വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ സൃഷ്ടിക്കുന്നതിനെ കുറിച്ച്‌ എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ’

‘ഞാൻ സൃഷ്ടിക്കുന്നതിനെ കുറിച്ച്‌ എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ’

അധ്യായം ഇരുപ​ത്തി​യാറ്‌

‘ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ കുറിച്ച്‌ എന്നേക്കും ഘോഷി​ച്ചു​ല്ല​സി​പ്പിൻ’

യെശയ്യാവു 65:1-25

1. പത്രൊസ്‌ അപ്പൊ​സ്‌തലൻ ആശ്വാ​സ​ക​ര​മായ എന്തു വാക്കുകൾ എഴുതി, ഏതു ചോദ്യം ഉദിക്കു​ന്നു?

 അനീതി​യും ദുരി​ത​വും എന്നെങ്കി​ലും അവസാ​നി​ക്കു​മോ? 1,900 വർഷങ്ങൾക്കു മുമ്പ്‌ പത്രൊസ്‌ അപ്പൊ​സ്‌തലൻ ആശ്വാ​സ​ക​ര​മായ ഈ വാക്കുകൾ എഴുതി: “നാം [ദൈവ​ത്തി​ന്റെ] വാഗ്‌ദ​ത്ത​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​ന്നും പുതിയ ഭൂമി​ക്കു​മാ​യി​ട്ടു കാത്തി​രി​ക്കു​ന്നു.” (2 പത്രൊസ്‌ 3:13) പത്രൊ​സും അതു​പോ​ലെ​തന്നെ പോയ നൂറ്റാ​ണ്ടു​ക​ളി​ലെ വിശ്വ​സ്‌ത​രായ നിരവധി ദൈവ​ദാ​സ​ന്മാ​രും നിയമ​രാ​ഹി​ത്യ​മോ അടിച്ച​മർത്ത​ലോ അക്രമ​മോ ഇല്ലാത്ത, നീതി കളിയാ​ടുന്ന മഹത്തായ ഒരു കാലത്തി​ന്റെ വരവി​നാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രു​ന്നു. ആ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​മോ?

2. ഏതു പ്രവാ​ചകൻ ‘പുതിയ ആകാശ​ത്തെ​യും പുതിയ ഭൂമി’യെയും കുറിച്ചു പറഞ്ഞി​രു​ന്നു, ആ പുരാതന പ്രവച​ന​ത്തിന്‌ എന്തു നിവൃ​ത്തി​കൾ ഉണ്ട്‌?

2 തീർച്ചയായും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും! ‘പുതിയ ആകാശ​ത്തെ​യും പുതിയ ഭൂമി’യെയും കുറിച്ചു പറഞ്ഞ​പ്പോൾ പത്രൊസ്‌ ഒരു പുതിയ ആശയം അവതരി​പ്പി​ക്കു​ക​യാ​യി​രു​ന്നില്ല. അതിനും ഏതാണ്ട്‌ 800 വർഷം മുമ്പ്‌ തന്റെ പ്രവാ​ച​ക​നായ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ സമാന​മായ വാക്കുകൾ പ്രസ്‌താ​വി​ച്ചി​രു​ന്നു. ആ മുൻ വാഗ്‌ദാ​ന​ത്തിന്‌ പൊ.യു.മു. 537-ൽ ചെറിയ തോതി​ലുള്ള ഒരു നിവൃത്തി ഉണ്ടായി. യഹൂദ​ന്മാർ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെട്ട്‌ സ്വദേ​ശ​ത്തേക്കു മടങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അത്‌. എന്നാൽ യെശയ്യാ​വി​ന്റെ ഈ പ്രവച​ന​ത്തിന്‌ ഇന്ന്‌ മഹത്തായ ഒരു നിവൃ​ത്തി​യുണ്ട്‌. ദൈവ​ത്തി​ന്റെ ആസന്നമായ പുതിയ ലോക​ത്തിൽ അതിന്റെ കൂടുതൽ ആവേശ​ക​ര​മായ നിവൃ​ത്തി​ക്കാ​യി നാം ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ന്നു. തീർച്ച​യാ​യും, യെശയ്യാവ്‌ മുഖാ​ന്തരം നൽകിയ ഹൃദ​യോ​ഷ്‌മ​ള​മായ പ്രവചനം, തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി ദൈവം ഒരുക്കി​വെ​ച്ചി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ഒരു ഹ്രസ്വ​ചി​ത്രം നൽകുന്നു.

യഹോവ ‘മത്സരമുള്ള ഒരു ജനത്തോട്‌’ അഭ്യർഥി​ക്കു​ന്നു

3. യെശയ്യാ​വു 65-ാം അധ്യാ​യ​ത്തിൽ എന്തു ചോദ്യ​ത്തി​നുള്ള ഉത്തരം കാണാം?

3 യെശയ്യാവു 63:15–64:12-ൽ ബാബി​ലോ​ണി​ലെ യഹൂദാ പ്രവാ​സി​കൾക്കാ​യുള്ള യെശയ്യാ​വി​ന്റെ പ്രാവ​ച​നിക പ്രാർഥന അടങ്ങി​യി​രി​ക്കു​ന്ന​താ​യി നാം കണ്ടിരു​ന്നു. യെശയ്യാ​വി​ന്റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നതു പോലെ, പല യഹൂദ​ന്മാ​രും യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ ആരാധി​ക്കു​ന്നില്ല. എന്നാൽ ചിലർ അനുത​പിച്ച്‌ അവനി​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു. അനുതാ​പ​മുള്ള ആ ശേഷി​പ്പി​നെ​പ്രതി യഹോവ ആ ജനതയെ പുനഃ​സ്ഥി​തീ​ക​രി​ക്കു​മോ? അതിനുള്ള ഉത്തരം യെശയ്യാ​വു 65-ാം അധ്യാ​യ​ത്തിൽ കാണാം. വിശ്വ​സ്‌ത​രായ കുറച്ചു പേർക്കാ​യി വിമോ​ച​ന​ത്തി​ന്റെ വാഗ്‌ദാ​നം നൽകു​ന്ന​തി​നു മുമ്പ്‌ വിശ്വാ​സ​മി​ല്ലാത്ത പലർക്കും സംഭവി​ക്കാൻ പോകുന്ന ന്യായ​വി​ധി​യെ കുറിച്ച്‌ യഹോവ വിവരി​ക്കു​ന്നു.

4. (എ) മത്സരി​യായ ജനതയിൽനി​ന്നു ഭിന്നമാ​യി ആർ യഹോ​വയെ അന്വേ​ഷി​ക്കും? (ബി) പൗലൊസ്‌ അപ്പൊ​സ്‌തലൻ യെശയ്യാ​വു 65:1, 2 ആർക്കു ബാധക​മാ​ക്കി?

4 തന്റെ ജനത്തിന്റെ നിരന്തര മത്സരഗ​തി​യെ യഹോവ ക്ഷമയോ​ടെ സഹിച്ചി​രി​ക്കു​ന്നു. എന്നാൽ, അവൻ അവരെ ശത്രു​ക്ക​ളു​ടെ കയ്യിൽ ഏൽപ്പി​ക്കു​ക​യും തന്റെ പ്രീതി​യി​ലേക്കു മറ്റുള്ള​വരെ ദയാപു​ര​സ്സരം ക്ഷണിക്കു​ക​യും ചെയ്യുന്ന സമയം വരും. യെശയ്യാവ്‌ മുഖാ​ന്തരം യഹോവ പറയുന്നു: “എന്നെ ആഗ്രഹി​ക്കാ​ത്തവർ എന്നെ അന്വേ​ഷി​പ്പാൻ ഇടയായി; എന്നെ അന്വേ​ഷി​ക്കാ​ത്ത​വർക്കു എന്നെ കണ്ടെത്തു​വാൻ സംഗതി വന്നു; എന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കാത്ത ജാതി​യോ​ടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.” (യെശയ്യാ​വു 65:1) ജാതി​ക​ളിൽ പെട്ടവർ യഹോ​വ​യു​ടെ അടുക്ക​ലേക്കു വരുക​യും അതേസ​മയം, മത്സരി​യായ യഹൂദ ഒന്നടങ്കം അതിനു വിസമ്മ​തി​ക്കു​ക​യും ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ ഉടമ്പടി ജനത്തോ​ടുള്ള ബന്ധത്തിൽ എത്ര ഖേദക​ര​മാണ്‌. മുമ്പ്‌ അംഗീ​ക​രി​ക്ക​പ്പെ​ടാ​തി​രുന്ന ഒരു ജാതിയെ യഹോവ അന്തിമ​മാ​യി തിര​ഞ്ഞെ​ടു​ക്കു​മെന്നു മുൻകൂ​ട്ടി പറയു​ന്നത്‌ പ്രവാ​ച​ക​നായ യെശയ്യാവ്‌ മാത്രമല്ല. (ഹോശേയ 1:10; 2:23) “വിശ്വാ​സ​ത്താ​ലുള്ള നീതി” പ്രാപി​ക്കാൻ സ്വാഭാ​വിക യഹൂദ​ന്മാർ കൂട്ടാ​ക്കു​ക​യി​ല്ലെ​ങ്കി​ലും ജാതി​ക​ളിൽ പെട്ടവർ അതു പ്രാപി​ക്കു​മെന്നു സ്ഥാപി​ക്കാൻ പൗലൊസ്‌ അപ്പൊ​സ്‌തലൻ സെപ്‌റ്റു​വ​ജി​ന്റിൽ നിന്ന്‌ യെശയ്യാ​വു 65:1, 2 ഉദ്ധരിച്ചു.—റോമർ 9:30; 10:20, 21.

5, 6. (എ) യഹോവ ആത്മാർഥ​മായ എന്ത്‌ ആഗ്രഹം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു, എന്നാൽ അവന്റെ ജനം അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു? (ബി) യഹൂദ​യോ​ടുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

5 തന്റെ സ്വന്തം ജനം കഷ്ടം അനുഭ​വി​ക്കാൻ യഹോവ അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം അവൻ വിശദീ​ക​രി​ക്കു​ന്നു: “സ്വന്ത വിചാ​ര​ങ്ങളെ അനുസ​രി​ച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തി​ങ്ക​ലേക്കു ഞാൻ ഇടവി​ടാ​തെ [“ദിവസം മുഴുവൻ,” “പി.ഒ.സി. ബൈ.”] കൈ നീട്ടുന്നു.” (യെശയ്യാ​വു 65:2) ഇവിടെ കൈ നീട്ടു​ന്ന​തു​കൊണ്ട്‌ ക്ഷണത്തെ അല്ലെങ്കിൽ അഭ്യർഥ​നയെ ആണ്‌ അർഥമാ​ക്കു​ന്നത്‌. യഹോവ തന്റെ കൈ നീട്ടി​യി​രി​ക്കു​ന്നു, അൽപ്പ നേര​ത്തേക്കല്ല, ദിവസം മുഴു​വ​നും. യഹൂദ തന്നി​ലേക്കു മടങ്ങണം എന്നതാണ്‌ അവന്റെ ഹൃദയം​ഗ​മ​മായ ആഗ്രഹം. എന്നാൽ, മത്സരി​ക​ളായ ആ ജനം അതി​നോ​ടു പ്രതി​ക​രി​ക്കാൻ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

6 യഹോവയുടെ വാക്കു​ക​ളിൽനിന്ന്‌ എത്ര ഹൃദ​യോ​ഷ്‌മ​ള​മായ പാഠമാ​ണു നാം പഠിക്കു​ന്നത്‌! ആളുകൾക്കു സമീപി​ക്കാൻ കഴിയുന്ന ഒരു ദൈവ​മാ​യ​തി​നാൽ നാം അവനോട്‌ അടുത്തു​ചെ​ല്ലാൻ അവൻ ആഗ്രഹി​ക്കു​ന്നു. (യാക്കോബ്‌ 4:8) ഈ വാക്കുകൾ യഹോവ താഴ്‌മ​യു​ള്ള​വ​നാ​ണെ​ന്നും പ്രകട​മാ​ക്കു​ന്നു. (സങ്കീർത്തനം 113:5, 6) യഹോ​വ​യു​ടെ ജനത്തിന്റെ മത്സരഗതി അവനെ “ദുഃഖി​പ്പി​ച്ചു” എങ്കിലും, തന്നി​ലേക്കു മടങ്ങി​വ​രാൻ അഭ്യർഥി​ച്ചു​കൊണ്ട്‌ അവൻ പ്രതീ​കാ​ത്മ​ക​മാ​യി തുടർന്നും കൈകൾ നീട്ടുന്നു. (സങ്കീർത്തനം 78:40, 41) പല നൂറ്റാ​ണ്ടു​ക​ളോ​ളം അവരോട്‌ അഭ്യർഥി​ച്ച​ശേഷം മാത്ര​മാണ്‌ അവൻ അവരെ ശത്രു​ക്ക​ളു​ടെ കൈക​ളിൽ ഏൽപ്പി​ക്കു​ന്നത്‌. അപ്പോൾ പോലും അവരുടെ ഇടയിലെ താഴ്‌മ​യുള്ള വ്യക്തി​ക​ളു​ടെ നേർക്ക്‌ അവൻ വാതിൽ കൊട്ടി​യ​ട​യ്‌ക്കു​ന്നില്ല.

7, 8. യഹോ​വ​യു​ടെ മത്സരി​ക​ളായ ജനം ഏതെല്ലാം വിധങ്ങ​ളിൽ അവനെ പ്രകോ​പി​പ്പി​ച്ചി​രി​ക്കു​ന്നു?

7 മത്സരികളായ യഹൂദ​ന്മാർ തങ്ങളുടെ അവജ്ഞ കലർന്ന പെരു​മാ​റ്റ​ത്താൽ യഹോ​വയെ ആവർത്തി​ച്ചാ​വർത്തി​ച്ചു പ്രകോ​പി​പ്പി​ച്ചി​രി​ക്കു​ന്നു. അവരുടെ മോശ​മായ പ്രവർത്ത​ന​ങ്ങളെ യഹോവ ഇങ്ങനെ വിവരി​ക്കു​ന്നു: “അവർ എന്റെ മുഖത്തു നോക്കി എല്ലായ്‌പോ​ഴും എന്നെ കോപി​പ്പി​ക്കു​ന്നോ​രു ജനമായി തോട്ട​ങ്ങ​ളിൽ ബലിക​ഴി​ക്ക​യും ഇഷ്ടിക​മേൽ ധൂപം കാണി​ക്ക​യും കല്ലറക​ളിൽ കുത്തി​യി​രി​ക്ക​യും ഗുഹക​ളിൽ രാപാർക്ക​യും പന്നിയി​റച്ചി തിന്നു​ക​യും പാത്ര​ങ്ങ​ളിൽ അറെപ്പായ ചാറു നിറെ​ക്ക​യും മാറി നില്‌ക്ക; ഇങ്ങോട്ടു അടുക്ക​രു​തു; ഞാൻ നിന്നെ​ക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവി​ടാ​തെ കത്തുന്ന തീയും ആകുന്നു.” (യെശയ്യാ​വു 65:3-5) പ്രത്യ​ക്ഷ​ത്തിൽ ഭക്തരാ​ണെന്നു തോന്നുന്ന അവർ യഹോ​വയെ അവന്റെ “മുഖത്തു നോക്കി”—ഈ പ്രയോ​ഗം ധിക്കാ​ര​ത്തെ​യും അനാദ​ര​വി​നെ​യും സൂചി​പ്പി​ക്കു​ന്നു—കോപി​പ്പി​ക്കു​ക​യാണ്‌. അവരുടെ മ്ലേച്ഛതകൾ മറച്ചു​വെ​ക്കാൻ അവർ യാതൊ​രു ശ്രമവും നടത്തു​ന്നില്ല. നാം ബഹുമാ​നി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യേണ്ട ഒരുവന്റെ സാന്നി​ധ്യ​ത്തിൽത്തന്നെ പാപങ്ങൾ ചെയ്യു​ന്നത്‌ അങ്ങേയറ്റം അപലപ​നീ​യ​മല്ലേ?

8 സ്വയനീതിക്കാരായ ഈ പാപികൾ ഫലത്തിൽ മറ്റ്‌ യഹൂദ​ന്മാ​രോട്‌ ഇങ്ങനെ പറയു​ക​യാണ്‌: ‘മാറി​നിൽക്കുക, കാരണം ഞാൻ നിന്നെ​ക്കാൾ വിശു​ദ്ധ​നാണ്‌.’ എന്തൊരു കാപട്യം! ഈ ‘ഭക്തർ’ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം വിലക്കുന്ന വ്യാജ​ദൈ​വ​ങ്ങൾക്കു യാഗങ്ങൾ അർപ്പി​ക്കു​ക​യും സുഗന്ധ​വർഗം കത്തിക്കു​ക​യും ചെയ്യുന്നു. (പുറപ്പാ​ടു 20:2-6) അവർ ശ്‌മശാ​ന​ങ്ങ​ളിൽ ഇരിക്കു​ന്നു, ന്യായ​പ്ര​മാണ പ്രകാരം അത്‌ അവരെ അശുദ്ധ​രാ​ക്കു​ന്നു. (സംഖ്യാ​പു​സ്‌തകം 19:14-16) അവർ അശുദ്ധ ഭക്ഷണമായ പന്നിമാം​സം കഴിക്കു​ന്നു. a (ലേവ്യ​പു​സ്‌തകം 11:7) എന്നാൽ, തങ്ങളുടെ മതപര​മായ പ്രവർത്ത​നങ്ങൾ മൂലം തങ്ങൾ മറ്റു യഹൂദ​ന്മാ​രെ​ക്കാൾ വിശു​ദ്ധ​രാ​ണെന്ന്‌ അവർക്കു തോന്നു​ന്നു. തങ്ങളു​മാ​യുള്ള സഹവാ​സ​ത്താൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ, അല്ലെങ്കിൽ ശുദ്ധരാ​കാ​തി​രി​ക്കാൻ, മറ്റുള്ള​വരെ തങ്ങളിൽനിന്ന്‌ അകറ്റി​നി​റു​ത്തു​ന്ന​തിന്‌ അവർ ആഗ്രഹി​ക്കു​ന്നു. എന്നിരു​ന്നാ​ലും, “അനന്യ ഭക്തി” നിഷ്‌കർഷി​ക്കുന്ന ദൈവം തികച്ചും വ്യത്യ​സ്‌ത​മാ​യി​ട്ടാ​ണു കാര്യ​ങ്ങളെ വീക്ഷി​ക്കു​ന്നത്‌!—ആവർത്ത​ന​പു​സ്‌തകം 4:24, NW.

9. സ്വയനീ​തി​ക്കാ​രായ പാപി​കളെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

9 ഈ സ്വയനീ​തി​ക്കാ​രെ വിശു​ദ്ധ​രാ​യി കണക്കാ​ക്കു​ന്ന​തി​നു പകരം യഹോവ ഇങ്ങനെ പറയുന്നു: ‘അവർ എന്റെ മൂക്കിൽ പുക ആകുന്നു.’ എബ്രായ ഭാഷയിൽ ‘മൂക്ക്‌’ എന്നതി​നുള്ള പദം പ്രതീ​കാ​ത്മ​ക​മാ​യി കോപത്തെ കുറി​ക്കാൻ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നു. പുക യഹോ​വ​യു​ടെ ജ്വലി​ക്കുന്ന കോപ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 29:20, NW) അവന്റെ ജനം ഏർപ്പെ​ടുന്ന മ്ലേച്ഛമായ വിഗ്ര​ഹാ​രാ​ധന യഹോ​വ​യു​ടെ ജ്വലി​ക്കുന്ന കോപത്തെ ഇളക്കി​യി​രി​ക്കു​ന്നു.

10. യഹൂദ​യിൽ ഉള്ളവരു​ടെ പാപങ്ങ​ളെ​പ്രതി യഹോവ എങ്ങനെ പകരം കൊടു​ക്കും?

10 നീതിമാനായ യഹോ​വ​യ്‌ക്ക്‌ ഈ മനഃപൂർവ പാപി​കളെ ശിക്ഷി​ക്കാ​തെ നിർവാ​ഹ​മില്ല. യെശയ്യാവ്‌ എഴുതു​ന്നു: “അതു എന്റെ മുമ്പാകെ എഴുതി​വെ​ച്ചി​രി​ക്കു​ന്നു; ഞാൻ പകരം വീട്ടി​യ​ല്ലാ​തെ അടങ്ങി​യി​രി​ക്ക​യില്ല; അവരുടെ മാർവ്വി​ട​ത്തി​ലേക്കു തന്നേ ഞാൻ പകരം വീട്ടും. നിങ്ങളു​ടെ അകൃത്യ​ങ്ങൾക്കും മലകളി​ന്മേൽ ധൂപം കാട്ടു​ക​യും കുന്നു​ക​ളി​ന്മേൽ എന്നെ ദുഷി​ക്ക​യും ചെയ്‌തി​ട്ടുള്ള നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രു​ടെ അകൃത്യ​ങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതി​ഫലം അവരുടെ മാർവ്വി​ട​ത്തി​ലേക്കു അളന്നു​കൊ​ടു​ക്കും എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 65:6, 7) വ്യാജാ​രാ​ധ​ന​യിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ ഈ യഹൂദ​ന്മാർ യഹോ​വയെ നിന്ദി​ച്ചി​രി​ക്കു​ന്നു. അവർ സത്യ​ദൈ​വ​ത്തി​ന്റെ ആരാധ​നയെ ചുറ്റു​മുള്ള ജാതി​ക​ളു​ടെ ആരാധന പോലെ ആക്കിയി​രി​ക്കു​ന്നു. വിഗ്ര​ഹാ​രാ​ധ​ന​യും ആത്മവി​ദ്യ​യും ഉൾപ്പെ​ടെ​യുള്ള ‘അവരുടെ അകൃത്യ​ങ്ങൾ’ നിമിത്തം യഹോവ ‘അവരുടെ മാർവ്വി​ട​ത്തിൽ’ പകരം ചെയ്യും. ഈ വാക്യ​ത്തി​ലെ ‘മാർവ്വി​ടം’ എന്ന പ്രയോ​ഗം, അറ്റങ്ങൾ ചേർത്ത്‌ മുകളി​ലേക്കു മടക്കി​പ്പി​ടി​ച്ചി​രി​ക്കുന്ന മേലങ്കി​യു​ടെ ഭാഗത്തെ പരാമർശി​ക്കു​ന്നു, വിൽപ്പ​ന​ക്കാർ സാധാരണ സാധനങ്ങൾ അളന്ന്‌ ഇട്ടു​കൊ​ടു​ത്തി​രു​ന്നത്‌ ഇതി​ലേ​ക്കാണ്‌. (ലൂക്കൊസ്‌ 6:38) വിശ്വാ​സ​ത്യാ​ഗി​ക​ളായ യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അതിന്റെ അർഥം വ്യക്തമാണ്‌—യഹോവ അവരുടെ “പ്രതി​ഫലം” അഥവാ ശിക്ഷ അളന്നു​കൊ​ടു​ക്കും. നീതി​യു​ടെ ദൈവം പകരം ചോദി​ക്കും. (സങ്കീർത്തനം 79:12; യിരെ​മ്യാ​വു 32:18) യഹോ​വ​യ്‌ക്കു മാറ്റമി​ല്ലാ​ത്ത​തി​നാൽ, തക്കസമ​യത്ത്‌ സമാന​മായ വിധത്തിൽ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ മേലും അവൻ ശിക്ഷ അളന്നു​കൊ​ടു​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—മലാഖി 3:6.

“എന്റെ ദാസന്മാർനി​മി​ത്തം”

11. ഒരു വിശ്വസ്‌ത ശേഷി​പ്പി​നെ താൻ രക്ഷിക്കു​മെന്ന്‌ യഹോവ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

11 തന്റെ ജനത്തി​നി​ട​യി​ലെ വിശ്വ​സ്‌ത​രോട്‌ യഹോവ കരുണ കാണി​ക്കു​മോ? യെശയ്യാവ്‌ വിശദീ​ക​രി​ക്കു​ന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: മുന്തി​രി​ക്കു​ല​യിൽ പുതു​വീ​ഞ്ഞു കണ്ടിട്ടു; നശിപ്പി​ക്ക​രു​തു; ഒരനു​ഗ്രഹം അതിൽ ഉണ്ടു എന്നു പറയു​ന്ന​തു​പോ​ലെ ഞാൻ എന്റെ ദാസന്മാർനി​മി​ത്തം പ്രവർത്തി​ക്കും; എല്ലാവ​രെ​യും നശിപ്പി​ക്ക​യില്ല. ഞാൻ യാക്കോ​ബിൽനി​ന്നു ഒരു സന്തതി​യെ​യും യെഹൂ​ദ​യിൽനി​ന്നു എന്റെ പർവ്വത​ങ്ങൾക്കു ഒരു അവകാ​ശി​യെ​യും ഉത്ഭവി​പ്പി​ക്കും; എന്റെ വൃതന്മാർ അതിനെ കൈവ​ശ​മാ​ക്കു​ക​യും എന്റെ ദാസന്മാർ അവിടെ വസിക്ക​യും ചെയ്യും.” (യെശയ്യാ​വു 65:8, 9) തന്റെ ജനത്തെ ഒരു മുന്തി​രി​ക്കു​ല​യോ​ടു താരത​മ്യം ചെയ്യു​ക​വഴി അവർക്ക്‌ എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാൻ കഴിയുന്ന ഒരു ദൃഷ്ടാന്തം യഹോവ ഉപയോ​ഗി​ക്കു​ക​യാണ്‌. ദേശത്ത്‌ മുന്തിരി ധാരാ​ള​മുണ്ട്‌. മുന്തി​രി​യിൽനിന്ന്‌ ഉണ്ടാക്കുന്ന വീഞ്ഞ്‌ മനുഷ്യ​വർഗ​ത്തിന്‌ ഒരു അനു​ഗ്ര​ഹ​മാണ്‌. (സങ്കീർത്തനം 104:15) ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പ്രതീകം നല്ല മുന്തി​രി​ങ്ങ​യും കേടായ മുന്തി​രി​ങ്ങ​യു​മുള്ള ഒരു മുന്തി​രി​ക്കു​ല​യു​ടേ​താ​യി​രി​ക്കാം. അല്ലെങ്കിൽ, ഒരു മുന്തി​രി​ക്കുല നല്ലതും ബാക്കി​യുള്ള കുലകൾ പഴുക്കാ​ത്ത​തോ ചീഞ്ഞതോ ആണെന്നു​മാ​യി​രി​ക്കാം ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. സംഗതി ഏതാ​ണെ​ങ്കി​ലും, തോട്ട​ക്കാ​രൻ നല്ല മുന്തി​രിങ്ങ നശിപ്പി​ക്കു​ക​യില്ല. അങ്ങനെ, താൻ ജനത്തെ പാടേ നശിപ്പി​ക്കു​ക​യി​ല്ലെ​ന്നും ഒരു വിശ്വസ്‌ത ശേഷി​പ്പി​നെ അവശേ​ഷി​പ്പി​ക്കു​മെ​ന്നും ദൈവം തന്റെ ജനത്തിന്‌ ഉറപ്പേ​കു​ന്നു. ഈ അനുഗൃ​ഹീത ശേഷിപ്പ്‌ തന്റെ “പർവ്വതങ്ങൾ,” അതായത്‌ സ്വന്ത​മെന്ന്‌ യഹോവ അവകാ​ശ​പ്പെട്ട മലമ്പ്ര​ദേ​ശ​മായ യെരൂ​ശ​ലേ​മും യഹൂദാ ദേശവും, അവകാ​ശ​മാ​ക്കു​മെന്ന്‌ അവൻ പ്രസ്‌താ​വി​ക്കു​ന്നു.

12. വിശ്വസ്‌ത ശേഷി​പ്പി​നെ എന്ത്‌ അനു​ഗ്ര​ഹങ്ങൾ കാത്തി​രി​ക്കു​ന്നു?

12 വിശ്വസ്‌ത ശേഷി​പ്പിന്‌ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ ലഭിക്കാൻ പോകു​ന്നത്‌? യഹോവ വിശദീ​ക​രി​ക്കു​ന്നു: “എന്നെ അന്വേ​ഷി​ച്ചി​ട്ടുള്ള എന്റെ ജനത്തി​ന്നാ​യി ശാരോൻ ആടുകൾക്കു മേച്ചൽപു​റ​വും ആഖോർതാ​ഴ്‌വര കന്നുകാ​ലി​കൾക്കു കിടപ്പി​ട​വും ആയിരി​ക്കും.” (യെശയ്യാ​വു 65:10) അനേകം യഹൂദ​ന്മാ​രു​ടെ​യും ജീവി​ത​ത്തിൽ വളർത്തു​മൃ​ഗങ്ങൾ സുപ്ര​ധാ​ന​മായ ഒരു പങ്കു വഹിക്കു​ന്നു. അവിടു​ത്തെ സുലഭ​മായ മേച്ചിൽപ്പു​റങ്ങൾ സമാധാന കാലത്ത്‌ സമൃദ്ധി കൈവ​രാൻ സഹായി​ക്കു​ന്നു. സമാധാ​ന​ത്തി​ന്റെ​യും സമൃദ്ധി​യു​ടെ​യും ഒരു ചിത്രം വരച്ചു​കാ​ട്ടാൻ ദേശത്തി​ന്റെ രണ്ട്‌ ദിക്കു​കളെ യഹോവ പരാമർശി​ക്കു​ന്നു. പടിഞ്ഞാറ്‌ ശാരോൻ സമതല​മാണ്‌. മനോ​ഹാ​രി​ത​യ്‌ക്കും ഫലഭൂ​യി​ഷ്‌ഠ​ത​യ്‌ക്കും പേരു​കേട്ട അത്‌ മെഡി​റ്റ​റേ​നി​യൻ തീരത്താ​ണു സ്ഥിതി ചെയ്യു​ന്നത്‌. ആഖോർ താഴ്‌വര ദേശത്തി​ന്റെ വടക്കു​കി​ഴക്കൻ അതിർത്തി​യു​ടെ ഭാഗമാണ്‌. (യോശുവ 15:7) ആസന്നമായ പ്രവാ​സ​കാ​ലത്ത്‌ ശേഷി​ക്കുന്ന ദേശ​ത്തോ​ടൊ​പ്പം ആ പ്രദേ​ശ​ങ്ങ​ളും ശൂന്യ​മാ​യി കിടക്കും. എന്നാൽ, പ്രവാ​സ​കാ​ലം കഴിഞ്ഞ്‌ മടങ്ങി​വ​രുന്ന ശേഷി​പ്പിന്‌ അവ മനോ​ഹ​ര​മായ മേച്ചിൽപ്പു​റം ആയിത്തീ​രു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു.—യെശയ്യാ​വു 35:2; ഹോശേയ 2:15.

‘ഭാഗ്യ​ദേ​വ​നിൽ’ ആശ്രയി​ക്കു​ന്നു

13, 14. ദൈവ​ത്തി​ന്റെ ജനം അവനെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു എന്ന്‌ അവരുടെ എന്ത്‌ ആചാരങ്ങൾ പ്രകട​മാ​ക്കു​ന്നു, അതിന്റെ ഫലമായി അവർക്ക്‌ എന്തു സംഭവി​ക്കും?

13 യഹോവയെ ഉപേക്ഷി​ക്കു​ക​യും വിഗ്ര​ഹാ​രാ​ധ​ന​യിൽ തുടരു​ക​യും ചെയ്‌തി​ട്ടു​ള്ള​വ​രി​ലേക്ക്‌ യെശയ്യാ പ്രവചനം ശ്രദ്ധ തിരി​ക്കു​ന്നു. അത്‌ ഇങ്ങനെ പറയുന്നു: ‘എന്നാൽ [നിങ്ങൾ] യഹോ​വയെ ഉപേക്ഷി​ക്ക​യും എന്റെ വിശു​ദ്ധ​പർവ്വ​തത്തെ മറക്കയും ഗദ്‌ദേ​വന്നു [“ഭാഗ്യ​ദേവൻ,” “പി.ഒ.സി. ബൈ.”] ഒരു മേശ ഒരുക്കി മെനി​ദേ​വി​ക്കു [‘വിധി​ദേവൻ,’ “പി.ഒ.സി. ബൈ.”] വീഞ്ഞു കലർത്തി നിറെ​ച്ചു​വെ​ക്ക​യും ചെയ്യുന്നു.’ (യെശയ്യാ​വു 65:11) ‘ഭാഗ്യ​ദേ​വന്റെ’യും ‘വിധി​ദേ​വന്റെ’യും ഭക്ഷണപാ​നീ​യ​ങ്ങ​ളു​ടെ ഒരു മേശ ഒരുക്കി​വെ​ക്കു​ക​വഴി ഈ അധമ യഹൂദർ പുറജാ​തി​ക​ളു​ടെ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്ക്‌ വഴുതി​വീ​ണി​രി​ക്കു​ന്നു. b അന്ധമായി ഈ ദൈവ​ങ്ങ​ളിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ ഗതി എന്തായി​ത്തീ​രും?

14 യഹോവ വളരെ വ്യക്തമാ​യി ഈ മുന്നറി​യി​പ്പു നൽകുന്നു: “ഞാൻ വിളി​ച്ച​പ്പോൾ നിങ്ങൾ ഉത്തരം പറയാ​തെ​യും ഞാൻ അരുളി​ച്ചെ​യ്‌ത​പ്പോൾ കേൾക്കാ​തെ​യും എനിക്കു അനിഷ്ട​മാ​യു​ള്ളതു പ്രവർത്തി​ച്ചു എനിക്കു പ്രസാ​ദ​മ​ല്ലാ​ത്തതു തിര​ഞ്ഞെ​ടു​ത്ത​തു​കൊ​ണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമി​ച്ചു​കൊ​ടു​ക്കും; നിങ്ങൾ എല്ലാവ​രും കുലെക്കു കുനി​യേ​ണ്ടി​വ​രും.” (യെശയ്യാ​വു 65:12) മൂല എബ്രായ ഭാഷയിൽ വിധി​ദേ​വന്റെ പേരിനെ ഹാസ്യ​രൂ​പ​ത്തിൽ പരാമർശി​ച്ചു​കൊണ്ട്‌, ഈ വ്യാജ​ദൈ​വത്തെ ആരാധി​ക്കു​ന്ന​വരെ ‘വാളിനു നിയമി​ച്ചു​കൊ​ടു​ക്കും’ അഥവാ വിധി​ക്കും, അതായത്‌ അവരെ നശിപ്പി​ക്കും, എന്ന്‌ യഹോവ പറയുന്നു. അനുത​പി​ക്കാൻ അവൻ ഈ പുരു​ഷ​ന്മാ​രോട്‌ തന്റെ പ്രവാ​ച​ക​ന്മാർ മുഖാ​ന്തരം ആഹ്വാനം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ, അവർ അവനെ അവഗണി​ക്കു​ക​യും അവന്റെ ദൃഷ്ടി​യിൽ മോശ​മാ​യതു പ്രവർത്തി​ക്കാൻ മത്സരപൂർവം തീരു​മാ​നി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവർ ദൈവ​ത്തോട്‌ എത്രയ​ധി​കം അവജ്ഞയാ​ണു കാട്ടു​ന്നത്‌! അവന്റെ മുന്നറി​യി​പ്പി​ന്റെ നിവൃത്തി എന്ന നിലയിൽ, പൊ.യു.മു. 607-ൽ ആ ജനത ഒരു മഹാവി​പത്ത്‌ അനുഭ​വി​ക്കും. അന്ന്‌ യെരൂ​ശ​ലേ​മും അതിലെ ആലയവും നശിപ്പി​ക്കാൻ യഹോവ ബാബി​ലോ​ണി​യരെ അനുവ​ദി​ക്കും. അപ്പോൾ യഹൂദ​യി​ലും യെരൂ​ശ​ലേ​മി​ലും ഉള്ള തന്റെ ഭക്തരെ സംരക്ഷി​ക്കു​ന്ന​തിൽ ‘ഭാഗ്യ​ദേവൻ’ വിജയി​ക്കു​ക​യില്ല.—2 ദിനവൃ​ത്താ​ന്തം 36:17.

15. യെശയ്യാ​വു 65:11, 12-ൽ കാണുന്ന മുന്നറി​യി​പ്പിന്‌ ഇന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾ ചെവി കൊടു​ക്കു​ന്നത്‌ എങ്ങനെ?

15 യെശയ്യാവു 65:11, 12-ൽ കാണുന്ന മുന്നറി​യി​പ്പിന്‌ ഇന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾ ചെവി കൊടു​ക്കു​ന്നു. ‘ഭാഗ്യം’ എന്നത്‌ അനു​ഗ്ര​ഹങ്ങൾ ചൊരി​യാൻ കഴിയുന്ന എന്തെങ്കി​ലും തരത്തി​ലുള്ള പ്രകൃ​ത്യ​തീത ശക്തി ആണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നില്ല. ഭാഗ്യ​ദേ​വനെ പ്രസാ​ദി​പ്പി​ക്കാൻ അവർ ഭൗതിക സ്വത്തുക്കൾ ധൂർത്ത​ടി​ക്കു​ന്നില്ല. മാത്രമല്ല, അവർ എല്ലാത്തരം ചൂതാ​ട്ട​വും വർജി​ക്കു​ന്നു. ഈ ദൈവ​ത്തി​നു തങ്ങളെ​ത്തന്നെ അർപ്പി​ക്കു​ന്ന​വർക്ക്‌ ഒടുവിൽ സകലവും നഷ്ടമാ​കു​മെന്ന്‌ അവർക്കു നല്ല ബോധ്യ​മുണ്ട്‌. കാരണം, ഭാഗ്യ​ദേ​വനെ പ്രസാ​ദി​പ്പി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രോട്‌ “ഞാൻ നിങ്ങളെ വാളിന്നു നിയമി​ച്ചു​കൊ​ടു​ക്കും” എന്ന്‌ യഹോവ പറയുന്നു.

“എന്റെ ദാസന്മാർ സന്തോ​ഷി​ക്കും”

16. തന്റെ വിശ്വസ്‌ത ദാസന്മാ​രെ യഹോവ ഏതെല്ലാം വിധങ്ങ​ളിൽ അനു​ഗ്ര​ഹി​ക്കും, അവനെ ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ എന്തു സത്യമാ​യി​രി​ക്കും?

16 യഹോവയെ ഉപേക്ഷി​ച്ച​വരെ ശാസി​ക്കവേ, ദൈവത്തെ ആത്മാർഥ​മാ​യി ആരാധി​ക്കു​ന്ന​വർക്കും കപടഭക്തി കാണി​ക്കു​ന്ന​വർക്കും സംഭവി​ക്കാ​നി​രി​ക്കുന്ന രണ്ടു വ്യത്യസ്‌ത കാര്യ​ങ്ങളെ കുറിച്ചു പ്രവചനം വിവരി​ക്കു​ന്നു: “അതു​കൊ​ണ്ടു യഹോ​വ​യായ കർത്താവു ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നി​രി​ക്കും; എന്റെ ദാസന്മാർ പാനം​ചെ​യ്യും; നിങ്ങളോ ദാഹി​ച്ചി​രി​ക്കും; എന്റെ ദാസന്മാർ സന്തോ​ഷി​ക്കും; നിങ്ങളോ ലജ്ജിച്ചി​രി​ക്കും. എന്റെ ദാസന്മാർ ഹൃദയാ​ന​ന്ദം​കൊ​ണ്ടു ഘോഷി​ക്കും; നിങ്ങളോ മനോ​വ്യ​സ​നം​കൊ​ണ്ടു നിലവി​ളി​ച്ചു മനോ​വ്യ​ഥ​യാൽ മുറയി​ടും.” (യെശയ്യാ​വു 65:13, 14) യഹോവ തന്റെ വിശ്വസ്‌ത ദാസന്മാ​രെ അനു​ഗ്ര​ഹി​ക്കും. സന്തോ​ഷ​ത്താൽ തുടി​ക്കുന്ന ഹൃദയ​ങ്ങ​ളോ​ടെ അവർ ആർപ്പി​ടും. ഭക്ഷിക്കും, പാനം ചെയ്യും, സന്തോ​ഷി​ക്കും എന്നൊ​ക്കെ​യുള്ള പ്രയോ​ഗങ്ങൾ യഹോവ തന്റെ ആരാധ​ക​രു​ടെ ആവശ്യങ്ങൾ സമൃദ്ധ​മാ​യി തൃപ്‌തി​പ്പെ​ടു​ത്തു​മെന്നു കാണി​ക്കു​ന്നു. അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, യഹോ​വയെ ത്യജി​ക്കു​ന്നവർ ആത്മീയ​മാ​യി വിശന്നും ദാഹി​ച്ചും ഇരിക്കും. അവരുടെ ആവശ്യ​ങ്ങൾക്കു തൃപ്‌തി വരുക​യില്ല. മനോ​വ്യ​സ​ന​ത്താൽ അവർ നിലവി​ളി​ച്ചു മുറയി​ടും.

17. യഹോ​വ​യു​ടെ ജനത്തിന്‌ ഇന്നു ഘോഷി​ച്ചാ​ന​ന്ദി​ക്കാൻ നല്ല കാരണ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

17 ദൈവത്തെ സേവി​ക്കു​ന്നു എന്ന്‌ കേവലം പറയു​ന്ന​വ​രു​ടെ ആത്മീയ അവസ്ഥയെ വിവരി​ക്കു​ന്ന​താണ്‌ യഹോ​വ​യു​ടെ വാക്കുകൾ. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ദശലക്ഷങ്ങൾ മനോ​വ്യഥ അനുഭ​വി​ക്കു​മ്പോൾ യഹോ​വ​യു​ടെ ദാസന്മാർ ഘോഷി​ച്ചാ​ന​ന്ദി​ക്കു​ന്നു. അവർക്കു സന്തോ​ഷി​ക്കു​ന്ന​തിന്‌ നല്ല കാരണ​മുണ്ട്‌. അവർ ആത്മീയ​മാ​യി ഏറ്റവും നല്ല രീതി​യിൽ പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു. ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലൂ​ടെ​യും യഹോവ അവർക്ക്‌ സമൃദ്ധ​മായ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു. ദൈവ​വ​ച​ന​ത്തി​ലെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സത്യങ്ങ​ളും ആശ്വാ​സ​ക​ര​മായ വാഗ്‌ദാ​ന​ങ്ങ​ളും നമുക്ക്‌ “ഹൃദയാ​നന്ദം” പകരുന്നു!

18. യഹോ​വയെ ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും, അവരുടെ പേര്‌ ശാപവാ​ക്കാ​യി ഉപയോ​ഗി​ക്കു​ന്നു എന്നതി​നാൽ എന്ത്‌ അർഥമാ​ക്കു​ന്നു?

18 തന്നെ ഉപേക്ഷി​ച്ച​വരെ അഭിസം​ബോ​ധന ചെയ്‌തു​കൊണ്ട്‌ യഹോവ തുടർന്നു പറയുന്നു: “നിങ്ങളു​ടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാ​ക്കാ​യി വെച്ചേ​ച്ചു​പോ​കും; യഹോ​വ​യായ കർത്താവു നിന്നെ കൊന്നു​ക​ള​യും; തന്റെ ദാസന്മാർക്കു അവൻ വേറൊ​രു പേർ വിളി​ക്കും. മുമ്പി​ലത്തെ കഷ്ടങ്ങൾ മറന്നു​പോ​ക​യും അവ എന്റെ കണ്ണിന്നു മറഞ്ഞി​രി​ക്ക​യും ചെയ്‌ക​കൊ​ണ്ടു ഭൂമി​യിൽ തന്നെത്താൻ അനു​ഗ്ര​ഹി​ക്കു​ന്നവൻ സത്യ​ദൈ​വ​ത്താൽ തന്നെത്താൻ അനു​ഗ്ര​ഹി​ക്കും; ഭൂമി​യിൽ സത്യം ചെയ്യു​ന്നവൻ സത്യ​ദൈ​വ​ത്തെ​ച്ചൊ​ല്ലി സത്യം ചെയ്യും.” (യെശയ്യാ​വു 65:15, 16) യഹോ​വയെ ഉപേക്ഷി​ച്ച​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം അവശേ​ഷി​ക്കു​ന്നത്‌ അവരുടെ പേരു മാത്ര​മാ​യി​രി​ക്കും. അത്‌ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​തോ ഒരു ശാപവാ​ക്കാ​യി​ട്ടും. അതിന്റെ അർഥം സത്യം ചെയ്യു​ന്നവർ, ‘ഞാൻ ഈ വാക്കു പാലി​ക്കു​ന്നി​ല്ലെ​ങ്കിൽ, ആ വിശ്വാ​സ​ത്യാ​ഗി​കൾക്ക്‌ ഉണ്ടായ അതേ ഗതി എനിക്കും വരട്ടെ’ എന്നായി​രി​ക്കും ഫലത്തിൽ പറയുക. അവരുടെ പേര്‌, സൊ​ദോ​മി​ന്റെ​യും ഗൊ​മോ​ര​യു​ടെ​യും കാര്യ​ത്തി​ലെന്ന പോലെ ഒരു ദൃഷ്ടാ​ന്ത​മാ​യി, ദുഷ്ടന്മാർക്കു ദൈവം നൽകുന്ന ശിക്ഷയു​ടെ ഒരു പ്രതീ​ക​മാ​യി, ഉപയോ​ഗി​ക്ക​പ്പെ​ടു​മെ​ന്നും അതു​കൊണ്ട്‌ അർഥമാ​ക്കാ​വു​ന്ന​താണ്‌.

19. ദൈവ​ദാ​സ​ന്മാർ മറ്റൊരു പേരി​നാൽ വിളി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ, വിശ്വ​സ്‌ത​ത​യു​ടെ ദൈവ​ത്തിൽ അവർ എന്തു​കൊണ്ട്‌ വിശ്വാ​സം അർപ്പി​ക്കും? (അടിക്കു​റി​പ്പു കൂടി കാണുക.)

19 എന്നാൽ ദൈവ​ദാ​സ​ന്മാ​രു​ടെ അവസ്ഥ എത്ര ഭിന്നമാ​യി​രി​ക്കും! മറ്റൊരു പേരി​നാൽ അവർ വിളി​ക്ക​പ്പെ​ടും. തങ്ങളുടെ സ്വദേ​ശത്ത്‌ അവർ ആസ്വദി​ക്കാൻ പോകുന്ന അനുഗൃ​ഹീത അവസ്ഥ​യെ​യും മാന്യ​ത​യെ​യും അതു സൂചി​പ്പി​ക്കു​ന്നു. അവർ ഏതെങ്കി​ലും വ്യാജ​ദൈ​വ​ത്തി​ന്റെ അനു​ഗ്രഹം തേടു​ക​യോ ജീവനി​ല്ലാത്ത വിഗ്ര​ഹത്തെ ചൊല്ലി സത്യം ചെയ്യു​ക​യോ ഇല്ല. പകരം, അവർ അനു​ഗ്രഹം തേടു​ക​യോ സത്യം ചെയ്യു​ക​യോ ചെയ്യു​മ്പോൾ വിശ്വ​സ്‌ത​ത​യു​ടെ ദൈവത്തെ ചൊല്ലി ആയിരി​ക്കും അങ്ങനെ ചെയ്യുക. (യെശയ്യാ​വു 65:16, NW അടിക്കു​റിപ്പ്‌) ദൈവ​ത്തിൽ തികഞ്ഞ വിശ്വാ​സം അർപ്പി​ക്കാൻ മതിയായ കാരണം ദേശനി​വാ​സി​കൾക്ക്‌ ഉണ്ടായി​രി​ക്കും. കാരണം, താൻ വാഗ്‌ദാ​നങ്ങൾ പാലി​ക്കു​ന്നവൻ ആണെന്ന്‌ അവൻ തെളി​യി​ച്ചി​രി​ക്കും. c തങ്ങളുടെ സ്വദേ​ശത്തു സുരക്ഷി​ത​ത്വം അനുഭ​വി​ക്കുന്ന യഹൂദ​ന്മാർ മുൻകാല കഷ്‌ട​തകൾ പെട്ടെന്നു മറക്കും.

“ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്നു”

20. “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും സംബന്ധിച്ച യഹോ​വ​യു​ടെ വാഗ്‌ദാ​നം പൊ.യു.മു. 537-ൽ നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ?

20 ബാബിലോണിലെ പ്രവാ​സ​ത്തിൽനി​ന്നു മടങ്ങി​വ​ന്ന​ശേഷം അനുതാ​പ​മുള്ള ശേഷി​പ്പി​നെ പുനഃ​സ്ഥി​തീ​ക​രി​ക്കാ​നുള്ള തന്റെ വാഗ്‌ദാ​നം യഹോവ കൂടു​ത​ലാ​യി വിശദീ​ക​രി​ക്കു​ന്നു. യെശയ്യാവ്‌ മുഖാ​ന്തരം യഹോവ പറയുന്നു: “ഇതാ, ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും സൃഷ്ടി​ക്കു​ന്നു; മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല.” (യെശയ്യാ​വു 65:17) പുനഃ​സ്ഥി​തീ​ക​രണം സംബന്ധിച്ച യഹോ​വ​യു​ടെ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റു​മെന്ന്‌ അത്രയ്‌ക്ക്‌ ഉറപ്പാ​യ​തി​നാൽ, അതു സംഭവി​ച്ചു​ക​ഴി​ഞ്ഞതു പോലെ യഹോവ സംസാ​രി​ക്കു​ന്നു. പൊ.യു.മു. 537-ൽ യഹൂദ ശേഷിപ്പ്‌ യെരൂ​ശ​ലേ​മി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ ആ പ്രവച​ന​ത്തി​നു പ്രാഥ​മിക നിവൃത്തി ഉണ്ടായി. അന്ന്‌ “പുതിയ ആകാശ”ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌? മഹാപു​രോ​ഹി​ത​നായ യോശു​വ​യു​ടെ പിന്തു​ണ​യോ​ടെ യെരൂ​ശ​ലേ​മി​നെ ആസ്ഥാന​മാ​ക്കി സെരു​ബ്ബാ​ബേൽ നടത്തിയ ഭരണാ​ധി​പ​ത്യ​ത്തെ അത്‌ അർഥമാ​ക്കി. ആ ഭരണാ​ധി​പ​ത്യ​ത്തി​നു കീഴ്‌പെ​ട്ടു​കൊണ്ട്‌ ദേശത്ത്‌ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തിൽ സഹായിച്ച ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു സമൂഹ​മായ യഹൂദ ശേഷിപ്പ്‌ ആയിരു​ന്നു “പുതിയ ഭൂമി.” (എസ്രാ 5:1, 2) ആ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ന്റെ സന്തോഷം എല്ലാ കഴിഞ്ഞ​കാല ദുരി​ത​ങ്ങ​ളെ​യും കാറ്റിൽ പറത്തി; ആ അരിഷ്ട​തകൾ അവരുടെ മനസ്സി​ലേക്കു വരുക​പോ​ലും ചെയ്‌തില്ല.—സങ്കീർത്തനം 126:1, 2.

21. ഏതു പുതിയ ആകാശം 1914-ൽ നിലവിൽ വന്നു?

21 എന്നാൽ പത്രൊസ്‌, യെശയ്യാ​വി​ന്റെ പ്രവച​നത്തെ കുറിച്ചു പരാമർശി​ക്കു​ക​യും അതിന്‌ ഒരു ഭാവി നിവൃത്തി ഉള്ളതായി പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു എന്ന്‌ ഓർക്കുക. ആ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “നാം അവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​ന്നും പുതിയ ഭൂമി​ക്കു​മാ​യി​ട്ടു കാത്തി​രി​ക്കു​ന്നു.” (2 പത്രൊസ്‌ 3:13) ദീർഘ​കാ​ലം കാത്തി​രുന്ന പുതിയ ആകാശം 1914-ൽ നിലവിൽ വന്നു. ആ വർഷം പിറന്ന മിശി​ഹൈക രാജ്യം സ്വർഗ​ത്തിൽനി​ന്നു വാഴ്‌ച നടത്തുന്നു, യഹോവ അതിന്‌ മുഴു ഭൂമി​യു​ടെ​മേ​ലും അധികാ​രം നൽകി​യി​രി​ക്കു​ന്നു. (സങ്കീർത്തനം 2:6-8) ക്രിസ്‌തു​വി​ന്റെ​യും 1,44,000 വരുന്ന അവന്റെ സഹഭര​ണാ​ധി​കാ​രി​ക​ളു​ടെ​യും കീഴി​ലുള്ള ആ രാജ്യ​ഗ​വൺമെ​ന്റാണ്‌ പുതിയ ആകാശം.—വെളി​പ്പാ​ടു 14:1.

22. പുതിയ ഭൂമി എന്തായി​രി​ക്കും, ആ ക്രമീ​ക​ര​ണ​ത്തി​ന്റെ കേന്ദ്രം ആയിത്തീ​രാൻ ഇപ്പോൾ പോലും ആളുകൾ എങ്ങനെ തയ്യാറാ​കു​ന്നു?

22 പുതിയ ഭൂമി എന്തായി​രി​ക്കും? പുരാതന നിവൃ​ത്തി​യു​ടെ കാര്യ​ത്തിൽ എന്നപോ​ലെ, പുതിയ സ്വർഗീയ ഗവൺമെ​ന്റി​ന്റെ ഭരണാ​ധി​പ​ത്യ​ത്തി​നു സസന്തോ​ഷം കീഴ്‌പെ​ടുന്ന ആളുകൾ ചേർന്ന​താ​യി​രി​ക്കും പുതിയ ഭൂമി. ഇപ്പോൾ പോലും ശരിയായ ഹൃദയ​നി​ല​യുള്ള ദശലക്ഷ​ക്ക​ണ​ക്കി​നു വ്യക്തികൾ ഈ ഗവൺമെ​ന്റി​നു കീഴ്‌പെ​ടു​ക​യും ബൈബി​ളിൽ കാണുന്ന അതിന്റെ നിയമങ്ങൾ പിൻപ​റ്റാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു. അവർ സകല ദേശങ്ങ​ളി​ലും ഭാഷക​ളി​ലും വർഗങ്ങ​ളി​ലും നിന്നു​ള്ള​വ​രാണ്‌, വാഴ്‌ച നടത്തുന്ന രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ സേവി​ക്കാൻ അവർ കൂട്ടായി യത്‌നി​ക്കു​ന്നു. (മീഖാ 4:1-4) ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തി​നു ശേഷം, ഇവർ ഒരു പുതിയ ഭൂമി​യു​ടെ കേന്ദ്രം ആയിത്തീ​രും. ഒടുവിൽ, ദൈവ​രാ​ജ്യ​ത്തി​ന്റെ ഭൗമിക മണ്ഡലത്തെ അവകാ​ശ​മാ​ക്കുന്ന ദൈവ​ഭ​ക്ത​രായ ഒരു ആഗോള സമൂഹം ആയിത്തീ​രും ഈ പുതിയ ഭൂമി.—മത്തായി 25:34.

23. “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറി​ച്ചുള്ള എന്തു വിവരങ്ങൾ വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ കാണാം, ആ പ്രവചനം എങ്ങനെ നിവൃ​ത്തി​യേ​റും?

23 ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥി​തി​യെ നീക്കം​ചെ​യ്യുന്ന യഹോ​വ​യു​ടെ ആസന്നമായ ദിവസത്തെ കുറിച്ച്‌ യോഹ​ന്നാൻ അപ്പൊ​സ്‌തലൻ കണ്ട ഒരു ദർശന​ത്തെ​പ്പറ്റി വെളി​പ്പാ​ടു പുസ്‌തകം വിവരി​ക്കു​ന്നു. ഇപ്പോ​ഴത്തെ വ്യവസ്ഥി​തി നീക്കം ചെയ്യ​പ്പെ​ട്ട​ശേഷം സാത്താൻ അഗാധ​ത്തിൽ അടയ്‌ക്ക​പ്പെ​ടും. (വെളി​പ്പാ​ടു 19:11–20:3) ആ വിവര​ണത്തെ തുടർന്ന്‌ യോഹ​ന്നാൻ യെശയ്യാ​വി​ന്റെ പ്രാവ​ച​നിക വാക്കു​കൾക്കു ചേർച്ച​യിൽ ഇങ്ങനെ എഴുതു​ന്നു: “ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു.” ആ മഹത്തായ ദർശനത്തെ കുറി​ച്ചുള്ള വിവര​ണ​ത്തി​ലെ തുടർന്നുള്ള വാക്യങ്ങൾ യഹോ​വ​യാം ദൈവം ഈ ഭൂമി​യിൽ സമൂല​മായ മാറ്റങ്ങൾ വരുത്തുന്ന കാലത്തെ സംബന്ധി​ച്ചു​ള്ള​താണ്‌. (വെളി​പ്പാ​ടു 21:1, 3-5) വ്യക്തമാ​യും, “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ വാഗ്‌ദാ​നം ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ അത്ഭുത​ക​ര​മാ​യി നിവൃ​ത്തി​യേ​റും! പുതിയ ഗവൺമെ​ന്റാ​കുന്ന ആകാശ​ത്തി​നു കീഴിൽ പുതിയ ഭൂമി​യാ​കുന്ന മനുഷ്യ​സ​മൂ​ഹം ആത്മീയ​വും ഭൗതി​ക​വു​മായ ഒരു പറുദീസ ആസ്വദി​ക്കും. “മുമ്പി​ലെത്തവ [രോഗ​വും ദുരി​ത​വും മനുഷ്യർ അഭിമു​ഖീ​ക​രി​ക്കുന്ന മറ്റു കഷ്ടങ്ങളും] ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല” എന്ന വാഗ്‌ദാ​നം തീർച്ച​യാ​യും ആശ്വാ​സ​ദാ​യ​ക​മാണ്‌. നാം അപ്പോൾ ഓർക്കുന്ന യാതൊ​ന്നും അനേക​രു​ടെ​യും ഹൃദയ​ങ്ങളെ ഇപ്പോൾ ഭാര​പ്പെ​ടു​ത്തു​ന്നതു പോലുള്ള ആഴമായ വേദന​യോ ദുഃഖ​മോ ഉളവാ​ക്കു​ക​യില്ല.

24. യെരൂ​ശ​ലേ​മി​ന്റെ പുനഃ​സ്ഥി​തീ​ക​ര​ണത്തെ ചൊല്ലി യഹോവ സന്തോ​ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, നഗരവീ​ഥി​ക​ളിൽ മേലാൽ എന്തു കേൾക്കു​ക​യില്ല?

24 യെശയ്യാ പ്രവചനം തുടരു​ന്നു: “ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു നിങ്ങൾ സന്തോ​ഷി​ച്ചു എന്നേക്കും ഘോഷി​ച്ചു​ല്ല​സി​പ്പിൻ; ഇതാ, ഞാൻ യെരു​ശ​ലേ​മി​നെ ഉല്ലാസ​പ്ര​ദ​മാ​യും അതിലെ ജനത്തെ ആനന്ദ​പ്ര​ദ​മാ​യും സൃഷ്ടി​ക്കു​ന്നു. ഞാൻ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു സന്തോ​ഷി​ക്ക​യും എന്റെ ജനത്തെ​ക്കു​റി​ച്ചു ആനന്ദി​ക്ക​യും ചെയ്യും; കരച്ചലും നിലവി​ളി​യും ഇനി അതിൽ കേൾക്ക​യില്ല.” (യെശയ്യാ​വു 65:18, 19) തങ്ങളുടെ സ്വദേ​ശ​ത്തേക്ക്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​തിൽ യഹൂദ​ന്മാർ മാത്രമല്ല, ദൈവം തന്നെയും സന്തോ​ഷി​ക്കു​ന്നു. കാരണം അവൻ യെരൂ​ശ​ലേ​മി​നെ മനോ​ഹ​ര​മാ​ക്കും, അവൻ വീണ്ടും അതിനെ ഭൂമി​യി​ലെ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​ക്കി​ത്തീർക്കും. പതിറ്റാ​ണ്ടു​കൾക്കു മുമ്പ്‌ നഗരവീ​ഥി​ക​ളിൽ കേട്ട ദുരന്തത്തെ ചൊല്ലി​യുള്ള വിലാപം മേലാൽ അവിടെ കേൾക്കു​ക​യില്ല.

25, 26. (എ) നമ്മുടെ നാളിൽ, യഹോവ യെരൂ​ശ​ലേ​മി​നെ ‘ഉല്ലാസ​പ്രദം’ ആക്കുന്നത്‌ എങ്ങനെ? (ബി) യഹോവ പുതിയ യെരൂ​ശ​ലേ​മി​നെ എങ്ങനെ ഉപയോ​ഗി​ക്കും, നമുക്ക്‌ ഇന്ന്‌ എന്തു​കൊണ്ട്‌ സന്തോ​ഷിച്ച്‌ ഉല്ലസി​ക്കാൻ കഴിയും?

25 ഇന്നു പോലും യഹോവ യെരൂ​ശ​ലേ​മി​നെ ‘ഉല്ലാസ​പ്രദം’ ആക്കുന്നു. എങ്ങനെ? നാം കണ്ടുക​ഴി​ഞ്ഞതു പോലെ, 1914-ൽ അസ്‌തി​ത്വ​ത്തിൽ വന്ന പുതിയ ആകാശ​ത്തിൽ, സ്വർഗീയ ഭരണത്തിൽ പങ്കു​ചേ​രുന്ന 1,44,000 സഹഭര​ണാ​ധി​കാ​രി​കൾ ഉണ്ടായി​രി​ക്കും. ഇവരെ പ്രാവ​ച​നി​ക​മാ​യി “പുതിയ യെരൂ​ശ​ലേം” എന്നു വിളി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 21:2) പുതിയ യെരൂ​ശ​ലേ​മി​നെ സംബന്ധി​ച്ചാണ്‌ ദൈവം ഇങ്ങനെ പറയു​ന്നത്‌: “ഞാൻ യെരു​ശ​ലേ​മി​നെ ഉല്ലാസ​പ്ര​ദ​മാ​യും അതിലെ ജനത്തെ ആനന്ദ​പ്ര​ദ​മാ​യും സൃഷ്ടി​ക്കു​ന്നു.” അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​ന്മേൽ അസംഖ്യം അനു​ഗ്ര​ഹങ്ങൾ ചൊരി​യാൻ പുതിയ യെരൂ​ശ​ലേ​മി​നെ ദൈവം ഉപയോ​ഗി​ക്കും. മേലാൽ കരച്ചി​ലോ നിലവി​ളി​യോ കേൾക്കു​ക​യില്ല, കാരണം യഹോവ “[നമ്മുടെ] ഹൃദയ​ത്തി​ലെ ആഗ്രഹ​ങ്ങളെ” തൃപ്‌തി​പ്പെ​ടു​ത്തും.—സങ്കീർത്തനം 37:3, 4.

26 തീർച്ചയായും, ഇന്നു നമുക്കു സന്തോ​ഷി​ക്കാൻ മതിയായ കാരണ​മുണ്ട്‌! പെട്ടെ​ന്നു​തന്നെ യഹോവ സകല ശത്രു​ക്ക​ളെ​യും നശിപ്പി​ച്ചു​കൊണ്ട്‌ തന്റെ വിശ്രുത നാമത്തെ മഹത്ത്വീ​ക​രി​ക്കും. (സങ്കീർത്തനം 83:17, 18) പുതിയ ആകാശം സമ്പൂർണ നിയ​ന്ത്രണം കൈവ​രി​ക്കും. ദൈവം സൃഷ്ടി​ക്കു​ന്ന​തിൽ എന്നേക്കും സന്തോ​ഷിച്ച്‌ ഉല്ലസി​ക്കാൻ എത്ര മഹത്തായ കാരണങ്ങൾ!

സുരക്ഷിത ഭാവി സംബന്ധിച്ച വാഗ്‌ദാ​നം

27. മടങ്ങി​വ​രുന്ന യഹൂദ​ന്മാർ സ്വദേ​ശത്ത്‌ ആസ്വദി​ക്കാൻ പോകുന്ന സുരക്ഷി​ത​ത്വ​ത്തെ യെശയ്യാവ്‌ എങ്ങനെ വിവരി​ക്കു​ന്നു?

27 ആദ്യ നിവൃ​ത്തി​യിൽ, പുതിയ ആകാശ​ത്തിൻ കീഴിൽ എങ്ങനെ​യുള്ള ജീവിതം ആയിരി​ക്കും മടങ്ങി​വ​രുന്ന യഹൂദ​ന്മാർക്കു ലഭിക്കുക? യഹോവ പറയുന്നു: “കുറെ ദിവസം മാത്രം ജീവി​ക്കുന്ന കുട്ടി​യും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാക​യില്ല; ബാലൻ നൂറു​വ​യസ്സു പ്രായ​മു​ള്ള​വ​നാ​യി മരിക്കും; പാപി​യോ നൂറു വയസ്സു​ള്ള​വ​നാ​യി​രു​ന്നാ​ലും ശപിക്ക​പ്പെ​ട്ടവൻ എന്നേ വരൂ.” (യെശയ്യാ​വു 65:20) തങ്ങളുടെ പുനഃ​സ്ഥി​തീ​കൃത സ്വദേ​ശത്ത്‌ മടങ്ങി​വ​രുന്ന പ്രവാ​സി​കൾ ആസ്വദി​ക്കുന്ന സുരക്ഷി​ത​ത്വ​ത്തി​ന്റെ എത്ര മനോഹര ചിത്രം! ഏതാനും ദിവസം മാത്രം പ്രായ​മുള്ള ഒരു നവജാത ശിശു​വി​ന്റെ ജീവനെ മരണം അപഹരി​ക്കു​ക​യില്ല. ആയുസ്സ്‌ തികയു​വോ​ളം ജീവി​ക്കാത്ത ഒരു വൃദ്ധന്റെ ജീവ​നെ​യും മരണം കവർന്നെ​ടു​ക്കു​ക​യില്ല. d യഹൂദ​യി​ലേക്കു മടങ്ങി​വ​രുന്ന യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം യെശയ്യാ​വി​ന്റെ വാക്കുകൾ എത്ര ആശ്വാ​സ​ക​ര​മാണ്‌! തങ്ങളുടെ ദേശത്തു സുരക്ഷി​ത​രായ അവർക്ക്‌, തങ്ങളുടെ ശിശു​ക്കളെ ശത്രുക്കൾ അപഹരി​ക്കു​മെ​ന്നോ തങ്ങളുടെ ഇടയിലെ പുരു​ഷ​ന്മാ​രെ കൊന്നു​ക​ള​യു​മെ​ന്നോ വേവലാ​തി​പ്പെ​ടേ​ണ്ട​തില്ല.

28. യഹോ​വ​യു​ടെ രാജ്യ​ത്തിൻ കീഴി​ലുള്ള പുതിയ ലോക​ത്തി​ലെ ജീവിതം സംബന്ധിച്ച്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

28 വരാനിരിക്കുന്ന പുതിയ ലോക​ത്തി​ലെ ജീവി​തത്തെ കുറിച്ച്‌ യഹോ​വ​യു​ടെ വാക്കുകൾ നമ്മോട്‌ എന്തു പറയുന്നു? ദൈവ​രാ​ജ്യ​ത്തിൽ ഓരോ കുട്ടി​ക്കും സുരക്ഷിത ഭാവി സംബന്ധിച്ച പ്രതീക്ഷ ഉണ്ടായി​രി​ക്കും. ദൈവ​ഭ​ക്ത​നായ ഒരു മനുഷ്യ​ന്റെ ജീവനെ മരണം അവന്റെ യുവ​പ്രാ​യ​ത്തിൽ അപഹരി​ക്കില്ല. നേരെ മറിച്ച്‌, അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​നു സുരക്ഷി​ത​മായ ജീവിതം ആസ്വദി​ക്കാൻ കഴിയും. ദൈവ​ത്തി​നെ​തി​രെ മത്സരി​ക്കാൻ ആരെങ്കി​ലും ശ്രമി​ച്ചാ​ലോ? അത്തരക്കാർക്ക്‌ ജീവി​ച്ചി​രി​ക്കാ​നുള്ള പദവി നഷ്ടമാ​കും. മത്സരി​യായ പാപി ‘നൂറു​വ​യസ്സു പ്രായ​മു​ള്ളവൻ’ ആണെങ്കിൽ പോലും അവൻ മരിക്കും. അതിന്റെ അർഥം അവന്‌ ആയിത്തീ​രാൻ കഴിയു​മാ​യി​രു​ന്ന​തി​നോ​ടുള്ള—അനന്തജീ​വ​നുള്ള ഒരാ​ളോ​ടുള്ള—താരത​മ്യ​ത്തിൽ അവൻ ഒരു “ബാലൻ” ആയിരി​ക്കും എന്നാണ്‌.

29. (എ) പുനഃ​സ്ഥാ​പിത യഹൂദാ​ദേ​ശത്ത്‌ ദൈവ​ത്തി​ന്റെ അനുസ​ര​ണ​മുള്ള ജനത്തിന്‌ എന്തു സന്തോഷം ഉണ്ടായി​രി​ക്കും? (ബി) വൃക്ഷങ്ങൾ ദീർഘാ​യു​സ്സി​ന്റെ ഉചിത​മായ പ്രതീകം ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പു കാണുക.)

29 പുനഃസ്ഥാപിത യഹൂദാ ദേശത്ത്‌ ഉണ്ടായി​രി​ക്കാൻ പോകുന്ന അവസ്ഥകളെ കുറിച്ച്‌ യഹോവ തുടർന്നു വിശദീ​ക​രി​ക്കു​ന്നു: “അവർ വീടു​കളെ പണിതു പാർക്കും; അവർ മുന്തി​രി​ത്തോ​ട്ട​ങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭ​വി​ക്കും. അവർ പണിക, മറെറാ​രു​ത്തൻ പാർക്ക എന്നു വരിക​യില്ല; അവർ നടുക, മറെറാ​രു​ത്തൻ തിന്നുക എന്നും വരിക​യില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തി​ന്റെ ആയുസ്സു​പോ​ലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും.” (യെശയ്യാ​വു 65:21, 22) ശൂന്യ​മാ​യി കിടക്കുന്ന, വീടു​ക​ളോ മുന്തി​രി​ത്തോ​ട്ട​ങ്ങ​ളോ ഇല്ലാത്ത യഹൂദാ ദേശ​ത്തേക്കു മടങ്ങുന്ന ദൈവ​ത്തി​ന്റെ അനുസ​ര​ണ​മുള്ള ജനത്തിന്‌ സ്വന്തഭ​വ​ന​ങ്ങ​ളിൽ പാർക്കു​ന്ന​തി​ന്റെ​യും സ്വന്തം മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഫലം അനുഭ​വി​ക്കു​ന്ന​തി​ന്റെ​യും സന്തോഷം ഉണ്ടായി​രി​ക്കും. ദൈവം അവരുടെ പ്രവൃ​ത്തി​യെ അനു​ഗ്ര​ഹി​ക്കും. വൃക്ഷത്തി​ന്റെ ആയുസ്സു പോലെ അവർക്ക്‌ ദീർഘാ​യുസ്സ്‌ ഉണ്ടായി​രി​ക്കും, അവർക്ക്‌ തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കാൻ കഴിയും. e

30. യഹോ​വ​യു​ടെ ദാസന്മാർ ഇന്ന്‌ സന്തോ​ഷ​ക​ര​മായ എന്ത്‌ അവസ്ഥ ആസ്വദി​ക്കു​ന്നു, പുതിയ ലോക​ത്തിൽ അവർ എന്ത്‌ ആസ്വദി​ക്കും?

30 നമ്മുടെ നാളിൽ, ഈ പ്രവച​ന​ത്തിന്‌ ഒരു നിവൃ​ത്തി​യുണ്ട്‌. യഹോ​വ​യു​ടെ ജനം 1919-ൽ ആത്മീയ പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങി​വന്ന്‌ തങ്ങളുടെ “ദേശം” അഥവാ ആരാധന ഉൾപ്പെട്ട പ്രവർത്തന മണ്ഡലം പുനഃ​സ്ഥാ​പി​ക്കാൻ ആരംഭി​ച്ചു. അവർ സഭകൾ സ്ഥാപി​ക്കു​ക​യും ആത്മീയ ഫലസമൃ​ദ്ധി കൈവ​രി​ക്കു​ക​യും ചെയ്‌തു. അതിന്റെ ഫലമായി, ഇപ്പോൾ പോലും യഹോ​വ​യു​ടെ ജനം ആത്മീയ പറുദീ​സ​യും ദൈവദത്ത സമാധാ​ന​വും ആസ്വദി​ക്കു​ന്നു. അത്തരം സമാധാ​നം അക്ഷരീയ പറുദീ​സ​യി​ലും തുടരു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. തന്റെ കൽപ്പനകൾ അനുസ​രി​ക്കാൻ സന്നദ്ധരായ ആരാധ​കരെ ഉപയോ​ഗിച്ച്‌ പുതിയ ലോക​ത്തിൽ യഹോവ എന്തെല്ലാം കാര്യ​ങ്ങ​ളാ​യി​രി​ക്കും ചെയ്യുക എന്ന്‌ നമുക്കു കൃത്യ​മാ​യി പറയാ​നാ​വില്ല. സ്വന്തമാ​യി വീടു പണിത്‌ അതിൽ പാർക്കു​ന്നത്‌ എത്ര വലിയ സന്തോ​ഷ​മാ​യി​രി​ക്കും! രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ തൃപ്‌തി​ക​ര​മായ വേലയ്‌ക്ക്‌ യാതൊ​രു ക്ഷാമവും ഉണ്ടായി​രി​ക്കില്ല. നിങ്ങളു​ടെ സ്വന്തം ശ്രമങ്ങ​ളു​ടെ ഫലത്തിന്റെ ‘സുഖം അനുഭ​വി​ക്കു​ന്നത്‌’ എപ്പോ​ഴും എത്ര പ്രതി​ഫ​ല​ദാ​യ​ക​മാണ്‌! (സഭാ​പ്ര​സം​ഗി 3:13) നമ്മുടെ കൈക​ളു​ടെ പ്രവൃത്തി പൂർണ​മാ​യി ആസ്വദി​ക്കാ​നുള്ള മതിയായ സമയം നമുക്ക്‌ ഉണ്ടായി​രി​ക്കു​മോ? തീർച്ച​യാ​യും! വിശ്വസ്‌ത മനുഷ്യ​രു​ടെ അനന്തമായ ആയുസ്സ്‌ “വൃക്ഷത്തി​ന്റെ ആയുസ്സു​പോ​ലെ,” ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളും അതിൽ കൂടു​ത​ലും ആയിരി​ക്കും!

31, 32. (എ) മടങ്ങി​വ​രുന്ന പ്രവാ​സി​കൾ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കും? (ബി) പുതിയ ലോക​ത്തിൽ വിശ്വസ്‌ത മനുഷ്യർക്ക്‌ എന്തു പ്രത്യാശ ഉണ്ടായി​രി​ക്കും?

31 മടങ്ങിവരുന്ന പ്രവാ​സി​കളെ കാത്തി​രി​ക്കുന്ന കൂടു​ത​ലായ അനു​ഗ്ര​ഹ​ങ്ങളെ കുറിച്ച്‌ യഹോവ വിവരി​ക്കു​ന്നു: “അവർ വൃഥാ അദ്ധ്വാ​നി​ക്ക​യില്ല; ആപത്തി​ന്നാ​യി​ട്ടു പ്രസവി​ക്ക​യു​മില്ല; അവർ യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​രു​ടെ സന്തതി​യ​ല്ലോ; അവരുടെ സന്താനം അവരോ​ടു​കൂ​ടെ ഇരിക്കും.” (യെശയ്യാ​വു 65:23) പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ആ യഹൂദ​ന്മാർ യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും, അവർ വൃഥാ അധ്വാ​നി​ക്കു​ക​യില്ല. അകാല മരണത്തി​നാ​യി മാതാ​പി​താ​ക്കൾ കുട്ടി​കളെ ജനിപ്പി​ക്കു​ക​യില്ല. പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ മുൻകാല പ്രവാ​സി​കൾ മാത്രമല്ല, അവരുടെ സന്തതി​ക​ളും ആസ്വദി​ക്കും. തന്റെ ജനത്തിന്റെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ അതീവ താത്‌പ​ര്യ​മുള്ള ദൈവം ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “അവർ വിളി​ക്കു​ന്ന​തി​ന്നു​മു​മ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ തന്നേ ഞാൻ കേൾക്കും.”—യെശയ്യാ​വു 65:24.

32 വരാനിരിക്കുന്ന പുതിയ ലോക​ത്തിൽ യഹോവ ഈ വാഗ്‌ദാ​നങ്ങൾ എങ്ങനെ നിവർത്തി​ക്കും? നമുക്കു കാത്തി​രു​ന്നു കാണാം. യഹോവ സകല വിശദാം​ശ​ങ്ങ​ളും നൽകി​യി​ട്ടില്ല, എങ്കിലും വിശ്വസ്‌ത മനുഷ്യർക്ക്‌ ഒരിക്ക​ലും ‘വൃഥാ അദ്ധ്വാ​നി​ക്കേ​ണ്ടി​വ​രില്ല’ എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. അർമ​ഗെ​ദോൻ യുദ്ധത്തെ അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​ത്തി​നും അവർക്കു ജനി​ച്ചേ​ക്കാ​വുന്ന കുട്ടി​കൾക്കും വളരെ ദീർഘ​വും തൃപ്‌തി​ക​ര​വു​മായ ഒരു ജീവി​ത​ത്തി​ന്റെ—നിത്യ​ജീ​വന്റെ—പ്രത്യാശ ഉണ്ടായി​രി​ക്കും! പുനരു​ത്ഥാ​ന​ത്തിൽ തിരികെ വരുക​യും ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ച്ചു ജീവി​ക്കു​ക​യും ചെയ്യു​ന്ന​വർക്കും പുതിയ ലോക​ത്തി​ലെ സന്തോഷം ആസ്വദി​ക്കാ​നാ​കും. യഹോവ അവരുടെ ആവശ്യങ്ങൾ കേട്ട്‌ അവ നിവർത്തി​ക്കും, അവ കേൾക്കാൻ അവൻ കാതോർത്തി​രി​ക്കുക പോലും ചെയ്യും. തീർച്ച​യാ​യും, യഹോവ തന്റെ കൈ തുറന്ന്‌ “സകല ജീവജാ​ല​ങ്ങ​ളു​ടെ​യും” ഉചിത​മായ “ആഗ്രഹ​ങ്ങളെ” തൃപ്‌തി​പ്പെ​ടു​ത്തും.—സങ്കീർത്തനം 145:16, NIBV.

33. യഹൂദ​ന്മാർ തങ്ങളുടെ സ്വദേ​ശ​ത്തേക്കു മടങ്ങു​മ്പോൾ, ഏത്‌ അർഥത്തിൽ മൃഗങ്ങൾ സമാധാ​ന​ത്തിൽ ആയിരി​ക്കും?

33 വാഗ്‌ദാനം ചെയ്യപ്പെട്ട സമാധാ​ന​വും സുരക്ഷി​ത​ത്വ​വും എത്ര വ്യാപ​ക​മാ​യി​രി​ക്കും? പ്രവച​ന​ത്തി​ന്റെ ഈ ഭാഗം യഹോവ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ചെന്നാ​യും കുഞ്ഞാ​ടും ഒരുമി​ച്ചു മേയും; സിംഹം കാള എന്നപോ​ലെ വൈ​ക്കോൽ തിന്നും; സർപ്പത്തി​ന്നു പൊടി ആഹാര​മാ​യി​രി​ക്കും; എന്റെ വിശു​ദ്ധ​പർവ്വ​ത​ത്തിൽ എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 65:25) വിശ്വസ്‌ത യഹൂദ​ശേ​ഷിപ്പ്‌ തങ്ങളുടെ സ്വദേ​ശ​ത്തേക്കു മടങ്ങു​മ്പോൾ, അവർ യഹോ​വ​യു​ടെ പരിപാ​ല​ന​ത്തിൻ കീഴി​ലാ​യി​രി​ക്കും. സിംഹം ഫലത്തിൽ കാള എന്നതു പോലെ വൈ​ക്കോൽ തിന്നും. തന്മൂലം, അതു യഹൂദ​ന്മാർക്കോ അവരുടെ വളർത്തു​മൃ​ഗ​ങ്ങൾക്കോ യാതൊ​രു ഹാനി​യും വരുത്തു​ക​യില്ല. ഈ വാഗ്‌ദാ​നം ഉറച്ചതാണ്‌, കാരണം “യഹോവ അരുളി​ച്ചെ​യ്യു​ന്നു” എന്ന വാക്കു​ക​ളോ​ടെ​യാണ്‌ അത്‌ അവസാ​നി​ക്കു​ന്നത്‌. അവന്റെ വചനം എല്ലായ്‌പോ​ഴും സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു!—യെശയ്യാ​വു 55:10, 11.

34. ഇന്ന്‌ യഹോ​വ​യു​ടെ വചനത്തി​നു പുളക​പ്ര​ദ​മായ എന്തു നിവൃ​ത്തി​യാണ്‌ ഉള്ളത്‌, പുതിയ ലോക​ത്തിൽ എന്തു നിവൃത്തി ഉണ്ടായി​രി​ക്കും?

34 യഹോവയുടെ വാക്കു​കൾക്ക്‌ ഇന്നു സത്യാ​രാ​ധ​ക​രു​ടെ ഇടയിൽ പുളക​പ്ര​ദ​മായ ഒരു നിവൃ​ത്തി​യുണ്ട്‌. 1919 മുതൽ, തന്റെ ജനത്തിന്റെ ആത്മീയ ദേശത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും ഒരു ആത്മീയ പറുദീ​സ​യാ​ക്കി അതിനെ മാറ്റു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഈ ആത്മീയ പറുദീ​സ​യി​ലേക്കു വരുന്നവർ തങ്ങളുടെ ജീവി​ത​ത്തിൽ ശ്രദ്ധേ​യ​മായ മാറ്റങ്ങൾ വരുത്തു​ന്നു. (എഫെസ്യർ 4:22-24) ഒരിക്കൽ മൃഗസ​മാന വ്യക്തി​ത്വ​ങ്ങൾ ഉണ്ടായി​രു​ന്നവർ—സഹമനു​ഷ്യ​രെ ചൂഷണം ചെയ്യു​ക​യോ മറ്റു വിധങ്ങ​ളിൽ ദ്രോ​ഹി​ക്കു​ക​യോ ചെയ്‌തി​രു​ന്നവർ—ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ, മോശ​മായ പ്രവണ​ത​കളെ മറിക​ട​ക്കു​ന്ന​തിൽ വിജയി​ച്ചി​രി​ക്കു​ന്നു. അതിന്റെ ഫലമായി, അവർ സഹവി​ശ്വാ​സി​ക​ളു​മാ​യി സമാധാ​ന​വും ആരാധ​ന​യിൽ ഐക്യ​വും ആസ്വദി​ക്കു​ന്നു. യഹോ​വ​യു​ടെ ജനം ഇപ്പോൾ ആത്മീയ പറുദീ​സ​യിൽ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ അക്ഷരീയ പറുദീ​സ​യി​ലേക്ക്‌ വ്യാപി​ക്കും. അവിടെ മനുഷ്യർക്കു തമ്മിലും മൃഗങ്ങ​ളു​മാ​യും സമാധാ​നം ഉണ്ടായി​രി​ക്കും. ദൈവം മനുഷ്യ​വർഗ​ത്തിന്‌ ആദ്യം കൊടുത്ത “നിങ്ങൾ . . . [ഭൂമിയെ] അടക്കി സമു​ദ്ര​ത്തി​ലെ മത്സ്യത്തി​ന്മേ​ലും ആകാശ​ത്തി​ലെ പറവജാ​തി​യി​ന്മേ​ലും സകലഭൂ​ച​ര​ജ​ന്തു​വി​ന്മേ​ലും വാഴു​വിൻ” എന്ന നിയോ​ഗം അവന്റെ തക്കസമ​യത്ത്‌ ഉചിത​മാ​യി നിവൃ​ത്തി​യേ​റു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌.—ഉല്‌പത്തി 1:28.

35. ‘എന്നേക്കും ഘോഷി​ച്ചു​ല്ല​സി​ക്കാൻ’ നമുക്കു കാരണ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

35 “പുതിയ ആകാശ​വും പുതിയ ഭൂമി​യും” സൃഷ്ടി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തിൽ നാം എത്ര നന്ദിയു​ള്ള​വ​രാണ്‌! പൊ.യു.മു. 537-ൽ ആ വാഗ്‌ദാ​ന​ത്തിന്‌ ഒരു നിവൃത്തി ഉണ്ടായി​രു​ന്നു, ഇന്ന്‌ അത്‌ കൂടു​ത​ലാ​യി നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അനുസ​ര​ണ​മുള്ള മനുഷ്യ​വർഗത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ രണ്ടു നിവൃ​ത്തി​കൾ മഹത്തായ ഒരു ഭാവി​യി​ലേക്കു വിരൽ ചൂണ്ടുന്നു. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി യഹോവ കരുതി​വെ​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഹ്രസ്വ​മായ ഒരു വീക്ഷണം യെശയ്യാ​വി​ന്റെ പ്രവചനം മുഖാ​ന്തരം യഹോവ നമുക്കു നൽകി​യി​രി​ക്കു​ന്നു. തീർച്ച​യാ​യും, യഹോ​വ​യു​ടെ ഈ വാക്കു​കൾക്കു ചെവി കൊടു​ക്കാൻ നമുക്കു മതിയായ കാരണ​മുണ്ട്‌: ‘ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ കുറിച്ച്‌ എന്നേക്കും ഘോഷി​ച്ചു​ല്ല​സി​പ്പിൻ’!—യെശയ്യാ​വു 65:18.

[അടിക്കു​റി​പ്പു​കൾ]

a ഈ പാപികൾ ശ്‌മശാ​ന​ത്തിൽ ഇരിക്കു​ന്നത്‌ മരിച്ച​വ​രു​മാ​യി ആശയവി​നി​മയം ചെയ്യാ​നാ​ണെന്നു പലരും വിചാ​രി​ക്കു​ന്നു. വിഗ്ര​ഹാ​രാ​ധ​ന​യോട്‌ ബന്ധപ്പെ​ട്ടാ​കാം അവർ പന്നിമാം​സം കഴിക്കു​ന്നത്‌.

b ഈ വാക്യത്തെ കുറിച്ച്‌ പറയവേ, (പൊ.യു. നാലാം നൂറ്റാ​ണ്ടിൽ ജനിച്ച) ബൈബിൾ പരിഭാ​ഷ​ക​നായ ജെറോം തങ്ങളുടെ ഒടുവി​ലത്തെ മാസത്തി​ന്റെ അവസാന ദിവസം വിഗ്ര​ഹാ​രാ​ധകർ നടത്തി​യി​രുന്ന പുരാതന ആചാരത്തെ കുറിച്ചു പറയുന്നു. അദ്ദേഹം ഇപ്രകാ​രം എഴുതി: “പോയ വർഷ​ത്തെ​യോ വരുന്ന വർഷ​ത്തെ​യോ ഫലഭൂ​യി​ഷ്‌ഠത സംബന്ധിച്ച്‌ സൗഭാ​ഗ്യം ഉറപ്പു വരുത്താൻ നാനാ​തരം ഭക്ഷണസാ​ധ​ന​ങ്ങ​ളും മധുര​വീഞ്ഞ്‌ കലർത്തിയ പാനീ​യ​വും നിരത്തിയ ഒരു മേശ അവർ ഒരുക്കു​മാ​യി​രു​ന്നു.”

c എബ്രായ മാസൊ​രി​റ്റിക്‌ പാഠത്തിൽ യെശയ്യാ​വു 65:16 അനുസ​രിച്ച്‌, യഹോവ “ആമേന്റെ ദൈവം” ആണ്‌. “ആമേൻ” എന്നതിന്റെ അർഥം “അങ്ങനെ ആയിരി​ക്കട്ടെ” അഥവാ “തീർച്ച​യാ​യും” എന്നാണ്‌. ഒരു സംഗതി സത്യമാണ്‌ അല്ലെങ്കിൽ സത്യമാ​യും ഭവിക്കും എന്നതിന്റെ ഉറപ്പാണ്‌ അത്‌. വാഗ്‌ദാ​നം ചെയ്യുന്ന സകലതും നിവർത്തി​ക്കു​ക​വഴി, താൻ പറയു​ന്നതു സത്യമാ​ണെന്ന്‌ യഹോവ പ്രകട​മാ​ക്കു​ന്നു.

d ഓശാന ബൈബിൾ യെശയ്യാ​വു 65:20-നെ ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു: “ജനിച്ച്‌ കുറ​ഞ്ഞൊ​രു​നാൾ മാത്രം ജീവി​ക്കുന്ന ശിശു​വോ, ആയുസ്സു പൂർത്തി​യാ​ക്കാത്ത വൃദ്ധനോ അവിടെ ഉണ്ടായി​രി​ക്കില്ല.”

e വൃക്ഷങ്ങൾ ദീർഘാ​യു​സ്സി​ന്റെ ഉചിത​മായ പ്രതീ​ക​മാണ്‌. കാരണം, ജീവനു​ള്ള​വ​യിൽ ഏറ്റവും കാലം നിലനിൽക്കു​ന്നത്‌ വൃക്ഷങ്ങ​ളാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒലിവു​വൃ​ക്ഷം നൂറു​ക​ണ​ക്കി​നു വർഷങ്ങൾ ഫലം ഉത്‌പാ​ദി​പ്പി​ക്കു​ക​യും ഒരുപക്ഷേ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ നിലനിൽക്കു​ക​യും ചെയ്യുന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[389-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പുതിയ ലോക​ത്തിൽ, നമ്മുടെ കൈക​ളു​ടെ പ്രവൃത്തി ആസ്വദി​ക്കാൻ നമുക്കു വേണ്ടത്ര സമയം ഉണ്ടായി​രി​ക്കും