“ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം!”
അധ്യായം മൂന്ന്
“ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം!”
1, 2. യെശയ്യാവു 42-ാം അധ്യായത്തിൽ ഇന്നു ക്രിസ്ത്യാനികൾ താത്പര്യമെടുക്കുന്നത് എന്തുകൊണ്ട്?
‘നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.’ (യെശയ്യാവു 43:10) പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ യെശയ്യാ പ്രവാചകൻ രേഖപ്പെടുത്തിയ യഹോവയുടെ ഈ പ്രഖ്യാപനം, യഹോവയുടെ പുരാതന ഉടമ്പടി ജനത സാക്ഷികളുടെ ഒരു ജനത ആയിരുന്നു എന്ന് വ്യക്തമാക്കുന്നു. അവർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസരായിരുന്നു. ഏകദേശം 2,600 വർഷങ്ങൾക്കു ശേഷം 1931-ൽ, ആ വാക്കുകൾ തങ്ങൾക്കു ബാധകമാകുന്നതായി അഭിഷിക്ത ക്രിസ്ത്യാനികൾ പരസ്യമായി പ്രഖ്യാപിച്ചു. അങ്ങനെ അവർ യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിക്കുകയും ദൈവത്തിന്റെ ഭൗമിക ദാസന്മാർ എന്നനിലയിലുള്ള ഉത്തരവാദിത്വങ്ങൾ മുഴുഹൃദയാ ഏറ്റെടുക്കുകയും ചെയ്തു.
2 യഹോവയുടെ സാക്ഷികൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. അക്കാരണത്താലാണ് യെശയ്യാവു 42-ാം അധ്യായത്തിൽ അവർ ഓരോരുത്തരും അതീവ താത്പര്യമെടുക്കുന്നത്. അതിൽ യഹോവ അംഗീകരിക്കുന്ന ഒരു ദാസനെ കുറിച്ചും അവൻ ത്യജിക്കുന്ന ഒരു ദാസനെ കുറിച്ചും വിവരിക്കുന്നു. ഈ പ്രവചനവും അതിന്റെ നിവൃത്തിയും പരിചിന്തിക്കുന്നതിലൂടെ, ദൈവത്തിന്റെ പ്രീതിയിലേക്കു നയിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും അവന്റെ അപ്രീതിയിലേക്കു നയിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചും നമുക്ക് ഉൾക്കാഴ്ച ലഭിക്കുന്നു.
“ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു”
3. “എന്റെ ദാസ”നെ കുറിച്ച് യഹോവ യെശയ്യാവ് മുഖാന്തരം എന്താണു പ്രവചിക്കുന്നത്?
3 താൻ തിരഞ്ഞെടുക്കുന്ന ഒരു ദാസന്റെ ആഗമനത്തെ കുറിച്ച് യഹോവ യെശയ്യാവ് മുഖാന്തരം പ്രവചിക്കുന്നു: “നോക്കൂ, ഞാൻ താങ്ങുന്ന എന്റെ ദാസൻ! ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം! ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ ജനതകൾക്കു നീതി പ്രദാനം ചെയ്യും. അവൻ നിലവിളിക്കുകയോ ശബ്ദമുയർത്തുകയോ ഇല്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; മങ്ങിയ തിരി അവൻ കെടുത്തുകയുമില്ല; അവൻ സത്യത്തോടെ നീതി പ്രദാനം ചെയ്യും. ഭൂമിയിൽ നീതി സ്ഥാപിക്കുന്നതു വരെ അവൻ പരാജയപ്പെടുകയില്ല; തളരുകയുമില്ല; അവന്റെ നിയമത്തിനായി ദ്വീപുകൾതന്നെയും കാത്തിരിക്കുന്നു.”—യെശയ്യാവു 42:1-4, NW.
4. മുൻകൂട്ടി പറയപ്പെട്ട ‘തിരഞ്ഞെടുക്കപ്പെട്ടവൻ’ ആരാണ്, നമുക്കത് എങ്ങനെ അറിയാം?
4 ഇവിടെ പരാമർശിച്ചിരിക്കുന്ന ദാസൻ ആരാണ്? ഇക്കാര്യത്തിൽ നമുക്കു സംശയത്തിനു യാതൊരു കാരണവുമില്ല. യേശുക്രിസ്തുവിനു ബാധകമാക്കിക്കൊണ്ട് ആ വാക്കുകൾ മത്തായിയുടെ സുവിശേഷത്തിൽ ഉദ്ധരിച്ചിരിക്കുന്നതു നാം കാണുന്നു. (മത്തായി 12:15-21) ‘തിരഞ്ഞെടുക്കപ്പെട്ട’ ആ പ്രിയ ദാസൻ യേശുവാണ്. എപ്പോഴാണ് യേശുവിന്റെമേൽ യഹോവ തന്റെ ആത്മാവിനെ വെച്ചത്? പൊ.യു. 29-ൽ, യേശു സ്നാപനമേറ്റപ്പോൾ. ആ സ്നാപനത്തെ കുറിച്ച് നിശ്വസ്ത വൃത്താന്തം വിവരിക്കുന്നുണ്ട്. യേശു വെള്ളത്തിൽനിന്നു കയറിയപ്പോൾ “സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി” എന്ന് തിരുവെഴുത്തു പറയുന്നു. തന്റെ പ്രിയ ദാസനെ ഈ വിധത്തിൽ യഹോവ വ്യക്തിപരമായി തിരിച്ചറിയിച്ചു. തുടർന്നുള്ള യേശുവിന്റെ ശുശ്രൂഷയും അത്ഭുതപ്രവൃത്തികളും യഹോവയുടെ ആത്മാവ് അവന്റെമേൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു.—ലൂക്കൊസ് 3:21, 22; 4:14-21; മത്തായി 3:16, 17.
‘അവൻ ജനതകൾക്കു നീതി പ്രദാനം ചെയ്യും’
5. ഒന്നാം നൂറ്റാണ്ടിൽ നീതി സംബന്ധിച്ചു വ്യക്തമായ വിശദീകരണം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
5 യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവൻ യഥാർഥ നീതി “പ്രദാനം ചെയ്യ”ണമായിരുന്നു അഥവാ നടപ്പാക്കണമായിരുന്നു. “അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.” (മത്തായി 12:17) പൊ.യു. ഒന്നാം നൂറ്റാണ്ടിൽ അത് എത്ര ആവശ്യമായിരുന്നു! യഹൂദ മതനേതാക്കന്മാർ നീതിയും ന്യായവും സംബന്ധിച്ച വികലമായ വീക്ഷണമാണ് ആളുകളെ പഠിപ്പിച്ചത്. വഴക്കമില്ലാത്ത, അധികവും തങ്ങൾതന്നെ രൂപം കൊടുത്ത ഒരു നിയമസംഹിത പിൻപറ്റിക്കൊണ്ടു നീതി കൈവരിക്കാൻ അവർ ശ്രമിച്ചു. നിയമത്തിന്റെ അക്ഷരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന അവരുടെ നീതി കരുണയെ പുറന്തള്ളി.
6. ഏതു വിധങ്ങളിൽ യേശു യഥാർഥ നീതി ഘോഷിച്ചു?
6 ഇതിൽനിന്നു വ്യത്യസ്തമായി, നീതി സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം യേശു വെളിപ്പെടുത്തി. യഥാർഥ നീതി അനുകമ്പയും കരുണയും ഉള്ളതാണ് എന്ന് തന്റെ പഠിപ്പിക്കലുകളിലൂടെയും പ്രവൃത്തികളിലൂടെയും അവൻ പ്രകടമാക്കി. അവന്റെ വിഖ്യാതമായ ഗിരിപ്രഭാഷണംതന്നെ പരിചിന്തിക്കുക. (മത്തായി 5-7 അധ്യായങ്ങൾ) നീതിയും ന്യായവും എങ്ങനെ ബാധകമാക്കണം എന്നതിന്റെ എത്ര ഉത്കൃഷ്ടമായ വിശദീകരണമാണ് അത്! സുവിശേഷ വിവരണങ്ങൾ വായിക്കുമ്പോൾ ദരിദ്രരോടും പീഡിതരോടും യേശു കാണിച്ച അനുകമ്പ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നില്ലേ? (മത്തായി 20:34; മർക്കൊസ് 1:41; 6:34; ലൂക്കൊസ് 7:13) ചതഞ്ഞ, വളഞ്ഞുപോയ ഞാങ്ങണ പോലുള്ള അനേകരോട് അവൻ ആശ്വാസത്തിന്റെ സന്ദേശം അറിയിച്ചു. അവർ ഒരു വിളക്കിന്റെ പുകയുന്ന തിരി പോലെ ആയിരുന്നു, അവരുടെ ജീവന്റെ അവസാനത്തെ തീപ്പൊരിയും ഏതാണ്ട് അണയാറായിരുന്നു. യേശു “ചതഞ്ഞ ഞാങ്ങണ” ഒടിച്ചുകളയുകയോ “മങ്ങിയ തിരി” കെടുത്തിക്കളയുകയോ ചെയ്തില്ല. പകരം, സ്നേഹനിർഭരവും അനുകമ്പാർദ്രവുമായ അവന്റെ വാക്കുകളും പ്രവൃത്തികളും സൗമ്യരുടെ ഹൃദയത്തെ ഉത്തേജിപ്പിക്കുകയാണു ചെയ്തത്.—മത്തായി 11:28-30.
7. യേശു “നിലവിളിക്കുകയോ ശബ്ദമുയർത്തുകയോ ഇല്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല” എന്ന് പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
7 എന്നാൽ, യേശു “നിലവിളിക്കുകയോ ശബ്ദമുയർത്തുകയോ ഇല്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല” എന്ന് പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, തന്റെ നാളിലെ അനേകരെയും പോലെ തന്നെത്താൻ ഉയർത്തിക്കാട്ടാൻ അവൻ ആഗ്രഹിച്ചില്ല. (മത്തായി 6:5) ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തിയപ്പോൾ യേശു അയാളോട് ഇങ്ങനെ പറഞ്ഞു: “നോക്കു, ആരോടും ഒന്നും പറയരുതു.” (മർക്കൊസ് 1:40-44) പ്രസിദ്ധി നേടാൻ അവൻ ശ്രമിച്ചില്ല. മറ്റുള്ളവർ പറയുന്നതു കേട്ട് നിഗമനങ്ങളിൽ എത്താതെ ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ താൻ യഹോവയുടെ അഭിഷിക്ത ദാസനായ ക്രിസ്തുവാണെന്ന് ആളുകൾ സ്വയം തിരിച്ചറിയണമെന്ന് യേശു ആഗ്രഹിച്ചു.
8. (എ) യേശു “ജനതകൾക്കു നീതി” പ്രദാനം ചെയ്തത് എങ്ങനെ? (ബി) യേശു നൽകിയ നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തം നീതിയെ കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
8 തിരഞ്ഞെടുക്കപ്പെട്ട ഈ ദാസൻ “ജനതകൾക്കു നീതി പ്രദാനം ചെയ്യ”ണമായിരുന്നു. യേശു അതു ചെയ്തു. ദൈവിക നീതിയുടെ കരുണാർദ്രമായ സ്വഭാവത്തിന് ഊന്നൽ നൽകിയതിനു പുറമേ, ആ നീതിയിൽ സകലരെയും ഉൾപ്പെടുത്തണമെന്ന് യേശു പഠിപ്പിച്ചു. ഒരു സന്ദർഭത്തിൽ, ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാൻ യേശു ഒരു ശാസ്ത്രിയെ ഓർമിപ്പിച്ചു. “‘ആരാണ് എന്റെ അയൽക്കാരൻ?’” എന്ന് അയാൾ ചോദിച്ചു. “നിന്റെ സഹയഹൂദൻ” എന്ന് യേശു ഉത്തരം പറയുമെന്ന് അയാൾ പ്രതീക്ഷിച്ചിരിക്കണം. പകരം, യേശു അയാളോട് നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തം പറഞ്ഞു. ആ ദൃഷ്ടാന്തത്തിൽ കവർച്ചക്കാർ ആക്രമിച്ച ഒരു മനുഷ്യനെ സഹായിക്കാനായി മുന്നോട്ടു വന്നത് ഒരു ശമര്യക്കാരനാണ്. അതിലെ കടന്നുപോയ ഒരു ലേവ്യനും ഒരു പുരോഹിതനും ആ മനുഷ്യനെ കണ്ടെങ്കിലും സഹായിക്കാൻ കൂട്ടാക്കിയില്ല. ആ സന്ദർഭത്തിൽ യഥാർഥ അയൽക്കാരൻ ആയിരുന്നത് ലേവ്യനോ പുരോഹിതനോ അല്ല, മറിച്ച് നിന്ദ്യനായി കണക്കാക്കപ്പെട്ടിരുന്ന ഒരു ശമര്യക്കാരനാണ് എന്ന് ആ ശാസ്ത്രിക്കു സമ്മതിക്കേണ്ടിവന്നു. പിൻവരുന്ന പ്രകാരം ഉപദേശിച്ചുകൊണ്ട് യേശു തന്റെ ദൃഷ്ടാന്തം ഉപസംഹരിച്ചു: “നീയും പോയി അങ്ങനെ തന്നേ ചെയ്ക.”—ലൂക്കൊസ് 10:25-37; ലേവ്യപുസ്തകം 19:18.
“അവൻ പരാജയപ്പെടുകയില്ല; തളരുകയുമില്ല”
9. യഥാർഥ നീതിയുടെ അന്തസ്സത്തയെ കുറിച്ചുള്ള ഗ്രാഹ്യം നമ്മെ എങ്ങനെ ബാധിക്കും?
9 യേശു യഥാർഥ നീതിയുടെ അന്തസ്സത്ത വ്യക്തമാക്കിയതിനാൽ അവന്റെ അനുഗാമികൾ ആ ഗുണം പ്രകടിപ്പിക്കാൻ പഠിച്ചു. നാമും അങ്ങനെ ആയിരിക്കണം. ഒന്നാമതായി, ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ മാനദണ്ഡം നാം അംഗീകരിക്കേണ്ടതുണ്ട്. കാരണം, ന്യായവും നീതിയും എന്താണെന്നു നിർണയിക്കാനുള്ള അവകാശം അവനു മാത്രമേയുള്ളൂ. യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ നാം കഠിനമായി ശ്രമിക്കവേ, നമ്മുടെ നേരായ നടത്ത യഥാർഥ നീതിയെ വ്യക്തമായി വെളിപ്പെടുത്തും.—1 പത്രൊസ് 2:12.
10. പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പങ്കുപറ്റുന്നതു നീതി പ്രകടമാക്കുന്നതിന്റെ ഭാഗമായിരിക്കുന്നത് എന്തുകൊണ്ട്?
10 പ്രസംഗ, പഠിപ്പിക്കൽ വേലയിൽ ഉത്സാഹത്തോടെ ഏർപ്പെടുമ്പോഴും നാം നീതി പ്രകടമാക്കുകയാണു ചെയ്യുന്നത്. യഹോവ, തന്നെയും തന്റെ പുത്രനെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള ജീവദായക പരിജ്ഞാനം വളരെ ഉദാരമായി നമുക്കു നൽകിയിരിക്കുന്നു. (യോഹന്നാൻ 17:3) ആ പരിജ്ഞാനം നമുക്കു മാത്രമായി പിടിച്ചു വെക്കുന്നതു ശരിയായിരിക്കില്ല. “നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്ന് ശലോമോൻ പറയുന്നു. (സദൃശവാക്യങ്ങൾ 3:27) തന്മൂലം, ദൈവത്തെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ വർഗീയമോ വംശീയമോ ദേശീയമോ ആയ പശ്ചാത്തലം ഗണ്യമാക്കാതെ എല്ലാവരുമായും നമുക്കു മുഴുഹൃദയാ പങ്കുവെക്കാം.—പ്രവൃത്തികൾ 10:34, 35.
11. യേശുവിനെ അനുകരിച്ചുകൊണ്ടു നാം മറ്റുള്ളവരോട് എങ്ങനെ ഇടപെടണം?
11 യേശു മറ്റുള്ളവരോട് ഇടപെട്ടതു പോലെതന്നെ ഒരു യഥാർഥ ക്രിസ്ത്യാനിയും ഇടപെടേണ്ടതുണ്ട്. അനേകരും ഇന്ന് മനസ്സു മടുപ്പിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. അവർക്കെല്ലാം അനുകമ്പയും പ്രോത്സാഹനവും ആവശ്യമാണ്. സമ്മർദപൂരിതമായ സാഹചര്യങ്ങളിൽ ആയിരിക്കുന്നതിന്റെ ഫലമായി ചില സമർപ്പിത ക്രിസ്ത്യാനികൾ പോലും ചതഞ്ഞ ഞാങ്ങണയ്ക്കും പുകയുന്ന തിരിക്കും സമാനമാണ്. അവർക്കു നമ്മുടെ പിന്തുണ ആവശ്യമല്ലേ? (ലൂക്കൊസ് 22:32; പ്രവൃത്തികൾ 11:23, NW) നീതി പ്രകടമാക്കുന്നതിൽ യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്ന യഥാർഥ ക്രിസ്തീയ സഭയുടെ ഭാഗമായിരിക്കുന്നത് എത്ര നവോന്മേഷപ്രദമാണ്!
12. പെട്ടെന്നുതന്നെ സകലർക്കും നീതി ലഭിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
12 എല്ലാവർക്കും നീതി ലഭിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ? തീർച്ചയായും. യഹോവ തിരഞ്ഞെടുത്തിരിക്കുന്നവൻ ‘ഭൂമിയിൽ നീതി സ്ഥാപിക്കുന്നതു വരെ പരാജയപ്പെടുകയില്ല; തളരുകയുമില്ല.’ സിംഹാസനസ്ഥനായ ആ രാജാവ്, അതായത് പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തു, വളരെ പെട്ടെന്നുതന്നെ ‘ദൈവത്തെ അറിയാത്തവർക്കു പ്രതികാരം കൊടുക്കും.’ (2 തെസ്സലൊനീക്യർ 1:6-9; വെളിപ്പാടു 16:14-16) മനുഷ്യ ഭരണത്തിന്റെ സ്ഥാനത്ത് ദൈവരാജ്യം സ്ഥാപിതമാകും. അപ്പോൾ നീതിയും ന്യായവും കളിയാടും. (സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവു 11:3-5; ദാനീയേൽ 2:44; 2 പത്രൊസ് 3:13) എല്ലായിടത്തും—അതിവിദൂര സ്ഥലങ്ങളായ “ദ്വീപുക”ളിൽ പോലും—ഉള്ള യഹോവയുടെ ദാസന്മാർ ആ ദിവസത്തിനായി നോക്കിപ്പാർത്തിരിക്കുന്നു.
‘ഞാൻ അവനെ ജനതകൾക്കു വെളിച്ചമാക്കും’
13. താൻ തിരഞ്ഞെടുത്ത ദാസനെ കുറിച്ച് യഹോവ എന്തു പ്രവചിക്കുന്നു?
13 യെശയ്യാവ് തുടർന്നു പറയുന്നു: “ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശയ്യാവു 42:5) സ്രഷ്ടാവായ യഹോവയെ കുറിച്ചുള്ള എത്ര ശക്തമായ വർണന! യഹോവയുടെ ശക്തിയെ കുറിച്ചുള്ള ഓർമിപ്പിക്കലുകൾ അവന്റെ വാക്കുകൾക്ക് ഗൗരവം കൽപ്പിക്കുന്നു. യഹോവ പറയുന്നതു ശ്രദ്ധിക്കൂ: “കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും [“ജനത്തിന് ഉടമ്പടിയും ജനതകൾക്കു വെളിച്ചവും,” NW] ആക്കും.”—യെശയ്യാവു 42:6, 7.
14. (എ) യഹോവ താൻ അംഗീകരിച്ച ദാസന്റെ കൈ പിടിക്കുന്നു എന്നതിന്റെ അർഥമെന്ത്? (ബി) തിരഞ്ഞെടുക്കപ്പെട്ട ദാസൻ വഹിക്കുന്ന പങ്ക് എന്ത്?
14 അഖിലാണ്ഡത്തിന്റെ മഹാസ്രഷ്ടാവും ജീവന്റെ ദാതാവും പരിപാലകനുമായ യഹോവ താൻ തിരഞ്ഞെടുത്ത ദാസന്റെ കൈ പിടിച്ച് അവനു നിരന്തരം പൂർണമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. എത്ര ആശ്വാസപ്രദമാണത്! കൂടാതെ, അവനെ ‘ജനത്തിന് ഉടമ്പടി’യായി നൽകേണ്ടതിന് യഹോവ അവനു സംരക്ഷണവും പ്രദാനം ചെയ്യുന്നു. ഉടമ്പടി എന്നു പറയുന്നത് ഒരു കരാറാണ്, ഗൗരവമുള്ള വാഗ്ദാനത്തോടുകൂടിയ ഒരു ഉറപ്പാണ്. അത് അസന്ദിഗ്ധമായ ഒരു വ്യവസ്ഥയാണ്. അതേ, യഹോവ തന്റെ ദാസനെ “ജനത്തിനുള്ള ഒരു ഈട്” ആയി വെച്ചിരിക്കുന്നു.—ഒരു അമേരിക്കൻ പരിഭാഷ.
15, 16. ഏതു വിധത്തിലാണ് യേശു ‘ജനതകൾക്കു വെളിച്ചം’ ആയിരുന്നത്?
15 ‘ജനതകൾക്കുള്ള വെളിച്ചം’ എന്ന നിലയിൽ വാഗ്ദത്ത ദാസൻ “കുരുട്ടുകണ്ണുകളെ തുറ”ക്കുകയും ‘അന്ധകാരത്തിൽ ഇരിക്കുന്നവരെ വിടുവിക്കു’കയും ചെയ്യും. അതുതന്നെയാണ് യേശു ചെയ്തത്. സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് യേശു തന്റെ സ്വർഗീയ പിതാവിന്റെ നാമത്തെ മഹത്ത്വപ്പെടുത്തി. (യോഹന്നാൻ 17:4, 6) അവൻ മതപരമായ കാപട്യം തുറന്നുകാട്ടുകയും രാജ്യസുവാർത്ത പ്രസംഗിക്കുകയും മതപരമായ അടിമത്തത്തിൻ കീഴിലായിരുന്നവർക്ക് ആത്മീയ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുകയും ചെയ്തു. (മത്തായി 15:3-9; ലൂക്കൊസ് 4:43; യോഹന്നാൻ 18:37) അവൻ ഇരുട്ടിന്റെ പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയും സാത്താനെ ‘ഭോഷ്കിന്റെ അപ്പനും’ “ഈ ലോകത്തിന്റെ പ്രഭു”വുമായി തുറന്നുകാട്ടുകയും ചെയ്തു.—യോഹന്നാൻ 3:19-21; 8:44; 16:11.
16 “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 8:12) തന്റെ പൂർണ മനുഷ്യജീവനെ ഒരു മറുവിലയായി നൽകിക്കൊണ്ട് താൻ ലോകത്തിന്റെ വെളിച്ചമാണെന്നു ശ്രദ്ധേയമായ ഒരു വിധത്തിൽ അവൻ തെളിയിച്ചു. അങ്ങനെ വിശ്വാസം പ്രകടമാക്കുന്നവർക്കു പാപമോചനവും ദൈവമുമ്പാകെ ഒരു അംഗീകൃത നിലയും നിത്യജീവന്റെ പ്രതീക്ഷയും സാധ്യമാക്കുന്നതിനുള്ള വഴി അവൻ തുറന്നുകൊടുത്തു. (മത്തായി 20:28; യോഹന്നാൻ 3:16) ജീവിതത്തിലുടനീളം സമ്പൂർണ ദൈവഭക്തി നിലനിറുത്തിക്കൊണ്ട് യേശു യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും പിശാച് ഒരു ഭോഷ്കാളിയാണെന്ന് തെളിയിക്കുകയും ചെയ്തു. യേശു കുരുടർക്കു കാഴ്ച നൽകുകയും ആത്മീയ അന്ധകാരത്തിലായിരുന്നവരെ മോചിപ്പിക്കുകയും ചെയ്തുവെന്ന് ഉറപ്പിച്ചു പറയാനാകും.
17. ഏതെല്ലാം വിധങ്ങളിൽ നാം വെളിച്ചവാഹകരായി സേവിക്കുന്നു?
17 “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന് ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 5:14) നാമും വെളിച്ചവാഹകരല്ലേ? നമ്മുടെ ജീവിതരീതിയിലൂടെയും പ്രസംഗ പ്രവർത്തനത്തിലൂടെയും നമുക്ക് യഥാർഥ വെളിച്ചത്തിന്റെ ഉറവായ യഹോവയിലേക്കു മറ്റുള്ളവരെ നയിക്കുന്നതിനുള്ള പദവിയുണ്ട്. യേശുവിനെ അനുകരിച്ചുകൊണ്ട് നാം യഹോവയുടെ നാമത്തെ പ്രസിദ്ധമാക്കുകയും അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുകയും മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയെന്നനിലയിൽ ദൈവരാജ്യത്തെ കുറിച്ചു ഘോഷിക്കുകയും ചെയ്യുന്നു. കൂടാതെ, വെളിച്ചവാഹകർ എന്ന നിലയിൽ നാം മതപരമായ കാപട്യങ്ങൾ തുറന്നുകാട്ടുകയും ഇരുട്ടിന്റെ അശുദ്ധ പ്രവൃത്തികൾക്കെതിരെ മുന്നറിയിപ്പു കൊടുക്കുകയും ദുഷ്ടനായ സാത്താനെ വെളിച്ചത്താക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 1:8; 1 യോഹന്നാൻ 5:19.
‘യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ’
18. തന്റെ ജനം എന്ത് അറിയാൻ യഹോവ ഇടയാക്കുന്നു?
18 യഹോവ ഇപ്പോൾ ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ ജനത്തിലേക്കു ശ്രദ്ധ തിരിക്കുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറെറാരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.” (യെശയ്യാവു 42:8, 9) ‘എന്റെ ദാസ’നെ കുറിച്ചുള്ള പ്രവചനം നൽകിയതു വിലയില്ലാത്ത ദൈവമല്ല, മറിച്ച് ജീവനുള്ള ഏക സത്യദൈവമാണ്. അതു സംഭവിക്കേണ്ടിയിരുന്നു, സംഭവിക്കുകതന്നെ ചെയ്തു. യഹോവയാം ദൈവം വാസ്തവത്തിൽ പുതിയ കാര്യങ്ങളുടെ കാരണഭൂതനാണ്. സംഭവിക്കുന്നതിനു മുമ്പേ തന്റെ ജനം അവ അറിയാൻ അവൻ ഇടയാക്കുന്നു. അതിനോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണം?
19, 20. (എ) ഏതു ഗീതമാണ് നാം പാടേണ്ടത്? (ബി) ഇന്ന് ആരാണ് യഹോവയ്ക്കു സ്തുതിഗീതം പാടുന്നത്?
19 യെശയ്യാവ് എഴുതുന്നു: “സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അററത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽനിന്നു ആർക്കുകയും ചെയ്യട്ടെ. അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.”—യെശയ്യാവു 42:10-12.
20 എല്ലായിടത്തുമുള്ള ആളുകൾ, നഗരങ്ങളിലോ മരുഭൂമിയിലെ ഗ്രാമങ്ങളിലോ ദ്വീപുകളിലോ ‘കേദാറി’ൽ അഥവാ വിജനപ്രദേശത്തെ പാളയങ്ങളിൽ പോലുമോ വസിക്കുന്നവർ ആയിരുന്നാലും ശരി, യഹോവയ്ക്കു സ്തുതി പാടാൻ ഉദ്ബോധിപ്പിക്കപ്പെടുന്നു. നമ്മുടെ നാളിൽ ദശലക്ഷങ്ങൾ ഈ പ്രാവചനിക ആഹ്വാനത്തിനു ചെവി കൊടുത്തിരിക്കുന്നു എന്നത് എത്ര ആവേശജനകമാണ്! അവർ ദൈവവചനത്തിലെ സത്യം സ്വീകരിക്കുകയും യഹോവയെ തങ്ങളുടെ ദൈവമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. യഹോവയുടെ ജനം അവനു മഹത്ത്വം കരേറ്റിക്കൊണ്ട് 230-ലധികം ദേശങ്ങളിൽ ഈ പുതിയ പാട്ടു പാടുന്നു. ഈ ബഹുസംസ്കാര, ബഹുഭാഷാ, ബഹുവംശ ഗായകസംഘത്തോടൊപ്പം ചേർന്നു പാടുന്നത് എത്ര രോമാഞ്ചജനകമാണ്!
21. യഹോവയ്ക്കുള്ള ഈ സ്തുതിഗീതം നിറുത്തിക്കാൻ ദൈവജനത്തിന്റെ എതിരാളികൾക്കു സാധിക്കില്ലാത്തത് എന്തുകൊണ്ട്?
21 ദൈവത്തോട് എതിർത്തു നിന്ന് ഈ സ്തുതിഗീതം നിറുത്തിക്കാൻ എതിരാളികൾക്കു സാധിക്കുമോ? ഒരിക്കലുമില്ല! “യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും.” (യെശയ്യാവു 42:13) ഏതു ശക്തിക്കാണ് യഹോവയ്ക്കെതിരെ നിലകൊള്ളാനാകുക? ഏകദേശം 3,500 വർഷം മുമ്പ് പ്രവാചകനായ മോശെയും ഇസ്രായേൽ പുത്രന്മാരും ഇങ്ങനെ പാടി: “യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.” (പുറപ്പാടു 15:3, 4) അക്കാലത്തെ ഏറ്റവും പ്രബലമായ സൈനിക ശക്തിയുടെമേൽ യഹോവ വിജയം വരിച്ചു. ശക്തനായ ഒരു യോദ്ധാവിനെ പോലെ യഹോവ മുന്നേറുമ്പോൾ ദൈവജനത്തിന്റെ ഒരു ശത്രുവിനും വിജയിക്കാനാവില്ല.
“ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു”
22, 23. യഹോവ ‘ബഹുകാലം മിണ്ടാതെയിരി’ക്കുന്നത് എന്തുകൊണ്ട്?
22 ശത്രുക്കൾക്ക് എതിരെ ന്യായവിധി നടത്തുമ്പോൾപ്പോലും യഹോവ നിഷ്പക്ഷമതിയും നീതിനിഷ്ഠനുമാണ്. അവൻ പറയുന്നു: “ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൌനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കതെക്കും. ഞാൻ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാൻ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വററിച്ചുകളയും.”—യെശയ്യാവു 42:14, 15.
23 നിയമ നടപടി കൈക്കൊള്ളുന്നതിനു മുമ്പ് ദുഷ്പ്രവൃത്തിക്കാർക്ക് തങ്ങളുടെ മോശമായ വഴികളിൽനിന്നു പിന്തിരിയാൻ അവസരം ലഭിക്കേണ്ടതിന് യഹോവ സമയം അനുവദിക്കുന്നു. (യിരെമ്യാവു 18:7-10; 2 പത്രൊസ് 3:9, 10) ഉദാഹരണത്തിന്, ബാബിലോണിയരുടെ കാര്യമെടുക്കാം. പൊ.യു.മു. 607-ൽ, അന്നത്തെ പ്രമുഖ ലോക ശക്തിയായിരുന്ന അവർ യെരൂശലേം നശിപ്പിക്കുന്നു. ഇസ്രായേല്യരുടെ അവിശ്വസ്തതയ്ക്കുള്ള ശിക്ഷയായി യഹോവ അത് അനുവദിക്കുന്നു. എന്നാൽ, തങ്ങളുടെ പങ്ക് എന്താണെന്നു തിരിച്ചറിയാൻ ബാബിലോണിയർ പരാജയപ്പെടുന്നു. ദൈവം ഉദ്ദേശിച്ചതിനെക്കാൾ കഠിനമായി അവർ ഇസ്രായേല്യരോടു പെരുമാറുന്നു. (യെശയ്യാവു 47:6, 7; സെഖര്യാവു 1:15) തന്റെ ജനം യാതന അനുഭവിക്കുന്നതു കാണുന്നത് സത്യദൈവത്തെ എത്ര വേദനിപ്പിക്കുന്നു! എങ്കിലും, മുൻകൂട്ടി പറഞ്ഞിരുന്നതു പോലെ, അവൻ നടപടിയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നു. ഈറ്റുനോവ് കിട്ടിയ ഒരു സ്ത്രീയെ പോലെ അവൻ നെടുവീർപ്പിടുന്നു, കിതയ്ക്കുന്നു, ഞരങ്ങുന്നു. ഒടുവിൽ, ബാബിലോണിനെ ‘ശൂന്യമാക്കാ’നും ‘ഉണക്കിക്കളയാ’നുമുള്ള നിയമിത സമയം വന്നെത്തുന്നു. പൊ.യു.മു. 539 മുതലാണ് അവൻ അതു ചെയ്യുന്നത്.
24. തന്റെ ജനമായ ഇസ്രായേല്യർക്ക് യഹോവ എന്തു പ്രത്യാശ നൽകുന്നു?
24 വർഷങ്ങളോളം പ്രവാസത്തിൽ കഴിഞ്ഞ ശേഷം, ഒടുവിൽ സ്വദേശത്തേക്കു മടങ്ങാൻ അവസരം തുറന്നു കിട്ടിയപ്പോൾ ദൈവജനം എത്ര പുളകിതർ ആയിരുന്നിരിക്കണം! (2 ദിനവൃത്താന്തം 36:22, 23) യഹോവയുടെ ഈ വാഗ്ദാനത്തിന്റെ നിവൃത്തി അനുഭവിക്കാൻ പോകുന്നത് അവരെ ആനന്ദഭരിതർ ആക്കിയിരിക്കണം: “ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും [“അവരെ ഉപേക്ഷിക്കുകയില്ല,” “പി.ഒ.സി. ബൈബിൾ”].”—യെശയ്യാവു 42:16.
25. (എ) യഹോവയുടെ ജനത്തിന് ഇന്ന് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാകും? (ബി) നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
25 ഈ വാക്കുകൾ നമുക്ക് ഇന്ന് എങ്ങനെയാണു ബാധകമാകുന്നത്? ജനതകളെ തങ്ങൾക്ക് ഇഷ്ടമുള്ള വഴിയിൽ നടക്കാൻ യഹോവ ദീർഘകാലമായി—അതേ, നൂറ്റാണ്ടുകളായി—അനുവദിച്ചിരിക്കുന്നു. എന്നിരുന്നാലും, കണക്കു തീർക്കുന്നതിനുള്ള അവന്റെ നിയമിത സമയം അടുത്തിരിക്കുകയാണ്. തന്റെ നാമത്തിനു സാക്ഷ്യം വഹിക്കാൻ ആധുനിക നാളിൽ അവൻ ഒരു ജനത്തെ എഴുന്നേൽപ്പിച്ചിരിക്കുന്നു. “ആത്മാവിലും സത്യത്തിലും” തന്നെ ആരാധിക്കാൻ കഴിയേണ്ടതിന്, അവർക്കെതിരെയുള്ള സകല എതിർപ്പിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് അവൻ അവർക്കു പാത നിരപ്പാക്കുന്നു. (യോഹന്നാൻ 4:24) “അവരെ ഉപേക്ഷിക്കുകയില്ല” എന്ന തന്റെ വാഗ്ദാനം അവൻ തീർച്ചയായും നിവർത്തിക്കുന്നു. എന്നാൽ, തുടർന്നും വ്യാജ ദൈവങ്ങളെ ആരാധിക്കുന്നവരെ സംബന്ധിച്ചെന്ത്? യഹോവ പറയുന്നു: “വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോടു: നിങ്ങൾ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവർ പിൻതിരിഞ്ഞു ഏററവും ലജ്ജിച്ചുപോകും.” (യെശയ്യാവു 42:17) തിരഞ്ഞെടുക്കപ്പെട്ട ദാസനെ പോലെ നാം യഹോവയോടു വിശ്വസ്തരായി നിലകൊള്ളുന്നത് എത്ര ജീവത്പ്രധാനമാണ്!
‘ചെകിടനും കുരുടനുമായ ഒരു ദാസൻ’
26, 27. ഇസ്രായേൽ ‘ചെകിടനും കുരുടനുമായ ഒരു ദാസൻ’ ആണെന്നു തെളിഞ്ഞത് എങ്ങനെ, അതിന്റെ പരിണതഫലം എന്തായിരുന്നു?
26 ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ യേശുക്രിസ്തു മരണപര്യന്തം വിശ്വസ്തനായി നിലകൊണ്ടു. എന്നാൽ, യഹോവയുടെ ജനമായ ഇസ്രായേൽ അവിശ്വസ്ത ദാസനാണെന്നു തെളിഞ്ഞു. ആത്മീയ അർഥത്തിൽ ഇസ്രായേല്യർ ചെകിടന്മാരും കുരുടന്മാരുമാണ്. അവരെ അഭിസംബോധന ചെയ്തുകൊണ്ട് യഹോവ പറയുന്നു: “ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മിൻ! എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂതനെപ്പോലെ ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവൻ ആർ? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവൻ [“നീ,” NW] കേൾക്കുന്നില്ല. യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാൻ പ്രസാദിച്ചിരിക്കുന്നു.”—യെശയ്യാവു 42:18-21.
27 ഇസ്രായേല്യർ എത്ര ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു! അവർ ആവർത്തിച്ച് ജനതകളുടെ ഭൂതദൈവങ്ങളെ ആരാധിക്കുന്നതിലേക്കു തിരിയുന്നു. യഹോവ വീണ്ടും വീണ്ടും തന്റെ സന്ദേശവാഹകരെ അവരുടെ അടുക്കൽ അയയ്ക്കുന്നെങ്കിലും അവർ ചെവികൊടുക്കുന്നില്ല. (2 ദിനവൃത്താന്തം 36:14-16) അതിന്റെ പരിണതഫലം യെശയ്യാവ് മുൻകൂട്ടി പറയുന്നു: “എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടെക്കപ്പെട്ടുമിരിക്കുന്നു; അവർ കവർച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവർ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല. നിങ്ങളിൽ ആർ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആർ ശ്രദ്ധിച്ചു കേൾക്കും? യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവർച്ചക്കാർക്കും ഏല്പിച്ചുകൊടുത്തവൻ ആർ? യഹോവതന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളിൽ നടപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവർ അനുസരിച്ചിട്ടുമില്ല. അതുകൊണ്ടു അവൻ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകർന്നു; അതു അവരുടെ ചുററും ജ്വലിച്ചിട്ടും അവർ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവർ കൂട്ടാക്കിയില്ല.”—യെശയ്യാവു 42:22-25.
28. (എ) യഹൂദാ നിവാസികളുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും? (ബി) നമുക്ക് എങ്ങനെ യഹോവയുടെ അംഗീകാരം നേടാനാകും?
28 യഹൂദാ നിവാസികളുടെ അവിശ്വസ്തത നിമിത്തം പൊ.യു.മു. 607-ൽ ആ ദേശം നശിപ്പിക്കപ്പെടാനും കവർച്ച ചെയ്യപ്പെടാനും യഹോവ അനുവദിക്കുന്നു. ബാബിലോണിയർ യഹോവയുടെ ആലയത്തിനു തീ വെക്കുകയും യെരൂശലേം നശിപ്പിക്കുകയും യഹൂദരെ ബന്ദികളായി പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (2 ദിനവൃത്താന്തം 36:17-21) ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തം നമുക്കു ഗൗരവമായെടുക്കാം. നമുക്ക് ഒരിക്കലും യഹോവയുടെ നിർദേശങ്ങളെ അവഗണിക്കുകയോ അവന്റെ ലിഖിത വചനത്തെ തുച്ഛീകരിക്കുകയോ ചെയ്യാതിരിക്കാം. യഹോവയുടെ അംഗീകൃത ദാസനായ യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് നമുക്കും യഹോവയുടെ അംഗീകാരം നേടാൻ ശ്രമിക്കാം. യേശുവിനെ പോലെ നമുക്കും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യഥാർഥ നീതി മറ്റുള്ളവർക്കു വെളിപ്പെടുത്തിക്കൊടുക്കാം. അങ്ങനെ ചെയ്യുകവഴി, നാം സത്യദൈവമായ യഹോവയെ സ്തുതിക്കുകയും അവനു മഹത്ത്വം കരേറ്റുകയും ചെയ്യുന്ന വെളിച്ചവാഹകരായ അവന്റെ ജനത്തോടൊപ്പം നിലകൊള്ളും.
[അധ്യയന ചോദ്യങ്ങൾ]
[33-ാം പേജിലെ ചിത്രങ്ങൾ]
യഥാർഥ നീതി അനുകമ്പയും കരുണയും ഉള്ളതാണ്
[34-ാം പേജിലെ ചിത്രം]
നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തത്തിലൂടെ, ദൈവിക നീതി സകലരെയും ഉൾപ്പെടുത്തുന്നുവെന്ന് യേശു പ്രകടമാക്കി
[36-ാം പേജിലെ ചിത്രങ്ങൾ]
പ്രോത്സാഹനം നൽകുന്നവരും ദയാവായ്പുള്ളവരും ആയിരിക്കുന്നതിലൂടെ നാം ദൈവിക നീതി പ്രകടമാക്കുന്നു
[39-ാം പേജിലെ ചിത്രങ്ങൾ]
പ്രസംഗ പ്രവർത്തനത്തിലൂടെ നാം ദൈവിക നീതി പ്രകടമാക്കുന്നു
[40-ാം പേജിലെ ചിത്രം]
‘ജനതകൾക്ക് ഒരു വെളിച്ച’മായി ദൈവം അംഗീകൃത ദാസനെ നൽകി