വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കും ആശ്വാസമേകുന്ന പ്രാവചനിക വചനങ്ങൾ

നിങ്ങൾക്കും ആശ്വാസമേകുന്ന പ്രാവചനിക വചനങ്ങൾ

അധ്യായം രണ്ട്‌

നിങ്ങൾക്കും ആശ്വാ​സ​മേ​കുന്ന പ്രാവ​ച​നിക വചനങ്ങൾ

യെശയ്യാവു 41:1-29

1. യെശയ്യാ പ്രവച​ന​ത്തിൽ നാം തത്‌പരർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ഏകദേശം 3,000 വർഷം മുമ്പാണ്‌ യെശയ്യാവ്‌ സ്വന്തം പേരുള്ള പുസ്‌തകം എഴുതി​യ​തെ​ങ്കി​ലും, ഇന്നു നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ യഥാർഥ മൂല്യ​മു​ള്ള​താണ്‌. യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തിയ ചരിത്ര സംഭവ​ങ്ങ​ളിൽ നിന്നു നമുക്ക്‌ ജീവത്‌പ്ര​ധാന തത്ത്വങ്ങൾ പഠിക്കാൻ കഴിയും. യഹോ​വ​യു​ടെ നാമത്തിൽ അവൻ എഴുതിയ പ്രവച​നങ്ങൾ പഠിക്കു​ന്ന​തി​ലൂ​ടെ നമുക്കു നമ്മുടെ വിശ്വാ​സം കെട്ടു​പണി ചെയ്യാ​നാ​കും. അതേ, ജീവനുള്ള ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നാ​യി​രു​ന്നു യെശയ്യാവ്‌. ചരി​ത്ര​സം​ഭ​വങ്ങൾ മുൻകൂ​ട്ടി രേഖ​പ്പെ​ടു​ത്താൻ, അവ നടക്കു​ന്ന​തി​നു മുമ്പു​തന്നേ അവയെ കുറിച്ചു വിവരി​ക്കാൻ, യഹോവ അവനെ നിശ്വ​സ്‌ത​നാ​ക്കി. അങ്ങനെ, ഭാവി മുൻകൂ​ട്ടി പറയാൻ മാത്രമല്ല അതിനെ രൂപ​പ്പെ​ടു​ത്താ​നും തനിക്കു കഴിവു​ണ്ടെന്ന്‌ യഹോവ പ്രകട​മാ​ക്കി. യഹോവ തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിവർത്തി​ക്കു​മെന്ന്‌ യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ പഠനം സത്യ​ക്രി​സ്‌ത്യാ​നി​കളെ ബോധ്യ​പ്പെ​ടു​ത്തു​ന്നു.

2. യെശയ്യാവ്‌ തന്റെ പ്രവചന പുസ്‌തകം എഴുതിയ സമയത്ത്‌ യെരൂ​ശ​ലേ​മി​ലെ അവസ്ഥ എന്തായി​രു​ന്നു, എന്തു മാറ്റമാണ്‌ ഉണ്ടാകാ​നി​രു​ന്നത്‌?

2 യെശയ്യാവ്‌ തന്റെ പ്രാവ​ച​നിക പുസ്‌തകം എഴുതി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും യെരൂ​ശ​ലേം അസീറി​യൻ ഭീഷണി​യെ അതിജീ​വി​ച്ചി​രു​ന്നു. ആലയം അപ്പോ​ഴും നിലവി​ലു​ണ്ടാ​യി​രു​ന്നു. നൂറ്റാ​ണ്ടു​ക​ളാ​യി ചെയ്‌തു​വ​ന്നതു പോലെ ആളുകൾ തങ്ങളുടെ അനുദിന ജീവിത കാര്യാ​ദി​ക​ളിൽ മുഴു​കി​യി​രു​ന്നു. എന്നാൽ, ആ സാഹച​ര്യ​ത്തി​നു മാറ്റം വരാൻ പോകു​ക​യാ​യി​രു​ന്നു. യഹൂദ രാജാ​ക്ക​ന്മാ​രു​ടെ സമ്പത്ത്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​ക​യും യഹൂദ യുവാക്കൾ ആ നഗരത്തിൽ കൊട്ടാര ഉദ്യോ​ഗസ്ഥർ ആയിത്തീ​രു​ക​യും ചെയ്യുന്ന സമയം വരുമാ​യി​രു​ന്നു. a (യെശയ്യാ​വു 39:6, 7) 100-ലേറെ വർഷങ്ങൾക്കു ശേഷമാ​യി​രി​ക്കും അതു സംഭവി​ക്കുക.—2 രാജാ​ക്ക​ന്മാർ 24:12-17; ദാനീ​യേൽ 1:19.

3. യെശയ്യാ​വു 41-ാം അധ്യാ​യ​ത്തിൽ എന്തു സന്ദേശം കാണാം?

3 യെശയ്യാവ്‌ മുഖാ​ന്തരം ദൈവം അറിയി​ക്കു​ന്നതു കേവലം നാശത്തെ കുറി​ച്ചുള്ള സന്ദേശമല്ല. യെശയ്യാ​വു 40-ാം അധ്യാ​യ​ത്തി​ന്റെ ഒന്നാം വാക്യ​ത്തിൽത്തന്നെ “ആശ്വസി​പ്പി​പ്പിൻ” എന്ന വാക്കു കാണാം. b തങ്ങൾക്കോ തങ്ങളുടെ മക്കൾക്കോ സ്വദേ​ശ​ത്തേക്കു മടങ്ങാൻ സാധി​ക്കു​മെന്ന ഉറപ്പ്‌ യഹൂദർക്ക്‌ ആശ്വാ​സ​മേ​കു​മാ​യി​രു​ന്നു. യെശയ്യാവു41-ാം അധ്യാ​യ​ത്തി​ലും ആശ്വാ​സ​പ്ര​ദ​മായ ആ സന്ദേശം കാണാം. കൂടാതെ, ദിവ്യ ഹിതം നിറ​വേ​റ്റാൻ ശക്തനായ ഒരു രാജാ​വി​നെ എഴു​ന്നേൽപ്പി​ക്കു​മെന്നു യഹോവ അവിടെ മുൻകൂ​ട്ടി പറയുന്നു. ആശ്വാസ വചനങ്ങ​ളും ദൈവ​ത്തിൽ ആശ്രയി​ക്കാ​നുള്ള പ്രോ​ത്സാ​ഹ​ന​വും അതിൽ അടങ്ങി​യി​രി​ക്കു​ന്നു. ജനതക​ളി​ലെ ആളുകൾ ആശ്രയം വെച്ചി​രി​ക്കുന്ന വ്യാജ ദൈവങ്ങൾ അശക്തരാ​ണെ​ന്നും അതു തുറന്നു​കാ​ട്ടു​ന്നു. യെശയ്യാ​വി​ന്റെ നാളിൽ ഉള്ളവരു​ടെ മാത്രമല്ല, നമ്മു​ടെ​യും വിശ്വാ​സത്തെ ഊട്ടി​യു​റ​പ്പി​ക്കുന്ന ധാരാളം കാര്യങ്ങൾ ഈ അധ്യാ​യ​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു.

യഹോവ ജനതകളെ വെല്ലു​വി​ളി​ക്കു​ന്നു

4. എന്തു പറഞ്ഞു​കൊണ്ട്‌ യഹോവ ജനതകളെ വെല്ലു​വി​ളി​ക്കു​ന്നു?

4 തന്റെ പ്രവാ​ചകൻ മുഖാ​ന്തരം യഹോവ പറയുന്നു: “ദ്വീപു​കളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിൻ; ജാതികൾ ശക്തിയെ പുതു​ക്കട്ടെ; അവർ അടുത്തു​വന്നു സംസാ​രി​ക്കട്ടെ; നാം തമ്മിൽ ന്യായ​വാ​ദം ചെയ്യു​ന്ന​തി​ന്നു അടുത്തു വരിക.” (യെശയ്യാ​വു 41:1) ഇങ്ങനെ പറഞ്ഞു​കൊണ്ട്‌, തന്റെ ജനത്തെ എതിർക്കുന്ന ജനതകളെ യഹോവ വെല്ലു​വി​ളി​ക്കു​ന്നു. അവർ അവന്റെ മുമ്പാകെ വന്ന്‌ സംസാ​രി​ക്കാ​നാ​യി ഒരുങ്ങട്ടെ! പിന്നീടു നാം കാണാ​നി​രി​ക്കു​ന്നതു പോലെ, ഒരു കോട​തി​യി​ലെ ന്യായാ​ധി​പൻ എന്നവണ്ണം യഹോവ ജനതക​ളോട്‌ അവരുടെ വിഗ്ര​ഹങ്ങൾ യഥാർഥ ദൈവ​ങ്ങ​ളാണ്‌ എന്നതിനു തെളിവു നിരത്താൻ ആവശ്യ​പ്പെ​ടു​ന്നു. ആ ദൈവ​ങ്ങൾക്ക്‌ അവയുടെ ആരാധ​കർക്കാ​യുള്ള രക്ഷാ​പ്ര​വൃ​ത്തി​കളെ കുറി​ച്ചോ അവരുടെ ശത്രു​ക്കൾക്ക്‌ എതി​രെ​യുള്ള ന്യായ​വി​ധി​കളെ കുറി​ച്ചോ മുൻകൂ​ട്ടി പറയാ​നാ​കു​മോ? ആകു​മെ​ങ്കിൽത്തന്നെ, അത്തരം പ്രവച​നങ്ങൾ നിവർത്തി​ക്കാൻ അവയ്‌ക്കു കഴിയു​മോ? ഇല്ല എന്നതാണ്‌ ഉത്തരം. യഹോ​വ​യ്‌ക്കു മാത്രമേ അത്തരം കാര്യങ്ങൾ ചെയ്യാ​നാ​കൂ.

5. യെശയ്യാ​വി​ന്റെ പ്രവച​ന​ങ്ങൾക്ക്‌ ഒന്നില​ധി​കം നിവൃ​ത്തി​യു​ള്ളത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

5 പല ബൈബിൾ പ്രവച​ന​ങ്ങ​ളെ​യും പോ​ലെ​തന്നെ, യെശയ്യാ​വി​ന്റെ വാക്കു​കൾക്കും ഒന്നില​ധി​കം നിവൃ​ത്തി​യു​ണ്ടെന്ന കാര്യം യെശയ്യാ പ്രവചനം പരിചി​ന്തി​ക്കു​മ്പോൾ നമുക്കു മനസ്സിൽ പിടി​ക്കാം. പൊ.യു.മു. 607-ൽ യഹൂദ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തി​ലേക്കു പോകും. എന്നിരു​ന്നാ​ലും, അവിടെ ബന്ദിക​ളാ​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഇസ്രാ​യേ​ല്യ​രെ യഹോവ വിടു​വി​ക്കു​മെന്ന്‌ യെശയ്യാ പ്രവചനം വെളി​പ്പെ​ടു​ത്തു​ന്നു. പൊ.യു.മു. 537-ലാണ്‌ അതു സംഭവി​ക്കു​ന്നത്‌. ആ വിടു​ത​ലിന്‌ സമാന​മായ ഒന്ന്‌ 20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ സംഭവി​ച്ചു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, യഹോ​വ​യു​ടെ ഭൂമി​യി​ലെ അഭിഷിക്ത ദാസന്മാർ ക്ലേശപൂർണ​മായ ഒരു കാലഘ​ട്ട​ത്തി​ലൂ​ടെ കടന്നു​പോ​യി. 1918-ൽ സാത്താന്റെ ലോക​ത്തിൽ നിന്നുള്ള സമ്മർദ​ത്തി​ന്റെ ഫലമായി, സംഘടി​ത​മായ സുവാർത്താ പ്രസം​ഗ​വേല ഏറെക്കു​റെ നിലച്ച മട്ടായി. മഹാബാ​ബി​ലോ​ണി​ന്റെ പ്രമുഖ ഭാഗമായ ക്രൈ​സ്‌ത​വ​ലോ​ക​മാണ്‌ എതിർപ്പ്‌ ഇളക്കി​വി​ടു​ന്ന​തി​നു ചുക്കാൻ പിടി​ച്ചത്‌. (വെളി​പ്പാ​ടു 11:5-10) വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ചില പ്രമുഖ അംഗങ്ങളെ വ്യാജ ആരോ​പ​ണങ്ങൾ ചുമത്തി തടവി​ലാ​ക്കി. ദൈവ​ദാ​സ​ന്മാർക്ക്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ ലോകം വിജയി​ച്ചതു പോലെ കാണ​പ്പെട്ടു. എന്നാൽ, പൊ.യു.മു. 537-ൽ സംഭവി​ച്ചതു പോലെ, അപ്രതീ​ക്ഷി​ത​മാ​യി യഹോവ അവരെ വിടു​വി​ച്ചു. 1919-ൽ, തടവി​ലാ​ക്ക​പ്പെട്ട പ്രതി​നി​ധി​കൾ ജയിൽ മോചി​ത​രാ​യി. പിന്നീട്‌ അവർക്കെ​തി​രെ​യുള്ള ആരോ​പണം പിൻവ​ലി​ക്ക​പ്പെട്ടു. തുടർന്ന്‌, 1919 സെപ്‌റ്റം​ബ​റിൽ ഒഹാ​യോ​യി​ലെ സീഡാർ പോയ​ന്റിൽ നടന്ന ഒരു കൺ​വെൻ​ഷൻ, രാജ്യ​സു​വാർത്താ പ്രസം​ഗ​വേ​ല​യിൽ വീണ്ടും വ്യാപൃ​ത​രാ​കു​ന്ന​തിന്‌ യഹോ​വ​യു​ടെ ദാസന്മാർക്ക്‌ ഉത്തേജനം നൽകി. (വെളി​പ്പാ​ടു 11:11, 12) അന്നു മുതൽ ഇന്നു വരെ പ്രസം​ഗ​വേ​ല​യു​ടെ വ്യാപ്‌തി ശ്രദ്ധേ​യ​മാ​യി വർധി​ച്ചി​രി​ക്കു​ന്നു. അതിനു​പു​റമേ, വരാനി​രി​ക്കുന്ന പറുദീ​സാ ഭൂമി​യിൽ യെശയ്യാ​വി​ന്റെ വാക്കു​ക​ളിൽ പലതി​നും മഹത്തായ നിവൃത്തി ഉണ്ടാകും. ആയതി​നാൽ, ദീർഘ​കാ​ലം മുമ്പു പ്രഖ്യാ​പി​ക്ക​പ്പെട്ട യെശയ്യാ​വി​ന്റെ വാക്കുകൾ ഇന്നുള്ള സകല ജനതകൾക്കും ആളുകൾക്കും ബാധക​മാണ്‌.

ഒരു വിമോ​ചകൻ വിളി​ക്ക​പ്പെ​ടു​ന്നു

6. ഒരു ഭാവി ജേതാ​വി​നെ പ്രവാ​ചകൻ വർണി​ക്കു​ന്നത്‌ എങ്ങനെ?

6 തന്റെ ജനത്തെ ബാബി​ലോ​ണി​ന്റെ കയ്യിൽ നിന്നു രക്ഷിക്കു​ക​യും അവരുടെ ശത്രു​ക്ക​ളു​ടെ മേൽ ന്യായ​വി​ധി നടപ്പാ​ക്കു​ക​യും ചെയ്യുന്ന ഒരു ജേതാ​വി​നെ കുറിച്ച്‌ യെശയ്യാ​വു മുഖാ​ന്തരം യഹോവ മുൻകൂ​ട്ടി പറയുന്നു. യഹോവ ഇങ്ങനെ ചോദി​ക്കു​ന്നു: “ചെല്ലു​ന്നെ​ട​ത്തൊ​ക്കെ​യും നീതി എതി​രേ​ല്‌ക്കു​ന്ന​വനെ കിഴക്കു​നി​ന്നു ഉണർത്തി​യ​താർ? അവൻ ജാതി​കളെ അവന്റെ മുമ്പിൽ ഏല്‌പി​ച്ചു​കൊ​ടു​ക്ക​യും അവനെ രാജാ​ക്ക​ന്മാ​രു​ടെ മേൽ വാഴു​മാ​റാ​ക്കു​ക​യും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടി​പോ​ലെ​യും അവരുടെ വില്ലിനെ പാറി​പ്പോ​കുന്ന താളടി​പോ​ലെ​യും ആക്കിക്ക​ള​യു​ന്നു. അവൻ അവരെ പിന്തു​ടർന്നു നിർഭ​യ​നാ​യി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകു​ന്നതു. ആർ അതു പ്രവർത്തി​ക്ക​യും അനുഷ്‌ഠി​ക്ക​യും ചെയ്‌തു? ആദിമു​തൽ തലമു​റ​കളെ വിളി​ച്ചവൻ; യഹോ​വ​യായ ഞാൻ ആദ്യനും അന്ത്യന്മാ​രോ​ടു​കൂ​ടെ അനന്യ​നും ആകുന്നു.”—യെശയ്യാ​വു 41:2-4.

7. ആരാണ്‌ ഭാവി ജേതാവ്‌, അവൻ എന്തു നേട്ടം കൈവ​രി​ക്കു​ന്നു?

7 കിഴക്കുനിന്ന്‌ ആരെയാണ്‌ ഉണർത്താ​നി​രി​ക്കു​ന്നത്‌? മെദോ-പേർഷ്യ, ഏലാം എന്നീ രാജ്യങ്ങൾ ബാബി​ലോ​ണി​നു കിഴക്കാ​ണു സ്ഥിതി ചെയ്യു​ന്നത്‌. പേർഷ്യ​നായ കോ​രെശ്‌ ശക്തമായ സേന​യോ​ടൊ​പ്പം അവി​ടെ​നി​ന്നു മാർച്ചു ചെയ്യുന്നു. (യെശയ്യാ​വു 41:25; 44:28; 45:1-4, 13; 46:11) കോ​രെശ്‌ യഹോ​വ​യു​ടെ ആരാധകൻ അല്ലെങ്കി​ലും അവൻ “നീതി”പൂർവം പ്രവർത്തി​ക്കു​ന്നു, അതായത്‌ നീതി​മാ​നായ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഹിതത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നു. കോ​രെശ്‌ രാജാ​ക്ക​ന്മാ​രെ കീഴട​ക്കു​ന്നു. അവർ അവന്റെ മുമ്പാകെ വെറും പൊടി പോലെ ചിതറി​പ്പോ​കു​ന്നു. തന്റെ ജൈ​ത്ര​യാ​ത്ര​യിൽ, സാധാ​ര​ണ​മാ​യി സഞ്ചാര​മി​ല്ലാത്ത പാതക​ളി​ലൂ​ടെ സകലവിധ തടസ്സങ്ങ​ളും തരണം​ചെ​യ്‌ത്‌ “നിർഭ​യ​നാ​യി” അല്ലെങ്കിൽ സുരക്ഷി​ത​നാ​യി അവൻ കടന്നു ചെല്ലുന്നു. പൊ.യു.മു. 539 ആയപ്പോ​ഴേ​ക്കും കോ​രെശ്‌ മഹാ നഗരമായ ബാബി​ലോ​ണി​ലെത്തി അതിനെ കീഴട​ക്കു​ന്നു. തത്‌ഫ​ല​മാ​യി, ദൈവ​ജനം വിടു​വി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ, അവർക്ക്‌ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങാ​നും നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും സാധി​ക്കു​ന്നു.—എസ്രാ 1:1-7. c

8. യഹോ​വ​യ്‌ക്കു മാത്രം ചെയ്യാൻ കഴിയു​ന്നത്‌ എന്താണ്‌?

8 അങ്ങനെ, കോ​രെശ്‌ രാജാ​വാ​യി​ത്തീ​രു​മെന്ന്‌ അവൻ ജനിക്കു​ന്ന​തി​നു ദീർഘ​കാ​ലം മുമ്പു​തന്നെ യഹോവ മുൻകൂ​ട്ടി പറയുന്നു. സത്യ​ദൈ​വ​ത്തി​നു മാത്രമേ അത്തര​മൊ​രു കാര്യം കൃത്യ​ത​യോ​ടെ മുൻകൂ​ട്ടി പറയാ​നാ​കൂ. ജനതക​ളു​ടെ വ്യാജ ദൈവ​ങ്ങ​ളിൽ ആരും യഹോ​വ​യ്‌ക്കു തുല്യനല്ല. “ഞാൻ എന്റെ മഹത്വം മറ്റൊ​രു​ത്ത​ന്നും എന്റെ സ്‌തുതി വിഗ്ര​ഹ​ങ്ങൾക്കും വിട്ടു​കൊ​ടു​ക്ക​യില്ല” എന്ന്‌ യഹോവ പറയു​ന്നത്‌ നല്ല കാരണ​ത്തോ​ടെ​യാണ്‌.—യെശയ്യാ​വു 42:8; 44:6, 7.

ജനങ്ങൾ ഭയപര​വ​ശ​രാ​യി വിഗ്ര​ഹ​ങ്ങ​ളിൽ ആശ്രയി​ക്കു​ന്നു

9-11. കോ​രെ​ശി​ന്റെ മുന്നേ​റ്റ​ത്തോ​ടു ജനതകൾ പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ?

9 ഈ ഭാവി ജേതാ​വി​നോ​ടുള്ള ജനതക​ളു​ടെ പ്രതി​ക​ര​ണത്തെ കുറിച്ച്‌ യെശയ്യാവ്‌ അടുത്ത​താ​യി വർണി​ക്കു​ന്നു: “ദ്വീപു​കൾ കണ്ടു ഭയപ്പെട്ടു; ഭൂമി​യു​ടെ അറുതി​കൾ വിറെച്ചു; അവർ ഒന്നിച്ചു​കൂ​ടി അടുത്തു​വന്നു; അവർ അന്യോ​ന്യം സഹായി​ച്ചു; ഒരുത്തൻ മറ്റേവ​നോ​ടു: ധൈര്യ​മാ​യി​രിക്ക എന്നു പറഞ്ഞു. അങ്ങനെ ആശാരി തട്ടാ​നെ​യും കൊല്ലൻ കൂടം തല്ലുന്ന​വ​നെ​യും ധൈര്യ​പ്പെ​ടു​ത്തി കൂട്ടി​വി​ള​ക്കു​ന്ന​തി​ന്നു ചേലായി എന്നു പറഞ്ഞു, ഇളകാ​തെ​യി​രി​ക്കേ​ണ്ട​തി​ന്നു അവൻ അതിനെ ആണി​കൊ​ണ്ടു ഉറപ്പി​ക്കു​ന്നു.”—യെശയ്യാ​വു 41:5-7.

10 ഏകദേശം 200 വർഷത്തി​നു ശേഷം സംഭവി​ക്കാ​നി​രുന്ന കാര്യ​ങ്ങ​ളി​ലേക്കു കണ്ണോ​ടി​ച്ചു​കൊണ്ട്‌ യഹോവ ലോക രംഗം അവലോ​കനം ചെയ്യുന്നു. കോ​രെ​ശി​ന്റെ കീഴിലെ ശക്തമായ സേന എതിരാ​ളി​ക​ളെ​യെ​ല്ലാം തറപറ്റി​ച്ചു​കൊണ്ട്‌ ത്വരി​ത​ഗ​തി​യിൽ മുന്നേ​റു​ന്നു. അവൻ അടുത്തു​വ​രു​മ്പോൾ ജനങ്ങൾ—ദ്വീപ​നി​വാ​സി​കൾ, അതിവി​ദൂര പ്രദേ​ശ​ങ്ങ​ളി​ലു​ള്ളവർ പോലും—നടുങ്ങു​ന്നു. ന്യായ​വി​ധി നിർവ​ഹി​ക്കാൻ യഹോവ കിഴക്കു​നി​ന്നു വിളി​ച്ച​വനെ എതിർക്കു​ന്ന​തിന്‌ ഭയപര​വ​ശ​രാ​യി അവർ ഒന്നിച്ചു​കൂ​ടു​ന്നു. “ധൈര്യ​മാ​യി​രിക്ക” എന്നു പറഞ്ഞു​കൊണ്ട്‌ അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

11 ജനങ്ങളെ രക്ഷിക്കു​ന്ന​തി​നാ​യി വിഗ്ര​ഹ​ദൈ​വ​ങ്ങളെ ഉണ്ടാക്കാൻ പണിക്കാർ ഒരുമി​ച്ചു പണി​യെ​ടു​ക്കു​ന്നു. ഒരു ആശാരി തടി​കൊ​ണ്ടുള്ള ഒരു ചട്ടക്കൂട്‌ ഉണ്ടാക്കി​യിട്ട്‌ അതിനു ലോഹം, ഒരുപക്ഷേ സ്വർണം, പൂശാൻ തട്ടാ​നോ​ടു പറയുന്നു. കൊല്ലൻ ലോഹം അടിച്ചു​പ​ര​ത്തി​യിട്ട്‌ അതു കൂട്ടി​വി​ള​ക്കു​ന്ന​തിന്‌ അനുമതി നൽകുന്നു. ഇളകാ​തി​രി​ക്കേ​ണ്ട​തിന്‌ അഥവാ ദുർബ​ല​മാ​കാ​തി​രി​ക്കേ​ണ്ട​തിന്‌—ദാഗോ​ന്റെ വിഗ്രഹം യഹോ​വ​യു​ടെ പെട്ടക​ത്തി​ന്റെ മുമ്പാകെ കവിണ്ണു​വീ​ണതു പോലെ വരാതി​രി​ക്കേ​ണ്ട​തിന്‌—ആണികൾകൊണ്ട്‌ ഉറപ്പി​ക്കു​ന്ന​താ​യി പറയു​ന്നത്‌ ഒരുപക്ഷേ പരിഹാ​സ​ദ്യോ​ത​ക​മാ​യി​ട്ടാ​കാം.—1 ശമൂവേൽ 5:4.

ഭയപ്പെ​ട​രുത്‌!

12. യഹോവ ഇസ്രാ​യേ​ല്യർക്ക്‌ ആശ്വാ​സ​ദാ​യ​ക​മായ എന്ത്‌ ഉറപ്പു നൽകുന്നു?

12 യഹോവ ഇപ്പോൾ, തന്റെ ജനത്തിന്റെ നേരെ ശ്രദ്ധ തിരി​ക്കു​ന്നു. നിർജീവ വിഗ്ര​ഹ​ങ്ങ​ളിൽ ആശ്രയി​ക്കുന്ന ജനതക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, സത്യ​ദൈ​വ​ത്തിൽ ആശ്രയി​ക്കു​ന്നവർ ഒരിക്ക​ലും ഭയപ്പെ​ടേ​ണ്ട​തില്ല. ഇസ്രാ​യേ​ല്യർ തന്റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണ്‌ എന്ന്‌ ഓർമി​പ്പി​ച്ചു​കൊണ്ട്‌ യഹോവ അവർക്ക്‌ ആശ്വാ​സ​ക​ര​മായ ഉറപ്പേ​കു​ന്നു. അതീവ ആർദ്ര​ത​യോ​ടു കൂടിയ യഹോ​വ​യു​ടെ ആ വാക്കുകൾ യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തു​ന്നു: “നീയോ, എന്റെ ദാസനായ യിസ്രാ​യേലേ, ഞാൻ തിര​ഞ്ഞെ​ടുത്ത യാക്കോ​ബേ, എന്റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​ന്റെ സന്തതിയേ, നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസി​ച്ചു​ക​ള​യാ​തെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു എന്നു പറഞ്ഞു​കൊ​ണ്ടു ഭൂമി​യു​ടെ അറ്റങ്ങളിൽ നിന്നു എടുക്ക​യും അതിന്റെ മൂലക​ളിൽനി​ന്നു വിളിച്ചു ചേർക്ക​യും ചെയ്‌തി​രി​ക്കു​ന്ന​വ​നാ​യു​ള്ളോ​വേ, നീ ഭയപ്പെ​ടേണ്ടാ; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു; ഭ്രമി​ച്ചു​നോ​ക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീക​രി​ക്കും; ഞാൻ നിന്നെ സഹായി​ക്കും; എന്റെ നീതി​യുള്ള വല​ങ്കൈ​കൊ​ണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാ​വു 41:8-10.

13. ബന്ദിക​ളാ​യി കഴിയുന്ന ഇസ്രാ​യേ​ല്യ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം യഹോ​വ​യു​ടെ വാക്കുകൾ ആശ്വാ​സ​ദാ​യകം ആയിരി​ക്കു​ന്നത്‌ എങ്ങനെ?

13 അന്യദേശത്തു ബന്ദിക​ളാ​യി കഴിയുന്ന വിശ്വസ്‌ത യഹൂദർക്ക്‌ ഈ വാക്കുകൾ എത്ര ആശ്വാ​സ​മേ​കും! ബാബി​ലോ​ണി​യൻ രാജാ​വി​നെ സേവി​ച്ചു​കൊണ്ട്‌ പ്രവാ​സി​ക​ളാ​യി കഴിയുന്ന സമയത്ത്‌, ‘എന്റെ ദാസൻ’ എന്ന്‌ യഹോവ തങ്ങളെ വിളി​ക്കു​ന്നതു കേൾക്കു​ന്നത്‌ അവർക്ക്‌ എത്ര പ്രോ​ത്സാ​ഹ​ജ​നകം ആയിരി​ക്കും! (2 ദിനവൃ​ത്താ​ന്തം 36:20) അവിശ്വ​സ്‌ത​ത​യു​ടെ പേരിൽ അവരെ ശിക്ഷി​ക്കു​മെ​ങ്കി​ലും യഹോവ അവരെ തള്ളിക്ക​ള​യു​ക​യില്ല. ഇസ്രാ​യേൽ ദൈവ​ത്തി​ന്റേ​താണ്‌, ബാബി​ലോ​ണിന്‌ അവരു​ടെ​മേൽ ഒരു അവകാ​ശ​വു​മില്ല. ജേതാ​വാ​യി മുന്നേ​റുന്ന കോ​രെശ്‌ തങ്ങളെ സമീപി​ക്കു​മ്പോൾ അവനെ ഭയപ്പെ​ടാൻ ദൈവ​ജ​ന​ത്തി​നു യാതൊ​രു കാരണ​വും ഉണ്ടായി​രി​ക്കില്ല. തന്റെ ജനത്തെ സഹായി​ക്കാൻ അവരോ​ടൊ​പ്പം യഹോവ ഉണ്ടായി​രി​ക്കും.

14. ഇസ്രാ​യേ​ല്യ​രോ​ടുള്ള യഹോ​വ​യു​ടെ വാക്കുകൾ ഇന്നു ദൈവ​ജ​ന​ത്തിന്‌ ആശ്വാ​സ​മേ​കു​ന്നത്‌ എങ്ങനെ?

14 ആ വാക്കുകൾ നമ്മുടെ കാലത്തു​പോ​ലും ദൈവ​ജ​ന​ത്തിന്‌ ആശ്വാ​സ​വും കരുത്തും പകർന്നി​രി​ക്കു​ന്നു. 1918-ൽ, തങ്ങളെ കുറി​ച്ചുള്ള യഹോ​വ​യു​ടെ ഹിതം എന്താ​ണെ​ന്ന​റി​യാൻ അവർ ആകാം​ക്ഷ​യോ​ടെ കാത്തി​രു​ന്നു. ആത്മീയ അടിമ​ത്ത​ത്തിൽ നിന്നുള്ള വിടു​ത​ലി​നാ​യി അവർ കാംക്ഷി​ച്ചു. ഇന്ന്‌, സാത്താ​നും ലോക​വും സ്വന്തം അപൂർണ​ത​യും നമ്മു​ടെ​മേൽ വരുത്തി​വെ​ക്കുന്ന സമ്മർദ​ങ്ങ​ളിൽ നിന്നുള്ള വിടു​ത​ലി​നാ​യി നാമും അതിയാ​യി കാംക്ഷി​ക്കു​ന്നു. എങ്കിലും, തന്റെ ജനത്തി​നു​വേണ്ടി എങ്ങനെ, എപ്പോൾ പ്രവർത്തി​ക്ക​ണ​മെന്ന്‌ യഹോ​വ​യ്‌ക്കു കൃത്യ​മാ​യി അറിയാ​മെന്ന കാര്യം നാം മനസ്സിൽ പിടി​ക്കു​ന്നു. ബുദ്ധി​മു​ട്ടു​കൾ തരണം ചെയ്യാൻ നമ്മെ സഹായി​ക്കു​മെന്ന ഉറപ്പോ​ടെ, കൊച്ചു കുട്ടി​കളെ പോലെ നാം അവന്റെ ബലിഷ്‌ഠ​മായ കരങ്ങളിൽ മുറുകെ പിടി​ക്കു​ന്നു. (സങ്കീർത്തനം 63:7, 8) തന്നെ സേവി​ക്കു​ന്ന​വരെ യഹോവ കണ്ണിലെ കൃഷ്‌ണ​മണി പോലെ കാക്കുന്നു. പുരാതന കാലത്തു വിശ്വസ്‌ത ഇസ്രാ​യേ​ല്യ​രെ​യും 1918-19-ലെ ദുഷ്‌കര നാളു​ക​ളിൽ തന്റെ ജനത്തെ​യും പിന്തു​ണ​ച്ചതു പോലെ അവൻ ഇന്നു നമ്മെയും പിന്തു​ണ​യ്‌ക്കു​ന്നു.

15, 16. (എ) ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്കൾക്ക്‌ എന്തു സംഭവി​ക്കും, ഏതു വിധത്തി​ലാണ്‌ ഇസ്രാ​യേൽ പുഴു​വി​നു സമാന​മാ​യി​രി​ക്കു​ന്നത്‌? (ബി) ആസന്നമായ ഏത്‌ ആക്രമ​ണ​ത്തി​ന്റെ വീക്ഷണ​ത്തി​ലാണ്‌ ഇന്നു നമുക്ക്‌ യഹോ​വ​യു​ടെ വാക്കുകൾ വിശേ​ഷി​ച്ചും പ്രോ​ത്സാ​ഹ​ജ​നകം ആയിരി​ക്കു​ന്നത്‌?

15 അടുത്തതായി യഹോവ യെശയ്യാ​വി​നോ​ടു പറയു​ന്നതു ശ്രദ്ധിക്കൂ: “നിന്നോ​ടു കോപി​ച്ചി​രി​ക്കുന്ന എല്ലാവ​രും ലജ്ജിച്ചു അമ്പരന്നു​പോ​കും; നിന്നോ​ടു വിവാ​ദി​ക്കു​ന്നവർ നശിച്ചു ഇല്ലാ​തെ​യാ​കും. നിന്നോ​ടു പോരാ​ടു​ന്ന​വരെ നീ അന്വേ​ഷി​ക്കും; കാണു​ക​യി​ല്ല​താ​നും; നിന്നോ​ടു യുദ്ധം ചെയ്യു​ന്നവർ നാസ്‌തി​ത്വ​വും ഇല്ലായ്‌മ​യും​പോ​ലെ ആകും. നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോ​ടു: ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും എന്നു പറയുന്നു. പുഴു​വായ യാക്കോ​ബേ, യിസ്രാ​യേൽപ​രി​ഷയേ, ഭയപ്പെ​ടേണ്ടാ; ഞാൻ നിന്നെ സഹായി​ക്കും എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു; നിന്റെ വീണ്ടെ​ടു​പ്പു​കാ​രൻ യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ തന്നേ.”—യെശയ്യാ​വു 41:11-14.

16 ഇസ്രായേലിന്റെ ശത്രുക്കൾ വിജയി​ക്കു​ക​യില്ല. ഇസ്രാ​യേ​ലി​നോ​ടു കോപി​ച്ചി​രി​ക്കു​ന്നവർ ലജ്ജി​ക്കേ​ണ്ടി​വ​രും. അവർക്കെ​തി​രെ പോരാ​ടു​ന്നവർ നശിച്ചു​പോ​കും. ബന്ദിക​ളായ ഇസ്രാ​യേ​ല്യർ മണ്ണിൽ ഇഴയുന്ന ഒരു പുഴു​വി​നെ പോലെ ദുർബ​ല​രും നിസ്സഹാ​യ​രു​മാ​യി കാണ​പ്പെ​ട്ടാ​ലും യഹോവ അവരെ സഹായി​ക്കും. ലോക​ത്തി​ലെ അനേക​രു​ടെ കരുതി​ക്കൂ​ട്ടി​യുള്ള എതിർപ്പു​കൾ അഭിമു​ഖീ​ക​രി​ക്കേണ്ടി വരുന്ന സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഈ “അന്ത്യകാ​ലത്തു”ടനീളം അത്‌ എത്ര പ്രോ​ത്സാ​ഹനം നൽകി​യി​രി​ക്കു​ന്നു! (2 തിമൊ​ഥെ​യൊസ്‌ 3:1) പ്രവച​ന​ത്തിൽ ‘മാഗോ​ഗ്‌ദേ​ശ​ത്തി​ലെ ഗോഗ്‌’ ആയി പരാമർശി​ച്ചി​രി​ക്കുന്ന സാത്താന്റെ ആസന്നമായ ആക്രമ​ണ​ത്തി​ന്റെ വീക്ഷണ​ത്തിൽ യഹോ​വ​യു​ടെ വാഗ്‌ദാ​നം എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌! ഗോഗി​ന്റെ ക്രൂര​മായ ആക്രമ​ണ​ത്തിൻ കീഴിൽ യഹോ​വ​യു​ടെ ജനം ഒരു പുഴു​വി​നെ പോലെ നിസ്സഹാ​യ​രാ​യി, “മതിലും ഓടാ​മ്പ​ലും കതകും” ഇല്ലാതെ വസിക്കു​ന്ന​താ​യി കാണ​പ്പെ​ടും. എങ്കിലും, യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്നവർ ഭയന്നു വിറയ്‌ക്കേ​ണ്ട​തില്ല. സർവശ​ക്ത​നാം ദൈവം​തന്നെ അവരെ വിടു​വി​ക്കു​ന്ന​തി​നാ​യി പോരാ​ടും.—യെഹെ​സ്‌കേൽ 38:2, 11, 12, 14-16, 21-23; 2 കൊരി​ന്ത്യർ 1:3.

ഇസ്രാ​യേ​ലിന്‌ ആശ്വാസം

17, 18. ഇസ്രാ​യേ​ലി​നെ ശക്തീക​രി​ക്കു​ന്ന​തി​നെ കുറിച്ച്‌ യെശയ്യാവ്‌ വർണി​ക്കു​ന്നത്‌ എങ്ങനെ, അതുമാ​യി ബന്ധപ്പെട്ട ഏതു നിവൃ​ത്തി​യെ കുറിച്ചു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും?

17 യഹോവ തുടർന്നും തന്റെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “ഇതാ, ഞാൻ നിന്നെ പുതി​യ​തും മൂർച്ച​യു​ള്ള​തും പല്ലേറി​യ​തും ആയ മെതി​വ​ണ്ടി​യാ​ക്കി തീർക്കു​ന്നു; നീ പർവ്വത​ങ്ങളെ മെതിച്ചു പൊടി​ക്കു​ക​യും കുന്നു​കളെ പതിർപോ​ലെ ആക്കുക​യും ചെയ്യും. നീ അവയെ പാററും; കാററു അവയെ പറപ്പി​ച്ചു​കൊ​ണ്ടു​പോ​കും; ചുഴലി​ക്കാ​ററു അവയെ ചിതറി​ച്ചു​ക​ള​യും; നീയോ യഹോ​വ​യിൽ ഘോഷി​ച്ചു​ല്ല​സി​ച്ചു യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നിൽ പുകഴും.”—യെശയ്യാ​വു 41:15, 16.

18 പർവതസമാനരായ ശത്രു​ക്കളെ ആത്മീയ അർഥത്തിൽ കീഴട​ക്കാൻ ആവശ്യ​മായ കരുത്ത്‌ യഹോവ ഇസ്രാ​യേ​ലി​നു നൽകും. ഇസ്രാ​യേ​ല്യർ പ്രവാ​സ​ത്തിൽ നിന്നു മടങ്ങി​യെ​ത്തു​മ്പോൾ ആലയത്തി​ന്റെ​യും യെരൂ​ശ​ലേ​മി​ന്റെ മതിലു​ക​ളു​ടെ​യും പുനർനിർമാ​ണ​ത്തി​നു തടയി​ടാൻ ശ്രമി​ക്കുന്ന ശത്രു​ക്ക​ളു​ടെ​മേൽ അവർ വിജയം വരിക്കും. (എസ്രാ 6:12; നെഹെ​മ്യാ​വു 6:16) എന്നുവ​രി​കി​ലും, അതി​നെ​ക്കാ​ളൊ​ക്കെ വലിയ അളവിൽ യഹോ​വ​യു​ടെ വചനങ്ങൾ “ദൈവ​ത്തി​ന്റെ യിസ്രാ​യേലി”നോടുള്ള ബന്ധത്തിൽ നിവൃ​ത്തി​യേ​റും. (ഗലാത്യർ 6:16) യേശു തന്റെ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ വാഗ്‌ദാ​നം നൽകി: “ജയിക്ക​യും ഞാൻ കല്‌പിച്ച പ്രവൃ​ത്തി​കളെ അവസാ​ന​ത്തോ​ളം അനുഷ്‌ഠി​ക്ക​യും ചെയ്യു​ന്ന​വന്നു എന്റെ പിതാവു എനിക്കു തന്നതു​പോ​ലെ ഞാൻ ജാതി​ക​ളു​ടെ​മേൽ അധികാ​രം കൊടു​ക്കും. അവൻ ഇരിമ്പു​കോൽകൊ​ണ്ടു അവരെ മേയി​ക്കും; അവർ കുശവന്റെ പാത്ര​ങ്ങൾപോ​ലെ നുറു​ങ്ങി​പ്പോ​കും.” (വെളി​പ്പാ​ടു 2:26, 27) സ്വർഗീയ മഹത്ത്വ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടുന്ന ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ങ്ങൾക്ക്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ ശത്രു​ക്കളെ നശിപ്പി​ക്കു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കുന്ന സമയം തീർച്ച​യാ​യും വന്നെത്തും.—2 തെസ്സ​ലൊ​നീ​ക്യർ 1:7, 8; വെളി​പ്പാ​ടു 20:4, 6.

19, 20. ഇസ്രാ​യേ​ലി​നെ ഒരു മനോ​ഹ​ര​ദേ​ശത്തു പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ കുറിച്ച്‌ യെശയ്യാവ്‌ എന്ത്‌ എഴുതു​ന്നു, അതു നിവൃ​ത്തി​യേ​റു​ന്നത്‌ എങ്ങനെ?

19 തന്റെ ജനത്തിന്‌ ആശ്വാസം പ്രദാനം ചെയ്യു​ന്ന​തി​നെ കുറിച്ച്‌ ആലങ്കാ​രിക ഭാഷയിൽ യഹോവ ഇങ്ങനെ ഉറപ്പേ​കു​ന്നു: “എളിയ​വ​രും ദരി​ദ്ര​ന്മാ​രു​മാ​യവർ വെള്ളം തിരഞ്ഞു​ന​ട​ക്കു​ന്നു; ഒട്ടും കിട്ടാ​യ്‌ക​യാൽ അവരുടെ നാവു ദാഹം​കൊ​ണ്ടു വരണ്ടു​പോ​കു​ന്നു. യഹോ​വ​യായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രാ​യേ​ലി​ന്റെ ദൈവ​മായ ഞാൻ അവരെ കൈവി​ടു​ക​യില്ല. ഞാൻ പാഴ്‌മ​ല​ക​ളിൽ നദിക​ളെ​യും താഴ്‌വ​ര​ക​ളു​ടെ നടുവിൽ ഉറവു​ക​ളെ​യും തുറക്കും; മരുഭൂ​മി​യെ ഞാൻ നീർപൊ​യ്‌ക​യും വരണ്ട നിലത്തെ നീരു​റ​വു​ക​ളും ആക്കും. ഞാൻ മരുഭൂ​മി​യിൽ ദേവദാ​രു, ഖദിര​മരം, കൊഴു​ന്തു, ഒലിവു​വൃ​ക്ഷം എന്നിവ നടും; ഞാൻ നിർജ്ജ​ന​പ്ര​ദേ​ശത്തു സരളവൃ​ക്ഷ​വും പയിൻമ​ര​വും പുന്നയും വെച്ചു​പി​ടി​പ്പി​ക്കും. യഹോ​വ​യു​ടെ കൈ അതു ചെയ്‌തു എന്നും യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെ​ല്ലാ​വ​രും കണ്ടു അറിഞ്ഞു വിചാ​രി​ച്ചു ഗ്രഹി​ക്കേ​ണ്ട​തി​ന്നു തന്നേ.”—യെശയ്യാ​വു 41:17-20.

20 പ്രവാസികളായ ഇസ്രാ​യേ​ല്യർ വസിക്കു​ന്നത്‌ ഒരു സമ്പന്ന ലോക​ശ​ക്തി​യു​ടെ തലസ്ഥാന നഗരി​യി​ലാ​ണെ​ങ്കി​ലും അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു വരണ്ട നിലത്തി​നു സമാന​മാണ്‌. ശൗൽ രാജാ​വി​ന്റെ കൈയിൽ അകപ്പെ​ടാ​തെ ഒളിച്ചു കഴിഞ്ഞ ദാവീ​ദിന്‌ അനുഭ​വ​പ്പെ​ട്ടതു പോ​ലെ​യാണ്‌ അവർക്കും അനുഭ​വ​പ്പെ​ടു​ന്നത്‌. പൊ.യു.മു. 537-ൽ ഇസ്രാ​യേ​ല്യർക്കു യഹൂദ​യി​ലേക്കു മടങ്ങാ​നും യെരൂ​ശ​ലേ​മി​ലെ തന്റെ ആലയം പുനർനിർമി​ക്കാ​നും അങ്ങനെ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും യഹോവ വഴി തുറക്കു​ന്നു. തുടർന്ന്‌, യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ന്നു. മറ്റൊരു പ്രവച​ന​ത്തിൽ യെശയ്യാവ്‌ ഇങ്ങനെ മുൻകൂ​ട്ടി പറയുന്നു: “യഹോവ സീയോ​നെ ആശ്വസി​പ്പി​ക്കു​ന്നു; അവൻ അതിന്റെ സകലശൂ​ന്യ​സ്ഥ​ല​ങ്ങ​ളെ​യും ആശ്വസി​പ്പി​ച്ചു, അതിന്റെ മരുഭൂ​മി​യെ ഏദെ​നെ​പ്പോ​ലെ​യും അതിന്റെ നിർജ്ജ​ന​പ്ര​ദേ​ശത്തെ യഹോ​വ​യു​ടെ തോട്ട​ത്തെ​പ്പോ​ലെ​യും ആക്കുന്നു.” (യെശയ്യാ​വു 51:3) യഹൂദർ തങ്ങളുടെ സ്വദേ​ശത്തു മടങ്ങി​യെ​ത്തു​മ്പോൾ വാസ്‌ത​വ​മാ​യും അങ്ങനെ സംഭവി​ക്കു​ന്നു.

21. ആധുനിക കാലത്ത്‌ എന്തു പുനഃ​സ്ഥാ​പ​ന​മാ​ണു നടന്നത്‌, ഭാവി​യിൽ എന്തു സംഭവി​ക്കും?

21 സമാനമായ സ്ഥിതി​വി​ശേഷം ആധുനിക കാലത്തും ഉണ്ടായി. നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്രവർത്തി​ക്കാൻ തക്കവണ്ണം വലിയ കോ​രെശ്‌ ആയ യേശു​ക്രി​സ്‌തു തന്റെ അഭിഷിക്ത അനുഗാ​മി​കളെ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌. യേശു​വി​ന്റെ ആ വിശ്വസ്‌ത അനുഗാ​മി​കൾ സമ്പന്നമായ ഒരു ആത്മീയ പറുദീ​സ​യാൽ, ഒരു ആലങ്കാ​രിക ഏദെൻ തോട്ട​ത്താൽ അനുഗൃ​ഹീ​ത​രാ​യി. (യെശയ്യാ​വു 11:6-9; 35:1-7) താമസി​യാ​തെ, ദൈവം തന്റെ ശത്രു​ക്കളെ നശിപ്പി​ക്കു​മ്പോൾ മുഴു ഭൂമി​യും അക്ഷരീയ പറുദീ​സ​യാ​യി രൂപാ​ന്ത​ര​പ്പെ​ടും, വധസ്‌തം​ഭ​ത്തിൽ കിടന്ന ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നോട്‌ യേശു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ​തന്നെ.—ലൂക്കൊസ്‌ 23:43.

ഇസ്രാ​യേ​ലി​ന്റെ ശത്രു​ക്കൾക്ക്‌ ഒരു വെല്ലു​വി​ളി

22. ഏതു വാക്കു​ക​ളോ​ടെ​യാണ്‌ യഹോവ വീണ്ടും ജനതകളെ വെല്ലു​വി​ളി​ക്കു​ന്നത്‌?

22 യഹോവ വീണ്ടും, ജനതക​ളും അവരുടെ വിഗ്ര​ഹ​ങ്ങ​ളു​മാ​യുള്ള സംവാ​ദ​ത്തി​ലേക്കു തിരി​യു​ന്നു: “നിങ്ങളു​ടെ വ്യവഹാ​രം കൊണ്ടു​വ​രു​വിൻ എന്നു യഹോവ കല്‌പി​ക്കു​ന്നു; നിങ്ങളു​ടെ ന്യായ​ങ്ങളെ കാണി​പ്പിൻ എന്നു യാക്കോ​ബി​ന്റെ രാജാവു കല്‌പി​ക്കു​ന്നു. സംഭവി​പ്പാ​നു​ള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്‌താ​വി​ക്കട്ടെ; നാം വിചാ​രി​ച്ചു അതിന്റെ അവസാനം അറി​യേ​ണ്ട​തി​ന്നു ആദ്യകാ​ര്യ​ങ്ങൾ ഇന്നിന്ന​വ​യെന്നു അവർ പ്രസ്‌താ​വി​ക്കട്ടെ; അല്ലെങ്കിൽ സംഭവി​പ്പാ​നു​ള്ളതു നമ്മെ കേൾപ്പി​ക്കട്ടെ. നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറി​യേ​ണ്ട​തി​ന്നു മേലാൽ വരുവാ​നു​ള്ളതു പ്രസ്‌താ​വി​പ്പിൻ; ഞങ്ങൾ കണ്ടു വിസ്‌മ​യി​ക്കേ​ണ്ട​തി​ന്നു നന്മയെ​ങ്കി​ലും തിന്മ​യെ​ങ്കി​ലും പ്രവർത്തി​പ്പിൻ. നിങ്ങൾ ഇല്ലായ്‌മ​യും നിങ്ങളു​ടെ പ്രവൃത്തി നാസ്‌തി​യും ആകുന്നു; നിങ്ങളെ വരിക്കു​ന്നവൻ കുത്സി​ത​ന​ത്രേ.” (യെശയ്യാ​വു 41:21-24) ജനതക​ളു​ടെ ദൈവ​ങ്ങൾക്കു കൃത്യ​ത​യോ​ടെ പ്രവചി​ക്കു​ന്ന​തി​നും അങ്ങനെ തങ്ങൾക്കു ദിവ്യ ജ്ഞാനമു​ണ്ടെന്നു തെളി​യി​ക്കു​ന്ന​തി​നും സാധി​ക്കു​മോ? അവർക്ക്‌ അതിനുള്ള കഴിവു​ണ്ടെ​ങ്കിൽ, ആ അവകാ​ശ​വാ​ദത്തെ പിന്താ​ങ്ങുന്ന നല്ലതോ മോശ​മോ ആയ ഫലങ്ങൾ ഉണ്ടായി​രി​ക്കണം. വാസ്‌ത​വ​ത്തിൽ, വിഗ്ര​ഹ​ദൈ​വ​ങ്ങൾക്ക്‌ ഒന്നും നിവർത്തി​ക്കാ​നുള്ള കഴിവില്ല, എന്തിന്‌, അവ അസ്‌തി​ത്വ​ത്തിൽ ഇല്ലാത്തതു പോ​ലെ​യാണ്‌.

23. യഹോവ തന്റെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ വിഗ്ര​ഹാ​രാ​ധ​നയെ ശക്തമായി കുറ്റം​വി​ധി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

23 യെശയ്യാവിലൂടെയും മറ്റു പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യും വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ഭോഷ​ത്തത്തെ അപലപി​ച്ചു​കൊണ്ട്‌ യഹോവ ഇത്രയ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നത്‌ എന്തിനാ​ണെന്നു നമ്മുടെ നാളിൽ ചിലർ ചിന്തി​ച്ചേ​ക്കാം. മനുഷ്യ നിർമിത വിഗ്ര​ഹ​ങ്ങ​ളു​ടെ നിഷ്‌ഫ​ല​തയെ കുറിച്ച്‌ അനേകർക്കും ഇന്നു വ്യക്തമാ​യി അറിയാ​മാ​യി​രി​ക്കാം. എന്നുവ​രി​കി​ലും, ഒരു വ്യാജ ആരാധ​നാ​രീ​തി ഒരിക്കൽ സ്ഥാപി​ത​മാ​കു​ക​യും വ്യാപ​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു​ക​ഴി​ഞ്ഞാൽ അതിൽ വിശ്വ​സി​ക്കു​ന്ന​വ​രു​ടെ മനസ്സിൽനിന്ന്‌ അതു പിഴു​തു​മാ​റ്റുക അത്ര എളുപ്പമല്ല. നിർജീവ വിഗ്ര​ഹങ്ങൾ യഥാർഥ​ത്തിൽ ദൈവ​ങ്ങ​ളാണ്‌ എന്ന ചിന്താ​ഗതി പോ​ലെ​തന്നെ ബുദ്ധി​ശൂ​ന്യ​മാണ്‌ ഇന്നു നിലവി​ലുള്ള പല വിശ്വാ​സ​ങ്ങ​ളും. എന്നിട്ടും, ആളുകൾ അത്തരം വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്താൻ ഇഷ്ടപ്പെ​ടു​ന്നു. അത്തരം വിശ്വാ​സ​ങ്ങളെ ഖണ്ഡിക്കുന്ന വസ്‌തു​നി​ഷ്‌ഠ​മായ വാദഗ​തി​കൾക്കൊ​ന്നും അവർ ചെവി​കൊ​ടു​ക്കു​ന്നില്ല. സത്യം പലവട്ടം കേട്ടതി​നു ശേഷമേ യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​ലെ ജ്ഞാനം തിരി​ച്ച​റി​യാൻ ചിലർ പ്രേരി​ത​രാ​കു​ന്നു​ള്ളൂ.

24, 25. യഹോവ വീണ്ടും കോ​രെ​ശി​നെ കുറിച്ചു പരാമർശി​ക്കു​ന്നത്‌ എങ്ങനെ, ഇത്‌ മറ്റ്‌ ഏതു പ്രവച​നത്തെ കുറി​ച്ചാ​ണു നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌?

24 യഹോവ വീണ്ടും കോ​രെ​ശി​നെ കുറിച്ചു പരാമർശി​ക്കു​ന്നു: “ഞാൻ ഒരുത്തനെ വടക്കു​നി​ന്നു എഴു​ന്നേ​ല്‌പി​ച്ചു; അവൻ വന്നിരി​ക്കു​ന്നു; സൂര്യോ​ദ​യ​ദി​ക്കിൽ നിന്നു അവനെ എഴു​ന്നേ​ല്‌പി​ച്ചു; അവൻ എന്റെ നാമത്തെ ആരാധി​ക്കും; അവൻ വന്നു ചെളി​യെ​പ്പോ​ലെ​യും കുശവൻ കളിമണ്ണു ചവിട്ടു​ന്ന​തു​പോ​ലെ​യും ദേശാ​ധി​പ​തി​കളെ ചവിട്ടും.” (യെശയ്യാ​വു 41:25) d ജനതക​ളു​ടെ ദൈവ​ങ്ങ​ളിൽനി​ന്നു നേരെ വിപരീ​ത​മാ​യി, കാര്യങ്ങൾ നിവർത്തി​ക്കാൻ കഴിവു​ള്ള​വ​നാണ്‌ യഹോവ. കോ​രെ​ശി​നെ “സൂര്യോ​ദ​യ​ദി​ക്കിൽ”നിന്ന്‌ അതായത്‌, കിഴക്കു​നിന്ന്‌ വിളി​ച്ചു​വ​രു​ത്തു​മ്പോൾ ഭാവിയെ കുറിച്ചു പ്രവചി​ക്കാ​നും പ്രവച​ന​ത്തി​നു ചേർച്ച​യിൽ ഭാവി​കാ​ര്യ​ങ്ങളെ രൂപ​പ്പെ​ടു​ത്താ​നും തനിക്കുള്ള കഴിവു ദൈവം പ്രകട​മാ​ക്കും.

25 ഈ വാക്കുകൾ, നമ്മുടെ നാളിൽ നടപടി​യെ​ടു​ക്കാൻ എഴു​ന്നേൽക്കുന്ന രാജാ​ക്ക​ന്മാ​രെ സംബന്ധി​ച്ചുള്ള യോഹ​ന്നാൻ അപ്പൊ​സ്‌ത​ലന്റെ പ്രാവ​ച​നിക വിവര​ണത്തെ കുറിച്ചു നമ്മെ ഓർമി​പ്പി​ക്കു​ന്നു. “കിഴക്കു​നി​ന്നു വരുന്ന രാജാ​ക്ക​ന്മാർക്കു” വഴി ഒരുക്ക​പ്പെ​ടു​ന്ന​താ​യി വെളി​പ്പാ​ടു 16:12-ൽ നാം വായി​ക്കു​ന്നു. ഈ രാജാ​ക്ക​ന്മാർ മറ്റാരു​മല്ല, യഹോ​വ​യും യേശു​ക്രി​സ്‌തു​വും ആണ്‌. ദീർഘ​കാ​ലം മുമ്പു കോ​രെശ്‌ ദൈവ​ജ​നത്തെ വിടു​വി​ച്ചതു പോലെ, അവനെ​ക്കാൾ അതിശ​ക്ത​രായ ഈ രാജാ​ക്ക​ന്മാർ യഹോ​വ​യു​ടെ ശത്രു​ക്കളെ ഉന്മൂലനം ചെയ്യു​ക​യും മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കാൻ അവന്റെ ജനത്തെ സഹായി​ക്കു​ക​യും നീതി​നി​ഷ്‌ഠ​മായ പുതിയ ലോക​ത്തി​ലേക്ക്‌ അവരെ നയിക്കു​ക​യും ചെയ്യും.—സങ്കീർത്തനം 2:8, 9; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 7:14-17.

യഹോവ പരമോ​ന്നതൻ!

26. അടുത്ത​താ​യി യഹോവ എന്തു ചോദ്യ​മാണ്‌ ഉന്നയി​ക്കു​ന്നത്‌, അതിന്‌ ഉത്തരം ലഭിക്കു​ന്നു​ണ്ടോ?

26 താൻ മാത്ര​മാ​ണു സത്യ​ദൈവം എന്ന വസ്‌തുത യഹോവ വീണ്ടും പ്രഖ്യാ​പി​ക്കു​ന്നു. അവൻ ഇങ്ങനെ ചോദി​ക്കു​ന്നു: “ഞങ്ങൾ അറി​യേ​ണ്ട​തി​ന്നു ആദിമു​ത​ലും അവൻ നീതി​മാൻ എന്നു ഞങ്ങൾ പറയേ​ണ്ട​തി​ന്നു പണ്ടേയും ആർ പ്രസ്‌താ​വി​ച്ചി​ട്ടു​ള്ളു? പ്രസ്‌താ​വി​പ്പാ​നോ കാണി​ച്ചു​ത​രു​വാ​നോ നിങ്ങളു​ടെ വാക്കു കേൾപ്പാ​നോ ആരും ഇല്ല.” (യെശയ്യാ​വു 41:26) തന്നിൽ ആശ്രയി​ക്കു​ന്ന​വരെ വിടു​വി​ക്കു​ന്ന​തിന്‌ ഒരു ജേതാവു വരുന്ന​താ​യി ഒരു വിഗ്ര​ഹ​ദൈ​വ​വും അറിയി​ച്ചി​ട്ടില്ല. അത്തരം ദൈവ​ങ്ങ​ളെ​ല്ലാം ജീവനി​ല്ലാ​ത്ത​വ​യാണ്‌, അവയ്‌ക്കു സംസാ​ര​പ്രാ​പ്‌തി ഇല്ല. അവ ദൈവ​ങ്ങളേ അല്ല.

27, 28. ജീവത്‌പ്ര​ധാ​ന​മായ ഏതു സത്യമാണ്‌ യെശയ്യാ​വു 41-ാം അധ്യാ​യ​ത്തി​ന്റെ അവസാന വാക്യ​ങ്ങ​ളിൽ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌, ആരു മാത്ര​മാണ്‌ അതു പ്രഖ്യാ​പി​ക്കു​ന്നത്‌?

27 യഹോവയുടെ പ്രചോ​ദ​ക​മായ ഈ പ്രാവ​ച​നിക വചനങ്ങൾ അറിയിച്ച ശേഷം യെശയ്യാവ്‌, ജീവത്‌പ്ര​ധാ​ന​മായ ഒരു വസ്‌തുത ഊന്നി​പ്പ​റ​യു​ന്നു: “ഞാൻ ആദ്യനാ​യി സീയോ​നോ​ടു: ഇതാ, ഇതാ, അവർ വരുന്നു എന്നു പറയുന്നു; യെരൂ​ശ​ലേ​മി​ന്നു ഞാൻ ഒരു സുവാർത്താ​ദൂ​തനെ കൊടു​ക്കു​ന്നു. ഞാൻ നോക്കി​യാ​റെ: ഒരുത്ത​നു​മില്ല; ഞാൻ ചോദി​ച്ചാ​റെ; ഉത്തരം പറവാൻ അവരിൽ ഒരു ആലോ​ച​ന​ക്കാ​ര​നും ഇല്ല. അവരെ​ല്ലാ​വ​രും വ്യാജ​മാ​കു​ന്നു; അവരുടെ പ്രവൃ​ത്തി​കൾ നാസ്‌തി​യ​ത്രേ; അവരുടെ വിഗ്ര​ഹങ്ങൾ കാററും ശൂന്യ​വും തന്നേ.”—യെശയ്യാ​വു 41:27-29.

28 യഹോവ ആദ്യനാണ്‌. അവൻ പരമോ​ന്ന​ത​നാണ്‌! തന്റെ ജനത്തിനു സുവാർത്ത നൽകി​ക്കൊണ്ട്‌ അവർക്കു വിമോ​ചനം പ്രഖ്യാ​പി​ക്കുന്ന സത്യ​ദൈ​വ​മാണ്‌. അവന്റെ മാഹാ​ത്മ്യ​ത്തെ കുറിച്ചു ജനതകളെ അറിയി​ക്കു​ന്നത്‌ അവന്റെ സാക്ഷികൾ മാത്ര​മാണ്‌. വിഗ്ര​ഹ​ദൈ​വ​ങ്ങ​ളിൽ ആശ്രയി​ക്കു​ന്ന​വരെ യഹോവ പരിഹ​സി​ക്കു​ന്നു. അവരുടെ വിഗ്ര​ഹ​ങ്ങളെ “കാററും ശൂന്യ​വും” എന്നു പറഞ്ഞു നിരാ​ക​രി​ക്കു​ന്നു. സത്യ​ദൈ​വ​ത്തോ​ടു പറ്റിനിൽക്കാ​നുള്ള എത്ര ശക്തമായ കാരണം! നമ്മുടെ പൂർണ ആശ്രയ​ത്തി​നു യോഗ്യ​നാ​യി​രി​ക്കു​ന്നത്‌ യഹോവ മാത്ര​മാണ്‌.

[അടിക്കു​റി​പ്പു​കൾ]

c “ദൈവ​ത്തി​ന്റെ യിസ്രാ​യേലി”നെ 1919-ൽ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വിച്ച വലിയ കോ​രെശ്‌, 1914-ൽ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി സിംഹാ​സ​ന​സ്ഥ​നായ യേശു​ക്രി​സ്‌തു അല്ലാതെ മറ്റാരു​മല്ല.—ഗലാത്യർ 6:16.

d കോരെശിന്റെ മാതൃ​ദേശം ബാബി​ലോ​ണി​നു കിഴക്ക്‌ ആയിരു​ന്നെ​ങ്കി​ലും അവൻ ആ നഗരത്തി​ന്മേൽ അന്തിമ ആക്രമണം നടത്തി​യതു വടക്കു​നിന്ന്‌, അതായത്‌ ഏഷ്യാ​മൈ​ന​റിൽ നിന്നാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[19-ാം പേജിലെ ചിത്രം]

പുറജാതീയനെങ്കിലും കോ​രെശ്‌ ദൈവ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു

[21-ാം പേജിലെ ചിത്രം]

ജനതകൾ നിർജീവ വിഗ്ര​ഹ​ങ്ങ​ളിൽ ആശ്രയി​ക്കു​ന്നു

[27-ാം പേജിലെ ചിത്രങ്ങൾ]

ഇസ്രായേൽ ഒരു “മെതി​വണ്ടി”പോലെ ‘പർവത​ങ്ങളെ പൊടി​ക്കും’