലൊ​സ്സ്യർ 1:23) ദുഃഖ​ക​ര​മെന്നു പറയട്ടെ, അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം സത്യമതം ശോഷി​ക്കാൻ തുടങ്ങി. തത്‌ഫ​ല​മാ​യി, ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ കാണു​ന്നതു പോലെ വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രിസ്‌ത്യാ​നി​ത്വം ഉടലെ​ടു​ത്തു. (മത്തായി 13:24-30, 36-43; പ്രവൃ​ത്തി​കൾ 20:29, 30) നൂറ്റാ​ണ്ടു​ക​ളോ​ളം, യഹോ​വ​യു​ടെ നാമത്തി​ന്മേൽ വലിയ നിന്ദ വരുത്താൻ ക്രൈ​സ്‌ത​വ​ലോ​കം അനുവ​ദി​ക്ക​പ്പെ​ട്ടി​രു​ന്നു. ഒടുവിൽ, 1914-ൽ യെശയ്യാ പ്രവച​ന​ത്തി​ന്റെ ഈ ഭാഗത്തി​ന്റെ വലിയ നിവൃത്തി എന്ന നിലയിൽ യഹോ​വ​യു​ടെ ‘പ്രസാ​ദ​വർഷം’ തുടങ്ങി.—യെശയ്യാ​വു 61:2.

4, 5. (എ) സീയോ​നും മക്കളും ഇന്ന്‌ ആരെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ബി) സീയോ​ന്റെ “രക്ഷ, കത്തുന്ന വിളക്കു​പോ​ലെ” ആക്കാൻ യഹോവ അവളെ എങ്ങനെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

4 സീയോനെ പുനഃ​സ്ഥാ​പി​ക്കു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം ഇന്ന്‌ അവന്റെ സ്വർഗീയ സംഘട​ന​യായ ‘മീതെ​യു​ളള യെരൂ​ശ​ലേമി’ൽ നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്നു. ഇന്നു ഭൂമി​യിൽ അവളെ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ അവളുടെ മക്കളായ ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​കൾ ആണ്‌. (ഗലാത്യർ 4:26) യഹോ​വ​യു​ടെ സ്വർഗീയ സംഘടന ഒരു അർപ്പിത സഹായി​യെ പോലെ വർത്തി​ക്കു​ന്നു—അതു ജാഗരൂ​ക​മാണ്‌, സ്‌നേ​ഹ​മു​ള്ള​താണ്‌, കഠിന​മാ​യി അധ്വാ​നി​ക്കു​ന്ന​താണ്‌. അവൾ 1914-ൽ മിശി​ഹൈക രാജ്യ​ത്തിന്‌ ജന്മം നൽകി​യത്‌ എത്ര പുളക​പ്ര​ദ​മായ സംഭവം ആയിരു​ന്നു. (വെളി​പ്പാ​ടു 12:1-5) പ്രത്യേ​കി​ച്ചും 1919 മുതൽ അവളുടെ ഭൗമിക മക്കൾ അവളുടെ നീതി​യെ​യും രക്ഷയെ​യും കുറിച്ചു പ്രസം​ഗി​ച്ചി​രി​ക്കു​ന്നു. യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞതു പോലെ, പ്രകാശം ചൊരി​യുന്ന ഒരു വിളക്കു പോലെ ഈ മക്കൾ ഇരുട്ടിൽ ശോഭി​ച്ചി​രി​ക്കു​ന്നു.—മത്തായി 5:15, 16; ഫിലി​പ്പി​യർ 2:15.

5 യഹോവ തന്റെ ആരാധ​ക​രിൽ അതീവ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു. സീയോ​നും അവളുടെ മക്കൾക്കും അവൻ നൽകി​യി​ട്ടുള്ള എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിവൃ​ത്തി​യേ​റു​ന്ന​തു​വരെ അവൻ വെറുതെ ഇരിക്ക​യില്ല, അഥവാ മിണ്ടാ​തി​രി​ക്ക​യില്ല. അഭിഷി​ക്ത​രിൽ ശേഷി​ക്കു​ന്ന​വ​രും അവരുടെ സഹകാ​രി​ക​ളായ “വേറെ ആടുക”ളും നിശ്ശബ്‌ദ​രാ​യി​രി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല. (യോഹ​ന്നാൻ 10:16) രക്ഷയുടെ ഏക മാർഗം ആളുകൾക്കു ചൂണ്ടി​ക്കാ​ട്ടു​ക​വഴി അവർ ശബ്ദിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.—റോമർ 10:10.

യഹോവ നൽകുന്ന ‘ഒരു പുതിയ പേര്‌’

6. സീയോ​നെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം എന്താണ്‌?

6 പുരാതന യെരൂ​ശ​ലേം പ്രതി​നി​ധാ​നം ചെയ്‌തി​രുന്ന തന്റെ സ്വർഗീയ “സ്‌ത്രീ” ആയ സീയോ​നെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം എന്താണ്‌? അവൻ പ്രസ്‌താ​വി​ക്കു​ന്നു: “ജാതികൾ നിന്റെ നീതി​യെ​യും സകലരാ​ജാ​ക്ക​ന്മാ​രും നിന്റെ മഹത്വ​ത്തെ​യും കാണും; യഹോ​വ​യു​ടെ വായ്‌ കല്‌പി​ക്കുന്ന പുതിയ പേർ നിനക്കു വിളി​ക്ക​പ്പെ​ടും.” (യെശയ്യാ​വു 62:2) ഇസ്രാ​യേ​ല്യർ നീതി​പൂർവം പ്രവർത്തി​ക്കു​മ്പോൾ, ജാതികൾ അവരെ ശ്രദ്ധാ​പൂർവം ഉറ്റു​നോ​ക്കാൻ നിർബ​ന്ധി​ത​രാ​കും. യഹോവ യെരൂ​ശ​ലേ​മി​നെ ഉപയോ​ഗി​ക്കു​ന്നു​വെ​ന്നും യഹോ​വ​യു​ടെ രാജ്യ​ത്തോ​ടുള്ള ബന്ധത്തിൽ അവർക്കുള്ള ഏതു ഭരണാ​ധി​പ​ത്യ​വും നിസ്സാ​ര​മാ​ണെ​ന്നും രാജാ​ക്ക​ന്മാർ പോലും സമ്മതി​ക്കേ​ണ്ടി​വ​രു​ന്നു.—യെശയ്യാ​വു 49:23.

7. സീയോ​ന്റെ പുതിയ പേര്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

7 സീയോന്‌ ഒരു പുതിയ പേര്‌ നൽകി​ക്കൊണ്ട്‌ അവളുടെ മാറ്റം വന്ന അവസ്ഥയെ യഹോവ ഇപ്പോൾ സ്ഥിരീ​ക​രി​ക്കു​ന്നു. ആ പുതിയ പേര്‌ പൊ.യു.മു. 537 മുതൽ സീയോ​ന്റെ ഭൗമിക മക്കൾ ആസ്വദി​ക്കുന്ന അനുഗൃ​ഹീത അവസ്ഥ​യെ​യും ആദരണീയ പദവി​യെ​യും സൂചി​പ്പി​ക്കു​ന്നു. a സീയോൻ തനിക്കു സ്വന്തമാ​ണെന്ന്‌ യഹോവ അംഗീ​ക​രി​ക്കു​ന്ന​താ​യി അത്‌ അർഥമാ​ക്കു​ന്നു. ഈ വിധത്തിൽ യഹോ​വ​യു​ടെ ആമോ​ദ​ത്തി​ന്റെ പാത്ര​മാ​യി​രി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ സന്തോ​ഷി​ക്കു​ന്നു. വേറെ ആടുക​ളും അവരോ​ടൊ​പ്പം ആനന്ദി​ക്കു​ന്നു.

8. യഹോവ ഏതു വിധങ്ങ​ളിൽ സീയോ​നെ ബഹുമാ​നി​ച്ചി​രി​ക്കു​ന്നു?

8 സീയോനു പുതിയ പേര്‌ നൽകി​യ​ശേഷം, യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “യഹോ​വ​യു​ടെ കയ്യിൽ നീ ഭംഗി​യുള്ള കിരീ​ട​വും നിന്റെ ദൈവ​ത്തി​ന്റെ കയ്യിൽ രാജമു​ടി​യും ആയിരി​ക്കും.” (യെശയ്യാ​വു 62:3) യഹോവ തന്റെ പ്രതീ​കാ​ത്മക ഭാര്യയെ, സ്വർഗീയ സീയോ​നെ, ആദരപൂർവം വീക്ഷി​ക്കേണ്ട ഒന്നായി ഉയർത്തി​ക്കാ​ട്ടു​ന്നു. (സങ്കീർത്തനം 48:2; 50:2) ഭംഗി​യുള്ള കിരീ​ട​വും “രാജമു​ടി​യും” സൂചി​പ്പി​ക്കു​ന്നത്‌ അവൾക്കു മാന്യ​ത​യും അധികാ​ര​വും ലഭിച്ചി​രി​ക്കു​ന്നു എന്നാണ്‌. (സെഖര്യാ​വു 9:16) സ്വർഗീയ സീയോ​നെ അഥവാ ‘മീതെ​യു​ളള യെരൂ​ശ​ലേമി’നെ പ്രതി​നി​ധാ​നം ചെയ്യുന്ന ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ അവന്റെ പ്രവർത്ത​ന​നി​ര​ത​മായ കരങ്ങളു​ടെ—അവൻ പ്രയോ​ഗി​ക്കുന്ന ശക്തിയു​ടെ—ശ്രദ്ധേ​യ​മായ ഒരു ഫലമാണ്‌. (ഗലാത്യർ 4:26) യഹോ​വ​യു​ടെ സഹായ​ത്താൽ ആ ആത്മീയ ജനത നിർമ​ല​ത​യു​ടെ​യും ഭക്തിയു​ടെ​യും മികച്ച ദൃഷ്ടാന്തം വെച്ചി​രി​ക്കു​ന്നു. അഭിഷി​ക്ത​രും വേറെ ആടുക​ളും ഉൾപ്പെടെ, ദശലക്ഷങ്ങൾ മികച്ച വിശ്വാ​സ​വും സ്‌നേ​ഹ​വും പ്രകട​മാ​ക്കാൻ ശക്തീക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. തങ്ങളുടെ മഹത്തായ സ്വർഗീയ പ്രതി​ഫലം പ്രാപിച്ച അഭിഷി​ക്തർ ക്രിസ്‌തു​വി​ന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌, ഞരങ്ങി ഈറ്റു​നോ​വോ​ടി​രി​ക്കുന്ന സൃഷ്ടിയെ നിത്യ​ജീ​വ​നി​ലേക്ക്‌ ഉയർത്തു​ന്ന​തിൽ യഹോ​വ​യു​ടെ കയ്യിലെ ഉപകര​ണ​ങ്ങ​ളാ​യി വർത്തി​ക്കും.—റോമർ 8:21, 22; വെളി​പ്പാ​ടു 22:2.

‘യഹോവ നിന്നിൽ പ്രിയ​പ്പെ​ട്ടി​രി​ക്കു​ന്നു’

9. സീയോന്‌ ഉണ്ടാകുന്ന പരിവർത്ത​നത്തെ കുറിച്ചു വിവരി​ക്കുക.

9 തന്റെ ഭൗമിക മക്കളാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന സ്വർഗീയ സീയോ​ന്റെ ആനന്ദക​ര​മായ പരിവർത്ത​ന​ത്തി​ന്റെ ഭാഗമെന്ന നിലയി​ലാണ്‌ ഒരു പുതിയ പേര്‌ അതിനു ലഭിക്കു​ന്നത്‌. നാം ഇപ്രകാ​രം വായി​ക്കു​ന്നു: “നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളി​ക്ക​യില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയു​മില്ല; നിനക്കു ഹെഫ്‌സീ​ബാ (ഇഷ്ട) എന്നും നിന്റെ ദേശത്തി​ന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും; യഹോ​വെക്കു നിന്നോ​ടു പ്രിയ​മു​ണ്ട​ല്ലോ; നിന്റെ ദേശത്തി​ന്നു വിവാഹം കഴിയും.” (യെശയ്യാ​വു 62:4) പൊ.യു.മു. 607-ൽ നശിപ്പി​ക്ക​പ്പെ​ട്ടതു മുതൽ ഭൗമിക യെരൂ​ശ​ലേം ശൂന്യ​മാ​യി കിടക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ വാക്കുകൾ പുനഃ​സ്ഥാ​പ​ന​ത്തെ​യും ദേശത്ത്‌ ആളുകൾ പുനര​ധി​വ​സി​ക്കു​ന്ന​തി​നെ​യും കുറിച്ച്‌ ഉറപ്പു നൽകുന്നു. ഒരിക്കൽ ശൂന്യ​മാ​യി​രുന്ന സീയോൻ ഇനി​യൊ​രി​ക്ക​ലും ത്യജി​ക്ക​പ്പെട്ട അവസ്ഥയിൽ കഴിയു​ക​യില്ല, അവളുടെ ദേശം ഇനി ശൂന്യ​മാ​യി കിടക്കു​ക​യു​മില്ല. പൊ.യു.മു. 537-ലെ യെരൂ​ശ​ലേ​മി​ന്റെ പുനഃ​സ്ഥാ​പനം, ശൂന്യ​മായ അവളുടെ മുൻ അവസ്ഥയിൽനി​ന്നു തികച്ചും ഭിന്നമായ ഒരു പുതിയ അവസ്ഥയെ അർഥമാ​ക്കു​ന്നു. സീയോൻ “ഹെഫ്‌സീ​ബാ (ഇഷ്ട)” എന്നും “ബെയൂലാ (വിവാഹസ്ഥ)” എന്നും വിളി​ക്ക​പ്പെ​ടു​മെന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.—യെശയ്യാ​വു 54:1, 5, 6; 66:8; യിരെ​മ്യാ​വു 23:5-8; 30:17; ഗലാത്യർ 4:27-31.

10. (എ) ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നു പരിവർത്തനം വന്നത്‌ എങ്ങനെ? (ബി) ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ ‘ദേശം’ എന്താണ്‌?

10 ദൈവത്തിന്റെ ഇസ്രാ​യേ​ലിന്‌ 1919 മുതൽ സമാന​മായ ഒരു മാറ്റം ഉണ്ടായി. ഒന്നാം ലോക​യു​ദ്ധ​കാ​ലത്ത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ ദൈവം ത്യജി​ച്ചതു പോലെ തോന്നി. എന്നാൽ 1919-ൽ അവരുടെ അനുഗൃ​ഹീത നില പുനഃ​സ്ഥാ​പി​ക്ക​പ്പെട്ടു, അവരുടെ ആരാധ​നാ​രീ​തി ശുദ്ധീ​ക​രി​ക്ക​പ്പെട്ടു. അത്‌ അവരുടെ പഠിപ്പി​ക്ക​ലു​ക​ളു​ടെ​യും അവരുടെ സംഘട​ന​യു​ടെ​യും അവരുടെ പ്രവർത്ത​ന​ത്തി​ന്റെ​യും മേൽ ഒരു പ്രഭാവം ചെലുത്തി. ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ അതിന്റെ ‘ദേശ’ത്തേക്ക്‌, അതിന്റെ ആത്മീയ അവസ്ഥയി​ലേക്ക്‌, അഥവാ പ്രവർത്തന മണ്ഡലത്തി​ലേക്കു വന്നു.—യെശയ്യാ​വു 66:7, 8, 20-22.

11. യഹൂദ​ന്മാർ തങ്ങളുടെ മാതാ​വി​നെ ഒരു ഭാര്യയെ എന്നപോ​ലെ വിവാഹം കഴിക്കു​ന്നത്‌ എങ്ങനെ?

11 തന്റെ ജനത്തിന്റെ പുതിയ, അനുഗൃ​ഹീ​ത​മായ അവസ്ഥയെ കുറിച്ച്‌ ഊന്നി​പ്പ​റ​ഞ്ഞു​കൊണ്ട്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “യൌവ​ന​ക്കാ​രൻ കന്യകയെ വിവാഹം ചെയ്യു​ന്ന​തു​പോ​ലെ നിന്റെ പുത്ര​ന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാ​ട്ടി​യിൽ സന്തോ​ഷി​ക്കു​ന്ന​തു​പോ​ലെ നിന്റെ ദൈവം നിന്നിൽ സന്തോ​ഷി​ക്കും.” (യെശയ്യാ​വു 62:5) യഹൂദ​ന്മാർക്ക്‌, സീയോ​ന്റെ “പുത്ര​ന്മാർ”ക്ക്‌, ഒരു ഭാര്യ എന്നപോ​ലെ തങ്ങളുടെ മാതാ​വി​നെ എങ്ങനെ വിവാഹം ചെയ്യാൻ കഴിയും? ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെട്ട്‌ മടങ്ങി​വ​രുന്ന സീയോ​ന്റെ പുത്ര​ന്മാർ തങ്ങളുടെ പഴയ നഗരത്തെ അവകാ​ശ​മാ​ക്കി അതിൽ വീണ്ടും വസിക്കു​മെന്ന അർഥത്തി​ലാണ്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌. അതു സംഭവി​ക്കു​മ്പോൾ, സീയോൻ മേലാൽ ശൂന്യ​മാ​യി​രി​ക്കില്ല, പിന്നെ​യോ പുത്ര​ന്മാ​രെ​ക്കൊണ്ട്‌ നിറഞ്ഞി​രി​ക്കും.—യിരെ​മ്യാ​വു 3:14.

12. (എ) താനു​മാ​യി വിവാ​ഹ​ബ​ന്ധ​ത്തിൽ ആയിരി​ക്കുന്ന സംഘട​ന​യു​ടെ ഭാഗമാണ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ ഏതു വിധത്തിൽ യഹോവ വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു? (ബി) തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ ഇന്നത്തെ വിവാ​ഹ​ബ​ന്ധ​ങ്ങൾക്ക്‌ ശ്രേഷ്‌ഠ​മായ ഒരു മാതൃക വെക്കു​ന്നത്‌ എങ്ങനെ? (342-ാം പേജിലെ ചതുരം കാണുക.)

12 സമാനമായ ഒരു വിധത്തിൽ, 1919 മുതൽ സ്വർഗീയ സീയോ​ന്റെ പുത്ര​ന്മാർ, പ്രാവ​ച​നി​ക​മാ​യി “ബെയൂലാ (വിവാഹസ്ഥ)” എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന തങ്ങളുടെ ദേശം, തങ്ങളുടെ ആത്മീയ ദേശം, കൈവ​ശ​മാ​ക്കി​യി​രി​ക്കു​ന്നു. ഈ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ‘[യഹോ​വ​യു​ടെ] നാമത്തി​നാ​യുള്ള ഒരു ജനം’ ആണെന്ന്‌ ആ ആത്മീയ ദേശത്തെ അവരുടെ പ്രവർത്തനം തെളി​യി​ച്ചി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:14) ഈ ക്രിസ്‌ത്യാ​നി​കൾ രാജ്യ​ഫ​ലങ്ങൾ പുറ​പ്പെ​ടു​വി​ച്ച​തും യഹോ​വ​യു​ടെ നാമം പ്രസി​ദ്ധ​മാ​ക്കി​യ​തും യഹോവ അവരിൽ സന്തോ​ഷി​ക്കു​ന്നു​വെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. തകർക്കാ​നാ​വാത്ത ഐക്യ​ത്തിൽ അവനോ​ടു ചേർന്നി​രി​ക്കുന്ന സംഘട​ന​യു​ടെ ഭാഗമാണ്‌ അവർ എന്ന്‌ അവൻ വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു. ഈ ക്രിസ്‌ത്യാ​നി​കളെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌തു​കൊ​ണ്ടും ആത്മീയ പ്രവാ​സ​ത്തിൽനിന്ന്‌ വിടു​വി​ച്ചു​കൊ​ണ്ടും മുഴു മനുഷ്യ​വർഗ​ത്തോ​ടും രാജ്യ​പ്ര​ത്യാ​ശ ഘോഷി​ക്കാൻ ഉപയോ​ഗി​ച്ചു​കൊ​ണ്ടും മണവാളൻ മണവാ​ട്ടി​യിൽ സന്തോ​ഷി​ക്കു​ന്നതു പോലെ താൻ അവരിൽ സന്തോ​ഷി​ക്കു​ന്നു എന്ന്‌ യഹോവ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു.—യിരെ​മ്യാ​വു 32:41.

‘നിങ്ങൾ നിശ്ശബ്‌ദ​മാ​യി​രി​ക്ക​രുത്‌’

13, 14. (എ) പുരാതന കാലത്ത്‌, യെരൂ​ശ​ലേം സംരക്ഷ​ണ​മേ​കുന്ന ഒരു നഗരം ആയിത്തീർന്നത്‌ എങ്ങനെ? (ബി) ആധുനിക കാലങ്ങ​ളിൽ, സീയോൻ ‘ഭൂമി​യിൽ ഒരു പ്രശം​സാ​വി​ഷയം’ ആയിത്തീർന്നി​രി​ക്കു​ന്നത്‌ എങ്ങനെ?

13 യഹോവ തന്റെ ജനത്തിനു നൽകി​യി​രി​ക്കുന്ന ആ പ്രതീ​കാ​ത്മക പുതിയ നാമത്തിൽ അവർക്കു സുരക്ഷി​ത​ത്വം തോന്നു​ന്നു. അവൻ തങ്ങളെ അംഗീ​ക​രി​ക്കു​ന്നെ​ന്നും തങ്ങളു​ടെ​മേൽ അവനാണ്‌ ഉടമസ്ഥാ​വ​കാ​ശം ഉള്ളതെ​ന്നും അവർക്ക​റി​യാം. ഇപ്പോൾ വ്യത്യ​സ്‌ത​മായ മറ്റൊരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌ മതിൽക്കെ​ട്ടുള്ള ഒരു നഗര​ത്തോ​ടു സംസാ​രി​ക്കു​ന്നതു പോലെ യഹോവ തന്റെ ജനത്തോ​ടു സംസാ​രി​ക്കു​ന്നു: “യെരൂ​ശ​ലേമേ, ഞാൻ നിന്റെ മതിലു​ക​ളി​ന്മേൽ കാവല്‌ക്കാ​രെ ആക്കിയി​രി​ക്കു​ന്നു; അവർ രാവോ പകലോ ഒരിക്ക​ലും മിണ്ടാ​തെ​യി​രി​ക്ക​യില്ല; യഹോ​വയെ ഓർപ്പി​ക്കു​ന്ന​വരേ, നിങ്ങൾ സ്വസ്ഥമാ​യി​രി​ക്ക​രു​തു. [‘നിങ്ങൾ നിശ്ശബ്‌ദ​മാ​യി​രി​ക്ക​രുത്‌,’ NW] അവൻ യെരൂ​ശ​ലേ​മി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​വോ​ള​വും ഭൂമി​യിൽ അതിനെ പ്രശം​സാ​വി​ഷ​യ​മാ​ക്കു​വോ​ള​വും അവന്നു സ്വസ്ഥത [“നിശ്ശബ്ദത,” NW] കൊടു​ക്ക​യു​മ​രു​തു.” (യെശയ്യാ​വു 62:6, 7) ബാബി​ലോ​ണിൽ നിന്നുള്ള വിശ്വസ്‌ത ശേഷി​പ്പി​ന്റെ മടങ്ങി​വ​ര​വി​നു ശേഷം, യഹോ​വ​യു​ടെ തക്കസമ​യത്ത്‌ യെരൂ​ശ​ലേം ‘ഭൂമി​യിൽ ഒരു പ്രശം​സാ​വി​ഷയം’—നിവാ​സി​കൾക്കു സംരക്ഷ​ണ​മേ​കുന്ന മതിൽക്കെ​ട്ടുള്ള ഒരു നഗരം—ആയിത്തീ​രു​ന്നു. മതിലി​ന്മേ​ലുള്ള കാവൽക്കാർ രാവും പകലും നഗരത്തി​ന്റെ സംരക്ഷണം ഉറപ്പു വരുത്താ​നും അതിലെ പൗരന്മാർക്ക്‌ മുന്നറി​യി​പ്പു നൽകാ​നും ജാഗരൂ​ക​രാണ്‌.—നെഹെ​മ്യാ​വു 6:15; 7:3; യെശയ്യാ​വു 52:8.

14 വ്യാജമതത്തിന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ സ്വാത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള മാർഗം സൗമ്യർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തിന്‌ ആധുനിക കാലങ്ങ​ളിൽ യഹോവ തന്റെ അഭിഷിക്ത കാവൽക്കാ​രെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അവന്റെ സംഘട​ന​യി​ലേക്കു വരാൻ സൗമ്യർക്ക്‌ ക്ഷണം ലഭിച്ചി​രി​ക്കു​ന്നു. അവിടെ അവർ ആത്മീയ ദുഷി​പ്പിൽനി​ന്നും ഭക്തികെട്ട സ്വാധീ​ന​ങ്ങ​ളിൽനി​ന്നും യഹോ​വ​യു​ടെ അപ്രീ​തി​യിൽ നിന്നു​മുള്ള സംരക്ഷണം കണ്ടെത്തു​ന്നു. (യിരെ​മ്യാ​വു 33:9; സെഫന്യാ​വു 3:19) “തക്കസമ​യത്ത്‌” ആത്മീയ “ആഹാരം” പ്രദാനം ചെയ്യുന്ന വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യായ കാവൽക്കാ​രൻ വർഗത്തി​നുള്ള പങ്ക്‌ അത്തരം സംരക്ഷ​ണ​ത്തി​നു മർമ​പ്ര​ധാ​ന​മാണ്‌. (മത്തായി 24:45-47, NW) സീയോ​നെ ‘ഭൂമി​യിൽ ഒരു പ്രശം​സാ​വി​ഷയം’ ആക്കുന്ന​തിൽ ഈ കാവൽക്കാ​രൻ വർഗ​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കുന്ന “മഹാപു​രു​ഷാര”വും വലിയ ഒരു പങ്കു വഹിക്കു​ന്നു.—വെളി​പ്പാ​ടു 7:9.

15. കാവൽക്കാ​രൻ വർഗവും അവരുടെ സഹകാ​രി​ക​ളും യഹോ​വയെ നിരന്തരം സേവി​ക്കു​ന്നത്‌ എങ്ങനെ?

15 കാവൽക്കാരൻ വർഗത്തി​ന്റെ​യും അവരുടെ സഹകാ​രി​ക​ളു​ടെ​യും സേവനം ഇപ്പോ​ഴും തുടരു​ന്നു! സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും അവരുടെ ഭാര്യ​മാ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ദശലക്ഷ​ക്ക​ണ​ക്കി​നു വ്യക്തികൾ നിർവ​ഹി​ക്കുന്ന വേലയിൽനി​ന്നും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിവിധ ബേഥേൽ ഭവനങ്ങ​ളി​ലും അച്ചടി​ശാ​ല​ക​ളി​ലും പ്രവർത്തി​ക്കുന്ന സ്വമേ​ധയാ സേവക​രു​ടെ​യും മിഷന​റി​മാ​രു​ടെ​യും പ്രത്യേക, നിരന്തര, സഹായ പയനി​യർമാ​രു​ടെ​യും സന്നദ്ധ മനോ​ഭാ​വ​ത്തിൽനി​ന്നും ഇതു കാണാ​വു​ന്ന​താണ്‌. മാത്രമല്ല, രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തി​ലും രോഗി​കളെ സന്ദർശി​ക്കു​ന്ന​തി​ലും വെല്ലു​വി​ളി ഉയർത്തുന്ന ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളവർക്കു സഹായം നൽകു​ന്ന​തി​ലും ദുരന്ത​ങ്ങൾക്കും അപകട​ങ്ങൾക്കും ഇരകളാ​യ​വർക്കു കാലോ​ചിത സഹായം നൽകു​ന്ന​തി​ലും അവർ കഠിന​മാ​യി അധ്വാ​നി​ക്കു​ന്നു. ആത്മത്യാ​ഗി​ക​ളായ ഇവരിൽ അനേകർ അക്ഷരാർഥ​ത്തിൽ “രാപ്പകൽ” സേവനം അർപ്പി​ക്കു​ന്നു!—വെളി​പ്പാ​ടു 7:14, 15.

16. യഹോ​വ​യു​ടെ ദാസന്മാർ ഏതു വിധത്തിൽ ‘അവന്‌ നിശ്ശബ്‌ദത കൊടു​ക്കു​ന്നില്ല’?

16 ഇടവിടാതെ പ്രാർഥി​ക്കാൻ, ദൈവ​ത്തി​ന്റെ ‘ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകാൻ’ അപേക്ഷി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ ദാസന്മാർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (മത്തായി 6:9, 10; 1 തെസ്സ​ലൊ​നീ​ക്യർ 5:17) സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നതു സംബന്ധിച്ച ആഗ്രഹ​ങ്ങ​ളും പ്രത്യാ​ശ​ക​ളും നിവൃ​ത്തി​യേ​റു​ന്ന​തു​വരെ ‘[യഹോ​വ​യ്‌ക്കു] നിശ്ശബ്‌ദത കൊടു​ക്ക​രുത്‌’ എന്ന ഉദ്‌ബോ​ധനം അവർക്കു ലഭിച്ചി​രി​ക്കു​ന്നു. ‘രാപ്പകൽ [ദൈവ​ത്തോട്‌] നിലവി​ളി​ക്കാൻ’ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ നിരന്തരം പ്രാർഥി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു എടുത്തു​കാ​ട്ടി.—ലൂക്കൊസ്‌ 18:1-8.

ദൈവ​സേ​വ​ന​ത്തി​നു പ്രതി​ഫലം ലഭിക്കു​ന്നു

17, 18. (എ) ഏതു വിധത്തിൽ സീയോ​നി​ലെ നിവാ​സി​കൾക്ക്‌ തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കാ​നാ​കും? (ബി) യഹോ​വ​യു​ടെ ജനം ഇന്ന്‌ തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കു​ന്നത്‌ എങ്ങനെ?

17 യഹോവ തന്റെ ജനത്തിനു നൽകുന്ന പുതിയ പേര്‌, അവരുടെ ശ്രമങ്ങൾ വ്യർഥ​മ​ല്ലെന്ന്‌ അവർക്ക്‌ ഉറപ്പു നൽകുന്നു. “ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രു​ക്കൾക്കു ആഹാര​മാ​യി കൊടു​ക്ക​യില്ല; നീ അദ്ധ്വാ​നി​ച്ചു​ണ്ടാ​ക്കിയ വീഞ്ഞു അന്യജാ​തി​ക്കാർ കുടി​ച്ചു​ക​ള​ക​യു​മില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്‌തി​രി​ക്കു​ന്നു. അതിനെ ശേഖരി​ച്ചവർ തന്നേ അതു ഭക്ഷിച്ചു യഹോ​വയെ സ്‌തു​തി​ക്കും; അതിനെ സംഭരി​ച്ചവർ തന്നേ എന്റെ വിശു​ദ്ധ​പ്രാ​കാ​ര​ങ്ങ​ളിൽവെച്ചു അതു പാനം ചെയ്യും.” (യെശയ്യാ​വു 62:8, 9) യഹോ​വ​യു​ടെ വലങ്കയ്യും അവന്റെ ബലമുള്ള ഭുജവും അധികാ​ര​ത്തി​ന്റെ​യും ശക്തിയു​ടെ​യും പ്രതീ​ക​ങ്ങ​ളാണ്‌. (ആവർത്ത​ന​പു​സ്‌തകം 32:40; യെഹെ​സ്‌കേൽ 20:5) യഹോവ അവയെ ചൊല്ലി സത്യം ചെയ്‌തി​രി​ക്കു​ന്ന​തി​ന്റെ അർഥം സീയോ​ന്റെ അവസ്ഥയ്‌ക്കു മാറ്റം വരുത്താൻ അവൻ ദൃഢചി​ത്ത​നാണ്‌ എന്നാണ്‌. പൊ.യു.മു. 607-ൽ, സീയോ​ന്റെ സ്വത്തുക്കൾ അപഹരി​ക്കാൻ അവളുടെ ശത്രു​ക്കളെ യഹോവ അനുവ​ദി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 28:33, 51) എന്നാൽ ഇപ്പോൾ സീയോ​ന്റെ സ്വത്തുക്കൾ അവയുടെ യഥാർഥ അവകാ​ശി​കൾ മാത്രമേ ആസ്വദി​ക്കു​ക​യു​ള്ളൂ.—ആവർത്ത​ന​പു​സ്‌തകം 14:22-27.

18 ഈ വാഗ്‌ദാ​ന​ത്തി​ന്റെ ആധുനി​ക​കാല നിവൃ​ത്തി​യിൽ, യഹോ​വ​യു​ടെ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ജനം വലിയ ആത്മീയ സമൃദ്ധി അനുഭ​വി​ക്കു​ന്നു. അവർ തങ്ങളുടെ അധ്വാ​ന​ഫലം—ക്രിസ്‌തീയ ശിഷ്യ​ന്മാ​രു​ടെ എണ്ണത്തി​ലുള്ള വർധന​വും സമൃദ്ധ​മായ ആത്മീയ ഭക്ഷണവും—പൂർണ​മാ​യി ആസ്വദി​ക്കു​ന്നു. (യെശയ്യാ​വു 55:1, 2; 65:14) തന്റെ ജനം വിശ്വ​സ്‌ത​രാ​യ​തി​നാൽ തങ്ങളുടെ ആത്മീയ സമൃദ്ധി​യിൽ കൈക​ട​ത്താ​നോ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള തങ്ങളുടെ സേവന​ത്തി​ന്റെ ഫലങ്ങൾ കവർന്നെ​ടു​ക്കാ​നോ അവർ ശത്രു​ക്കളെ അനുവ​ദി​ക്കു​ന്നില്ല. യഹോ​വ​യു​ടെ സേവന​ത്തിൽ ചെയ്യുന്ന ഈ വേല​യൊ​ന്നും വ്യർഥമല്ല.—മലാഖി 3:10-12; എബ്രായർ 6:10.

19, 20. (എ) യെരൂ​ശ​ലേ​മി​ലേക്ക്‌ മടങ്ങുന്ന യഹൂദ​ന്മാ​രു​ടെ പാതയിൽനി​ന്നു പ്രതി​ബ​ന്ധങ്ങൾ നീക്കം ചെയ്യ​പ്പെ​ട്ടത്‌ എങ്ങനെ? (ബി) ആധുനിക കാലത്ത്‌ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്കു വരുന്ന സൗമ്യ​രു​ടെ പാതയിൽനി​ന്നു പ്രതി​ബ​ന്ധങ്ങൾ നീക്കം ചെയ്യ​പ്പെ​ട്ടത്‌ എങ്ങനെ?

19 പുതിയ പേര്‌ യഹോ​വ​യു​ടെ സംഘട​നയെ ആത്മാർഥ​ഹൃ​ദ​യർക്ക്‌ കൂടുതൽ ആകർഷ​ക​മാ​ക്കി​ത്തീർക്കു​ന്നു. ജനതതി​കൾ അതി​ലേക്കു തടിച്ചു​കൂ​ടു​ന്നു, വാതിൽ അവർക്കാ​യി തുറന്നി​ട്ടി​രി​ക്കു​ന്നു. യെശയ്യാ പ്രവചനം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “കടപ്പിൻ; വാതി​ലു​ക​ളിൽകൂ​ടി കടപ്പിൻ; ജനത്തിന്നു വഴി ഒരുക്കു​വിൻ; നികത്തു​വിൻ പെരു​വഴി നികത്തു​വിൻ; കല്ലു പെറു​ക്കി​ക്ക​ള​വിൻ; ജാതി​കൾക്കാ​യി​ട്ടു ഒരു കൊടി ഉയർത്തു​വിൻ.” (യെശയ്യാ​വു 62:10) സാധ്യ​ത​യ​നു​സ​രിച്ച്‌ ഒന്നാമത്തെ സാഹച​ര്യ​ത്തിൽ, ഈ ആഹ്വാനം യഹൂദർ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങാൻ ബാബി​ലോ​ണി​യ​യി​ലെ നഗരങ്ങ​ളു​ടെ കവാട​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​ന്ന​തി​നെ പരാമർശി​ക്കു​ന്നു. മടങ്ങി​വ​രു​ന്നവർ യാത്ര സുഖ​പ്ര​ദ​മാ​ക്കാ​നും വഴി കാണി​ക്കു​ന്ന​തി​നു കൊടി ഉയർത്താ​നും വഴിയിൽനി​ന്നു കല്ലു പെറു​ക്കി​ക്ക​ള​യേ​ണ്ട​താണ്‌.—യെശയ്യാ​വു 11:12.

20 വിശുദ്ധ സേവന​ത്തി​നാ​യി 1919 മുതൽ വേർതി​രി​ക്ക​പ്പെട്ട അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ “വിശു​ദ്ധ​വഴി”യിലൂടെ യാത്ര ചെയ്യു​ക​യാണ്‌. (യെശയ്യാ​വു 35:8) മഹാബാ​ബി​ലോ​ണിൽനി​ന്നു പുറത്തു കടന്ന്‌ ആത്മീയ​വ​ഴി​യി​ലൂ​ടെ ആദ്യമാ​യി സഞ്ചരി​ച്ചവർ അവരാണ്‌. (യെശയ്യാ​വു 40:3; 48:20) തന്റെ വീര്യ​പ്ര​വൃ​ത്തി​കളെ കുറിച്ചു ഘോഷി​ക്കു​ന്ന​തി​ലും ആ വഴി മറ്റുള്ള​വർക്കു കാട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ലും നേതൃ​ത്വ​മെ​ടു​ക്കാ​നുള്ള പദവി ദൈവം അവർക്കു നൽകി​യി​രി​ക്കു​ന്നു. കല്ലുകൾ പെറു​ക്കി​ക്ക​ള​യു​ന്നത്‌—പ്രതി​ബ​ന്ധങ്ങൾ നീക്കം ചെയ്യു​ന്നത്‌—പ്രധാ​ന​മാ​യും അവരുടെ പ്രയോ​ജ​ന​ത്തി​നു​തന്നെ ആയിരു​ന്നു. (യെശയ്യാ​വു 57:14) അവർ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളും പഠിപ്പി​ക്ക​ലു​ക​ളും വ്യക്തമാ​യി കാണേ​ണ്ടി​യി​രു​ന്നു. വ്യാജ​വി​ശ്വാ​സങ്ങൾ ജീവനി​ലേ​ക്കുള്ള വഴിയിൽ ഒരു തടസ്സമാണ്‌. എന്നാൽ യഹോ​വ​യു​ടെ വചനം “പാറയെ തകർക്കുന്ന ചുററി​ക​പോ​ലെ” ആണ്‌. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ അത്‌ ഉപയോ​ഗിച്ച്‌, യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ ഇടറി​ച്ചേ​ക്കാ​വുന്ന പ്രതി​ബ​ന്ധങ്ങൾ തകർത്തു​ക​ളഞ്ഞു.—യിരെ​മ്യാ​വു 23:29.

21, 22. വ്യാജ​മ​തത്തെ ഉപേക്ഷി​ക്കു​ന്ന​വർക്കാ​യി യഹോവ എന്തു കൊടി ഉയർത്തി​യി​രി​ക്കു​ന്നു, അതു നമുക്ക്‌ എങ്ങനെ അറിയാം?

21 പൊ.യു.മു. 537-ൽ, യഹൂദ​ശേ​ഷി​പ്പി​നു മടങ്ങി​വന്ന്‌ ആലയം പുനർനിർമി​ക്കു​ന്ന​തി​നുള്ള ഒരു കൊടി​യാ​യി യെരൂ​ശ​ലേം വർത്തിച്ചു. (യെശയ്യാ​വു 49:22) 1919-ൽ അഭിഷിക്ത ശേഷിപ്പ്‌ വ്യാജ​മ​ത​ത്തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ട്ട​പ്പോൾ അവർക്കു ലക്ഷ്യ​ബോ​ധ​മി​ല്ലാ​തെ അലഞ്ഞു​ന​ട​ക്കേണ്ടി വന്നില്ല. അവർക്കു തങ്ങളുടെ ലക്ഷ്യസ്ഥാ​നം ഏതെന്ന്‌ അറിയാ​മാ​യി​രു​ന്നു. കാരണം, യഹോവ അവർക്കാ​യി ഒരു കൊടി ഉയർത്തി​യി​രി​ക്കു​ന്നു. എന്തു കൊടി? യെശയ്യാ​വു 11:10-ൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന അതേ കൊടി​തന്നെ. ആ വാക്യം ഇങ്ങനെ വായി​ക്കു​ന്നു: “അന്നാളിൽ വംശങ്ങൾക്കു കൊടി​യാ​യി നില്‌ക്കുന്ന യിശ്ശാ​യി​വേ​രാ​യ​വനെ ജാതികൾ അന്വേ​ഷി​ച്ചു​വ​രും; അവന്റെ വിശ്രാ​മ​സ്ഥലം മഹത്വ​മു​ള്ള​താ​യി​രി​ക്കും.” പൗലൊസ്‌ അപ്പൊ​സ്‌തലൻ ഈ വാക്കുകൾ യേശു​വി​നു ബാധക​മാ​ക്കു​ന്നു. (റോമർ 15:8, 12) സ്വർഗീയ സീയോ​നാ​കുന്ന പർവത​ത്തിൽനി​ന്നു വാഴ്‌ച നടത്തുന്ന രാജാ​വായ യേശു​ക്രി​സ്‌തു​വാണ്‌ ആ കൊടി!—എബ്രായർ 12:22; വെളി​പ്പാ​ടു 14:1.

22 അത്യുന്നതനായ ദൈവത്തെ ഏകീകൃ​ത​മാ​യി ആരാധി​ക്കു​ന്ന​തിന്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും വേറെ ആടുക​ളും യേശു​ക്രി​സ്‌തു​വി​നു ചുറ്റും കൂടി​യി​രി​ക്കു​ന്നു. അവന്റെ ഭരണാ​ധി​പ​ത്യം യഹോ​വ​യു​ടെ അഖിലാണ്ഡ പരമാ​ധി​കാ​രത്തെ സംസ്ഥാ​പി​ക്കു​ന്ന​തി​നും ഭൂമി​യി​ലെ സകല ജനതക​ളി​ലും നിന്നുള്ള ആത്മാർഥ​ഹൃ​ദ​യരെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നും ഉതകുന്നു. അവനെ സ്‌തു​തി​ക്കു​ന്ന​തിൽ നാം ഓരോ​രു​ത്ത​രും പങ്കു​ചേ​രു​ന്ന​തി​നുള്ള ഒരു കാരണ​മല്ലേ അത്‌?

“നിന്റെ രക്ഷ വരുന്നു”

23, 24. ദൈവ​ത്തിൽ വിശ്വാ​സ​മു​ള്ള​വർക്കു രക്ഷ കൈവ​രു​ന്നത്‌ എങ്ങനെ?

23 യഹോവ തന്റെ ഭാര്യാ​സ​മാന സംഘട​ന​യ്‌ക്കു നൽകുന്ന പുതിയ പേര്‌ അവളുടെ മക്കളുടെ നിത്യ​ര​ക്ഷ​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. യെശയ്യാവ്‌ ഇങ്ങനെ എഴുതു​ന്നു: “ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതി​ഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രി​യോ​ടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമി​യു​ടെ അറുതി​യോ​ളം ഘോഷി​പ്പി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 62:11) ബാബി​ലോൺ വീഴു​ക​യും തങ്ങളുടെ സ്വദേ​ശ​ത്തേക്കു മടങ്ങാൻ യഹൂദർക്കു സാധി​ക്കു​ക​യും ചെയ്‌ത​പ്പോൾ അവർക്കു രക്ഷ കൈവന്നു. എന്നാൽ അതി​നെ​ക്കാൾ വലിയ ഒന്നി​ലേക്ക്‌ ഈ വാക്കുകൾ വിരൽ ചൂണ്ടുന്നു. യഹോ​വ​യു​ടെ പ്രഖ്യാ​പനം യെരൂ​ശ​ലേ​മി​നെ കുറി​ച്ചുള്ള സെഖര്യാ​വി​ന്റെ പ്രവച​നത്തെ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: “സീയോൻപു​ത്രി​യേ, ഉച്ചത്തിൽ ഘോഷി​ച്ചാ​ന​ന്ദിക്ക; യെരൂ​ശ​ലേം​പു​ത്രി​യേ, ആർപ്പി​ടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതി​മാ​നും ജയശാ​ലി​യും താഴ്‌മ​യു​ള്ള​വ​നും ആയി കഴുത​പ്പു​റ​ത്തും പെൺക​ഴു​ത​യു​ടെ കുട്ടി​യായ ചെറു​ക​ഴു​ത​പ്പു​റ​ത്തും കയറി​വ​രു​ന്നു.”—സെഖര്യാ​വു 9:9.

24 യേശു ജലത്തിൽ സ്‌നാ​പ​ന​മേൽക്കു​ക​യും ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും ചെയ്‌ത്‌ മൂന്നര വർഷം കഴിഞ്ഞ്‌ അവൻ യെരൂ​ശ​ലേ​മി​ലേക്കു വന്ന്‌ അവിടത്തെ ആലയം ശുദ്ധീ​ക​രി​ച്ചു. (മത്തായി 21:1-5; യോഹ​ന്നാൻ 12:14-16) ഇന്ന്‌, ദൈവ​ത്തിൽ വിശ്വാ​സ​മുള്ള സകലർക്കും യഹോ​വ​യിൽനി​ന്നു രക്ഷ കൈവ​രു​ത്തു​ന്നവൻ യേശു​ക്രി​സ്‌തു​വാണ്‌. 1914-ൽ സിംഹാ​സ​നസ്ഥൻ ആയതു മുതൽ യേശു, യഹോ​വ​യു​ടെ നിയമിത ന്യായാ​ധി​പ​നും വധനിർവാ​ഹ​ക​നു​മാണ്‌. 1918-ൽ, സിംഹാ​സ​ന​സ്ഥ​നാ​യി മൂന്നര വർഷം കഴിഞ്ഞ്‌ അവൻ, ഭൂമി​യിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയാൽ പ്രതി​നി​ധീ​ക​രി​ക്ക​പ്പെ​ടുന്ന യഹോ​വ​യു​ടെ ആത്മീയ ആലയം ശുദ്ധീ​ക​രി​ച്ചു. (മലാഖി 3:1-5) അവൻ ഒരു കൊടി​യാ​യി ഉയർത്ത​പ്പെ​ട്ട​തോ​ടെ ഭൂമി​യി​ലെ സകല ജനതക​ളിൽ നിന്നു​മുള്ള ആളുകൾ മിശി​ഹൈക രാജ്യത്തെ പിന്താ​ങ്ങി​ക്കൊ​ണ്ടു കൂട്ടി​ച്ചേർക്ക​പ്പെ​ടാൻ തുടങ്ങി. പുരാതന കാലത്തു സംഭവി​ച്ചതു പോലെ, ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ 1919-ൽ മഹാബാ​ബി​ലോ​ണിൽ നിന്ന്‌ വിടു​വി​ക്ക​പ്പെ​ട്ട​പ്പോൾ അവർക്ക്‌ “രക്ഷ” ലഭിച്ചു. ഈ ആത്മത്യാ​ഗി​ക​ളായ കൊയ്‌ത്തു​വേ​ല​ക്കാർക്കുള്ള “പ്രതി​ഫലം” അഥവാ “കൂലി” സ്വർഗ​ത്തി​ലെ അമർത്യ​ജീ​വ​നോ ഭൂമി​യി​ലെ നിത്യ​ജീ​വ​നോ ആണ്‌. വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളുന്ന സകലർക്കും തങ്ങളുടെ “പ്രയത്‌നം കർത്താ​വിൽ വ്യർത്ഥമല്ല” എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—1 കൊരി​ന്ത്യർ 15:58.

25. യഹോ​വ​യു​ടെ ജനത്തിന്‌ എന്ത്‌ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു?

25 യഹോവയുടെ സ്വർഗീയ സംഘട​ന​യ്‌ക്കും ഭൂമി​യി​ലെ അതിന്റെ പ്രതി​നി​ധി​കൾക്കും അവരു​മാ​യി സജീവ​മാ​യി സഹവസി​ക്കുന്ന ഏവർക്കും എത്ര നല്ല പ്രത്യാ​ശ​യാ​ണു​ള്ളത്‌! (ആവർത്ത​ന​പു​സ്‌തകം 26:19) യെശയ്യാവ്‌ ഇങ്ങനെ പ്രവചി​ച്ചു: “അവർ അവരെ വിശു​ദ്ധ​ജ​ന​മെ​ന്നും യഹോ​വ​യു​ടെ വിമു​ക്ത​ന്മാ​രെ​ന്നും വിളി​ക്കും; നിനക്കോ അന്വേ​ഷി​ക്ക​പ്പെ​ട്ടവൾ എന്നും ഉപേക്ഷി​ക്ക​പ്പെ​ടാത്ത നഗരം എന്നും പേർ ആകും.” (യെശയ്യാ​വു 62:12) ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ പ്രതി​നി​ധാ​നം ചെയ്യുന്ന ‘മീതെ​യുള്ള യെരൂ​ശ​ലേമി’ന്‌ താൻ ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യി ഒരിക്കൽ തോന്നി​യി​രു​ന്നു. ഇനി​യൊ​രി​ക്ക​ലും അവൾക്ക്‌ അങ്ങനെ തോന്നു​ക​യില്ല. യഹോ​വ​യു​ടെ ജനത്തിന്‌ എക്കാല​വും അവന്റെ സംരക്ഷ​ണാ​ത്മക കരുത​ലും അംഗീ​കാ​ര​ത്തി​ന്റെ പുഞ്ചി​രി​യും ഉണ്ടായി​രി​ക്കും.

[അടിക്കു​റിപ്പ്‌]

a ബൈബിൾ പ്രവച​ന​ത്തിൽ ‘പുതിയ പേര്‌’ എന്നതി​നാൽ ഒരു പുതിയ സ്ഥാന​ത്തെ​യോ പദവി​യെ​യോ സൂചി​പ്പി​ക്കാ​നാ​കും.—വെളി​പ്പാ​ടു 2:17; 3:12.

[അധ്യയന ചോദ്യ​ങ്ങൾ]

[342-ാം പേജിലെ ചതുരം]

വിവാഹബന്ധത്തിന്‌ ഒരു ശ്രേഷ്‌ഠ മാതൃക

വിവാഹം കഴിക്കു​ന്നവർ തങ്ങളുടെ വിവാ​ഹ​ബ​ന്ധ​ത്തിൽനി​ന്നു പലതും പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ ദൈവം അതിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌? വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തി​ന്റെ കാരണ​ഭൂ​തൻ യഹോ​വ​യാണ്‌. അതു സംബന്ധിച്ച അവന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു?

ഇക്കാര്യ​ത്തിൽ ദൈവ​ത്തി​നുള്ള വീക്ഷണ​ത്തി​ന്റെ ഒരു സൂചന ഇസ്രാ​യേൽ ജനതയു​മാ​യുള്ള അവന്റെ ബന്ധത്തിൽനി​ന്നു കാണാ​വു​ന്ന​താണ്‌. യെശയ്യാവ്‌ ആ ബന്ധത്തെ ഒരു വിവാ​ഹ​ബ​ന്ധ​മാ​യി ചിത്രീ​ക​രി​ക്കു​ന്നു. (യെശയ്യാ​വു 62:1-5) ഒരു ‘ഭർത്താവ്‌’ എന്ന നിലയിൽ യഹോവ തന്റെ “മണവാട്ടി”ക്കായി എന്തു ചെയ്യു​ന്നു​വെന്നു ശ്രദ്ധി​ക്കുക. അവൻ അവളെ സംരക്ഷി​ക്കു​ക​യും വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യുന്നു. (യെശയ്യാ​വു 62:6, 7, 12) അവൻ അവളെ ആദരി​ക്കു​ക​യും വില​യേ​റി​യ​താ​യി കണക്കാ​ക്കു​ക​യും ചെയ്യുന്നു. (യെശയ്യാ​വു 62:3, 8, 9) അവൻ അവളിൽ സന്തോഷം കണ്ടെത്തു​ന്നു, അവൾക്കു നൽകി​യി​രി​ക്കുന്ന പുതിയ പേരു​ക​ളിൽനിന്ന്‌ അതു കാണാ​വു​ന്ന​താണ്‌.—യെശയ്യാ​വു 62:4, 5, 12.

ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ, ഒരു ഭർത്താ​വും ഭാര്യ​യും തമ്മിലുള്ള ബന്ധത്തെ ക്രിസ്‌തു​വും അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും തമ്മിലുള്ള ബന്ധത്തോട്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ താരത​മ്യം ചെയ്യു​മ്പോൾ, യഹോ​വ​യും ഇസ്രാ​യേ​ലും തമ്മിലുള്ള ബന്ധത്തെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ വിവര​ണത്തെ അവൻ പ്രതി​ഫ​ലി​പ്പി​ക്കുക മാത്ര​മാ​ണു ചെയ്യു​ന്നത്‌.—എഫെസ്യർ 5:21-27.

യേശു​വും സഭയും തമ്മിലുള്ള ബന്ധത്തെ തങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ അനുക​രി​ക്കാൻ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. യഹോവ ഇസ്രാ​യേ​ലി​നോ​ടും ക്രിസ്‌തു സഭയോ​ടും പ്രകട​മാ​ക്കി​യ​തി​നെ​ക്കാൾ വലിയ സ്‌നേഹം ഇല്ല. ക്രിസ്‌ത്യാ​നി​ക​ളു​ടെ വിവാ​ഹ​ജീ​വി​തം വിജയ​പ്ര​ദ​വും സന്തുഷ്ട​വു​മാ​ക്കു​ന്ന​തിന്‌ ഉന്നതമായ ഒരു മാതൃ​ക​യാ​യി ആ പ്രതീ​കാ​ത്മക ബന്ധങ്ങൾ നില​കൊ​ള്ളു​ന്നു.—എഫെസ്യർ 5:28-33.

[339-ാം പേജിലെ ചിത്രം]

യഹോവ സ്വർഗീയ സീയോന്‌ ഒരു പുതിയ പേര്‌ വിളി​ക്കും

[347-ാം പേജിലെ ചിത്രങ്ങൾ]

ആധുനിക കാലത്ത്‌ യഹോ​വ​യു​ടെ കാവൽക്കാ​രൻ വർഗം നിശ്ശബ്‌ദ​രാ​യി​രു​ന്നി​ട്ടില്ല