വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ആരാധനയിലേക്കു മടങ്ങുവിൻ

യഹോവയുടെ ആരാധനയിലേക്കു മടങ്ങുവിൻ

അധ്യായം ഏഴ്‌

യഹോ​വ​യു​ടെ ആരാധ​ന​യി​ലേക്കു മടങ്ങു​വിൻ

യെശയ്യാവു 46:1-12

1. ബാബി​ലോ​ണി​ലെ രണ്ടു പ്രമുഖ ദൈവ​ങ്ങ​ളു​ടെ പേരുകൾ ഏവ, അവരെ കുറിച്ച്‌ യഹോവ എന്തു മുൻകൂ​ട്ടി പറയുന്നു?

 ഇസ്രാ​യേ​ല്യർ ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന സമയത്ത്‌ ആ നഗരം വ്യാജാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രി​ക്കും. യെശയ്യാ​വി​ന്റെ നാളിൽ യഹോ​വ​യു​ടെ ജനം സ്വദേ​ശ​ത്താണ്‌, അവർക്ക്‌ അപ്പോ​ഴും ആലയവും പൗരോ​ഹി​ത്യ​വും ഉണ്ട്‌. എന്നിരു​ന്നാ​ലും, ദൈവ​ജ​ന​ത്തിൽ അനേക​രും വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കു വശംവ​ദ​രാ​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ബാബി​ലോ​ണി​ലെ വ്യാജ​ദൈ​വ​ങ്ങ​ളു​ടെ പകിട്ടിൽ മയങ്ങാ​തി​രി​ക്കാ​നും അവരെ സേവി​ക്കാൻ പ്രലോ​ഭി​തർ ആകാതി​രി​ക്കാ​നും തക്കവണ്ണം അവരെ ഒരുക്കു​ന്നത്‌ ജീവത്‌പ്ര​ധാ​ന​മാണ്‌. തന്മൂലം, ബാബി​ലോ​ണി​ലെ ദൈവ​ങ്ങ​ളിൽ രണ്ടു പ്രമു​ഖരെ കുറിച്ച്‌ യെശയ്യാവ്‌ പറയുന്നു: “ബേൽ വണങ്ങുന്നു; നെബോ കുനി​യു​ന്നു; അവരുടെ വിഗ്ര​ഹ​ങ്ങളെ മൃഗങ്ങ​ളു​ടെ പുറത്തും കന്നുകാ​ലി​ക​ളു​ടെ പുറത്തും കയററി​യി​രി​ക്കു​ന്നു; നിങ്ങൾ എടുത്തു​കൊ​ണ്ടു നടന്നവ ഒരു ചുമടും തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നി​രി​ക്കു​ന്നു.” (യെശയ്യാ​വു 46:1) കൽദയ​രു​ടെ ഇടയിലെ ഏറ്റവും പ്രമുഖ വിഗ്ര​ഹ​ദേവൻ ബേൽ ആണ്‌. നെബോ​യെ ജ്ഞാനത്തി​ന്റെ​യും അറിവി​ന്റെ​യും ദൈവ​മാ​യി ആളുകൾ ആരാധി​ക്കു​ന്നു. ഈ ദൈവ​ങ്ങ​ളു​ടെ പേരുകൾ പല ബാബി​ലോ​ണി​യ​രു​ടെ​യും പേരു​ക​ളോ​ടു ചേർത്ത്‌ ഉപയോ​ഗി​ക്കു​ന്ന​തിൽ നിന്ന്‌ ആളുകൾക്ക്‌ അവരോ​ടുള്ള ആദരവു പ്രകട​മാണ്‌. ബേൽശസ്സർ, നെബോ​പോ​ളസ്സർ, നെബൂ​ഖ​ദ്‌നേസർ നെബൂസർ-അദാൻ എന്നീ പേരുകൾ അവയിൽ ചിലതാണ്‌.

2. ബാബി​ലോ​ണി​യൻ ദൈവ​ങ്ങ​ളു​ടെ നിസ്സഹാ​യാ​വ​സ്ഥയെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

2 “ബേൽ വണങ്ങുന്നു” എന്നും “നെബോ കുനി​യു​ന്നു” എന്നും യെശയ്യാ​വു പറയുന്നു. ഈ വ്യാജ​ദൈ​വങ്ങൾ താഴ്‌ത്ത​പ്പെ​ടും. ബാബി​ലോ​ണി​നെ​തി​രെ യഹോവ ന്യായ​വി​ധി നടപ്പാ​ക്കു​മ്പോൾ ഈ ദൈവ​ങ്ങൾക്കു തങ്ങളുടെ ആരാധ​കരെ സഹായി​ക്കാ​നാ​വില്ല. എന്തിന്‌, സ്വയം രക്ഷിക്കാൻപോ​ലും അവർക്കു കഴിവു​ണ്ടാ​യി​രി​ക്കു​ക​യില്ല! ബേലി​നെ​യും നെബോ​യെ​യും ബാബി​ലോ​ണി​ന്റെ പുതു​വത്സര ദിനം പോലുള്ള ഉത്സവദി​ന​ങ്ങ​ളി​ലെ ഘോഷ​യാ​ത്ര​ക​ളിൽ ആദരണീയ സ്ഥാനങ്ങ​ളി​ലി​രു​ത്തി മേലാൽ വഹിച്ചു​കൊ​ണ്ടു പോകു​ക​യില്ല. പകരം, അവരുടെ ആരാധകർ അവരെ സാധാരണ ചുമടു പോലെ ചരക്കു​വ​ണ്ടി​ക​ളിൽ വലിച്ചു​കൊ​ണ്ടു​പോ​കും. സ്‌തു​തി​ക്കും ആരാധ​ന​യ്‌ക്കും പകരം അവർ പരിഹാ​സ​ത്തി​നും നിന്ദയ്‌ക്കും പാത്ര​മാ​കും.

3. (എ) ബാബി​ലോ​ണി​യർക്ക്‌ ഞെട്ടലു​ള​വാ​ക്കു​ന്നത്‌ എന്ത്‌? (ബി) ബാബി​ലോ​ണി​യൻ ദൈവ​ങ്ങൾക്കു സംഭവി​ച്ച​തിൽനിന്ന്‌ ഇന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

3 തങ്ങളുടെ പ്രിയ​പ്പെട്ട വിഗ്ര​ഹങ്ങൾ തളർന്ന മൃഗങ്ങൾക്കു വെറു​മൊ​രു ഭാരമാ​യി തീർന്നി​രി​ക്കു​ന്നു എന്ന അറിവ്‌ ബാബി​ലോ​ണി​യർക്ക്‌ എത്രമാ​ത്രം ഞെട്ടലു​ള​വാ​ക്കും! സമാന​മാ​യി ഇന്ന്‌, ലോക​ത്തി​ലെ ഏതു ദൈവ​ങ്ങ​ളി​ലാ​ണോ ആളുകൾ ആശ്രയ​മർപ്പി​ച്ചി​രി​ക്കു​ന്നത്‌, ഏതു ദൈവ​ങ്ങൾക്കു വേണ്ടി​യാ​ണോ അവർ തങ്ങളുടെ ഊർജം ചെലവ​ഴി​ക്കു​ക​യും ജീവൻ പോലും ബലിക​ഴി​ക്കു​ക​യും ചെയ്യു​ന്നത്‌ അവയെ​ല്ലാം മിഥ്യ​യാണ്‌. സമ്പത്ത്‌, ആയുധങ്ങൾ, ഉല്ലാസങ്ങൾ, ഭരണാ​ധി​പ​ന്മാർ, ജന്മദേശം അല്ലെങ്കിൽ അതിനെ പ്രതി​നി​ധാ​നം ചെയ്യുന്ന ചിഹ്നങ്ങൾ എന്നിവ​യും മറ്റും ഭക്തിക്ക്‌ പാത്ര​മാ​യി​രി​ക്കു​ന്നു. അത്തരം ദൈവ​ങ്ങ​ളു​ടെ നിഷ്‌ഫലത തക്കസമ​യത്ത്‌ യഹോവ വെളി​പ്പെ​ടു​ത്തും.—ദാനീ​യേൽ 11:38; മത്തായി 6:24; പ്രവൃ​ത്തി​കൾ 12:22; ഫിലി​പ്പി​യർ 3:19; കൊ​ലൊ​സ്സ്യർ 3:5; വെളി​പ്പാ​ടു 13:14, 15.

4. ഏത്‌ അർഥത്തി​ലാ​ണു ബാബി​ലോ​ണി​യൻ ദൈവങ്ങൾ “കുനിയു”കയും “വണങ്ങു”കയും ചെയ്യു​ന്നത്‌?

4 ബാബിലോണിയൻ ദൈവങ്ങൾ അമ്പേ പരാജ​യ​പ്പെ​ട്ട​തി​നെ കുറിച്ച്‌ എടുത്തു പറഞ്ഞു​കൊണ്ട്‌ പ്രവചനം തുടരു​ന്നു: “അവ കുനി​യു​ന്നു; ഒരു​പോ​ലെ വണങ്ങുന്നു; ഭാരം ഒഴിപ്പാൻ കഴിയാ​തെ അവ തന്നേ പ്രവാ​സ​ത്തി​ലേക്കു പോയി​രി​ക്കു​ന്നു.” (യെശയ്യാ​വു 46:2) യുദ്ധത്തിൽ മുറി​വേ​റ്റതു പോലെ അല്ലെങ്കിൽ വാർധ​ക്യം പ്രാപി​ച്ചതു പോലെ ബാബി​ലോ​ണി​യൻ ദൈവങ്ങൾ “കുനി​യുന്ന”തായി, “വണങ്ങുന്ന”തായി കാണ​പ്പെ​ടു​ന്നു. തങ്ങളെ വഹിക്കുന്ന മൃഗങ്ങൾക്കു ഭാരം കുറച്ചു കൊടു​ക്കാ​നോ അവയെ രക്ഷിക്കാ​നോ അവയ്‌ക്കു കഴിവില്ല. തന്മൂലം, ബാബി​ലോ​ണിൽ അടിമ​ത്ത​ത്തിൽ ആണെങ്കി​ലും യഹോ​വ​യു​ടെ ഉടമ്പടി ജനത അവയെ ബഹുമാ​നി​ക്ക​ണ​മോ? വേണ്ട! സമാന​മാ​യി, യഹോ​വ​യു​ടെ അഭിഷിക്ത ദാസന്മാർ ആത്മീയ അടിമ​ത്ത​ത്തിൽ ആയിരു​ന്ന​പ്പോൾ പോലും ‘മഹാബാ​ബി​ലോ​ണി’ന്റെ വ്യാജ​ദൈ​വ​ങ്ങൾക്കു തെല്ലും ബഹുമാ​നം നൽകി​യില്ല. 1919-ൽ മഹാബാ​ബി​ലോ​ണി​ന്റെ വീഴ്‌ചയെ തടയാൻ ആ ദൈവ​ങ്ങൾക്കു സാധി​ച്ചില്ല. “മഹോ​പ​ദ്രവ”ത്തിൽ അവൾക്കു സംഭവി​ക്കാ​നി​രി​ക്കുന്ന ദുരന്ത​ത്തിൽനിന്ന്‌ അവളെ രക്ഷിക്കാ​നും അവർക്കു സാധി​ക്കില്ല.—വെളി​പ്പാ​ടു 18:2, 21; മത്തായി 24:21; NW.

5. വിഗ്ര​ഹാ​രാ​ധകർ ആയിരുന്ന ബാബി​ലോ​ണി​യർ ചെയ്‌ത തെറ്റുകൾ ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ ആവർത്തി​ക്കാ​തി​രി​ക്കു​ന്നത്‌ എങ്ങനെ?

5 സത്യക്രിസ്‌ത്യാനികൾ ഇന്ന്‌ ഒരു തരത്തി​ലു​മുള്ള വിഗ്ര​ഹ​ങ്ങ​ളു​ടെ മുമ്പാകെ കുമ്പി​ടു​ന്നില്ല. (1 യോഹ​ന്നാൻ 5:21) കുരി​ശും ജപമാ​ല​യും പുണ്യ​വാ​ള​ന്മാ​രു​ടെ പ്രതി​മ​ക​ളു​മൊ​ന്നും സ്രഷ്ടാ​വി​നെ സമീപി​ക്കാൻ ഒരു വ്യക്തിയെ സഹായി​ക്കു​ന്നില്ല. നമുക്കു​വേണ്ടി മധ്യസ്ഥത വഹിക്കാ​നും അവയ്‌ക്കു കഴിയില്ല. ദൈവത്തെ ആരാധി​ക്കേണ്ട ശരിയായ വിധം എന്താ​ണെന്ന്‌ ഒന്നാം നൂറ്റാ​ണ്ടിൽ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാ​ന്ത​ര​മ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്റെ നാമത്തിൽ . . . അപേക്ഷി​ക്കു​ന്നതു ഒക്കെയും ഞാൻ ചെയ്‌തു​ത​രും.”—യോഹ​ന്നാൻ 14:6, 14.

‘ഉദരം​മു​തൽ ചുമക്ക​പ്പെ​ട്ടവർ’

6. യഹോവ ജാതി​ക​ളു​ടെ ദൈവ​ങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

6 ബാബിലോണിലെ വിഗ്ര​ഹ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​തി​ന്റെ ഭോഷത്തം തുറന്നു കാട്ടിയ ശേഷം യഹോവ തന്റെ ജനത്തോട്‌ ഇങ്ങനെ പറയുന്നു: [ദൈവ​ത്താൽ] ഗർഭം​മു​തൽ വഹിക്ക​പ്പെ​ട്ട​വ​രും ഉദരം​മു​തൽ ചുമക്ക​പ്പെ​ട്ട​വ​രു​മാ​യി യാക്കോ​ബ്‌ഗൃ​ഹ​വും യിസ്രാ​യേൽഗൃ​ഹ​ത്തിൽ ശേഷി​ച്ചി​രി​ക്കുന്ന എല്ലാവ​രു​മാ​യു​ള്ളോ​രേ, എന്റെ വാക്കു കേൾപ്പിൻ.” (യെശയ്യാ​വു 46:3) യഹോ​വ​യ്‌ക്കും കൊത്തി​യു​ണ്ടാ​ക്ക​പ്പെട്ട ബാബി​ലോ​ണി​യൻ വിഗ്ര​ഹ​ങ്ങൾക്കും തമ്മിൽ എത്ര വലിയ അന്തരമാ​ണു​ള്ളത്‌! ബാബി​ലോ​ണി​യൻ ദൈവ​ങ്ങൾക്ക്‌ തങ്ങളുടെ ആരാധ​കർക്കാ​യി ഒന്നും ചെയ്യാ​നാ​വില്ല. ചുമടു ചുമക്കുന്ന മൃഗത്തി​ന്റെ പുറത്തി​രു​ത്തി വേണം അവയെ ഒരിട​ത്തു​നിന്ന്‌ മറ്റൊ​രി​ട​ത്തേക്കു കൊണ്ടു​പോ​കാൻ. നേരെ മറിച്ച്‌, യഹോവ തന്റെ ജനത്തെ വഹിച്ചി​രി​ക്കു​ന്നു. “ഉദരം​മു​തൽ,” അതായത്‌ ആ ജനതയ്‌ക്കു രൂപം കൊടു​ത്തതു മുതൽ, അവൻ അവരെ പരിപാ​ലി​ച്ചി​രി​ക്കു​ന്നു. യഹോവ തങ്ങളെ വഹിച്ചി​രി​ക്കു​ന്ന​തി​ന്റെ ഊഷ്‌മള സ്‌മര​ണകൾ വിഗ്ര​ഹാ​രാ​ധ​നയെ അകറ്റി നിറു​ത്താ​നും തങ്ങളുടെ പിതാ​വും സുഹൃ​ത്തും എന്ന നിലയിൽ യഹോ​വ​യിൽ ആശ്രയം അർപ്പി​ക്കാ​നും യഹൂദരെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌.

7. മാതാ​പി​താ​ക്കൾ മക്കളെ പരിപാ​ലി​ക്കു​ന്ന​തി​നെ​ക്കാൾ കൂടു​ത​ലാ​യി യഹോവ തന്റെ ആരാധ​കരെ പരിപാ​ലി​ക്കു​മെന്നു പറയാൻ കഴിയു​ന്നത്‌ എങ്ങനെ?

7 തന്റെ ജനത്തോട്‌ ആർദ്ര​ത​യോ​ടെ യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ വാർദ്ധ​ക്യം​വരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കു​വോ​ളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്‌തി​രി​ക്കു​ന്നു; ഞാൻ വഹിക്ക​യും ഞാൻ ചുമന്നു വിടു​വി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 46:4) അങ്ങേയറ്റം പരിപാ​ലനം നൽകുന്ന മാതാ​പി​താ​ക്കളെ പോലും കടത്തി​വെ​ട്ടുന്ന വിധത്തി​ലാണ്‌ യഹോവ തന്റെ ജനത്തെ പരിപാ​ലി​ക്കു​ന്നത്‌. മക്കൾ വളരു​ന്ന​ത​നു​സ​രിച്ച്‌ മാതാ​പി​താ​ക്കൾക്ക്‌ അവരോ​ടുള്ള ഉത്തരവാ​ദി​ത്വ​വും കുറഞ്ഞു​വ​രു​ന്നു. മാതാ​പി​താ​ക്കൾ വാർധ​ക്യം പ്രാപി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും മക്കൾ അവരെ പരിച​രി​ക്കേണ്ടി വരുന്നു. എന്നാൽ, യഹോ​വ​യു​ടെ കാര്യ​ത്തിൽ അങ്ങനെ സംഭവി​ക്കു​ന്നില്ല. തന്റെ മനുഷ്യ സന്താന​ങ്ങൾക്കാ​യുള്ള അവന്റെ പരിപാ​ല​ന​ത്തിന്‌ അവസാ​ന​മില്ല, അവരുടെ വാർധ​ക്യ​ത്തി​ലും അവൻ അവരെ പരിപാ​ലി​ക്കു​ന്നു. ഇന്നു ദൈവ​ത്തി​ന്റെ ആരാധകർ തങ്ങളുടെ സ്രഷ്ടാ​വിൽ ആശ്രയി​ക്കു​ക​യും അവനെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​തോ​ടൊ​പ്പം യെശയ്യാ പ്രവച​ന​ത്തി​ലെ ഈ വാക്കു​ക​ളിൽ ആശ്വാസം കണ്ടെത്തു​ക​യും ചെയ്യുന്നു. ഈ വ്യവസ്ഥി​തി​യിൽ അവർക്കു ചെലവി​ടേ​ണ്ടി​വ​രുന്ന ശേഷിച്ച ദിവസ​ങ്ങളെ അല്ലെങ്കിൽ വർഷങ്ങളെ കുറിച്ച്‌ അവർ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല. വാർധ​ക്യം പ്രാപി​ച്ച​വരെ “ചുമക്കു”ന്നതിൽ തുടരു​മെ​ന്നും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ആവശ്യ​മായ ബലവും സഹിഷ്‌ണു​ത​യും അവർക്കു നൽകു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. അവൻ അവരെ ചുമക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും അവർക്കു രക്ഷ നൽകു​ക​യും ചെയ്യും.—എബ്രായർ 6:10.

ആധുനിക വിഗ്ര​ഹ​ങ്ങൾക്കെ​തി​രെ ജാഗ്രത പുലർത്തു​ക

8. യെശയ്യാ​വി​ന്റെ ദേശക്കാ​രിൽ ചിലർ എത്ര വലിയ പാപമാ​ണു ചെയ്യു​ന്നത്‌?

8 തികച്ചും നിഷ്‌പ്ര​യോ​ജ​ന​മെന്നു തെളി​യുന്ന വിഗ്ര​ഹ​ങ്ങ​ളിൽ ആശ്രയം വെക്കുന്ന ബാബി​ലോ​ണി​യർക്ക്‌ ഉണ്ടാകാൻ പോകുന്ന നിരാ​ശാ​ബോ​ധം ഒന്നു വിഭാ​വനം ചെയ്യുക! ആ ദൈവ​ങ്ങളെ യഹോ​വ​യു​മാ​യി തുലനം ചെയ്യേ​ണ്ട​താ​ണെന്ന്‌ ഇസ്രാ​യേ​ല്യർ വിശ്വ​സി​ക്ക​ണ​മോ? തീർച്ച​യാ​യും വേണ്ട! യഥോ​ചി​തം യഹോവ ഇങ്ങനെ ചോദി​ക്കു​ന്നു: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശ​മാ​ക്കും? തമ്മിൽ ഒത്തുവ​ര​ത്ത​ക്ക​വണ്ണം എന്നെ ആരോടു തുല്യ​മാ​ക്കും?” (യെശയ്യാ​വു 46:5) യെശയ്യാ​വി​ന്റെ ദേശക്കാ​രിൽ ചിലർ സംസാ​ര​ശേ​ഷി​യി​ല്ലാത്ത, നിർജീ​വ​വും നിസ്സഹാ​യ​വു​മായ പ്രതി​മ​ക​ളി​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു. യഹോ​വയെ അറിയാ​വുന്ന ഒരു ജനത നിർജീ​വ​വും നിസ്സഹാ​യ​വു​മായ മനുഷ്യ​നിർമിത പ്രതി​മ​കളെ ആശ്രയി​ക്കു​ന്നത്‌ എത്ര ഭോഷ​ത്ത​മാണ്‌!

9. വിഗ്ര​ഹാ​രാ​ധകർ ബുദ്ധി​ശൂ​ന്യ​മായ എന്തു പ്രവൃ​ത്തി​യാ​ണു ചെയ്യു​ന്നത്‌?

9 വിഗ്രഹാരാധകരുടെ പൊള്ള​യായ ന്യായ​വാ​ദങ്ങൾ പരിചി​ന്തി​ക്കുക. പ്രവചനം ഇങ്ങനെ തുടു​രു​ന്നു: “അവർ സഞ്ചിയിൽനി​ന്നു പൊന്നു കുടഞ്ഞി​ടു​ന്നു; തുലാ​സ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതു​കൊ​ണ്ടു ഒരു ദേവനെ ഉണ്ടാക്കു​ന്നു; അവർ സാഷ്ടാം​ഗം വീണു നമസ്‌ക​രി​ക്കു​ന്നു.” (യെശയ്യാ​വു 46:6) വില​യേ​റിയ ഒരു വിഗ്ര​ഹ​ത്തിന്‌ തടി​കൊ​ണ്ടുള്ള വിഗ്ര​ഹ​ത്തെ​ക്കാൾ വളരെ​യ​ധി​കം ശക്തിയുണ്ട്‌ എന്നതു പോലെ അതിനെ ആരാധി​ക്കു​ന്നവർ തങ്ങളുടെ ദൈവ​ത്തി​ന്റെ പ്രതിമ ഉണ്ടാക്കു​ന്ന​തിന്‌ വളരെ പണം മുടക്കു​ന്നു. എന്നാൽ, എത്രതന്നെ ഊർജം ചെലവ​ഴി​ച്ചാ​ലും എത്ര വില​യേ​റിയ വസ്‌തു​ക്കൾ ഉപയോ​ഗി​ച്ചാ​ലും നിർജീവ വിഗ്രഹം നിർജീ​വം തന്നെയാ​യി​രി​ക്കും, തീർച്ച.

10. വിഗ്ര​ഹാ​രാ​ധ​ന​യു​ടെ പരമ ഭോഷ​ത്തത്തെ വർണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

10 വിഗ്രഹാരാധനയുടെ ഭോഷത്തം എടുത്തു​കാ​ട്ടി​ക്കൊണ്ട്‌ പ്രവചനം തുടരു​ന്നു: “അവർ അതിനെ തോളിൽ എടുത്തു​കൊ​ണ്ടു​പോ​യി അതിന്റെ സ്ഥലത്തു നിർത്തു​ന്നു; അതു തന്റെ സ്ഥലത്തു​നി​ന്നു മാറാതെ നില്‌ക്കു​ന്നു; അതി​നോ​ടു നിലവി​ളി​ച്ചാൽ അതു ഉത്തരം പറയു​ന്നില്ല; കഷ്ടത്തിൽനി​ന്നു രക്ഷിക്കു​ന്ന​തു​മില്ല.” (യെശയ്യാ​വു 46:7) കേൾക്കാ​നോ പ്രവർത്തി​ക്കാ​നോ കഴിവി​ല്ലാത്ത ഒരു വിഗ്ര​ഹ​ത്തോ​ടു പ്രാർഥി​ക്കു​ന്നത്‌ എത്ര അപഹാ​സ്യം! അത്തരം ആരാധനാ വസ്‌തു​ക്ക​ളു​ടെ നിഷ്‌ഫ​ല​തയെ സങ്കീർത്ത​ന​ക്കാ​രൻ നന്നായി വർണി​ക്കു​ന്നു: “അവരുടെ വിഗ്ര​ഹങ്ങൾ പൊന്നും വെള്ളി​യും ആകുന്നു; മനുഷ്യ​രു​ടെ കൈവേല തന്നേ. അവെക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കു​ന്നില്ല; കണ്ണു​ണ്ടെ​ങ്കി​ലും കാണു​ന്നില്ല. അവെക്കു ചെവി​യു​ണ്ടെ​ങ്കി​ലും കേൾക്കു​ന്നില്ല; മൂക്കു​ണ്ടെ​ങ്കി​ലും മണക്കു​ന്നില്ല. അവെക്കു കയ്യു​ണ്ടെ​ങ്കി​ലും സ്‌പർശി​ക്കു​ന്നില്ല; കാലു​ണ്ടെ​ങ്കി​ലും നടക്കു​ന്നില്ല; തൊണ്ട​കൊ​ണ്ടു സംസാ​രി​ക്കു​ന്ന​തു​മില്ല. അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ ആകുന്നു; അവയിൽ ആശ്രയി​ക്കുന്ന ഏവനും അങ്ങനെ തന്നേ.”—സങ്കീർത്തനം 115:4-8.

“ധൈര്യം സംഭരി​പ്പിൻ”

11. ചഞ്ചലചി​ത്ത​രാ​യി​രി​ക്കു​ന്ന​വരെ ‘ധൈര്യം സംഭരി​ക്കാൻ’ എന്തു സഹായി​ക്കും?

11 വിഗ്രഹാരാധനയുടെ നിഷ്‌ഫലത ചിത്രീ​ക​രി​ച്ച​ശേഷം, തന്റെ ജനം തന്നെ സേവി​ക്കേ​ണ്ട​തി​ന്റെ കാരണം യഹോവ അവരോ​ടു പറയുന്നു: “ഇതു ഓർത്തു സ്ഥിരത കാണി​പ്പിൻ [“ധൈര്യം സംഭരി​പ്പിൻ,” NW]; ദ്രോ​ഹി​കളേ, ഇതു മനസ്സി​ലാ​ക്കു​വിൻ. പണ്ടുള്ള പൂർവ്വ​കാ​ര്യ​ങ്ങളെ ഓർത്തു​കൊൾവിൻ; ഞാനല്ലാ​തെ വേറൊ​രു ദൈവ​മില്ല; ഞാൻ തന്നേ ദൈവം, എന്നെ​പ്പോ​ലെ ഒരുത്ത​നു​മില്ല.” (യെശയ്യാ​വു 46:8, 9) സത്യാ​രാ​ധ​ന​യ്‌ക്കും വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കും ഇടയിൽ ചഞ്ചലചി​ത്ത​രാ​യി​രി​ക്കു​ന്നവർ ഗതകാല സംഭവങ്ങൾ ഓർക്കേ​ണ്ട​തുണ്ട്‌. യഹോവ ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ അവർ മനസ്സിൽ പിടി​ക്കണം. അത്‌ ധൈര്യം സംഭരി​ക്കാ​നും ശരിയാ​യതു ചെയ്യാ​നും യഹോ​വ​യു​ടെ ആരാധ​ന​യി​ലേക്കു മടങ്ങാ​നും അവരെ സഹായി​ക്കും.

12, 13. ക്രിസ്‌ത്യാ​നി​കൾ ഏതു പോരാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു, അവർക്ക്‌ എങ്ങനെ വിജയം വരിക്കാൻ കഴിയും?

12 ഈ പ്രോ​ത്സാ​ഹനം ഇന്നും ആവശ്യ​മാണ്‌. ഇസ്രാ​യേ​ല്യ​രെ പോലെ, ആത്മാർഥ​രായ ക്രിസ്‌ത്യാ​നി​കൾ പ്രലോ​ഭ​ന​ങ്ങ​ളോ​ടും തങ്ങളു​ടെ​തന്നെ അപൂർണ​ത​ക​ളോ​ടും പോരാ​ടേ​ണ്ട​തുണ്ട്‌. (റോമർ 7:21-24) അതിനു​പു​റമേ, അവർ അദൃശ്യ​നെ​ങ്കി​ലും ശക്തനായ ഒരു എതിരാ​ളി​യു​മാ​യി ആത്മീയ പോരാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അതേക്കു​റിച്ച്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ പറയുന്നു: “നമുക്കു പോരാ​ട്ടം ഉളളതു ജഡരക്ത​ങ്ങ​ളോ​ടല്ല, വാഴ്‌ച​ക​ളോ​ടും അധികാ​ര​ങ്ങ​ളോ​ടും ഈ അന്ധകാ​ര​ത്തി​ന്റെ ലോകാ​ധി​പ​തി​ക​ളോ​ടും സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​യോ​ടും അത്രേ.”—എഫെസ്യർ 6:12.

13 ക്രിസ്‌ത്യാനികളെ സത്യാ​രാ​ധ​ന​യിൽനി​ന്നു വ്യതി​ച​ലി​പ്പി​ക്കാൻ സാത്താ​നും അവന്റെ ഭൂതങ്ങ​ളും ആവുന്ന​തെ​ല്ലാം ചെയ്യും. വിജയ​പ്ര​ദ​മാ​യി പോരാ​ടാൻ ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യു​ടെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ക​യും ധൈര്യം സംഭരി​ക്കു​ക​യും വേണം. എങ്ങനെ? പൗലൊസ്‌ വിശദീ​ക​രി​ക്കു​ന്നു: “പിശാ​ചി​ന്റെ തന്ത്രങ്ങ​ളോ​ടു എതിർത്തു​നി​ല്‌പാൻ കഴി​യേ​ണ്ട​തി​ന്നു ദൈവ​ത്തി​ന്റെ സർവ്വാ​യു​ധ​വർഗ്ഗം ധരിച്ചു​കൊൾവിൻ.” വേണ്ടത്ര ആയുധങ്ങൾ ഇല്ലാ​തെയല്ല യഹോവ തന്റെ ദാസന്മാ​രെ ആ യുദ്ധത്തി​നു വിടു​ന്നത്‌. “ദുഷ്ടന്റെ തീയമ്പു​ക​ളെ​യൊ​ക്കെ​യും കെടു​ക്കു​വാ​ന്ത​ക്ക​തായ വിശ്വാ​സം എന്ന പരിച”യും അവരുടെ ആത്മീയ ആയുധ​ശേ​ഖ​ര​ത്തിൽ ഉൾപ്പെ​ടു​ന്നു. (എഫെസ്യർ 6:11, 16) യഹോവ പ്രദാനം ചെയ്‌ത ആത്മീയ കരുത​ലു​കൾ അവഗണി​ക്കു​ക​വഴി ഇസ്രാ​യേ​ല്യർ തെറ്റു​ചെ​യ്‌തു. തങ്ങൾക്കാ​യി യഹോവ ആവർത്തി​ച്ചു ചെയ്‌ത അത്ഭുത പ്രവൃ​ത്തി​കളെ കുറിച്ചു ചിന്തി​ച്ചി​രു​ന്നെ​ങ്കിൽ ഒരിക്ക​ലും അവർ നികൃ​ഷ്ട​മായ വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു തിരി​യു​ക​യി​ല്ലാ​യി​രു​ന്നു. നമുക്ക്‌ അവരുടെ ദൃഷ്ടാ​ന്ത​ത്തിൽനി​ന്നു പഠിക്കു​ക​യും ശരിയാ​യതു ചെയ്യു​ന്ന​തി​നു നിരന്തരം പോരാ​ടു​ക​യും ചെയ്യാം.—1 കൊരി​ന്ത്യർ 10:11.

14. ഏക സത്യ​ദൈവം താനാ​ണെന്നു കാണി​ക്കാൻ തന്റെ ഏതു പ്രാപ്‌തി യഹോവ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു?

14 “ആരംഭ​ത്തി​ങ്കൽ തന്നേ അവസാ​ന​വും പൂർവ്വ​കാ​ലത്തു തന്നേ മേലാൽ സംഭവി​പ്പാ​നു​ള്ള​തും ഞാൻ പ്രസ്‌താ​വി​ക്കു​ന്നു; എന്റെ ആലോചന നിവൃ​ത്തി​യാ​കും; ഞാൻ എന്റെ താല്‌പ​ര്യ​മൊ​ക്കെ​യും അനുഷ്‌ഠി​ക്കും” എന്നു പറയു​ന്നവൻ യഹോ​വ​യാണ്‌. (യെശയ്യാ​വു 46:10) ഇക്കാര്യ​ത്തിൽ വേറെ ഏതു ദൈവത്തെ യഹോ​വ​യു​മാ​യി താരത​മ്യ​പ്പെ​ടു​ത്താ​നാ​കും? ഭാവി പ്രവചി​ക്കാ​നുള്ള കഴിവ്‌ സ്രഷ്ടാ​വി​ന്റെ ദൈവ​ത്വ​ത്തി​നുള്ള ഒരു സുപ്ര​ധാന തെളി​വാണ്‌. എന്നാൽ, മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ഉറപ്പു​വ​രു​ത്താൻ ദീർഘ​ദൃ​ഷ്ടി​യെ​ക്കാൾ അധികം ആവശ്യ​മാണ്‌. “എന്റെ ആലോചന നിവൃ​ത്തി​യാ​കും” എന്ന പ്രഖ്യാ​പനം ദൈവ​ത്തി​ന്റെ സ്ഥാപിത ഉദ്ദേശ്യ​ങ്ങ​ളു​ടെ മാറ്റമി​ല്ലാ​യ്‌മ​യ്‌ക്ക്‌ ഊന്നൽ നൽകുന്നു. യഹോ​വ​യ്‌ക്ക്‌ അപരി​മി​ത​മായ ശക്തിയു​ള്ള​തി​നാൽ പ്രപഞ്ച​ത്തി​ലെ യാതൊ​ന്നി​നും തന്റെ ഇഷ്ടം നിർവ​ഹി​ക്കു​ന്ന​തിൽനിന്ന്‌ അവനെ തടയാ​നാ​വില്ല. (ദാനീ​യേൽ 4:35) തന്മൂലം, നിവൃ​ത്തി​യേ​റാ​നി​രി​ക്കുന്ന ഏതൊരു പ്രവച​ന​വും ദൈവ​ത്തി​ന്റെ തക്ക സമയത്തു​തന്നെ നിവൃ​ത്തി​യേ​റു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—യെശയ്യാ​വു 55:11.

15. ഭാവി മുൻകൂ​ട്ടി പറയാൻ യഹോ​വ​യ്‌ക്കുള്ള പ്രാപ്‌തി​യു​ടെ എന്തു മികച്ച ദൃഷ്ടാന്തം യെശയ്യാവ്‌ നമ്മുടെ ശ്രദ്ധയിൽ പെടു​ത്തു​ന്നു?

15 ഭാവി സംഭവങ്ങൾ മുൻകൂ​ട്ടി പറയാ​നും പിന്നീട്‌ തന്റെ വാക്കുകൾ നിവർത്തി​ക്കാ​നും യഹോ​വ​യ്‌ക്കുള്ള പ്രാപ്‌തി​യു​ടെ ഒരു മികച്ച ദൃഷ്ടാന്തം യെശയ്യാ​വി​ന്റെ പ്രവചനം അടുത്ത​താ​യി നമ്മുടെ ശ്രദ്ധയിൽ പെടു​ത്തു​ന്നു: “ഞാൻ കിഴക്കു​നി​ന്നു ഒരു റാഞ്ചൻപ​ക്ഷി​യെ, ദൂര​ദേ​ശ​ത്തു​നി​ന്നു എന്റെ ആലോ​ച​നയെ അനുഷ്‌ഠി​ക്കുന്ന പുരു​ഷനെ തന്നേ വിളി​ക്കു​ന്നു; ഞാൻ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു; ഞാൻ നിവർത്തി​ക്കും; ഞാൻ നിരൂ​പി​ച്ചി​രി​ക്കു​ന്നു; ഞാൻ അനുഷ്‌ഠി​ക്കും.” (യെശയ്യാ​വു 46:11) ‘ആരംഭ​ത്തി​ങ്കൽ തന്നേ അവസാനം പ്രസ്‌താ​വി​ക്കു​ന്നവൻ’ എന്ന നിലയിൽ തന്റെ ആലോ​ച​നകൾ നിവർത്തി​ക്കാൻ യഹോവ സാഹച​ര്യ​ങ്ങളെ രൂപ​പ്പെ​ടു​ത്തും. അവൻ കോ​രെ​ശി​നെ ‘കിഴക്കു​നിന്ന്‌’ അഥവാ പേർഷ്യ​യി​ലെ കോ​രെ​ശി​ന്റെ പ്രിയ​പ്പെട്ട തലസ്ഥാന നഗരി​യായ പസാർഗ​ഡി​യിൽനി​ന്നു വിളി​ച്ചു​വ​രു​ത്തും. “ഒരു റാഞ്ചൻപ​ക്ഷി​യെ” പോലെ കോ​രെശ്‌ പൊടു​ന്നനെ, അപ്രതീ​ക്ഷി​ത​മാ​യി ബാബി​ലോ​ണി​നെ ആക്രമി​ക്കും.

16. ബാബി​ലോ​ണി​നെ കുറി​ച്ചുള്ള തന്റെ പ്രവച​ന​ത്തി​ന്റെ ഉറപ്പ്‌ യഹോവ സ്ഥിരീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

16 ബാബിലോണിനെ കുറി​ച്ചുള്ള യഹോ​വ​യു​ടെ പ്രവച​ന​ത്തി​ന്റെ ഉറപ്പ്‌ അവൻ പിൻവ​രുന്ന വാക്കു​ക​ളിൽ സ്ഥിരീ​ക​രി​ക്കു​ന്നു: “ഞാൻ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു; ഞാൻ നിവർത്തി​ക്കും.” അപൂർണ മനുഷ്യ​രെ പോലെ വീണ്ടു​വി​ചാ​ര​മി​ല്ലാ​തെയല്ല സ്രഷ്ടാവ്‌ വാഗ്‌ദാ​നങ്ങൾ നൽകു​ന്നത്‌. അവൻ തീർച്ച​യാ​യും തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കും. യഹോവ “ഭോഷ്‌കി​ല്ലാത്ത ദൈവ”മായതി​നാൽ, അവൻ “നിരൂ​പി​ച്ചി​രി​ക്കു​ന്നു” എങ്കിൽ അവനത്‌ “അനുഷ്‌ഠി​ക്കു”കതന്നെ ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—തീത്തൊസ്‌ 1:2.

കഠിന​ഹൃ​ദ​യർ

17, 18. ‘കഠിന​ഹൃ​ദ​യ​ന്മാർ’ എന്ന്‌ പുരാതന കാലത്തെ ആരെ വിശേ​ഷി​പ്പി​ക്കാ​വു​ന്ന​താണ്‌? (ബി) ഇന്ന്‌ ആരെ അപ്രകാ​രം വിശേ​ഷി​പ്പി​ക്കാ​നാ​കും?

17 യഹോവ വീണ്ടും പ്രാവ​ച​നി​ക​മാ​യി ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ബാബി​ലോ​ണി​യ​രി​ലേക്കു തന്റെ ശ്രദ്ധ തിരി​ക്കു​ന്നു: “നീതി​യോ​ടു അകന്നി​രി​ക്കുന്ന കഠിന​ഹൃ​ദ​യ​ന്മാ​രേ, എന്റെ വാക്കു കേൾപ്പിൻ.” (യെശയ്യാ​വു 46:12എ) ‘കഠിന​ഹൃ​ദ​യ​ന്മാർ’ എന്ന പ്രയോ​ഗം ദൈ​വേ​ഷ്ട​ത്തിന്‌ എതിരെ പ്രവർത്തി​ക്കുന്ന മർക്കട​മു​ഷ്ടി​ക​ളായ ആളുകളെ വിശേ​ഷി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ബാബി​ലോ​ണി​യർ ദൈവ​ത്തിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന​വ​രാണ്‌ എന്നതിനു യാതൊ​രു സംശയ​വു​മില്ല. യഹോ​വ​യോ​ടും അവന്റെ ജനത്തോ​ടു​മുള്ള വിദ്വേ​ഷം, യെരൂ​ശ​ലേ​മും അതിലുള്ള ആലയവും നശിപ്പിച്ച്‌ അവിടത്തെ നിവാ​സി​കളെ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​കാൻ അവരെ പ്രേരി​പ്പി​ക്കു​ന്നു.

18 ഇന്ന്‌, മുഴു നിവസിത ഭൂമി​യി​ലും പ്രസം​ഗി​ക്ക​പ്പെ​ടുന്ന രാജ്യ​സ​ന്ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കാൻ സന്ദേഹി​ക​ളും അവിശ്വാ​സി​ക​ളും മനഃപൂർവം വിസമ്മ​തി​ക്കു​ന്നു. (മത്തായി 24:14) അഖിലാണ്ഡ പരമാ​ധി​കാ​രി എന്ന നിലയിൽ യഹോ​വയെ അംഗീ​ക​രി​ക്കാൻ അവർക്കു താത്‌പ​ര്യ​മില്ല. (സങ്കീർത്തനം 83:18; വെളി​പ്പാ​ടു 4:11) “നീതി​യോ​ടു അകന്നി​രി​ക്കുന്ന” കഠിന​ഹൃ​ദയർ എന്ന നിലയിൽ അവർ ദൈവ​ഹി​ത​ത്തോ​ടു ചെറു​ത്തു​നിൽക്കു​ക​യും അതിനെ എതിർക്കു​ക​യും ചെയ്യുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) ബാബി​ലോ​ണി​യരെ പോലെ, യഹോ​വ​യ്‌ക്കു ചെവി​കൊ​ടു​ക്കാൻ അവർ വിസമ്മ​തി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ രക്ഷ വൈകു​ക​യി​ല്ല

19. ഏതു വിധത്തിൽ യഹോവ ഇസ്രാ​യേ​ലി​നു വേണ്ടി നീതി പ്രവർത്തി​ക്കും?

19 യെശയ്യാവു 46-ാം അധ്യാ​യ​ത്തി​ന്റെ അവസാന വാക്യം യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ചില സവി​ശേ​ഷ​തകൾ എടുത്തു​കാ​ട്ടു​ന്നു: “ഞാൻ എന്റെ നീതിയെ അടുത്തു വരുത്തി​യി​രി​ക്കു​ന്നു; അതു ദൂരമാ​യി​രി​ക്കു​ന്നില്ല; എന്റെ രക്ഷ താമസി​ക്ക​യു​മില്ല; ഞാൻ സീയോ​നിൽ രക്ഷയും യിസ്രാ​യേ​ലി​ന്നു എന്റെ മഹത്വ​വും നല്‌കും.” (യെശയ്യാ​വു 46:12ബി) ഇസ്രാ​യേ​ലി​നെ വിടു​വി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ ഒരു നീതി​പ്ര​വൃ​ത്തി​യാണ്‌. പ്രവാ​സ​ത്തിൽ നിത്യം തുടരാൻ യഹോവ തന്റെ ജനത്തെ അനുവ​ദി​ക്കു​ക​യില്ല. തക്കസമ​യത്തു സീയോ​നു രക്ഷ കൈവ​രും, അത്‌ ‘താമസി​ക്കു​ക​യില്ല.’ അടിമ​ത്ത​ത്തിൽ നിന്നുള്ള വിടു​ത​ലി​നെ തുടർന്ന്‌ ഇസ്രാ​യേ​ല്യർ ചുറ്റു​മുള്ള ജനതക​ളു​ടെ ശ്രദ്ധാ​കേ​ന്ദ്രം ആയിത്തീ​രും. തന്റെ ജനതയെ വിടു​വി​ക്കു​ന്നത്‌ രക്ഷ പ്രദാനം ചെയ്യാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തിക്ക്‌ ഒരു സാക്ഷ്യ​മാ​യി​രി​ക്കും. ബേൽ, നെബോ എന്നീ ബാബി​ലോ​ണി​യൻ ദൈവ​ങ്ങ​ളു​ടെ നിഷ്‌ഫലത സകലർക്കും വ്യക്തമാ​കും, ആ ദൈവ​ങ്ങ​ളു​ടെ കഴിവി​ല്ലായ്‌മ വെളി​ച്ച​ത്താ​കും.—1 രാജാ​ക്ക​ന്മാർ 18:39, 40.

20. യഹോവ വരുത്തുന്ന ‘രക്ഷ താമസി​ക്കു​ക​യില്ല’ എന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എങ്ങനെ?

20 യഹോവ 1919-ൽ തന്റെ ജനത്തെ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ച്ചു. അവൻ വൈകി​യില്ല. ആ സംഭവ​വും പുരാതന കാലത്ത്‌ ബാബി​ലോൺ കോ​രെ​ശി​ന്റെ മുമ്പാകെ മുട്ടു​മ​ട​ക്കി​യ​തും ഇന്നു നമുക്കു പ്രോ​ത്സാ​ഹ​ന​മേ​കു​ന്നു. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​ക്കും അതിന്റെ വ്യാജാ​രാ​ധ​ന​യ്‌ക്കു​മെ​ല്ലാം, അന്ത്യം വരുത്തു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 19:1, 2, 17-21) മാനു​ഷിക വീക്ഷണ​ത്തിൽ, തങ്ങൾക്കു രക്ഷ ലഭിക്കാൻ വൈകി​യി​രി​ക്കു​ന്ന​താ​യി ചില ക്രിസ്‌ത്യാ​നി​കൾക്കു തോന്നി​യേ​ക്കാം. എന്നുവ​രി​കി​ലും, ആ വാഗ്‌ദാ​നം നിവർത്തി​ക്കാ​നുള്ള തക്കസമ​യ​ത്തി​നാ​യി യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്നത്‌ വാസ്‌ത​വ​ത്തിൽ ഒരു നീതി​പ്ര​വൃ​ത്തി​യാണ്‌. കാരണം, ‘ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ യഹോവ ഇച്ഛിക്കു​ന്നു.’ (2 പത്രൊസ്‌ 3:9) അതു​കൊണ്ട്‌, പുരാതന ഇസ്രാ​യേ​ല്യ​രു​ടെ കാലത്തെന്ന പോലെ ‘രക്ഷ താമസി​ക്കു​ക​യില്ല.’ വാസ്‌ത​വ​ത്തിൽ, രക്ഷാദി​വസം അടുത്തു​വ​രു​ന്തോ​റും യഹോവ സ്‌നേ​ഹ​പു​ര​സ്സരം തുടർന്നും ഈ ക്ഷണം വെച്ചു​നീ​ട്ടു​ന്നു: “യഹോ​വയെ കണ്ടെത്താ​കുന്ന സമയത്തു അവനെ അന്വേ​ഷി​പ്പിൻ; അവൻ അടുത്തി​രി​ക്കു​മ്പോൾ അവനെ വിളി​ച്ച​പേ​ക്ഷി​പ്പിൻ. ദുഷ്ടൻ തന്റെ വഴി​യെ​യും നീതി​കെ​ട്ടവൻ തന്റെ വിചാ​ര​ങ്ങ​ളെ​യും ഉപേക്ഷി​ച്ചു യഹോ​വ​യി​ങ്ക​ലേക്കു തിരി​യട്ടെ; അവൻ അവനോ​ടു കരുണ​കാ​ണി​ക്കും; നമ്മുടെ ദൈവ​ത്തി​ങ്ക​ലേക്കു തിരി​യട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാ​വു 55:6, 7.

[അധ്യയന ചോദ്യ​ങ്ങൾ]

[94-ാം പേജിലെ ചിത്രങ്ങൾ]

ബാബി​ലോ​ണി​ലെ ദൈവങ്ങൾ നാശത്തിൽനിന്ന്‌ അവളെ രക്ഷിക്കു​ന്നി​ല്ല

[98-ാം പേജിലെ ചിത്രങ്ങൾ]

ആധുനി​ക​കാല വിഗ്ര​ഹ​ങ്ങ​ളു​ടെ കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾ ജാഗരൂ​കർ ആയിരി​ക്ക​ണം

[101-ാം പേജിലെ ചിത്രങ്ങൾ]

ശരിയായതു ചെയ്യാൻ ധൈര്യം സംഭരി​ക്കു​ക