യഹോവ താഴ്മയുള്ളവരുടെ മനസ്സിനു ചൈതന്യം വരുത്തുന്നു
അധ്യായം പതിനെട്ട്
യഹോവ താഴ്മയുള്ളവരുടെ മനസ്സിനു ചൈതന്യം വരുത്തുന്നു
1. യഹോവ എന്ത് ഉറപ്പു നൽകി, അവന്റെ വാക്കുകൾ ഏതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നു?
“ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.” (യെശയ്യാവു 57:15) പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ പ്രവാചകനായ യെശയ്യാവ് അപ്രകാരം എഴുതി. ആ സന്ദേശത്തെ പ്രോത്സാഹജനകമാക്കിയ എന്താണ് യഹൂദയിൽ സംഭവിച്ചുകൊണ്ടിരുന്നത്? ആ നിശ്വസ്ത വാക്കുകൾ ഇന്നു ക്രിസ്ത്യാനികളെ എങ്ങനെ സഹായിക്കുന്നു? യെശയ്യാവു 57-ാം അധ്യായത്തിന്റെ പരിചിന്തനം ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും.
“ഇങ്ങോട്ടു അടുത്തുവരുവിൻ”
2. (എ) യെശയ്യാവു 57-ാം അധ്യായത്തിലെ വാക്കുകൾ എപ്പോഴാണു ബാധകമാകുന്നത്? (ബി) യെശയ്യാവിന്റെ നാളിൽ നീതിമാന്മാരുടെ അവസ്ഥ എന്താണ്?
2 യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം യെശയ്യാവിന്റെ നാളിൽത്തന്നെ ബാധകമാകുന്നതായി തോന്നുന്നു. ദുഷ്ടത എത്ര രൂക്ഷമായിരിക്കുന്നു എന്ന് നോക്കുക: “നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല. അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.” (യെശയ്യാവു 57:1, 2) നീതിമാൻ വീഴുന്നെങ്കിൽ, ആരും അതു ഗൗനിക്കുന്നില്ല. അവന്റെ അകാല മരണം ആരും ശ്രദ്ധിക്കുന്നില്ല. മരണം അവനു സമാധാനവും ഭക്തികെട്ടവർ വരുത്തുന്ന കഷ്ടതകളിൽ നിന്നുള്ള വിടുതലും അനർഥത്തിൽ നിന്നുള്ള രക്ഷയും കൈവരുത്തുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത ദയനീയമായ ഒരു അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുകയാണ്. സംഭവിക്കുന്ന കാര്യങ്ങൾ യഹോവ കാണുന്നുണ്ടെന്ന് മാത്രമല്ല തങ്ങളെ അവൻ പിന്താങ്ങുകയും ചെയ്യുന്നുവെന്ന അറിവ് വിശ്വസ്തർക്ക് തീർച്ചയായും ആശ്വാസം പകരുന്നു!
3. യഹൂദയിലെ ദുഷ്ട തലമുറയെ യഹോവ അഭിസംബോധന ചെയ്യുന്നത് എങ്ങനെ, എന്തുകൊണ്ട്?
3 പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യഹോവ യഹൂദയിലെ ദുഷ്ടതലമുറയെ വിളിച്ചുവരുത്തുന്നു: “ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ടു അടുത്തുവരുവിൻ.” (യെശയ്യാവു 57:3) ക്ഷുദ്രക്കാരിയുടെയും വ്യഭിചാരിയുടെയും വേശ്യയുടെയും മക്കൾ എന്ന ലജ്ജാകരമായ വിശേഷണങ്ങൾ അവർക്കു ലഭിച്ചിരിക്കുന്നു. അവർ ഏർപ്പെടുന്ന വ്യാജാരാധനയിൽ മ്ലേച്ഛമായ വിഗ്രഹാരാധനയും ആത്മവിദ്യയും അധാർമിക ലൈംഗിക നടത്തയും മറ്റും ഉൾപ്പെടുന്നു. അതുകൊണ്ട് യഹോവ ആ പാപികളോട് ചോദിക്കുന്നു: “നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും [“ലംഘനത്തിന്റെ മക്കളും,” NW] വ്യാജസന്തതിയും അല്ലയോ? നിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.”—യെശയ്യാവു 57:4, 5.
4. യഹൂദയിലെ ദുഷ്ടന്മാർ എന്തു സംബന്ധിച്ച് കുറ്റക്കാരാണ്?
4 യഹൂദയിലെ ദുഷ്ടന്മാർ ഞെട്ടിക്കുന്ന തരത്തിലുള്ള വ്യാജാരാധനയിൽ പരസ്യമായി ഏർപ്പെട്ട് ‘കളിയായി’ രസിക്കുകയാണ്. അവരെ തിരുത്താൻ ദൈവം അയച്ചിരിക്കുന്ന പ്രവാചകന്മാരെ അവർ പരിഹസിക്കുകയും നിന്ദാപൂർവം, നിർലജ്ജമായ രീതിയിൽ നാക്കു നീട്ടിക്കാണിക്കുകയും ചെയ്യുന്നു. അവർ അബ്രാഹാമിന്റെ സന്തതികൾ ആണെങ്കിലും, മത്സരഗതി അവരെ ലംഘനത്തിന്റെ മക്കളും വ്യാജസന്തതികളും ആക്കിത്തീർക്കുന്നു. (യെശയ്യാവു 1:4; 30:9; യോഹന്നാൻ 8:39, 44) ദേശത്തെ വൻമരങ്ങളുടെ ഇടയിൽ അവർ വ്യാജാരാധനയിൽ തിമിർക്കുകയാണ്. എത്ര ക്രൂരമായ ആരാധന! എന്തിന്, അവർ സ്വന്തം മക്കളെ പോലും കുരുതി കൊടുക്കുന്നു. ഏതു മ്ലേച്ഛതകൾ നിമിത്തമാണോ ആ ദേശത്തുനിന്ന് യഹോവ ജാതികളെ നീക്കിക്കളഞ്ഞത് അവരെ പോലെ ഈ യഹൂദാ നിവാസികൾ പ്രവർത്തിക്കുകയാണ്!—1 രാജാക്കന്മാർ 14:23; 2 രാജാക്കന്മാർ 16:3, 4; യെശയ്യാവു 1:29.
കല്ലുകൾക്ക് പാനീയബലി അർപ്പിക്കുന്നു
5, 6. (എ) യഹൂദാ നിവാസികൾ യഹോവയെ ആരാധിക്കുന്നതിനു പകരം എന്തു ചെയ്തിരിക്കുന്നു? (ബി) യഹൂദയിലെ വിഗ്രഹാരാധന എത്ര വ്യക്തവും വ്യാപകവുമാണ്?
5 യഹൂദാ നിവാസികൾ വിഗ്രഹാരാധനയിലേക്ക് എത്രമാത്രം കൂപ്പുകുത്തിയിരിക്കുന്നു എന്നു നോക്കുക: “തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?” (യെശയ്യാവു 57:6) യഹൂദർ ദൈവത്തിന്റെ ഉടമ്പടി ജനതയാണ്. എന്നിട്ടും അവനെ ആരാധിക്കുന്നതിനു പകരം, അവർ തോട്ടിൽനിന്ന് കല്ലുകളെടുത്ത് അവയെ ദൈവങ്ങളായി പൂജിക്കുന്നു. തന്റെ പങ്ക് യഹോവ ആണെന്ന് ദാവീദ് പ്രഖ്യാപിച്ചു. എന്നാൽ ഈ പാപികളോ, ജീവനില്ലാത്ത ശിലാദൈവങ്ങളെ തങ്ങളുടെ പങ്കാക്കുകയും അവയ്ക്ക് പാനീയബലികൾ അർപ്പിക്കുകയും ചെയ്തിരിക്കുന്നു. (സങ്കീർത്തനം 16:5; ഹബക്കൂക് 2:19) തന്റെ നാമം വഹിക്കുന്നവരുടെ ഈ വികലമായ ആരാധനയിൽ യഹോവയ്ക്ക് എന്ത് ആശ്വാസമാണ് കണ്ടെത്താനാകുക?
6 വൻമരങ്ങൾക്കു കീഴിലും പാറപ്പിളർപ്പുകളിലും മലമുകളിലും നഗരങ്ങളിലും എന്നു വേണ്ട, എല്ലായിടത്തും യഹൂദ വിഗ്രഹാരാധന നടത്തുകയാണ്. എന്നാൽ ഇതെല്ലാം കാണുന്ന യഹോവ, യെശയ്യാവ് മുഖാന്തരം അവളുടെ ദുർന്നടത്ത തുറന്നുകാട്ടുന്നു: “പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു. കതകിന്നും കട്ടിളെക്കും പുറകിൽ നീ നിന്റെ അടയാളം വെച്ചു.” (യെശയ്യാവു 57:7, 8എ) ഉയരമുള്ള സ്ഥലങ്ങളിൽ യഹൂദ തന്റെ ആത്മീയ അശുദ്ധിയുടെ കിടക്ക വിരിക്കുന്നു. a അവിടെ അവൾ അന്യ ദൈവങ്ങൾക്കു ബലി അർപ്പിക്കുന്നു. സ്വകാര്യ ഭവനങ്ങളിൽ പോലും കതകിനും കട്ടിളയ്ക്കും പിന്നിൽ വിഗ്രഹങ്ങളുണ്ട്.
7. യഹൂദ അധാർമിക ആരാധനയിൽ ഏർപ്പെടുന്നത് എങ്ങനെയുള്ള മനോഭാവത്തോടെയാണ്?
7 അശുദ്ധാരാധനയിൽ യഹൂദ ഉൾപ്പെട്ടത് എന്തുകൊണ്ട് എന്നു ചിലർ ചിന്തിച്ചേക്കാം. യഹോവയെ ഉപേക്ഷിക്കാൻ ശക്തമായ എന്തെങ്കിലും പ്രേരകഘടകം അതിനു പിന്നിൽ പ്രവർത്തിച്ചോ? ഇല്ല. അവൾ അതു സ്വന്ത ഇഷ്ടത്താൽ, ആകാംക്ഷാപൂർവം ചെയ്യുന്നതാണ്. യഹോവ ഇങ്ങനെ പ്രസ്താവിക്കുന്നു: “നീ എന്നെ വിട്ടു ചെന്നു മററുള്ളവർക്കു നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം [“പുരുഷലിംഗം,” NW] നോക്കിക്കൊണ്ടിരുന്നു.” (യെശയ്യാവു 57:8ബി) യഹൂദ വ്യാജ ദൈവങ്ങളുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു, അവരുമായുള്ള അവിഹിത ബന്ധത്തിന് അവൾ താത്പര്യപ്പെടുന്നു. ആ ദൈവങ്ങളുടെ ആരാധനയുടെ ഒരു പ്രത്യേകതയായ അധാർമിക ലൈംഗിക നടപടികൾ അവൾ വിശേഷിച്ചും പ്രിയപ്പെടുന്നു. അതിൽ പുരുഷലിംഗത്തിന്റെ പ്രതീകങ്ങളുടെ ഉപയോഗം ഒരുപക്ഷേ ഉൾപ്പെട്ടിരിക്കാം!
8. ഏതു രാജാവിന്റെ വാഴ്ചക്കാലത്താണ് യഹൂദയിൽ വിഗ്രഹാരാധന പ്രത്യേകിച്ച് തഴച്ചുവളർന്നത്?
8 യഹൂദയിലെ നിരവധി ദുഷ്ട രാജാക്കന്മാരുടെ വാഴ്ചക്കാലത്ത് അവിടെ അങ്ങേയറ്റം അധാർമികവും ക്രൂരവുമായ വിഗ്രഹാരാധന നടന്നിരുന്നു. ഉദാഹരണത്തിന്, മനശ്ശെ പൂജാഗിരികൾ പണിയുകയും ബാലിനു ബലിപീഠങ്ങൾ നിർമിക്കുകയും ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിൽ വ്യാജമത ബലിപീഠങ്ങൾ സ്ഥാപിക്കുകയും ചെയ്തു. അവൻ തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കുകയും മന്ത്രവാദവും ഭൂതവിദ്യയും ആചരിക്കുകയും ആത്മവിദ്യ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാജാവായ മനശ്ശെ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠയുടെ ബിംബം യഹോവയുടെ ആലയത്തിൽ സ്ഥാപിക്കുക പോലും ചെയ്തു. b “യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്വാൻ” മനശ്ശെ യഹൂദയെ വശീകരിച്ചുകളഞ്ഞു. (2 രാജാക്കന്മാർ 21:2-9) മനശ്ശെയുടെ പേര് യെശയ്യാവു 1:1-ൽ കാണുന്നില്ലെങ്കിലും, യെശയ്യാവിന്റെ വധത്തിനു പിന്നിലുള്ളത് അവന്റെ കൈകളാണെന്നു ചിലർ വിശ്വസിക്കുന്നു.
‘നീ ദൂതന്മാരെ അയച്ചു’
9. യഹൂദ ‘ദൂരത്തേക്ക്’ ദൂതന്മാരെ അയയ്ക്കുന്നത് എന്തിന്?
9 വ്യാജദൈവങ്ങളെ സേവിച്ചതു മാത്രമായിരുന്നില്ല യഹൂദയുടെ കുറ്റം. യെശയ്യാവ് മുഖാന്തരം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.” (യെശയ്യാവു 57:9) അവിശ്വസ്ത യഹൂദാ രാജ്യം “മോലെക്കിന്റെ,” എബ്രായയിൽ “രാജാവിന്റെ”—സാധ്യതയനുസരിച്ച് ഒരു വിദേശ ശക്തിയുടെ രാജാവിന്റെ—അടുക്കൽ ചെന്ന് അവന് തൈലവും പരിമളവർഗവും പോലുള്ള വിലയേറിയതും ആകർഷകവുമായ സമ്മാനങ്ങൾ നൽകുന്നു. യഹൂദ ദൂരത്തേക്ക് ദൂതന്മാരെ അയയ്ക്കുന്നു. എന്തിന്? തങ്ങളുടെ ദേശവുമായി രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെടാൻ പുറജാതി രാഷ്ട്രങ്ങളെ സ്വാധീനിക്കുന്നതിന്. യഹോവയ്ക്കു പുറംതിരിഞ്ഞു കളഞ്ഞ അവൾ വിദേശ രാജാക്കന്മാരിൽ ആശ്രയം അർപ്പിക്കുന്നു.
10. (എ) ആഹാസ് രാജാവ് അശ്ശൂർ രാജാവുമായി സഖ്യം കൂടുന്നത് എങ്ങനെ? (ബി) ഏതു വിധത്തിൽ യഹൂദ “പാതാളത്തോളം ഇറങ്ങിച്ചെന്നു”?
10 ഇതിന്റെ ഒരു ഉദാഹരണമാണ് ആഹാസ് രാജാവിന്റെ നാളുകളിൽ സംഭവിച്ചത്. ഇസ്രായേലും അരാമും (സിറിയ) യഹൂദയ്ക്കെതിരെ സഖ്യം ചേർന്നപ്പോൾ, ഭയന്നുപോയ യഹൂദയുടെ അവിശ്വസ്ത രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ അടുക്കലേക്ക് ദൂതന്മാരെ അയച്ച് ഇങ്ങനെ പറയുന്നു: ‘ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണം.’ അശ്ശൂർ രാജാവിനെ സ്വാധീനിക്കാൻ ആഹാസ് വെള്ളിയും സ്വർണവും കൊടുത്തയയ്ക്കുന്നു. അപ്പോൾ അശ്ശൂർ രാജാവ് അതിൽ സന്തോഷിക്കുകയും അരാമിന്റെമേൽ ഉഗ്രമായ ഒരു ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നു. (2 രാജാക്കന്മാർ 16:7-9) പുറജാതി ജനതകളുമായുള്ള ഇടപെടലുകളിൽ, യഹൂദ “പാതാളത്തോളം” കുനിയുന്നു. അത്തരം ഇടപെടലുകൾ നിമിത്തം അവൾ മരിക്കും, അഥവാ ഒരു രാജഭരണമുള്ള സ്വതന്ത്ര രാഷ്ട്രം എന്ന നിലയിൽ അവൾ അസ്തിത്വത്തിൽനിന്ന് ഇല്ലാതാകും.
11. യഹൂദ വ്യാജമായ എന്തു സുരക്ഷിതത്വബോധം പ്രകടമാക്കുന്നു?
11 യഹോവ യഹൂദയെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: “വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.” (യെശയ്യാവു 57:10) വിശ്വാസത്യാഗപരമായ വഴികളിൽ കഠിനമായി യത്നിക്കുന്ന ആ ജനത അതിന്റെ ശ്രമങ്ങളുടെ ഫലശൂന്യത കാണുന്നതിൽ പരാജയപ്പെടുന്നു. നേരെ മറിച്ച്, സ്വന്തം ശക്തിയാൽ താൻ വിജയിക്കുമെന്ന് അവൾ വ്യർഥമായി വിശ്വസിക്കുന്നു. താൻ ഓജസ്സുറ്റവളും ആരോഗ്യവതിയും ആണെന്ന് അവൾക്കു തോന്നുന്നു. എത്ര ഭോഷത്തം!
12. യഹൂദയിൽ ഉണ്ടായിരുന്നതിനു സമാനമായ ഏത് അവസ്ഥകൾ ക്രൈസ്തവലോകത്തിൽ കാണാം?
12 യെശയ്യാവിന്റെ നാളിലെ യഹൂദയെ പോലെ പ്രവർത്തിക്കുന്ന ഒരു സംഘടന ഇന്നുണ്ട്. ക്രൈസ്തവലോകം. യേശുവിന്റെ നാമം ഉപയോഗിക്കുന്നെങ്കിലും, അവൾ രാഷ്ട്രങ്ങളുമായി സഖ്യങ്ങൾ ഉണ്ടാക്കുകയും തന്റെ ആരാധനാ സ്ഥലങ്ങളെ വിഗ്രഹങ്ങൾകൊണ്ട് നിറയ്ക്കുകയും ചെയ്തിരിക്കുന്നു. അവളുടെ അനുയായികൾ തങ്ങളുടെ സ്വകാര്യ ഭവനങ്ങളിൽ പോലും വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ക്രൈസ്തവലോകം അതിന്റെ യുവജനങ്ങളെ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളാകുന്ന ബലിപീഠങ്ങളിൽ ഹോമിച്ചിരിക്കുന്നു. ക്രിസ്ത്യാനികളോട് “വിഗ്രഹാരാധന വിട്ടോടുവിൻ” എന്നു കൽപ്പിക്കുന്ന സത്യദൈവത്തിന്റെ വികാരങ്ങളെ ഇതെല്ലാം എത്രയധികം വ്രണപ്പെടുത്തുന്നുണ്ടാകണം! (1 കൊരിന്ത്യർ 10:14) രാഷ്ട്രീയത്തിൽ ഉൾപ്പെട്ടുകൊണ്ട് ക്രൈസ്തവലോകം ‘ഭൂമിയിലെ രാജാക്കന്മാരുമായി വേശ്യാവൃത്തി ചെയ്തിരിക്കുന്നു.’ (വെളിപ്പാടു 17:1, 2) അവൾ ഐക്യരാഷ്ട്രങ്ങളെ സജീവമായി പിന്തുണയ്ക്കുന്നു. ഈ മതവേശ്യക്ക് എന്താണു സംഭവിക്കാൻ പോകുന്നത്? അതിന്റെ പൂർവമാതൃകയായ അവിശ്വസ്ത യഹൂദയോട്—വിശേഷാൽ തലസ്ഥാനനഗരിയായ യെരൂശലേമിനാൽ പ്രതിനിധാനം ചെയ്തിരിക്കുന്നു—യഹോവ എന്താണു പറയുന്നത്?
‘നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കയില്ല’
13. യഹൂദ എന്തു “കപടം” കാണിക്കുന്നു, യഹോവയുടെ ക്ഷമയോട് അവൾ എങ്ങനെ പ്രതികരിക്കുന്നു?
13 ‘കപടം കാണിപ്പാൻ നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു?’ എന്ന് യഹോവ ചോദിക്കുന്നു. ഉചിതമായ ചോദ്യം! യഹൂദ തീർച്ചയായും യഹോവയോട് ആരോഗ്യാവഹവും ഭക്തിപുരസ്സരവുമായ ഭയം പ്രകടമാക്കുന്നില്ല. അതിനാലാണ് അവൾ ഭോഷ്കു പറയുന്നവരുടെയും വ്യാജ ദൈവങ്ങളെ ആരാധിക്കുന്നവരുടെയും ഒരു ജനത ആയിത്തീർന്നിരിക്കുന്നത്. യഹോവ തുടർന്ന് പറയുന്നു: ‘നീ എന്നെ ഓർക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുന്നു. ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?’ (യെശയ്യാവു 57:11) യഹൂദയുടെമേൽ തത്ക്ഷണം ശിക്ഷ നടപ്പാക്കാതെ യഹോവ മിണ്ടാതിരിക്കുന്നു. യഹൂദ അത് നന്ദിയോടെ തിരിച്ചറിയുന്നുണ്ടോ? ഇല്ല. പകരം, അവൾ ദൈവത്തിന്റെ ക്ഷമയെ നിസ്സംഗതയായി വീക്ഷിക്കുന്നു. അവൾക്ക് അവനോട് യാതൊരു ഭയവും തോന്നാതായിരിക്കുന്നു.
14, 15. യഹൂദയുടെ പ്രവൃത്തികളെയും അവളുടെ “വിഗ്രഹസമൂഹ”ത്തെയും കുറിച്ച് യഹോവ എന്തു പറയുന്നു?
14 എന്നിരുന്നാലും, ദൈവത്തിന്റെ ദീർഘക്ഷമയുടെ സമയം അവസാനിക്കും. ആ കാലത്തേക്കു നോക്കിക്കൊണ്ട് യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല. നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ [“രക്ഷിക്കുകയില്ല,” NW]; എന്നാൽ അവയെ ഒക്കെയും കാററു പാററിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും.” (യെശയ്യാവു 57:12, 13എ) യഹോവ യഹൂദയുടെ കപടമായ നീതി വെളിച്ചത്താക്കും. അവളുടെ വ്യാജമായ പ്രവൃത്തികൾ യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവളുടെ “വിഗ്രഹസമൂഹം” അവളെ രക്ഷിക്കുകയില്ല. ദുരന്തം സംഭവിക്കുമ്പോൾ, അവൾ ആശ്രയം വെച്ചിരിക്കുന്ന ദൈവങ്ങൾ വെറുമൊരു ശ്വാസത്താൽ എന്നപോലെ പാറിപ്പോകും.
15 പൊ.യു.മു. 607-ൽ യഹോവയുടെ വാക്കുകൾ നിവൃത്തിയേറുന്നു. ആ വർഷം ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ വന്ന് യെരൂശലേം നശിപ്പിക്കുകയും ആലയത്തിനു തീവെക്കുകയും മിക്കവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു. ‘ഇങ്ങനെ യെഹൂദ സ്വദേശം വിട്ടുപോകേണ്ടിവന്നു.’—2 രാജാക്കന്മാർ 25:1-21.
16. ക്രൈസ്തവലോകത്തിനും മഹാബാബിലോണിന്റെ ശേഷിച്ച ഭാഗത്തിനും എന്തു സംഭവിക്കും?
16 സമാനമായി, യഹോവയുടെ ക്രോധദിവസത്തിൽ ക്രൈസ്തവലോകത്തെ അതിന്റെ വിഗ്രഹസമൂഹം രക്ഷിക്കുകയില്ല. (യെശയ്യാവു 2:19-22; 2 തെസ്സലൊനീക്യർ 1:6-10) ലോകത്തിലെ സകല വ്യാജമതങ്ങളും കൂടിച്ചേർന്ന ‘മഹതിയാം ബാബിലോണിന്റെ’ ശേഷിച്ച ഭാഗത്തോടൊപ്പം ക്രൈസ്തവലോകവും നശിപ്പിക്കപ്പെടും. പത്തു കൊമ്പുകളോടു കൂടിയ പ്രതീകാത്മക കടുഞ്ചുവപ്പു മൃഗവും അതിന്റെ പത്തു കൊമ്പുകളും മഹാബാബിലോണിനെ “ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാടു 17:3, 16, 17) “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ” എന്ന കൽപ്പന അനുസരിച്ചിരിക്കുന്നതിൽ നാം എത്ര സന്തോഷമുള്ളവരാണ്! (വെളിപ്പാടു 18:4, 5) നമുക്ക് ഒരിക്കലും അവളിലേക്കോ അവളുടെ വഴികളിലേക്കോ മടങ്ങാതിരിക്കാം.
‘എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കും’
17. ‘യഹോവയിൽ ആശ്രയിക്കുന്നവന്’ എന്തു വാഗ്ദാനം വെച്ചുനീട്ടിയിരിക്കുന്നു, അത് എപ്പോൾ നിവൃത്തിയേറും?
17 യെശയ്യാ പ്രവചനത്തിലെ അടുത്ത വാക്കുകൾ എന്താണ്? “എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.” (യെശയ്യാവു 57:13ബി) യഹോവ ഇവിടെ ആരോടാണ് സംസാരിക്കുന്നത്? അവൻ ആസന്നമായ വിപത്തിന് അപ്പുറത്തേക്കു നോക്കുകയും ബാബിലോണിൽ നിന്നുള്ള തന്റെ ജനത്തിന്റെ വിടുതലിനെയും തന്റെ വിശുദ്ധ പർവതമായ യെരൂശലേമിൽ സത്യാരാധനയുടെ പുനഃസ്ഥിതീകരണത്തെയും കുറിച്ച് മുൻകൂട്ടി പറയുകയും ചെയ്യുന്നു. (യെശയ്യാവു 66:20; ദാനീയേൽ 9:16) വിശ്വസ്തരായി നിലകൊള്ളുന്ന യഹൂദരെ സംബന്ധിച്ചിടത്തോളം അത് എത്ര വലിയ പ്രോത്സാഹനത്തിന്റെ ഉറവാണ്! കൂടുതലായി യഹോവ ഇങ്ങനെ പറയുന്നു: “നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽനിന്നു ഇടർച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 57:14) തന്റെ ജനത്തെ വിടുവിക്കാനുള്ള ദൈവത്തിന്റെ സമയം വരുമ്പോൾ വഴി സജ്ജമായിരിക്കും, എല്ലാ ഇടർച്ചകളും നീക്കപ്പെട്ടിരിക്കും.—2 ദിനവൃത്താന്തം 36:22, 23.
18. യഹോവയുടെ ഔന്നത്യത്തെ എങ്ങനെ വർണിച്ചിരിക്കുന്നു, എന്നാൽ സ്നേഹപുരസ്സരമായ എന്തു കരുതൽ അവൻ പ്രകടമാക്കുന്നു?
18 ഈ ഘട്ടത്തിലാണ് തുടക്കത്തിൽ ഉദ്ധരിച്ച വാക്കുകൾ യെശയ്യാവ് ഘോഷിക്കുന്നത്: “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.” (യെശയ്യാവു 57:15) യഹോവയുടെ സിംഹാസനം ഏറ്റവും ഉന്നതമായ സ്വർഗത്തിലാണ്. അതിനെക്കാൾ ശ്രേഷ്ഠമോ ഉന്നതമോ ആയ യാതൊരു സ്ഥാനവും ഇല്ല. അവിടെയിരുന്നുകൊണ്ട് അവൻ സകലതും—ദുഷ്ടർ ചെയ്യുന്ന പാപങ്ങൾ മാത്രമല്ല, തന്നെ സേവിക്കാൻ ശ്രമിക്കുന്നവരുടെ നീതിപ്രവൃത്തികളും—കാണുന്നു എന്നത് എത്ര ആശ്വാസകരമാണ്! (സങ്കീർത്തനം 102:22; 103:6) തന്നെയുമല്ല, അവൻ മർദിതരുടെ രോദനങ്ങൾ കേൾക്കുകയും മനസ്സു തകർന്നവരുടെ ഹൃദയങ്ങൾക്ക് ചൈതന്യം പകരുകയും ചെയ്യുന്നു. ഈ വാക്കുകൾ പുരാതന കാലത്തെ അനുതാപമുള്ള യഹൂദന്മാരുടെ ഹൃദയങ്ങളെ സ്പർശിച്ചിരിക്കണം. നിസ്സംശയമായും, അവ ഇന്നു നമ്മുടെ ഹൃദയങ്ങളെയും സ്പർശിക്കുന്നു.
19. എപ്പോഴാണ് യഹോവയുടെ കോപം നിലയ്ക്കുന്നത്?
19 യഹോവയുടെ തുടർന്നുള്ള വാക്കുകളും ആശ്വാസപ്രദമാണ്: “ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.” (യെശയ്യാവു 57:16) യഹോവയുടെ കോപം ഒരിക്കലും അവസാനിക്കാതെ തുടർന്നിരുന്നെങ്കിൽ, അവന്റെ സൃഷ്ടികളിൽ യാതൊന്നും ജീവിച്ചിരിക്കുമായിരുന്നില്ല. എന്നാൽ, സന്തോഷകരമെന്നു പറയട്ടെ യഹോവയുടെ കോപം തത്കാലത്തേക്കു മാത്രമുള്ളതാണ്. അതിന്റെ ഉദ്ദേശ്യം നിവൃത്തിയേറി കഴിയുമ്പോൾ അത് ഇല്ലാതാകുന്നു. തന്റെ സൃഷ്ടിയോടുള്ള യഹോവയുടെ സ്നേഹത്തോട് ആഴമായ വിലമതിപ്പ് വളർത്തിയെടുക്കാൻ ഈ നിശ്വസ്ത ഉൾക്കാഴ്ച നമ്മെ സഹായിക്കുന്നു.
20. (എ) അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരനോട് യഹോവ എങ്ങനെ ഇടപെടുന്നു? (ബി) അനുതാപമുള്ള ഒരു വ്യക്തിയെ യഹോവ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
20 യഹോവ തുടർന്നു പറയുന്ന കാര്യങ്ങൾ നമ്മുടെ ഉൾക്കാഴ്ച വർധിപ്പിക്കുന്നു. അവൻ ആദ്യം ഇങ്ങനെ പറയുന്നു: “അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ചു അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവർ തിരിഞ്ഞു തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.” (യെശയ്യാവു 57:17) അത്യാഗ്രഹം മൂലമുള്ള തെറ്റുകൾ കണിശമായും ദൈവകോപം ക്ഷണിച്ചുവരുത്തുന്നവയാണ്. ഒരുവൻ ഹൃദയത്തിൽ മത്സരിയായി തുടരുന്നിടത്തോളം കാലം യഹോവയ്ക്ക് അവനോട് കോപം ഉണ്ടായിരിക്കും. എന്നാൽ മത്സരിയായ ഒരുവൻ ശിക്ഷണത്തോടു പ്രതികരിക്കുന്നെങ്കിലോ? തന്റെ സ്നേഹവും അനുകമ്പയും പ്രവർത്തനത്തിന് തന്നെ പ്രേരിപ്പിക്കുന്നത് എങ്ങനെയെന്ന് യഹോവ പ്രകടമാക്കുന്നു: “ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൌഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്കു, അവരുടെ ദുഃഖിതന്മാർക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും.” (യെശയ്യാവു 57:18) ശിക്ഷണ നടപടി സ്വീകരിച്ചശേഷം, അനുതാപമുള്ളവനെ യഹോവ സൗഖ്യമാക്കുക മാത്രമല്ല അവനെയും കൂടെ ഉള്ളവരെയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പൊ.യു.മു. 537-ൽ യഹൂദന്മാർക്ക് സ്വദേശത്തേക്കു മടങ്ങിവരാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. യഹൂദയ്ക്ക് പിന്നീട് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യം ആയിത്തീരാൻ കഴിയുകയില്ല. എങ്കിലും, യെരൂശലേമിലെ ആലയം പുനർനിർമിക്കപ്പെടുകയും സത്യാരാധന പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
21. (എ) 1919-ൽ യഹോവ അഭിഷിക്ത ക്രിസ്ത്യാനികളുടെ മനസ്സിന് ചൈതന്യം പകർന്നത് എങ്ങനെ? (ബി) നാം ഓരോരുത്തരും ഏതു ഗുണം നട്ടുവളർത്തേണ്ടതാണ്?
21 “ഉന്നതനും ഉയർന്നിരിക്കുന്നവനും” ആയ യഹോവ 1919-ൽ അഭിഷിക്ത ശേഷിപ്പിന്റെ ക്ഷേമത്തിൽ താത്പര്യം പ്രകടമാക്കി. അവരുടെ അനുതാപമുള്ള താഴ്മയുള്ള മനോഭാവം നിമിത്തം മഹാദൈവമായ യഹോവ ദയാപുരസ്സരം അവരുടെ യാതന ശ്രദ്ധിക്കുകയും ബാബിലോണിയൻ അടിമത്തത്തിൽനിന്ന് അവരെ വിടുവിക്കുകയും ചെയ്തു. അവൻ എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യുകയും തനിക്കായി വിശുദ്ധ സേവനം അർപ്പിക്കാൻ കഴിയുമാറ് അവരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ചെയ്തു. അങ്ങനെ യെശയ്യാവ് മുഖാന്തരമുള്ള യഹോവയുടെ വാക്കുകൾക്ക് ആ സമയത്ത് ഒരു നിവൃത്തി ഉണ്ടായി. ആ വാക്കുകൾക്കു പിന്നിൽ നമ്മിൽ ഓരോരുത്തർക്കും ബാധകമാകുന്ന ശാശ്വത തത്ത്വങ്ങൾ കാണാം. താഴ്മയുള്ളവരുടെ ആരാധന മാത്രമേ യഹോവ സ്വീകരിക്കുകയുള്ളൂ. ദൈവദാസന്മാരിൽ ഒരാൾ പാപം ചെയ്യുകയാണെങ്കിൽ, താമസിയാതെ അതു സമ്മതിക്കാനും ശാസന സ്വീകരിച്ചുകൊണ്ട് തെറ്റു തിരുത്താനും അയാൾ സന്നദ്ധനായിരിക്കണം. യഹോവ താഴ്മയുള്ളവരെ സൗഖ്യമാക്കുകയും ആശ്വസിപ്പിക്കുകയും “നിഗളികളോടു എതിർത്തുനില്ക്കയും” ചെയ്യുന്നുവെന്ന് നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.—യാക്കോബ് 4:6.
“ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം”
22. യഹോവ മുൻകൂട്ടി പറയുന്നതു പോലെ (എ) അനുതപിക്കുന്നവരുടെ ഭാവി എന്തായിരിക്കും? (ബി) ദുഷ്ടന്മാരുടെ ഭാവി എന്തായിരിക്കും?
22 അനുതപിക്കുന്നവരുടെ ഭാവിയെ ദുഷ്ടവഴികളിൽ നടക്കുന്നവരുടെ ഭാവിയുമായി വിപരീത താരതമ്യം ചെയ്തുകൊണ്ട് യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, . . . ഞാൻ അവരെ സൌഖ്യമാക്കും . . . ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. ദുഷ്ടന്മാർക്കു സമാധാനമില്ല.”—യെശയ്യാവു 57:19-21.
23. എന്താണ് അധരഫലം, ഏതു വിധത്തിൽ യഹോവ ഈ ഫലം ‘സൃഷ്ടിക്കുന്നു’?
23 അധരഫലം ദൈവത്തിന് അർപ്പിക്കുന്ന സ്തുതിയാഗമാണ്, അതായത് അവന്റെ നാമത്തിന്റെ പരസ്യ പ്രഖ്യാപനം. (എബ്രായർ 13:15, NW) അപ്പോൾ യഹോവ എങ്ങനെയാണ് പരസ്യ പ്രഖ്യാപനം ‘സൃഷ്ടിക്കുന്നത്’? സ്തുതിയാഗം അർപ്പിക്കണമെങ്കിൽ ഒരു വ്യക്തി ആദ്യം ദൈവത്തെ കുറിച്ചു പഠിക്കുകയും അവനിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവാത്മാവിന്റെ ഫലമായ വിശ്വാസം, താൻ കേട്ട കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ അയാളെ പ്രേരിപ്പിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അങ്ങനെ ചെയ്യുമ്പോൾ അയാൾ പരസ്യ പ്രഖ്യാപനം നടത്തുകയാണ്. (റോമർ 10:13-15; ഗലാത്യർ 5:22, NW) യഹോവയുടെ സ്തുതി ഘോഷിക്കാൻ ദാസന്മാരെ നിയോഗിക്കുന്നത് ആത്യന്തികമായി അവൻ തന്നെയാണ് എന്ന കാര്യം നാം ഓർക്കണം. അത്തരം സ്തുതിയാഗങ്ങൾ അർപ്പിക്കുക സാധ്യമാക്കിത്തീർത്തുകൊണ്ട് തന്റെ ജനത്തെ വിടുവിക്കുന്നത് യഹോവയാണ്. (1 പത്രൊസ് 2:9) അതിനാൽ, യഹോവ അധരഫലം സൃഷ്ടിക്കുന്നതായി പറയാവുന്നതാണ്.
24. (എ) ആർ ദൈവസമാധാനം അറിയുന്നു, അതിന്റെ ഫലമെന്ത്? (ബി) ആർ സമാധാനം അറിയുന്നില്ല, അതിന്റെ ഫലമെന്ത്?
24 യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടിക്കൊണ്ട് സ്വദേശത്തേക്കു മടങ്ങിവരവേ, എത്ര പുളകപ്രദമായ അധരഫലമാണ് യഹൂദന്മാർ അർപ്പിക്കേണ്ടിയിരുന്നത്! അവർ ‘ദൂരത്ത്,’ അതായത് മടങ്ങിവരവും പ്രതീക്ഷിച്ച് യഹൂദയിൽനിന്ന് അകലെ, ആയിരുന്നാലും ‘സമീപത്ത്,’ അതായത് ഇപ്പോൾ സ്വദേശത്ത്, ആയിരുന്നാലും ദൈവസമാധാനത്തെ കുറിച്ച് അറിയുന്നതിൽ അവർ സന്തോഷിക്കേണ്ടതാണ്. എന്നാൽ അതിൽനിന്ന് എത്രയോ ഭിന്നമാണ് ദുഷ്ടന്മാരുടെ അവസ്ഥ! യഹോവയുടെ ശിക്ഷണ നടപടികളോടു പ്രതികരിക്കാൻ പരാജയപ്പെടുന്ന അവർ ആരായിരുന്നാലും എവിടെ ആയിരുന്നാലും അവർക്ക് അൽപ്പം പോലും സമാധാനം ഉണ്ടായിരിക്കുകയില്ല. അശാന്തമായ കടൽ പോലെ ഇളകിമറിയുന്ന അവർ പുറപ്പെടുവിക്കുന്നത് അധരഫലമല്ല, പിന്നെയോ “ചേറും ചെളിയും,” അശുദ്ധമായ സകലതും ആണ്.
25. എല്ലായിടത്തുമുള്ളവർ സമാധാനം അറിയാൻ ഇടയായിരിക്കുന്നത് എങ്ങനെ?
25 ഇന്നും യഹോവയുടെ ദാസന്മാർ എല്ലായിടത്തും ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നു. 230-ലധികം ദേശങ്ങളിൽ എല്ലായിടത്തുമുള്ള ക്രിസ്ത്യാനികൾ ഏകസത്യദൈവത്തിന് സ്തുതി ഘോഷിച്ചുകൊണ്ട് തങ്ങളുടെ അധരഫലം അർപ്പിക്കുന്നു. അവർ പാടുന്ന സ്തുതികൾ “ഭൂമിയുടെ അററത്തു” പോലും കേൾക്കാം. (യെശയ്യാവു 42:10-12) അവരുടെ മൊഴികൾ കേട്ട് പ്രതികരിക്കുന്നവർ ദൈവവചനമായ ബൈബിളിലെ സത്യം സ്വീകരിക്കുകയാണ്. അവർ, ‘സമാധാനത്തിന്റെ ദൈവത്തെ’ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന സമാധാനം അറിയാൻ ഇടയായിരിക്കുന്നു.—റോമർ 16:20.
26. (എ) ദുഷ്ടന്മാർക്ക് എന്തു സംഭവിക്കാൻ പോകുന്നു? (ബി) സൗമ്യർക്ക് മഹത്തായ ഏതു വാഗ്ദാനം ലഭിച്ചിരിക്കുന്നു, എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?
26 അതേ, ദുഷ്ടന്മാർ രാജ്യസന്ദേശത്തിനു ശ്രദ്ധ കൊടുക്കുന്നില്ല. അവർ ഇനിമേൽ നീതിമാന്മാരുടെ സമാധാനം കെടുത്താൻ അനുവദിക്കപ്പെടുകയില്ല. “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല” എന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. യഹോവയെ അഭയം പ്രാപിക്കുന്നവർ അത്ഭുതകരമായ വിധത്തിൽ ദേശം കൈവശമാക്കും. “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11, 29) അപ്പോൾ നമ്മുടെ ഭൂമി എത്ര മനോഹരമായിരിക്കും! സകല നിത്യതയിലും യഹോവയ്ക്കു സ്തുതി പാടാൻ കഴിയേണ്ടതിന് ദൈവ സമാധാനം നഷ്ടമാക്കാതിരിക്കാൻ നമുക്കെല്ലാം ദൃഢനിശ്ചയം ഉള്ളവരായിരിക്കാം.
[അടിക്കുറിപ്പുകൾ]
a ഇവിടെ ഉപയോഗിച്ചിരിക്കുന്ന “കിടക്ക” എന്ന പദം ബലിപീഠത്തെയോ വ്യാജാരാധനയുടെ സ്ഥലത്തെയോ സൂചിപ്പിക്കുന്നു. അതിനെ കിടക്ക എന്നു വിളിക്കുന്നത് അത്തരം ആരാധന ആത്മീയ വേശ്യാവൃത്തി കൂടിയാണെന്ന് ഓർമിപ്പിക്കാനാണ്.
b അശേരാപ്രതിഷ്ഠകൾ സ്ത്രൈണതയുടെ പ്രതീകങ്ങളും വിഗ്രഹസ്തംഭങ്ങൾ പുരുഷലിംഗത്തിന്റെ പ്രതീകങ്ങളും ആയിരുന്നിരിക്കണം. ഇവ രണ്ടും യഹൂദയിലെ അവിശ്വസ്ത യഹൂദർ ഉപയോഗിച്ചിരുന്നു.—2 രാജാക്കന്മാർ 18:4; 23:14.
[അധ്യയന ചോദ്യങ്ങൾ]
[263-ാം പേജിലെ ചിത്രം]
യഹൂദ പച്ചമരത്തിനു കീഴിൽ അധാർമികാരാധന നടത്തുന്നു
[267-ാം പേജിലെ ചിത്രം]
യഹൂദ ദേശത്തെങ്ങും ബലിപീഠങ്ങൾ നിർമിക്കുന്നു
[275-ാം പേജിലെ ചിത്രം]
“ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും”