വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം

മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം

അധ്യായം ഇരുപ​ത്തി​യെട്ട്‌

മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം

യെശയ്യാവു 66:15-24

1, 2. വെളിച്ചം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഇന്നു ഭൂമിയെ ഏതു തരത്തി​ലുള്ള അന്ധകാരം മൂടി​യി​രി​ക്കു​ന്നു?

 യഹോവ വെളി​ച്ച​ത്തി​ന്റെ ഉറവാണ്‌. ‘സൂര്യനെ പകൽ വെളി​ച്ച​ത്തി​ന്നും ചന്ദ്ര​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും വ്യവസ്ഥയെ രാത്രി വെളി​ച്ച​ത്തി​ന്നും നിയമി​ച്ചി​രി​ക്കു​ന്ന​വ​നാണ്‌’ അവൻ. (യിരെ​മ്യാ​വു 31:35) ഇതു മാത്രം കണക്കി​ലെ​ടു​ത്താൽ മതി അവൻ ജീവന്റെ ഉറവാ​ണെന്നു സമ്മതി​ക്കാൻ. കാരണം, വെളിച്ചം ജീവനെ അർഥമാ​ക്കു​ന്നു. ഭൂമിക്കു നിരന്ത​ര​മാ​യി സൂര്യ​നിൽ നിന്നുള്ള ചൂടും വെളി​ച്ച​വും കിട്ടു​ന്നി​ല്ലെ​ങ്കിൽ, നമുക്ക്‌ അറിയാ​വു​ന്നതു പോലെ ജീവനു നിലനിൽക്കാ​നാ​വില്ല. നമ്മുടെ ഗ്രഹം വാസ​യോ​ഗ്യ​മ​ല്ലാത്ത ഒന്നാകു​മാ​യി​രു​ന്നു.

2 അതിനാൽ, നമ്മുടെ നാളിനെ സംബന്ധിച്ച്‌ യഹോവ വെളി​ച്ച​ത്തി​ന്റെയല്ല, മറിച്ച്‌ അന്ധകാ​ര​ത്തി​ന്റെ ഒരു കാലം എന്നു മുൻകൂ​ട്ടി പറഞ്ഞത്‌ വളരെ ആശങ്കാ​ജ​ന​ക​മായ ഒരു സംഗതി​യാണ്‌. നിശ്വ​സ്‌ത​ത​യിൽ യെശയ്യാവ്‌ ഇങ്ങനെ എഴുതി: “അന്ധകാരം ഭൂമി​യെ​യും കൂരി​രു​ട്ടു ജാതി​ക​ളെ​യും മൂടുന്നു.” (യെശയ്യാ​വു 60:2) തീർച്ച​യാ​യും ഈ വാക്കുകൾ അക്ഷരീയ അന്ധകാ​ര​ത്തെയല്ല, പിന്നെ​യോ ആത്മീയ അന്ധകാ​ര​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. എന്നാൽ അവയുടെ ഗൗരവത്തെ നിസ്സാ​ര​മാ​യി കാണരുത്‌. സൂര്യന്റെ വെളിച്ചം ലഭിക്കാ​ത്ത​വ​രു​ടെ കാര്യ​ത്തിൽ എന്നതു പോലെ, ആത്മീയ വെളിച്ചം ഇല്ലാത്ത​വർക്കും ജീവിതം അസാധ്യ​മാ​യി​ത്തീ​രു​ന്നു.

3. ഈ അന്ധകാര നാളു​ക​ളിൽ, നമുക്കു വെളി​ച്ച​ത്തി​നാ​യി എവി​ടേക്കു തിരി​യാൻ കഴിയും?

3 ഈ അന്ധകാര നാളു​ക​ളിൽ, യഹോവ ലഭ്യമാ​ക്കി​യി​രി​ക്കുന്ന ആത്മീയ വെളിച്ചം നമുക്ക്‌ അവഗണി​ക്കാ​നാ​വില്ല. സാധ്യ​മാ​കു​ന്ന​പക്ഷം, ദിവസ​വും ബൈബിൾ വായി​ച്ചു​കൊണ്ട്‌ നമ്മുടെ പാതയെ പ്രകാ​ശ​പൂ​രി​ത​മാ​ക്കാൻ നാം ദൈവ​വ​ച​ന​ത്തി​ലേക്കു നോ​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. (സങ്കീർത്തനം 119:105) ‘നീതി​മാ​ന്മാ​രു​ടെ പാതയിൽ’ നില​കൊ​ള്ളു​ന്ന​തി​നു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള അവസരങ്ങൾ ക്രിസ്‌തീയ യോഗങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 4:18; എബ്രായർ 10:23-25) “യഹോ​വ​യു​ടെ” വലിയ “കോപ​ദി​വ​സ​ത്തിൽ” പാരമ്യ​ത്തി​ലെ​ത്താൻ പോകുന്ന ഈ ‘അന്ത്യകാ​ലത്തെ’ അന്ധകാ​ര​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ ഉത്സാഹ​ത്തോ​ടെ​യുള്ള ബൈബിൾ പഠനത്തിൽ നിന്നും ആരോ​ഗ്യാ​വ​ഹ​മായ ക്രിസ്‌തീയ സഹവാ​സ​ത്തിൽനി​ന്നും ലഭിക്കുന്ന ശക്തി നമ്മെ സഹായി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1; സെഫന്യാ​വു 2:3) യഹോ​വ​യു​ടെ ദിവസം അതിശീ​ഘ്രം അടുത്തു​വ​രി​ക​യാണ്‌! പുരാതന യെരൂ​ശ​ലേ​മി​ലെ നിവാ​സി​ക​ളു​ടെ​മേൽ സമാന​മായ ഒരു ദിവസം വന്നതു പോലെ അതു വരു​മെ​ന്നു​ള്ളതു തീർച്ച​യാണ്‌.

‘യഹോവ വ്യവഹാ​രം നടത്തുന്നു’

4, 5. (എ) ഏതു വിധത്തിൽ യഹോവ യെരൂ​ശ​ലേ​മി​നെ​തി​രെ വരുന്നു? (ബി) പൊ.യു.മു. 607-ലെ യെരൂ​ശ​ലേ​മി​ന്റെ നാശത്തെ താരത​മ്യേന കുറച്ചു പേർ മാത്രമേ അതിജീ​വി​ക്കു​ക​യു​ള്ളൂ എന്ന്‌ നാം നിഗമനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌? (അടിക്കു​റിപ്പ്‌ കാണുക.)

4 യെശയ്യാ പ്രവച​ന​ത്തി​ന്റെ അവസാന വാക്യ​ങ്ങ​ളിൽ, തന്റെ ക്രോ​ധ​ദി​വ​സ​ത്തി​ലേക്കു നയിക്കുന്ന സംഭവ​ങ്ങളെ യഹോവ വളരെ സ്‌പഷ്ട​മാ​യി വർണി​ക്കു​ന്നു. നാം ഇപ്രകാ​രം വായി​ക്കു​ന്നു: “യഹോവ തന്റെ കോപത്തെ ഉഗ്രത​യോ​ടും തന്റെ ശാസനയെ അഗ്നിജ്വാ​ല​ക​ളോ​ടും കൂടെ നടത്തു​വാൻ അഗ്നിയിൽ പ്രത്യ​ക്ഷ​മാ​കും; അവന്റെ രഥങ്ങൾ ചുഴലി​ക്കാ​റ​റു​പോ​ലെ​യി​രി​ക്കും. യഹോവ അഗ്നി​കൊ​ണ്ടും വാൾകൊ​ണ്ടും സകലജ​ഡ​ത്തോ​ടും വ്യവഹ​രി​ക്കും; യഹോ​വ​യു​ടെ നിഹത​ന്മാർ വളരെ ആയിരി​ക്കും.”—യെശയ്യാ​വു 66:15, 16.

5 ഈ വാക്കുകൾ തങ്ങളുടെ സാഹച​ര്യ​ത്തി​ന്റെ ഗൗരവം മനസ്സി​ലാ​ക്കാൻ യെശയ്യാ​വി​ന്റെ സമകാ​ലി​കരെ സഹായി​ക്കേ​ണ്ട​താണ്‌. യഹോവ ഉപയോ​ഗി​ക്കുന്ന വധനിർവാ​ഹ​ക​രാ​യി ബാബി​ലോ​ണി​യർ യെരൂ​ശ​ലേ​മി​നെ​തി​രെ പുറ​പ്പെ​ട്ടു​വ​രുന്ന സമയം സമീപി​ക്കു​ക​യാണ്‌. അപ്പോൾ അവരുടെ രഥങ്ങൾ ചുഴലി​ക്കാ​റ്റു പോലെ പൊടി​പ​ടലം ഇളക്കി​വി​ടും. അത്‌ എത്ര ഭയജന​ക​മായ കാഴ്‌ച ആയിരി​ക്കും! അവിശ്വസ്‌ത യഹൂദാ “ജഡ”ത്തിനെ​തി​രെ തന്റെ ഉഗ്രമായ ന്യായ​വി​ധി​കൾ നടത്തു​ന്ന​തിന്‌ യഹോവ ആക്രമ​ണ​കാ​രി​കളെ ഉപയോ​ഗി​ക്കും. അത്‌ തന്റെ ജനത്തി​നെ​തി​രെ യഹോ​വ​തന്നെ പോരാ​ടു​ന്നതു പോലെ ആയിരി​ക്കും. അവൻ ‘കോപം’ പ്രകടി​പ്പി​ക്കു​ക​തന്നെ ചെയ്യും. അനേകം യഹൂദ​ന്മാർ ‘യഹോ​വ​യു​ടെ നിഹത​ന്മാ​രാ​യി’ വീഴും. പൊ.യു.മു. 607-ൽ, ഈ പ്രവച​ന​ത്തി​നു നിവൃ​ത്തി​യു​ണ്ടാ​യി. a

6. യഹൂദ​യിൽ ഹീനമായ എന്തു പ്രവൃ​ത്തി​കൾ നടക്കുന്നു?

6 യഹോവ തന്റെ ജനത്തി​നെ​തി​രെ ‘വ്യവഹ​രി​ക്കു​ന്നത്‌’ ന്യായ​മാ​ണോ? തീർച്ച​യാ​യും! യെശയ്യാ പുസ്‌ത​കത്തെ കുറി​ച്ചുള്ള നമ്മുടെ ചർച്ചയിൽ, യഹോ​വ​യ്‌ക്കു സമർപ്പി​ക്ക​പ്പെ​ട്ടവർ ആയിരു​ന്നി​ട്ടും യഹൂദ​ന്മാർ വ്യാജാ​രാ​ധ​ന​യിൽ ആമഗ്നരാ​യി എന്നും യഹോവ അവരുടെ പ്രവൃ​ത്തി​കൾ കാണാ​തി​രു​ന്നില്ല എന്നും നാം പലതവണ കണ്ടു. പ്രവച​ന​ത്തി​ന്റെ തുടർന്നുള്ള വാക്കു​ക​ളിൽ നാം അതുതന്നെ വീണ്ടും കാണുന്നു: “തോട്ട​ങ്ങ​ളിൽ പോ​കേ​ണ്ട​തി​ന്നു നടുവനെ അനുക​രി​ച്ചു തങ്ങളെ തന്നേ ശുദ്ധീ​ക​രി​ച്ചു വെടി​പ്പാ​ക്കു​ക​യും പന്നിയി​റച്ചി, അറെപ്പു, ചുണ്ടെലി എന്നിവയെ തിന്നു​ക​യും ചെയ്യു​ന്നവർ ഒരു​പോ​ലെ മുടി​ഞ്ഞു​പോ​കും എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.” (യെശയ്യാ​വു 66:17) ശുദ്ധാ​രാ​ധ​ന​യ്‌ക്കുള്ള ഒരുക്ക​ത്തി​ന്റെ ഭാഗമാ​യാ​ണോ ആ യഹൂദ​ന്മാർ ‘തങ്ങളെ തന്നേ ശുദ്ധീ​ക​രി​ച്ചു വെടി​പ്പാ​ക്കു​ന്നത്‌’? തീർച്ച​യാ​യും അല്ല. പ്രത്യേ​ക​മാ​യി ഉണ്ടാക്കിയ തോട്ട​ങ്ങ​ളി​ലെ പുറജാ​തീയ ചടങ്ങു​ക​ളിൽ ഏർപ്പെ​ടു​ന്ന​തി​നാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌. തുടർന്ന്‌, മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൽ അശുദ്ധ​മെന്നു വിവരി​ച്ചി​രി​ക്കുന്ന പന്നിയു​ടെ​യും മറ്റു ജീവി​ക​ളു​ടെ​യും മാംസം അവർ ആർത്തി​യോ​ടെ ഭക്ഷിക്കു​ന്നു.—ലേവ്യ​പു​സ്‌തകം 11:7, 21-23.

7. ക്രൈ​സ്‌ത​വ​ലോ​കം വിഗ്ര​ഹാ​രാ​ധി​യായ യഹൂദയെ പോലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

7 ഏകസത്യ ദൈവ​വു​മാ​യി ഉടമ്പടി ബന്ധമുള്ള ഒരു ജനതയെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര അറപ്പു​ള​വാ​ക്കുന്ന ഒരു സ്ഥിതി​വി​ശേഷം! എന്നാൽ ഇതു ചിന്തി​ക്കുക: ക്രൈ​സ്‌ത​വ​ലോക മതങ്ങളു​ടെ ഇടയിൽ അറപ്പു​ള​വാ​ക്കുന്ന സമാന​മായ ഒരു സാഹച​ര്യം നിലനിൽക്കു​ന്നു. അവർ ദൈവത്തെ സേവി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും, അവരുടെ നേതാ​ക്ക​ന്മാ​രിൽ പലരും ഭക്തിയു​ടെ ഒരു ബാഹ്യ​രൂ​പം മാത്രം ഉള്ളവരാണ്‌. പുറജാ​തീയ പഠിപ്പി​ക്ക​ലു​ക​ളാ​ലും പാരമ്പ​ര്യ​ങ്ങ​ളാ​ലും അവർ തങ്ങളെ​ത്തന്നെ മലിന​മാ​ക്കു​ക​യും അങ്ങനെ തങ്ങൾ ആത്മീയ അന്ധകാ​ര​ത്തി​ലാ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യുന്നു. ആ അന്ധകാരം എത്ര വലുതാണ്‌!—മത്തായി 6:23; യോഹ​ന്നാൻ 3:19, 20.

‘അവർ എന്റെ മഹത്വം കാണും’

8. (എ) യഹൂദ​യ്‌ക്കും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും എന്തു സംഭവി​ക്കും? (ബി) ഏത്‌ അർഥത്തിൽ ജാതികൾ ‘യഹോ​വ​യു​ടെ മഹത്വം’ കാണും?

8 ക്രൈസ്‌തവലോകത്തിന്റെ അപലപ​നീയ പ്രവർത്ത​ന​ങ്ങ​ളെ​യും വ്യാജ​പ​ഠി​പ്പി​ക്ക​ലു​ക​ളെ​യും യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യഹോ​വ​യു​ടെ പിൻവ​രുന്ന വാക്കുകൾ വായിച്ച്‌ നിങ്ങൾതന്നെ ഒരു നിഗമ​ന​ത്തി​ലെ​ത്തുക: “ഞാൻ അവരുടെ പ്രവൃ​ത്തി​ക​ളെ​യും വിചാ​ര​ങ്ങ​ളെ​യും അറിയു​ന്നു; ഞാൻ സകലജാ​തി​ക​ളെ​യും ഭാഷക്കാ​രെ​യും ഒന്നിച്ചു​കൂ​ട്ടു​ന്ന​കാ​ലം വരുന്നു; അവർ വന്നു എന്റെ മഹത്വം കാണും.” (യെശയ്യാ​വു 66:18) തന്റെ ദാസന്മാർ എന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ പ്രവൃ​ത്തി​കൾ മാത്രമല്ല, അവരുടെ വിചാ​ര​ങ്ങ​ളും യഹോ​വ​യ്‌ക്ക്‌ അറിയാം, അവയെ ന്യായം വിധി​ക്കാൻ അവൻ ഒരുങ്ങി​യു​മി​രി​ക്കു​ന്നു. യഹോ​വ​യിൽ വിശ്വ​സി​ക്കു​ന്നു എന്ന്‌ യഹൂദ അവകാ​ശ​പ്പെ​ടു​ന്നു, എന്നാൽ അവളുടെ വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ പ്രവൃ​ത്തി​ക​ളും വ്യാജ​മായ ആചാര​ങ്ങ​ളും ആ അവകാ​ശ​വാ​ദം തെറ്റാ​ണെന്നു തെളി​യി​ക്കു​ന്നു. അവളുടെ പൗരന്മാർ പുറജാ​തീയ ആചാര​പ്ര​കാ​രം തങ്ങളെ​ത്തന്നെ ‘ശുദ്ധീ​ക​രി​ക്കു​ന്നത്‌’ വ്യർഥ​മാണ്‌. ആ ജനത നശിപ്പി​ക്ക​പ്പെ​ടും, അതു സംഭവി​ക്കു​ന്നത്‌ വിഗ്ര​ഹാ​രാ​ധ​ക​രായ അവളുടെ അയൽക്കാ​രു​ടെ കണ്മുന്നിൽ ആയിരി​ക്കും. അവർ ‘യഹോ​വ​യു​ടെ മഹത്വം’ കാണും, അതായത്‌ അവർ സംഭവ​ങ്ങൾക്കു സാക്ഷ്യം വഹിക്കു​ക​യും യഹോ​വ​യു​ടെ വചനം സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു എന്നു സമ്മതി​ക്കാൻ നിർബ​ന്ധി​തർ ആയിത്തീ​രു​ക​യും ചെയ്യും. ഇതെല്ലാം ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ എങ്ങനെ​യാ​ണു ബാധക​മാ​കു​ന്നത്‌? അവൾക്ക്‌ അന്ത്യം സംഭവി​ക്കു​മ്പോൾ, യഹോ​വ​യു​ടെ വചനം നിവൃ​ത്തി​യേ​റവേ അവളുടെ മുൻ സുഹൃ​ത്തു​ക്ക​ളും വാണിജ്യ പങ്കാളി​ക​ളും നിസ്സഹാ​യ​രാ​യി നോക്കി​നിൽക്കാൻ നിർബ​ന്ധി​തർ ആകും.—യിരെ​മ്യാ​വു 25:31-33; വെളി​പ്പാ​ടു 17:15-18; 18:9-19.

9. യഹോവ എന്തു സുവാർത്ത പ്രഖ്യാ​പി​ക്കു​ന്നു?

9 യഹോവയ്‌ക്കു മേലാൽ ഭൂമി​യിൽ സാക്ഷികൾ ഇല്ലാതി​രി​ക്കും എന്നാണോ പൊ.യു.മു. 607-ലെ യെരൂ​ശ​ലേ​മി​ന്റെ നാശം അർഥമാ​ക്കു​ന്നത്‌? അല്ല. ദാനീ​യേ​ലി​നെ​യും അവന്റെ മൂന്ന്‌ സുഹൃ​ത്തു​ക്ക​ളെ​യും പോലുള്ള മികച്ച നിർമ​ല​താ​പാ​ലകർ ബാബി​ലോ​ണി​ലെ പ്രവാ​സ​കാ​ല​ത്തും യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരും. (ദാനീ​യേൽ 1:6, 7) യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​ക​ളു​ടെ ഒരു അണി വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ക​യും 70 വർഷത്തി​ന്റെ ഒടുവിൽ അവർ ബാബി​ലോൺ വിട്ട്‌ യഹൂദ​യി​ലേക്കു മടങ്ങു​ക​യും അവിടെ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യും. അടുത്ത​താ​യി യഹോവ പറയു​ന്നത്‌ അതാണ്‌: “ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തി​ക്കും; അവരിൽ രക്ഷിക്ക​പ്പെട്ട ചിലരെ ഞാൻ തർശീശ്‌, വില്ലാ​ളി​ക​ളായ പൂൽ, ലൂദ്‌ എന്നിവ​രും തൂബാൽ യാവാൻ എന്നിവ​രു​മായ ജാതി​ക​ളു​ടെ അടുക്ക​ലേ​ക്കും എന്റെ കീർത്തി കേൾക്ക​യും എന്റെ മഹത്വം കാണു​ക​യും ചെയ്‌തി​ട്ടി​ല്ലാത്ത ദൂരദ്വീ​പു​ക​ളി​ലേ​ക്കും അയക്കും; അവർ എന്റെ മഹത്വത്തെ ജാതി​ക​ളു​ടെ ഇടയിൽ പ്രസ്‌താ​വി​ക്കും.”—യെശയ്യാ​വു 66:19.

10. (എ) ബാബി​ലോ​ണിൽനിന്ന്‌ വിടു​വി​ക്ക​പ്പെട്ട വിശ്വസ്‌ത യഹൂദ​ന്മാർ ഏത്‌ അർഥത്തിൽ ഒരു അടയാ​ള​മാ​യി വർത്തി​ക്കു​ന്നു? (ബി) ഇന്ന്‌ അടയാ​ള​മാ​യി വർത്തി​ക്കു​ന്നത്‌ ആർ?

10 പൊ.യു.മു. 537-ൽ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങുന്ന വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷ​ന്മാർ ആശ്ചര്യ​പ്പെ​ടു​ത്തുന്ന ഒരു അടയാ​ള​മാ​യി, യഹോവ തന്റെ ജനത്തെ വിടു​വി​ച്ചി​രി​ക്കു​ന്നു എന്നതിന്റെ തെളി​വാ​യി വർത്തി​ക്കും. യഹോ​വ​യു​ടെ ആലയത്തിൽ ശുദ്ധാ​രാ​ധന നടത്തു​ന്ന​തിന്‌ പ്രവാ​സി​ക​ളായ യഹൂദ​ന്മാർ ഒരിക്കൽ വിടു​വി​ക്ക​പ്പെ​ടു​മെന്ന്‌ ആർക്കു സ്വപ്‌നം കാണാൻ കഴിയു​മാ​യി​രു​ന്നു? സമാന​മാ​യി ഒന്നാം നൂറ്റാ​ണ്ടിൽ, “അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും” ആയി വർത്തി​ച്ചത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളാണ്‌, യഹോ​വയെ സേവി​ക്കാൻ ആഗ്രഹിച്ച സൗമ്യ​ത​യു​ള്ളവർ അവരുടെ അടുക്കൽ കൂടി​വന്നു. (യെശയ്യാ​വു 8:18; എബ്രായർ 2:13) ഇന്ന്‌ തങ്ങളുടെ പുനഃ​സ്ഥാ​പിത ദേശത്ത്‌ അഭിവൃ​ദ്ധി പ്രാപി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഭൂമി​യിൽ ഒരു വിസ്‌മ​യ​മാ​യി വർത്തി​ക്കു​ന്നു. (യെശയ്യാ​വു 66:8) യഹോ​വ​യു​ടെ ആത്മാവി​ന്റെ ശക്തിയു​ടെ ജീവി​ക്കുന്ന തെളി​വായ അവർ യഹോ​വയെ സേവി​ക്കാൻ ഹൃദയം​ഗ​മ​മാ​യി ആഗ്രഹി​ക്കുന്ന സൗമ്യരെ ആകർഷി​ക്കു​ന്നു.

11. (എ) പുനഃ​സ്ഥി​തീ​കരണ ശേഷം, ജാതി​ക​ളിൽ പെട്ടവർ യഹോ​വയെ കുറിച്ച്‌ പഠിക്കാൻ ഇടയാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ? (ബി) സെഖര്യാ​വു 8:23-ന്റെ ആദ്യ നിവൃത്തി ഏതായി​രു​ന്നു?

11 പൊ.യു.മു. 537-ലെ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​നു ശേഷം, യഹോ​വയെ കുറിച്ചു കേട്ടി​ട്ടി​ല്ലാത്ത ജാതി​ക​ളി​ലെ ആളുകൾ അവനെ അറിയാൻ ഇടയാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ? ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തി​ന്റെ ഒടുവിൽ വിശ്വസ്‌ത യഹൂദ​ന്മാർ എല്ലാവ​രും യെരൂ​ശ​ലേ​മി​ലേക്കു മടങ്ങു​ക​യില്ല. ദാനീ​യേ​ലി​നെ പോലുള്ള ചിലർ ബാബി​ലോ​ണിൽത്തന്നെ നില​കൊ​ള്ളും. മറ്റുള്ളവർ ഭൂമി​യു​ടെ നാലു കോണു​ക​ളി​ലേ​ക്കും ചിതറി​ക്ക​പ്പെ​ടും. പൊ.യു.മു. അഞ്ചാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും പേർഷ്യൻ സാമ്രാ​ജ്യ​ത്തിൽ ഉടനീളം യഹൂദ​ന്മാർ ഉണ്ടായി​രു​ന്നു. (എസ്ഥേർ 1:1; 3:8) അവരിൽ ചിലർ പുറജാ​തി​ക​ളായ അയൽക്കാ​രോട്‌ യഹോ​വയെ കുറിച്ചു പറഞ്ഞു എന്നതിനു സംശയ​മില്ല, കാരണം ആ ജനതക​ളിൽനി​ന്നുള്ള നിരവധി പേർ യഹൂദ മതാനു​സാ​രി​കൾ ആയിത്തീർന്നു. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീയ ശിഷ്യ​നായ ഫിലി​പ്പൊസ്‌ സുവാർത്ത അറിയിച്ച എത്യോ​പ്യൻ ഷണ്ഡന്റെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ സത്യമാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 8:26-40) സെഖര്യാ പ്രവാ​ച​കന്റെ വാക്കു​ക​ളു​ടെ ആദ്യ നിവൃത്തി എന്ന നിലയി​ലാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ആ കാലത്തു ജാതി​ക​ളു​ടെ സകലഭാ​ഷ​ക​ളി​ലും​നി​ന്നു പത്തുപേർ ഒരു യെഹൂ​ദന്റെ വസ്‌ത്രാ​ഗ്രം പിടിച്ചു: ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു എന്നു പറയും.” (സെഖര്യാ​വു 8:23) തീർച്ച​യാ​യും, യഹോവ ജനതക​ളി​ലേക്ക്‌ വെളിച്ചം എത്തിച്ചു!—സങ്കീർത്തനം 43:3.

‘യഹോ​വ​യ്‌ക്ക്‌ വഴിപാട്‌’ കൊണ്ടു​വ​രു​ന്നു

12, 13. പൊ.യു.മു. 537-ന്റെ തുടക്ക​ത്തിൽ ഏത്‌ അർഥത്തി​ലാണ്‌ ‘സഹോ​ദ​ര​ന്മാർ’ യെരൂ​ശ​ലേ​മി​ലേക്കു വരുത്ത​പ്പെ​ട്ടത്‌?

12 യെരൂശലേം പുനർനിർമി​ച്ചു​ക​ഴി​യു​മ്പോൾ, തങ്ങളുടെ സ്വദേ​ശ​ത്തു​നി​ന്നു വിദൂ​ര​ത്തേക്കു ചിതറി​പ്പോയ യഹൂദ​ന്മാർ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട പൗരോ​ഹി​ത്യ​ത്തോ​ടു കൂടിയ നഗരത്തെ തങ്ങളുടെ ശുദ്ധാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി വീക്ഷി​ക്കും. അവിടത്തെ വാർഷിക ഉത്സവങ്ങ​ളിൽ പങ്കെടു​ക്കാൻ അവരിൽ അനേക​രും ദീർഘ​ദൂ​രം യാത്ര ചെയ്‌ത്‌ അവി​ടെ​യെ​ത്തും. നിശ്വ​സ്‌ത​ത​യിൽ യെശയ്യാവ്‌ എഴുതു​ന്നു: “യിസ്രാ​യേൽമക്കൾ യഹോ​വ​യു​ടെ ആലയത്തി​ലേക്കു വെടി​പ്പുള്ള പാത്ര​ങ്ങ​ളിൽ വഴിപാ​ടു കൊണ്ടു​വ​രു​ന്ന​തു​പോ​ലെ അവർ സകലജാ​തി​ക​ളു​ടെ​യും ഇടയിൽനി​ന്നു നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രെ ഒക്കെയും കുതി​ര​പ്പു​റ​ത്തും രഥങ്ങളി​ലും പല്ലക്കു​ക​ളി​ലും കോവർക​ഴു​ത​പ്പു​റ​ത്തും ഒട്ടകപ്പു​റ​ത്തും കയററി എന്റെ വിശു​ദ്ധ​പർവ്വ​ത​മായ യെരൂ​ശ​ലേ​മി​ലേക്കു യഹോ​വെക്കു വഴിപാ​ടാ​യി കൊണ്ടു​വ​രും എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു. അവരിൽനി​ന്നും ചിലരെ ഞാൻ പുരോ​ഹി​ത​ന്മാ​രാ​യും ലേവ്യ​രാ​യും എടുക്കും എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—യെശയ്യാ​വു 66:20, 21.

13 ‘സകലജാ​തി​ക​ളു​ടെ​യും ഇടയിൽനി​ന്നുള്ള ഈ സഹോ​ദ​ര​ന്മാ​രിൽ’ ചിലർ പെന്തെ​ക്കൊ​സ്‌തു നാളിൽ യേശു​വി​ന്റെ ശിഷ്യ​ന്മാ​രു​ടെ​മേൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ട്ട​പ്പോൾ സന്നിഹി​ത​രാ​യി​രു​ന്നു. അതേക്കു​റി​ച്ചുള്ള വിവരണം ഇങ്ങനെ പറയുന്നു: “അന്നു ആകാശ​ത്തിൻകീ​ഴുള്ള സകലജാ​തി​ക​ളിൽനി​ന്നും യെരൂ​ശ​ലേ​മിൽ വന്നുപാർക്കുന്ന യെഹൂ​ദ​ന്മാ​രായ ഭക്തിയുള്ള പുരു​ഷ​ന്മാർ ഉണ്ടായി​രു​ന്നു.” (പ്രവൃ​ത്തി​കൾ 2:5) യഹൂദ ആചാര​പ്ര​കാ​രം ആരാധ​ന​യ്‌ക്കാണ്‌ അവർ യെരൂ​ശ​ലേ​മി​ലേക്കു വന്നത്‌. എന്നാൽ, യേശു​ക്രി​സ്‌തു​വി​നെ കുറി​ച്ചുള്ള സുവാർത്ത കേട്ട​പ്പോൾ പലരും അവനിൽ വിശ്വാ​സം പ്രകട​മാ​ക്കി​ക്കൊണ്ട്‌ സ്‌നാ​പ​ന​മേറ്റു.

14, 15. (എ) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ശേഷം എങ്ങനെ​യാണ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ കൂടുതൽ ആത്മീയ ‘സഹോ​ദ​ര​ന്മാ​രെ’ കൂട്ടി​ച്ചേർത്തത്‌, ഇവർ ‘വെടി​പ്പുള്ള പാത്ര​ങ്ങ​ളി​ലെ വഴിപാട്‌’ ആയി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (ബി) ഏതു വിധത്തി​ലാണ്‌ യഹോവ ‘ചിലരെ പുരോ​ഹി​ത​ന്മാ​രാ​യി’ തിര​ഞ്ഞെ​ടു​ത്തത്‌? (സി) തങ്ങളുടെ ആത്മീയ സഹോ​ദ​ര​ന്മാ​രെ കൂട്ടി​ച്ചേർക്കു​ന്ന​തിൽ ഉൾപ്പെട്ട ചില അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ആരൊ​ക്കെ​യാണ്‌? (ഈ പേജിലെ ചതുരം കാണുക.)

14 ഈ പ്രവച​ന​ത്തിന്‌ ഒരു ആധുനിക നിവൃ​ത്തി​യു​ണ്ടോ? തീർച്ച​യാ​യും. ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌, ദൈവ​രാ​ജ്യം 1914-ൽ സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യെന്ന്‌ യഹോ​വ​യു​ടെ അഭിഷിക്ത ദാസന്മാർ തിരി​ച്ച​റി​ഞ്ഞു. കൂടുതൽ രാജ്യ അവകാ​ശി​കൾ, അല്ലെങ്കിൽ ‘സഹോ​ദ​ര​ന്മാർ’ കൂട്ടി​ച്ചേർക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു ക്രമമായ ബൈബിൾ പഠനത്തിൽനിന്ന്‌ അവർ മനസ്സി​ലാ​ക്കി. അഭിഷിക്ത ശേഷി​പ്പി​ന്റെ ഭാവി അംഗങ്ങളെ തേടി നിർഭ​യ​രായ ശുശ്രൂ​ഷകർ ലഭ്യമായ എല്ലാ സഞ്ചാര​മാർഗ​ങ്ങ​ളും ഉപയോ​ഗിച്ച്‌ ‘ഭൂമി​യു​ടെ അററ​ത്തോ​ളം’ യാത്ര ചെയ്‌തു. അവരെ കണ്ടെത്തി​യ​പ്പോൾ ഈ അഭിഷി​ക്തർ യഹോ​വ​യ്‌ക്ക്‌ വഴിപാ​ടാ​യി അവരെ അർപ്പിച്ചു.—പ്രവൃ​ത്തി​കൾ 1:8.

15 ആദിമ വർഷങ്ങ​ളിൽ കൂട്ടി​ച്ചേർക്ക​പ്പെട്ട അഭിഷി​ക്തർ ബൈബിൾ സത്യത്തെ കുറി​ച്ചുള്ള പരിജ്ഞാ​ന​ത്തി​ലേക്കു വരുന്ന​തി​നു മുമ്പുള്ള തങ്ങളുടെ അതേ അവസ്ഥയിൽ യഹോവ തങ്ങളെ സ്വീക​രി​ക്കു​മെന്നു പ്രതീ​ക്ഷി​ച്ചില്ല. ‘വെടി​പ്പുള്ള പാത്ര​ങ്ങ​ളി​ലെ വഴിപാട്‌’ ആയി അല്ലെങ്കിൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ പ്രസ്‌താ​വി​ച്ചതു പോലെ ‘ക്രിസ്‌തു​വി​നുള്ള നിർമ​ല​ക​ന്യ​ക​യാ​യി’ തങ്ങളെ​ത്തന്നെ സമർപ്പി​ക്കാൻ ആത്മീയ​വും ധാർമി​ക​വു​മായ മാലി​ന്യ​ങ്ങൾ കഴുകി​ക്ക​ളഞ്ഞ്‌ ശുദ്ധരാ​കാ​നുള്ള പടികൾ അവർ സ്വീക​രി​ച്ചു. (2 കൊരി​ന്ത്യർ 11:2) ഉപദേ​ശ​പ​ര​മായ തെറ്റുകൾ വർജി​ക്കു​ന്ന​തി​നു പുറമേ, ലോക​ത്തി​ലെ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ കർശന​മായ നിഷ്‌പക്ഷത പാലി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അവർ പഠി​ക്കേ​ണ്ടി​യി​രു​ന്നു. 1931-ൽ, തന്റെ ദാസന്മാർ ഉചിത​മായ അളവോ​ളം ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ തന്റെ നാമം വഹിക്കാ​നുള്ള പദവി യഹോവ അവർക്കു കരുണാ​പൂർവം നൽകി. (യെശയ്യാ​വു 43:10-12) എന്നാൽ, ഏത്‌ വിധത്തി​ലാണ്‌ യഹോവ ചിലരെ ‘പുരോ​ഹി​ത​ന്മാ​രാ​യി’ എടുത്തത്‌? ഒരു കൂട്ടമെന്ന നിലയിൽ, ഈ അഭിഷി​ക്തർ ദൈവ​ത്തി​നു സ്‌തോ​ത്ര​യാ​ഗങ്ങൾ അർപ്പി​ക്കുന്ന ഒരു “രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ”ത്തിന്റെ​യും “വിശു​ദ്ധ​വംശ”ത്തിന്റെ​യും ഭാഗമാ​യി​ത്തീർന്നു.—1 പത്രൊസ്‌ 2:9; യെശയ്യാ​വു 54:1; എബ്രായർ 13:15.

കൂട്ടി​ച്ചേർപ്പ്‌ തുടരു​ന്നു

16, 17. ഒന്നാം ലോക​യു​ദ്ധ​ത്തി​നു ശേഷം ആരാണ്‌ “നിങ്ങളു​ടെ സന്തതി”?

16 ആ “രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ”ത്തിന്റെ പൂർണ സംഖ്യ 1,44,000 ആണ്‌. കാല​ക്ര​മ​ത്തിൽ അവരുടെ കൂട്ടി​ച്ചേർപ്പ്‌ പൂർത്തി​യാ​യി. (വെളി​പ്പാ​ടു 7:1-8; 14:1) കൂട്ടി​ച്ചേർക്കൽ വേലയു​ടെ അവസാ​ന​മാ​യി​രു​ന്നോ അത്‌? അല്ല. യെശയ്യാ​വി​ന്റെ പ്രവചനം തുടരു​ന്നു: “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശ​വും പുതിയ ഭൂമി​യും എന്റെ മുമ്പാകെ നിലനി​ല്‌ക്കു​ന്ന​തു​പോ​ലെ നിങ്ങളു​ടെ സന്തതി​യും നിങ്ങളു​ടെ പേരും നിലനി​ല്‌ക്കും എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.” (യെശയ്യാ​വു 66:22) ആ വാക്കു​ക​ളു​ടെ ആദ്യ നിവൃ​ത്തി​യിൽ, ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനി​ന്നു മടങ്ങി​വ​രുന്ന യഹൂദ​ന്മാർ കുട്ടി​കളെ വളർത്താൻ തുടങ്ങും. അങ്ങനെ, പുതിയ യഹൂദ ഭരണവ്യ​വ​സ്ഥ​യായ “പുതിയ ആകാശ”ത്തിനു കീഴി​ലുള്ള പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട യഹൂദ ശേഷി​പ്പായ “പുതിയ ഭൂമി” ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ടും. എന്നാൽ, ആ പ്രവച​ന​ത്തി​നു നമ്മുടെ നാളിൽ ഏറ്റവും ശ്രദ്ധേ​യ​മായ ഒരു നിവൃത്തി ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌.

17 ആത്മീയ സഹോ​ദ​ര​ന്മാ​രു​ടെ ജനത ഉത്‌പാ​ദി​പ്പി​ക്കുന്ന “സന്തതി”യാണ്‌ “മഹാപു​രു​ഷാ​രം.” അവർക്കു ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യാണ്‌ ഉള്ളത്‌. “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു” വരുന്ന അവർ “സിംഹാ​സ​ന​ത്തി​ന്നും കുഞ്ഞാ​ടി​ന്നും മുമ്പാകെ” നിൽക്കു​ന്നു. ഇവർ “കുഞ്ഞാ​ടി​ന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളു​പ്പി​ച്ചി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 7:9-14; 22:17) ഇന്ന്‌ “മഹാപു​രു​ഷാ​രം” ആത്മീയ അന്ധകാ​ര​ത്തിൽനിന്ന്‌ യഹോവ നൽകുന്ന വെളി​ച്ച​ത്തി​ലേക്കു തിരി​യു​ക​യാണ്‌. അവർ യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സം അർപ്പി​ക്കു​ക​യും തങ്ങളുടെ അഭിഷിക്ത സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പോലെ, ആത്മീയ​വും ധാർമി​ക​വു​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി നില​കൊ​ള്ളാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു. ഒരു കൂട്ടമെന്ന നിലയിൽ ക്രിസ്‌തു​വി​ന്റെ മാർഗ​നിർദേ​ശ​ത്തി​നു കീഴിൽ സേവി​ക്കുന്ന അവർ എന്നേക്കും “നിലനി​ല്‌ക്കും”!—സങ്കീർത്തനം 37:11, 29.

18. (എ) മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവർ തങ്ങളുടെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രെ പോലെ തങ്ങളുടെ നടത്ത സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) അഭിഷി​ക്ത​രും അവരുടെ സഹകാ​രി​ക​ളും “അമാവാ​സി​തോ​റും ശബ്ബത്തു​തോ​റും” യഹോ​വയെ ആരാധി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

18 ധാർമികവും ആത്മീയ​വു​മാ​യി ശുദ്ധരാ​യി നില​കൊ​ള്ളു​ന്നത്‌ വളരെ പ്രധാ​ന​മാ​യി​രി​ക്കെ, യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ അതിലു​മ​ധി​കം ആവശ്യ​മാ​ണെന്നു ഭൗമിക പ്രത്യാ​ശ​യുള്ള കഠിനാ​ധ്വാ​നി​ക​ളായ ഈ സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ അറിയാം. കൂട്ടി​ച്ചേർക്കൽ വേല ത്വരി​ത​ഗ​തി​യിൽ നടക്കു​ക​യാണ്‌, അതിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. അവരെ കുറിച്ച്‌ വെളി​പ്പാ​ടു പുസ്‌തകം പ്രവചി​ക്കു​ന്നു: “അവർ ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൻമു​മ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധി​ക്കു​ന്നു.” (വെളി​പ്പാ​ടു 7:15) യെശയ്യാ പ്രവച​ന​ത്തി​ലെ അവസാ​ന​ത്തേ​തി​നു മുമ്പുള്ള വാക്യത്തെ ഇതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: “പിന്നെ അമാവാ​സി​തോ​റും ശബ്ബത്തു​തോ​റും സകലജ​ഡ​വും എന്റെ സന്നിധി​യിൽ നമസ്‌ക​രി​പ്പാൻ വരും എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 66:23) അത്‌ ഇന്നു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. “അമാവാ​സി​തോ​റും ശബ്ബത്തു​തോ​റും,” അതായത്‌ മാസം​തോ​റും ഓരോ ആഴ്‌ച​യി​ലും പതിവാ​യി, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും അവരുടെ സഹകാ​രി​ക​ളായ മഹാപു​രു​ഷാ​ര​വും യഹോ​വയെ ആരാധി​ക്കാൻ കൂടി​വ​രു​ക​യാണ്‌. മറ്റു കാര്യ​ങ്ങ​ളോ​ടൊ​പ്പം ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചു​കൊ​ണ്ടും പരസ്യ​ശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടു​കൊ​ണ്ടും അവർ ഇതു ചെയ്യുന്നു. പതിവാ​യി ‘യഹോ​വ​യു​ടെ സന്നിധി​യിൽ നമസ്‌ക​രി​ക്കു​ന്ന​വ​രിൽ’ ഒരാളാ​ണോ നിങ്ങൾ? യഹോ​വ​യു​ടെ ജനം അതിൽ വലിയ സന്തോഷം കണ്ടെത്തു​ന്നു, നിത്യ​ത​യി​ലെ​ങ്ങും “സകലജ​ഡ​വും”—ജീവനുള്ള സകല മനുഷ്യ​രും—യഹോ​വയെ സേവി​ക്കുന്ന കാലത്തി​നാ​യി മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവർ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ അവസാനം

19, 20. ബൈബിൾ കാലങ്ങ​ളിൽ ഗീഹെന്നാ എന്ത്‌ ഉദ്ദേശ്യ​ത്തിന്‌ ഉതകി, അത്‌ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

19 യെശയ്യാ പ്രവച​ന​ത്തി​ന്റെ പഠനത്തിൽ ഒരു വാക്യം കൂടി അവശേ​ഷി​ച്ചി​രി​ക്കു​ന്നു. ആ പുസ്‌തകം പിൻവ​രുന്ന വാക്കു​ക​ളോ​ടെ അവസാ​നി​ക്കു​ന്നു: “അവർ പുറ​പ്പെ​ട്ടു​ചെന്നു, എന്നോടു അതി​ക്രമം ചെയ്‌ത മനുഷ്യ​രു​ടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടു​പോ​ക​യില്ല; അവർ സകലജ​ഡ​ത്തി​ന്നും അറെപ്പാ​യി​രി​ക്കും.” (യെശയ്യാ​വു 66:24) ജീവിതം ലളിത​മാ​ക്കി നിറു​ത്താ​നും രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കാ​നും ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ച​പ്പോൾ യേശു​വിന്‌ ഒരുപക്ഷേ ഈ പ്രവചനം ആയിരി​ക്കാം മനസ്സിൽ ഉണ്ടായി​രു​ന്നത്‌. അവൻ പറഞ്ഞു: “നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തി​യാൽ അതിനെ ചൂന്നു​കളക; ഒററക്ക​ണ്ണ​നാ​യി ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്നതു രണ്ടു കണ്ണുള​ള​വ​നാ​യി അഗ്നിന​ര​ക​ത്തിൽ [“ഗീഹെ​ന്നാ​യിൽ,” NW] വീഴു​ന്ന​തി​നെ​ക്കാൾ നിനക്കു നല്ലു. അവിടെ അവരുടെ പുഴു ചാകു​ന്നില്ല.”—മർക്കൊസ്‌ 9:47, 48; മത്തായി 5:29, 30; 6:33.

20 ഗീഹെന്നാ എന്നു വിളി​ക്ക​പ്പെ​ടുന്ന ഈ സ്ഥലം എന്താണ്‌? നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ യഹൂദ പണ്ഡിത​നായ ഡേവിഡ്‌ കിംച്ചി ഇങ്ങനെ എഴുതി: “അത്‌ യെരൂ​ശ​ലേ​മി​നോ​ടു ചേർന്നുള്ള . . . ഒരു സ്ഥലമാണ്‌. അറപ്പു​ള​വാ​ക്കുന്ന ഒരു സ്ഥലം. ആളുകൾ അവി​ടേക്ക്‌ അശുദ്ധ വസ്‌തു​ക്ക​ളും ശവശരീ​ര​ങ്ങ​ളും വലി​ച്ചെ​റി​യു​ന്നു. അശുദ്ധ വസ്‌തു​ക്ക​ളും ശവങ്ങളു​ടെ അസ്ഥിക​ളും കത്തിക്കു​ന്ന​തിന്‌ അവിടെ എപ്പോ​ഴും തീ ഉണ്ടായി​രു​ന്നു. അതിനാൽ, ദുഷ്ടന്മാർക്ക്‌ ലഭിക്കുന്ന ശിക്ഷയെ പ്രതീ​കാ​ത്മ​ക​മാ​യി ഗിഹി​ന്നോം എന്നു വിളി​ക്കു​ന്നു.” ഈ യഹൂദ പണ്ഡിതൻ സൂചി​പ്പി​ക്കു​ന്നതു പോലെ, അവശി​ഷ്ട​ങ്ങ​ളും മാന്യ​മായ ശവസം​സ്‌കാ​ര​ത്തിന്‌ അർഹര​ല്ലാ​ത്ത​വ​രു​ടെ ശവശരീ​ര​ങ്ങ​ളും തള്ളാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരു സ്ഥലമാ​യി​രു​ന്നു ഗീഹെന്നാ എങ്കിൽ, അത്തരം അവശി​ഷ്ടങ്ങൾ ദഹിപ്പി​ക്കാൻ അനു​യോ​ജ്യ​മായ ഒന്നായി​രു​ന്നു തീ. തീ ദഹിപ്പി​ക്കാ​ത്ത​തി​നെ പുഴുക്കൾ നശിപ്പി​ക്കു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ സകല ശത്രു​ക്കൾക്കും വരാനി​രി​ക്കുന്ന അന്ത്യത്തി​ന്റെ എത്ര ഉചിത​മായ ചിത്രം! b

21. ആരെ സംബന്ധി​ച്ചി​ട​ത്തോ​ളം യെശയ്യാ​വി​ന്റെ പുസ്‌തകം പ്രത്യാ​ശാ​നിർഭ​ര​മായ ഒരു സന്ദേശ​ത്തോ​ടെ അവസാ​നി​ക്കു​ന്നു, എന്തു​കൊണ്ട്‌?

21 ശവങ്ങളെയും തീയെ​യും പുഴു​ക്ക​ളെ​യും കുറിച്ചു പരാമർശി​ച്ചി​രി​ക്കു​ന്ന​തി​നാൽ, യെശയ്യാ​വി​ന്റെ ആവേശ​ജ​ന​ക​മായ പ്രവചനം ഭയാന​ക​മായ ഒരു സന്ദേശ​ത്തോ​ടെ അവസാ​നി​ക്കു​ന്നു എന്നതു സത്യമല്ലേ? ദൈവ​ത്തി​ന്റെ ബദ്ധശ​ത്രു​ക്കൾ നിസ്സം​ശ​യ​മാ​യും അങ്ങനെ ചിന്തി​ക്കും. എന്നാൽ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തരെ സംബന്ധി​ച്ചി​ട​ത്തോ​ളം, ദുഷ്ടന്മാ​രു​ടെ നിത്യ​നാ​ശത്തെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ വിവരണം അത്യന്തം സന്തോ​ഷ​ക​ര​മാണ്‌. തങ്ങളുടെ ശത്രുക്കൾ മേലാൽ വിജയി​ക്കു​ക​യില്ല എന്ന ഉറപ്പ്‌ യഹോ​വ​യു​ടെ ജനത്തിന്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. ദൈവ​ത്തി​ന്റെ ആരാധ​കരെ കഷ്ടപ്പെ​ടു​ത്തു​ക​യും അവന്റെ നാമത്തി​ന്മേൽ നിന്ദ വരുത്തു​ക​യും ചെയ്‌ത ആ ശത്രുക്കൾ നിത്യ​മാ​യി നശിപ്പി​ക്ക​പ്പെ​ടും. “കഷ്ടത രണ്ടു​പ്രാ​വ​ശ്യം [“രണ്ടാം പ്രാവ​ശ്യം,” NW] പൊങ്ങി​വ​രി​ക​യില്ല.”—നഹൂം 1:9.

22, 23. (എ) യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ പഠനത്തിൽനി​ന്നു നിങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന ചില പ്രയോ​ജ​നങ്ങൾ വശദീ​ക​രി​ക്കുക. (ബി) യെശയ്യാ പുസ്‌തകം പഠിച്ചു​ക​ഴിഞ്ഞ സ്ഥിതിക്ക്‌, നിങ്ങളു​ടെ ദൃഢനി​ശ്ചയം എന്താണ്‌, എന്താണു നിങ്ങളു​ടെ പ്രത്യാശ?

22 യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ പഠനം സമാപി​ക്കവേ, കേവലം മൃതമായ ചരി​ത്രമല്ല ഈ ബൈബിൾ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നത്‌ എന്ന വസ്‌തുത നാം തീർച്ച​യാ​യും മനസ്സി​ലാ​ക്കു​ന്നു. നേരെ മറിച്ച്‌, നമുക്കാ​യി അതിൽ ഒരു സന്ദേശ​മുണ്ട്‌. യെശയ്യാവ്‌ ജീവിച്ച അന്ധകാര കാലഘ​ട്ടത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, അതും നമ്മുടെ കാലഘ​ട്ട​വും തമ്മിലുള്ള സാമ്യങ്ങൾ നമുക്കു കാണാ​നാ​കും. രാഷ്‌ട്രീയ അശാന്തി​യും മതകാ​പ​ട്യ​വും നീതി​ന്യാ​യ വ്യവസ്ഥ​യി​ലെ അഴിമ​തി​യും വിശ്വ​സ്‌ത​രു​ടെ​യും ദരി​ദ്ര​രു​ടെ​യും മേലുള്ള ദ്രോ​ഹ​വും യെശയ്യാ​വി​ന്റെ കാല​ത്തെ​യും നമ്മുടെ കാല​ത്തെ​യും പ്രത്യേ​ക​ത​യാണ്‌. പൊ.യു.മു. ആറാം നൂറ്റാ​ണ്ടി​ലെ വിശ്വസ്‌ത യഹൂദ​ന്മാർ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തോട്‌ നന്ദിയു​ള്ളവർ ആയിരു​ന്നി​രി​ക്കണം, ആ പ്രവചന പുസ്‌ത​ക​ത്തി​ന്റെ പഠനം നമുക്കും ആശ്വാസം പകരുന്നു.

23 അന്ധകാരം ഭൂമി​യെ​യും കൂരി​രു​ട്ടു ജാതി​ക​ളെ​യും മൂടുന്ന ഈ നിർണാ​യക നാളു​ക​ളിൽ, യെശയ്യാവ്‌ മുഖാ​ന്തരം യഹോവ മനുഷ്യ​വർഗ​ത്തി​നു വെളിച്ചം പ്രദാനം ചെയ്‌തി​രി​ക്കു​ന്ന​തിൽ നാമെ​ല്ലാം അതീവ കൃതജ്ഞ​ത​യു​ള്ള​വ​രാണ്‌! ദേശമോ വംശമോ ഏതായി​രു​ന്നാ​ലും, മുഴു​ഹൃ​ദയാ ആ ആത്മീയ വെളിച്ചം സ്വീക​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു നിത്യ​ജീ​വനെ അർഥമാ​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 10:34, 35) അതിനാൽ, ദൈവ​വ​ചനം ദിവസ​വും വായി​ക്കു​ക​യും അതേക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും അതിലെ സന്ദേശത്തെ ആഴമായി വിലമ​തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ അതിന്റെ വെളി​ച്ച​ത്തിൽ നടക്കു​ന്ന​തിൽ തുടരാം. അതു നമ്മുടെ നിത്യാ​നു​ഗ്ര​ഹ​ത്തി​ലും യഹോ​വ​യു​ടെ വിശുദ്ധ നാമത്തി​ന്റെ മഹത്ത്വീ​ക​ര​ണ​ത്തി​ലും കലാശി​ക്കും!

[അടിക്കു​റി​പ്പു​കൾ]

a ബാബിലോണിയർ യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ചു കഴിഞ്ഞ​പ്പോ​ഴത്തെ അവസ്ഥയെ കുറിച്ച്‌ “ജനത്തിൽ എളിയ​വ​രായ ചില​രെ​യും നഗരത്തിൽ ശേഷി​ച്ചി​രുന്ന ജനശി​ഷ്ട​ത്തെ​യും” കുറിച്ചു യിരെ​മ്യാ​വു 52:15 പറയുന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) ഇതേക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) അതിന്റെ 1-ാം വാല്യ​ത്തി​ന്റെ 415-ാം പേജിൽ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “‘നഗരത്തിൽ ശേഷി​ച്ചി​രുന്ന’ എന്ന പ്രയോ​ഗം പ്രത്യ​ക്ഷ​ത്തിൽ സൂചി​പ്പി​ക്കു​ന്നത്‌ നിരവധി ആളുകൾ ക്ഷാമത്താ​ലും രോഗ​ത്താ​ലും അഗ്നിയാ​ലും മരിച്ചു​വെന്ന്‌ അല്ലെങ്കിൽ യുദ്ധത്തിൽ വധിക്ക​പ്പെ​ട്ടു​വെ​ന്നാണ്‌.”

b ജീവനുള്ളവരെ അല്ല, മറിച്ച്‌ ശവങ്ങളാണ്‌ ഗീഹെ​ന്നാ​യിൽ ദഹിപ്പി​ച്ചി​രു​ന്നത്‌ എന്നതി​നാൽ അതു നിത്യ​ദ​ണ്ഡ​ന​ത്തി​ന്റെ ഒരു പ്രതീ​കമല്ല.

[അധ്യയന ചോദ്യ​ങ്ങൾ]

[409-ാം പേജിലെ ചതുരം]

സകല ജാതി​ക​ളിൽനി​ന്നും യഹോ​വ​യ്‌ക്കുള്ള അഭിഷിക്ത വഴിപാ​ടു​കൾ

ഹ്വാൻ മ്യൂണിസ്‌, 1920-ൽ ഐക്യ​നാ​ടു​ക​ളിൽനി​ന്നു സ്‌പെ​യി​നി​ലും തുടർന്ന്‌ അർജന്റീ​ന​യി​ലും എത്തി അവിട​ങ്ങ​ളിൽ അഭിഷി​ക്ത​രു​ടെ സഭകൾ സംഘടി​പ്പി​ച്ചു. 1923 മുതലുള്ള വർഷങ്ങ​ളിൽ, മിഷന​റി​യാ​യി​രുന്ന വില്യം ആർ. ബ്രൗൺ (ബൈബിൾ ബ്രൗൺ എന്ന്‌ മിക്ക​പ്പോ​ഴും വിളി​ക്ക​പ്പെ​ട്ടി​രു​ന്നു) സിയെറാ ലിയോൺ, ഘാന, ലൈബീ​രിയ, ഗാംബിയ, നൈജീ​രിയ എന്നിവി​ട​ങ്ങ​ളിൽ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കാൻ ഇറങ്ങി​ത്തി​രി​ച്ച​പ്പോൾ പശ്ചിമാ​ഫ്രി​ക്ക​യി​ലുള്ള ആത്മാർഥ​ഹൃ​ദ​യ​രു​ടെ​മേൽ സത്യത്തി​ന്റെ വെളിച്ചം പ്രകാ​ശി​ക്കാൻ തുടങ്ങി. അതേ വർഷം, രാജ്യ​സ​ന്ദേശം പ്രചരി​പ്പി​ക്കാൻ കാനഡ​ക്കാ​ര​നായ ജോർജ്‌ യങ്‌ ബ്രസീ​ലി​ലേക്കു പോകു​ക​യും അവി​ടെ​നിന്ന്‌ അർജന്റീന, കോസ്റ്റ​റിക്ക, പാനമ, വെനെ​സ്വേല, സോവി​യറ്റ്‌ യൂണിയൻ എന്നിവി​ട​ങ്ങ​ളിൽ എത്തുക​യും ചെയ്‌തു. അതേ കാലത്തു​തന്നെ, എഡ്വിൻ സ്‌കിന്നർ ഇംഗ്ലണ്ടിൽനിന്ന്‌ ഇന്ത്യയി​ലേക്കു കപ്പലിൽ യാത്ര തിരി​ക്കു​ക​യും അവിടത്തെ കൊയ്‌ത്തു​വേ​ല​യിൽ നിരവധി വർഷങ്ങ​ളോ​ളം കഠിന​മാ​യി അധ്വാ​നി​ക്കു​ക​യും ചെയ്‌തു.

[411-ാം പേജിലെ ചിത്രം]

പെന്തെക്കൊസ്‌തിലെ ചില യഹൂദ​ന്മാർ ‘സകല ജാതി​ക​ളു​ടെ​യും ഇടയിൽനി​ന്നു കൊണ്ടു​വ​ര​പ്പെട്ട സഹോ​ദ​ര​ന്മാർ’ ആയിരു​ന്നു

[413-ാം പേജിലെ ചിത്രം]