വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കപടഭക്തി തുറന്നുകാട്ടപ്പെടുന്നു!

കപടഭക്തി തുറന്നുകാട്ടപ്പെടുന്നു!

അധ്യായം പത്തൊ​മ്പത്‌

കപടഭക്തി തുറന്നു​കാ​ട്ട​പ്പെ​ടു​ന്നു!

യെശയ്യാവു 58:1-14

1. യേശു​വും യഹോ​വ​യും കപടഭ​ക്തി​യെ എങ്ങനെ വീക്ഷി​ക്കു​ന്നു, യെശയ്യാ​വി​ന്റെ കാലത്ത്‌ അത്‌ ഏതു രൂപം കൈവ​രി​ച്ചു?

 “അങ്ങനെ തന്നേ പുറമേ നിങ്ങൾ നീതി​മാ​ന്മാർ എന്നു മനുഷ്യർക്കു തോന്നു​ന്നു; അകമെ​യോ കപടഭ​ക്തി​യും അധർമ്മ​വും നിറഞ്ഞ​വ​ര​ത്രേ,” തന്റെ നാളിലെ മതനേ​താ​ക്ക​ന്മാ​രോട്‌ യേശു പറഞ്ഞു. (മത്തായി 23:28) അവരുടെ കപടഭ​ക്തി​യെ അപലപി​ക്കു​ക​വഴി യേശു തന്റെ സ്വർഗീയ പിതാ​വി​ന്റെ വീക്ഷണത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യെശയ്യാ പ്രവച​ന​ത്തി​ന്റെ 58-ാം അധ്യായം യഹൂദ​യിൽ വ്യാപ​ക​മാ​യി​രി​ക്കുന്ന കപടഭ​ക്തി​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. കലാപ​വും അടിച്ച​മർത്ത​ലും അക്രമ​വും ഇവിടെ നിത്യ​സം​ഭ​വ​ങ്ങ​ളാണ്‌. ശബത്താ​ച​രണം അർഥശൂ​ന്യ​മായ ഒരു ചടങ്ങായി അധഃപ​തി​ച്ചി​രി​ക്കു​ന്നു. ജനം യഹോ​വ​യ്‌ക്ക്‌ വെറും നാമമാ​ത്ര സേവന​മാണ്‌ അർപ്പി​ക്കു​ന്നത്‌, ആത്മാർഥ​ത​യി​ല്ലാ​തെ ഉപവസി​ച്ചു​കൊണ്ട്‌ അവർ ഭക്തിയു​ടെ വെറു​മൊ​രു പ്രഹസനം നടത്തുന്നു. യഹോവ അവരുടെ കപടഭക്തി തുറന്നു​കാ​ട്ടു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല!

‘ജനത്തിന്റെ പാപങ്ങൾ അവരെ അറിയി​ക്കുക’

2. യഹോ​വ​യു​ടെ സന്ദേശം ഘോഷി​ക്കു​ന്ന​തിൽ യെശയ്യാവ്‌ എങ്ങനെ​യുള്ള മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നു, ഇന്ന്‌ ആരാണ്‌ അവനെ പോലെ ആയിരി​ക്കു​ന്നത്‌?

2 യഹൂദയുടെ നടത്തയിൽ യഹോ​വ​യ്‌ക്ക്‌ വെറുപ്പു തോന്നു​ന്നെ​ങ്കി​ലും, ആ ജനത​യോ​ടുള്ള അവന്റെ വാക്കു​ക​ളിൽ അനുത​പി​ക്കാ​നുള്ള ഹൃദയം​ഗ​മ​മായ അഭ്യർഥ​ന​യുണ്ട്‌. എങ്കിലും, തന്റെ ശാസന അവ്യക്ത​മാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. അതു​കൊണ്ട്‌ അവൻ യെശയ്യാ​വി​നോ​ടു കൽപ്പി​ക്കു​ന്നു: “ഉറക്കെ വിളിക്ക; അടങ്ങി​യി​രി​ക്ക​രു​തു; കാഹളം​പോ​ലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘന​ത്തെ​യും യാക്കോ​ബ്‌ഗൃ​ഹ​ത്തി​ന്നു അവരുടെ പാപങ്ങ​ളെ​യും അറയിക്ക.” (യെശയ്യാ​വു 58:1) യഹോ​വ​യു​ടെ വാക്കുകൾ ധൈര്യ​പൂർവം ഘോഷി​ക്കു​ന്നത്‌ നിമിത്തം യെശയ്യാവ്‌ ആളുക​ളു​ടെ അപ്രീ​തി​ക്കു പാത്ര​മാ​യേ​ക്കാം. എന്നാൽ അവൻ പിൻവാ​ങ്ങു​ന്നില്ല. “അടിയൻ ഇതാ അടിയനെ അയക്കേ​ണമേ” എന്നു പറഞ്ഞ​പ്പോൾ പ്രകട​മാ​ക്കിയ അതേ അർപ്പണ മനോ​ഭാ​വം അവന്‌ ഇപ്പോ​ഴും ഉണ്ട്‌. (യെശയ്യാ​വു 6:8) യഹോ​വ​യു​ടെ ആധുനി​ക​കാല സാക്ഷി​കൾക്ക്‌ യെശയ്യാവ്‌ സഹിഷ്‌ണു​ത​യു​ടെ എത്ര നല്ല മാതൃ​ക​യാണ്‌. ദൈവ​വ​ചനം ഘോഷി​ക്കാ​നും മതപര​മായ കപടഭക്തി തുറന്നു​കാ​ട്ടാ​നും ദൈവം തന്റെ ഈ സാക്ഷി​കളെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു!—സങ്കീർത്തനം 118:6; 2 തിമൊ​ഥെ​യൊസ്‌ 4:1-5.

3, 4. (എ) യെശയ്യാ​വി​ന്റെ നാളിലെ ആളുകൾ പുറമേ എങ്ങനെ കാണ​പ്പെ​ടു​ന്നു? (ബി) യഹൂദ​യി​ലെ യഥാർഥ അവസ്ഥ എന്താണ്‌?

3 യെശയ്യാവിന്റെ നാളിലെ ആളുകൾ യഹോ​വയെ അന്വേ​ഷി​ക്കു​ക​യും അവന്റെ നീതി​നി​ഷ്‌ഠ​മായ ന്യായ​വി​ധി​ക​ളിൽ സന്തോ​ഷി​ക്കു​ക​യും ചെയ്യു​ന്ന​താ​യി പുറമേ കാണ​പ്പെട്ടു. നാം യഹോ​വ​യു​ടെ വാക്കുകൾ വായി​ക്കു​ന്നു: “എങ്കിലും അവർ എന്നെ ദിന​മ്പ്രതി അന്വേ​ഷി​ച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കു​ന്നു; നീതി പ്രവർത്തി​ക്ക​യും തങ്ങളുടെ ദൈവ​ത്തി​ന്റെ ന്യായം ഉപേക്ഷി​ക്കാ​തെ​യി​രി​ക്ക​യും ചെയ്‌തോ​രു ജാതി​യെ​പ്പോ​ലെ അവർ നീതി​യുള്ള വെപ്പു​കളെ [“ന്യായ​വി​ധി​കളെ,” NW] എന്നോടു ചോദി​ച്ചു ദൈവ​ത്തോ​ടു അടുപ്പാൻ വാഞ്‌ഛി​ക്കു​ന്നു.” (യെശയ്യാ​വു 58:2) യഹോ​വ​യു​ടെ വഴികളെ കുറിച്ച്‌ അറിയാൻ അവർ യഥാർഥ​ത്തിൽ ഇച്ഛിക്കു​ന്നു​ണ്ടോ? ഇല്ല. ‘നീതി പ്രവർത്തി​ക്കുന്ന ഒരു ജാതി’ എന്നപോ​ലെ അവർ നടിക്കു​ക​യാണ്‌. സത്യത്തിൽ ആ ജനത ‘ദൈവ​ത്തി​ന്റെ ന്യായം ഉപേക്ഷി​ച്ചി​രി​ക്കു​ന്നു.’

4 അവരുടേത്‌ പ്രവാ​ച​ക​നായ യെഹെ​സ്‌കേ​ലി​നു പിൽക്കാ​ലത്ത്‌ ദൈവം വെളി​പ്പെ​ടു​ത്തി​ക്കൊ​ടുത്ത അവസ്ഥയ്‌ക്കു സമാന​മാണ്‌. “യഹോ​വ​യി​ങ്കൽനി​ന്നു​ണ്ടായ അരുള​പ്പാ​ടു എന്തെന്നു വന്നു കേൾപ്പിൻ” എന്ന്‌ അന്യോ​ന്യം യഹൂദ​ന്മാർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി യഹോവ യെഹെ​സ്‌കേ​ലി​നോ​ടു പറഞ്ഞു. എന്നാൽ അവരുടെ ആത്മാർഥ​ത​യി​ല്ലായ്‌മ സംബന്ധിച്ച്‌ ദൈവം യെഹെ​സ്‌കേ​ലി​നു മുന്നറി​യി​പ്പു നൽകി: “അവർ നിന്റെ അടുക്കൽ വന്നു . . . നിന്റെ വചനങ്ങളെ കേൾക്കു​ന്നു; എന്നാൽ അവർ അവയെ ചെയ്യു​ന്നില്ല; വായ്‌കൊ​ണ്ടു അവർ വളരെ സ്‌നേഹം കാണി​ക്കു​ന്നു; ഹൃദയ​മോ, ദുരാ​ഗ്ര​ഹത്തെ പിന്തു​ട​രു​ന്നു. നീ അവർക്കു മധുര​സ്വ​ര​വും വാദ്യ​നൈ​പു​ണ്യ​വും ഉള്ള ഒരുത്തന്റെ പ്രേമ​ഗീ​തം​പോ​ലെ ഇരിക്കു​ന്നു; അവർ നിന്റെ വചനങ്ങളെ കേൾക്കു​ന്നു; ചെയ്യു​ന്നി​ല്ല​താ​നും.” (യെഹെ​സ്‌കേൽ 33:30-32) യെശയ്യാ​വി​ന്റെ തലമു​റ​യിൽ പെട്ടവ​രും യഹോ​വയെ നിരന്തരം അന്വേ​ഷി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ, അവർ അവന്റെ വാക്കുകൾ അനുസ​രി​ക്കു​ന്നില്ല.

കപട ഉപവാസം

5. ദൈവ​ത്തി​ന്റെ പ്രീതി സമ്പാദി​ക്കാൻ യഹൂദ​ന്മാർ ശ്രമി​ക്കു​ന്നത്‌ എങ്ങനെ, അതി​നോ​ടുള്ള യഹോ​വ​യു​ടെ പ്രതി​ക​രണം എന്താണ്‌?

5 ദൈവത്തിന്റെ പ്രീതി സമ്പാദി​ക്കാ​നുള്ള ശ്രമത്തിൽ, യഹൂദ​ന്മാർ ഒരു ചടങ്ങെന്ന പോലെ ഉപവസി​ക്കു​ന്നു. എന്നാൽ അവരുടെ ഭക്തി വെറും നാട്യ​മാണ്‌. അത്‌ അവരെ യഹോ​വ​യിൽനിന്ന്‌ അകറ്റു​ന്നതേ ഉള്ളൂ. അമ്പര​പ്പോ​ടെ​യെ​ന്ന​വണ്ണം അവർ ഇങ്ങനെ ചോദി​ക്കു​ന്നു: “ഞങ്ങൾ നോമ്പു നോല്‌ക്കു​ന്നതു നീ നോക്കാ​തെ​യി​രി​ക്കു​ന്ന​തെന്തു? ഞങ്ങൾ ആത്മതപനം ചെയ്യു​ന്നതു നീ അറിയാ​തി​രി​ക്കു​ന്ന​തെന്തു?” അതിനു മറുപ​ടി​യാ​യി യഹോവ അവരോ​ടു തുറന്നു പറയുന്നു: “ഇതാ, നിങ്ങൾ നോമ്പു നോല്‌ക്കുന്ന ദിവസ​ത്തിൽ തന്നേ നിങ്ങളു​ടെ കാര്യാ​ദി​കളെ നോക്കു​ക​യും നിങ്ങളു​ടെ എല്ലാ​വേ​ല​ക്കാ​രെ​യും​കൊ​ണ്ടു അദ്ധ്വാ​നി​പ്പി​ക്ക​യും ചെയ്യുന്നു. നിങ്ങൾ വിവാ​ദ​ത്തി​ന്നും കലഹത്തി​ന്നും ക്രൂര​മു​ഷ്ടി​കൊ​ണ്ടു അടി​ക്കേ​ണ്ട​തി​ന്നും നോമ്പു നോല്‌ക്കു​ന്നു; നിങ്ങളു​ടെ പ്രാർത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്‌ക്കു​ന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസ​വും ഇങ്ങനെ​യു​ള്ള​തോ? തലയെ വേഴ​ത്തെ​പ്പോ​ലെ കുനി​യി​ക്കുക, രട്ടും വെണ്ണീ​രും വിരിച്ചു കിടക്കുക, ഇതാകു​ന്നു​വോ ഉപവാസം? ഇതിന്നോ നീ നോ​മ്പെ​ന്നും യഹോ​വെക്കു പ്രസാ​ദ​മുള്ള ദിവസ​മെ​ന്നും പേർ പറയു​ന്നതു?”—യെശയ്യാ​വു 58:3-5.

6. യഹൂദ​ന്മാ​രു​ടെ ഉപവാസം കപടമാ​ണെന്ന്‌ അവരുടെ എന്തെല്ലാം പ്രവൃ​ത്തി​കൾ സൂചി​പ്പി​ക്കു​ന്നു?

6 ഉപവസിക്കുകയും നേരു​ള്ള​വ​രാ​യി നടിക്കു​ക​യും യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ ന്യായ​വി​ധി​കൾ ആരായു​ക​യും ചെയ്യു​മ്പോൾ പോലും, ആളുകൾ സ്വാർഥ സുഖങ്ങൾക്കും വാണിജ്യ താത്‌പ​ര്യ​ങ്ങൾക്കും പിന്നാ​ലെ​യാണ്‌ പോകു​ന്നത്‌. അവർ പരസ്‌പരം കലഹി​ക്കു​ക​യും അടിച്ച​മർത്തു​ക​യും അക്രമ​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നു. തങ്ങളുടെ മോശ​മായ നടത്ത മറച്ചു​വെ​ക്കാ​നുള്ള ശ്രമത്തിൽ, പാപങ്ങൾ സംബന്ധിച്ച്‌ അനുത​പി​ക്കു​ന്നു എന്നു കാണി​ക്കാൻ വേഴത്തെ പോലെ (ഉയരമുള്ള ഒരുതരം പുല്ല്‌) തല കുനി​ച്ചു​കൊ​ണ്ടും രട്ടിലും വെണ്ണീ​രി​ലും ഇരുന്നു​കൊ​ണ്ടും അവർ പുറമേ ദുഃഖം പ്രകടി​പ്പി​ക്കു​ന്നു. അവർ തുടർന്നും മത്സരി​ക്കു​ക​യാ​ന്നെ​ങ്കിൽ, ഇതു​കൊ​ണ്ടെ​ല്ലാം എന്തു പ്രയോ​ജ​ന​മാണ്‌ ഉള്ളത്‌? ആത്മാർഥ​മായ ഉപവാ​സ​ത്തോ​ടു ബന്ധപ്പെട്ട്‌ ഉണ്ടായി​രി​ക്കേണ്ട യാതൊ​രു ദൈവിക ദുഃഖ​വും അനുതാ​പ​വും അവർ കാണി​ക്കു​ന്നില്ല. അവരുടെ വിലാപം ഉച്ചത്തി​ലാ​ണെ​ങ്കി​ലും, അതു സ്വർഗ​ത്തിൽ കേൾക്കു​ന്നില്ല.

7. യേശു​വി​ന്റെ നാളിലെ യഹൂദ​ന്മാർ കപടഭക്തി കാട്ടി​യത്‌ എങ്ങനെ, ഇന്ന്‌ അനേകർ അതു​പോ​ലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

7 യേശുവിന്റെ നാളിലെ യഹൂദ​ന്മാർ ഒരു ചടങ്ങെന്ന നിലയിൽ വാരത്തിൽ രണ്ടു പ്രാവ​ശ്യം ഉപവസി​ക്കു​ന്നു. (മത്തായി 6:16-18; ലൂക്കൊസ്‌ 18:11, 12) അവരുടെ മതനേ​താ​ക്ക​ന്മാ​രിൽ പലരും പരുഷ​മാ​യും അധികാ​ര​ഭാ​വ​ത്തോ​ടെ​യും പെരു​മാ​റി​ക്കൊണ്ട്‌ യെശയ്യാ​വി​ന്റെ തലമു​റ​യിൽ പെട്ടവരെ അനുക​രി​ക്കു​ന്നു. അതിനാൽ, ആ കപടഭ​ക്തി​ക്കാ​രെ യേശു ധൈര്യ​പൂർവം തുറന്നു​കാ​ട്ടു​ക​യും അവരുടെ ആരാധന വ്യർഥ​മാ​ണെന്നു പറയു​ക​യും ചെയ്യുന്നു. (മത്തായി 15:7-9) ഇന്നും ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ “ദൈവത്തെ അറിയു​ന്നു എന്നു പറയു​ന്നു​വെ​ങ്കി​ലും പ്രവൃ​ത്തി​ക​ളാൽ അവനെ നിഷേ​ധി​ക്കു​ന്നു. അവർ അറെക്ക​ത്ത​ക്ക​വ​രും അനുസ​രണം കെട്ടവ​രും യാതൊ​രു നല്ല കാര്യ​ത്തി​ന്നും കൊള്ളാ​ത്ത​വ​രു​മാ​കു​ന്നു.” (തീത്തൊസ്‌ 1:16) അത്തരക്കാർ ദൈവ​ത്തി​ന്റെ കരുണ ലഭിക്കാൻ ആഗ്രഹി​ച്ചേ​ക്കാ​മെ​ങ്കി​ലും, അവരുടെ നടത്ത ആത്മാർഥ​ത​യി​ല്ലാ​യ്‌മയെ വെളി​പ്പെ​ടു​ത്തു​ന്നു. അതിൽനി​ന്നു ഭിന്നമാ​യി, യഹോ​വ​യു​ടെ സാക്ഷികൾ യഥാർഥ ദൈവ​ഭ​ക്തി​യും സഹോ​ദ​ര​സ്‌നേ​ഹ​വും പ്രകട​മാ​ക്കു​ന്നു.—യോഹ​ന്നാൻ 13:35.

യഥാർഥ അനുതാ​പ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌

8, 9. ആത്മാർഥ​മായ അനുതാ​പ​ത്തോ​ടൊ​പ്പം ശരിയായ എന്തു നടപടി​ക​ളും ആവശ്യ​മാണ്‌?

8 ജനം തങ്ങളുടെ പാപങ്ങ​ളെ​പ്രതി ഉപവസി​ക്കു​ന്ന​തി​ല​ധി​കം ചെയ്യാൻ യഹോവ ആഗ്രഹി​ക്കു​ന്നു; അവർ അനുത​പി​ക്ക​ണ​മെ​ന്ന​താണ്‌ അവന്റെ ആഗ്രഹം. അപ്പോൾ അവർക്ക്‌ അവന്റെ പ്രീതി ലഭിക്കും. (യെഹെ​സ്‌കേൽ 18:23, 32) ഉപവാസം അർഥവ​ത്താ​യി​രി​ക്ക​ണ​മെ​ങ്കിൽ, കഴിഞ്ഞ​കാല പാപങ്ങൾ തിരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ അവൻ വിശദീ​ക​രി​ക്കു​ന്നു. ഹൃദയത്തെ ശോധന ചെയ്യുന്ന വിധത്തിൽ യഹോവ ചോദി​ക്കുന്ന ചോദ്യം പരിചി​ന്തി​ക്കുക: “അന്യാ​യ​ബ​ന്ധ​ന​ങ്ങളെ അഴിക്കുക; നുകത്തി​ന്റെ അമിക്ക​യ​റു​കളെ അഴിക്കുക; പീഡി​തരെ സ്വത​ന്ത്ര​രാ​യി വിട്ടയക്ക; എല്ലാനു​ക​ത്തെ​യും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?”—യെശയ്യാ​വു 58:6.

9 ബന്ധനങ്ങളും നുകങ്ങ​ളും കഠിന​മായ അടിമ​ത്ത​ത്തി​ന്റെ ഉചിത​മായ പ്രതീ​ക​ങ്ങ​ളാണ്‌. ഉപവസി​ക്കു​ക​യും അതേസ​മയം സഹവി​ശ്വാ​സി​കളെ മർദി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം, “കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം” എന്ന കൽപ്പന അവർ അനുസ​രി​ക്കേ​ണ്ട​താണ്‌. (ലേവ്യ​പു​സ്‌തകം 19:18) തങ്ങൾ അടിച്ച​മർത്തി​യി​രി​ക്കുന്ന, അന്യാ​യ​മാ​യി അടിമ​ക​ളാ​ക്കി വെച്ചി​രി​ക്കുന്ന സകല​രെ​യും അവർ വിമോ​ചി​പ്പി​ക്കേ​ണ്ട​തുണ്ട്‌. a ഉപവാസം പോലുള്ള ബാഹ്യ​മായ മതചട​ങ്ങു​കൾ യഥാർഥ ദൈവി​ക​ഭ​ക്തി​ക്കും സഹോ​ദ​ര​സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​നും പകരമാ​കു​ന്നില്ല. യെശയ്യാ​വി​ന്റെ ഒരു സമകാ​ലി​ക​നായ മീഖാ പ്രവാ​ചകൻ ഇങ്ങനെ എഴുതു​ന്നു: “ന്യായം പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നതു?”—മീഖാ 6:8.

10, 11. (എ) യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം ഉപവസി​ക്കു​ന്ന​തി​നെ​ക്കാൾ ഏറെ മെച്ചം എന്താണ്‌? (ബി) യഹൂദ​ന്മാ​രോ​ടുള്ള യഹോ​വ​യു​ടെ ബുദ്ധി​യു​പ​ദേശം ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ ബാധക​മാ​ക്കാ​നാ​കും?

10 മറ്റുള്ളവർക്കു നന്മ ചെയ്യാൻ നീതി​യും ദയയും എളിമ​യും ആവശ്യ​മാണ്‌. അതാണ്‌ യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ രത്‌ന​ച്ചു​രു​ക്ക​വും. (മത്തായി 7:12) ഉപവസി​ക്കു​ന്ന​തി​നെ​ക്കാൾ ഏറെ മെച്ചമാ​യി​രി​ക്കും തങ്ങളുടെ വസ്‌തു​വ​കകൾ ദരി​ദ്ര​രു​മാ​യി പങ്കു​വെ​ക്കു​ന്നത്‌. യഹോവ ചോദി​ക്കു​ന്നു: [ഞാൻ തിര​ഞ്ഞെ​ടു​ക്കുന്ന ഉപവാസം] വിശപ്പു​ള്ള​വന്നു നിന്റെ അപ്പം നുറു​ക്കി​ക്കൊ​ടു​ക്കു​ന്ന​തും അലഞ്ഞു​ന​ട​ക്കുന്ന സാധു​ക്കളെ നിന്റെ വീട്ടിൽ ചേർത്തു​കൊ​ള്ളു​ന്ന​തും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പി​ക്കു​ന്ന​തും നിന്റെ മാംസ​ര​ക്ത​ങ്ങ​ളാ​യി​രി​ക്കു​ന്ന​വർക്കു നിന്നെ​ത്തന്നേ മറെക്കാ​തെ​യി​രി​ക്കു​ന്ന​തും അല്ലയോ?” (യെശയ്യാ​വു 58:7) അതേ, ഉപവസി​ക്കു​ന്നു എന്ന്‌ പുറമേ കാണി​ക്കു​ന്ന​തി​നു പകരം, വകയു​ള്ളവർ യഹൂദ​യി​ലെ തങ്ങളുടെ ദരി​ദ്ര​രായ സഹനി​വാ​സി​കൾക്ക്‌—സ്വന്തം മാംസ​വും രക്തവും ആയിരി​ക്കു​ന്ന​വർക്ക്‌—ഭക്ഷണവും വസ്‌ത്ര​വും പാർപ്പി​ട​വും നൽകേ​ണ്ട​താണ്‌.

11 സഹോദര സ്‌നേ​ഹ​ത്തി​ന്റെ​യും യഹോവ പ്രകട​മാ​ക്കിയ അനുക​മ്പ​യു​ടെ​യും ഉദാത്ത​മായ ആ തത്ത്വങ്ങൾ യെശയ്യാ​വി​ന്റെ കാലത്തെ യഹൂദ​ന്മാർക്കു മാത്രമല്ല ബാധക​മാ​കു​ന്നത്‌. അവ ഇന്നു ക്രിസ്‌ത്യാ​നി​കൾക്കും വഴികാ​ട്ടി​യാ​യി ഉതകുന്നു. അതിനാൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇപ്രകാ​രം എഴുതി: “ആകയാൽ അവസരം കിട്ടും​പോ​ലെ നാം എല്ലാവർക്കും, വിശേ​ഷാൽ സഹവി​ശ്വാ​സി​കൾക്കും നന്മചെയ്‌ക.” (ഗലാത്യർ 6:10) നാം ഇന്ന്‌ ജീവി​ക്കു​ന്നത്‌ ദുർഘ​ട​കാ​ലത്ത്‌ ആയതി​നാൽ, ക്രിസ്‌തീയ സഭ സ്‌നേ​ഹ​ത്തി​ന്റെ​യും സഹോ​ദ​ര​പ്രീ​തി​യു​ടെ​യും ഒരു സങ്കേതം ആയിരി​ക്കണം.—2 തിമൊ​ഥെ​യൊസ്‌ 3:1; യാക്കോബ്‌ 1:27.

അനുസ​രണം സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​ന്നു

12. തന്റെ ജനം തന്നെ അനുസ​രി​ക്കു​ന്നെ​ങ്കിൽ, യഹോവ എന്തു ചെയ്യും?

12 യഹോവയുടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ശാസന കേൾക്കാ​നുള്ള ഉൾക്കാഴ്‌ച അവന്റെ ജനത്തിന്‌ ഉണ്ടായി​രു​ന്നെ​ങ്കിൽ! യഹോവ പറയുന്നു: “അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സു​പോ​ലെ പ്രകാ​ശി​ക്കും; നിന്റെ മുറി​വു​കൾക്കു വേഗത്തിൽ പൊറു​തി​വ​രും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോ​വ​യു​ടെ മഹത്വം നിന്റെ പിമ്പട ആയിരി​ക്കും. അപ്പോൾ നീ വിളി​ക്കും: യഹോവ ഉത്തരം അരുളും; നീ നിലവി​ളി​ക്കും, ഞാൻ വരുന്നു എന്നു അവൻ അരുളി​ച്ചെ​യ്യും.” (യെശയ്യാ​വു 58:8, 9എ) എത്ര ഊഷ്‌മ​ള​വും ഹൃദ്യ​വു​മായ വാക്കുകൾ! സ്‌നേ​ഹ​ദ​യ​യി​ലും നീതി​യി​ലും സന്തോ​ഷി​ക്കു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ ജനം തങ്ങളുടെ മത്സരവും കാപട്യ​വും സംബന്ധിച്ച്‌ അനുത​പി​ക്കു​ക​യും അവനെ അനുസ​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, അവർക്കു കാര്യങ്ങൾ ഏറെ ശോഭ​ന​മാ​യി​ത്തീ​രും. യഹോവ ആ ജനതയ്‌ക്ക്‌ ആത്മീയ​വും ശാരീ​രി​ക​വു​മായ ‘പൊറു​തി വരുത്തും.’ ഈജി​പ്‌ത്‌ വിട്ടു​പോന്ന അവരുടെ പൂർവ​പി​താ​ക്ക​ന്മാ​രെ സംരക്ഷി​ച്ചതു പോലെ, അവൻ അവരെ സംരക്ഷി​ക്കും. സഹായ​ത്തി​നുള്ള അവരുടെ നിലവി​ളി​ക​ളോട്‌ അവൻ സത്വരം പ്രതി​ക​രി​ക്കും.—പുറപ്പാ​ടു 14:19, 20, 31.

13. യഹോ​വ​യു​ടെ ബോധ​ന​ത്തി​നു ചെവി കൊടു​ക്കു​ന്നെ​ങ്കിൽ, എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ യഹൂദ​ന്മാ​രെ കാത്തി​രി​ക്കു​ന്നു?

13 തന്റെ മുൻ ഉദ്‌ബോ​ധ​ന​ത്തി​നു പുറമേ യഹോവ ഇങ്ങനെ പറയുന്നു: [ക്രൂര​മായ, നീതി​കെട്ട അടിമ​ത്ത​ത്തി​ന്റെ] നുകവും [ഒരുപക്ഷേ, പരിഹ​സിച്ച്‌ അല്ലെങ്കിൽ വ്യാജ​മായ ആരോ​പണം നടത്തി] വിരൽ ചൂണ്ടു​ന്ന​തും വഷളത്വം സംസാ​രി​ക്കു​ന്ന​തും നീ നിന്റെ നടുവിൽനി​ന്നു നീക്കി​ക്ക​ള​ക​യും വിശപ്പു​ള്ള​വ​നോ​ടു നീ താല്‌പ​ര്യം കാണി​ക്ക​യും കഷ്ടത്തിൽ ഇരിക്കു​ന്ന​വന്നു തൃപ്‌തി​വ​രു​ത്തു​ക​യും ചെയ്യു​മെ​ങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാ​ഹ്നം​പോ​ലെ​യാ​കും.” (യെശയ്യാ​വു 58:9ബി, 10) സ്വാർഥ​ത​യും പാരു​ഷ്യ​വും കൊണ്ട്‌ വിപരീത ഫലങ്ങളേ ഉണ്ടാകൂ. അതു ദൈവ​കോ​പം വരുത്തി​വെ​ക്കു​ക​യും ചെയ്യും. എന്നാൽ വിശേ​ഷിച്ച്‌ ദരി​ദ്ര​രോ​ടും പീഡി​ത​രോ​ടും പ്രകട​മാ​ക്കുന്ന ദയയും ഔദാ​ര്യ​വും ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും. യഹൂദ​ന്മാർ ഈ സത്യങ്ങൾ ഹൃദയ​ത്തിൽ സംഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കിൽ! അപ്പോൾ സകലതരം അന്ധകാ​ര​വും നീക്കി​ക്കൊണ്ട്‌ മധ്യാഹ്ന സൂര്യനെ പോലെ പ്രകാ​ശി​ക്കാൻ അവരുടെ ആത്മീയ പ്രഭയും ഐശ്വ​ര്യ​വും ഇടയാ​ക്കും. സർവോ​പരി, തങ്ങളുടെ മഹത്ത്വ​ത്തി​ന്റെ​യും അനു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ഉറവായ യഹോ​വ​യ്‌ക്ക്‌ അതു സ്‌തു​തി​യും മഹത്ത്വ​വും കരേറ്റും.—1 രാജാ​ക്ക​ന്മാർ 8:41-43.

ഒരു ജനത പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ന്നു

14. (എ) യെശയ്യാ​വി​ന്റെ സമകാ​ലി​കർ അവന്റെ വാക്കു​ക​ളോട്‌ പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) യഹോവ എന്തു പ്രത്യാശ നൽകുന്നു?

14 ദുഃഖകരമെന്നു പറയട്ടെ, ആ ജനത യഹോ​വ​യു​ടെ ആഹ്വാനം അവഗണി​ക്കു​ക​യും കൂടുതൽ കൂടുതൽ ദുഷ്‌ടത പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ, മുൻകൂ​ട്ടി പറഞ്ഞതു പോലെ അവരെ പ്രവാ​സ​ത്തി​ലേക്ക്‌ അയയ്‌ക്കാൻ യഹോവ നിർബ​ന്ധി​ത​നാ​കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 28:15, 36, 37, 64, 65) എന്നിരു​ന്നാ​ലും, യെശയ്യാവ്‌ മുഖാ​ന്ത​ര​മുള്ള യഹോ​വ​യു​ടെ അടുത്ത വാക്കുകൾ തുടർന്നും പ്രത്യാശ പകരുന്നു. യഹൂദാ​ദേശം ശൂന്യ​മാ​യി കിടക്കു​ന്നെ​ങ്കിൽ പോലും ശിക്ഷണം സ്വീക​രിച്ച, അനുതാ​പ​മുള്ള ഒരു ശേഷിപ്പ്‌ സന്തോ​ഷ​ത്തോ​ടെ അവി​ടേക്കു മടങ്ങി​വ​രു​മെന്ന്‌ ദൈവം പ്രവചി​ക്കു​ന്നു.

15. യഹോവ സന്തോ​ഷ​ക​ര​മായ എന്തു പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറിച്ച്‌ മുൻകൂ​ട്ടി പറയുന്നു?

15 പൊ.യു.മു. 537-ൽ തന്റെ ജനത്തിന്റെ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ലേക്കു വിരൽ ചൂണ്ടി​ക്കൊണ്ട്‌ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ പറയുന്നു: “യഹോവ നിന്നെ എല്ലായ്‌പോ​ഴും നടത്തു​ക​യും വരണ്ടനി​ല​ത്തി​ലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെ​ടു​ത്തു​ക​യും ചെയ്യും; നീ നനവു​ള്ള​തോ​ട്ടം​പോ​ലെ​യും വെള്ളം വററി​പ്പോ​കാത്ത നീരു​റ​വു​പോ​ലെ​യും ആകും.” (യെശയ്യാ​വു 58:11) യഹോവ ഇസ്രാ​യേ​ലി​ന്റെ വരണ്ട നിലത്തെ സമൃദ്ധ​മായ ഫലം പുറ​പ്പെ​ടു​വി​ക്കുന്ന ഒന്നാക്കി മാറ്റും. അതിലു​മേറെ അത്ഭുത​ക​ര​മാ​യി, ആത്മീയ​മാ​യി നിർജീ​വ​മായ ഒരു അവസ്ഥയിൽനിന്ന്‌ ഊർജ​സ്വ​ല​മായ ഒരു അവസ്ഥയി​ലേക്ക്‌ വരുത്തി​ക്കൊണ്ട്‌ അവൻ അനുതാ​പ​മു​ള്ള​വരെ അനു​ഗ്ര​ഹി​ക്കു​ക​യും അവരുടെ “അസ്ഥികളെ” ബലപ്പെ​ടു​ത്തു​ക​യും ചെയ്യും. (യെഹെ​സ്‌കേൽ 37:1-14) ആളുകൾ ആത്മീയ ഫലം നിറഞ്ഞ “നനവുള്ള തോട്ടം” പോലെ ആയിത്തീ​രും.

16. ദേശം എങ്ങനെ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടും?

16 ബാബിലോണിയൻ ആക്രമ​ണ​കാ​രി​കൾ പൊ.യു.മു. 607-ൽ നശിപ്പിച്ച നഗരങ്ങൾ പുനർനിർമി​ക്കു​ന്ന​തും പുനഃ​സ്ഥി​തീ​കരണ പ്രവർത്ത​ന​ത്തിൽ ഉൾപ്പെ​ടും. “നിന്റെ സന്തതി പുരാ​ത​ന​ശൂ​ന്യ​ങ്ങളെ പണിയും; തലമു​റ​ത​ല​മു​റ​യാ​യി കിടക്കുന്ന അടിസ്ഥാ​ന​ങ്ങളെ നീ കെട്ടി​പ്പൊ​ക്കും; കേടു​തീർക്കു​ന്ന​വ​നെ​ന്നും [“വിള്ളലു​കൾ പോക്കു​ന്നവൻ,” “ഓശാന ബൈ.”] കുടി​യി​രി​പ്പാൻത​ക്ക​വണ്ണം പാതകളെ യഥാസ്ഥാ​ന​ത്താ​ക്കു​ന്ന​വ​നെ​ന്നും നിനക്കു പേർ പറയും.” (യെശയ്യാ​വു 58:12) ‘പുരാ​ത​ന​ശൂ​ന്യ​ങ്ങൾ,’ ‘തലമു​റ​ത​ല​മു​റ​യാ​യി കിടക്കുന്ന അടിസ്ഥാ​നങ്ങൾ’ (അല്ലെങ്കിൽ തലമു​റ​ക​ളാ​യി ശൂന്യ​ശി​ഷ്ട​ങ്ങ​ളാ​യി കിടക്കുന്ന അടിസ്ഥാ​നങ്ങൾ) എന്നീ സമാന്തര പ്രയോ​ഗങ്ങൾ, തിരി​ച്ചെ​ത്തുന്ന ശേഷിപ്പ്‌ യഹൂദാ നഗരങ്ങൾ, വിശേ​ഷിച്ച്‌ യെരൂ​ശ​ലേം പുനർനിർമി​ക്കു​മെന്നു പ്രകട​മാ​ക്കു​ന്നു. (നെഹെ​മ്യാ​വു 2:5; 12:27; യെശയ്യാ​വു 44:28) അവർ യെരൂ​ശ​ലേ​മി​ലെ​യും നിസ്സം​ശ​യ​മാ​യും യഹൂദ​യി​ലെ മറ്റു നഗരങ്ങ​ളി​ലെ​യും മതിലു​ക​ളി​ലെ “വിള്ളലു​കൾ” കേടു​പോ​ക്കും.—യിരെ​മ്യാ​വു 31:38-40; ആമോസ്‌ 9:14.

വിശ്വ​സ്‌ത​മായ ശബത്താ​ച​ര​ണ​ത്തിൽനി​ന്നു ലഭിക്കുന്ന അനു​ഗ്ര​ഹ​ങ്ങൾ

17. ശബത്തു നിയമങ്ങൾ അനുസ​രി​ക്കാൻ യഹോവ തന്റെ ജനത്തോട്‌ ആഹ്വാനം ചെയ്യു​ന്നത്‌ എങ്ങനെ?

17 തന്റെ ജനത്തിന്റെ ശാരീ​രി​ക​വും ആത്മീയ​വു​മായ ക്ഷേമത്തി​ലുള്ള യഹോ​വ​യു​ടെ ആഴമായ താത്‌പ​ര്യ​ത്തി​ന്റെ ഒരു പ്രകട​ന​മാ​യി​രു​ന്നു ശബത്ത്‌. “ശബ്ബത്ത്‌ മനുഷ്യൻനി​മി​ത്ത​മ​ത്രേ [“മനുഷ്യ​നു വേണ്ടി​യ​ത്രേ,” NW] ഉണ്ടായതു” എന്ന്‌ യേശു പറഞ്ഞു. (മർക്കൊസ്‌ 2:27) യഹോവ വിശു​ദ്ധീ​ക​രിച്ച ഈ ദിവസം ദൈവ​ത്തോ​ടുള്ള തങ്ങളുടെ സ്‌നേഹം പ്രകട​മാ​ക്കാൻ ഇസ്രാ​യേ​ല്യർക്ക്‌ അവസരം പ്രദാനം ചെയ്‌തു. എന്നാൽ ദുഃഖ​ക​ര​മെന്നേ പറയേണ്ടു, യെശയ്യാ​വി​ന്റെ കാലം ആയപ്പോ​ഴേ​ക്കും വ്യർഥ ചടങ്ങുകൾ നടത്തു​ന്ന​തി​നും സ്വാർഥ മോഹങ്ങൾ നിവർത്തി​ക്കു​ന്ന​തി​നും ഉള്ള ഒരു ദിവസ​മാ​യി അതു മാറി​ക്ക​ഴി​ഞ്ഞി​രു​ന്നു. അതിനാൽ യഹോ​വ​യ്‌ക്ക്‌ വീണ്ടും തന്റെ ജനത്തെ കുറ്റം വിധി​ക്കേ​ണ്ട​താ​യി വരുന്നു. തങ്ങളുടെ തെറ്റ്‌ അവരെ ബോധ്യ​പ്പെ​ടു​ത്താൻ അവൻ ശ്രമി​ക്കു​ന്നു. യഹോവ പറയുന്നു: “നീ എന്റെ വിശു​ദ്ധ​ദി​വ​സ​ത്തിൽ നിന്റെ കാര്യാ​ദി​കൾ നോക്കാ​തെ ശബ്ബത്തിൽ നിന്റെ കാൽ അടക്കി​വെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോ​വ​യു​ടെ വിശു​ദ്ധ​ദി​വ​സത്തെ ബഹുമാ​ന​യോ​ഗ്യം എന്നും പറകയും നിന്റെ വേലെക്കു പോക​യോ നിന്റെ കാര്യാ​ദി​കളെ നോക്കു​ക​യോ വ്യർത്ഥ​സം​സാ​ര​ത്തിൽ നേരം പോക്കു​ക​യോ ചെയ്യാ​ത​വണ്ണം അതിനെ ബഹുമാ​നി​ക്ക​യും ചെയ്യു​മെ​ങ്കിൽ, നീ യഹോ​വ​യിൽ പ്രമോ​ദി​ക്കും; ഞാൻ നിന്നെ ദേശത്തി​ലെ ഉന്നതങ്ങ​ളിൽ വാഹന​മേ​ററി ഓടു​മാ​റാ​ക്കു​ക​യും നിന്റെ പിതാ​വായ യാക്കോ​ബി​ന്റെ അവകാ​ശം​കൊ​ണ്ടു നിന്നെ പോഷി​പ്പി​ക്ക​യും ചെയ്യും; യഹോ​വ​യു​ടെ വായല്ലോ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നതു.”—യെശയ്യാ​വു 58:13, 14.

18. ശബത്തിനെ ആദരി​ക്കാൻ യഹൂദ പരാജ​യ​പ്പെ​ട്ടാൽ അതിന്റെ ഫലം എന്തായി​രി​ക്കും?

18 ആത്മീയ ധ്യാന​ത്തി​നും പ്രാർഥ​ന​യ്‌ക്കും കുടുംബ ആരാധ​ന​യ്‌ക്കു​മുള്ള ഒരു സമയമാണ്‌ ശബത്ത്‌. തങ്ങൾക്കാ​യി യഹോവ ചെയ്‌ത വിസ്‌മ​യ​ക​ര​മായ കാര്യ​ങ്ങ​ളെ​യും അവന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ വ്യക്തമാ​ക്കി​യി​രി​ക്കുന്ന നീതി​യെ​യും സ്‌നേ​ഹ​ത്തെ​യും കുറിച്ച്‌ ധ്യാനി​ക്കാൻ അത്‌ യഹൂദ​ന്മാ​രെ സഹായി​ക്കണം. അങ്ങനെ ആ വിശുദ്ധ ദിവസ​ത്തി​ന്റെ ആചരണം ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ ആളുകളെ സഹായി​ക്കേ​ണ്ട​താണ്‌. എന്നാൽ അവരാ​കട്ടെ ശബത്തിനെ വികല​മാ​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. അതു​കൊണ്ട്‌ അവർക്ക്‌ യഹോ​വ​യിൽ നിന്നുള്ള അനു​ഗ്രഹം ലഭിക്കാ​തെ പോ​യേ​ക്കാം.—ലേവ്യ​പു​സ്‌തകം 26:34; 2 ദിനവൃ​ത്താ​ന്തം 36:21.

19. ദൈവ​ജനത വീണ്ടും ശബത്ത്‌ ആചരി​ക്കു​ക​യാ​ണെ​ങ്കിൽ, അവർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

19 യഹൂദന്മാർ ശിക്ഷണ​ത്തിൽനി​ന്നു പാഠം പഠിക്കു​ക​യും ശബത്തു ക്രമീ​ക​ര​ണത്തെ വീണ്ടും ആദരി​ക്കു​ക​യും ചെയ്‌താൽ അവർക്കു സമൃദ്ധ​മായ അനു​ഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കും ലഭിക്കുക. സത്യാ​രാ​ധ​ന​യു​ടെ നല്ല ഫലങ്ങളും ശബത്തി​നോ​ടുള്ള ആദരവും അവരുടെ ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും വ്യാപി​ക്കും. (ആവർത്ത​ന​പു​സ്‌തകം 28:1-13; സങ്കീർത്തനം 19:7-11) ഉദാഹ​ര​ണ​ത്തിന്‌, യഹോവ തന്റെ ജനത്തെ ‘ദേശത്തി​ലെ ഉന്നതങ്ങ​ളിൽ വാഹന​മേ​ററി ഓടു​മാ​റാ​ക്കും.’ ഈ പ്രയോ​ഗം സുരക്ഷി​ത​ത്വ​ത്തെ​യും ശത്രു​ക്ക​ളു​ടെ മേലുള്ള ജയത്തെ​യും സൂചി​പ്പി​ക്കു​ന്നു. ഉന്നത സ്ഥലങ്ങളെ—കുന്നു​ക​ളെ​യും പർവത​ങ്ങ​ളെ​യും—നിയ​ന്ത്രി​ച്ചി​രു​ന്നത്‌ ആരാണോ അവർക്കാ​യി​രു​ന്നു ദേശത്തി​ന്മേൽ അവകാശം. (ആവർത്ത​ന​പു​സ്‌തകം 32:13; 33:29) ഒരുകാ​ലത്ത്‌ ഇസ്രാ​യേൽ യഹോ​വയെ അനുസ​രി​ച്ചി​രു​ന്നു. അപ്പോൾ അവർക്ക്‌ അവന്റെ സംരക്ഷണം ഉണ്ടായി​രു​ന്നു, മറ്റു ജനതകൾ അവരെ ആദരി​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു. (യോശുവ 2:9-11; 1 രാജാ​ക്ക​ന്മാർ 4:20, 21) അവർ വീണ്ടും അനുസ​ര​ണ​ത്തോ​ടെ യഹോ​വ​യി​ലേക്കു തിരി​ഞ്ഞാൽ, അവർക്കു​ണ്ടാ​യി​രുന്ന പൂർവ മഹത്ത്വ​ത്തിൽ അൽപ്പം തിരി​ച്ചു​കി​ട്ടും. യഹോവ തന്റെ ജനത്തിന്‌ “യാക്കോ​ബി​ന്റെ അവകാശ”ത്തിൽ—ദൈവ​ത്തി​ന്റെ ഉടമ്പടി മുഖാ​ന്തരം പൂർവ പിതാ​ക്ക​ന്മാ​രോട്‌ വാഗ്‌ദാ​നം ചെയ്‌ത അനു​ഗ്ര​ഹ​ങ്ങ​ളിൽ, വിശേ​ഷാൽ വാഗ്‌ദ​ത്ത​ദേശം തീർച്ച​യാ​യും നൽകു​മെന്ന അനു​ഗ്ര​ഹ​ത്തിൽ—ഒരു പൂർണ പങ്കു നൽകും.—സങ്കീർത്തനം 105:8-11.

20. ക്രിസ്‌ത്യാ​നി​കൾക്കുള്ള “ശബ്ബത്തനു​ഭവം” എന്താണ്‌?

20 ഇതിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു പാഠമു​ണ്ടോ? യേശു മരിച്ച​പ്പോൾ ശബത്തു നിബന്ധ​നകൾ ഉൾപ്പെ​ടുന്ന മോ​ശൈക ന്യായ​പ്ര​മാ​ണം നീങ്ങി​പ്പോ​യി. (കൊ​ലൊ​സ്സ്യർ 2:16, 17) എന്നിരു​ന്നാ​ലും, ശബത്താ​ച​രണം യഹൂദ​രിൽ ഉളവാ​ക്കേ​ണ്ടി​യി​രുന്ന ആ മനോ​ഭാ​വം—ആത്മീയ താത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്ന​തും യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലു​ന്ന​തും—യഹോ​വ​യു​ടെ ആരാധ​കരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇപ്പോ​ഴും മർമ​പ്ര​ധാ​ന​മാണ്‌. (മത്തായി 6:33; യാക്കോബ്‌ 4:8) മാത്രമല്ല, എബ്രാ​യർക്കുള്ള ലേഖന​ത്തിൽ പൗലൊസ്‌ ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ ജനത്തിന്നു ഒരു ശബ്ബത്തനു​ഭവം ശേഷി​ച്ചി​രി​ക്കു​ന്നു.” യഹോ​വയെ അനുസ​രി​ച്ചു​കൊ​ണ്ടും യേശു​ക്രി​സ്‌തു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തിലെ വിശ്വാ​സ​ത്തിൽ അധിഷ്‌ഠി​ത​മായ നീതി പിന്തു​ടർന്നു​കൊ​ണ്ടും ക്രിസ്‌ത്യാ​നി​കൾ “ശബ്ബത്തനു​ഭവ”ത്തിൽ പ്രവേ​ശി​ക്കു​ന്നു. (എബ്രായർ 3:12, 18, 19; 4:6, 9-11, 14-16) ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്തരത്തി​ലുള്ള ശബത്താ​ച​രണം ആഴ്‌ച​യിൽ ഒരിക്കലല്ല, പിന്നെ​യോ ദിവസ​വും ഉള്ളതാണ്‌.—കൊ​ലൊ​സ്സ്യർ 3:23, 24.

ആത്മീയ ഇസ്രാ​യേൽ ‘ദേശത്തെ ഉന്നതങ്ങ​ളിൽ ഓടുന്നു’

21, 22. ഏതു വിധത്തിൽ യഹോവ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നെ ‘ദേശത്തെ ഉന്നതങ്ങ​ളിൽ ഓടു​മാ​റാ​ക്കി​യി​രി​ക്കു​ന്നു’?

21 ബാബിലോണിയൻ പ്രവാ​സ​ത്തിൽനിന്ന്‌ 1919-ൽ വിടു​വി​ക്ക​പ്പെ​ട്ടതു മുതൽ, ശബത്തി​നാൽ മുൻനി​ഴ​ലാ​ക്ക​പ്പെ​ട്ടത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ വിശ്വ​സ്‌ത​യോ​ടെ പിൻപ​റ്റി​യി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, യഹോവ അവരെ ‘ദേശത്തെ ഉന്നതങ്ങ​ളിൽ ഓടു​മാ​റാ​ക്കി​യി​രി​ക്കു​ന്നു.’ ഏത്‌ അർഥത്തിൽ? അനുസ​രണം പ്രകട​മാ​ക്കു​ന്നെ​ങ്കിൽ, അവർ ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും ആയിത്തീ​രു​മെന്ന്‌ പൊ.യു.മു. 1513-ൽ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളു​മാ​യി യഹോവ ഒരു ഉടമ്പടി ചെയ്‌തി​രു​ന്നു. (പുറപ്പാ​ടു 19:5, 6) അവർ മരുഭൂ​മി​യിൽ ആയിരുന്ന 40 വർഷക്കാ​ലം, ഒരു കഴുകൻ അതിന്റെ കുഞ്ഞു​ങ്ങളെ വഹിക്കു​ന്നതു പോലെ യഹോവ അവരെ സുരക്ഷി​ത​മാ​യി വഹിക്കു​ക​യും സമൃദ്ധ​മായ കരുത​ലു​ക​ളാൽ അവരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. (ആവർത്ത​ന​പു​സ്‌തകം 32:10-12) എന്നാൽ, ആ ജനതയ്‌ക്കു വിശ്വാ​സ​മി​ല്ലാ​തെ പോയി. അങ്ങനെ അവർക്ക്‌ തങ്ങളുടെ എല്ലാ പദവി​ക​ളും നഷ്ടമായി. എങ്കിലും, ഇന്ന്‌ യഹോ​വ​യ്‌ക്ക്‌ ഒരു പുരോ​ഹി​ത​രാ​ജ്യ​മുണ്ട്‌. അതു ദൈവ​ത്തി​ന്റെ ആത്മീയ ഇസ്രാ​യേ​ലാണ്‌.—ഗലാത്യർ 6:16; 1 പത്രൊസ്‌ 2:9.

22 ‘അന്ത്യകാ​ലത്ത്‌’ ഈ ആത്മീയ ജനത, പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേൽ ചെയ്യാൻ പരാജ​യ​പ്പെ​ട്ടത്‌ എന്താണോ അതു ചെയ്‌തി​രി​ക്കു​ന്നു. അവർ യഹോ​വ​യിൽ വിശ്വാ​സം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. (ദാനീ​യേൽ 8:17) യഹോ​വ​യു​ടെ ഉന്നതമായ നിലവാ​ര​ങ്ങ​ളും വഴിക​ളും അവർ കർശന​മാ​യി പിൻപ​റ്റവേ, ഒരു ആത്മീയ അർഥത്തിൽ യഹോവ അവരെ ഉന്നതങ്ങ​ളിൽ നടക്കു​മാ​റാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 4:4, 5, 8; വെളി​പ്പാ​ടു 11:12) ചുറ്റു​മുള്ള അശുദ്ധി​യിൽനി​ന്നു സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവർ ഉയർന്ന ഒരു ജീവി​ത​രീ​തി ആസ്വദി​ക്കു​ന്നു. മാത്രമല്ല, സ്വന്തം വഴിക​ളിൽ നടക്കു​ന്ന​തി​നു പകരം അവർ ‘യഹോ​വ​യി​ലും’ അവന്റെ വചനത്തി​ലും ‘രസിക്കു​ന്നു.’ (സങ്കീർത്തനം 37:4) ലോക​വ്യാ​പ​ക​മാ​യി കടുത്ത എതിർപ്പ്‌ നേരി​ടു​ന്നെ​ങ്കി​ലും, യഹോവ അവരെ ആത്മീയ​മാ​യി സംരക്ഷി​ച്ചി​രി​ക്കു​ന്നു. 1919 മുതൽ അവരുടെ ആത്മീയ “ദേശ”ത്തിന്മേൽ ഹാനി വരുത്താൻ ആർക്കും കഴിഞ്ഞി​ട്ടില്ല. (യെശയ്യാ​വു 66:8) അവർ അവന്റെ ഉന്നതമായ നാമത്തി​നു വേണ്ടി​യുള്ള ഒരു ജനമായി തുടരു​ന്നു, അവർ ആ നാമം ലോക​വ്യാ​പ​ക​മാ​യി ഘോഷി​ക്കു​ക​യും ചെയ്യുന്നു. (ആവർത്ത​ന​പു​സ്‌തകം 32:2; പ്രവൃ​ത്തി​കൾ 15:14) മാത്രമല്ല, സകല ജനതക​ളി​ലും നിന്നുള്ള സൗമ്യ​രു​ടെ വർധി​ച്ചു​വ​രുന്ന ഒരു കൂട്ടം യഹോ​വ​യു​ടെ വഴികൾ പഠിക്കു​ക​യും അവന്റെ പാതക​ളിൽ നടക്കു​ക​യും ചെയ്യു​ക​യെന്ന മഹത്തായ പദവി​യിൽ പങ്കുപ​റ്റു​ന്നു.

23. അഭിഷിക്ത ദാസർ “യാക്കോ​ബി​ന്റെ അവകാശ”ത്തിൽനി​ന്നു ഭക്ഷിക്കാൻ യഹോവ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

23 തന്റെ അഭിഷിക്ത ദാസർ “യാക്കോ​ബി​ന്റെ അവകാശ”ത്തിൽനി​ന്നു ഭക്ഷിക്കാൻ യഹോവ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ഗോ​ത്ര​പി​താ​വായ ഇസ്‌ഹാക്‌, ഏശാവി​നു പകരം യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ച​പ്പോൾ അബ്രാ​ഹാ​മി​ന്റെ വാഗ്‌ദത്ത സന്തതി​യിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന സകലർക്കും ലഭിക്കാൻ പോകുന്ന അനു​ഗ്ര​ഹ​ങ്ങളെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞു. (ഉല്‌പത്തി 27:27-29; ഗലാത്യർ 3:16, 17) യാക്കോ​ബി​നെ പോലെ—ഏശാവി​നെ പോലെ അല്ല—അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും അവരുടെ സഹകാ​രി​ക​ളും ‘വിശുദ്ധ കാര്യ​ങ്ങളെ,’ വിശേ​ഷാൽ ദൈവം സമൃദ്ധ​മാ​യി പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണത്തെ, ‘വിലമ​തി​ക്കു​ന്നു.’ (എബ്രായർ 12:16, 17, NW; മത്തായി 4:4) ഈ ആത്മീയ ഭക്ഷണം—വാഗ്‌ദത്ത സന്തതി​യും ആ സന്തതി​യു​ടെ സഹകാ​രി​ക​ളും മുഖാ​ന്തരം യഹോവ നിവർത്തി​ക്കുന്ന കാര്യങ്ങൾ സംബന്ധിച്ച പരിജ്ഞാ​നം അതിൽ ഉൾപ്പെ​ടു​ന്നു—ശക്തി പകരു​ന്ന​തും ഉത്തേജനം നൽകു​ന്ന​തും ആത്മീയ ജീവനു മർമ​പ്ര​ധാ​ന​വു​മാണ്‌. അതിനാൽ ദൈവ​വ​ചനം വായി​ക്കു​ക​യും അതേക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ആത്മീയ പോഷണം തുടർച്ച​യാ​യി ഉൾക്കൊ​ള്ളു​ന്നതു വളരെ പ്രധാ​ന​മാണ്‌. (സങ്കീർത്തനം 1:1-3) ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സഹവി​ശ്വാ​സി​ക​ളു​മൊത്ത്‌ സഹവസി​ക്കു​ന്ന​തും സുപ്ര​ധാ​ന​മാണ്‌. മറ്റുള്ള​വ​രു​മാ​യി സന്തോ​ഷ​പൂർവം ആത്മീയ പോഷണം പങ്കു​വെ​ക്കവേ, നിർമ​ലാ​രാ​ധ​ന​യു​ടെ ഉന്നത നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.

24. ഇന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ നടത്ത എങ്ങനെ​യു​ള്ള​താണ്‌?

24 യഹോവയുടെ വാഗ്‌ദാ​ന​ങ്ങ​ളു​ടെ നിവൃത്തി കാണാൻ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കവേ, സത്യ​ക്രി​സ്‌ത്യാ​നി​കൾ എല്ലാത്തരം കപടഭ​ക്തി​യും വർജി​ക്കു​മാ​റാ​കട്ടെ. ‘യാക്കോ​ബി​ന്റെ അവകാ​ശ​ത്താൽ’ പോഷി​പ്പി​ക്ക​പ്പെ​ടവേ, ‘ദേശത്തി​ലെ ഉന്നതങ്ങ​ളി​ലെ’ ആത്മീയ സുരക്ഷി​ത​ത്വം അവർ തുടർന്നും ആസ്വദി​ക്കു​മാ​റാ​കട്ടെ.

[അടിക്കു​റിപ്പ്‌]

a കടം മൂലം തങ്ങളെ​ത്തന്നെ അടിമ​ത്ത​ത്തി​ലേക്കു വിൽക്കേ​ണ്ടി​വന്ന—ഫലത്തിൽ കൂലി​ക്കെ​ടു​ക്ക​പ്പെ​ടുന്ന തൊഴി​ലാ​ളി​കൾ ആയിത്തീർന്ന—തന്റെ ജനത്തിൽ പെട്ടവ​രു​ടെ കടം വീട്ടാൻ യഹോവ കരുതൽ ചെയ്‌തു. (ലേവ്യ​പു​സ്‌തകം 25:39-43) അടിമ​ക​ളോട്‌ ദയാപു​ര​സ്സരം ഇടപെ​ടാൻ ന്യായ​പ്ര​മാ​ണം വ്യവസ്ഥ ചെയ്‌തു. മൃഗീയ പെരു​മാ​റ്റ​ത്തി​നു വിധേ​യ​രാ​കു​ന്ന​വരെ സ്വത​ന്ത്ര​രാ​ക്ക​ണ​മാ​യി​രു​ന്നു.—പുറപ്പാ​ടു 21:2, 3, 26, 27; ആവർത്ത​ന​പു​സ്‌തകം 15:12-15.

[അധ്യയന ചോദ്യ​ങ്ങൾ]

[278-ാം പേജിലെ ചിത്രം]

കപടമായി അനുതാ​പം പ്രകട​മാ​ക്കി​ക്കൊണ്ട്‌ യഹൂദ​ന്മാർ ഉപവസി​ക്കു​ക​യും തലകൾ കുമ്പി​ടു​ക​യും ചെയ്‌തു—എന്നാൽ അവർ തങ്ങളുടെ വഴികൾക്കു മാറ്റം വരുത്തി​യി​ല്ല

[283-ാം പേജിലെ ചിത്രം]

വകയുള്ളവർ പാവ​പ്പെ​ട്ട​വർക്ക്‌ പാർപ്പി​ട​വും വസ്‌ത്ര​വും ഭക്ഷണവും നൽകു​വിൻ

[286-ാം പേജിലെ ചിത്രം]

യഹൂദ അനുത​പി​ച്ചാൽ, അവൾക്ക്‌ തന്റെ നശിപ്പി​ക്ക​പ്പെട്ട നഗരങ്ങൾ വീണ്ടും പണിയാ​നാ​കും