വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്‌’

‘നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്‌’

അധ്യായം പതി​നൊന്ന്‌

‘നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രുത്‌’

യെശയ്യാവു 50:1-11

1, 2. (എ) ഏതു നിശ്വസ്‌ത ബുദ്ധി​യു​പ​ദേശം പിൻപ​റ്റു​ന്ന​തിൽ യഹൂദർ പരാജ​യ​പ്പെ​ടു​ന്നു, അതിന്റെ ഫലമെന്ത്‌? (ബി) “ഉപേക്ഷ​ണ​പ​ത്രം എവിടെ?” എന്ന്‌ യഹോവ ചോദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 “നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രു​തു, സഹായി​പ്പാൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുതു. . . . യാക്കോ​ബി​ന്റെ ദൈവം സഹായ​മാ​യി തന്റെ ദൈവ​മായ യഹോ​വ​യിൽ പ്രത്യാ​ശ​യു​ള്ളവൻ ഭാഗ്യ​വാൻ. അവൻ ആകാശ​വും ഭൂമി​യും . . . ഉണ്ടാക്കി.” (സങ്കീർത്തനം 146:3-6) സങ്കീർത്ത​ന​ക്കാ​രൻ ബുദ്ധി​യു​പ​ദേ​ശി​ച്ചതു പോലെ യെശയ്യാ​വി​ന്റെ നാളിലെ യഹൂദർ ചെയ്‌തി​രു​ന്നെ​ങ്കിൽ! ഈജി​പ്‌തി​ലോ മറ്റ്‌ ഏതെങ്കി​ലും പുറജാ​തി രാഷ്‌ട്ര​ങ്ങ​ളി​ലോ ആശ്രയി​ക്കാ​തെ അവർ “യാക്കോ​ബി​ന്റെ ദൈവ”ത്തിൽ വിശ്വാ​സ​മർപ്പി​ച്ചി​രു​ന്നെ​ങ്കിൽ! അങ്ങനെ​യെ​ങ്കിൽ, യഹൂദ​യു​ടെ ശത്രുക്കൾ അവൾക്കെ​തി​രെ വരു​മ്പോൾ അവളെ സംരക്ഷി​ക്കാൻ യഹോവ പ്രവർത്തി​ക്കു​മാ​യി​രു​ന്നു. എന്നാൽ, സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​യാൻ യഹൂദ വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടാ​നും യഹൂദാ നിവാ​സി​കളെ ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​കാ​നും യഹോവ അനുവ​ദി​ക്കും.

2 യഹൂദയുടെ ഈ അവസ്ഥയ്‌ക്കു മറ്റാരു​മല്ല, അവൾത​ന്നെ​യാ​ണു കാരണ​ക്കാ​രി. യഹോവ തന്നെ വഞ്ചിച്ച​തു​കൊ​ണ്ടോ താനു​മാ​യുള്ള ഉടമ്പടി അവഗണി​ച്ച​തു​കൊ​ണ്ടോ ആണ്‌ തനിക്കു നാശം ഭവിച്ചത്‌ എന്ന്‌ അവൾക്കു സത്യസ​ന്ധ​മാ​യി പറയാ​നാ​വില്ല. സ്രഷ്ടാവ്‌ നിയമം അഥവാ ഉടമ്പടി ലംഘി​ക്കു​ന്ന​വനല്ല. (യിരെ​മ്യാ​വു 31:32; ദാനീ​യേൽ 9:27; വെളി​പ്പാ​ടു 15:4, NW) ഈ വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ട്ടു​കൊണ്ട്‌ യഹോവ യഹൂദ​രോട്‌ ചോദി​ക്കു​ന്നു: “ഞാൻ നിങ്ങളു​ടെ അമ്മയെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞ​തി​ന്റെ ഉപേക്ഷ​ണ​പ​ത്രം എവിടെ?” (യെശയ്യാ​വു 50:1എ) മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ ഭാര്യയെ ഉപേക്ഷി​ക്കുന്ന ഒരു പുരുഷൻ അവൾക്ക്‌ ഉപേക്ഷ​ണ​പ​ത്രം കൊടു​ക്ക​ണ​മാ​യി​രു​ന്നു. അപ്പോൾ അവൾക്കു മറ്റൊരു പുരു​ഷന്റെ ഭാര്യ​യാ​കാൻ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 24:1, 2) ആലങ്കാ​രിക അർഥത്തിൽ, യഹൂദ​യു​ടെ സഹോ​ദ​രി​യായ ഇസ്രാ​യേ​ലിന്‌ യഹോവ അത്തര​മൊ​രു ഉപേക്ഷ​ണ​പ​ത്രം നൽകി​യി​രി​ക്കു​ന്നെ​ങ്കി​ലും യഹൂദ​യോട്‌ അവൻ അങ്ങനെ ചെയ്‌തി​ട്ടില്ല. a അവൻ ഇപ്പോ​ഴും അവളുടെ ‘ഭർത്താവ്‌’ ആണ്‌. (യിരെ​മ്യാ​വു 3:8, 14) പുറജാ​തി രാഷ്‌ട്ര​ങ്ങ​ളു​മാ​യി ബന്ധം പുലർത്താൻ ഒരു വിധത്തി​ലും യഹൂദ സ്വത​ന്ത്ര​യാ​യി​രു​ന്നില്ല. “അവകാ​ശ​മു​ള്ളവൻ [മിശിഹാ] വരു​വോ​ളം” അവളു​മാ​യുള്ള യഹോ​വ​യു​ടെ ബന്ധം തുടരും.—ഉല്‌പത്തി 49:10.

3. എന്തു കാരണ​ത്താൽ യഹോവ തന്റെ ജനത്തെ ‘വിൽക്കു​ന്നു’?

3 യഹോവ യഹൂദ​യോട്‌ ഇങ്ങനെ​യും ചോദി​ക്കു​ന്നു: “എന്റെ കടക്കാ​രിൽ ആർക്കാ​കു​ന്നു ഞാൻ നിങ്ങളെ വിററു​ക​ള​ഞ്ഞതു?” (യെശയ്യാ​വു 50:1ബി) തനിക്ക്‌ ഉണ്ടായി​രുന്ന ഏതെങ്കി​ലും കടം വീട്ടാൻ വേണ്ടിയല്ല യഹോവ യഹൂദരെ ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തി​ലേക്ക്‌ അയച്ചത്‌. ബാധ്യ​തകൾ തീർക്കാൻ തന്റെ മക്കളെ പണദാ​താ​വി​നു വിൽക്കുന്ന ദരി​ദ്ര​നായ ഒരു ഇസ്രാ​യേ​ല്യ​നെ പോ​ലെയല്ല യഹോവ. (പുറപ്പാ​ടു 21:7) തന്റെ ജനം അടിമ​ക​ളാ​കാ​നുള്ള യഥാർഥ കാരണം യഹോവ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു: “നിങ്ങളു​ടെ അകൃത്യ​ങ്ങ​ളാൽ നിങ്ങൾ നിങ്ങ​ളെ​ത്തന്നേ വിററു​ക​ള​ഞ്ഞും നിങ്ങളു​ടെ ലംഘന​ങ്ങ​ളാൽ നിങ്ങളു​ടെ അമ്മ ഉപേക്ഷി​ക്ക​പ്പെ​ട്ടു​മി​രി​ക്കു​ന്നു.” (യെശയ്യാ​വു 50:1സി) യഹൂദ​രാണ്‌ യഹോ​വയെ ഉപേക്ഷി​ച്ചത്‌, അവൻ അവരെ ഉപേക്ഷി​ച്ചി​ട്ടില്ല.

4, 5. യഹോവ തന്റെ ജനത്തോ​ടു സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നത്‌ എങ്ങനെ, യഹൂദർ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

4 യഹോവയുടെ അടുത്ത ചോദ്യം തന്റെ ജനത്തോ​ടുള്ള അവന്റെ സ്‌നേഹം വ്യക്തമാ​യി എടുത്തു​കാ​ണി​ക്കു​ന്നു: “ഞാൻ വന്നപ്പോൾ ആരും ഇല്ലാതി​രി​പ്പാ​നും ഞാൻ വിളി​ച്ച​പ്പോൾ ആരും ഉത്തരം പറയാ​തി​രി​പ്പാ​നും സംഗതി എന്തു?” (യെശയ്യാ​വു 50:2എ) മുഴു​ഹൃ​ദയാ തന്നി​ലേക്കു തിരി​യു​ന്ന​തിന്‌ അഭ്യർഥി​ക്കാൻ തന്റെ പ്രവാ​ച​ക​ന്മാ​രായ ദാസന്മാർ മുഖാ​ന്തരം പ്രതീ​കാ​ത്മ​ക​മാ​യി യഹോവ തന്റെ ജനത്തെ അവരുടെ വീടു​ക​ളിൽ സന്ദർശി​ക്കാൻ ചെന്നി​രി​ക്കു​ന്നു. എന്നാൽ അവർ പ്രതി​ക​രി​ക്കു​ന്നില്ല. പിന്തു​ണ​യ്‌ക്കാ​യി മനുഷ്യ​രി​ലേക്കു തിരി​യാ​നാണ്‌ യഹൂദർ താത്‌പ​ര്യം കാണി​ക്കു​ന്നത്‌, ചില​പ്പോ​ഴൊ​ക്കെ അവർ ഈജി​പ്‌തി​ലേക്കു പോലും തിരി​യു​ന്നു.—യെശയ്യാ​വു 30:2; 31:1-3; യിരെ​മ്യാ​വു 37:5-7.

5 യഹോവയെക്കാൾ അധിക​മാ​യി ഈജി​പ്‌ത്‌ തങ്ങൾക്കു രക്ഷയേ​കു​മെന്ന്‌ യഹൂദർ കരു​തേ​ണ്ട​തു​ണ്ടോ? നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ തങ്ങൾ ഒരു ജനതയാ​യി തീരു​ന്ന​തി​ലേക്കു നയിച്ച സംഭവങ്ങൾ ആ അവിശ്വസ്‌ത യഹൂദർ മറന്നി​രി​ക്കു​ന്നു എന്നു വ്യക്തം. യഹോവ അവരോ​ടു ചോദി​ക്കു​ന്നു: “വീണ്ടെ​ടു​പ്പാൻ കഴിയാ​ത​വണ്ണം എന്റെ കൈ വാസ്‌ത​വ​മാ​യി കുറു​കി​യി​രി​ക്കു​ന്നു​വോ? അല്ല, വിടു​വി​പ്പാൻ എനിക്കു ശക്തിയി​ല്ല​യോ? ഇതാ, എന്റെ ശാസന​കൊ​ണ്ടു ഞാൻ സമു​ദ്രത്തെ വററി​ച്ചു​ക​ള​യു​ന്നു; നദികളെ മരുഭൂ​മി​ക​ളാ​ക്കു​ന്നു; വെള്ളം ഇല്ലായ്‌ക​യാൽ അവയിലെ മത്സ്യം ദാഹം​കൊ​ണ്ടു ചത്തുനാ​റു​ന്നു. ഞാൻ ആകാശത്തെ ഇരുട്ടു​ടു​പ്പി​ക്ക​യും രട്ടു പുതെ​പ്പി​ക്ക​യും ചെയ്യുന്നു.”—യെശയ്യാ​വു 50:2ബി, 3.

6, 7. ഈജി​പ്‌തു​കാ​രു​ടെ ഭീഷണി​ക്കു മുന്നിൽ രക്ഷിക്കാ​നുള്ള തന്റെ ശക്തി യഹോവ പ്രകടി​പ്പി​ച്ചത്‌ എങ്ങനെ?

6 പൊ.യു.മു. 1513-ൽ ഈജി​പ്‌ത്‌ ദൈവ​ജ​ന​ത്തി​ന്റെ വിമോ​ചകൻ ആയിരു​ന്നില്ല, മറിച്ച്‌ മർദകർ ആയിരു​ന്നു. ഇസ്രാ​യേ​ല്യർ ആ പുറജാ​തി ദേശത്ത്‌ അടിമ​ക​ളാ​യി​രു​ന്നു. എന്നാൽ, യഹോവ അവരെ വിടു​വി​ച്ചു, എത്ര പുളക​പ്ര​ദ​മായ വിമോ​ച​ന​മാ​യി​രു​ന്നു അത്‌! ആദ്യമാ​യി അവൻ ആ ദേശത്ത്‌ പത്തു ബാധകൾ വരുത്തി. ഏറ്റവും മാരക​മായ പത്താമത്തെ ബാധയെ തുടർന്ന്‌ ദേശം വിട്ടു​പോ​കാൻ ഇസ്രാ​യേ​ല്യ​രോട്‌ ഈജി​പ്‌തി​ലെ ഫറവോൻ ആവശ്യ​പ്പെട്ടു. (പുറപ്പാ​ടു 7:14–12:31) എന്നാൽ, ഇസ്രാ​യേ​ല്യർ പുറ​പ്പെ​ട്ടു​പോയ ഉടനെ ഫറവോ​ന്റെ മനസ്സു​മാ​റി. ഇസ്രാ​യേ​ല്യ​രെ തിരിച്ച്‌ ഈജി​പ്‌തി​ലേക്കു ബലമായി പിടി​ച്ചു​കൊ​ണ്ടു​വ​രാൻ അവൻ സൈന്യ​സ​മേതം പുറ​പ്പെട്ടു. (പുറപ്പാ​ടു 14:5-9) തങ്ങളെ പിന്തു​ട​രുന്ന അസംഖ്യം ഈജി​പ്‌ഷ്യൻ സേനകൾക്കും ചെങ്കട​ലി​നും മധ്യേ ഇസ്രാ​യേ​ല്യർ കുടു​ങ്ങി​പ്പോ​യി! എന്നാൽ, അവർക്കാ​യി പോരാ​ടാൻ യഹോവ ഉണ്ടായി​രു​ന്നു.

7 ഈജിപ്‌തുകാർക്കും ഇസ്രാ​യേ​ല്യർക്കും ഇടയിൽ ഒരു മേഘസ്‌തം​ഭം സൃഷ്ടി​ച്ചു​കൊണ്ട്‌ യഹോവ ഈജി​പ്‌തു​കാ​രെ തടഞ്ഞു​നി​റു​ത്തി. മുന്നിൽ മേഘസ്‌തം​ഭം ആയിരു​ന്ന​തി​നാൽ ഈജി​പ്‌തു​കാർക്കു മുന്നി​ലുള്ള യാതൊ​ന്നും വ്യക്തമാ​യി കാണാൻ കഴിഞ്ഞില്ല; എന്നാൽ, ഇസ്രാ​യേ​ല്യർക്ക്‌ നല്ല പ്രകാ​ശ​മു​ണ്ടാ​യി​രു​ന്നു. (പുറപ്പാ​ടു 14:20) ഈജി​പ്‌ഷ്യൻ സൈന്യ​ത്തെ തടഞ്ഞു​നി​റു​ത്തിയ യഹോവ “അന്നു രാത്രി മുഴു​വ​നും മഹാശ​ക്തി​യുള്ള ഒരു കിഴക്കൻകാ​റ്റു​കൊ​ണ്ടു കടലിനെ പിൻവാ​ങ്ങി​ച്ചു ഉണങ്ങിയ നിലം ആക്കി.” (പുറപ്പാ​ടു 14:21) വെള്ളം വേർപി​രി​ഞ്ഞ​പ്പോൾ ജനമെ​ല്ലാം—സ്‌ത്രീ​പു​രു​ഷ​ന്മാ​രും കുട്ടി​ക​ളും—ചെങ്കട​ലി​ലൂ​ടെ സുരക്ഷി​ത​രാ​യി നടന്നു​പോ​യി. ജനം മറുകര അടുക്കാ​റാ​യ​പ്പോൾ യഹോവ മേഘസ്‌തം​ഭം നീക്കി. ക്രുദ്ധ​രായ ഈജി​പ്‌തു​കാർ കടലിന്റെ നടുവി​ലേക്കു പാഞ്ഞു​ചെന്നു. തന്റെ ജനം സുരക്ഷി​ത​രാ​യി മറുകര എത്തിയ​പ്പോൾ യഹോവ വെള്ളം മടങ്ങി​വ​രാൻ ഇടയാക്കി. ഫറവോ​നും അവന്റെ സൈന്യ​വും വെള്ളത്തിൽ മുങ്ങി​ച്ചത്തു. അങ്ങനെ, യഹോവ തന്റെ ജനത്തിനു വേണ്ടി പോരാ​ടി. അത്‌ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എത്ര വലിയ പ്രോ​ത്സാ​ഹ​ന​മാണ്‌!—പുറപ്പാ​ടു 14:23-28.

8. ഏതു മുന്നറി​യി​പ്പു​കൾ അവഗണി​ക്കു​ന്ന​തി​നാ​ലാണ്‌ ഒടുവിൽ യഹൂദർക്ക്‌ പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ടി​വ​രു​ന്നത്‌?

8 യെശയ്യാവിന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ആ ദിവ്യ വിജയം നടന്നിട്ട്‌ എഴുന്നൂ​റു വർഷം പിന്നി​ട്ടി​രു​ന്നു. യഹൂദ ഇന്ന്‌ ഒരു ജനതയാ​യി മാറി​ക്ക​ഴി​ഞ്ഞി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അവൾ അസീറി​യ​യും ഈജി​പ്‌തും പോലുള്ള അന്യരാ​ഷ്‌ട്ര​ങ്ങ​ളു​മാ​യി നയതന്ത്ര ബന്ധങ്ങളിൽ ഏർപ്പെ​ടു​ന്നു. എന്നാൽ, ഈ പുറജാ​തി രാഷ്‌ട്ര​ങ്ങ​ളു​ടെ നേതാ​ക്ക​ന്മാർ ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വരല്ല. യഹൂദ​യു​മാ​യുള്ള ഏതൊരു ഉടമ്പടി​യെ​ക്കാ​ളും സ്വന്ത താത്‌പ​ര്യ​ങ്ങൾക്കാണ്‌ അവർ എപ്പോ​ഴും സ്ഥാനം കൽപ്പി​ക്കു​ന്നത്‌. അത്തരം ആളുക​ളിൽ ആശ്രയം വെക്കരു​തെന്ന്‌ യഹോ​വ​യു​ടെ നാമത്തിൽ സംസാ​രി​ക്കുന്ന പ്രവാ​ച​ക​ന്മാർ ജനത്തിനു മുന്നറി​യി​പ്പു കൊടു​ക്കു​ന്നെ​ങ്കി​ലും അതു​കൊ​ണ്ടൊ​ന്നും ഒരു ഫലവു​മില്ല. ഒടുവിൽ, യഹൂദർ ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​കും, അവിടെ അവർ 70 വർഷം ദാസ്യ​വേല ചെയ്യും. (യിരെ​മ്യാ​വു 25:11) എന്നിരു​ന്നാ​ലും, യഹോവ തന്റെ ജനത്തെ മറക്കു​ക​യില്ല, എന്നേക്കു​മാ​യി തള്ളിക്ക​ള​യു​ക​യു​മില്ല. നിയമിത സമയത്ത്‌ അവൻ അവരെ ഓർക്കും. നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ സ്വദേ​ശ​ത്തേക്കു മടങ്ങു​ന്ന​തിന്‌ അവൻ അവർക്കു വഴിതു​റ​ക്കും. എന്ത്‌ ഉദ്ദേശ്യ​ത്തിൽ? ശീലോ​യ്‌ക്ക്‌ അഥവാ അവകാ​ശ​മു​ള്ള​വന്‌ വഴി​യൊ​രു​ക്കു​ന്ന​തിന്‌. മുഴു മനുഷ്യ​വർഗ​വും അവനെ അനുസ​രി​ക്കേ​ണ്ട​തുണ്ട്‌!

ശീലോ വരുന്നു

9. ശീലോ ആരാണ്‌, അവൻ എങ്ങനെ​യുള്ള പ്രബോ​ധ​ക​നാണ്‌?

9 നൂറ്റാണ്ടുകൾ പിന്നി​ടു​ന്നു. “കാലസ​മ്പൂർണ്ണത” വന്നെത്തു​ക​യും ശീലോ എന്നു വിളി​ക്ക​പ്പെ​ടുന്ന കർത്താ​വായ യേശു​ക്രി​സ്‌തു രംഗ​പ്ര​വേശം നടത്തു​ക​യും ചെയ്യുന്നു. (ഗലാത്യർ 4:4; എബ്രായർ 1:1, 2) യഹോവ തന്റെ ഉറ്റ സഹകാ​രി​യെ യഹൂദർക്കു വക്താവാ​യി നിയോ​ഗി​ക്കു​ന്നു എന്ന വസ്‌തുത അവൻ തന്റെ ജനത്തെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു എന്നു വെളി​പ്പെ​ടു​ത്തു​ന്നു. യേശു ഏതു തരത്തി​ലുള്ള വക്താവാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു? പരമോ​ന്നത സ്ഥാനം വഹിക്കുന്ന വക്താവു​തന്നെ! യേശു ഒരു വക്താവു മാത്രമല്ല പ്രബോ​ധ​ക​നും കൂടെ​യാണ്‌, അതേ അതിവി​ദ​ഗ്‌ധ​നായ ഒരു പ്രബോ​ധകൻ. അതിൽ തെല്ലും അതിശ​യി​ക്കാ​നില്ല. കാരണം, അവനു പ്രബോ​ധ​ന​മേ​കുന്ന ഉത്‌കൃ​ഷ്ട​നായ മറ്റൊരു പ്രബോ​ധ​ക​നുണ്ട്‌—യഹോ​വ​യാം ദൈവം. (യോഹ​ന്നാൻ 5:30; 6:45; 7:15, 16, 46; 8:26) യേശു പ്രാവ​ച​നി​ക​മാ​യി യെശയ്യാവ്‌ മുഖാ​ന്തരം പറയുന്ന വാക്കുകൾ അതു സ്ഥിരീ​ക​രി​ക്കു​ന്നു: “തളർന്നി​രി​ക്കു​ന്ന​വനെ വാക്കു​കൊ​ണ്ടു താങ്ങു​വാൻ അറി​യേ​ണ്ട​തി​ന്നു യഹോ​വ​യായ കർത്താവു എനിക്കു ശിഷ്യ​ന്മാ​രു​ടെ [“പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ,” NW] നാവു തന്നിരി​ക്കു​ന്നു; അവൻ രാവി​ലെ​തോ​റും ഉണർത്തു​ന്നു; ശിഷ്യ​ന്മാ​രെ​പ്പോ​ലെ കേൾക്കേ​ണ്ട​തി​ന്നു അവൻ എന്റെ ചെവി ഉണർത്തു​ന്നു.”—യെശയ്യാ​വു 50:4. b

10. തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ സ്‌നേഹം യേശു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ, യേശു​വിന്‌ എന്തു പ്രതി​ക​ര​ണ​മാ​ണു ലഭിക്കു​ന്നത്‌?

10 ഭൂമിയിലേക്കു വരുന്ന​തി​നു മുമ്പ്‌ യേശു സ്വർഗ​ത്തിൽ തന്റെ പിതാ​വി​നോ​ടൊ​പ്പം വേല ചെയ്‌തി​രു​ന്നു. ആ പിതാ​വും പുത്ര​നും തമ്മിലുള്ള ഊഷ്‌മ​ള​മായ ബന്ധത്തെ കുറിച്ച്‌ സദൃശ​വാ​ക്യ​ങ്ങൾ 8:30 [ഓശാന ബൈ.] കാവ്യ​ഭാ​ഷ​യിൽ ഇങ്ങനെ വിവരി​ക്കു​ന്നു: ‘വിദഗ്‌ദ്ധ​നായ ഒരു ശില്‌പി​യെ​പ്പോ​ലെ ഞാൻ [യഹോ​വ​യു​ടെ] അടുക്കൽ ഉണ്ടായി​രു​ന്നു; സദാ അവന്റെ മുമ്പിൽ ആനന്ദി​ച്ചു​കൊ​ണ്ടി​രു​ന്നു.’ പിതാ​വി​ന്റെ വാക്കു​കൾക്കു ചെവി കൊടു​ക്കു​ന്നത്‌ യേശു​വിന്‌ വലിയ സന്തുഷ്ടി കൈവ​രു​ത്തി. “മനുഷ്യ​പു​ത്ര​ന്മാ​രോ​ടു” തന്റെ പിതാ​വി​നുള്ള സ്‌നേഹം അവൻ പങ്കിട്ടു. (സദൃശ​വാ​ക്യ​ങ്ങൾ 8:31) ഭൂമി​യിൽ വരു​മ്പോൾ യേശു “തളർന്നി​രി​ക്കു​ന്ന​വനെ വാക്കു​കൊ​ണ്ടു” താങ്ങുന്നു. യെശയ്യാ പ്രവച​ന​ത്തി​ലെ ആശ്വാ​സ​ദാ​യ​ക​മായ ഈ ഭാഗം വായി​ച്ചു​കൊ​ണ്ടാണ്‌ അവൻ തന്റെ ശുശ്രൂഷ തുടങ്ങു​ന്നത്‌: “ദരി​ദ്ര​ന്മാ​രോ​ടു സുവി​ശേഷം അറിയി​പ്പാൻ കർത്താവു എന്നെ അഭി​ഷേകം ചെയ്‌ക​യാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; . . . പീഡി​ത​ന്മാ​രെ വിടു​വി​ച്ച​യ​പ്പാ​നും എന്നെ അയച്ചി​രി​ക്കു​ന്നു.” (ലൂക്കൊസ്‌ 4:18, 19; യെശയ്യാ​വു 61:1) ദരി​ദ്ര​ന്മാർക്കു സുവി​ശേഷം! ക്ഷീണി​തർക്കു നവോ​ന്മേഷം! ആ പ്രഖ്യാ​പനം ആളുകളെ എത്ര സന്തോ​ഷി​പ്പി​ക്കേ​ണ്ട​താണ്‌! ചിലർ സന്തോ​ഷി​ക്കു​ക​തന്നെ ചെയ്യുന്നു—പക്ഷേ എല്ലാവ​രു​മില്ല. ഒടുവിൽ, യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ട്ടവൻ എന്ന യേശു​വി​ന്റെ സ്ഥാനത്തെ അനേക​രും നിരാ​ക​രി​ക്കു​ന്നു.

11. യേശു​വി​നോ​ടൊ​പ്പം നുകത്തിൻ കീഴിൽ വരുന്നത്‌ ആർ, അവർക്ക്‌ എന്ത്‌ അനുഭ​വ​പ്പെ​ടു​ന്നു?

11 എന്നുവരികിലും, ചിലർ കൂടുതൽ കേൾക്കാൻ ആഗ്രഹി​ക്കു​ന്നു. യേശു​വി​ന്റെ ഹൃദ​യോ​ഷ്‌മ​ള​മായ ഈ ക്ഷണം അവർ സസന്തോ​ഷം സ്വീക​രി​ക്കു​ന്നു: “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും. ഞാൻ സൌമ്യ​ത​യും താഴ്‌മ​യും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റു​കൊ​ണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളു​ടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്തായി 11:28, 29) യേശു​വി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ന്ന​വ​രിൽ അവന്റെ അപ്പൊ​സ്‌ത​ല​ന്മാർ ആയിത്തീർന്ന​വ​രും ഉൾപ്പെ​ടു​ന്നു. യേശു​വി​ന്റെ നുകത്തിൻ കീഴിൽ വരുക എന്നതു കഠിന​വേ​ലയെ അർഥമാ​ക്കു​ന്നു എന്ന്‌ അവർക്ക്‌ അറിയാം. ഭൂമി​യി​ലു​ട​നീ​ളം രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ന്നത്‌ ആ വേലയിൽ ഒന്നാണ്‌. (മത്തായി 24:14) അപ്പൊ​സ്‌ത​ല​ന്മാ​രും മറ്റു ശിഷ്യ​ന്മാ​രും ആ വേലയിൽ ഏർപ്പെ​ടവേ, അത്‌ തങ്ങളുടെ പ്രാണനു നവോ​ന്മേഷം പ്രദാനം ചെയ്യു​ന്ന​താ​യി അവർ കണ്ടെത്തു​ന്നു. വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ അതേ വേലയിൽ ഏർപ്പെ​ടു​ന്നു, അത്‌ അവർക്ക്‌ സമാന​മായ സന്തോഷം കൈവ​രു​ത്തു​ന്നു.

അവൻ മറുത്തു​നിൽക്കു​ന്നില്ല

12. യേശു തന്റെ സ്വർഗീയ പിതാ​വി​നോട്‌ ഏതെല്ലാം വിധങ്ങ​ളിൽ അനുസ​രണം പ്രകട​മാ​ക്കു​ന്നു?

12 താൻ ഭൂമി​യി​ലേക്കു വന്നിരി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം, ദൈ​വേഷ്ടം ചെയ്യുക എന്നതാ​ണെന്ന കാര്യം യേശു ഒരിക്ക​ലും മറന്നു​ക​ള​യു​ന്നില്ല. അവൻ കാര്യ​ങ്ങളെ വീക്ഷി​ക്കുന്ന വിധത്തെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു: “യഹോ​വ​യായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തു​നി​ന്നില്ല; പിൻതി​രി​ഞ്ഞ​തു​മില്ല.” (യെശയ്യാ​വു 50:5) യേശു എല്ലായ്‌പോ​ഴും ദൈവ​ത്തോട്‌ അനുസ​ര​ണ​മു​ള്ള​വ​നാണ്‌. എന്തിന്‌, “പിതാവു ചെയ്‌തു കാണു​ന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‌വാൻ കഴിക​യില്ല” എന്നു പോലും യേശു പറയുന്നു. (യോഹ​ന്നാൻ 5:19) മനുഷ്യ​നാ​യി പിറക്കു​ന്ന​തി​നു മുമ്പ്‌ യേശു കോടി​ക്ക​ണ​ക്കിന്‌, സഹസ്ര​കോ​ടി​ക്ക​ണ​ക്കി​നു വർഷങ്ങൾതന്നെ തന്റെ പിതാ​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ചി​രി​ക്കണം. ഭൂമി​യിൽ വന്നതിനു ശേഷവും അവൻ യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ തുടരു​ന്നു. ആ സ്ഥിതിക്ക്‌, ക്രിസ്‌തു​വി​ന്റെ അപൂർണ അനുഗാ​മി​കൾ എന്ന നിലയിൽ നാം യഹോ​വ​യു​ടെ നിർദേ​ശങ്ങൾ എത്രയ​ധി​കം പിൻപ​റ്റേ​ണ്ട​താണ്‌!

13. യേശു​വിന്‌ എന്തു സംഭവി​ക്കാ​നി​രി​ക്കു​ന്നു, താൻ ധൈര്യ​മു​ള്ള​വ​നാ​ണെന്ന്‌ അവൻ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

13 യഹോവയുടെ ഏകജാത പുത്രനെ തള്ളിക്കളഞ്ഞ ചിലർ അവനെ പീഡി​പ്പി​ക്കു​ന്നു, അതേക്കു​റി​ച്ചും മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു: “അടിക്കു​ന്ന​വർക്കു, ഞാൻ എന്റെ മുതു​കും രോമം പറിക്കു​ന്ന​വർക്കു എന്റെ കവിളും കാണി​ച്ചു​കൊ​ടു​ത്തു; എന്റെ മുഖം നിന്ദെ​ക്കും തുപ്പലി​ന്നും മറെച്ചി​ട്ടു​മില്ല.” (യെശയ്യാ​വു 50:6) പ്രവച​ന​മ​നു​സ​രിച്ച്‌, എതിരാ​ളി​ക​ളു​ടെ കൈക​ളാൽ മിശിഹാ വേദന​യും നിന്ദയും അനുഭ​വി​ക്കും. യേശു​വിന്‌ അതറി​യാം. ഈ പീഡനം എത്ര​ത്തോ​ളം പോകു​മെ​ന്നും അവനറി​യാം. എങ്കിലും, തന്റെ ഭൗമിക ജീവിതം അതിന്റെ അവസാ​ന​ത്തോട്‌ അടുക്കു​മ്പോ​ഴും അവനു തെല്ലും പേടി തോന്നു​ന്നില്ല. ഉറച്ച നിശ്ചയ​ദാർഢ്യ​ത്തോ​ടെ അവൻ യെരൂ​ശ​ലേ​മി​ലേക്കു യാത്ര തിരി​ക്കു​ന്നു, അവി​ടെ​വെച്ച്‌ അവന്റെ ഭൗമിക ജീവിതം അവസാ​നി​ക്കും. അങ്ങോ​ട്ടുള്ള വഴിയിൽ, യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “ഇതാ, നാം യെരൂ​ശ​ലേ​മി​ലേക്കു പോകു​ന്നു; അവിടെ മനുഷ്യ​പു​ത്രൻ മഹാപു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കയ്യിൽ ഏല്‌പി​ക്ക​പ്പെ​ടും; അവർ അവനെ മരണത്തി​ന്നു വിധിച്ചു ജാതി​കൾക്കു ഏല്‌പി​ക്കും. അവർ അവനെ പരിഹ​സി​ക്ക​യും തുപ്പു​ക​യും തല്ലുക​യും കൊല്ലു​ക​യും മൂന്നു നാൾ കഴിഞ്ഞി​ട്ടു അവൻ ഉയിർത്തെ​ഴു​ന്നേ​ല്‌ക്ക​യും ചെയ്യും.” (മർക്കൊസ്‌ 10:33, 34) കാര്യങ്ങൾ ഏറ്റവും മെച്ചമാ​യി അറിഞ്ഞി​രി​ക്കേ​ണ്ടവർ തന്നെ—മഹാപു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും—ആയിരി​ക്കും അവനോട്‌ ഇത്ര ഹീനമാ​യി പെരു​മാ​റു​ന്നത്‌.

14, 15. യേശു​വി​നെ അടിക്കു​ക​യും നിന്ദി​ക്കു​ക​യും ചെയ്യു​മെന്ന യെശയ്യാ​വി​ന്റെ വാക്കുകൾ എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു?

14 പൊ.യു. 33, നീസാൻ 14-ാം തീയതി യേശു തന്റെ അനുഗാ​മി​ക​ളിൽ ചില​രോ​ടൊ​പ്പം ഗെത്ത്‌ശെമന തോട്ട​ത്തി​ലാണ്‌. അവൻ പ്രാർഥി​ക്കു​ക​യാണ്‌. പെട്ടെന്ന്‌, ഒരു കൂട്ടം ആളുകൾ അവി​ടെ​യെത്തി അവനെ അറസ്റ്റു ചെയ്യുന്നു. എന്നാൽ, അവന്‌ ഒട്ടും ഭയം തോന്നു​ന്നില്ല. യഹോവ തന്നോ​ടൊ​പ്പം ഉണ്ടെന്ന്‌ അവനറി​യാം. താൻ ആഗ്രഹി​ക്കു​ന്ന​പക്ഷം, തന്നെ രക്ഷിക്കാൻ പന്ത്രണ്ടു ലെഗ്യോ​നി​ലും അധികം ദൂതന്മാ​രെ അയച്ചു​ത​രാൻ തന്റെ പിതാ​വി​നോട്‌ അപേക്ഷി​ക്കാ​നാ​കു​മെന്നു പറഞ്ഞ്‌ യേശു ശിഷ്യ​ന്മാ​രെ ധൈര്യ​പ്പെ​ടു​ത്തു​ന്നു. അവൻ ഇങ്ങനെ​യും കൂട്ടി​ച്ചേർക്കു​ന്നു: “എന്നാൽ ഇങ്ങനെ സംഭവി​ക്കേണം എന്നുളള തിരു​വെ​ഴു​ത്തു​കൾക്കു എങ്ങനെ നിവൃ​ത്തി​വ​രും”?—മത്തായി 26:36, 47, 53, 54.

15 മിശിഹായുടെ വിചാ​ര​ണ​യും മരണവു​മാ​യി ബന്ധപ്പെട്ടു മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും നിവൃ​ത്തി​യേ​റു​ന്നു. സൻഹെ​ദ്രീ​മി​ന്റെ മുമ്പാ​കെ​യുള്ള കപടമായ വിചാ​ര​ണ​യ്‌ക്കു ശേഷം പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ യേശു​വി​നെ ചോദ്യം ചെയ്‌ത്‌ അടിക്കാൻ ഏൽപ്പി​ക്കു​ന്നു. റോമൻ പടയാ​ളി​കൾ “കോൽകൊ​ണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി.” അങ്ങനെ യെശയ്യാ​വി​ന്റെ വാക്കുകൾ നിറ​വേ​റു​ന്നു. (മർക്കൊസ്‌ 14:65; 15:19; മത്തായി 26:67, 68) യേശു​വി​ന്റെ താടി​രോ​മം അക്ഷരാർഥ​ത്തിൽ പറി​ച്ചെ​ടു​ക്കു​ന്ന​താ​യി—അങ്ങേയറ്റം നിന്ദ്യ​മായ ഒരു പ്രവൃത്തി—ബൈബിൾ ഒന്നും പറയു​ന്നി​ല്ലെ​ങ്കി​ലും യെശയ്യാ​വു മുൻകൂ​ട്ടി പറഞ്ഞതു പോലെ അതു നിശ്ചയ​മാ​യും സംഭവി​ക്കു​ന്നു. cനെഹെ​മ്യാ​വു 13:25.

16. ശക്തമായ സമ്മർദത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോ​ഴും യേശു എങ്ങനെ നില​കൊ​ള്ളു​ന്നു, അവനു ലജ്ജ തോ​ന്നേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

16 പീലാത്തൊസിന്റെ മുമ്പാകെ നിൽക്കു​മ്പോൾ യേശു തന്റെ ജീവൻ രക്ഷിക്കാ​നാ​യി അപേക്ഷി​ക്കു​ന്നില്ല, മറിച്ച്‌ ശാന്തനാ​യി നില​കൊ​ള്ളു​ന്നു. തിരു​വെ​ഴു​ത്തു​കൾ നിവൃ​ത്തി​യേ​റു​ന്ന​തി​നു താൻ മരി​ക്കേ​ണ്ട​തുണ്ട്‌ എന്ന്‌ അവനറി​യാം. യേശു​വി​നെ മരണത്തി​നു വിധി​ക്കാ​നും വിട്ടയ​യ്‌ക്കാ​നും തനിക്ക്‌ അധികാ​ര​മു​ണ്ടെന്ന്‌ ആ റോമൻ ഗവർണർ യേശു​വി​നോ​ടു പറയു​മ്പോൾ അവൻ നിർഭ​യ​നാ​യി ഇങ്ങനെ മറുപടി നൽകുന്നു: “മേലിൽനി​ന്നു നിനക്കു കിട്ടീ​ട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധി​കാ​ര​വും ഉണ്ടാക​യി​ല്ലാ​യി​രു​ന്നു.” (യോഹ​ന്നാൻ 19:11) പീലാ​ത്തൊ​സി​ന്റെ പടയാ​ളി​കൾ മൃഗീ​യ​മാ​യി യേശു​വി​നോ​ടു പെരു​മാ​റു​ന്നു, എന്നാൽ അതൊ​ന്നും യേശു​വി​നെ ലജ്ജിപ്പി​ക്കു​ന്നില്ല. അല്ലെങ്കിൽത്തന്നെ, അവന്‌ എന്തിനു ലജ്ജ തോന്നണം? എന്തെങ്കി​ലും തെറ്റു ചെയ്‌തി​ട്ടല്ല അവൻ ശിക്ഷി​ക്ക​പ്പെ​ടു​ന്നത്‌. പകരം, നീതി നിമിത്തം അവൻ പീഡി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണു ചെയ്യു​ന്നത്‌. ഇതി​നോ​ടുള്ള ബന്ധത്തിൽ യെശയ്യാ​വി​ന്റെ കൂടു​ത​ലായ ഈ പ്രാവ​ച​നിക വചനങ്ങൾ നിവൃ​ത്തി​യേ​റു​ന്നു: “യഹോ​വ​യായ കർത്താവു എന്നെ സഹായി​ക്കും; അതു​കൊ​ണ്ടു ഞാൻ അമ്പരന്നു​പോ​ക​യില്ല; അതു​കൊ​ണ്ടു ഞാൻ എന്റെ മുഖം തീക്കല്ലു​പോ​ലെ ആക്കിയി​രി​ക്കു​ന്നു; ഞാൻ ലജ്ജിച്ചു​പോ​ക​യില്ല എന്നു ഞാൻ അറിയു​ന്നു.”—യെശയ്യാ​വു 50:7.

17. ശുശ്രൂ​ഷ​യിൽ ഉടനീളം യഹോവ ഏതെല്ലാം വിധങ്ങ​ളിൽ യേശു​വി​നോ​ടൊ​പ്പം നില​കൊ​ണ്ടി​രി​ക്കു​ന്നു?

17 യഹോവയിലുള്ള പൂർണ വിശ്വാ​സ​മാണ്‌ യേശു​വി​ന്റെ ധൈര്യ​ത്തിന്‌ ആധാരം. യെശയ്യാ​വി​ന്റെ പിൻവ​രുന്ന വാക്കു​കൾക്കു പൂർണ ചേർച്ച​യി​ലാ​ണു താനെന്ന്‌ അവന്റെ നിലപാ​ടു വ്യക്തമാ​ക്കു​ന്നു: “എന്നെ നീതീ​ക​രി​ക്കു​ന്നവൻ സമീപ​ത്തു​ണ്ടു; എന്നോടു വാദി​ക്കു​ന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതി​യോ​ഗി ആർ? അവൻ ഇങ്ങുവ​രട്ടെ. ഇതാ, യഹോ​വ​യായ കർത്താവു എന്നെ തുണെ​ക്കു​ന്നു; എന്നെ കുററം വിധി​ക്കു​ന്നവൻ ആർ? അവരെ​ല്ലാ​വ​രും വസ്‌ത്രം​പോ​ലെ പഴകി​പ്പോ​കും? പുഴു അവരെ തിന്നു​ക​ള​യും.” (യെശയ്യാ​വു 50:8, 9) യേശു സ്‌നാ​പ​ന​മേറ്റ ദിവസം ദൈവ​ത്തി​ന്റെ ആത്മപു​ത്ര​നെന്ന നിലയിൽ യഹോവ അവനെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നു. അപ്പോൾ ദൈവ​ത്തി​ന്റെ​തന്നെ ശബ്ദം കേൾക്കു​ന്നു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (മത്തായി 3:17) തന്റെ ഭൗമിക ജീവിതം അവസാ​നി​ക്കാ​റാ​കവേ, യേശു ഗെത്ത്‌ശെമന തോട്ട​ത്തിൽ മുട്ടു​കു​ത്തി​നി​ന്നു പ്രാർഥി​ക്കു​ന്നു. അപ്പോൾ, ‘സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു ദൂതൻ അവന്നു പ്രത്യ​ക്ഷ​നാ​യി അവനെ ശക്തി​പ്പെ​ടു​ത്തു​ന്നു.’ (ലൂക്കൊസ്‌ 22:41-43) തന്റെ ജീവി​ത​ഗ​തി​യു​ടെ​മേൽ പിതാ​വി​ന്റെ അംഗീ​കാ​ര​മു​ണ്ടെന്ന്‌ യേശു​വി​നു ബോധ്യ​മാ​കു​ന്നു. പൂർണ​നായ ഈ ദൈവ​പു​ത്രൻ പാപം ചെയ്‌തി​ട്ടില്ല. (1 പത്രൊസ്‌ 2:22) അവന്റെ ശത്രുക്കൾ അവനെ​തി​രെ ശബ്ബത്ത്‌ ലംഘി​ക്കു​ന്നവൻ, കുടിയൻ, ഭൂതബാ​ധി​തൻ എന്നൊ​ക്കെ​യുള്ള വ്യാജാ​രോ​പ​ണങ്ങൾ ഉന്നയി​ക്കു​ന്നു. എന്നാൽ അത്തരം നുണക​ളൊ​ന്നും യേശു​വിന്‌ അപകീർത്തി​ക​രമല്ല. ദൈവം അവനോ​ടു കൂടെ​യുണ്ട്‌, അപ്പോൾപ്പി​ന്നെ ആർക്ക്‌ അവനെ​തി​രെ നില​കൊ​ള്ളാ​നാ​കും?—ലൂക്കൊസ്‌ 7:34; യോഹ​ന്നാൻ 5:18; 7:20; റോമർ 8:31; എബ്രായർ 12:3.

18, 19. യേശു​വി​ന്റേ​തി​നു സമാന​മായ എന്ത്‌ അനുഭ​വ​ങ്ങ​ളാണ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉണ്ടായി​രി​ക്കു​ന്നത്‌?

18 യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ ഈ മുന്നറി​യി​പ്പു നൽകി: “അവർ എന്നെ ഉപദ്ര​വി​ച്ചു എങ്കിൽ നിങ്ങ​ളെ​യും ഉപദ്ര​വി​ക്കും.” (യോഹ​ന്നാൻ 15:20) തുടർന്നു നടന്ന സംഭവങ്ങൾ അതു സത്യ​മെന്നു തെളി​യി​ച്ചു. പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു നാളിൽ യേശു​വി​ന്റെ വിശ്വസ്‌ത ശിഷ്യ​ന്മാ​രു​ടെ​മേൽ പരിശു​ദ്ധാ​ത്മാവ്‌ വരുക​യും അങ്ങനെ ക്രിസ്‌തീയ സഭ പിറക്കു​ക​യും ചെയ്യുന്നു. ഉടൻതന്നെ മതനേ​താ​ക്ക​ന്മാർ, “അബ്രാ​ഹാ​മി​ന്റെ സന്തതി”യുടെ ഭാഗമാ​യി യേശു​വി​നോ​ടൊ​പ്പം സഹവസി​ക്കാൻ തുടങ്ങിയ ഈ വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ പ്രസം​ഗ​വേ​ല​യ്‌ക്കു തടയി​ടാൻ ശ്രമിച്ചു. (ഗലാത്യർ 3:26, 29; 4:5, 6) ഒന്നാം നൂറ്റാണ്ടു മുതൽ ഇന്നു വരെ നീതി​ക്കാ​യി ഉറച്ച നിലപാ​ടു സ്വീക​രി​ച്ചി​രി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ ശത്രു​ക്ക​ളിൽനി​ന്നുള്ള ദുഷ്‌പ്ര​ചാ​ര​ണ​ങ്ങൾക്കും കൊടിയ പീഡന​ങ്ങൾക്കും ഇരയാ​കേണ്ടി വന്നിരി​ക്കു​ന്നു.

19 എങ്കിലും, അവർ യേശു​വി​ന്റെ പ്രോ​ത്സാ​ഹന വാക്കുകൾ ഓർമി​ക്കു​ന്നു: “എന്റെ നിമിത്തം നിങ്ങളെ പഴിക്ക​യും ഉപദ്ര​വി​ക്ക​യും നിങ്ങ​ളെ​ക്കൊ​ണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യു​മ്പോൾ നിങ്ങൾ ഭാഗ്യ​വാ​ന്മാർ. സ്വർഗ്ഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​ക​കൊ​ണ്ടു സന്തോ​ഷി​ച്ചു​ല്ല​സി​പ്പിൻ.” (മത്തായി 5:11, 12) അതു​കൊണ്ട്‌, ഏറ്റവും കൊടിയ പീഡന​ത്തി​ന്മ​ധ്യേ​യും അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ ശിരസ്സു​കൾ ഉയർത്തി​പ്പി​ടി​ക്കു​ന്നു. അവരുടെ എതിരാ​ളി​കൾ എന്തുതന്നെ പറഞ്ഞാ​ലും, ദൈവം തങ്ങളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു എന്ന്‌ അവർക്ക്‌ അറിയാം. അവന്റെ ദൃഷ്ടി​യിൽ അവർ “നിഷ്‌ക​ള​ങ്ക​രും കുറ്റമി​ല്ലാ​ത്ത​വരു”മാണ്‌.—കൊ​ലൊ​സ്സ്യർ 1:21, 22.

20. (എ) അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ പിന്തു​ണ​യ്‌ക്കു​ന്നത്‌ ആർ, അവർ എന്ത്‌ അനുഭ​വി​ച്ചി​രി​ക്കു​ന്നു? (ബി) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കും “വേറെ ആടുക”ൾക്കും പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ നാവു ലഭിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

20 ആധുനിക നാളിൽ “വേറെ ആടുക”ളിൽപ്പെട്ട ഒരു “മഹാപു​രു​ഷാ​രം” അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ പിന്തു​ണ​യ്‌ക്കു​ന്നു. അവരും നീതി​ക്കാ​യി നില​കൊ​ള്ളു​ന്നു. തന്മൂലം, അവരും തങ്ങളുടെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം കഷ്ടങ്ങൾ സഹിക്കു​ക​യും “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു”കയും ചെയ്‌തി​രി​ക്കു​ന്നു. “മഹോ​പ​ദ്രവ”ത്തെ അതിജീ​വി​ക്കു​ന്നവർ എന്ന നിലയിൽ യഹോവ അവരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 14, 15, NW; യോഹ​ന്നാൻ 10:16; യാക്കോബ്‌ 2:23) അവരുടെ ശത്രുക്കൾ ഇപ്പോൾ ശക്തരാ​ണെന്നു തോന്നി​ച്ചാൽത്തന്നെ, ദൈവ​ത്തി​ന്റെ തക്കസമ​യത്ത്‌ ആ ശത്രുക്കൾ പുഴു​തിന്ന വസ്‌ത്രം പോലെ ഒന്നിനും കൊള്ളാ​ത്തവർ ആയിത്തീ​രും എന്ന്‌ യെശയ്യാ പ്രവചനം പറയുന്നു. എന്നാൽ, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും “വേറെ ആടുക”ളും നിരന്തരം പ്രാർഥി​ക്കു​ക​യും ദൈവ​വ​ചനം പഠിക്കു​ക​യും ആരാധ​ന​യ്‌ക്കാ​യി യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ചെയ്‌തു​കൊണ്ട്‌ ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​യി നില​കൊ​ള്ളു​ന്നു. അങ്ങനെ അവർ യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ക​യും പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ നാവോ​ടെ സംസാ​രി​ക്കു​ക​യും ചെയ്യുന്നു.

യഹോ​വ​യു​ടെ നാമത്തിൽ ആശ്രയി​ക്കു​ക

21. (എ) വെളി​ച്ച​ത്തിൽ നടക്കു​ന്നവർ ആർ, അവർക്ക്‌ എന്തു പ്രതി​ഫലം ലഭിക്കു​ന്നു? (ബി) ഇരുട്ടിൽ നടക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കു​ന്നു?

21 വിസ്‌മയകരമായ ഒരു വിപരീത പ്രതി​ക​രണം ഇപ്പോൾ ശ്രദ്ധിക്കൂ: “നിങ്ങളിൽ യഹോ​വയെ ഭയപ്പെ​ടു​ക​യും അവന്റെ ദാസന്റെ വാക്കു കേട്ടനു​സ​രി​ക്ക​യും ചെയ്യു​ന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാ​ര​ത്തിൽ നടന്നാ​ലും അവൻ യഹോ​വ​യു​ടെ നാമത്തിൽ ആശ്രയി​ച്ചു തന്റെ ദൈവ​ത്തി​ന്മേൽ ചാരി​ക്കൊ​ള്ളട്ടെ.” (യെശയ്യാ​വു 50:10) ദൈവ​ദാ​സ​നായ യേശു​ക്രി​സ്‌തു​വി​ന്റെ ശബ്ദത്തിനു ചെവി​കൊ​ടു​ക്കു​ന്നവർ വെളി​ച്ച​ത്തിൽ നടക്കുന്നു. (യോഹ​ന്നാൻ 3:21) അവർ യഹോവ എന്ന ദിവ്യ​നാ​മം ഉപയോ​ഗി​ക്കുക മാത്രമല്ല ആ നാമം വഹിക്കുന്ന വ്യക്തി​യിൽ ആശ്രയി​ക്കു​ക​യും ചെയ്യുന്നു. ഒരിക്കൽ ഇരുട്ടിൽ നടന്നവ​രാ​ണെ​ങ്കി​ലും ഇപ്പോൾ അവർ മനുഷ്യ​രെ ഭയപ്പെ​ടു​ന്നില്ല. അവർ ദൈവ​ത്തി​ന്റെ പിന്തുണ തേടുന്നു. എന്നാൽ, ഇരുട്ടിൽ നടക്കാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നവർ മാനു​ഷ​ഭ​യ​ത്തിന്‌ അടിമ​പ്പെ​ട്ടി​രി​ക്കു​ന്നു. പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​നു സംഭവി​ക്കു​ന്നത്‌ അതാണ്‌. യേശു​വിന്‌ എതിരെ ചുമത്തിയ ആരോ​പ​ണ​ങ്ങ​ളെ​ല്ലാം വ്യാജ​മാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും യേശു​വി​നെ വിടു​വി​ക്കാൻ മാനു​ഷ​ഭയം ആ റോമൻ ഭരണാ​ധി​കാ​രി​യെ അനുവ​ദി​ച്ചില്ല. റോമൻ പടയാ​ളി​കൾ ദൈവ​പു​ത്രനെ കൊല്ലു​ന്നു. എന്നാൽ, യഹോവ അവനെ ഉയിർപ്പിച്ച്‌ മഹിമ​യും ബഹുമാ​ന​വും അണിയി​ക്കു​ന്നു. ഇനി, പീലാ​ത്തൊ​സിന്‌ എന്തു സംഭവി​ച്ചു? യഹൂദ ചരി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ പറയുന്ന പ്രകാരം, യേശു മരിച്ച്‌ വെറും നാലു വർഷത്തി​നു ശേഷം റോമൻ ഗവർണർ എന്ന സ്ഥാനത്തു​നി​ന്നു പീലാ​ത്തൊസ്‌ നീക്കം ചെയ്യ​പ്പെ​ടു​ക​യും ഗൗരവ​മായ കുറ്റം ആരോ​പി​ക്ക​പ്പെട്ട്‌ റോമി​ലേക്കു തിരികെ അയയ്‌ക്ക​പ്പെ​ടു​ക​യും ചെയ്‌തു. യേശു​വി​നെ വധിക്കു​ന്ന​തി​നു ചുക്കാൻ പിടിച്ച യഹൂദ​രു​ടെ കാര്യ​മോ? നാലു ദശകങ്ങൾ പോലും പിന്നി​ടു​ന്ന​തി​നു മുമ്പ്‌ റോമൻ സൈന്യം യെരൂ​ശ​ലേം നശിപ്പി​ക്കു​ക​യും അതിലെ നിവാ​സി​കളെ കൊ​ന്നൊ​ടു​ക്കു​ക​യും ചിലരെ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്‌തു. ഇരുളി​നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു പ്രത്യാ​ശ​യ്‌ക്കു വകയില്ല!—യോഹ​ന്നാൻ 3:19.

22. രക്ഷയ്‌ക്കാ​യി മനുഷ്യ​രിൽ ആശ്രയി​ക്കു​ന്നത്‌ തികഞ്ഞ ഭോഷ​ത്ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

22 രക്ഷയ്‌ക്കായി മനുഷ്യ​രിൽ ആശ്രയി​ക്കു​ന്നതു തികഞ്ഞ ഭോഷ​ത്ത​മാണ്‌. അത്‌ എന്തു​കൊ​ണ്ടെന്ന്‌ യെശയ്യാ പ്രവചനം വിശദീ​ക​രി​ക്കു​ന്നു: “ഹാ, തീ കത്തിച്ചു തീയമ്പു​കൾ അരെക്കു കെട്ടു​ന്ന​വരേ, [“തീ കൊളു​ത്തു​ക​യും തീക്കൊ​ള്ളി​കൾ മിന്നി​ക്കു​ക​യും ചെയ്യു​ന്ന​വരേ,” “പി.ഒ.സി. ബൈ.”] നിങ്ങൾ എല്ലാവ​രും നിങ്ങളു​ടെ തീയുടെ വെളി​ച്ച​ത്തി​ലും നിങ്ങൾ കൊളു​ത്തി​യി​രി​ക്കുന്ന തീയമ്പു​ക​ളു​ടെ ഇടയി​ലും നടപ്പിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസന​ത്തോ​ടെ കിട​ക്കേ​ണ്ടി​വ​രും.” (യെശയ്യാ​വു 50:11) മനുഷ്യ നേതാ​ക്ക​ന്മാർ വന്നും പോയു​മി​രി​ക്കും. വിശേഷ ഗുണങ്ങ​ളുള്ള ഒരു വ്യക്തി കുറച്ചു കാല​ത്തേക്ക്‌ ആളുക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റി​യേ​ക്കാം. എന്നാൽ, ഏറ്റവും ആത്മാർഥ​ത​യുള്ള ഒരു മനുഷ്യ​നു പോലും ചെയ്യാൻ കഴിയുന്ന കാര്യ​ത്തിൽ പരിമി​തി​ക​ളുണ്ട്‌. അയാളെ പിന്തു​ണ​യ്‌ക്കു​ന്നവർ പ്രതീ​ക്ഷി​ക്കു​ന്നതു പോലെ, ആളിക്ക​ത്തുന്ന തീ കൊളു​ത്തു​ന്ന​തി​നു പകരം തീക്കൊ​ള്ളി മിന്നി​ക്കാ​നേ അയാൾക്കു കഴിയു​ക​യു​ള്ളൂ. അതേസ​മയം, ദൈവ​ത്തി​ന്റെ മിശി​ഹാ​യായ ശീലോ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ ഒരിക്ക​ലും നിരു​ത്സാ​ഹ​പ്പെ​ടേ​ണ്ടി​വ​രില്ല.

[അടിക്കു​റി​പ്പു​കൾ]

a യെശയ്യാ​വു 50-ാം അധ്യാ​യ​ത്തി​ന്റെ ആദ്യത്തെ മൂന്നു വാക്യ​ങ്ങ​ളിൽ യഹോവ യഹൂദാ ജനതയെ ഒന്നടങ്കം തന്റെ ഭാര്യ​യാ​യും അതിലെ നിവാ​സി​കളെ തന്റെ മക്കളാ​യും വർണി​ക്കു​ന്നു.

b ഈ അധ്യാ​യ​ത്തി​ന്റെ 4-ാം വാക്യം മുതൽ അവസാനം വരെ എഴുത്തു​കാ​രൻ തന്നെക്കു​റി​ച്ചു​തന്നെ പറയു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഈ വാക്യ​ങ്ങ​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന ചില പീഡനങ്ങൾ യെശയ്യാവ്‌ തന്നെ അനുഭ​വി​ച്ചി​രി​ക്കാൻ ഇടയുണ്ട്‌. എന്നിരു​ന്നാ​ലും, പൂർണ​മായ അർഥത്തിൽ അത്‌ യേശു​ക്രി​സ്‌തു​വി​ലാണ്‌ നിവൃ​ത്തി​യേ​റു​ന്നത്‌.

c ശ്രദ്ധേയമായി, സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ യെശയ്യാ​വു 50:6 ഇങ്ങനെ വായി​ക്കു​ന്നു: “ഞാൻ എന്റെ മുതുക്‌ അടികൾക്കും എന്റെ കവിളു​കൾ പ്രഹര​ങ്ങൾക്കും ഏൽപ്പി​ച്ചു​കൊ​ടു​ത്തു.”

[അധ്യയന ചോദ്യ​ങ്ങൾ]

[155-ാം പേജിലെ ചിത്രം]

യഹോവയിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം യഹൂദർ മനുഷ്യ ഭരണാ​ധി​പ​ന്മാ​രിൽ ആശ്രയി​ക്കു​ന്നു

[156, 157 പേജു​ക​ളി​ലെ ചിത്രം]

ചെങ്കടലിങ്കൽവെച്ച്‌ യഹോവ ഇസ്രാ​യേ​ല്യർക്കും ഈജി​പ്‌തു​കാർക്കും ഇടയിൽ ഒരു മേഘസ്‌തം​ഭം സൃഷ്ടി​ച്ചു​കൊണ്ട്‌ തന്റെ ജനത്തെ സംരക്ഷി​ച്ചു