വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ​—⁠“നീതിമാനായ ദൈവവും രക്ഷകനും”

യഹോവ​—⁠“നീതിമാനായ ദൈവവും രക്ഷകനും”

അധ്യായം ആറ്‌

യഹോവ—“നീതി​മാ​നായ ദൈവ​വും രക്ഷകനും”

യെശയ്യാവു 45:1-25

1, 2. യെശയ്യാ​വു 45-ാം അധ്യാ​യ​ത്തിൽ എന്തെല്ലാം ഉറപ്പുകൾ നാം കാണുന്നു, നാം ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും?

 യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ ആശ്രയ​യോ​ഗ്യ​മാണ്‌. അവൻ സ്രഷ്ടാ​വാണ്‌, കാര്യങ്ങൾ വെളി​പ്പെ​ടു​ത്തുന്ന ദൈവ​മാണ്‌. അവൻ നീതി​മാ​നായ ദൈവ​വും സകല ജനതക​ളി​ലും പെട്ട ആളുക​ളു​ടെ രക്ഷകനും ആണെന്ന്‌ ആവർത്തി​ച്ചു തെളി​യി​ച്ചി​രി​ക്കു​ന്നു. യെശയ്യാ​വു 45-ാം അധ്യാ​യ​ത്തിൽ കാണുന്ന ഹൃദ​യോ​ഷ്‌മ​ള​മായ ചില ഉറപ്പു​ക​ളാണ്‌ ഇവ.

2 അതിനുപുറമേ, പ്രവച​നങ്ങൾ നടത്താ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യു​ടെ ശ്രദ്ധേ​യ​മായ ഒരു ദൃഷ്ടാ​ന്ത​വും യെശയ്യാ​വു 45-ാം അധ്യാ​യ​ത്തിൽ അടങ്ങി​യി​രി​ക്കു​ന്നു. വിദൂര രാജ്യ​ങ്ങ​ളിൽ ദൃഷ്ടി പതിപ്പി​ക്കാ​നും വരും നൂറ്റാ​ണ്ടു​ക​ളിൽ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യങ്ങൾ നിരീ​ക്ഷി​ക്കാ​നും ദൈവാ​ത്മാവ്‌ യെശയ്യാ​വി​നെ പ്രാപ്‌ത​നാ​ക്കി. യഥാർഥ പ്രവച​ന​ത്തി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു മാത്രം കൃത്യ​ത​യോ​ടെ മുൻകൂ​ട്ടി പറയാൻ കഴിയുന്ന ഒരു സംഭവത്തെ കുറിച്ചു വർണി​ക്കാ​നും അത്‌ യെശയ്യാ​വി​നു പ്രചോ​ദ​ന​മേ​കു​ന്നു. ഏതാണ്‌ ആ സംഭവം? യെശയ്യാ​വി​ന്റെ നാളിലെ ദൈവ​ജ​നത്തെ അത്‌ എങ്ങനെ ബാധി​ക്കു​ന്നു? ഇന്ന്‌ നമ്മെ സംബന്ധിച്ച്‌ അതിന്‌ എന്ത്‌ അർഥമാണ്‌ ഉള്ളത്‌? പ്രവാ​ച​കന്റെ വാക്കുകൾ നമുക്കു പരി​ശോ​ധി​ക്കാം.

ബാബി​ലോ​ണിന്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ അരുള​പ്പാട്‌

3. കോ​രെ​ശി​ന്റെ ജയിച്ച​ട​ക്ക​ലി​നെ യെശയ്യാ​വു 45:1, 2, 3ബി എന്നീ വാക്യങ്ങൾ വളരെ വ്യക്തമാ​യി വർണി​ക്കു​ന്നത്‌ എങ്ങനെ?

3 ‘യഹോവ തന്റെ അഭിഷി​ക്ത​നായ കോ​രെ​ശി​നോ​ടു ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു—അവന്നു ജാതി​കളെ കീഴടക്കി രാജാ​ക്ക​ന്മാ​രു​ടെ അരക്കച്ച​കളെ അഴി​ക്കേ​ണ്ട​തി​ന്നും കതകുകൾ അവന്നു തുറന്നി​രി​ക്കേ​ണ്ട​തി​ന്നും വാതി​ലു​കൾ അടയാ​തി​രി​ക്കേ​ണ്ട​തി​ന്നും ഞാൻ അവന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു—: ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘ​ട​ങ്ങളെ നിരപ്പാ​ക്കു​ക​യും താമ്ര​വാ​തി​ലു​കളെ തകർത്തു ഇരി​മ്പോ​ടാ​മ്പ​ലു​കളെ ഖണ്ഡിച്ചു​ക​ള​ക​യും ചെയ്യും. ഞാൻ നിനക്കു ഇരുട്ടി​ലെ നിക്ഷേ​പ​ങ്ങ​ളെ​യും മറവി​ട​ങ്ങ​ളി​ലെ ഗുപ്‌ത​നി​ധി​ക​ളെ​യും തരും.’—യെശയ്യാ​വു 45:1, 2, 3ബി.

4. (എ) കോ​രെ​ശി​നെ യഹോവ തന്റെ ‘അഭിഷി​ക്തൻ’ എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോവ കോ​രെ​ശിന്‌ എങ്ങനെ വിജയം ഉറപ്പു​വ​രു​ത്തും?

4 യെശയ്യാവിന്റെ നാളിൽ കോ​രെശ്‌ ജനിച്ചി​ട്ടു​പോ​ലും ഇല്ലായി​രു​ന്നെ​ങ്കി​ലും അവൻ അപ്പോൾത്തന്നെ ജീവി​ച്ചി​രി​ക്കു​ന്നതു പോ​ലെ​യാണ്‌ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ അവനോ​ടു സംസാ​രി​ക്കു​ന്നത്‌. (റോമർ 4:17) ഒരു പ്രത്യേക ദൗത്യം നിർവ​ഹി​ക്കാൻ യഹോവ കോ​രെ​ശി​നെ നിയു​ക്ത​നാ​ക്കു​ന്ന​തു​കൊണ്ട്‌ അവൻ ദൈവ​ത്തി​ന്റെ ‘അഭിഷി​ക്തൻ’ ആണെന്നു പറയാ​നാ​കും. ദൈവ​ത്തി​ന്റെ വഴിന​ട​ത്തി​പ്പിൽ അവൻ ജനതകളെ കീഴട​ക്കു​ക​യും അങ്ങനെ രാജാ​ക്ക​ന്മാ​രെ ദുർബ​ല​രും ചെറു​ത്തു​നിൽക്കാൻ ശേഷി​യി​ല്ലാ​ത്ത​വ​രും ആക്കുക​യും ചെയ്യും. പിന്നീട്‌, കോ​രെശ്‌ ബാബി​ലോ​ണി​നെ ആക്രമി​ക്കു​മ്പോൾ ആ നഗരത്തി​ന്റെ കവാടങ്ങൾ തുറന്നു കിടക്കു​ന്നു​വെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തും. പൂർണ​മാ​യി തകർക്ക​പ്പെട്ട കവാടങ്ങൾ പോലെ അവ ഉപയോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കും. മാർഗ​മ​ധ്യേ​യുള്ള എല്ലാ പ്രതി​ബ​ന്ധ​ങ്ങ​ളും തട്ടിനീ​ക്കി​ക്കൊണ്ട്‌ യഹോവ കോ​രെ​ശി​നു മുമ്പായി പോകും. ഒടുവിൽ, കോ​രെ​ശി​ന്റെ സൈന്യം നഗരം കീഴട​ക്കു​ക​യും ഇരുണ്ട അറകളി​ലുള്ള അതിന്റെ ‘ഗുപ്‌ത​നി​ധി​കൾ’ എടുത്തു​കൊ​ണ്ടു പോകു​ക​യും ചെയ്യും. യെശയ്യാവ്‌ മുൻകൂ​ട്ടി പറയു​ന്നത്‌ അതാണ്‌. അവന്റെ വാക്കുകൾ നിവൃ​ത്തി​യേ​റു​ന്നു​ണ്ടോ?

5, 6. ബാബി​ലോ​ണി​ന്റെ പതനത്തെ കുറി​ച്ചുള്ള പ്രവചനം എപ്പോൾ, എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു?

5 യെശയ്യാവു തന്റെ പ്രവചനം രേഖ​പ്പെ​ടു​ത്തി ഏകദേശം 200 വർഷം കഴിഞ്ഞ്‌, അതായത്‌ പൊ.യു.മു. 539-ൽ, കോ​രെശ്‌ ബാബി​ലോ​ണി​നെ ആക്രമി​ക്കാൻ ആ നഗരത്തി​ന്റെ മതിലു​കൾക്ക്‌ അടുത്ത്‌ എത്തുന്നു. (യിരെ​മ്യാ​വു 51:11, 12) എന്നാൽ, ബാബി​ലോ​ണി​യർ അതൊ​ന്നും ഗൗനി​ക്കു​ന്നില്ല. തങ്ങളുടെ നഗരം ആർക്കും പിടി​ച്ച​ട​ക്കാ​നാ​വി​ല്ലെ​ന്നാണ്‌ അവരുടെ വിചാരം. അതിന്റെ കൂറ്റൻ മതിലു​കൾ, പ്രതി​രോധ വ്യവസ്ഥ​യു​ടെ ഭാഗമായ യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളം നിറഞ്ഞ ആഴമേ​റിയ കിടങ്ങു​ക​ളു​ടെ മീതെ തല ഉയർത്തി നിൽക്കു​ന്നു. കഴിഞ്ഞ നൂറു വർഷമാ​യി നേരി​ട്ടുള്ള ആക്രമ​ണ​ത്തി​ലൂ​ടെ ഒരു ശത്രു​വും ബാബി​ലോ​ണി​നെ പിടി​ച്ച​ട​ക്കി​യി​ട്ടില്ല! പിന്നെ എന്തിന്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടണം? വാസ്‌ത​വ​ത്തിൽ, ബാബി​ലോ​ണി​ന്റെ ഭരണാ​ധി​പ​നായ ബേൽശ​സ്സ​റിന്‌ അതിന്റെ സുരക്ഷ​യിൽ ഉറച്ച വിശ്വാ​സ​മു​ള്ള​തി​നാൽ തന്റെ രാജസ​ദ​സ്സി​ലെ അംഗങ്ങ​ളോ​ടൊ​പ്പം അവൻ വിരു​ന്നു​ക​ഴി​ക്കു​ക​യാണ്‌. (ദാനീ​യേൽ 5:1) അന്നു രാത്രി​യിൽ—ഒക്‌ടോ​ബർ 5/6-നു രാത്രി​യിൽ—കോ​രെശ്‌ തന്റെ സമർഥ​മായ സൈനിക നീക്കം പൂർത്തി​യാ​ക്കു​ന്നു.

6 കോരെശിന്റെ എൻജി​നീ​യർമാർ ബാബി​ലോ​ണി​ലേക്ക്‌ ഒഴുകുന്ന യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളത്തി​ന്റെ ഗതി അതിന്റെ മേൽഭാ​ഗ​ത്തു​വെച്ച്‌ തിരി​ച്ചു​വി​ട്ടു. ഇപ്പോൾ അതിലെ വെള്ളം തെക്കോട്ട്‌ ഒഴുകി നഗരത്തിൽ എത്തുന്നില്ല. താമസി​യാ​തെ, ബാബി​ലോ​ണിന്‌ ഉള്ളിലൂ​ടെ​യും അതിനെ ചുറ്റി​യും ഒഴുകുന്ന നദിയി​ലെ ജലനി​രപ്പു താഴുന്നു, അങ്ങനെ കോ​രെ​ശി​ന്റെ യോദ്ധാ​ക്കൾക്കു നദീത​ട​ത്തി​ലൂ​ടെ നടന്ന്‌ നഗരത്തി​ന്റെ ഹൃദയ​ഭാ​ഗ​ത്തേക്കു ചെല്ലാൻ സാധി​ക്കു​ന്നു. (യെശയ്യാ​വു 44:27; യിരെ​മ്യാ​വു 50:38) വിസ്‌മ​യാ​വ​ഹ​മെന്നു പറയട്ടെ, യെശയ്യാ​വു മുൻകൂ​ട്ടി പറഞ്ഞതു പോലെ, നഗരത്തി​ന്റെ നദീതീ​ര​ത്തുള്ള കവാടങ്ങൾ തുറന്നു കിടക്കു​ന്നു. കോ​രെ​ശി​ന്റെ സൈന്യം ബാബി​ലോൺ നഗരത്തി​നു​ള്ളി​ലേക്കു തള്ളിക്ക​യറി കൊട്ടാ​രം പിടി​ച്ച​ട​ക്കു​ക​യും ബേൽശസ്സർ രാജാ​വി​നെ വധിക്കു​ക​യും ചെയ്യുന്നു. (ദാനീ​യേൽ 5:30) ഒറ്റരാ​ത്രി​കൊണ്ട്‌ പിടി​ച്ച​ടക്കൽ പൂർത്തി​യാ​കു​ന്നു. അതേ, ബാബി​ലോൺ വീണി​രി​ക്കു​ന്നു. അങ്ങനെ അതു സംബന്ധിച്ച പ്രവചനം അക്ഷരം​പ്രതി നിറ​വേറി.

7. കോ​രെ​ശി​നെ സംബന്ധിച്ച യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃത്തി ക്രിസ്‌ത്യാ​നി​കളെ എങ്ങനെ ബലിഷ്‌ഠ​മാ​ക്കു​ന്നു?

7 വള്ളിപുള്ളി വിടാതെ നിവൃ​ത്തി​യേ​റിയ ഈ പ്രവചനം ഇന്നു ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നു. നിവൃ​ത്തി​യേ​റാ​നി​രി​ക്കുന്ന ബൈബിൾ പ്രവച​ന​ങ്ങ​ളും തികച്ചും ആശ്രയ​യോ​ഗ്യ​മാണ്‌ എന്നു വിശ്വ​സി​ക്കാൻ അതു ശക്തമായ കാരണം നൽകുന്നു. (2 പത്രൊസ്‌ 1:20, 21) പൊ.യു.മു. 539-ലെ ബാബി​ലോ​ണി​ന്റെ വീഴ്‌ച​യാൽ മുൻനി​ഴ​ലാ​ക്ക​പ്പെട്ട സംഭവം, അതായത്‌ ‘മഹാബാ​ബി​ലോ​ണി’ന്റെ വീഴ്‌ച, 1919-ൽ സംഭവി​ച്ചു എന്ന്‌ യഹോ​വ​യു​ടെ ആരാധ​കർക്ക്‌ അറിയാം. ഇപ്പോൾ അവർ, ആധുനിക മത സംഘട​നകൾ നശിപ്പി​ക്ക​പ്പെ​ടാ​നും വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പ്രകാരം സാത്താന്റെ അധീന​ത​യി​ലുള്ള രാഷ്‌ട്രീയ വ്യവസ്ഥി​തി നീക്കം ചെയ്യ​പ്പെ​ടാ​നും സാത്താൻ അഗാധ​ത്തിൽ അടയ്‌ക്ക​പ്പെ​ടാ​നും പുതിയ ആകാശ​വും പുതിയ ഭൂമി​യും സ്ഥാപി​ത​മാ​കാ​നും ഉള്ള സമയത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌. (വെളി​പ്പാ​ടു 18:2, 21; 19:19-21; 20:1-3, 12, 13; 21:1-5എ) യഹോ​വ​യു​ടെ പ്രവച​നങ്ങൾ പൊള്ള​യായ വാഗ്‌ദാ​ന​ങ്ങളല്ല മറിച്ച്‌, സുനി​ശ്ചി​ത​മായ ഭാവി സംഭവ​ങ്ങ​ളു​ടെ വിവര​ണങ്ങൾ ആണെന്ന്‌ അവർക്ക​റി​യാം. ബാബി​ലോ​ണി​ന്റെ വീഴ്‌ചയെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ സകല വിശദാം​ശ​ങ്ങ​ളും നിറ​വേ​റി​യി​രി​ക്കു​ന്നത്‌ അനുസ്‌മ​രി​ക്കു​മ്പോൾ സത്യ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സം ബലപ്പെ​ടു​ന്നു. യഹോവ എല്ലായ്‌പോ​ഴും തന്റെ വാക്കു നിവർത്തി​ക്കു​ന്നു എന്ന്‌ അവർക്ക​റി​യാം.

യഹോവ കോ​രെ​ശി​നോ​ടു പ്രീതി കാട്ടു​ന്ന​തി​ന്റെ കാരണം

8. യഹോവ കോ​രെ​ശിന്‌ ബാബി​ലോ​ണി​ന്റെ​മേൽ വിജയം നൽകു​ന്ന​തി​ന്റെ ഒരു കാരണ​മെന്ത്‌?

8 ആര്‌ ബാബി​ലോൺ കീഴട​ക്കു​മെ​ന്നും അത്‌ എങ്ങനെ സംഭവി​ക്കു​മെ​ന്നും പ്രസ്‌താ​വി​ച്ച​ശേഷം, കോ​രെ​ശി​നു വിജയം നൽകു​ന്ന​തി​ന്റെ ഒരു കാരണം യഹോവ വിശദീ​ക​രി​ക്കു​ന്നു. പ്രാവ​ച​നി​ക​മാ​യി കോ​രെ​ശി​നോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ യഹോവ അതേക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “നിന്നെ പേർ ചൊല്ലി വിളി​ക്കുന്ന ഞാൻ യഹോവ, യിസ്രാ​യേ​ലി​ന്റെ ദൈവം തന്നേ എന്നു നീ അറി​യേ​ണ്ട​തി​ന്നു.” (യെശയ്യാ​വു 45:3എ) തന്നെക്കാൾ വലിയ​വന്റെ—സാർവ​ത്രിക പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ—പിന്തു​ണ​കൊ​ണ്ടാണ്‌ തനിക്ക്‌ അതിമ​ഹ​ത്തായ ഈ വിജയം ലഭിച്ചി​രി​ക്കു​ന്നത്‌ എന്ന്‌ ബൈബിൾ ചരി​ത്ര​ത്തി​ലെ നാലാ​മത്തെ ലോക​ശ​ക്തി​യു​ടെ ആ ഭരണാ​ധി​പൻ തിരി​ച്ച​റി​യു​ന്നത്‌ ഉചിത​മാണ്‌. തന്നെ വിളി​ച്ചി​രി​ക്കു​ന്നത്‌ അഥവാ നിയു​ക്ത​നാ​ക്കി​യി​രി​ക്കു​ന്നത്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാണ്‌ എന്ന്‌ കോ​രെശ്‌ അംഗീ​ക​രി​ക്കണം. തന്റെ വിജയം യഹോ​വ​യിൽ നിന്നാണു വന്നത്‌ എന്ന്‌ കോ​രെശ്‌ അംഗീ​ക​രി​ച്ചെന്ന്‌ ബൈബിൾ വൃത്താന്തം വെളി​പ്പെ​ടു​ത്തു​ന്നു.—എസ്രാ 1:2, 3.

9. ബാബി​ലോ​ണി​നെ കീഴട​ക്കാൻ യഹോവ കോ​രെ​ശി​നെ കൊണ്ടു​വ​രു​ന്ന​തി​ന്റെ രണ്ടാമത്തെ കാരണം എന്ത്‌?

9 ബാബിലോണിനെ കീഴട​ക്കാൻ കോ​രെ​ശി​നെ കൊണ്ടു​വ​രു​ന്ന​തി​ന്റെ രണ്ടാമത്തെ കാരണം യഹോവ വിശദീ​ക​രി​ക്കു​ന്നു: “എന്റെ ദാസനായ യാക്കോ​ബ്‌നി​മി​ത്ത​വും എന്റെ വൃതനായ [“ഞാൻ തിര​ഞ്ഞെ​ടുത്ത,” “പി.ഒ.സി. ബൈ.”] യിസ്രാ​യേൽനി​മി​ത്ത​വും ഞാൻ നിന്നെ പേർ ചൊല്ലി വിളി​ച്ചി​രി​ക്കു​ന്നു; നീ എന്നെ അറിയാ​തെ ഇരിക്കെ ഞാൻ നിന്നെ ഓമന​പ്പേർ ചൊല്ലി വിളി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 45:4) ബാബി​ലോ​ണി​ന്റെ മേലുള്ള കോ​രെ​ശി​ന്റെ വിജയം സുപ്ര​ധാ​ന​മാണ്‌. അത്‌ ഒരു ലോക​ശ​ക്തി​യു​ടെ പതന​ത്തെ​യും മറ്റൊ​ന്നി​ന്റെ ഉദയ​ത്തെ​യും സൂചി​പ്പി​ക്കു​ന്നു. ഭാവി തലമു​റ​ക​ളു​ടെ​മേൽ അത്‌ ശാശ്വ​ത​മായ പ്രഭാവം ചെലു​ത്തും. ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന “നിസ്സാ​ര​രായ” ഏതാനും ആയിര​ങ്ങളെ—യാക്കോ​ബി​ന്റെ പിൻത​ല​മു​റ​ക്കാ​രെ—പ്രതി​യാണ്‌ ഇതെല്ലാം സംഭവി​ക്കു​ന്നത്‌ എന്ന അറിവ്‌ സംഭവങ്ങൾ സാകൂതം വീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ചുറ്റു​മുള്ള ജനതകളെ അതിശ​യി​പ്പി​ച്ചേ​ക്കാം. എന്നാൽ, പുരാതന ഇസ്രാ​യേൽ ജനതയു​ടെ ഈ അതിജീ​വകർ യഹോ​വ​യു​ടെ കണ്ണിൽ ഒട്ടും നിസ്സാ​രരല്ല. അവർ അവന്റെ ‘ദാസന്മാർ’ ആണ്‌. സകല ജനതക​ളിൽ നിന്നും അവൻ “തിര​ഞ്ഞെ​ടുത്ത” ജനത ഇസ്രാ​യേൽ ആണ്‌. കോ​രെശ്‌ മുമ്പ്‌ യഹോ​വയെ അറിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും, ബന്ദിക​ളാ​യി പിടി​ച്ചി​രി​ക്കു​ന്ന​വരെ മോചി​പ്പി​ക്കാൻ വിസമ്മ​തി​ക്കുന്ന നഗരത്തെ കീഴട​ക്കാൻ യഹോവ അവനെ തന്റെ അഭിഷി​ക്ത​നാ​യി ഉപയോ​ഗി​ക്കു​ന്നു. താൻ തിര​ഞ്ഞെ​ടുത്ത ജനത വിദേ​ശ​മ​ണ്ണിൽ എന്നേക്കും നരകിച്ചു കഴിയുക എന്നത്‌ അവന്റെ ഉദ്ദേശ്യ​മല്ല.

10. ബാബി​ലോ​ണി​യൻ ലോക​ശ​ക്തി​യു​ടെ അന്ത്യം കുറി​ക്കാൻ യഹോവ കോ​രെ​ശി​നെ ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ ഏറ്റവും പ്രധാന കാരണം എന്താണ്‌?

10 ബാബിലോണിനെ മറിച്ചി​ടാൻ യഹോവ കോ​രെ​ശി​നെ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഏറെ പ്രധാ​ന​മായ മൂന്നാ​മ​തൊ​രു കാരണ​വു​മുണ്ട്‌. യഹോവ പറയുന്നു: “ഞാൻ യഹോ​വ​യാ​കു​ന്നു; മറെറാ​രു​ത്ത​നു​മില്ല; ഞാനല്ലാ​തെ ഒരു ദൈവ​വു​മില്ല; നീ എന്നെ അറിയാ​തെ​യി​രി​ക്കെ ഞാൻ നിന്റെ അര മുറു​ക്കി​യി​രി​ക്കു​ന്നു. സൂര്യോ​ദ​യ​ത്തി​ങ്ക​ലും അസ്‌ത​മാ​ന​ത്തി​ങ്ക​ലും [“കിഴക്കു​മു​തൽ പടിഞ്ഞാ​റു​വരെ,” NIBV] ഉള്ളവർ ഞാനല്ലാ​തെ മറെറാ​രു​ത്ത​നും ഇല്ല എന്നറി​യേ​ണ്ട​തി​ന്നു തന്നേ; ഞാൻ യഹോ​വ​യാ​കു​ന്നു; മറെറാ​രു​ത്ത​നും ഇല്ല.” (യെശയ്യാ​വു 45:5, 6) ബാബി​ലോ​ണി​യൻ ലോക​ശ​ക്തി​യു​ടെ പതനം യഹോ​വ​യു​ടെ ദൈവ​ത്വ​ത്തി​ന്റെ അടയാ​ള​മാണ്‌. അതേ, ആരാധി​ക്ക​പ്പെ​ടാൻ അർഹത​യു​ള്ളവൻ അവൻ മാത്ര​മാണ്‌ എന്നതിനു സകലർക്കു​മുള്ള തെളി​വാ​ണത്‌. ദൈവ​ജനം വിടു​വി​ക്ക​പ്പെ​ടു​ന്ന​തു​കൊണ്ട്‌ യഹോ​വ​യാണ്‌ ഏക സത്യ​ദൈവം എന്ന്‌ നിരവധി ജനതക​ളി​ലു​ള്ളവർ—കിഴക്കു മുതൽ പടിഞ്ഞാ​റു വരെയു​ള്ളവർ—അറിയാൻ ഇടയാ​കും.—മലാഖി 1:11.

11. ബാബി​ലോ​ണി​നെ കുറി​ച്ചുള്ള തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാൻ തനിക്കു ശക്തിയു​ണ്ടെന്ന്‌ യഹോവ വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ?

11 പ്രസ്‌തുത സംഭവം നടക്കു​ന്ന​തിന്‌ ഏകദേശം 200 വർഷം മുമ്പാണ്‌ യെശയ്യാ​വി​ന്റെ ഈ പ്രവചനം എഴുത​പ്പെ​ട്ട​തെന്ന്‌ ഓർക്കുക. അതു കേൾക്കു​മ്പോൾ ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘യഹോ​വ​യ്‌ക്കു വാസ്‌ത​വ​മാ​യും ആ പ്രവചനം നിവർത്തി​ക്കാ​നുള്ള ശക്തിയു​ണ്ടോ?’ ഉവ്വ്‌ എന്നാണ്‌ ഉത്തരം, ചരിത്രം അതു സാക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. താൻ പറയു​ന്നതു നിർവ​ഹി​ക്കാൻ തനിക്കു കഴിവു​ണ്ടെന്നു വിശ്വ​സി​ക്കു​ന്നതു ന്യായ​യു​ക്ത​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം യഹോവ വിശദീ​ക​രി​ക്കു​ന്നു: “ഞാൻ പ്രകാ​ശത്തെ നിർമ്മി​ക്കു​ന്നു, അന്ധകാ​ര​ത്തെ​യും സൃഷ്ടി​ക്കു​ന്നു; ഞാൻ നന്മയെ ഉണ്ടാക്കു​ന്നു, തിന്മ​യെ​യും [“ദുരന്തത്തെ,” NW] സൃഷ്ടി​ക്കു​ന്നു യഹോ​വ​യായ ഞാൻ ഇതൊ​ക്കെ​യും ചെയ്യുന്നു.” (യെശയ്യാ​വു 45:7) പ്രകാശം മുതൽ അന്ധകാരം വരെ സൃഷ്ടി​യി​ലുള്ള സകലതും, സമാധാ​നം മുതൽ ദുരന്തം വരെ ചരി​ത്ര​ത്തി​ലുള്ള സകലതും യഹോ​വ​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌. പകൽ സമയത്തു വെളി​ച്ച​വും രാത്രി സമയത്ത്‌ അന്ധകാ​ര​വും സൃഷ്ടി​ക്കു​ന്നതു പോലെ, അവൻ ഇസ്രാ​യേ​ല്യർക്കു സമാധാ​ന​വും ബാബി​ലോ​ണി​യർക്കു ദുരന്ത​വും വരുത്തും. പ്രപഞ്ചത്തെ സൃഷ്ടി​ക്കാൻ ശക്തിയുള്ള യഹോ​വ​യ്‌ക്ക്‌ തന്റെ പ്രവച​നങ്ങൾ നിവർത്തി​ക്കാ​നും ശക്തിയുണ്ട്‌. ആ അറിവ്‌ ഇന്നു ശുഷ്‌കാ​ന്തി​യോ​ടെ അവന്റെ പ്രാവ​ച​നിക വചനങ്ങൾ പഠിക്കുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ ആശ്വാസം പകരുന്നു.

12. (എ) പ്രതീ​കാ​ത്മക ആകാശ​ത്തു​നി​ന്നും ഭൂമി​യിൽനി​ന്നും എന്ത്‌ ഉളവാ​കാൻ യഹോവ ഇടയാ​ക്കു​ന്നു? (ബി) യെശയ്യാ​വു 45:8-ൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആശ്വാ​സ​പ്ര​ദ​മായ എന്തു വാഗ്‌ദാ​നം അടങ്ങി​യി​രി​ക്കു​ന്നു?

12 സൃഷ്ടിയിൽ പതിവാ​യി സംഭവി​ക്കുന്ന കാര്യങ്ങൾ ഉപയോ​ഗിച്ച്‌ അടിമ​ത്ത​ത്തി​ലുള്ള യഹൂദരെ കാത്തി​രി​ക്കുന്ന കാര്യങ്ങൾ യെശയ്യാവ്‌ സമുചി​തം ചിത്രീ​ക​രി​ക്കു​ന്നു: “ആകാശമേ, മേലിൽനി​ന്നു പൊഴി​ക്കുക; മേഘങ്ങൾ നീതിയെ വർഷി​ക്കട്ടെ; രക്ഷ വിള​യേ​ണ്ട​തി​ന്നു ഭൂമി തുറന്നു​വ​രട്ടെ; അതു നീതിയെ മുളപ്പി​ക്കട്ടെ; യഹോ​വ​യായ ഞാൻ അതു സൃഷ്ടി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 45:8) അക്ഷരീയ ആകാശം ജീവദാ​യ​ക​മായ മഴ പെയ്യാൻ ഇടയാ​ക്കു​ന്നതു പോലെ, പ്രതീ​കാ​ത്മക ആകാശം തന്റെ ജനത്തി​ന്മേൽ നീതി​പൊ​ഴി​ക്കാൻ യഹോവ ഇടയാ​ക്കും. സമൃദ്ധ​മായ വിളവ്‌ ഉത്‌പാ​ദി​പ്പി​ക്കാൻ അക്ഷരീയ ഭൂമി തുറന്നു​വ​രു​ന്നതു പോലെ, തന്റെ നീതി​നി​ഷ്‌ഠ​മായ ഉദ്ദേശ്യ​ത്തി​നു—പ്രത്യേ​കി​ച്ചും ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തിൽ ആയിരി​ക്കുന്ന തന്റെ ജനത്തിന്റെ രക്ഷയ്‌ക്ക്‌—ചേർച്ച​യി​ലുള്ള സംഭവ​ങ്ങൾക്ക്‌ ഇടയാ​ക്കാൻ അവൻ പ്രതീ​കാ​ത്മക ഭൂമി​യോട്‌ ആഹ്വാനം ചെയ്യും. സമാന​മായ ഒരു വിധത്തിൽ “ആകാശ”വും “ഭൂമി”യും തന്റെ ജനത്തെ വിമോ​ചി​പ്പി​ക്കാൻ ഉതകുന്ന സംഭവങ്ങൾ ഉളവാ​ക്കാൻ 1919-ൽ യഹോവ ഇടവരു​ത്തി. അത്തരം സംഗതി​കൾ കാണു​ന്നത്‌ ക്രിസ്‌ത്യാ​നി​കളെ ആനന്ദി​പ്പി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, പ്രതീ​കാ​ത്മക ആകാശം—ദൈവ​രാ​ജ്യം—നീതി വസിക്കുന്ന ഭൂമി​യു​ടെ​മേൽ അനു​ഗ്ര​ഹങ്ങൾ വർഷി​ക്കുന്ന സമയത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കവേ, ഇത്തരം സംഭവങ്ങൾ അവരുടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ന്നു. ആ സമയത്ത്‌ പ്രതീ​കാ​ത്മക ആകാശ​ത്തു​നി​ന്നും ഭൂമി​യിൽനി​ന്നും നീതി​യും രക്ഷയും വരുന്നത്‌ പുരാതന ബാബി​ലോ​ണി​നെ ജയിച്ച​ട​ക്കി​യ​പ്പോൾ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ ഏറെ വിപു​ല​മായ അളവി​ലാ​യി​രി​ക്കും. അത്‌ യെശയ്യാ​വി​ന്റെ വാക്കു​ക​ളു​ടെ എത്ര മഹത്തായ ഒരു അന്തിമ നിവൃത്തി ആയിരി​ക്കും!—2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 21:1.

യഹോ​വ​യു​ടെ പരമാ​ധി​കാ​രം അംഗീ​ക​രി​ക്കു​ന്ന​തിൽ നിന്നുള്ള അനു​ഗ്ര​ഹ​ങ്ങൾ

13. യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ മനുഷ്യർ വെല്ലു​വി​ളി​ക്കു​ന്നത്‌ വിഡ്‌ഢി​ത്ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 ഭാവിയിലെ ആനന്ദക​ര​മായ അനു​ഗ്ര​ഹ​ങ്ങളെ കുറിച്ച്‌ വിവരി​ച്ച​ശേഷം, പ്രവച​ന​ത്തി​ന്റെ അവതരണ രീതിക്കു പെട്ടെന്നു മാറ്റം വരുന്ന​താ​യി കാണുന്നു. യെശയ്യാവ്‌ രണ്ടു തവണ കഷ്ടം പ്രഖ്യാ​പി​ക്കു​ന്നു: “നിലത്തി​ലെ കലനു​റു​ക്കു​ക​ളു​ടെ ഇടയിൽ ഒരു കലനു​റു​ക്കാ​യി​രി​ക്കെ, തന്നെ നിർമ്മി​ച്ച​വ​നോ​ടു തർക്കി​ക്കു​ന്ന​വന്നു അയ്യോ കഷ്ടം; മനയു​ന്ന​വ​നോ​ടു കളിമണ്ണു: നീ എന്തുണ്ടാ​ക്കു​ന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയു​മോ? അപ്പനോ​ടു: നീ ജനിപ്പി​ക്കു​ന്നതു എന്തു എന്നും സ്‌ത്രീ​യോ​ടു: നീ പ്രസവി​ക്കു​ന്നതു എന്തു എന്നും പറയു​ന്ന​വന്നു അയ്യോ കഷ്ടം!” (യെശയ്യാ​വു 45:9, 10) യഹോവ മുൻകൂ​ട്ടി പറയുന്ന കാര്യ​ങ്ങ​ളിൽ ഇസ്രാ​യേ​ല്യർ എതിർപ്പു പ്രകടി​പ്പി​ക്കു​ന്നു. യഹോവ തന്റെ ജനത്തെ പ്രവാ​സ​ത്തി​ലേക്കു പോകാൻ അനുവ​ദി​ക്കു​മെന്ന്‌ ഒരുപക്ഷേ അവർ വിശ്വ​സി​ക്കു​ന്നില്ല. അതുമ​ല്ലെ​ങ്കിൽ, ദാവീ​ദു​ഗൃ​ഹ​ത്തിൽ നിന്നുള്ള ഒരു രാജാ​വി​നു പകരം വിജാ​തീ​യ​നായ ഒരു രാജാവ്‌ ഇസ്രാ​യേ​ല്യ​രെ വിമോ​ചി​പ്പി​ക്കു​മെന്ന ആശയത്തെ അവർ വിമർശി​ക്കാൻ ശ്രമി​ക്കു​ന്നു​ണ്ടാ​കാം. അത്തരം എതിർപ്പു​ക​ളി​ലെ ഭോഷത്തം എടുത്തു​കാ​ണി​ക്കാൻ യെശയ്യാവ്‌ എതിർപ്പു പ്രകടി​പ്പി​ക്കു​ന്ന​വരെ നിർമാ​താ​വി​ന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉപേക്ഷി​ച്ചു കളഞ്ഞ കളിമ​ണ്ണി​നോ​ടും പാത്ര​ക്ക​ഷ​ണ​ത്തോ​ടും താരത​മ്യം ചെയ്യുന്നു. കുശവൻ നിർമിച്ച വസ്‌തു​തന്നെ കുശവനു കയ്യി​ല്ലെ​ന്നോ തനിക്കു രൂപം നൽകാൻ അയാൾക്കു കഴിവി​ല്ലെ​ന്നോ പ്രസ്‌താ​വി​ക്കു​ന്നു. എന്തൊരു വിഡ്‌ഢി​ത്തം! ആ ആക്ഷേപകർ മാതാ​പി​താ​ക്ക​ളു​ടെ അധികാ​രത്തെ ചോദ്യം ചെയ്യാൻ ധൈര്യ​പ്പെ​ടുന്ന കൊച്ചു​കു​ട്ടി​കളെ പോ​ലെ​യാണ്‌.

14, 15. ‘പരിശു​ദ്ധൻ,’ ‘നിർമ്മി​ച്ചവൻ’ എന്നീ പ്രയോ​ഗങ്ങൾ യഹോ​വയെ കുറിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

14 അത്തരം ആക്ഷേപ​കർക്ക്‌ യെശയ്യാവ്‌ യഹോ​വ​യു​ടെ മറുപടി നൽകുന്നു: “യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും അവനെ നിർമ്മി​ച്ച​വ​നു​മായ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: വരുവാ​നു​ള്ള​തി​നെ​ക്കു​റി​ച്ചു എന്നോടു ചോദി​പ്പിൻ; എന്റെ മക്കളെ​യും എന്റെ കൈക​ളു​ടെ പ്രവൃ​ത്തി​യെ​യും കുറിച്ചു എന്നോടു കല്‌പി​പ്പിൻ. ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യ​നെ​യും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകല​സൈ​ന്യ​ത്തെ​യും ഞാൻ കല്‌പി​ച്ചാ​ക്കി​യി​രി​ക്കു​ന്നു. ഞാൻ നീതി​യിൽ അവനെ ഉണർത്തി​യി​രി​ക്കു​ന്നു അവന്റെ വഴികളെ ഒക്കെയും ഞാൻ നിരപ്പാ​ക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാന​വും വാങ്ങാതെ അവൻ എന്റെ പ്രവാ​സി​കളെ വിട്ടയ​ക്കും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.”—യെശയ്യാ​വു 45:11-13.

15 ‘പരിശു​ദ്ധൻ’ എന്നു സ്വയം വിശേ​ഷി​പ്പി​ക്കു​ന്ന​തി​ലൂ​ടെ യഹോവ തന്റെ വിശു​ദ്ധിക്ക്‌ അടിവ​ര​യി​ടു​ക​യാ​ണു ചെയ്യു​ന്നത്‌. ‘നിർമ്മി​ച്ചവൻ’ എന്നു സ്വയം വിളി​ക്കു​ന്ന​തി​ലൂ​ടെ, സ്രഷ്ടാവ്‌ എന്ന നിലയിൽ കാര്യങ്ങൾ എങ്ങനെ വികാസം പ്രാപി​ക്കു​മെന്നു തീരു​മാ​നി​ക്കാ​നുള്ള തന്റെ അവകാ​ശ​ത്തിന്‌ അവൻ ഊന്നൽ നൽകു​ക​യാണ്‌. സംഭവി​ക്കാ​നുള്ള കാര്യങ്ങൾ ഇസ്രാ​യേ​ല്യ​രെ അറിയി​ക്കാ​നും തന്റെ കരവേ​ലയെ, അതായത്‌ തന്റെ ജനത്തെ, പരിപാ​ലി​ക്കാ​നും യഹോവ പ്രാപ്‌ത​നാണ്‌. വീണ്ടും, സൃഷ്ടി​യെ​യും വെളി​പ്പെ​ടു​ത്ത​ലി​നെ​യും സംബന്ധിച്ച തത്ത്വങ്ങൾ പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. മുഴു പ്രപഞ്ച​ത്തി​ന്റെ​യും സ്രഷ്ടാവ്‌ എന്ന നിലയിൽ യഹോ​വ​യ്‌ക്ക്‌ താൻ തീരു​മാ​നി​ക്കുന്ന രീതി​യിൽ കാര്യ​ങ്ങളെ നയിക്കാ​നുള്ള അവകാ​ശ​മുണ്ട്‌. (1 ദിനവൃ​ത്താ​ന്തം 29:11, 12) ഇവിടെ ചർച്ച ചെയ്യുന്ന വിഷയ​ത്തോ​ടുള്ള ബന്ധത്തിൽ, ഇസ്രാ​യേ​ല്യ​രു​ടെ വിമോ​ച​ക​നാ​യി ഒരു വിജാ​തീ​യനെ, കോ​രെ​ശി​നെ, ഉപയോ​ഗി​ക്കാൻ സാർവ​ത്രിക ഭരണാ​ധി​പൻ തീരു​മാ​നി​ക്കു​ന്നു. കോ​രെ​ശി​ന്റെ ആഗമനം—അതു ഭാവി​യിൽ ആണെങ്കി​ലും—ആകാശ​വും ഭൂമി​യും നിലനിൽക്കു​ന്നു​വെന്ന വസ്‌തുത പോലെ ഉറപ്പുള്ള കാര്യ​മാണ്‌. ആ സ്ഥിതിക്ക്‌, പിതാ​വി​നെ, “സൈന്യ​ങ്ങ​ളു​ടെ യഹോവ”യെ വിമർശി​ക്കാൻ ഇസ്രാ​യേൽ പുത്ര​ന്മാ​രിൽ ആർക്കാണു ധൈര്യം?

16. യഹോ​വ​യു​ടെ ദാസന്മാർ അവനു കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 ദൈവത്തിന്റെ ദാസന്മാർ അവനു കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ട​തി​ന്റെ മറ്റൊരു കാരണ​വും യെശയ്യാ​വു 45:11-13-ൽ കാണാം. അവന്റെ തീരു​മാ​നങ്ങൾ എല്ലായ്‌പോ​ഴും തന്റെ ദാസന്മാ​രു​ടെ ഉത്തമ താത്‌പ​ര്യ​ങ്ങളെ മുൻനി​റു​ത്തി​യു​ള്ള​വ​യാണ്‌. (ഇയ്യോബ്‌ 36:3) തന്റെ ജനത്തിനു പ്രയോ​ജനം ചെയ്യത്ത​ക്ക​വണ്ണം അവരെ സഹായി​ക്കാ​നാണ്‌ അവൻ നിയമങ്ങൾ ഉണ്ടാക്കി​യത്‌. (യെശയ്യാ​വു 48:17) കോ​രെ​ശി​ന്റെ നാളിൽ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ അംഗീ​ക​രി​ക്കുന്ന യഹൂദർ അതു സത്യ​മെന്നു കണ്ടെത്തു​ന്നു. യഹോ​വ​യു​ടെ നീതിക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുന്ന കോ​രെശ്‌, ആലയം പുനർനിർമി​ക്കേ​ണ്ട​തിന്‌ അവരെ ബാബി​ലോ​ണിൽനി​ന്നു വിട്ടയ​യ്‌ക്കു​ന്നു. (എസ്രാ 6:3-5) സമാന​മാ​യി, ഇന്ന്‌ തങ്ങളുടെ അനുദിന ജീവി​ത​ത്തിൽ ദൈവ​നി​യ​മങ്ങൾ ബാധക​മാ​ക്കു​ക​യും അവന്റെ പരമാ​ധി​കാ​ര​ത്തിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യു​ന്നവർ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​ന്നു.—സങ്കീർത്തനം 1:1-3; 19:7; 119:105; യോഹ​ന്നാൻ 8:31, 32.

മറ്റു ജനതകൾക്കുള്ള അനു​ഗ്ര​ഹ​ങ്ങൾ

17. ഇസ്രാ​യേ​ല്യർക്കു പുറമേ, യഹോ​വ​യു​ടെ രക്ഷാ പ്രവൃ​ത്തി​യിൽനിന്ന്‌ ആർ പ്രയോ​ജനം അനുഭ​വി​ക്കും, എങ്ങനെ?

17 ബാബിലോണിന്റെ വീഴ്‌ച​യിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ന്നത്‌ ഇസ്രാ​യേ​ല്യർ മാത്ര​മാ​യി​രി​ക്കില്ല. അതേക്കു​റിച്ച്‌ യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: മിസ്ര​യീ​മി​ന്റെ അദ്ധ്വാ​ന​ഫ​ല​വും [“തൊഴി​ലാ​ളി​ക​ളും,” NW] കൂശിന്റെ വ്യാപാ​ര​ലാ​ഭ​വും [“വ്യാപാ​രി​ക​ളും,” NW] ദീർഘ​കാ​യ​ന്മാ​രായ സെബാ​യ​രും നിന്റെ അടുക്കൽ കടന്നു​വന്നു നിനക്കു കൈവ​ശ​മാ​കും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയി​ട്ട​വ​രാ​യി അവർ കടന്നു​വ​രും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യേ മാത്രമേ ദൈവ​മു​ള്ളു; അവനല്ലാ​തെ വേറൊ​രു ദൈവ​വും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോ​ടു യാചി​ക്കും.” (യെശയ്യാ​വു 45:14) മോശ​യു​ടെ നാളിൽ ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനി​ന്നു പുറ​പ്പെട്ടു പോന്ന​പ്പോൾ ഇസ്രാ​യേ​ല്യ​ര​ല്ലാത്ത ആളുക​ളു​ടെ ‘വലിയ ഒരു സമ്മി​ശ്ര​പു​രു​ഷാ​രം’ അവരോ​ടു​കൂ​ടെ പോന്നു. (പുറപ്പാ​ടു 12:37, 38) സമാന​മാ​യി, ബാബി​ലോ​ണിൽനി​ന്നു സ്വദേ​ശത്തു മടങ്ങി​യെ​ത്തുന്ന യഹൂദ പ്രവാ​സി​ക​ളോ​ടൊ​പ്പം അന്യജാ​തി​ക്കാ​രും ഉണ്ടായി​രി​ക്കും. ഈ യഹൂ​ദേ​തരർ ആരു​ടെ​യെ​ങ്കി​ലും സമ്മർദം നിമി​ത്തമല്ല, മറിച്ച്‌ സ്വയം ‘കടന്നു​വരു’ന്നവർ ആയിരി​ക്കും. ‘അവർ നിന്നെ വണങ്ങി നിന്നോ​ടു യാചി​ക്കും’ എന്നു പറയു​മ്പോൾ, ഇസ്രാ​യേ​ല്യ​രോട്‌ അവർ കാണി​ക്കുന്ന സ്വമന​സ്സാ​ലെ​യുള്ള കീഴ്‌പെ​ട​ലി​നെ​യാണ്‌ യഹോവ പരാമർശി​ക്കു​ന്നത്‌. അവർ ചങ്ങലയി​ടു​ന്നത്‌ സ്വമേ​ധയാ ആയിരി​ക്കും. ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയെ സേവി​ക്കാ​നുള്ള അവരുടെ മനസ്സൊ​രു​ക്ക​ത്തെ​യാണ്‌ അതു ചിത്രീ​ക​രി​ക്കു​ന്നത്‌. “നിന്റെ മദ്ധ്യേ മാത്രമേ ദൈവ​മു​ള്ളു” എന്ന്‌ അവർ ഇസ്രാ​യേ​ല്യ​രോ​ടു പറയും. ഇസ്രാ​യേ​ല്യ​രോ​ടുള്ള യഹോ​വ​യു​ടെ ഉടമ്പടി​ക്കു കീഴിൽ, അവർ അവനെ മതപരി​വർത്തി​തർ എന്ന നിലയിൽ ആരാധി​ക്കും.—യെശയ്യാ​വു 56:6.

18. യഹോവ “ദൈവ​ത്തി​ന്റെ യിസ്രാ​യേലി”നെ മോചി​പ്പി​ച്ചി​രി​ക്കു​ന്ന​തിൽനിന്ന്‌ ഇന്നു പ്രയോ​ജനം അനുഭ​വി​ച്ചി​രി​ക്കു​ന്നത്‌ ആർ, ഏതെല്ലാം വിധങ്ങ​ളിൽ?

18 ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു മോചി​ത​രായ 1919 മുതൽ യെശയ്യാ​വി​ന്റെ വാക്കു​കൾക്ക്‌ കോ​രെ​ശി​ന്റെ നാളി​ലേ​തി​നെ​ക്കാൾ വലിയ നിവൃത്തി ഉണ്ടായി​രി​ക്കു​ന്നു. ലോക​വ്യാ​പ​ക​മാ​യി ദശലക്ഷങ്ങൾ യഹോ​വയെ സേവി​ക്കാൻ മനസ്സൊ​രു​ക്കം കാണി​ക്കു​ന്നു. (ഗലാത്യർ 6:16; സെഖര്യാ​വു 8:23) യെശയ്യാ​വു പരാമർശിച്ച “തൊഴി​ലാ​ളിക”ളെയും “വ്യാപാ​രിക”ളെയും പോലെ, സത്യാ​രാ​ധ​ന​യ്‌ക്കു പിന്തുണ നൽകാൻ അവർ സന്തോ​ഷ​പൂർവം തങ്ങളുടെ കായബ​ല​വും സമ്പത്തും വിനി​യോ​ഗി​ക്കു​ന്നു. (മത്തായി 25:34-40; മർക്കൊസ്‌ 12:30) അവർ ദൈവ​ത്തി​നു സ്വയം സമർപ്പി​ക്കു​ക​യും സന്തോ​ഷ​പൂർവം അവന്റെ ദാസന്മാ​രാ​യി​ക്കൊണ്ട്‌ അവന്റെ പാതക​ളിൽ നടക്കു​ക​യും ചെയ്യുന്നു. (ലൂക്കൊസ്‌ 9:23) അവർ യഹോ​വയെ മാത്രമേ ആരാധി​ക്കു​ന്നു​ള്ളൂ. യഹോ​വ​യു​മാ​യി ഒരു നിയമ​ത്തി​ലായ അഥവാ ഉടമ്പടി ബന്ധമുള്ള അവന്റെ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യോ​ടൊ​പ്പം സഹവസി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​വും അവർ ആസ്വദി​ക്കു​ന്നു. (മത്തായി 24:45-47, NW; 26:28; എബ്രായർ 8:8-13) ആ ഉടമ്പടി​യിൽ പങ്കുപ​റ്റു​ന്ന​വ​ര​ല്ലെ​ങ്കി​ലും ആ “തൊഴി​ലാ​ളിക”ളും “വ്യാപാ​രിക”ളും അതിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ക​യും “വേറൊ​രു ദൈവ​വും ഇല്ല” എന്നു പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ പ്രസ്‌തുത ഉടമ്പടി​യു​മാ​യി ബന്ധപ്പെട്ട നിയമങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യുന്നു. മനസ്സൊ​രു​ക്ക​ത്തോ​ടെ സത്യാ​രാ​ധ​ന​യ്‌ക്ക്‌ പിന്തുണ നൽകു​ന്ന​വ​രു​ടെ എണ്ണത്തി​ലുള്ള വിസ്‌മ​യാ​വ​ഹ​മായ വളർച്ച​യ്‌ക്കു ദൃക്‌സാ​ക്ഷി​കൾ ആയിരി​ക്കു​ന്നത്‌ എത്ര പുളക​പ്ര​ദ​മായ സംഗതി​യാണ്‌!—യെശയ്യാ​വു 60:22.

19. ശാഠ്യ​പൂർവം വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​തിൽ തുടരു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

19 ജാതികൾ യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ ചേരു​മെന്നു വെളി​പ്പെ​ടു​ത്തിയ ശേഷം പ്രവാ​ചകൻ ഇങ്ങനെ ഘോഷി​ക്കു​ന്നു: “യിസ്രാ​യേ​ലി​ന്റെ ദൈവ​വും രക്ഷിതാ​വും ആയു​ള്ളോ​വേ, നീ മറഞ്ഞി​രി​ക്കുന്ന ദൈവം ആകുന്നു സത്യം.” (യെശയ്യാ​വു 45:15) യഹോവ ഇപ്പോൾ തന്റെ ശക്തി വെളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കി​ലും ഭാവി​യിൽ അവൻ മറഞ്ഞി​രി​ക്കില്ല. അവൻ ഇസ്രാ​യേ​ലി​ന്റെ ദൈവ​മാ​ണെന്ന്‌, തന്റെ ജനത്തിന്റെ രക്ഷകനാ​ണെന്ന്‌ സ്വയം വെളി​പ്പെ​ടു​ത്തും. എന്നാൽ, വിഗ്ര​ഹ​ങ്ങളെ ആശ്രയി​ക്കു​ന്ന​വർക്ക്‌ യഹോവ രക്ഷകനാ​യി​രി​ക്കില്ല. അത്തരക്കാ​രെ കുറിച്ച്‌ യെശയ്യാ​വു പറയുന്നു: “അവർ എല്ലാവ​രും ലജ്ജിച്ചു അമ്പരന്നു​പോ​കും [“അപമാ​നി​ത​രാ​കും,” NW], വിഗ്ര​ഹ​ങ്ങളെ ഉണ്ടാക്കു​ന്നവർ ഒരു​പോ​ലെ അമ്പരപ്പിൽ ആകും.” (യെശയ്യാ​വു 45:16) അവരുടെ അപമാനം താത്‌കാ​ലിക അപകീർത്തി​യി​ലും നാണ​ക്കേ​ടി​ലും കവിഞ്ഞ​താ​യി​രി​ക്കും. അത്‌ അവർക്കു മരണത്തെ അർഥമാ​ക്കും—തുടർന്ന്‌ യഹോവ ഇസ്രാ​യേ​ല്യർക്ക്‌ വാഗ്‌ദാ​നം ചെയ്യു​ന്ന​തി​ന്റെ നേരെ വിപരീ​തം.

20. ഏതു വിധത്തിൽ ഇസ്രാ​യേ​ല്യർ “നിത്യരക്ഷ” അനുഭ​വി​ക്കും?

20 “യിസ്രാ​യേ​ലോ യഹോ​വ​യാൽ നിത്യ​ര​ക്ഷ​യാ​യി [“യഹോ​വ​യോ​ടുള്ള ഐക്യ​ത്തിൽ,” NW] രക്ഷിക്ക​പ്പെ​ടും; നിങ്ങൾ ഒരുനാ​ളും ലജ്ജിക്ക​യില്ല, അമ്പരന്നു​പോ​ക​യും [“അപമാ​നി​ത​രാ​കു​ക​യും,” NW] ഇല്ല.” (യെശയ്യാ​വു 45:17) യഹോവ ഇസ്രാ​യേ​ല്യർക്കു നിത്യരക്ഷ വാഗ്‌ദാ​നം ചെയ്യുന്നു. എന്നാൽ, അതു സോപാ​ധി​ക​മായ ഒന്നാണ്‌. ഇസ്രാ​യേ​ല്യർ “യഹോ​വ​യോ​ടുള്ള ഐക്യ​ത്തിൽ” ആയിരി​ക്കണം. യേശു മിശിഹാ അല്ലെന്നു തള്ളിപ്പ​റ​ഞ്ഞു​കൊണ്ട്‌ ഇസ്രാ​യേ​ല്യർ ആ ഐക്യ​ബന്ധം വിച്ഛേ​ദി​ക്കു​മ്പോൾ “നിത്യരക്ഷ” സംബന്ധിച്ച പ്രത്യാശ അവർക്കു നഷ്ടപ്പെ​ടും. എന്നുവ​രി​കി​ലും, ചില ഇസ്രാ​യേ​ല്യർ യേശു​വിൽ വിശ്വാ​സം പ്രകടി​പ്പി​ച്ചു​കൊണ്ട്‌ ജഡിക ഇസ്രാ​യേ​ലി​ന്റെ സ്ഥാന​ത്തേക്കു വരുന്ന ദൈവ​ത്തി​ന്റെ യിസ്രാ​യേ​ലി​ന്റെ കേന്ദ്ര​സ്ഥാ​ന​മാ​യി വർത്തി​ക്കും. (മത്തായി 21:43; ഗലാത്യർ 3:28, 29; 1 പത്രൊസ്‌ 2:9) ആത്മീയ ഇസ്രാ​യേ​ല്യർ ഒരിക്ക​ലും അപമാ​നി​ത​രാ​കില്ല. അവർ “നിത്യ​നി​യ​മത്തി”ലേക്ക്‌ അഥവാ ഉടമ്പടി​യി​ലേക്ക്‌ എടുക്ക​പ്പെ​ടും.—എബ്രായർ 13:20.

സൃഷ്ടി​യി​ലും വെളി​പാ​ടി​ലും യഹോവ ആശ്രയ​യോ​ഗ്യൻ

21. സൃഷ്ടി​യു​ടെ​യും വെളി​പാ​ടി​ന്റെ​യും കാര്യ​ത്തിൽ താൻ ആശ്രയ​യോ​ഗ്യ​നാ​ണെന്ന്‌ യഹോവ എങ്ങനെ തെളി​യി​ക്കു​ന്നു?

21 ഇസ്രായേല്യർക്കു നിത്യരക്ഷ നൽകു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ യഹൂദർക്ക്‌ ആശ്രയി​ക്കാ​നാ​കു​മോ? യെശയ്യാവ്‌ ഉത്തരം നൽകുന്നു: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു— അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മി​ച്ചു​ണ്ടാ​ക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥ​മാ​യി​ട്ടല്ല അവൻ അതിനെ സൃഷ്ടി​ച്ചതു; പാർപ്പി​ന്ന​ത്രേ അതിനെ നിർമ്മി​ച്ചതു:— ഞാൻ തന്നേ യഹോവ; വേറൊ​രു​ത്ത​നും ഇല്ല. ഞാൻ രഹസ്യ​ത്തിൽ അന്ധകാ​ര​പ്ര​ദേ​ശത്തു വെച്ചല്ല സംസാ​രി​ച്ചതു; ഞാൻ യാക്കോ​ബി​ന്റെ സന്തതി​യോ​ടു: വ്യർത്ഥ​മാ​യി എന്നെ അന്വേ​ഷി​പ്പിൻ എന്നല്ല കല്‌പി​ച്ചി​രി​ക്കു​ന്നതു; യഹോ​വ​യായ ഞാൻ നീതി സംസാ​രി​ക്കു​ന്നു, നേരു​ള്ളതു പ്രസ്‌താ​വി​ക്കു​ന്നു.” (യെശയ്യാ​വു 45:18, 19) ഈ അധ്യാ​യ​ത്തിൽ നാലാ​മ​ത്തേ​തും അവസാ​ന​ത്തേ​തു​മാ​യി “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു” എന്ന പ്രയോ​ഗ​ത്തോ​ടെ യെശയ്യാവ്‌ ഭാരിച്ച ഒരു പ്രാവ​ച​നിക സന്ദേശം അവതരി​പ്പി​ക്കു​ന്നു. (യെശയ്യാ​വു 45:1, 11, 14) യഹോവ എന്താണ്‌ അരുളി​ച്ചെ​യ്യു​ന്നത്‌? സൃഷ്ടി​യു​ടെ​യും വെളി​പാ​ടി​ന്റെ​യും കാര്യ​ത്തിൽ താൻ ആശ്രയ​യോ​ഗ്യ​നാ​ണെന്ന്‌. “വ്യർത്ഥ​മാ​യി​ട്ടല്ല” അവൻ ഭൂമിയെ നിർമി​ച്ചത്‌. അതു​പോ​ലെ​തന്നെ, “വ്യർത്ഥ​മാ​യി” തന്നെ അന്വേ​ഷി​ക്കാ​നല്ല അവൻ തന്റെ ജനത്തോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നിറ​വേ​റ്റ​പ്പെ​ടു​ന്നതു പോ​ലെ​തന്നെ, തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട തന്റെ ജനത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യ​വും നിറ​വേ​റ്റ​പ്പെ​ടും. വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രു​ടെ അവ്യക്ത​മായ സംസാ​ര​ത്തി​നു വിപരീ​ത​മാ​യി, യഹോവ തന്റെ അരുള​പ്പാ​ടു​കൾ തുറന്നു സംസാ​രി​ക്കു​ന്നു. അവന്റെ വചനങ്ങൾ നീതി​നി​ഷ്‌ഠ​മാണ്‌, അവ തീർച്ച​യാ​യും നിറ​വേ​റും. യഹോ​വ​യു​ടെ ആരാധകർ അവനെ സേവി​ക്കു​ന്നത്‌ വ്യർഥ​മാ​യി​ട്ടാ​യി​രി​ക്കില്ല.

22. (എ) ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന യഹൂദർക്ക്‌ എന്തു സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും? (ബി) ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ എന്ത്‌ ഉറപ്പുണ്ട്‌?

22 ബാബിലോണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന ദൈവ​ജ​ന​ത്തിന്‌ ആ വാക്കുകൾ വാഗ്‌ദത്ത ദേശം ശൂന്യ​മാ​യി​രി​ക്ക​യില്ല എന്ന ഉറപ്പേ​കു​ന്നു. അവിടെ വീണ്ടും ജനവാസം ഉണ്ടാകും. യഹോവ അവർക്കു നൽകിയ അരുള​പ്പാ​ടു​കൾ നിവൃ​ത്തി​യേ​റും. വിപു​ല​മായ അർഥത്തിൽ യെശയ്യാ​വി​ന്റെ വാക്കുകൾ ഇന്നു ദൈവ​ജ​ന​ത്തിന്‌ ഉറപ്പേ​കു​ന്നു. ചിലർ വിചാ​രി​ക്കു​ന്നതു പോലെ ഭൂമി കത്തി​യെ​രി​ഞ്ഞു പോകു​ക​യോ മറ്റു ചിലർ ഭയപ്പെ​ടു​ന്നതു പോലെ അത്‌ അണു​ബോം​ബി​നാൽ നശിപ്പി​ക്ക​പ്പെ​ടു​ക​യോ ഇല്ല. ഭൂമി ഒരു പറുദീസ ആയി എന്നേക്കും നിലനിൽക്ക​ണ​മെ​ന്ന​തും നീതി​നി​ഷ്‌ഠ​രായ ആളുകൾ അവിടെ നിവസി​ക്ക​ണ​മെ​ന്ന​തും ദൈ​വോ​ദ്ദേ​ശ്യ​മാണ്‌. (സങ്കീർത്തനം 37:11, 29; 115:16; മത്തായി 6:9, 10; വെളി​പ്പാ​ടു 21:3-5എ) അതേ, ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ എന്നതു പോലെ യഹോ​വ​യു​ടെ വാക്കുകൾ ആശ്രയ​യോ​ഗ്യ​മെന്നു തെളി​യും.

യഹോവ കരുണ കാണി​ക്കു​ന്നു

23. വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും, യഹോ​വയെ ആരാധി​ക്കു​ന്ന​വർക്ക്‌ എന്തു പ്രതി​ഫ​ല​മുണ്ട്‌?

23 ഇസ്രായേല്യരുടെ രക്ഷയെ കുറിച്ച്‌ യഹോ​വ​യു​ടെ അടുത്ത വാക്കുകൾ ഊന്നി​പ്പ​റ​യു​ന്നു: “നിങ്ങൾ കൂടി​വ​രു​വിൻ; ജാതി​ക​ളിൽവെച്ചു തെററി ഒഴിഞ്ഞ​വരേ, [“ജാതി​ക​ളിൽനി​ന്നു രക്ഷപ്പെട്ട്‌ ഓടി​പ്പോ​യ​വരേ,” NW] ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്ര​ഹ​മാ​യൊ​രു മരം എടുത്തു​കൊ​ണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവ​നോ​ടു പ്രാർത്ഥി​ക്ക​യും ചെയ്യു​ന്ന​വർക്കു അറിവില്ല. നിങ്ങൾ പ്രസ്‌താ​വി​ച്ചു കാണി​ച്ചു​ത​രു​വിൻ; അവർ കൂടി ആലോ​ചി​ക്കട്ടെ; പുരാ​ത​നമേ ഇതു കേൾപ്പി​ക്ക​യും പണ്ടുതന്നേ ഇതു പ്രസ്‌താ​വി​ക്ക​യും ചെയ്‌തവൻ ആർ? യഹോ​വ​യായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊ​രു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതി​മാ​നാ​യൊ​രു ദൈവ​വും രക്ഷിതാ​വും ഇല്ല.” (യെശയ്യാ​വു 45:20, 21) വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രു​ടെ അവസ്ഥയു​മാ​യി തങ്ങളുടെ രക്ഷ താരത​മ്യം ചെയ്യാൻ ‘രക്ഷപ്പെട്ട്‌ ഓടി​പ്പോ​യ​വ​രോട്‌’ യഹോവ ആഹ്വാനം ചെയ്യുന്നു. (ആവർത്ത​ന​പു​സ്‌തകം 30:3; യിരെ​മ്യാ​വു 29:14; 50:28) വിഗ്ര​ഹാ​രാ​ധകർ തങ്ങളെ രക്ഷിക്കാൻ കഴിവി​ല്ലാത്ത ദൈവ​ങ്ങ​ളോ​ടു പ്രാർഥി​ക്കു​ക​യും അവരെ സേവി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ “അറിവില്ല.” അവരുടെ ആരാധ​ന​കൊണ്ട്‌ യാതൊ​രു ഫലവു​മില്ല, അതു വ്യർഥ​മാണ്‌. എന്നാൽ, ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന തന്റെ ജനത്തിനു രക്ഷ പ്രദാനം ചെയ്യു​മെ​ന്നത്‌ ഉൾപ്പെടെ “പണ്ടുതന്നേ” പ്രഖ്യാ​പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ നിവർത്തി​ക്കു​ന്ന​തിന്‌ യഹോ​വ​യ്‌ക്കു ശക്തിയു​ണ്ടെന്ന്‌ അവനെ ആരാധി​ക്കു​ന്നവർ കണ്ടെത്തു​ന്നു. അത്തരം ശക്തിയും ദീർഘ​ദൃ​ഷ്ടി​യും യഹോ​വയെ മറ്റു ദൈവ​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​നാ​ക്കു​ന്നു. നിശ്ചയ​മാ​യും അവൻ ‘നീതി​മാ​നായ ദൈവ​വും രക്ഷിതാ​വും’ ആണ്‌.

‘രക്ഷ ദൈവ​ത്തി​ന്റെ ദാനം’

24, 25. (എ) യഹോവ എന്ത്‌ ക്ഷണം വെച്ചു​നീ​ട്ടു​ന്നു, അവന്റെ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോവ ഉചിത​മാ​യി എന്തു നിഷ്‌കർഷി​ക്കു​ന്നു?

24 യഹോവയുടെ കരുണ ഈ ക്ഷണം നൽകാൻ അവനെ പ്രേരി​പ്പി​ക്കു​ന്നു: “സകലഭൂ​സീ​മാ​വാ​സി​ക​ളു​മാ​യു​ള്ളോ​രെ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെ​ടു​വിൻ; ഞാനല്ലാ​തെ വേറൊ​രു ദൈവ​വും ഇല്ലല്ലോ. എന്നാണ എന്റെ മുമ്പിൽ ഏതുമു​ഴ​ങ്കാ​ലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനി​ന്നു നീതി​യും മടങ്ങാത്ത ഒരു വചനവും പുറ​പ്പെ​ട്ടി​രി​ക്കു​ന്നു. യഹോ​വ​യിൽ മാത്രം നീതി​യും ബലവും ഉണ്ടു എന്നു ഓരോ​രു​ത്തൻ പറഞ്ഞു​കൊ​ണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോ​ടു കോപി​ക്കു​ന്ന​വ​രൊ​ക്കെ​യും ലജ്ജിച്ചു​പോ​കും. യഹോ​വ​യിൽ യിസ്രാ​യേൽസ​ന്ത​തി​യെ​ല്ലാം നീതീ​ക​രി​ക്ക​പ്പെട്ടു പുകഴും.”—യെശയ്യാ​വു 45:22-25.

25 ബാബിലോണിൽ വസിക്കുന്ന ഇസ്രാ​യേ​ല്യ​രോട്‌, തന്നി​ലേക്കു തിരി​യു​ന്ന​പക്ഷം അവരെ രക്ഷിക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. ഈ പ്രവചനം ഒരു കാരണ​വ​ശാ​ലും നിവൃ​ത്തി​യേ​റാ​തെ പോകില്ല. കാരണം, യഹോ​വ​യ്‌ക്ക്‌ തന്റെ ജനത്തെ രക്ഷിക്കാ​നുള്ള ആഗ്രഹം മാത്രമല്ല അതിനുള്ള പ്രാപ്‌തി​യും ഉണ്ട്‌. (യെശയ്യാ​വു 55:11) ദൈവ​വ​ചനം അതിൽത്തന്നെ ആശ്രയ​യോ​ഗ്യ​മാണ്‌, വിശേ​ഷി​ച്ചും, അത്‌ ഉറപ്പാ​ക്കാൻ യഹോവ സത്യം ചെയ്യു​മ്പോൾ. (എബ്രായർ 6:13) തനിക്കു കീഴ്‌പെ​ട്ടി​രി​ക്കാ​നും (“ഏതുമു​ഴ​ങ്കാ​ലും മടങ്ങും”) തന്നെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ പ്രതി​ബദ്ധത കാണി​ക്കാ​നും (“ഏതു നാവും സത്യം ചെയ്യും”) അവൻ നിഷ്‌കർഷി​ക്കു​ന്നത്‌ ഉചിത​മാണ്‌. യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ ഉറ്റിരി​ക്കുന്ന ഇസ്രാ​യേ​ല്യർ രക്ഷിക്ക​പ്പെ​ടും. യഹോവ തങ്ങൾക്കാ​യി ചെയ്യുന്ന കാര്യ​ങ്ങളെ കുറിച്ച്‌ ‘അഭിമാ​ന​ത്തോ​ടെ സംസാ​രി​ക്കാൻ’ അവർക്കു സാധി​ക്കും.—2 കൊരി​ന്ത്യർ 10:17, NW.

26. തന്നി​ലേക്കു തിരി​യാ​നുള്ള യഹോ​വ​യു​ടെ ക്ഷണത്തോട്‌ സകല ജനതക​ളി​ലും നിന്നുള്ള “ഒരു മഹാപു​രു​ഷാ​രം” എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

26 തന്നിലേക്കു തിരി​യാ​നുള്ള യഹോ​വ​യു​ടെ ക്ഷണം ബാബി​ലോ​ണിൽ പ്രവാ​സ​ത്തിൽ കഴിയു​ന്ന​വർക്കു മാത്ര​മു​ള്ളതല്ല. (പ്രവൃ​ത്തി​കൾ 14:14, 15; 15:19; 1 തിമൊ​ഥെ​യൊസ്‌ 2:3, 4) ആ ക്ഷണം യഹോവ ഇപ്പോ​ഴും നൽകുന്നു. ‘സകല ജാതി​ക​ളി​ലും നിന്നുള്ള ഒരു മഹാപു​രു​ഷാ​രം’ ആ ക്ഷണത്തോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌ ഇങ്ങനെ ഘോഷി​ക്കു​ന്നു: “രക്ഷ എന്നുള്ളതു . . . നമ്മുടെ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും [യേശു] ദാനം.” (വെളി​പ്പാ​ടു 7:9, 10; 15:4) വർഷം തോറും ലക്ഷക്കണ​ക്കിന്‌ പുതി​യവർ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പൂർണ​മാ​യി അംഗീ​ക​രി​ക്കു​ക​യും അവനോ​ടുള്ള തങ്ങളുടെ കൂറ്‌ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ മഹാപു​രു​ഷാ​ര​ത്തോ​ടു ചേരുന്നു. അതിനു​പു​റമേ, അവർ “അബ്രാ​ഹാ​മി​ന്റെ സന്തതി”യായ ആത്മീയ ഇസ്രാ​യേ​ലി​നെ വിശ്വ​സ്‌ത​ത​യോ​ടെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. (ഗലാത്യർ 3:29) “യഹോ​വ​യിൽ മാത്രം നീതി​യും [“പൂർണ നീതി​യും,” NW] ബലവും ഉണ്ടു” എന്നു ലോക​മെ​മ്പാ​ടും ഘോഷി​ച്ചു​കൊണ്ട്‌ അവർ യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ ഭരണ​ത്തോ​ടുള്ള തങ്ങളുടെ സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നു. a റോമർക്കുള്ള ലേഖന​ത്തിൽ, ജീവനുള്ള ഏവരും ഒടുവിൽ ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ അംഗീ​ക​രി​ക്കു​ക​യും തുടർച്ച​യാ​യി അവന്റെ നാമത്തെ സ്‌തു​തി​ക്കു​ക​യും ചെയ്യു​മെന്നു കാണി​ക്കാൻ പൗലൊസ്‌ അപ്പൊ​സ്‌തലൻ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ യെശയ്യാ​വു 45:23 ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി.—റോമർ 14:11; ഫിലി​പ്പി​യർ 2:9-11; വെളി​പ്പാ​ടു 21:22-27.

27. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ പൂർണ വിശ്വാ​സം ഉണ്ടായി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

27 ദൈവത്തിലേക്കു തിരി​യു​ന്നതു രക്ഷ അർഥമാ​ക്കും എന്ന്‌ മഹാപു​രു​ഷാ​രം വിശ്വ​സി​ക്കു​ന്ന​തി​ന്റെ കാരണ​മെ​ന്താണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ, യെശയ്യാ​വു 45-ാം അധ്യാ​യ​ത്തിൽ കാണുന്ന പ്രാവ​ച​നിക വചനം വ്യക്തമാ​ക്കു​ന്നതു പോലെ, യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ ആശ്രയ​യോ​ഗ്യ​മാണ്‌. ആകാശ​വും ഭൂമി​യും നിർമി​ക്കാൻ ആവശ്യ​മായ ശക്തിയും ജ്ഞാനവും യഹോ​വ​യ്‌ക്ക്‌ ഉണ്ടായി​രു​ന്നതു പോലെ, തന്റെ പ്രവച​നങ്ങൾ നിവർത്തി​ക്കാ​നും അവന്‌ ശക്തിയും ജ്ഞാനവും ഉണ്ട്‌. കോ​രെ​ശു​മാ​യി ബന്ധപ്പെട്ട പ്രവചനം നിവൃ​ത്തി​യേ​റാൻ ഇടയാ​ക്കി​യതു പോലെ, ബൈബി​ളി​ലെ നിവൃ​ത്തി​യേ​റാ​നുള്ള ഏതൊരു പ്രവച​ന​വും നിശ്ചയ​മാ​യും അവൻ നിറ​വേ​റ്റും. താമസി​യാ​തെ, താൻ ‘നീതി​മാ​നായ ദൈവ​വും രക്ഷിതാ​വും’ ആണെന്ന്‌ യഹോവ തെളി​യി​ക്കു​മെന്ന്‌ അവന്റെ ആരാധ​കർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

[അടിക്കു​റിപ്പ്‌]

a പുതിയലോക ഭാഷാ​ന്തരം “പൂർണ നീതി” എന്ന്‌ ഉപയോ​ഗി​ക്കു​ന്നത്‌ എബ്രായ പാഠത്തിൽ “നീതി” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ ബഹുവചന രൂപം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. യഹോ​വ​യു​ടെ നീതി​യു​ടെ സമൃദ്ധ​മായ അളവിനെ കാണി​ക്കാ​നാണ്‌ ഇവിടെ ബഹുവ​ച​ന​രൂ​പം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[80, 81 പേജു​ക​ളി​ലെ ചിത്രങ്ങൾ]

പ്രകാശവും അന്ധകാ​ര​വും സൃഷ്ടി​ക്കുന്ന യഹോ​വ​യ്‌ക്ക്‌ സമാധാ​ന​വും ദുരന്ത​വും വരുത്താൻ കഴിയും

[83-ാം പേജിലെ ചിത്രം]

യഹോവ ‘ആകാശ’ത്തുനിന്ന്‌ അനു​ഗ്ര​ഹങ്ങൾ വർഷി​ക്കാ​നും ‘ഭൂമി’യിൽനി​ന്നു രക്ഷ ഉളവാ​കാ​നും ഇടയാ​ക്കും

[84-ാം പേജിലെ ചിത്രം]

ഉപേക്ഷിക്കപ്പെട്ട പാത്ര​ക്ക​ഷ​ണങ്ങൾ അവയുടെ നിർമാ​താ​വി​ന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യണ​മോ?

[89-ാം പേജിലെ ചിത്രം]

യഹോവ വ്യർഥ​മാ​യി​ട്ടല്ല ഭൂമിയെ സൃഷ്ടി​ച്ചത്‌