നമ്മുടെ നന്മയ്ക്കായി യഹോവ നമ്മെ പഠിപ്പിക്കുന്നു
അധ്യായം ഒമ്പത്
നമ്മുടെ നന്മയ്ക്കായി യഹോവ നമ്മെ പഠിപ്പിക്കുന്നു
1. ജ്ഞാനമുള്ളവർ യഹോവയുടെ വാക്കുകളോട് എങ്ങനെ പ്രതികരിക്കുന്നു?
യഹോവ സംസാരിക്കുമ്പോൾ ജ്ഞാനമുള്ളവർ ആഴമായ ആദരവോടെ ശ്രദ്ധിക്കുകയും അവന്റെ വാക്കുകളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നു. യഹോവ പറയുന്നതെല്ലാം നമ്മുടെ പ്രയോജനത്തിൽ കലാശിക്കുന്നു, നമ്മുടെ ക്ഷേമത്തിൽ അവൻ അതീവ തത്പരനാണ്. ഉദാഹരണത്തിന്, പുരാതന കാലത്തെ തന്റെ ഉടമ്പടി ജനതയെ യഹോവ അഭിസംബോധന ചെയ്ത വിധം പരിചിന്തിക്കുന്നത് എത്ര ഹൃദയോഷ്മളമാണ്: “അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു!” (യെശയ്യാവു 48:18) ദൈവത്തിന്റെ പഠിപ്പിക്കലുകളുടെ തെളിയിക്കപ്പെട്ട മൂല്യം അവൻ പറയുന്നതു ശ്രദ്ധിക്കാനും അവന്റെ മാർഗനിർദേശം പിൻപറ്റാനും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. നിവൃത്തിയേറിയ പ്രവചനങ്ങളെ കുറിച്ചുള്ള വൃത്താന്തം തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനുള്ള യഹോവയുടെ ദൃഢനിശ്ചയം സംബന്ധിച്ച ഏതൊരു സംശയവും ദൂരീകരിക്കുന്നു.
2. യെശയ്യാവു 48-ാം അധ്യായത്തിലെ വാക്കുകൾ ആർക്കായി രേഖപ്പെടുത്തപ്പെട്ടു, അതിൽനിന്ന് ആർക്കുകൂടെ പ്രയോജനം അനുഭവിക്കാൻ കഴിയും?
2 യെശയ്യാവു 48-ാം അധ്യായത്തിലെ വാക്കുകൾ എഴുതപ്പെട്ടത് തെളിവനുസരിച്ച് ബാബിലോണിൽ പ്രവാസത്തിലാകുമായിരുന്ന യഹൂദർക്കു വേണ്ടിയാണ്. എന്നുവരികിലും, ഇന്നു ക്രിസ്ത്യാനികൾക്കായി അവഗണിക്കാനാവാത്ത ഒരു സന്ദേശവും അതിൽ അടങ്ങിയിട്ടുണ്ട്. യെശയ്യാവു 47-ാം അധ്യായത്തിൽ ബാബിലോണിന്റെ വീഴ്ചയെപ്പറ്റി ബൈബിൾ മുൻകൂട്ടി പറഞ്ഞു. ഇപ്പോൾ യഹോവ, ആ പട്ടണത്തിലുള്ള യഹൂദ പ്രവാസികളെ പ്രതിയുള്ള തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു. താൻ തിരഞ്ഞെടുത്ത ജനതയുടെ കാപട്യവും തന്റെ വചനത്തിലുള്ള അവരുടെ വിശ്വാസമില്ലായ്മയും അവനെ വേദനിപ്പിക്കുന്നു. എന്നിട്ടും അവരുടെ നന്മയ്ക്കായി അവരെ പ്രബോധിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. സ്വദേശത്തേക്കുള്ള വിശ്വസ്ത യഹൂദന്മാരുടെ പുനഃസ്ഥാപനത്തിലേക്കു നയിക്കുന്ന ഒരു ശുദ്ധീകരണ കാലഘട്ടം അവൻ മുൻകൂട്ടി കാണുന്നു.
3. യഹൂദയുടെ ആരാധനയ്ക്ക് എന്തായിരുന്നു കുഴപ്പം?
3 യഹോവയുടെ ജനം നിർമലാരാധനയിൽനിന്ന് എത്രമാത്രം വ്യതിചലിച്ചിരിക്കുന്നു! യെശയ്യാവിന്റെ പ്രാരംഭവാക്കുകൾ ചിന്തോദ്ദീപകമാണ്: “യിസ്രായേൽ എന്ന പേർ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊൾവിൻ. അവർ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നുവിളിച്ചു യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.” (യെശയ്യാവു 48:1, 2) എന്തൊരു കാപട്യം! ‘യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നത്’ ദൈവനാമം കേവലം അലക്ഷ്യമായി ഉപയോഗിക്കുന്നതിനെ അർഥമാക്കുന്നു. (സെഫന്യാവു 1:5) ബാബിലോണിൽ പ്രവാസത്തിലാകുന്നതിനു മുമ്പ് “വിശുദ്ധനഗര”മായ യെരൂശലേമിലാണ് യഹൂദർ യഹോവയെ ആരാധിച്ചിരുന്നത്. എന്നാൽ അവരുടെ ആരാധനയിൽ ആത്മാർഥത തൊട്ടുതീണ്ടിയിരുന്നില്ല. അവരുടെ ഹൃദയം ദൈവത്തിൽനിന്നു വളരെ അകന്നിരുന്നു. അവരുടെ ആരാധനാരീതികൾ “സത്യത്തോടും നീതിയോടും കൂടെ” ഉള്ളത് ആയിരുന്നില്ല. അവർക്കു തങ്ങളുടെ പൂർവപിതാക്കന്മാരുടേതു പോലുള്ള വിശ്വാസം ഉണ്ടായിരുന്നില്ല.—മലാഖി 3:7.
4. എങ്ങനെയുള്ള ആരാധനയാണ് യഹോവയ്ക്കു പ്രസാദകരം?
4 ആരാധന യാന്ത്രികമായിരിക്കരുത് എന്ന് യഹോവയുടെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. അത് ഹൃദയംഗമമായിരിക്കണം. ഒരുപക്ഷേ മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ അവരിൽ മതിപ്പുളവാക്കാനോ ഉദ്ദേശിച്ചുള്ള നാമമാത്ര സേവനം ‘ദൈവിക ഭക്തിപ്രവൃത്തികളിൽ’ ഉൾപ്പെടുന്നില്ല. (2 പത്രൊസ് 3:11, NW) ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്നതുകൊണ്ടു മാത്രം ഒരുവന്റെ ആരാധനയ്ക്ക് ദൈവാംഗീകാരം ഉണ്ടായിരിക്കണമെന്നില്ല. (2 തിമൊഥെയൊസ് 3:5) യഹോവ ഉണ്ടെന്ന് അംഗീകരിക്കുന്നതു ജീവത്പ്രധാനമാണ്. എന്നുവരികിലും, അതു തുടക്കം മാത്രമാണ്. ആഴമായ സ്നേഹത്താലും വിലമതിപ്പിനാലും പ്രേരിതമായ മനസ്സോടെയുള്ള ആരാധനയാണ് യഹോവ ആവശ്യപ്പെടുന്നത്.—കൊലൊസ്സ്യർ 3:23.
പുതിയ കാര്യങ്ങൾ മുൻകൂട്ടി പറയുന്നു
5. യഹോവ മുൻകൂട്ടി പറഞ്ഞ ചില ‘പൂർവ്വകാര്യങ്ങൾ’ ഏവ?
5 ഒരുപക്ഷേ, ബാബിലോണിലുള്ള യഹൂദരുടെ ഓർമ പുതുക്കേണ്ടത് ആവശ്യമായിരിക്കാം. തന്മൂലം, താൻ യഥാർഥ പ്രവചനത്തിന്റെ ദൈവമാണെന്ന് യഹോവ ഒരിക്കൽക്കൂടി അവരെ ഓർമിപ്പിക്കുന്നു: “പൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.” (യെശയ്യാവു 48:3) ‘പൂർവ്വകാര്യങ്ങൾ’ എന്നു പറയുന്നത്, ഇസ്രായേല്യരെ ഈജിപ്തിൽനിന്നു മോചിപ്പിച്ച് അവർക്കു വാഗ്ദത്തദേശം അവകാശമായി കൊടുത്തതു പോലെ ദൈവം അതിനോടകം നിവർത്തിച്ച കാര്യങ്ങളാണ്. (ഉല്പത്തി 13:14, 15; 15:13, 14) അത്തരം പ്രവചനങ്ങൾ ദൈവത്തിന്റെ വായിൽനിന്നു പുറപ്പെടുന്നവയാണ്; അവ ദിവ്യ ഉത്ഭവമുള്ളവയാണ്. മനുഷ്യർ തന്റെ കൽപ്പനകൾ കേൾക്കാൻ ദൈവം ഇടയാക്കുന്നു. കേൾക്കുന്ന കാര്യങ്ങൾ അനുസരണം പ്രകടമാക്കാൻ അവരെ പ്രേരിപ്പിക്കണം. (ആവർത്തനപുസ്തകം 28:15) താൻ മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ നിവർത്തിക്കാനായി അവൻ പെട്ടെന്നു പ്രവർത്തിക്കുന്നു. യഹോവയാണു സർവശക്തൻ എന്ന വസ്തുത അവന്റെ ഉദ്ദേശ്യം നിവൃത്തിയേറുമെന്നതിന് ഉറപ്പേകുന്നു.—യോശുവ 21:45; 23:14.
6. യഹൂദർ എത്രത്തോളം “ശാഠ്യവും മത്സരവും” ഉള്ളവരായിരിക്കുന്നു?
6 യഹോവയുടെ ജനം “ശാഠ്യവും മത്സരവും ഉള്ള” ജനതയായിത്തീർന്നിരിക്കുന്നു. “നീ കഠിനൻ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെററി താമ്രം എന്നും” അവൻ അവരോട് തുറന്നു പറയുന്നു. (യെശയ്യാവു 48:4) ലോഹങ്ങളെ പോലെ യഹൂദരെയും വളച്ചെടുക്കാൻ പ്രയാസമാണ്. അവർ വഴക്കമില്ലാത്തവരാണ്. കാര്യങ്ങൾ സംഭവിക്കുന്നതിനു മുമ്പ് യഹോവ അതു വെളിപ്പെടുത്തുന്നതിന്റെ ഒരു കാരണം അതാണ്. അല്ലാത്തപക്ഷം, യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെ കുറിച്ച് “എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു” എന്നും അവന്റെ ജനം പറയും. (യെശയ്യാവു 48:5) യഹോവ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അവിശ്വസ്ത യഹൂദരിൽ എന്തെങ്കിലും ഫലം ഉളവാക്കുമോ? ദൈവം അവരോട് ഇങ്ങനെ പറയുന്നു: “നീ കേട്ടിട്ടുണ്ടു; ഇപ്പോൾ എല്ലാം കണ്ടുകൊൾക; നിങ്ങൾ തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേൾപ്പിക്കുന്നു. ഞാൻ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.”—യെശയ്യാവു 48:6, 7.
7. പ്രവാസത്തിലായിരിക്കുന്ന യഹൂദർക്ക് എന്തു സമ്മതിക്കേണ്ടിവരും, അവർക്ക് എന്തു പ്രതീക്ഷിക്കാനാകും?
7 ബാബിലോണിന്റെ വീഴ്ചയെ കുറിച്ചു ദീർഘകാലം മുമ്പേ യെശയ്യാവു രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ആ പ്രവചനത്തിന്റെ നിവൃത്തിയെ കുറിച്ചു ചിന്തിക്കാൻ ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന യഹൂദർക്കു പ്രാവചനികമായി കൽപ്പന ലഭിക്കുന്നു. നിവൃത്തിയേറിയ പ്രവചനത്തിന്റെ ദൈവമാണ് യഹോവ എന്നത് അവർക്കു നിരസിക്കാനാകുമോ? യഹോവ സത്യത്തിന്റെ ദൈവമാണ് എന്ന് യഹൂദാ നിവാസികൾ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് അവർക്ക് ഈ സത്യം മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ കഴിയുമോ? യഹോവയുടെ വെളിപ്പെടുത്തപ്പെട്ട വചനം അതുവരെ സംഭവിക്കാത്ത പുതിയ കാര്യങ്ങൾ മുൻകൂട്ടി പറയുന്നു. കോരെശ് ബാബിലോണിനെ ജയിച്ചടക്കുന്നതും യഹൂദരെ വിടുവിക്കുന്നതും അവയിൽ ഉൾപ്പെടുന്നു. (യെശയ്യാവു 48:14-16) വിസ്മയാവഹമായ അത്തരം കാര്യങ്ങൾ അപ്രതീക്ഷിതമായി പെട്ടെന്നാണ് സംഭവിക്കുന്നത്. ലോക സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ആർക്കും അവ മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല. അവ യാതൊരു കാരണവുമില്ലാതെ പെട്ടെന്നു സംഭവിക്കുന്നതു പോലെ തോന്നുന്നു. ഈ സംഭവങ്ങളുടെ കാരണഭൂതൻ ആരാണ്? ഏതാണ്ട് 200 വർഷം മുമ്പ് യഹോവതന്നെ അവയെല്ലാം മുൻകൂട്ടി പറയുന്ന സ്ഥിതിക്ക് അതിന്റെ ഉത്തരം വ്യക്തമാണ്.
8. ഏതു പുതിയ കാര്യങ്ങൾക്കായി ക്രിസ്ത്യാനികൾ ഇന്നു കാത്തിരിക്കുന്നു, യഹോവയുടെ പ്രാവചനിക വചനത്തിൽ അവർക്കു പൂർണബോധ്യമുള്ളത് എന്തുകൊണ്ട്?
8 മാത്രമല്ല, തന്റെ സമയപ്പട്ടിക അനുസരിച്ചാണ് യഹോവ തന്റെ വാക്കു നിവർത്തിക്കുന്നത്. നിവൃത്തിയേറിയ പ്രവചനങ്ങൾ പുരാതന കാലത്തെ യഹൂദർക്കു മാത്രമല്ല ഇന്നത്തെ ക്രിസ്ത്യാനികൾക്കും അവന്റെ ദൈവത്വം സംബന്ധിച്ച തെളിവായി ഉതകുന്നു. ഗതകാലത്തു നിറവേറിയ നിരവധി പ്രവചനങ്ങൾ അതായത് ‘പൂർവ്വകാര്യങ്ങൾ,’ യഹോവ വാഗ്ദാനം ചെയ്യുന്ന പുതിയ കാര്യങ്ങളും നിവൃത്തിയേറും എന്നതിന്റെ ഉറപ്പാണ്. വരാനിരിക്കുന്ന “മഹോപദ്രവം,” അതിനെ അതിജീവിക്കുന്ന “മഹാപുരുഷാരം,” ‘പുതിയ ആകാശം,’ “പുതിയ ഭൂമി” എന്നിങ്ങനെ അനേകം കാര്യങ്ങൾ പുതിയ കാര്യങ്ങളിൽ പെടുന്നു. (വെളിപ്പാടു 7:9, 14, 15, NW; 21:4, 5; 2 പത്രൊസ് 3:13) യഹോവയെ കുറിച്ചു തീക്ഷ്ണതയോടെ സംസാരിക്കാൻ ഈ ഉറപ്പ് പരമാർഥഹൃദയരെ പ്രചോദിപ്പിക്കുന്നു. പിൻവരുന്ന പ്രകാരം പ്രസ്താവിച്ച സങ്കീർത്തനക്കാരന്റെ വികാരങ്ങൾ അവർ പങ്കിടുന്നു: “ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല.”—സങ്കീർത്തനം 40:9.
യഹോവ ആത്മനിയന്ത്രണം പാലിക്കുന്നു
9. ഇസ്രായേൽ ജനത “ഗർഭംമുതൽ വിശ്വാസ വഞ്ചകൻ” ആണെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
9 യഹൂദർ യഹോവയുടെ പ്രവചനങ്ങളെ അവിശ്വസിച്ചു, അതുകൊണ്ടുതന്നെ അവർ അവന്റെ മുന്നറിയിപ്പുകൾക്കു ചെവികൊടുത്തതുമില്ല. അതുകൊണ്ടാണ് അവൻ അവരോട് ഇങ്ങനെ പറയുന്നത്: “നീ കേൾക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസ വഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.” (യെശയ്യാവു 48:8) യഹോവയുടെ സുവാർത്തയ്ക്കും ചെവികൊടുക്കാൻ അവർ വിസമ്മതിച്ചിരിക്കുന്നു. (യെശയ്യാവു 29:10) ദൈവത്തിന്റെ ഉടമ്പടിജനം ഈ വിധത്തിൽ പെരുമാറിയത് ആ ജനത “ഗർഭംമുതൽ വിശ്വാസ വഞ്ചകൻ” ആണെന്നു പ്രകടമാക്കി. ഇസ്രായേൽ ജനത ജനനം മുതൽ അതിന്റെ ചരിത്രത്തിലുടനീളം മത്സരികളാണ് എന്നു തെളിയിച്ചു. ജനം ദ്രോഹവും വഞ്ചനയും ചെയ്യുന്നത് വല്ലപ്പോഴുമല്ല, അത് അവരുടെ ഒരു പതിവ് ആയിരിക്കുന്നു.—സങ്കീർത്തനം 95:10; മലാഖി 2:11.
10. യഹോവ നിയന്ത്രണം പാലിക്കുന്നത് എന്തുകൊണ്ട്?
10 അപ്പോൾ സകല പ്രത്യാശയും നശിച്ചെന്നാണോ? അല്ല. യഹൂദർ മത്സരികളും വഞ്ചകരും ആണെങ്കിലും യഹോവ എല്ലായ്പോഴും വിശ്വസ്തനും സത്യവാനുമാണ്. തന്റെ മഹത്തായ നാമത്തെപ്രതി അവൻ തന്റെ കോപത്തെ നിയന്ത്രിക്കും. അവൻ പറയുന്നതു ശ്രദ്ധിക്കുക: “എന്റെ നാമത്തെപ്രതി ഞാൻ കോപം അടക്കി; എന്റെ മഹിമയ്ക്കായി നിന്നെ വിച്ഛേദിക്കാതെ ഞാൻ അതു നിയന്ത്രിച്ചു.” (യെശയ്യാവു 48:9, പി.ഒ.സി. ബൈ.) എന്തൊരു വൈരുദ്ധ്യം! യഹോവയുടെ ജനമായ ഇസ്രായേല്യരും യഹൂദരും അവനോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു. എന്നുവരികിലും, തന്റെ നാമത്തിനു സ്തുതിയും മഹിമയും കൈവരുന്ന വിധത്തിൽ പ്രവർത്തിച്ചുകൊണ്ട് അവൻ അതിനെ മഹത്ത്വീകരിക്കും. അക്കാരണത്താൽ, തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ അവൻ നശിപ്പിക്കുകയില്ല.—യോവേൽ 2:13, 14.
11. തന്റെ ജനം പൂർണമായി നശിപ്പിക്കപ്പെടാൻ ദൈവം അനുവദിക്കില്ലാത്തത് എന്തുകൊണ്ട്?
11 പ്രവാസത്തിലുള്ള പരമാർഥ ഹൃദയരായ യഹൂദർ ദൈവത്തിന്റെ ശാസനയ്ക്കു ചെവികൊടുക്കുകയും അവന്റെ പഠിപ്പിക്കലുകൾ പിൻപറ്റാൻ ദൃഢനിശ്ചയമെടുക്കുകയും ചെയ്യുന്നു. അത്തരക്കാർക്ക് പിൻവരുന്ന പ്രഖ്യാപനം വലിയ ആശ്വാസം കൈവരുത്തും: “ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറെറാരുത്തന്നും കൊടുക്കയില്ല.” (യെശയ്യാവു ) തന്റെ ജനത്തിന്മേൽ വന്നുഭവിക്കാൻ യഹോവ അനുവദിച്ചിരിക്കുന്ന പീഡനം “കഷ്ടതയുടെ ചൂളയിൽ” എന്നതു പോലെ അവരെ ശോധന ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു, അങ്ങനെ അവരുടെ ഹൃദയനില വെളിപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് അവരുടെ പൂർവപിതാക്കന്മാരോടു മോശെ പിൻവരുന്ന പ്രകാരം പറയുകയുണ്ടായി: “നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തി.” ( 48:10, 11ആവർത്തനപുസ്തകം 8:2) മത്സരാത്മക സ്വഭാവം പ്രകടിപ്പിച്ചിട്ടും യഹോവ ആ ജനതയെ അന്നു നശിപ്പിച്ചില്ല, ഇന്നും അവൻ ആ ജനതയെ പൂർണമായി നശിപ്പിക്കില്ല. അങ്ങനെ അവന്റെ നാമത്തിനും മഹിമയ്ക്കും കോട്ടം തട്ടുകയില്ല. തന്റെ ജനം ബാബിലോണിയരുടെ കയ്യാൽ നശിപ്പിക്കപ്പെടുന്നപക്ഷം അവൻ തന്റെ ഉടമ്പടിയോടു വിശ്വസ്തത പാലിക്കുക ആയിരിക്കുകയില്ല. മാത്രമല്ല, അത് അവന്റെ നാമത്തിന് നിന്ദ വരുത്തുകയും ചെയ്യും. ഇസ്രായേല്യരുടെ ദൈവം തന്റെ ജനത്തെ രക്ഷിക്കാൻ അപ്രാപ്തനാണെന്നു കാണപ്പെടും.—യെഹെസ്കേൽ 20:9.
12. ഒന്നാം ലോകമഹായുദ്ധകാലത്തു സത്യക്രിസ്ത്യാനികൾ ശുദ്ധീകരിക്കപ്പെട്ടത് എങ്ങനെ?
12 ഈ ആധുനിക നാളിലും യഹോവയുടെ ജനത്തിനു ശുദ്ധീകരണം ആവശ്യമായി വന്നിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചെറിയൊരു കൂട്ടമായിരുന്ന ബൈബിൾ വിദ്യാർഥികളിൽ മിക്കവരും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആത്മാർഥമായ ആഗ്രഹത്തോടെയാണ് അവനെ സേവിച്ചത്. എങ്കിലും, ചിലരുടെ ആന്തരം അത്ര നല്ലതായിരുന്നില്ല, അവർ പ്രാമുഖ്യത കാംക്ഷിച്ചു. അന്ത്യനാളുകളിൽ നടക്കുമെന്നു മുൻകൂട്ടി പറഞ്ഞിരുന്ന സുവാർത്താ പ്രസംഗവേലയ്ക്ക് ആഗോള നേതൃത്വം നൽകുന്നതിനു മുമ്പ് ആ ചെറിയ കൂട്ടത്തിനു ശുദ്ധീകരണം ആവശ്യമായിരുന്നു. (മത്തായി 24:14) യഹോവ തന്റെ ആത്മീയ ആലയത്തിലേക്കു വരുന്നതിനോടുള്ള ബന്ധത്തിൽ അത്തരമൊരു ശുദ്ധീകരണ പ്രവർത്തനം നടക്കുമെന്ന് പ്രവാചകനായ മലാഖി മുൻകൂട്ടി പറഞ്ഞിരുന്നു. (മലാഖി 3:1-4) 1918-ൽ അവന്റെ വാക്കുകൾ നിവൃത്തിയേറി. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ആ സത്യ ക്രിസ്ത്യാനികൾ കൊടിയ പരിശോധനയിലൂടെ കടന്നുപോയി. ആ പരിശോധന, വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡിന്റെയും വേറെ ചില പ്രതിനിധികളുടെയും അറസ്റ്റിൽ കലാശിച്ചു. ആത്മാർഥഹൃദയരായ ആ ക്രിസ്ത്യാനികൾ ശുദ്ധീകരണ പ്രക്രിയയിൽനിന്നു പ്രയോജനം അനുഭവിച്ചു. ഒന്നാം ലോകമഹായുദ്ധത്തെ അതിജീവിച്ച അവർ തങ്ങളുടെ മഹാനായ ദൈവത്തെ അവൻ ആഗ്രഹിക്കുന്ന വിധത്തിൽ സേവിക്കാൻ ദൃഢചിത്തരായിരുന്നു.
13. ഒന്നാം ലോകമഹായുദ്ധം മുതലുള്ള വർഷങ്ങളിൽ യഹോവയുടെ ജനം പീഡനത്തോടു പ്രതികരിച്ചിരിക്കുന്നത് എങ്ങനെ?
13 അന്നു മുതൽ യഹോവയുടെ സാക്ഷികൾ പലതവണ കൊടിയ പരിശോധനകൾക്കു വിധേയരായിട്ടുണ്ട്. എന്നാൽ, അതൊന്നും അവർ തങ്ങളുടെ സ്രഷ്ടാവിന്റെ വാക്കുകളെ സംശയിക്കാൻ ഇടയാക്കിയിട്ടില്ല. പകരം, തന്റെ നാളിൽ പീഡനത്തിന് ഇരയായ ക്രിസ്ത്യാനികൾക്കുള്ള പത്രൊസ് അപ്പൊസ്തലന്റെ ഈ വാക്കുകൾ അവർ ഹൃദയത്തിൽ സംഗ്രഹിക്കുന്നു: “നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും . . . നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.” (1 പത്രൊസ് 1:6, 7) കൊടിയ പീഡനം സത്യക്രിസ്ത്യാനികളുടെ ദൃഢവിശ്വസ്തതയെ പിടിച്ചുലയ്ക്കുന്നില്ല. മറിച്ച്, അത് അവരുടെ ആന്തരശുദ്ധി വെളിപ്പെടുത്തുന്നു. അത് അവരുടെ വിശ്വാസത്തിന്റെ മേന്മ പരിശോധിച്ച് തെളിയിക്കുന്നതോടൊപ്പം അവരുടെ ഭക്തിയുടെയും സ്നേഹത്തിന്റെയും ആഴം വെളിപ്പെടുത്തുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 17:3.
“ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു”
14. (എ) ഏതു വിധത്തിലാണ് യഹോവ “ആദ്യനും” “അന്ത്യനും” ആയിരിക്കുന്നത്? (ബി) തന്റെ “കൈ” മുഖാന്തരം യഹോവ എന്തു ശക്തമായ പ്രവൃത്തികൾ നിർവഹിച്ചിരിക്കുന്നു?
14 അടുത്തതായി യഹോവ തന്റെ ഉടമ്പടി ജനതയോട് ഉഷ്മളതയോടെ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്വരുന്നു.” (യെശയ്യാവു 48:12, 13) മനുഷ്യരിൽനിന്നു വ്യത്യസ്തമായി ദൈവം നിത്യനാണ്, അവൻ ഒരിക്കലും മാറുന്നില്ല. (മലാഖി 3:6) വെളിപ്പാടു പുസ്തകത്തിൽ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.” (വെളിപ്പാടു 22:13) യഹോവയ്ക്കു മുമ്പ് സർവശക്തനായ ഒരു ദൈവവും ഉണ്ടായിരുന്നിട്ടില്ല, അവനു ശേഷം ഉണ്ടായിരിക്കുകയുമില്ല. അവൻ പരമോന്നതനും നിത്യനുമായ സ്രഷ്ടാവാണ്. അവന്റെ “കൈ”—അവന്റെ പ്രയുക്ത ശക്തി—ഭൂമിയെ സ്ഥാപിക്കുകയും നക്ഷത്രനിബിഡമായ ആകാശത്തെ വിരിക്കുകയും ചെയ്തു. (ഇയ്യോബ് 38:4; സങ്കീർത്തനം 102:25) അവൻ തന്റെ സൃഷ്ടികളെ വിളിക്കുമ്പോൾ അവ അവനെ സേവിക്കാൻ തയ്യാറായി നിൽക്കുന്നു.—സങ്കീർത്തനം 147:4.
15. ഏതു വിധത്തിൽ, എന്ത് ഉദ്ദേശ്യത്തിന് യഹോവ കോരെശിനെ “സ്നേഹി”ച്ചിരിക്കുന്നു?
15 അടുത്തതായി യഹൂദർക്കും യഹൂദേതരർക്കും സുപ്രധാനമായ ഒരു ക്ഷണം നൽകപ്പെടുന്നു: “നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും. ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.” (യെശയ്യാവു 48:14, 15) സർവശക്തനും ഭാവി സംഭവങ്ങൾ സൂക്ഷ്മമായി മുൻകൂട്ടി പറയാൻ കഴിവുള്ളവനും യഹോവ മാത്രമാണ്. “അവരിൽ,” അതായത് പ്രയോജനമില്ലാത്ത വിഗ്രഹങ്ങളിൽ, ആർക്കും ഈ സംഗതികൾ മുൻകൂട്ടി പറയാനാവില്ല. വിഗ്രഹങ്ങളല്ല, യഹോവയാണ് “അവനെ”—കോരെശിനെ—സ്നേഹി”ച്ചിരിക്കുന്നത് അതായത് ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. (യെശയ്യാവു 41:2; 44:28; 45:1, 13; 46:11) അവൻ കോരെശിന്റെ രംഗപ്രവേശം മുൻകൂട്ടി കാണുകയും ബാബിലോണിന്റെ ഭാവി ജേതാവായി അവനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.
16, 17. (എ) യഹോവ തന്റെ പ്രവചനങ്ങൾ രഹസ്യമായിട്ടല്ല നൽകിയിരിക്കുന്നത് എന്നു പറയാവുന്നത് എന്തുകൊണ്ട്? (ബി) യഹോവ ഇന്നു തന്റെ ഉദ്ദേശ്യങ്ങൾ എങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു?
16 ഒരു ആഹ്വാന ശബ്ദത്തിൽ യഹോവ ഇങ്ങനെ തുടരുന്നു: “നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു.” (യെശയ്യാവു 48:16എ) യഹോവയിൽ നിന്നുള്ള പ്രവചനങ്ങൾ രഹസ്യമായോ ചുരുക്കം ചിലർക്കോ അല്ല നൽകിയിരിക്കുന്നത്. യഹോവയുടെ പ്രവാചകന്മാർ ദൈവത്തിനു വേണ്ടി തുറന്നു സംസാരിക്കുന്നവർ ആയിരുന്നു. (യെശയ്യാവു 61:1) അവർ ദൈവേഷ്ടം പരസ്യമായി വെളിപ്പെടുത്തി. ഉദാഹരണത്തിന്, കോരെശുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദൈവത്തിനു പുതിയതോ അദൃശ്യമോ ആയിരുന്നില്ല. ഏകദേശം 200 വർഷം മുമ്പ് യെശയ്യാവ് മുഖാന്തരം ദൈവം അത് പരസ്യമായി മുൻകൂട്ടി പറഞ്ഞു.
17 സമാനമായി, ഇന്ന് തന്റെ ഉദ്ദേശ്യങ്ങൾ യഹോവ രഹസ്യമാക്കി വെക്കുന്നില്ല. ഈ വ്യവസ്ഥിതിയുടെ വരാനിരിക്കുന്ന നാശത്തെ കുറിച്ചു മുന്നറിയിപ്പു നൽകുകയും ദൈവരാജ്യത്തിൻ കീഴിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചുള്ള സുവാർത്ത നൽകുകയും ചെയ്തുകൊണ്ടു ദശലക്ഷക്കണക്കിന് ആളുകൾ നൂറുകണക്കിനു ദേശങ്ങളിലും ദ്വീപുകളിലും വീടുതോറും അതുപോലെതന്നെ തെരുവുകളിലും സാധ്യമായ എല്ലായിടങ്ങളിലും പ്രവർത്തിക്കുന്നു. തീർച്ചയായും, യഹോവ തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവമാണ്.
‘എന്റെ കൽപ്പനകൾ കേട്ടനുസരിക്കുക’!
18. തന്റെ ജനത്തോടുള്ള ബന്ധത്തിൽ യഹോവയുടെ ആഗ്രഹമെന്താണ്?
18 യഹോവയുടെ ആത്മാവിന്റെ ശക്തിയാൽ പ്രവാചകൻ ഇങ്ങനെ ഘോഷിക്കുന്നു: “യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു. യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:16ബി, 17) യഹോവയുടെ പരിപാലനത്തിന്റെ ഈ സ്നേഹപ്രകടനം അവൻ തങ്ങളെ ബാബിലോണിൽനിന്നു വിടുവിക്കുമെന്നതിന് ആ ജനതയ്ക്ക് ഉറപ്പേകേണ്ടതാണ്. അവൻ അവരുടെ വീണ്ടെടുപ്പുകാരനാണ്. (യെശയ്യാവു 54:5) ഇസ്രായേല്യർ താനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും തന്റെ കൽപ്പനകൾ കേട്ടനുസരിക്കാനും അവൻ ആഗ്രഹിക്കുന്നു. ദിവ്യ നിർദേശങ്ങൾ അനുസരിക്കുന്നതിൽ അധിഷ്ഠിതമാണ് സത്യാരാധന. ‘പോകേണ്ടുന്ന വഴി’ ഏതാണെന്നു പഠിപ്പിക്കപ്പെടാത്തപക്ഷം ഇസ്രായേല്യർക്ക് അതിലൂടെ നടക്കാനാവില്ല.
19. ഹൃദയസ്പർശിയായ എന്ത് ആഹ്വാനമാണ് യഹോവ നൽകുന്നത്?
19 തന്റെ ജനം ദുരന്തം ഒഴിവാക്കി ജീവിതം ആസ്വദിക്കാനുള്ള യഹോവയുടെ ആഗ്രഹം മനോഹരമായി ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നു: “അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (യെശയ്യാവു 48:18) സർവശക്തനായ സ്രഷ്ടാവിൽ നിന്നുള്ള എത്ര ഹൃദയസ്പർശിയായ ആഹ്വാനം! (ആവർത്തനപുസ്തകം 5:29; സങ്കീർത്തനം 81:13) അടിമത്തത്തിലേക്കു പോകുന്നതിനു പകരം ഇസ്രായേല്യർക്ക് നിറഞ്ഞൊഴുകുന്ന നദിയിലെ വെള്ളം പോലെ സമൃദ്ധമായ സമാധാനം ആസ്വദിക്കാനാകും. (സങ്കീർത്തനം 119:165) അവരുടെ നീതിപ്രവൃത്തികൾ സമുദ്രത്തിലെ തിര പോലെ അസംഖ്യമായിരിക്കും. (ആമോസ് 5:24) അവരിൽ യഥാർഥ താത്പര്യമുള്ള ഒരു വ്യക്തി എന്ന നിലയിൽ യഹോവ ഇസ്രായേല്യരോട് സ്നേഹപുരസ്സരം അഭ്യർഥിക്കുകയും പോകേണ്ടുന്ന വഴി അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. അവർ അവൻ പറയുന്നത് അനുസരിച്ചിരുന്നെങ്കിൽ!
20. (എ) മത്സരികളായിരുന്നിട്ടും ഇസ്രായേല്യരെ സംബന്ധിച്ച ദൈവത്തിന്റെ ആഗ്രഹമെന്താണ്? (ബി) തന്റെ ജനത്തോടുള്ള യഹോവയുടെ ഇടപെടലിൽനിന്നു നാം എന്തു പഠിക്കുന്നു? (133-ാം പേജിലുള്ള ചതുരം കാണുക.)
20 ഇസ്രായേല്യർ അനുതപിക്കുന്നപക്ഷം എന്ത് അനുഗ്രഹങ്ങൾ അവർക്കു ലഭ്യമാകും? യഹോവ പറയുന്നു: “നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.” (യെശയ്യാവു 48:19) അബ്രാഹാമിന്റെ സന്തതി “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്ക്കരയിലെ മണൽപോലെയും” അനവധിയാകുമെന്ന തന്റെ വാഗ്ദാനം യഹോവ തന്റെ ജനത്തെ ഓർമിപ്പിക്കുന്നു. (ഉല്പത്തി 22:17; 32:12) എന്നാൽ, അബ്രാഹാമിന്റെ ഈ പിൻഗാമികൾ മത്സരികൾ ആയിത്തീർന്നിരിക്കുന്നു. തന്മൂലം, ആ വാഗ്ദാനത്തിന്റെ നിവൃത്തി ആസ്വദിക്കാൻ അവർക്ക് അവകാശമില്ല. ഒരു ജനത എന്ന നിലയിലുള്ള തങ്ങളുടെ പേര് മായ്ച്ചു കളയത്തക്കവണ്ണം അവരുടെ ചരിത്രം അത്ര മോശമാണ്. (ആവർത്തനപുസ്തകം 28:45) എന്നിട്ടും, തന്റെ ജനം നശിക്കാനും അവരെ പാടേ ഉപേക്ഷിക്കാനും യഹോവ ആഗ്രഹിക്കുന്നില്ല.
21. യഹോവയുടെ നിർദേശം പിൻപറ്റുന്നപക്ഷം നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും?
21 ശക്തമായ ഈ പാഠഭാഗത്തുള്ള തത്ത്വങ്ങൾ യഹോവയുടെ ആരാധകർക്കു ബാധകമാണ്. യഹോവ ജീവന്റെ ഉറവാണ്, നാം ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് മറ്റേതൊരാളെക്കാളും മെച്ചമായി യഹോവയ്ക്ക് അറിയാം. (സങ്കീർത്തനം 36:9) അവൻ നമുക്കു മാർഗനിർദേശം നൽകിയിരിക്കുന്നു. അതു നമ്മുടെ സന്തോഷം കെടുത്തിക്കളയുന്നതിനല്ല, മറിച്ച് നമ്മുടെ പ്രയോജനത്തിനാണ്. യഹോവയിൽ നിന്നുള്ള പ്രബോധനം സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട് സത്യക്രിസ്ത്യാനികൾ അതിനോടു പ്രതികരിക്കുന്നു. (മീഖാ 4:2) അവന്റെ നിർദേശങ്ങൾ നമ്മുടെ ആത്മീയതയ്ക്കും അവനുമായുള്ള നമ്മുടെ ബന്ധത്തിനും ഒരു സംരക്ഷണമാണ്. സാത്താന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തിൽ നിന്ന് അവ നമ്മെ കാത്തുസൂക്ഷിക്കുന്നു. ദൈവനിയമത്തിനു പിന്നിലുള്ള തത്ത്വങ്ങൾ നാം മനസ്സിലാക്കുമ്പോൾ യഹോവ നമ്മെ നമ്മുടെ നന്മയ്ക്കായാണു പ്രബോധിപ്പിക്കുന്നത് എന്നു നാം ഗ്രഹിക്കുന്നു. “അവന്റെ കലപ്നകൾ ഭാരമുള്ളവയല്ല” എന്നു നാം തിരിച്ചറിയുന്നു. നാം നശിപ്പിക്കപ്പെടുകയുമില്ല.—1 യോഹന്നാൻ 2:17; 5:3.
“ബാബേലിൽനിന്നു പുറപ്പെടുവിൻ”!
22. വിശ്വസ്ത യഹൂദർ എന്തു ചെയ്യാൻ ആഹ്വാനം ചെയ്യപ്പെടുന്നു, അവർക്ക് എന്ത് ഉറപ്പു ലഭിക്കുന്നു?
22 ബാബിലോൺ വീഴുമ്പോൾ യഹൂദരിൽ ആരെങ്കിലും നല്ല ഹൃദയനില പ്രകടിപ്പിക്കുമോ? ദൈവം നൽകുന്ന വിമോചനം പ്രയോജനപ്പെടുത്തിക്കൊണ്ട് അവർ സ്വദേശത്തേക്കു മടങ്ങുകയും നിർമലാരാധന പുനഃസ്ഥാപിക്കുകയും ചെയ്യുമോ? ഉവ്വ്. ഉറപ്പായും അപ്രകാരം സംഭവിക്കുമെന്ന് യഹോവയുടെ അടുത്ത വാക്കുകൾ വ്യക്തമാക്കുന്നു. “ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അററത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ. അവൻ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു.” (യെശയ്യാവു 48:20, 21) തെല്ലും വൈകാതെ ബാബിലോൺ വിട്ടുപോകാൻ യഹോവ തന്റെ ജനത്തോടു പ്രാവചനികമായി കൽപ്പിക്കുന്നു. (യിരെമ്യാവു 50:8) അവരുടെ വിമോചനം ഭൂമിയുടെ അറ്റം വരെ പ്രസ്താവിക്കപ്പെടണം. (യിരെമ്യാവു 31:10) ഈജിപ്തിൽനിന്നു പുറപ്പെട്ടു പോന്ന തന്റെ ജനം മരുഭൂമിയിലൂടെ നടക്കവേ യഹോവ അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു. സമാനമായി, ബാബിലോണിൽനിന്നു പോരുന്ന തന്റെ ജനത്തിന്റെ ആവശ്യങ്ങളും അവൻ നിവർത്തിച്ചു കൊടുക്കും.—ആവർത്തനപുസ്തകം 8:15, 16.
23. ആർക്ക് ദൈവസമാധാനം ആസ്വദിക്കാൻ കഴിയുകയില്ല?
23 യഹോവയുടെ രക്ഷാപ്രവൃത്തികളെ കുറിച്ച് യഹൂദർ മനസ്സിൽ പിടിക്കേണ്ട മറ്റൊരു പ്രധാന സംഗതി കൂടിയുണ്ട്. നീതി പ്രവർത്തിക്കാൻ ചായ്വുള്ളവർ തങ്ങളുടെ പാപങ്ങൾ നിമിത്തം കഷ്ടതകൾ അനുഭവിച്ചേക്കാം. എങ്കിലും, അവർ ഒരിക്കലും നശിക്കുകയില്ല. എന്നാൽ നീതി കെട്ടവരുടെ കാര്യം അങ്ങനെയല്ല. “ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 48:22) തന്നെ സ്നേഹിക്കുന്നവർക്കായി ദൈവം കരുതിവെച്ചിരിക്കുന്ന സമാധാനം അവർക്കു ലഭിക്കുകയില്ല. അറിഞ്ഞുകൊണ്ടു ദുഷ്ടത പ്രവർത്തിക്കുകയോ അവിശ്വാസം പ്രകടമാക്കുകയോ ചെയ്യുന്നവർക്കുള്ളതല്ല രക്ഷാപ്രവൃത്തി. അത്തരം പ്രവൃത്തികൾ വിശ്വസിക്കുന്നവർക്കു മാത്രം ഉള്ളതാണ്. (തീത്തൊസ് 1:15, 16; വെളിപ്പാടു 22:14, 15) ദൈവസമാധാനം ദുഷ്ടന്മാരുടെ സ്വത്തല്ല.
24. ആധുനിക നാളുകളിൽ ദൈവജനത്തിനു സന്തോഷം കൈവരുത്തിയിരിക്കുന്നത് എന്താണ്?
24 പൊ.യു.മു. 537-ൽ ബാബിലോൺ വിട്ടുപോകാൻ അവസരം ലഭിച്ചത് വിശ്വസ്ത ഇസ്രായേല്യർക്ക് വളരെയധികം ആനന്ദമേകി. 1919-ൽ ബാബിലോണിയൻ അടിമത്തത്തിൽനിന്നു വിടുതൽ ലഭിച്ചത് ദൈവജനത്തെ ആനന്ദഭരിതരാക്കി. (വെളിപ്പാടു 11:11, 12) പ്രത്യാശാഭരിതരായിരുന്ന അവർ തങ്ങളുടെ പ്രവർത്തനം വികസിപ്പിക്കാൻ ലഭിച്ച അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി. വിദ്വേഷപൂരിതമായ ഒരു ലോകത്തിൽ പ്രസംഗവേലയിൽ ഏർപ്പെടുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താൻ ക്രിസ്ത്യാനികളുടെ ആ ചെറിയ കൂട്ടത്തിന് ധൈര്യം ആവശ്യമായിരുന്നു. യഹോവ അവരെ അനുഗ്രഹിച്ചെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
25. യഹോവയുടെ നീതിനിഷ്ഠമായ കൽപ്പനകൾക്കു ദത്തശ്രദ്ധ കൊടുക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
25 നമ്മുടെ നന്മയ്ക്കായാണു യഹോവ നമ്മെ പഠിപ്പിക്കുന്നത് എന്ന് യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം വ്യക്തമാക്കുന്നു. ദൈവത്തിന്റെ നീതിനിഷ്ഠമായ കൽപ്പനകൾക്ക് ദത്തശ്രദ്ധ നൽകുന്നതു വളരെ പ്രധാനമാണ്. (വെളിപ്പാടു 15:2-4) ദൈവത്തിന്റെ ജ്ഞാനത്തെയും സ്നേഹത്തെയും നാം സ്വയം ഓർമപ്പെടുത്തുന്നപക്ഷം, യഹോവ ശരിയെന്നു പറയുന്ന കാര്യങ്ങളുമായി അനുരൂപപ്പെടാൻ നമുക്കു സാധിക്കും. അവന്റെ കൽപ്പനകളെല്ലാം നമ്മുടെ നന്മയെ മുൻനിറുത്തിയുള്ളതാണ്.—യെശയ്യാവു 48:17, 18.
[അധ്യയന ചോദ്യങ്ങൾ]
[133-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സർവശക്തനായ ദൈവം നിയന്ത്രണം പാലിക്കുന്നു
“ഞാൻ കോപം അടക്കി; . . . ഞാൻ അതു നിയന്ത്രിച്ചു” എന്ന് യഹോവ വിശ്വാസത്യാഗികളായ ഇസ്രായേല്യരോടു പറഞ്ഞു. (യെശയ്യാവു 48:9, പി.ഒ.സി. ബൈ.) അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കുന്ന കാര്യത്തിൽ ദൈവം ഉത്തമ മാതൃക ആണെന്നു കാണാൻ അത്തരം പ്രസ്താവനകൾ നമ്മെ സഹായിക്കുന്നു. ആർക്കും ദൈവത്തെക്കാൾ ശക്തിയില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണു നാം അവനെ സർവശക്തൻ എന്നു വിളിക്കുന്നത്. ‘സർവശക്തൻ’ എന്ന് അവൻ സ്വയം വിശേഷിപ്പിക്കുന്നത് തികച്ചും ഉചിതമാണ്. (ഉല്പത്തി 17:1) അവന് അപരിമിതമായ ശക്തിയുണ്ടെന്നു മാത്രമല്ല, താൻ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ സാർവത്രിക പരമാധികാരി എന്ന നിലയിൽ അവനു സകല അധികാരവും ഉണ്ട്. അതുകൊണ്ടാണ് ആർക്കും അവന്റെ കൈ തടുപ്പാനോ “നീ എന്തു ചെയ്യുന്നു” എന്ന് അവനോടു ചോദിപ്പാനോ അവകാശമില്ലാത്തത്.—ദാനീയേൽ 4:35.
എന്നുവരികിലും, ശത്രുക്കൾക്ക് എതിരെ തന്റെ ശക്തി പ്രകടിപ്പിക്കുമ്പോൾ പോലും യഹോവ കോപത്തിനു താമസമുള്ളവനാണ്. (നഹൂം 1:3, NW) യഹോവയ്ക്ക് ‘കോപം അടക്കാൻ’ കഴിയും, ‘കോപത്തിനു താമസമുള്ളവൻ’ എന്ന് അവനെ ഉചിതമായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. കാരണം, സ്നേഹമാണ്—കോപമല്ല—അവന്റെ പ്രമുഖ ഗുണം. അവൻ നീതിയോടും ന്യായത്തോടും നിയന്ത്രണത്തോടും കൂടെയാണ് എപ്പോഴും കോപം പ്രകടിപ്പിക്കുന്നത്.—പുറപ്പാടു 34:6; 1 യോഹന്നാൻ 4:8.
യഹോവ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, അവൻ തന്റെ സർവശക്തിയെ ജ്ഞാനം, നീതി, സ്നേഹം എന്നീ മറ്റു മൂന്നു പ്രമുഖ ഗുണങ്ങളുമായി സമനിലയിൽ നിറുത്തുന്നു. ഈ ഗുണങ്ങൾക്കു ചേർച്ചയിലാണ് അവൻ തന്റെ ശക്തി പ്രയോഗിക്കുന്നത്.
[122-ാം പേജിലെ ചിത്രം]
പുനഃസ്ഥാപനത്തെ കുറിച്ചുള്ള യെശയ്യാവിന്റെ സന്ദേശം പ്രവാസികളായ വിശ്വസ്ത യഹൂദർക്ക് പ്രത്യാശ നൽകുന്നു
[124-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ പ്രവൃത്തികളുടെ മഹത്ത്വം വിഗ്രഹങ്ങൾക്ക് കൊടുക്കാനുള്ള ഒരു പ്രവണത യഹൂദർക്ക് ഉണ്ടായിരുന്നു
1. ഇഷ്ടാർ2. ബാബിലോണിലെ ഘോഷയാത്രാ മാർഗത്തിൽനിന്നു ലഭിച്ച തിളങ്ങുന്ന ഇഷ്ടികയിലെ ഒരു ചിത്രപ്പണി 3. മർദൂക്കിനെ സൂചിപ്പിക്കുന്ന വ്യാളിച്ചിഹ്നം.
[127-ാം പേജിലെ ചിത്രം]
“കഷ്ടതയുടെ ചൂള”യ്ക്ക് യഹോവയെ സേവിക്കുന്നതിലുള്ള നമ്മുടെ ആന്തരം ശുദ്ധമാണോ അല്ലയോ എന്നു വെളിപ്പെടുത്താൻ കഴിയും
[128-ാം പേജിലെ ചിത്രങ്ങൾ]
സത്യക്രിസ്ത്യാനികൾക്ക് കൊടിയ പീഡനങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്