വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മച്ചിയായ സ്‌ത്രീ ആനന്ദിക്കുന്നു

മച്ചിയായ സ്‌ത്രീ ആനന്ദിക്കുന്നു

അധ്യായം പതിനഞ്ച്‌

മച്ചിയായ സ്‌ത്രീ ആനന്ദി​ക്കു​ന്നു

യെശയ്യാവു 54:1-17

1. തനിക്ക്‌ കുട്ടി​ക​ളു​ണ്ടാ​കാൻ സാറാ അതിയാ​യി ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌, ഇക്കാര്യ​ത്തിൽ അവളുടെ അനുഭവം എന്തായി​രു​ന്നു?

 സാറാ ഒരു അമ്മയാ​കാൻ അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നു. സങ്കടക​ര​മെന്നു പറയട്ടെ, അവൾ മച്ചിയാ​യി​രു​ന്നു. അതവളെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. അവളുടെ നാളിൽ ഒരു സ്‌ത്രീ മച്ചിയാ​യി​രി​ക്കു​ന്നത്‌ നിന്ദാ​ക​ര​മായ ഒരു സംഗതി​യാ​യി വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. എന്നാൽ, അതി​നെ​ക്കാ​ളൊ​ക്കെ സാറായെ വേദനി​പ്പിച്ച മറ്റൊരു സംഗതി ഉണ്ടായി​രു​ന്നു. തന്റെ ഭർത്താ​വി​നോ​ടുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിറ​വേ​റി​ക്കാ​ണാൻ അവൾ അതിയാ​യി വാഞ്‌ഛി​ച്ചു. ഭൂമി​യി​ലെ സകല കുടും​ബ​ങ്ങൾക്കും അനു​ഗ്രഹം കൈവ​രു​ത്തുന്ന ഒരു സന്തതിയെ അബ്രാ​ഹാം ജനിപ്പി​ക്കേ​ണ്ടി​യി​രു​ന്നു. (ഉല്‌പത്തി 12:1-3) എന്നാൽ, ദൈവം ആ വാഗ്‌ദാ​നം നൽകി ദശകങ്ങൾ കഴിഞ്ഞി​ട്ടും അവർക്ക്‌ ഒരു കുഞ്ഞ്‌ പിറന്നില്ല. മക്കളി​ല്ലാത്ത സാറാ വാർധ​ക്യ​ത്തി​ലെത്തി. തന്റെ പ്രതീക്ഷ അസ്ഥാന​ത്താ​യോ എന്നു ചില​പ്പോ​ഴൊ​ക്കെ അവൾ വിചാ​രി​ച്ചി​ട്ടു​ണ്ടാ​കാം. എന്നാൽ, ഒരു ദിവസം അവളുടെ ദുഃഖം സന്തോ​ഷ​ത്തി​നു വഴിമാ​റി!

2. യെശയ്യാ​വു 54-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവച​ന​ത്തിൽ നാം തത്‌പരർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

2 യെശയ്യാവു 54-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം മനസ്സി​ലാ​ക്കാൻ സാറാ​യു​ടെ ദുരവസ്ഥ നമ്മെ സഹായി​ക്കു​ന്നു. ഒരു മച്ചിയാ​ണെ​ങ്കി​ലും പിന്നീട്‌ നിരവധി കുട്ടി​ക​ളു​ണ്ടാ​കു​ന്ന​തി​ന്റെ സന്തോഷം അനുഭ​വി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി അവിടെ യെരൂ​ശ​ലേ​മി​നെ അഭിസം​ബോ​ധന ചെയ്‌തി​രി​ക്കു​ന്നു. തന്റെ പുരാതന ജനതയെ മൊത്ത​ത്തിൽ തന്റെ ഭാര്യ​യാ​യി ചിത്രീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ യഹോവ അവരോ​ടുള്ള തന്റെ ആർദ്ര​വി​കാ​രം പ്രകടി​പ്പി​ക്കു​ക​യാണ്‌. കൂടാതെ, യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ഈ അധ്യായം “പാവന രഹസ്യം” എന്നു ബൈബിൾ വിളി​ക്കുന്ന നിർണാ​യ​ക​മായ ഒരു സംഗതി​യു​ടെ ചുരു​ള​ഴി​ക്കാൻ നമ്മെ സഹായി​ക്കു​ന്നു. (റോമർ 16:25, 26, NW) ഈ പ്രവച​ന​ത്തിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന “സ്‌ത്രീ”യെ തിരി​ച്ച​റി​യി​ക്കുന്ന വിശദാം​ശ​ങ്ങ​ളും അവളുടെ അനുഭ​വ​ങ്ങ​ളും ഇന്ന്‌ നിർമ​ലാ​രാ​ധ​ന​യു​ടെ​മേൽ സുപ്ര​ധാ​ന​മായ വെളിച്ചം വീശുന്നു.

“സ്‌ത്രീ”യെ തിരി​ച്ച​റി​യി​ക്കു​ന്നു

3. മച്ചിയായ “സ്‌ത്രീ”ക്ക്‌ ആനന്ദി​ക്കാൻ വകയു​ള്ളത്‌ എന്തു​കൊണ്ട്‌?

3 ഒരു സന്തോഷ വാർത്ത​യോ​ടെ​യാണ്‌ യെശയ്യാവു54-ാം അധ്യായം തുടങ്ങു​ന്നത്‌: “പ്രസവി​ക്കാത്ത മച്ചിയേ [“മച്ചിയായ സ്‌ത്രീ​യേ,” NW], ഘോഷിക്ക; നോവു കിട്ടീ​ട്ടി​ല്ലാ​ത്ത​വളേ, പൊട്ടി ആർത്തു​ഘോ​ഷിക്ക; ഏകാകി​നി​യു​ടെ മക്കൾ ഭർത്താ​വു​ള്ള​വ​ളു​ടെ മക്കളെ​ക്കാൾ അധികം എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 54:1) ഈ വാക്കുകൾ അറിയി​ക്കു​ന്ന​തിൽ യെശയ്യാവ്‌ എത്ര പുളകി​ത​നാ​യി​രി​ക്കണം! ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന യഹൂദർക്ക്‌ അത്‌ എത്രമാ​ത്രം ആശ്വാസം കൈവ​രു​ത്തും! ആ സമയത്തും യെരൂ​ശ​ലേം ശൂന്യ​മാ​യി കിടക്കു​ക​യാ​യി​രി​ക്കും. മാനുഷ വീക്ഷണ​ത്തിൽ അവൾ വീണ്ടും നിവസി​ക്ക​പ്പെ​ടു​മെന്നു പ്രതീ​ക്ഷി​ക്കാൻ യാതൊ​രു സാധ്യ​ത​യും ഇല്ലാത്ത​താ​യി തോന്നും. സാധാ​ര​ണ​ഗ​തി​യിൽ, വാർധ​ക്യ​ത്തിൽ ഒരു കുഞ്ഞു​ണ്ടാ​കു​മെന്ന്‌ പ്രതീ​ക്ഷി​ക്കാൻ ഒരു മച്ചിക്കു സാധി​ക്കാ​ത്തതു പോ​ലെ​തന്നെ. എന്നാൽ ഈ “സ്‌ത്രീ”ക്ക്‌ ഭാവി​യിൽ വലിയ അനു​ഗ്ര​ഹങ്ങൾ ലഭിക്കാ​നി​രി​ക്കു​ക​യാണ്‌—അവൾക്കു പ്രത്യു​ത്‌പാ​ദ​ന​ശേഷി കൈവ​രും. യെരൂ​ശ​ലേം ആനന്ദത്തിൽ ആറാടും. അവൾ വീണ്ടും നിരവധി ‘മക്കളെ’ക്കൊണ്ട്‌ അഥവാ നിവാ​സി​ക​ളെ​ക്കൊണ്ട്‌ നിറയും.

4. (എ) യെശയ്യാ​വു 54-ാം അധ്യാ​യ​ത്തിന്‌ പൊ.യു.മു. 537-ൽ ഉണ്ടായ​തി​നെ​ക്കാൾ വലിയ ഒരു നിവൃത്തി ഉണ്ടായി​രി​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കാൻ പൗലൊസ്‌ അപ്പൊ​സ്‌തലൻ നമ്മെ എങ്ങനെ സഹായി​ക്കു​ന്നു? (ബി) ‘മീതെ​യു​ളള യെരൂ​ശ​ലേം’ എന്താണ്‌?

4 ഈ പ്രവച​ന​ത്തിന്‌ ഒന്നില​ധി​കം നിവൃ​ത്തി​യു​ണ്ടാ​യി​രി​ക്കും, അക്കാര്യം യെശയ്യാ​വിന്‌ അറിയി​ല്ലാ​യി​രി​ക്കാം. പൗലൊസ്‌ അപ്പൊ​സ്‌തലൻ യെശയ്യാ​വു 54-ാം അധ്യാ​യ​ത്തിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊണ്ട്‌ ആ “സ്‌ത്രീ”ക്കു ഭൗമിക നഗരമായ യെരൂ​ശ​ലേ​മി​നെ​ക്കാൾ വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ള്ള​താ​യി വിശദീ​ക​രി​ക്കു​ന്നു. അവൻ ഇങ്ങനെ എഴുതു​ന്നു: “മീതെ​യു​ളള യെരൂ​ശ​ലേ​മോ സ്വത​ന്ത്ര​യാ​കു​ന്നു; അവൾ തന്നേ നമ്മുടെ അമ്മ.” (ഗലാത്യർ 4:26) ‘മീതെ​യു​ളള യെരൂ​ശ​ലേം’ എന്താണ്‌? വാഗ്‌ദ​ത്ത​ദേ​ശത്തെ യെരൂ​ശ​ലേം നഗരം അല്ലെന്നു വ്യക്തം. കാരണം ആ നഗരം ഭൗമി​ക​മാണ്‌, “മീതെ​യുള്ള”ത്‌, അതായത്‌ സ്വർഗീയ മണ്ഡലത്തി​ലു​ള്ളത്‌ അല്ല. ‘മീതെ​യു​ളള യെരൂ​ശ​ലേം’ ദൈവ​ത്തി​ന്റെ സ്വർഗീയ “സ്‌ത്രീ,” അഥവാ ശക്തരായ ആത്മജീ​വി​കൾ അടങ്ങുന്ന അവന്റെ സംഘടന ആണ്‌.

5. ഗലാത്യർ 4:22-31-ൽ വിവരി​ച്ചി​രി​ക്കുന്ന പ്രതീ​കാ​ത്മക നാടക​ത്തി​ലെ (എ) അബ്രാ​ഹാം (ബി) സാറാ (സി) യിസ്‌ഹാക്‌ (ഡി) ഹാഗാർ (ഇ) ഇശ്‌മാ​യേൽ എന്നിവർ ആരെ​യെ​ല്ലാം ചിത്രീ​ക​രി​ക്കു​ന്നു?

5 യഹോവയ്‌ക്ക്‌ സ്വർഗീ​യ​വും ഭൗമി​ക​വു​മായ രണ്ടു പ്രതീ​കാ​ത്മക സ്‌ത്രീ​കൾ ഉണ്ടായി​രി​ക്കു​ന്നത്‌ എങ്ങനെ? ഇക്കാര്യ​ത്തിൽ എന്തെങ്കി​ലും അസ്വാ​ഭാ​വി​കത ഉണ്ടോ? തീർച്ച​യാ​യു​മില്ല. അബ്രാ​ഹാ​മി​ന്റെ കുടും​ബം നൽകുന്ന പ്രാവ​ച​നിക ചിത്ര​ത്തിൽ അതിന്റെ ഉത്തരം അടങ്ങി​യി​രി​ക്കു​ന്ന​താ​യി പൗലൊസ്‌ അപ്പൊ​സ്‌തലൻ വ്യക്തമാ​ക്കു​ന്നു. (ഗലാത്യർ 4:22-31; 218-ാം പേജി​ലുള്ള “അബ്രാ​ഹാ​മി​ന്റെ കുടും​ബം—ഒരു പ്രാവ​ച​നിക ചിത്രം” എന്ന ഭാഗം കാണുക.) “സ്വതന്ത്ര”യും അബ്രാ​ഹാ​മി​ന്റെ ഭാര്യ​യു​മായ സാറാ യഹോ​വ​യു​ടെ ഭാര്യാ​സ​മാ​ന​മായ, ആത്മജീ​വി​കൾ ഉൾപ്പെട്ട സംഘട​നയെ ചിത്രീ​ക​രി​ക്കു​ന്നു. ദാസി​യും അബ്രാ​ഹാ​മി​ന്റെ രണ്ടാം ഭാര്യ​യും അഥവാ വെപ്പാ​ട്ടി​യും ആയ ഹാഗാർ ഭൗമിക യെരൂ​ശ​ലേ​മി​നെ ചിത്രീ​ക​രി​ക്കു​ന്നു.

6. ഏത്‌ അർഥത്തി​ലാണ്‌ ദൈവ​ത്തി​ന്റെ സ്വർഗീയ സംഘടന ദീർഘ​കാ​ലം മച്ചിയാ​യി തുടർന്നത്‌?

6 ആ പശ്ചാത്തലം മനസ്സിൽ പിടി​ക്കു​മ്പോൾ, യെശയ്യാ​വു 54:1-ന്റെ വലിയ പ്രാധാ​ന്യം നാം തിരി​ച്ച​റി​യാൻ തുടങ്ങു​ന്നു. നിരവധി ദശകങ്ങ​ളോ​ളം മച്ചിയാ​യി​രുന്ന സാറാ 90 വയസ്സു​ള്ള​പ്പോ​ഴാണ്‌ യിസ്‌ഹാ​ക്കി​നെ പ്രസവി​ച്ചത്‌. സമാന​മാ​യി യഹോ​വ​യു​ടെ സ്വർഗീയ സംഘട​ന​യും ദീർഘ​കാ​ലം ഒരു മച്ചിയാ​യി തുടർന്നു. തന്റെ “സ്‌ത്രീ” സന്തതിയെ ജനിപ്പി​ക്കു​മെന്ന്‌ നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ഏദെൻ തോട്ട​ത്തിൽവെച്ച്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (ഉല്‌പത്തി 3:15) 2,000-ത്തിലധി​കം വർഷത്തി​നു ശേഷം വാഗ്‌ദത്ത സന്തതിയെ കുറിച്ച്‌ യഹോവ അബ്രാ​ഹാ​മു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. എന്നാൽ, ആ സന്തതിക്കു ജന്മം നൽകാൻ ദൈവ​ത്തി​ന്റെ സ്വർഗീയ “സ്‌ത്രീ” അനേക നൂറ്റാ​ണ്ടു​കൾ കൂടി പിന്നെ​യും കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. എങ്കിലും, ഈ “മച്ചിയായ സ്‌ത്രീ”ക്ക്‌ ജഡിക ഇസ്രാ​യേ​ലി​നെ​ക്കാൾ അധികം മക്കളുള്ള ഒരു സമയം വന്നു. മുൻകൂ​ട്ടി പറയപ്പെട്ട സന്തതി​യു​ടെ ആഗമന​ത്തി​നു സാക്ഷ്യം വഹിക്കാൻ ദൂതന്മാർ അങ്ങേയറ്റം വാഞ്‌ഛ​യു​ള്ളവർ ആയിരു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാൻ മച്ചിയായ സ്‌ത്രീ​യു​ടെ ദൃഷ്ടാന്തം നമ്മെ സഹായി​ക്കു​ന്നു. (1 പത്രൊസ്‌ 1:12) അത്‌ ഒടുവിൽ എപ്പോ​ഴാണ്‌ സംഭവി​ച്ചത്‌?

7. യെശയ്യാ​വു 54:1 മുൻകൂ​ട്ടി പറഞ്ഞതു പോലെ “മീതെ​യു​ളള യെരൂ​ശലേ”മിന്‌ ആനന്ദി​ക്കാൻ അവസരം ലഭിച്ചത്‌ എപ്പോൾ, നിങ്ങൾ അങ്ങനെ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

7 ഒരു മനുഷ്യ ശിശു എന്ന നിലയി​ലുള്ള യേശു​വി​ന്റെ ജനനം തീർച്ച​യാ​യും ദൂതന്മാർക്ക്‌ ആനന്ദി​ക്കാ​നുള്ള സമയമാ​യി​രു​ന്നു. (ലൂക്കൊസ്‌ 2:9-14) എന്നാൽ യെശയ്യാ​വു 54:1-ൽ മുൻകൂ​ട്ടി പറയപ്പെട്ട സംഭവം അതായി​രു​ന്നില്ല. പൊ.യു. 29-ൽ പരിശു​ദ്ധാ​ത്മാ​വി​നാൽ ജാതനാ​യ​പ്പോൾ മാത്ര​മാണ്‌ അവൻ “മീതെ​യുള്ള യെരൂ​ശലേ”മിന്റെ ഒരു ആത്മീയ പുത്രൻ ആയിത്തീർന്നത്‌. ആ അവസര​ത്തിൽ ദൈവം​തന്നെ അവനെ പരസ്യ​മാ​യി തന്റെ “പ്രിയ​പു​ത്ര”നായി അംഗീ​ക​രി​ച്ചു. (മർക്കൊസ്‌ 1:10, 11; എബ്രായർ 1:5; 5:4, 5) ആ സമയത്താണ്‌ യെശയ്യാ​വു 54:1-ന്റെ നിവൃത്തി എന്നനി​ല​യിൽ ദൈവ​ത്തി​ന്റെ സ്വർഗീയ സ്‌ത്രീ ആനന്ദി​ക്കാൻ ഇടയാ​യത്‌. ഒടുവിൽ, അവൾ വാഗ്‌ദത്ത സന്തതിക്ക്‌, മിശി​ഹാ​യ്‌ക്ക്‌ ജന്മം നൽകി​യി​രി​ക്കു​ന്നു! അങ്ങനെ നൂറ്റാ​ണ്ടു​ക​ളോ​ളം മക്കളി​ല്ലാ​തി​രുന്ന അവളുടെ അവസ്ഥയ്‌ക്കു മാറ്റം വന്നു. അത്‌ അവളുടെ ആനന്ദത്തി​ന്റെ അവസാ​ന​മാ​യി​രു​ന്നില്ല.

മച്ചിയായ സ്‌ത്രീക്ക്‌ നിരവധി മക്കൾ

8. വാഗ്‌ദത്ത സന്തതിയെ ജനിപ്പിച്ച ശേഷം ദൈവ​ത്തി​ന്റെ സ്വർഗീയ “സ്‌ത്രീ”ക്ക്‌ ആനന്ദി​ക്കാൻ കാരണ​മു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

8 യേശുവിന്റെ മരണത്തി​നും ഉയിർത്തെ​ഴു​ന്നേൽപ്പി​നും ശേഷം ദൈവ​ത്തി​ന്റെ സ്വർഗീയ “സ്‌ത്രീ” തന്റെ പ്രിയ​പു​ത്രനെ ‘മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ആദ്യനാ​യി എഴു​ന്നേ​റ​റവൻ’ എന്ന നിലയിൽ അതീവ സന്തോ​ഷ​ത്തോ​ടെ കൈ​ക്കൊ​ണ്ടു. (കൊ​ലൊ​സ്സ്യർ 1:18) തുടർന്ന്‌ അവൾ കൂടുതൽ ആത്മപു​ത്ര​ന്മാർക്കു ജന്മം നൽകി. പൊ.യു. 33-ൽ യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ ഏകദേശം 120 പേർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​രാ​യി ക്രിസ്‌തു​വി​ന്റെ സഹഭര​ണാ​ധി​പ​ന്മാർ ആയിത്തീർന്നു. പിന്നീട്‌ ആ ദിവസം​തന്നെ 3,000 പേർ അതി​നോ​ടു കൂട്ടി​ച്ചേർക്ക​പ്പെട്ടു. (യോഹ​ന്നാൻ 1:12; പ്രവൃ​ത്തി​കൾ 1:13-15; 2:1-4, 41; റോമർ 8:14-16) പുത്ര​ന്മാ​രു​ടെ ഈ കൂട്ടം പെരു​കാൻ തുടങ്ങി. ക്രൈ​സ്‌ത​വ​ലോ​കം വിശ്വാ​സ​ത്യാ​ഗ​ത്തി​ലേക്കു കൂപ്പു​കു​ത്തിയ ആദ്യ നൂറ്റാ​ണ്ടു​ക​ളിൽ ആ വളർച്ച വളരെ​യ​ധി​കം മന്ദീഭ​വി​ച്ചു. എന്നിരു​ന്നാ​ലും, 20-ാം നൂറ്റാ​ണ്ടിൽ അതിനു മാറ്റം വരുമാ​യി​രു​ന്നു.

9, 10. പുരാതന കാലങ്ങ​ളിൽ കൂടാ​ര​ത്തിൽ കഴിയുന്ന സ്‌ത്രീ​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, ‘കൂടാ​ര​ത്തി​ന്റെ സ്ഥലം വിശാ​ല​മാ​ക്കുക’ എന്ന നിർദേശം എന്ത്‌ അർഥമാ​ക്കി​യി​രു​ന്നു, അത്തര​മൊ​രു സ്‌ത്രീക്ക്‌ അത്‌ സന്തോ​ഷി​ക്കാ​നുള്ള സമയമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 തുടർന്ന്‌, ശ്രദ്ധേ​യ​മായ വളർച്ച​യു​ടെ ഒരു കാലഘ​ട്ടത്തെ കുറിച്ച്‌ യെശയ്യാവ്‌ പ്രവചി​ക്കു​ന്നു: “നിന്റെ കൂടാ​ര​ത്തി​ന്റെ സ്ഥലത്തെ വിശാ​ല​മാ​ക്കുക; നിന്റെ നിവാ​സ​ങ്ങ​ളു​ടെ തിരശ്ശീ​ല​കളെ അവർ നിവിർക്കട്ടെ; തടുത്തു​ക​ള​യ​രു​തു; നിന്റെ കയറു​കളെ നീട്ടുക; നിന്റെ കുററി​കളെ ഉറപ്പിക്ക. നീ ഇടത്തോ​ട്ടും വലത്തോ​ട്ടും പരക്കും; നിന്റെ സന്തതി ജാതി​ക​ളു​ടെ ദേശം കൈവ​ശ​മാ​ക്കു​ക​യും ശൂന്യ​ന​ഗ​ര​ങ്ങ​ളിൽ നിവാ​സി​കളെ പാർപ്പി​ക്ക​യും ചെയ്യും. ഭയപ്പെ​ടേണ്ട, നീ ലജ്ജിച്ചു​പോ​ക​യില്ല; ഭ്രമി​ക്കേണ്ടാ, നീ നാണി​ച്ചു​പോ​ക​യില്ല; നിന്റെ യൌവ​ന​ത്തി​ലെ ലജ്ജ നീ മറക്കും; നിന്റെ വൈധ​വ്യ​ത്തി​ലെ നിന്ദ ഇനി ഓർക്ക​യു​മില്ല.”—യെശയ്യാ​വു 54:2-4.

10 സാറായെ പോലെ കൂടാ​ര​ങ്ങ​ളിൽ വസിക്കുന്ന ഒരു ഭാര്യ​യും അമ്മയു​മാ​യി ഇവിടെ യെരൂ​ശ​ലേ​മി​നെ അഭിസം​ബോ​ധന ചെയ്‌തി​രി​ക്കു​ന്നു. കുടും​ബ​ത്തി​ലെ അംഗസം​ഖ്യ കൂടു​മ്പോൾ ഒരമ്മ തന്റെ വീട്‌ വിശാ​ല​മാ​ക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യണം. അവൾ നീളമുള്ള കൂടാര ശീലക​ളും കയറു​ക​ളും സ്ഥാപി​ക്കു​ക​യും പുതിയ സ്ഥലത്ത്‌ കൂടാ​ര​ക്കു​റ്റി​കൾ ഉറപ്പി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. അവൾക്ക്‌ സന്തോഷം നൽകുന്ന ഒരു വേലയാ​ണത്‌. തിര​ക്കേ​റിയ ഈ സമയത്ത്‌, വംശാ​വലി നിലനി​റു​ത്താൻ തനിക്ക്‌ കുട്ടി​ക​ളു​ണ്ടാ​കു​മോ എന്ന്‌ ഉത്‌ക​ണ്‌ഠ​യോ​ടെ ചിന്തി​ച്ചു​ക​ഴി​ഞ്ഞു​കൂ​ടിയ വർഷങ്ങളെ കുറി​ച്ചോർക്കാ​നൊ​ന്നും അവൾക്കു സമയം കിട്ടില്ല.

11. (എ) ദൈവ​ത്തി​ന്റെ സ്വർഗീയ ‘സ്‌ത്രീ’ 1914-ൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (അടിക്കു​റി​പ്പു കാണുക.) (ബി) 1919 മുതൽ അഭിഷി​ക്തർ ഭൂമി​യിൽ എന്ത്‌ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ച്ചി​രി​ക്കു​ന്നു?

11 ബാബിലോണിയൻ പ്രവാ​സ​ത്തി​നു ശേഷം ഭൗമിക യെരൂ​ശ​ലേ​മി​നും അനുഗൃ​ഹീ​ത​മായ അത്തര​മൊ​രു സമയം വന്നു​ചേർന്നു. എന്നാൽ, ‘മീതെ​യുള്ള യെരൂ​ശ​ലേം’ ആണ്‌ അതി​നെ​ക്കാൾ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടത്‌. a പ്രത്യേ​കി​ച്ചും, 1919 മുതൽ അവളുടെ അഭിഷിക്ത “സന്തതി” പുതു​താ​യി പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട തങ്ങളുടെ ആത്മീയ അവസ്ഥയിൽ അഭിവൃ​ദ്ധി പ്രാപി​ച്ചി​രി​ക്കു​ന്നു. (യെശയ്യാ​വു 61:4; 66:8) തങ്ങളുടെ ആത്മീയ കുടും​ബ​ത്തി​ലേക്കു വരാൻ ആഗ്രഹി​ക്കു​ന്ന​വരെ അന്വേ​ഷിച്ച്‌ പല ദേശങ്ങ​ളി​ലും വ്യാപി​ച്ചു എന്ന അർഥത്തിൽ അവർ ‘ജാതി​ക​ളു​ടെ ദേശം കൈവ​ശ​മാ​ക്കി.’ തത്‌ഫ​ല​മാ​യി, അഭിഷി​ക്തരെ കൂട്ടി​ച്ചേർക്കു​ന്ന​തിൽ വിസ്‌മ​യ​ക​ര​മായ പുരോ​ഗതി ഉണ്ടായി. 1,44,000 പേരുടെ അന്തിമ സംഖ്യ 1930-കളുടെ മധ്യത്തിൽ പൂർത്തി​യാ​യ​താ​യി കാണ​പ്പെട്ടു. (വെളി​പ്പാ​ടു 14:3) ആ സമയത്ത്‌, അഭിഷി​ക്തരെ കൂട്ടി​ച്ചേർക്കുക എന്ന പ്രസം​ഗ​വേ​ല​യു​ടെ മുഖ്യ ഉദ്ദേശ്യം നിലച്ചു. എങ്കിലും, വികസനം അഭിഷി​ക്ത​രു​ടെ കൂട്ടി​ച്ചേർപ്പോ​ടെ അവസാ​നി​ച്ചില്ല.

12. അഭിഷി​ക്തർക്കു പുറമേ, 1930-കൾ മുതൽ ആർ ക്രിസ്‌തീയ സഭയി​ലേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

12 അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ “ചെറിയ ആട്ടിൻകൂട്ട”ത്തിനു പുറമേ, സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ആട്ടിൻകൂ​ട്ട​ത്തി​ലേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ടേണ്ട “വേറെ ആടുക”ളും തനിക്ക്‌ ഉണ്ടെന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞു. (ലൂക്കൊസ്‌ 12:32; യോഹ​ന്നാൻ 10:16) “മീതെ​യുള്ള യെരൂ​ശലേ”മിന്റെ അഭിഷിക്ത പുത്ര​ന്മാ​രിൽ പെട്ടവർ അല്ലെങ്കി​ലും അഭിഷി​ക്ത​രു​ടെ ഈ വിശ്വസ്‌ത സഹകാ​രി​കൾ പ്രധാ​ന​പ്പെ​ട്ട​തും ദീർഘ​കാ​ലം മുമ്പു പ്രവചി​ച്ചി​രു​ന്ന​തു​മായ ഒരു പങ്ക്‌ നിർവ​ഹി​ക്കു​ന്നു. (സെഖര്യാ​വു 8:23) 1930 മുതൽ ഇന്നുവരെ അവരിൽപ്പെട്ട ഒരു “മഹാപു​രു​ഷാ​രം” കൂട്ടി​ച്ചേർക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അതിന്റെ ഫലമായി ക്രിസ്‌തീയ സഭയ്‌ക്ക്‌ അഭൂത​പൂർവ​മായ വളർച്ച ഉണ്ടായി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 10) ഇന്ന്‌ ആ മഹാപു​രു​ഷാ​രം ദശലക്ഷ​ങ്ങ​ളാ​യി വർധി​ച്ചി​രി​ക്കു​ന്നു. ഇതെല്ലാം കൂടുതൽ രാജ്യ​ഹാ​ളു​ക​ളും സമ്മേള​ന​ഹാ​ളു​ക​ളും ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളും ആവശ്യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു. യെശയ്യാ​വി​ന്റെ വാക്കുകൾ ഇന്ന്‌ എന്നത്തെ​ക്കാ​ളും ഉചിത​മാ​യി കാണ​പ്പെ​ടു​ന്നു. മുൻകൂ​ട്ടി പറയപ്പെട്ട ഈ വികസ​ന​ത്തിൽ ഒരു പങ്കു വഹിക്കാൻ കഴിയു​ന്നത്‌ എത്ര വലിയ പദവി​യാണ്‌!

സന്തതിയെ കുറിച്ചു കരുത​ലുള്ള ഒരു അമ്മ

13, 14. (എ) ദൈവ​ത്തി​ന്റെ സ്വർഗീയ “സ്‌ത്രീ”യോട്‌ ബന്ധപ്പെട്ട്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചില പ്രയോ​ഗങ്ങൾ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി തോന്നു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദൈവം കുടും​ബ​ബ​ന്ധങ്ങൾ പ്രതീ​കാ​ത്മ​ക​മാ​യി ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു നമുക്ക്‌ എന്ത്‌ ഉൾക്കാഴ്‌ച നേടാ​നാ​കും?

13 വലിയ നിവൃ​ത്തി​യിൽ പ്രവച​ന​ത്തി​ലെ “സ്‌ത്രീ” യഹോ​വ​യു​ടെ സ്വർഗീയ സംഘട​നയെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു നാം കണ്ടുക​ഴി​ഞ്ഞു. എന്നാൽ, യെശയ്യാ​വു 54:4 വായി​ച്ച​ശേഷം ആത്മജീ​വി​കൾ ഉൾപ്പെട്ട ആ സംഘട​ന​യ്‌ക്ക്‌ എങ്ങനെ നിന്ദ സഹി​ക്കേ​ണ്ടി​വ​ന്നു​വെന്ന്‌ നാം അതിശ​യി​ച്ചേ​ക്കാം. ദൈവ​ത്തി​ന്റെ “സ്‌ത്രീ” അവഗണി​ക്ക​പ്പെ​ടു​ക​യും പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും ആക്രമ​ണ​ത്തി​നു വിധേ​യ​യാ​കു​ക​യും ചെയ്യു​മെന്ന്‌ തുടർന്നുള്ള വാക്യങ്ങൾ പറയുന്നു. അവൾ ദൈവ​കോ​പ​ത്തി​നു പാത്ര​മാ​കുക പോലും ചെയ്യും. ഒരിക്ക​ലും പാപം ചെയ്‌തി​ട്ടി​ല്ലാത്ത പൂർണ​രായ ആത്മജീ​വി​കൾ ഉൾപ്പെട്ട ഒരു സംഘട​ന​യ്‌ക്ക്‌ അത്‌ എങ്ങനെ ബാധക​മാ​കും? അത്‌ കുടും​ബ​ത്തി​ന്റെ സ്വഭാ​വത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു.

14 ആഴമേറിയ ആത്മീയ സത്യങ്ങൾ അറിയി​ക്കാൻ യഹോവ, ഭർത്താ​വും ഭാര്യ​യും അമ്മയും കുട്ടി​ക​ളും അടങ്ങിയ കുടുംബ ബന്ധങ്ങൾ പ്രതീ​കാ​ത്മ​ക​മാ​യി ഉപയോ​ഗി​ക്കു​ന്നു. കാരണം, അത്തരം ബന്ധങ്ങൾ മനുഷ്യ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ അർഥവ​ത്താണ്‌. നമ്മുടെ കുടും​ബം എത്ര വലുതാ​യി​രു​ന്നാ​ലും നമ്മുടെ അനുഭ​വങ്ങൾ എന്തുതന്നെ ആയിരു​ന്നാ​ലും, ഒരു നല്ല വിവാ​ഹ​ബന്ധം അല്ലെങ്കിൽ മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും തമ്മിലുള്ള നല്ലൊരു ബന്ധം എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കണം എന്നതു സംബന്ധിച്ച്‌ നമുക്ക്‌ ഒരു ധാരണ​യുണ്ട്‌. ആ സ്ഥിതിക്ക്‌, ആത്മ ദാസരു​ടെ വലിയ കൂട്ടവു​മാ​യി തനിക്ക്‌ ഊഷ്‌മ​ള​വും ഉറ്റതും ആശ്രയ​യോ​ഗ്യ​വു​മായ ഒരു ബന്ധമു​ണ്ടെന്ന്‌ യഹോവ എത്ര വ്യക്തമാ​യി നമ്മെ പഠപ്പി​ക്കു​ന്നു! തന്റെ സ്വർഗീയ സംഘടന ഭൂമി​യി​ലുള്ള അതിന്റെ ആത്മാഭി​ഷിക്ത സന്തതിയെ കുറിച്ച്‌ കരുതു​ന്നു​വെന്ന്‌ എത്ര മതിപ്പു​ള​വാ​ക്കുന്ന വിധത്തിൽ അവൻ നമ്മെ പഠിപ്പി​ക്കു​ന്നു! മനുഷ്യ ദാസർ കഷ്ടമനു​ഭ​വി​ക്കു​മ്പോൾ വിശ്വസ്‌ത സ്വർഗീയ ദാസർ, ‘മീതെ​യുള്ള യെരൂ​ശ​ലേം’ കഷ്ടം അനുഭ​വി​ക്കു​ന്നു. സമാന​മാ​യി യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഈ ഏററവും ചെറിയ [ആത്മാഭി​ഷിക്ത] സഹോ​ദ​ര​ന്മാ​രിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേ​ട​ത്തോ​ളം എല്ലാം എനിക്കു ചെയ്‌തു.”—മത്തായി 25:40.

15, 16. (എ) യെശയ്യാ​വു 54:5, 6-ന്റെ പ്രാരംഭ നിവൃത്തി എന്ത്‌, വലിയ നിവൃത്തി എന്ത്‌?

15 ആ സ്ഥിതിക്ക്‌, യഹോ​വ​യു​ടെ സ്വർഗീയ “സ്‌ത്രീ”യോടു പറയുന്ന കാര്യ​ങ്ങ​ളിൽ മിക്കതും ഭൂമി​യി​ലുള്ള അവളുടെ മക്കളുടെ അനുഭ​വ​ങ്ങളെ സൂചി​പ്പി​ക്കു​ന്നു. ഈ വാക്കുകൾ പരിചി​ന്തി​ക്കുക: “നിന്റെ സ്രഷ്ടാ​വാ​കു​ന്നു നിന്റെ ഭർത്താവു; സൈന്യ​ങ്ങ​ളു​ടെ യഹോവ എന്നാകു​ന്നു അവന്റെ നാമം; യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നാ​കു​ന്നു നിന്റെ വീണ്ടെ​ടു​പ്പു​കാ​രൻ; സർവ്വഭൂ​മി​യു​ടെ​യും ദൈവം എന്നു അവൻ വിളി​ക്ക​പ്പെ​ടു​ന്നു. ഉപേക്ഷി​ക്ക​പ്പെട്ടു മനോ​വ്യ​സ​ന​ത്തിൽ ഇരിക്കുന്ന സ്‌ത്രീ​യെ എന്നപോ​ലെ യഹോവ നിന്നെ വിളി​ച്ചി​രി​ക്കു​ന്നു; യൌവ​ന​ത്തിൽ വിവാഹം ചെയ്‌തി​ട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോ​ലെ തന്നേ എന്നു നിന്റെ ദൈവം അരുളി​ച്ചെ​യ്യു​ന്നു.”—യെശയ്യാ​വു 54:5, 6.

16 ഇവിടെ അഭിസം​ബോ​ധന ചെയ്‌തി​രി​ക്കുന്ന ഭാര്യ ആരാണ്‌? പ്രാരംഭ നിവൃ​ത്തി​യിൽ അത്‌ ദൈവ​ജ​നത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന യെരൂ​ശ​ലേ​മാണ്‌. ബാബി​ലോ​ണി​ലെ 70 വർഷ പ്രവാ​സ​കാ​ലത്ത്‌ യഹോവ തങ്ങളെ പൂർണ​മാ​യി ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി അവർക്കു തോന്നും. വലിയ നിവൃ​ത്തി​യിൽ ഈ വാക്കുകൾ “മീതെ​യുള്ള യെരൂ​ശലേ”മിനും ഉല്‌പത്തി 3:15-ന്റെ നിവൃ​ത്തി​യാ​യി ഒടുവിൽ “സന്തതി”ക്ക്‌ ജന്മം നൽകുന്ന അവളുടെ അനുഭ​വ​ത്തി​നും ബാധക​മാ​കു​ന്നു.

താത്‌കാ​ലിക ശിക്ഷണ​വും നിത്യാ​നു​ഗ്ര​ഹ​ങ്ങ​ളും

17. (എ) ഭൗമിക യെരൂ​ശ​ലേം ദിവ്യ കോപ​ത്തി​ന്റെ ‘ആധിക്യം’ അനുഭ​വി​ക്കു​ന്നത്‌ എങ്ങനെ? (ബി) ‘മീതെ​യു​ളള യെരൂ​ശ​ലേമി’ന്റെ പുത്ര​ന്മാർ ഏത്‌ ‘ആധിക്യ’ത്താൽ മൂട​പ്പെട്ടു?

17 പ്രവചനം ഇങ്ങനെ തുടരു​ന്നു: “അല്‌പ​നേ​ര​ത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷി​ച്ചു; എങ്കിലും മഹാക​രു​ണ​യോ​ടെ ഞാൻ നിന്നെ ചേർത്തു​കൊ​ള്ളും. ക്രോ​ധാ​ധി​ക്യ​ത്തിൽ ഞാൻ ക്ഷണനേ​ര​ത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യ​ദ​യ​യോ​ടെ ഞാൻ നിന്നോ​ടു കരുണ​കാ​ണി​ക്കും എന്നു നിന്റെ വീണ്ടെ​ടു​പ്പു​കാ​ര​നായ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 54:7, 8) പൊ.യു.മു. 607-ൽ ബാബി​ലോ​ണി​യൻ സൈന്യ​ങ്ങൾ ആക്രമി​ക്കു​മ്പോൾ ദൈവ​കോ​പ​ത്തി​ന്റെ ‘ആധിക്യ’ത്താൽ ഭൗമിക യെരൂ​ശ​ലേം മൂടി​പ്പോ​കു​ന്നു. അവളുടെ 70 വർഷത്തെ പ്രവാസം വളരെ ദീർഘ​മായ ഒന്നായി തോന്നി​യേ​ക്കാം. എങ്കിലും, ശിക്ഷണ​ത്തോ​ടു നന്നായി പ്രതി​ക​രി​ക്കു​ന്ന​വർക്ക്‌ ലഭിക്കാ​നി​രി​ക്കുന്ന നിത്യാ​നു​ഗ്ര​ഹ​ങ്ങ​ളോ​ടു താരത​മ്യം ചെയ്യു​മ്പോൾ അത്തരം കഷ്ടതകൾ “ക്ഷണനേ​ര​ത്തേക്കു” മാത്രം ഉള്ളതാണ്‌. സമാന​മാ​യി, മഹാബാ​ബി​ലോ​ണി​ന്റെ പ്രേര​ണ​യിൽ രാഷ്‌ട്രീയ ഘടകങ്ങൾ ‘മീതെ​യു​ളള യെരൂ​ശ​ലേമി’ന്റെ അഭിഷിക്ത പുത്ര​ന്മാ​രെ ആക്രമി​ക്കാൻ യഹോവ അനുവ​ദി​ച്ച​പ്പോൾ അവർ ദിവ്യ​ക്രോ​ധ​ത്തി​ന്റെ ‘ആധിക്യ’ത്താൽ മൂട​പ്പെ​ട്ടതു പോലെ തോന്നി. എന്നാൽ, 1919-നെ തുടർന്നു​ണ്ടായ ആത്മീയ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ഒരു കാലഘ​ട്ട​വു​മാ​യി വിപരീത താരത​മ്യം ചെയ്യു​മ്പോൾ ആ ശിക്ഷണ നടപടി എത്ര ഹ്രസ്വ​മാ​യി​രു​ന്നെ​ന്നോ!

18. തന്റെ ജനത്തി​നെ​തി​രെ​യുള്ള യഹോ​വ​യു​ടെ കോപത്തെ കുറിച്ച്‌ എന്തു പ്രധാന തത്ത്വം മനസ്സി​ലാ​ക്കാ​നാ​കും, ഇതു നമ്മെ വ്യക്തി​പ​ര​മാ​യി എങ്ങനെ ബാധി​ച്ചേ​ക്കാം?

18 ഈ വാക്യങ്ങൾ മറ്റൊരു വലിയ സത്യം കൂടി വെളി​പ്പെ​ടു​ത്തു​ന്നു. അതായത്‌ ദൈവ​കോ​പം താത്‌കാ​ലി​ക​മാണ്‌, എന്നാൽ അവന്റെ കരുണ എന്നേക്കും നിലനിൽക്കു​ന്നു എന്നത്‌. ദുഷ്‌പ്ര​വൃ​ത്തി​ക്കെ​തി​രെ അവന്റെ കോപം ജ്വലി​ക്കു​ന്നു, എന്നാൽ അത്‌ നിയ​ന്ത്രി​ത​വും എപ്പോ​ഴും ഒരു ഉദ്ദേശ്യ​ത്തോ​ടു കൂടി​യ​തും ആയിരി​ക്കും. നാം യഹോ​വ​യു​ടെ ശിക്ഷണം സ്വീക​രി​ക്കു​ന്നെ​ങ്കിൽ, അവന്റെ കോപം ‘ക്ഷണനേ​ര​ത്തേക്കു മാത്രമേ’ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ, തുടർന്ന്‌ അതു കുറയും. അതിന്റെ സ്ഥാനത്ത്‌ “മഹാക​രു​ണ​യോ​ടെ,” അതായത്‌ ക്ഷമയോ​ടും സ്‌നേ​ഹ​ദ​യ​യോ​ടും കൂടെ, അവൻ നമ്മോട്‌ ഇടപെ​ടും. അവ ‘നിത്യം’ നിലനിൽക്കു​ക​യും ചെയ്യും. നാം പാപം ചെയ്‌താൽ, അനുത​പിച്ച്‌ ദൈവ​വു​മാ​യി ഒരു സമാധാന ബന്ധത്തി​ലേക്കു മടങ്ങി​വ​രാൻ മടിക്ക​രുത്‌. നമ്മുടെ പാപം ഗുരു​ത​ര​മായ ഒന്നാ​ണെ​ങ്കിൽ, നാം സത്വരം സഭാമൂ​പ്പ​ന്മാ​രെ സമീപി​ക്കേ​ണ്ട​തുണ്ട്‌. (യാക്കോബ്‌ 5:14) ശിക്ഷണം വേണ്ടി​വ​ന്നേ​ക്കാം, ചില​പ്പോൾ അതു കടുപ്പ​മു​ള്ളത്‌ ആയിരു​ന്നേ​ക്കാം. (എബ്രായർ 12:11) എന്നാൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ ക്ഷമ സ്വീക​രി​ക്കു​ന്ന​തിൽനി​ന്നു ലഭിക്കുന്ന നിത്യാ​നു​ഗ്ര​ഹ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ അതു ഹ്രസ്വ​മാ​യി​രി​ക്കും!

19, 20. (എ) എന്താണ്‌ മഴവിൽ നിയമം, ബാബി​ലോ​ണി​ലെ പ്രവാ​സി​ക​ളോട്‌ അത്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) “സമാധാ​ന​നി​യമം” ഇന്നത്തെ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

19 യഹോവ തന്റെ ജനത്തിന്‌ ആശ്വാ​സ​ക​ര​മായ ഈ ഉറപ്പു നൽകുന്നു: “ഇതു എനിക്കു നോഹ​യു​ടെ വെള്ളങ്ങൾപോ​ലെ​യാ​കു​ന്നു; നോഹ​യു​ടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കി​ക്ക​ള​ക​യില്ല എന്നു ഞാൻ സത്യം ചെയ്‌ത​തു​പോ​ലെ ഞാൻ നിന്നോ​ടു കോപി​ക്ക​യോ നിന്നെ ഭർത്സി​ക്ക​യോ ഇല്ല എന്നു ഞാൻ സത്യം ചെയ്‌തി​രി​ക്കു​ന്നു. പർവ്വതങ്ങൾ മാറി​പ്പോ​കും, കുന്നുകൾ നീങ്ങി​പ്പോ​കും; എങ്കിലും എന്റെ ദയ നിന്നെ വിട്ടു​മാ​റു​ക​യില്ല; എന്റെ സമാധാ​ന​നി​യമം നീങ്ങി​പ്പോ​ക​യു​മില്ല എന്നു നിന്നോ​ടു കരുണ​യുള്ള യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 54:9, 10) ജലപ്ര​ള​യ​ത്തി​നു ശേഷം ദൈവം നോഹ​യോ​ടും ജീവനുള്ള സകലത്തി​നോ​ടും ഒരു നിയമം—മഴവിൽ നിയമം എന്ന്‌ അതു ചില​പ്പോ​ഴൊ​ക്കെ അറിയ​പ്പെ​ടു​ന്നു—ചെയ്‌തു. ഒരു ആഗോള ജലപ്ര​ളയം മുഖാ​ന്തരം ഭൂമി​യിൽ താൻ ഒരിക്ക​ലും ഇനി നാശം വരുത്തു​ക​യില്ല എന്നു യഹോവ വാഗ്‌ദാ​നം ചെയ്‌തു. (ഉല്‌പത്തി 9:8-17) യെശയ്യാ​വി​നും അവന്റെ ജനത്തി​നും അത്‌ എന്തിനെ അർഥമാ​ക്കു​ന്നു?

20 അവർക്ക്‌ അനുഭ​വി​ക്കേണ്ട ശിക്ഷ—ബാബി​ലോ​ണി​ലെ 70 വർഷത്തെ പ്രവാസം—ഒരിക്കലേ ഉണ്ടാകു​ക​യു​ള്ളൂ എന്ന്‌ അറിയു​ന്നത്‌ ആശ്വാ​സ​ക​ര​മാണ്‌. അതു തീർന്ന​ശേഷം, മേലാൽ അങ്ങനെ​യൊ​രു സംഭവം ഉണ്ടാകു​ക​യില്ല. തുടർന്ന്‌ ദൈവ​ത്തി​ന്റെ “സമാധാ​ന​നി​യമം” നിലനിൽക്കും. ‘സമാധാ​നം’ എന്നതി​നുള്ള എബ്രായ പദം യുദ്ധമി​ല്ലാത്ത ഒരു അവസ്ഥയെ മാത്രമല്ല സൂചി​പ്പി​ക്കു​ന്നത്‌, മറിച്ച്‌ എല്ലാത്തരം ക്ഷേമ​ത്തെ​യു​മാണ്‌. ദൈവത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ നിയമം നിത്യ​മാ​യി​രി​ക്കും. പർവത​ങ്ങ​ളും കുന്നു​ക​ളും മാറി​പ്പോ​യാ​ലും തന്റെ വിശ്വസ്‌ത ജനത്തോ​ടുള്ള അവന്റെ സ്‌നേ​ഹദയ അവസാ​നി​ക്കില്ല. ദുഃഖ​ക​ര​മെന്നേ പറയേണ്ടൂ, അവന്റെ ഭൗമിക ജനത ആ നിയമ​ത്തോട്‌ അഥവാ ഉടമ്പടി​യോ​ടു പറ്റിനിൽക്കു​ക​യില്ല. മിശി​ഹാ​യെ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ അവർ സ്വയം തങ്ങളുടെ സമാധാ​നം തകർക്കും. എന്നാൽ ‘മീതെ​യു​ളള യെരൂ​ശ​ലേമി’ന്റെ പുത്ര​ന്മാർ അതി​നെ​ക്കാൾ വളരെ മെച്ചമാ​യി​രു​ന്നു. അവരുടെ ശിക്ഷണ​ത്തി​ന്റെ ദുഷ്‌ക​ര​മായ കാലഘട്ടം കഴിഞ്ഞ​പ്പോൾ ദിവ്യ സംരക്ഷണം ലഭിക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു.

ദൈവ​ജ​ന​ത്തി​ന്റെ ആത്മീയ സുരക്ഷ

21, 22. (എ) ‘മീതെ​യു​ളള യെരു​ശ​ലേം’ അരിഷ്ട​ത​യി​ലും കൊടു​ങ്കാ​റ്റ​ടി​ച്ചും ഇരിക്കു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദൈവ​ത്തി​ന്റെ സ്വർഗീയ ‘സ്‌ത്രീ’യുടെ അനുഗൃ​ഹീ​താ​വസ്ഥ ഭൂമി​യി​ലെ അവളുടെ ‘മക്കളുടെ’ കാര്യ​ത്തിൽ എന്ത്‌ അർഥമാ​ക്കു​ന്നു?

21 തന്റെ വിശ്വസ്‌ത ജനത്തി​നുള്ള സുരക്ഷയെ കുറിച്ച്‌ യഹോവ തുടർന്ന്‌ മുൻകൂ​ട്ടി പറയുന്നു: “അരിഷ്ട​യും കൊടു​ങ്കാ​റ​റി​നാൽ അടിക്ക​പ്പെട്ടു ആശ്വാ​സ​മ​റ​റ​വ​ളും ആയു​ള്ളോ​വേ, ഞാൻ നിന്റെ കല്ലു അഞ്‌ജ​ന​ത്തിൽ പതിക്ക​യും നീലക്ക​ല്ലു​കൊ​ണ്ടു നിന്റെ അടിസ്ഥാ​നം ഇടുക​യും ചെയ്യും. ഞാൻ നിന്റെ താഴി​ക​ക്കു​ട​ങ്ങളെ പത്മരാ​ഗം​കൊ​ണ്ടും നിന്റെ ഗോപു​ര​ങ്ങളെ പുഷ്‌പ​രാ​ഗം​കൊ​ണ്ടും നിന്റെ അററങ്ങ​ളെ​യൊ​ക്കെ​യും [“എല്ലാ അതിരു​ക​ളും,” NW] മനോ​ഹ​ര​മായ കല്ലു​കൊ​ണ്ടും ഉണ്ടാക്കും. നിന്റെ മക്കൾ എല്ലാവ​രും യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ട്ട​വ​രും നിന്റെ മക്കളുടെ സമാധാ​നം വലിയ​തും ആയിരി​ക്കും. നീതി​യാൽ നീ സ്ഥിരമാ​യി നില്‌ക്കും; നീ പീഡന​ത്തോ​ടു അകന്നി​രി​ക്കും; നിനക്കു ഭയപ്പെ​ടു​വാ​നി​ല്ല​ല്ലോ; ഭീഷണി​യോ​ടു നീ അകന്നി​രി​ക്കും; അതു നിന്നോ​ടു അടുത്തു​വ​രി​ക​യില്ല. ഒരുത്തൻ നിന്നോ​ടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിത​പ്ര​കാ​രമല്ല; ആരെങ്കി​ലും നിന്നോ​ടു കലശൽ കൂടി​യാൽ അവൻ നിന്റെ നിമിത്തം വീഴും.”—യെശയ്യാ​വു 54:11-15.

22 തീർച്ചയായും, ആത്മമണ്ഡ​ല​ത്തി​ലുള്ള യഹോ​വ​യു​ടെ ‘സ്‌ത്രീ’ ഒരിക്ക​ലും അരിഷ്ട​ത​യിൽ ആയിരി​ക്കു​ക​യോ കൊടു​ങ്കാ​റ്റിൽ പെടു​ക​യോ ചെയ്‌തി​ട്ടില്ല. എന്നാൽ, അവളുടെ അഭിഷിക്ത “മക്കൾ” ഭൂമി​യിൽ കഷ്ടം അനുഭ​വി​ച്ച​പ്പോൾ, പ്രത്യേ​കി​ച്ചും 1918-19 കാലഘ​ട്ട​ത്തിൽ അവർ ആത്മീയ അടിമ​ത്ത​ത്തിൽ ആയിരു​ന്ന​പ്പോൾ, അവളും കഷ്ടം അനുഭ​വി​ച്ചു. ഇനി, ഈ സ്വർഗീയ ‘സ്‌ത്രീ’ ആനന്ദി​ക്കു​മ്പോൾ അവളുടെ മക്കളുടെ ഇടയി​ലും സമാന​മായ ഒരു അവസ്ഥ പ്രതി​ഫ​ലി​ക്കു​ന്നു. അപ്പോൾ ‘മീതെ​യു​ളള യെരൂ​ശ​ലേമി’നെ കുറി​ച്ചുള്ള തിളങ്ങുന്ന വിവരണം നോക്കുക. അമൂല്യ​മായ കല്ലുകൾ കൊണ്ടുള്ള ഗോപു​ര​ങ്ങ​ളും വില​യേ​റിയ അഞ്‌ജ​ന​വും അടിസ്ഥാ​ന​ങ്ങ​ളും എന്തിന്‌ അതിരു​കൾ പോലും, ഒരു പരാമർശ കൃതി പറയു​ന്നതു പോലെ, ‘സൗന്ദര്യ​ത്തെ​യും പ്രൗഢി​യെ​യും ശുദ്ധി​യെ​യും ശക്തി​യെ​യും ഐക്യ​ദാർഢ്യ​ത്തെ​യും’ സൂചി​പ്പി​ക്കു​ന്നു. സുരക്ഷി​ത​വും അനുഗൃ​ഹീ​ത​വു​മായ അത്തരം ഒരു അവസ്ഥയി​ലേക്ക്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ നയിക്കു​ന്നത്‌ എന്താണ്‌?

23. (എ) ‘യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്നത്‌’ അന്ത്യനാ​ളു​ക​ളിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ മേൽ എന്തു ഫലമു​ള​വാ​ക്കി​യി​രി​ക്കു​ന്നു? (ബി) ദൈവ​ജനം ഏത്‌ അർഥത്തിൽ ‘മനോ​ഹ​ര​മായ കല്ലു​കൊ​ണ്ടുള്ള അതിർത്തിക’ളാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

23 യെശയ്യാ​വു 54-ാം അധ്യാ​യ​ത്തി​ന്റെ 13-ാം വാക്യം അതു മനസ്സി​ലാ​ക്കാ​നുള്ള താക്കോൽ പ്രദാനം ചെയ്യുന്നു. എല്ലാവ​രും ‘യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ട്ടവർ’ ആയിരി​ക്കും എന്ന്‌ അവിടെ പറഞ്ഞി​രി​ക്കു​ന്നു. യേശു​തന്നെ ഈ വാക്കുകൾ തന്റെ അഭിഷിക്ത അനുഗാ​മി​കൾക്കു ബാധക​മാ​ക്കി. (യോഹ​ന്നാൻ 6:45) അഭിഷി​ക്തർ യഥാർഥ പരിജ്ഞാ​ന​ത്തി​ന്റെ​യും ആത്മീയ ഉൾക്കാ​ഴ്‌ച​യു​ടെ​യും സമൃദ്ധി​യാൽ ‘അന്ത്യകാ​ലത്ത്‌’ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെന്നു ദാനീ​യേൽ പ്രവാ​ചകൻ മുൻകൂ​ട്ടി പറഞ്ഞു. (ദാനീ​യേൽ 12:3, 4, NW) ദിവ്യ പ്രബോ​ധനം ഭൂമി​യി​ലെ​മ്പാ​ടും വ്യാപി​പ്പി​ക്കുന്ന, ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ വിദ്യാ​ഭ്യാ​സ പ്രവർത്ത​ന​ത്തി​നു നേതൃ​ത്വം നൽകാൻ അത്തരം ഉൾക്കാഴ്‌ച അവരെ പ്രാപ്‌ത​രാ​ക്കി​യി​രി​ക്കു​ന്നു. (മത്തായി 24:14) അതേസ​മയം, ആ ഉൾക്കാഴ്‌ച സത്യമ​ത​വും വ്യാജ​മ​ത​വും തമ്മിലുള്ള വ്യത്യാ​സം തിരി​ച്ച​റി​യാ​നും അവരെ സഹായി​ച്ചി​രി​ക്കു​ന്നു. ‘മനോ​ഹ​ര​മായ കല്ലു​കൊ​ണ്ടുള്ള അതിരുക’ളെ കുറിച്ച്‌ യെശയ്യാ​വു 54:12 പറയുന്നു. 1919 മുതൽ യഹോവ അഭിഷി​ക്തർക്ക്‌ അതിരു​കൾ—ആത്മീയ അതിർവ​ര​മ്പു​കൾ—സംബന്ധിച്ച ഏറെ വ്യക്തമായ ഗ്രാഹ്യം നൽകി​യി​രി​ക്കു​ന്നു. അത്‌ അവരെ വ്യാജ​മ​ത​ത്തിൽ നിന്നും ലോക​ത്തി​ലെ ഭക്തികെട്ട ഘടകങ്ങ​ളിൽനി​ന്നും വേർതി​രി​ച്ചു നിറു​ത്തു​ന്നു. (യെഹെ​സ്‌കേൽ 44:23; യോഹ​ന്നാൻ 17:14; യാക്കോബ്‌ 1:27) അങ്ങനെ അവർ ദൈവ​ത്തി​ന്റെ സ്വന്തം ജനതയാ​യി വേറിട്ടു നിൽക്കു​ന്നു.—1 പത്രൊസ്‌ 2:9.

24. നാം യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്നു എന്ന്‌ എങ്ങനെ ഉറപ്പു വരുത്താ​നാ​കും?

24 ‘ഞാൻ യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടോ?’ എന്ന്‌ നാം ഓരോ​രു​ത്ത​രും നമ്മോ​ടു​തന്നെ ചോദി​ക്കേ​ണ്ട​തുണ്ട്‌. അത്തരം പ്രബോ​ധനം നമുക്കു യാന്ത്രി​ക​മാ​യി ലഭിക്കു​ന്നില്ല. അതിനു നമ്മുടെ ഭാഗത്തു​നി​ന്നു ശ്രമം ആവശ്യ​മാണ്‌. നാം ദൈവ​വ​ചനം പതിവാ​യി വായി​ക്കു​ക​യും അതേക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പ്രസി​ദ്ധീ​ക​രി​ക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത സാഹി​ത്യ​ങ്ങൾ വായി​ക്കു​ന്ന​തി​ലൂ​ടെ പ്രബോ​ധനം സ്വീക​രി​ക്കു​ക​യും ക്രിസ്‌തീയ യോഗ​ങ്ങൾക്കു തയ്യാറാ​കു​ക​യും അവയിൽ സംബന്ധി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നാം യഹോ​വ​യാൽ തീർച്ച​യാ​യും പഠിപ്പി​ക്ക​പ്പെ​ടു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. (മത്തായി 24:45-47, NW) പഠിക്കുന്ന കാര്യങ്ങൾ നാം ബാധക​മാ​ക്കാൻ ശ്രമി​ക്കു​ക​യും ആത്മീയ​മാ​യി ഉണർന്നി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഇന്നത്തെ ദൈവ​ര​ഹിത ലോക​ത്തിൽ ഉള്ളവരിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി നില​കൊ​ള്ളാൻ ദിവ്യ പ്രബോ​ധനം നമ്മെ സഹായി​ക്കും. (1 പത്രൊസ്‌ 5:8, 9) അതിലു​പരി, ‘ദൈവ​ത്തോ​ടു അടുത്തു ചെല്ലാൻ’ അതു നമ്മെ സഹായി​ക്കും.—യാക്കോബ്‌ 1:22-25; 4:8.

25. സമാധാ​നം സംബന്ധിച്ച ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ആധുനി​ക​കാ​ലത്തെ അവന്റെ ജനത്തെ സംബന്ധിച്ച്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

25 അഭിഷിക്തർ സമൃദ്ധ​മായ സമാധാ​ന​ത്താ​ലും അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്ന​താ​യി യെശയ്യാ പ്രവചനം പ്രകട​മാ​ക്കു​ന്നു. അതിന്റെ അർഥം അവർ ഒരിക്ക​ലും ആക്രമി​ക്ക​പ്പെ​ടു​ക​യില്ല എന്നാണോ? അല്ല. എന്നാൽ ശത്രുക്കൾ അവരെ ആക്രമി​ക്കാൻ ദൈവം കൽപ്പി​ക്കു​ക​യി​ല്ലെന്ന്‌, അവർ തന്റെ ജനത്തി​ന്റെ​മേൽ ജയം നേടാൻ അനുവ​ദി​ക്കു​ക​യി​ല്ലെന്ന്‌ ദൈവം ഉറപ്പു നൽകുന്നു. നാം ഇങ്ങനെ വായി​ക്കു​ന്നു: “തീക്കനൽ ഊതി പണി​ചെ​യ്‌തു ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടി​ച്ചി​രി​ക്കു​ന്നു; നശിപ്പി​പ്പാൻ സംഹാ​ര​ക​നെ​യും ഞാൻ സൃഷ്ടി​ച്ചി​രി​ക്കു​ന്നു. നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല; ന്യായ​വി​സ്‌താ​ര​ത്തിൽ നിനക്കു വിരോ​ധ​മാ​യി എഴു​ന്നേ​ല്‌ക്കുന്ന എല്ലാനാ​വി​നെ​യും നീ കുററം വിധി​ക്കും; യഹോ​വ​യു​ടെ ദാസന്മാ​രു​ടെ അവകാ​ശ​വും എന്റെ പക്കൽനി​ന്നുള്ള അവരുടെ നീതി​യും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—യെശയ്യാ​വു 54:16, 17.

26. യഹോവ മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും സ്രഷ്ടാവ്‌ ആണെന്ന അറിവ്‌ ആശ്വാസം കൈവ​രു​ത്തു​ന്നത്‌ എങ്ങനെ?

26 യെശയ്യാവിന്റെ ഈ അധ്യാ​യ​ത്തിൽ താനാണ്‌ സ്രഷ്ടാ​വെന്ന്‌ യഹോവ രണ്ടാം വട്ടം തന്റെ ദാസന്മാ​രെ ഓർമി​പ്പി​ക്കു​ന്നു. തന്റെ പ്രതീ​കാ​ത്മക ഭാര്യ​യോട്‌ താൻ അവളുടെ ‘സ്രഷ്ടാവ്‌’ ആണ്‌ എന്ന്‌ അവൻ മുമ്പു പറയു​ന്നുണ്ട്‌. താൻ മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും സ്രഷ്ടാ​വാ​ണെന്ന്‌ അവൻ ഇപ്പോൾ പറയുന്നു. നശീകരണ ആയുധങ്ങൾ ഉണ്ടാക്കവേ, തന്റെ അടുപ്പി​ലെ തീക്കനൽ ഊതി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു കൊല്ല​നെ​യും ‘നശിപ്പി​പ്പാ​നുള്ള സംഹാരക’നായ ഒരു യോദ്ധാ​വി​നെ​യും കുറിച്ച്‌ 16-ാം വാക്യം വിവരി​ക്കു​ന്നു. അത്തരം ആളുക​ളിൽ സഹമനു​ഷ്യർക്ക്‌ ഭയം തോന്നി​യേ​ക്കാം. എന്നാൽ, തങ്ങളു​ടെ​തന്നെ സ്രഷ്ടാ​വി​നെ​തി​രെ അവർക്ക്‌ എങ്ങനെ വിജയി​ക്കാ​നാ​കും? ഇന്ന്‌ ലോക​ത്തി​ലെ ഏറ്റവും വലിയ ശക്തികൾതന്നെ യഹോ​വ​യു​ടെ ജനത്തെ ആക്രമി​ച്ചാ​ലും അവർ ഒരു പ്രകാ​ര​ത്തി​ലും വിജയി​ക്കു​ക​യില്ല. എങ്ങനെ?

27, 28. ഈ പ്രക്ഷുബ്‌ധ നാളു​ക​ളിൽ എന്തു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും, നമു​ക്കെ​തി​രെ​യുള്ള സാത്താന്യ ആക്രമ​ണങ്ങൾ വിജയി​ക്കു​ക​യില്ല എന്ന്‌ നമുക്ക്‌ അറിയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

27 ദൈവജനത്തിന്‌ എതി​രെ​യും ആത്മാവി​ലും സത്യത്തി​ലു​മുള്ള അവരുടെ ആരാധ​ന​യ്‌ക്ക്‌ എതി​രെ​യും നാശക​ര​മായ ആക്രമണം നടത്തു​ന്ന​തി​നുള്ള സമയം കഴിഞ്ഞു​പോ​യി​രി​ക്കു​ന്നു. (യോഹ​ന്നാൻ 4:23, 24) ഒരു ആക്രമണം നടത്താൻ യഹോവ മഹാബാ​ബി​ലോ​ണി​നെ അനുവ​ദി​ച്ചു, ആ ആക്രമണം താത്‌കാ​ലി​ക​മാ​യി വിജയ​ക​ര​മെന്നു തെളി​യു​ക​യും ചെയ്‌തു. ഭൂമി​യി​ലെ പ്രസം​ഗ​വേല ഫലത്തിൽ നിറു​ത്ത​ലാ​ക്ക​പ്പെ​ട്ട​പ്പോൾ തന്റെ മക്കൾ ഏറെക്കു​റെ നിശ്ശബ്ദ​രാ​ക്ക​പ്പെ​ടു​ന്നത്‌ ‘മീതെ​യു​ളള യെരു​ശ​ലേം’ കുറെ നാള​ത്തേക്കു കണ്ടുനി​ന്നു. എന്നാൽ അങ്ങനെ​യൊന്ന്‌ വീണ്ടു​മൊ​രി​ക്ക​ലും സംഭവി​ക്കു​ക​യില്ല! ഇപ്പോൾ അവൾ തന്റെ പുത്ര​ന്മാ​രെ ഓർത്തു സന്തോ​ഷി​ക്കു​ന്നു. കാരണം, ആത്മീയ​മായ അർഥത്തിൽ അവർ അജയ്യരാ​യി​ത്തീർന്നി​രി​ക്കു​ന്നു. (യോഹ​ന്നാൻ 16:33; 1 യോഹ​ന്നാൻ 5:4) അവർക്കെ​തി​രെ ആക്രമ​ണ​ത്തി​ന്റെ ആയുധങ്ങൾ സൃഷ്ടി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌, ഇനിയും സൃഷ്ടി​ക്ക​പ്പെ​ടു​ക​യും ചെയ്യും. (വെളി​പ്പാ​ടു 12:17) എന്നാൽ അവ ഒരിക്ക​ലും വിജയി​ച്ചി​ട്ടില്ല, ഇനി വിജയി​ക്കു​ക​യു​മില്ല. അഭിഷി​ക്ത​രു​ടെ​യും അവരുടെ സഹകാ​രി​ക​ളു​ടെ​യും വിശ്വാ​സ​ത്തെ​യും തീക്ഷ്‌ണ​മായ ഉത്സാഹ​ത്തെ​യും കെടു​ത്തി​ക്ക​ള​യാൻ കഴിയുന്ന യാതൊ​രു ആയുധ​വും സാത്താന്റെ പക്കലില്ല. ഈ ആത്മീയ സമാധാ​നം ‘യഹോ​വ​യു​ടെ ദാസന്മാ​രു​ടെ അവകാശം’ ആണ്‌. അതു​കൊണ്ട്‌ ബലപ്ര​യോ​ഗ​ത്താൽ അത്‌ ആർക്കും തട്ടിക്ക​ള​യാ​നാ​വില്ല.—സങ്കീർത്തനം 118:6; റോമർ 8:38, 39.

28 സാത്താന്റെ ലോക​ത്തി​നു ചെയ്യാൻ കഴിയുന്ന യാതൊ​ന്നും ദൈവ​ത്തി​ന്റെ സമർപ്പിത ദാസന്മാ​രു​ടെ വേലയ്‌ക്കോ നിലനിൽക്കുന്ന ആരാധ​ന​യ്‌ക്കോ ഒരിക്ക​ലും വിരാ​മ​മി​ടു​ക​യില്ല. ‘മീതെ​യു​ളള യെരു​ശ​ലേമി’ന്റെ അഭിഷിക്ത സന്തതികൾ ആ ഉറപ്പിൽ വലിയ ആശ്വാസം കണ്ടെത്തി​യി​രി​ക്കു​ന്നു. മഹാപു​രു​ഷാ​ര​ത്തിൽ പെട്ട അംഗങ്ങ​ളും അതുതന്നെ ചെയ്യുന്നു. യഹോ​വ​യു​ടെ സ്വർഗീയ സംഘട​ന​യെ​യും ഭൂമി​യി​ലെ അവന്റെ ആരാധ​ക​രു​മാ​യുള്ള അതിന്റെ ഇടപെ​ട​ലു​ക​ളെ​യും കുറിച്ച്‌ നാം എത്രയ​ധി​കം പഠിക്കു​ന്നു​വോ നമ്മുടെ വിശ്വാ​സം അത്രയ​ധി​കം ശക്തമാ​യി​ത്തീ​രും. നമ്മുടെ വിശ്വാ​സം ബലിഷ്‌ഠ​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം നമുക്ക്‌ എതി​രെ​യുള്ള സാത്താന്റെ ആയുധങ്ങൾ നിഷ്‌ഫ​ല​മെന്നു തെളി​യും!

[അടിക്കു​റിപ്പ്‌]

a വെളിപ്പാടു 12:1-17 പറയു​ന്ന​പ്ര​കാ​രം, ദൈവ​ത്തി​ന്റെ “സ്‌ത്രീ”ക്ക്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു ‘സന്തതി’യെ ജനിപ്പി​ക്കാ​നുള്ള അനു​ഗ്രഹം കൈവന്നു, വെറും ഒരു ആത്മപു​ത്രനെ അല്ല, മറിച്ച്‌ സ്വർഗ​ത്തി​ലെ മിശി​ഹൈക രാജ്യത്തെ. അതിന്റെ ജനനം 1914-ൽ ആയിരു​ന്നു. (വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 177-86 പേജുകൾ കാണുക.) തനിക്ക്‌ ഭൂമി​യി​ലുള്ള അഭിഷിക്ത പുത്ര​ന്മാ​രെ ദൈവം അനു​ഗ്ര​ഹി​ച്ച​തി​ന്റെ ഫലമായി അവൾ അനുഭ​വി​ക്കുന്ന സന്തോ​ഷ​ത്തിൽ യെശയ്യാ​വി​ന്റെ പ്രവചനം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[218, 219 പേജു​ക​ളി​ലെ ചതുരം]

അബ്രാഹാമിന്റെ കുടും​ബം—ഒരു പ്രാവ​ച​നിക ചിത്രം

അബ്രാ​ഹാ​മി​ന്റെ കുടും​ബം ഒരു പ്രതീ​കാ​ത്മക നാടക​മാ​ണെ​ന്നും തന്റെ സ്വർഗീയ സംഘട​ന​യു​മാ​യും മോ​ശൈക ന്യായ​പ്ര​മാണ ഉടമ്പടി​യിൻ കീഴി​ലുള്ള ഭൗമിക ഇസ്രാ​യേൽ ജനതയു​മാ​യും യഹോ​വ​യ്‌ക്കുള്ള ബന്ധത്തിന്റെ ഒരു പ്രാവ​ച​നിക ചിത്രം അതു നൽകു​ന്നു​വെ​ന്നും പൗലൊസ്‌ അപ്പൊ​സ്‌തലൻ വിശദീ​ക​രി​ച്ചു.—ഗലാത്യർ 4:22-31.

അബ്രാ​ഹാം, കുടും​ബ​നാ​ഥൻ എന്ന നിലയിൽ, യഹോ​വയെ പ്രതി​നി​ധാ​നം ചെയ്യുന്നു. തന്റെ പ്രിയ പുത്ര​നായ യിസ്‌ഹാ​ക്കി​നെ ബലി ചെയ്യാ​നുള്ള അബ്രാ​ഹാ​മി​ന്റെ മനസ്സൊ​രു​ക്കം മനുഷ്യ​വർഗ​ത്തി​ന്റെ പാപങ്ങൾക്കാ​യി തന്റെ പ്രിയ​പു​ത്രനെ ബലി കൊടു​ക്കാ​നുള്ള യഹോ​വ​യു​ടെ മനസ്സൊ​രു​ക്കത്തെ കാണി​ക്കു​ന്നു.—ഉല്‌പത്തി 22:1-13; യോഹ​ന്നാൻ 3:16.

സാറാ, ദൈവ​ത്തി​ന്റെ സ്വർഗീയ “ഭാര്യ”യെ, ആത്മജീ​വി​കൾ അടങ്ങിയ സംഘട​നയെ ചിത്രീ​ക​രി​ക്കു​ന്നു. ആ സ്വർഗീയ സംഘട​നയെ യഹോ​വ​യു​ടെ ഭാര്യ​യാ​യി യഥോ​ചി​തം വർണി​ച്ചി​രി​ക്കു​ന്നു. കാരണം, ആത്യന്തി​ക​മാ​യി അവൾ യഹോ​വ​യു​മാ​യി അടുത്തു ബന്ധപ്പെ​ട്ടും അവന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴ്‌പെ​ട്ടു​മി​രി​ക്കു​ന്നു, കൂടാതെ അവൾ അവന്റെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി പൂർണ യോജി​പ്പിൽ ആയിരി​ക്കു​ക​യും ചെയ്യുന്നു. അവളെ ‘മീതെ​യു​ളള യെരൂ​ശ​ലേം’ എന്നും വിളി​ച്ചി​രി​ക്കു​ന്നു. (ഗലാത്യർ 4:26) ഉല്‌പത്തി 3:15-ൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്ന​തും വെളി​പ്പാ​ടു 12:1-6, 13-17-ലും ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തും ഇതേ “സ്‌ത്രീ”യെ തന്നെയാണ്‌.

യിസ്‌ഹാക്‌ ചിത്രീ​ക​രി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ ആത്മീയ സന്തതി​യെ​യാണ്‌. പ്രമു​ഖ​മാ​യും ഇത്‌ യേശു​ക്രി​സ്‌തു​വാണ്‌. എന്നിരു​ന്നാ​ലും, ആ സന്തതി​യിൽ ക്രിസ്‌തു​വി​ന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രും ഉൾപ്പെ​ടു​ന്നു. ആത്മീയ സന്തതി​ക​ളാ​യി ദത്തെടു​ക്ക​പ്പെട്ട അവർ ക്രിസ്‌തു​വി​നോ​ടൊ​പ്പം കൂട്ടവ​കാ​ശി​കൾ ആയിത്തീ​രു​ന്നു.—റോമർ 8:15-17; ഗലാത്യർ 3:16, 29.

ഹാഗാർ, അബ്രാ​ഹാ​മി​ന്റെ രണ്ടാം ഭാര്യ അഥവാ വെപ്പാട്ടി ആയിരു​ന്നു. അവൾ ഒരു അടിമ​യും ആയിരു​ന്നു. അവൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അധീന​ത​യിൽ ആയിരുന്ന ഭൗമിക യെരൂ​ശ​ലേ​മി​നെ യഥോ​ചി​തം ചിത്രീ​ക​രി​ക്കു​ന്നു. ആ ന്യായ​പ്ര​മാ​ണ​ത്തി​നു കീഴി​ലു​ള്ള​വ​രെ​ല്ലാം പാപത്തി​നും മരണത്തി​നും അടിമ​ക​ളാ​ണെന്ന്‌ വെളി​പ്പെ​ടു​ത്ത​പ്പെട്ടു. ‘ഹാഗാർ എന്നത്‌ അറബി​ദേ​ശത്തു സീനാ​യ്‌മ​ലയെ കുറി​ക്കു​ന്നു’ എന്ന്‌ പൗലൊസ്‌ പറഞ്ഞു. കാരണം, ന്യായ​പ്ര​മാണ ഉടമ്പടി സ്ഥാപി​ക്ക​പ്പെ​ട്ടത്‌ അവി​ടെ​യാണ്‌.—ഗലാത്യർ 3:10, 13; 4:25.

യിശ്‌മാ​യേൽ, ഹാഗാ​റി​ന്റെ പുത്രൻ. അവൻ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിന്‌ അടിമ​ക​ളാ​യി​രുന്ന ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദരെ, യെരൂ​ശ​ലേ​മി​ന്റെ പുത്ര​ന്മാ​രെ ചിത്രീ​ക​രി​ക്കു​ന്നു. യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നെ പീഡി​പ്പി​ച്ചതു പോലെ ആ യഹൂദർ പ്രതീ​കാ​ത്മക സാറാ​യു​ടെ, ‘മീതെ​യു​ളള യെരൂ​ശ​ലേമി’ന്റെ അഭിഷിക്ത പുത്ര​ന്മാ​രായ ക്രിസ്‌ത്യാ​നി​കളെ പീഡി​പ്പി​ച്ചു. ഹാഗാ​റി​നെ​യും യിശ്‌മാ​യേ​ലി​നെ​യും അബ്രാ​ഹാം ദൂരേക്കു പറഞ്ഞയ​ച്ചതു പോലെ, യഹോവ ഒടുവിൽ യെരൂ​ശ​ലേ​മി​നെ​യും അവളുടെ മത്സരി​ക​ളായ പുത്ര​ന്മാ​രെ​യും തള്ളിക്ക​ളഞ്ഞു.—മത്തായി 23:37, 38.

[220-ാം പേജിലെ ചിത്രം]

തന്റെ സ്‌നാ​പ​ന​ശേഷം യേശു പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​നാ​യി, അങ്ങനെ യെശയ്യാ​വു 54:1-ന്‌ ഏറ്റവും പ്രമുഖ നിവൃത്തി ഉണ്ടാകാൻ തുടങ്ങി

[225-ാം പേജിലെ ചിത്രം]

യഹോവ ‘ക്ഷണനേ​ര​ത്തേക്ക്‌’ യെരൂ​ശ​ലേ​മിൽനിന്ന്‌ തന്റെ മുഖം മറച്ചു

[231-ാം പേജിലെ ചിത്രങ്ങൾ]

തങ്ങളുടെ സ്രഷ്ടാ​വി​നെ​തി​രെ ജയം നേടാൻ യോദ്ധാ​വി​നും കൊല്ല​നും സാധി​ക്കു​മോ?