വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ശുദ്ധാരാധനയെ അനുഗ്രഹിക്കുന്നു

യഹോവ ശുദ്ധാരാധനയെ അനുഗ്രഹിക്കുന്നു

അധ്യായം ഇരുപ​ത്തി​യേഴ്‌

യഹോവ ശുദ്ധാ​രാ​ധ​നയെ അനു​ഗ്ര​ഹി​ക്കു​ന്നു

യെശയ്യാവു 66:1-14

1. യെശയ്യാ​വി​ന്റെ അവസാന അധ്യാ​യ​ത്തിൽ ഏതെല്ലാം വിഷയങ്ങൾ എടുത്തു​പ​റ​ഞ്ഞി​രി​ക്കു​ന്നു, അവയിൽ ഏതെല്ലാം ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾ കാണാം?

 യെശയ്യാ​വി​ന്റെ അവസാന അധ്യാ​യ​ത്തിൽ, ഈ പ്രാവ​ച​നിക പുസ്‌ത​ക​ത്തി​ലെ പ്രമുഖ വിഷയ​ങ്ങ​ളിൽ ചിലത്‌ ശ്രദ്ധേ​യ​മായ പാരമ്യ​ത്തി​ലേക്കു വരുന്ന​തും പല പ്രധാന ചോദ്യ​ങ്ങൾക്കും ഉത്തരം ലഭിക്കു​ന്ന​തും കാണാം. എടുത്തു പറഞ്ഞി​രി​ക്കുന്ന വിഷയ​ങ്ങ​ളിൽ യഹോ​വ​യു​ടെ ഔന്നത്യം, കാപട്യ​ത്തോ​ടുള്ള അവന്റെ വിദ്വേ​ഷം, ദുഷ്ടന്മാ​രെ ശിക്ഷി​ക്കാ​നുള്ള അവന്റെ ദൃഢനി​ശ്ചയം, വിശ്വ​സ്‌ത​രോ​ടുള്ള അവന്റെ സ്‌നേ​ഹ​പൂർവ​ക​മായ പരിഗണന എന്നിവ​യൊ​ക്കെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. മാത്രമല്ല, അവയിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങ​ളും കാണാം: സത്യാ​രാ​ധ​നയെ വ്യാജാ​രാ​ധ​ന​യിൽനി​ന്നു വേർതി​രി​ച്ചു നിറു​ത്തു​ന്നത്‌ എന്താണ്‌? ദൈവ​ജ​നത്തെ ദ്രോ​ഹി​ക്കു​ക​യും അതേസ​മയം വിശു​ദ്ധ​രാ​ണെന്നു നടിക്കു​ക​യും ചെയ്യുന്ന കപടഭ​ക്തി​ക്കാർക്ക്‌ യഹോവ പകരം കൊടു​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? തന്നോടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്ന​വരെ യഹോവ എങ്ങനെ അനു​ഗ്ര​ഹി​ക്കും?

ശുദ്ധാ​രാ​ധ​ന​യു​ടെ താക്കോൽ

2. തന്റെ മഹത്ത്വം സംബന്ധിച്ച്‌ യഹോവ എന്തു പ്രഖ്യാ​പനം നടത്തുന്നു, ഈ പ്രഖ്യാ​പനം എന്ത്‌ അർഥമാ​ക്കു​ന്നില്ല?

2 ഒന്നാമതായി, പ്രവചനം യഹോ​വ​യു​ടെ മഹത്ത്വത്തെ ഊന്നി​പ്പ​റ​യു​ന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: സ്വർഗ്ഗം എന്റെ സിംഹാ​സ​ന​വും ഭൂമി എന്റെ പാദപീ​ഠ​വും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവി​ധം? എന്റെ വിശ്രാ​മ​സ്ഥ​ല​വും ഏതു?” (യെശയ്യാ​വു 66:1) യഹൂദ ജനതയെ സ്വദേ​ശ​ത്തേക്കു പുനഃ​സ്ഥി​തീ​ക​രി​ച്ച​പ്പോൾ യഹോ​വ​യ്‌ക്കുള്ള ആലയം പുനർനിർമി​ക്കു​ന്ന​തിൽനി​ന്നു പ്രവാ​ചകൻ ഇവിടെ യഹൂദ​ന്മാ​രെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണെന്ന്‌ ചിലർ കരുതു​ന്നു. എന്നാൽ വാസ്‌ത​വ​ത്തിൽ സംഗതി അതല്ല; ആലയം പുനർനിർമി​ക്കാൻ യഹോ​വ​തന്നെ കൽപ്പി​ക്കും. (എസ്രാ 1:1-6; യെശയ്യാ​വു 60:13; ഹഗ്ഗായി 1:7, 8) അപ്പോൾ ഈ പാഠഭാ​ഗ​ത്തി​ന്റെ അർഥം എന്താണ്‌?

3. ഭൂമിയെ യഹോ​വ​യു​ടെ ‘പാദപീ​ഠം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഭൂമിയെ യഹോ​വ​യു​ടെ ‘പാദപീ​ഠം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ നമുക്കു നോക്കാം. അതു നിന്ദാ​ക​ര​മായ ഒരു പദപ്ര​യോ​ഗമല്ല. പ്രപഞ്ച​ത്തിൽ ശതകോ​ടി​ക്ക​ണ​ക്കിന്‌ ആകാശ​ഗോ​ളങ്ങൾ ഉണ്ടെങ്കി​ലും, ഭൂമിക്കു മാത്ര​മാണ്‌ ആ പ്രത്യേക വിശേ​ഷണം ലഭിച്ചി​രി​ക്കു​ന്നത്‌. നമ്മുടെ ഗ്രഹത്തിന്‌ ഈ അപൂർവ സവി​ശേഷത എക്കാല​വും ഉണ്ടായി​രി​ക്കും. കാരണം, യഹോ​വ​യു​ടെ ഏകജാ​ത​പു​ത്രൻ മറുവില കൊടു​ത്ത​തും മിശി​ഹൈക രാജ്യം മുഖാ​ന്തരം യഹോവ തന്റെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കാൻ പോകു​ന്ന​തും ഇവി​ടെ​യാണ്‌. തന്മൂലം ഭൂമിയെ യഹോ​വ​യു​ടെ പാദപീ​ഠം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എത്ര ഉചിത​മാണ്‌! തന്റെ ഉയർന്ന സിംഹാ​സ​ന​ത്തി​ലേക്കു കയറാ​നാ​യും തുടർന്ന്‌ തന്റെ പാദങ്ങൾക്കുള്ള ഒരു വിശ്ര​മ​സ്ഥാ​ന​മാ​യും ഒരു രാജാവ്‌ അത്തര​മൊ​രു പീഠം ഉപയോ​ഗി​ച്ചേ​ക്കാം.

4. (എ) ഭൂമി​യി​ലുള്ള ഏതെങ്കി​ലും കെട്ടി​ട​ത്തിന്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ വിശ്ര​മ​സ്ഥലം ആയിരി​ക്കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) “ഇതൊ​ക്കെ​യും” എന്ന പ്രയോ​ഗ​ത്തി​ന്റെ അർഥ​മെന്ത്‌, യഹോ​വ​യു​ടെ ആരാധന സംബന്ധിച്ച്‌ നാം എന്തു നിഗമ​ന​ത്തിൽ എത്തണം?

4 ഒരു രാജാവ്‌ തീർച്ച​യാ​യും തന്റെ പാദപീ​ഠ​ത്തിൽ ഇരിക്കാ​ത്തതു പോലെ, യഹോവ ഭൂമി​യിൽ വസിക്കു​ന്നില്ല. അതിബൃ​ഹ​ത്തായ ഭൗതിക ആകാശ​ത്തി​നു പോലും യഹോ​വയെ ഉൾക്കൊ​ള്ളാ​നാ​വില്ല! അപ്പോൾ ഭൂമി​യി​ലെ ഏതെങ്കി​ലും ഒരു കെട്ടി​ട​ത്തിന്‌ അക്ഷരാർഥ​ത്തിൽ അവന്റെ ഭവനമാ​യി​രി​ക്കാൻ എങ്ങനെ കഴിയും? (1 രാജാ​ക്ക​ന്മാർ 8:27) യഹോ​വ​യു​ടെ സിംഹാ​സ​ന​വും അവന്റെ വിശ്ര​മ​സ്ഥ​ല​വും ആത്മമണ്ഡ​ല​ത്തി​ലാണ്‌, യെശയ്യാ​വു 66:1-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “സ്വർഗ്ഗം” എന്ന പ്രയോ​ഗ​ത്തി​ന്റെ അർഥം അതാണ്‌. അതു മനസ്സി​ലാ​ക്കാൻ അടുത്ത വാക്യം നമ്മെ സഹായി​ക്കു​ന്നു: “എന്റെ കൈ ഇതൊ​ക്കെ​യും ഉണ്ടാക്കി; അങ്ങനെ​യാ​കു​ന്നു ഇതൊ​ക്കെ​യും ഉളവാ​യതു എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 66:2എ) “ഇതൊ​ക്കെ​യും”—ആകാശ​ത്തി​ലും ഭൂമി​യി​ലു​മുള്ള സകലതും—എന്നു പറഞ്ഞു​കൊണ്ട്‌ യഹോവ വിശാ​ല​തയെ അർഥമാ​ക്കാൻ ഒരു ആംഗ്യം കാണി​ക്കു​ന്ന​താ​യി സങ്കൽപ്പി​ക്കുക. (യെശയ്യാ​വു 40:26; വെളി​പ്പാ​ടു 10:7) മുഴു അഖിലാ​ണ്ഡ​ത്തി​ന്റെ​യും മഹാ​സ്ര​ഷ്ടാവ്‌ എന്ന നിലയിൽ, വെറു​മൊ​രു കെട്ടി​ട​ത്തെ​ക്കാ​ള​ധി​കം സംഗതി​കൾ അവന്‌ അർപ്പി​ത​മാ​യി​രി​ക്കേ​ണ്ട​താണ്‌. കേവലം ബാഹ്യ​മായ ഒരു ആരാധ​നാ​രീ​തി​യി​ലും കവിഞ്ഞത്‌ അവൻ അർഹി​ക്കു​ന്നു.

5. നാം ‘അരിഷ്ട​രും മനസ്സു തകർന്ന​വ​രും’ ആണെന്നു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

5 അഖിലാണ്ഡ പരമാ​ധി​കാ​രിക്ക്‌ എങ്ങനെ​യുള്ള ആരാധ​ന​യാണ്‌ യോജി​ക്കു​ന്നത്‌? അവൻതന്നെ നമ്മോടു പറയുന്നു: “എങ്കിലും അരിഷ്ട​നും മനസ്സു തകർന്ന​വ​നും എന്റെ വചനത്തി​ങ്കൽ വിറെ​ക്കു​ന്ന​വ​നു​മായ മനുഷ്യ​നെ ഞാൻ കടാക്ഷി​ക്കും.” (യെശയ്യാ​വു 66:2ബി) ശുദ്ധാ​രാ​ധ​ന​യ്‌ക്ക്‌ പ്രധാനം ആരാധ​കന്റെ ഭാഗത്തെ ശരിയായ ഹൃദയ​നി​ല​യാണ്‌. (വെളി​പ്പാ​ടു 4:11) യഹോ​വ​യു​ടെ ആരാധകൻ “അരിഷ്ട​നും മനസ്സു തകർന്ന​വ​നും” ആയിരി​ക്കണം. നാം അസന്തു​ഷ്ട​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നാണോ അതിനർഥം? അല്ല. അവൻ “സന്തുഷ്ട ദൈവ”മാണ്‌. തന്റെ ആരാധ​ക​രും സന്തുഷ്ടർ ആയിരി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:11, NW; ഫിലി​പ്പി​യർ 4:4) എന്നാൽ, നാമെ​ല്ലാം കൂടെ​ക്കൂ​ടെ പാപം ചെയ്യു​ന്ന​വ​രാണ്‌, അതു നാം നിസ്സാ​ര​മാ​യി കാണരുത്‌. നാം അവയാൽ ‘അരിഷ്ടർ,’ യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങ​ളു​ടെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​ത്ത​തിൽ ദുഃഖി​തർ, ആയിരി​ക്കണം. (സങ്കീർത്തനം 51:17) അനുത​പി​ച്ചു​കൊ​ണ്ടും പാപപൂർണ​മായ പ്രവണ​ത​കൾക്കെ​തി​രെ പോരാ​ടി​ക്കൊ​ണ്ടും ക്ഷമയ്‌ക്കാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു​കൊ​ണ്ടും നാം ‘മനസ്സു തകർന്നവർ’ ആണെന്നു പ്രകട​മാ​ക്കണം.—ലൂക്കൊസ്‌ 11:4; 1 യോഹ​ന്നാൻ 1:8-10.

6. സത്യാ​രാ​ധകർ ഏത്‌ അർഥത്തിൽ ‘ദൈവ​ത്തി​ന്റെ വചനത്തി​ങ്കൽ വിറയ്‌ക്കണം’?

6 കൂടാതെ, തന്റെ ‘വചനത്തി​ങ്കൽ വിറയ്‌ക്കു​ന്ന​വരെ’ യഹോവ കടാക്ഷി​ക്കു​ന്നു. അവന്റെ പ്രഖ്യാ​പ​ന​ങ്ങളെ കുറിച്ചു വായി​ക്കു​മ്പോ​ഴൊ​ക്കെ നാം ഭയന്നു വിറയ്‌ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു എന്നാണോ അതിന്റെ അർഥം? അല്ല. മറിച്ച്‌, അവൻ പറയുന്ന കാര്യ​ങ്ങളെ നാം ഭയത്തോ​ടും ആദര​വോ​ടും കൂടെ വീക്ഷി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു എന്നാണ്‌. നാം അവന്റെ ബുദ്ധി​യു​പ​ദേശം ആത്മാർഥ​മാ​യി തേടുന്നു, ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും നമ്മെ വഴിന​യി​ക്കാൻ നാം അത്‌ ഉപയോ​ഗി​ക്കു​ന്നു. (സങ്കീർത്തനം 119:105) ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ക്കുക, മനുഷ്യ പാരമ്പ​ര്യ​ങ്ങ​ളാൽ ദൈവ​ത്തി​ന്റെ സത്യം ദുഷി​പ്പി​ക്കുക, അല്ലെങ്കിൽ അതിനെ നിസ്സാ​ര​മാ​യി എടുക്കുക എന്ന ചിന്ത​പോ​ലും നമ്മിൽ ഭയമു​ള​വാ​ക്കു​ന്നു എന്ന അർഥത്തിൽ നാം ‘വിറയ്‌ക്കണം.’ അത്തരം എളിയ മനോ​ഭാ​വം സത്യാ​രാ​ധ​ന​യ്‌ക്കു പ്രധാ​ന​മാണ്‌—എന്നാൽ ദുഃഖ​ക​ര​മെന്നു പറയട്ടെ ഇന്നത്തെ ലോക​ത്തിൽ വിരള​മാ​യി​രി​ക്കു​ന്ന​തും അതാണ്‌.

കപടഭ​ക്തി​പ​ര​മായ ആരാധന യഹോവ വെറു​ക്കു​ന്നു

7, 8. കപടഭ​ക്തി​ക്കാ​രു​ടെ പ്രഹസ​ന​പ​ര​മായ ആരാധ​നാ​രീ​തി​കളെ യഹോവ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

7 യഹോവ തന്റെ ആരാധ​ക​രിൽ ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തരം മനോ​ഭാ​വ​മുള്ള അധികം പേരൊ​ന്നും തന്റെ സമകാ​ലി​ക​രിൽ ഇല്ലെന്ന്‌ യെശയ്യാ​വിന്‌ അറിയാം. അക്കാര​ണ​ത്താൽ, വിശ്വാ​സ​ത്യാ​ഗി​നി​യായ യെരൂ​ശ​ലേം ആസന്ന ന്യായ​വി​ധി അർഹി​ക്കു​ന്നു. അവിടത്തെ ആരാധ​നയെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു എന്ന്‌ ശ്രദ്ധി​ക്കുക: ‘കാളയെ അറുക്ക​യും മനുഷ്യ​നെ കൊല്ലു​ക​യും ചെയ്യു​ന്നവൻ, കുഞ്ഞാ​ടി​നെ യാഗം കഴിക്ക​യും നായുടെ കഴുത്തു ഒടിക്ക​യും ചെയ്യു​ന്നവൻ, ഭോജ​ന​യാ​ഗം കഴിക്ക​യും പന്നി​ച്ചോര അർപ്പി​ക്ക​യും ചെയ്യു​ന്നവൻ, ധൂപം​കാ​ണി​ക്ക​യും മിത്ഥ്യാ​മൂർത്തി​യെ വാഴ്‌ത്തു​ക​യും ചെയ്യു​ന്നവൻ, ഇവർ സ്വന്തവ​ഴി​കളെ തിര​ഞ്ഞെ​ടു​ക്ക​യും അവരുടെ മനസ്സു മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളിൽ ഇഷ്ടപ്പെ​ടു​ക​യും ചെയ്യുന്നു.’—യെശയ്യാ​വു 66:3.

8 ഈ വാക്കുകൾ, യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കു​കളെ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു. തന്റെ വഴിപി​ഴച്ച ജനത്തിന്റെ പ്രഹസ​ന​പ​ര​മായ ആരാധ​നാ​രീ​തി​കൾ തന്നെ പ്രസാ​ദി​പ്പി​ക്കു​ന്നി​ല്ലെന്നു മാത്രമല്ല, അവർ കപടഭ​ക്ത​രാ​യ​തി​നാൽ വാസ്‌ത​വ​ത്തിൽ അത്‌ തന്റെ നീതി​നി​ഷ്‌ഠ​മായ കോപത്തെ വർധി​പ്പി​ക്കുക മാത്രമേ ചെയ്യു​ന്നു​ള്ളു എന്നും യഹോവ അവരോ​ടു പറഞ്ഞു. (യെശയ്യാ​വു 1:11-17) അതു​പോ​ലെ, യഹോവ ഇപ്പോൾ അവരുടെ വഴിപാ​ടു​കളെ ഹീനമായ കുറ്റകൃ​ത്യ​ങ്ങ​ളോ​ടു താരത​മ്യം ചെയ്യുന്നു. നല്ല വിലയുള്ള ഒരു കാളയെ യാഗമർപ്പി​ക്കു​ന്ന​തിൽ യഹോവ പ്രസാ​ദി​ക്കു​ന്നില്ല, മറിച്ച്‌ മനുഷ്യ​നെ കൊല ചെയ്യു​ന്ന​തി​നു തുല്യ​മാ​യാണ്‌ അവൻ അതിനെ വീക്ഷി​ക്കു​ന്നത്‌! മറ്റു യാഗാർപ്പ​ണ​ങ്ങളെ പട്ടി​യെ​യും പന്നി​യെ​യും ബലിയാ​യി അർപ്പി​ക്കു​ന്ന​തി​നോ​ടു ഉപമി​ച്ചി​രി​ക്കു​ന്നു. മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ അത്തരം മൃഗങ്ങൾ അശുദ്ധ​മാണ്‌, അതു​കൊ​ണ്ടു​തന്നെ തീർച്ച​യാ​യും യാഗത്തി​നു യോജി​ച്ച​വയല്ല. (ലേവ്യ​പു​സ്‌തകം 11:7, 27) അത്തരം മതകാ​പ​ട്യം കാട്ടു​ന്ന​വരെ യഹോവ ശിക്ഷി​ക്കാ​തി​രി​ക്കു​മോ?

9. യെശയ്യാവ്‌ മുഖാ​ന്തരം യഹോവ നൽകിയ ഓർമി​പ്പി​ക്ക​ലു​ക​ളോട്‌ മിക്ക യഹൂദ​ന്മാ​രും എങ്ങനെ പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു, അതിന്റെ ഒഴിവാ​ക്കാ​നാ​വാത്ത ഫലം എന്തായി​രി​ക്കും?

9 യഹോവ ഇപ്പോൾ ഇങ്ങനെ പറയുന്നു: “ഞാനും അവരെ ഉപദ്ര​വി​ക്കു​ന്നതു തിര​ഞ്ഞെ​ടു​ത്തു അവർ ഭയപ്പെ​ടു​ന്നതു അവർക്കും വരുത്തും; ഞാൻ വിളി​ച്ച​പ്പോൾ ആരും ഉത്തരം പറയാ​തെ​യും ഞാൻ അരുളി​ച്ചെ​യ്‌ത​പ്പോൾ കേൾക്കാ​തെ​യും അവർ എനിക്കു അനിഷ്ട​മാ​യു​ള്ളതു ചെയ്‌തു എനിക്കു പ്രസാ​ദ​മ​ല്ലാ​ത്തതു തിര​ഞ്ഞെ​ടു​ത്ത​തു​കൊ​ണ്ടു തന്നേ.” (യെശയ്യാ​വു 66:4) നിസ്സം​ശ​യ​മാ​യും, ഹൃദയം​ഗ​മ​മായ ബോധ്യ​ത്തോ​ടെ ആ വാക്കുകൾ സംസാ​രി​ക്കാൻ യെശയ്യാ​വി​നു കഴിയും. യഹോ​വ​യു​ടെ ജനത്തോട്‌ ‘വിളി​ച്ചു​പ​റ​യുക’യും ‘അരുളി​ച്ചെ​യ്യുക’യും ചെയ്‌തു​കൊണ്ട്‌ നിരവധി വർഷങ്ങൾ അവൻ യഹോ​വ​യു​ടെ ഒരു ഉപകര​ണ​മാ​യി വർത്തി​ച്ചി​രി​ക്കു​ന്നു. പൊതു​വെ, ആരും​തന്നെ തന്റെ സന്ദേശ​ത്തി​നു ശ്രദ്ധ നൽകു​ന്നി​ല്ലെന്നു പ്രവാ​ച​കനു നന്നായി അറിയാം. അവർ ഹീനമാ​യതു ചെയ്‌തി​രി​ക്കു​ന്ന​തി​നാൽ, ദൈവം അവരോ​ടു കണിശ​മാ​യും പകരം ചോദി​ക്കും. യഹോവ തീർച്ച​യാ​യും അവരെ ശിക്ഷി​ക്കു​ക​യും വിശ്വാ​സ​ത്യാ​ഗി​ക​ളായ ആ ജനത്തി​ന്മേൽ ഭയങ്കര കാര്യങ്ങൾ വരുത്തു​ക​യും ചെയ്യും.

10. യഹൂദ​യോ​ടുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കൾ ക്രൈ​സ്‌ത​വ​ലോ​കത്തെ അവൻ വീക്ഷി​ക്കുന്ന വിധത്തെ കുറിച്ചു നമ്മോട്‌ എന്തു പറയുന്നു?

10 സമാനമായി, യഹോ​വയെ അപ്രീ​തി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളാണ്‌ ആധുനി​ക​കാല ക്രൈ​സ്‌ത​വ​ലോ​ക​വും ചെയ്‌തി​രി​ക്കു​ന്നത്‌. അവളുടെ സഭകളിൽ വിഗ്ര​ഹാ​രാ​ധന തഴച്ചു​വ​ള​രു​ന്നു. അൾത്താ​ര​ക​ളിൽ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ തത്ത്വശാ​സ്‌ത്ര​ങ്ങ​ളും ആചാര​ങ്ങ​ളും വാഴ്‌ത്ത​പ്പെ​ടു​ന്നു. രാഷ്‌ട്രീയ അധികാ​ര​ത്തി​നാ​യുള്ള വാഞ്‌ഛ ലോക​രാ​ഷ്‌ട്ര​ങ്ങ​ളു​മാ​യുള്ള ആത്മീയ വ്യഭി​ചാര ബന്ധത്തി​ലേക്ക്‌ അവളെ ഒന്നി​നൊ​ന്നു തള്ളിവി​ട്ടി​രി​ക്കു​ന്നു. (മർക്കൊസ്‌ 7:13; വെളി​പ്പാ​ടു 18:4, 5, 9) പുരാതന യെരൂ​ശ​ലേ​മി​ന്റെ കാര്യ​ത്തി​ലെന്ന പോലെ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്മേ​ലുള്ള നീതി​നി​ഷ്‌ഠ​മായ ന്യായ​വി​ധി—“ഭയപ്പെ​ടുന്ന” കാര്യം—അപ്രതി​രോ​ധ്യ​മാം വിധം ദ്രുത​ഗ​തി​യിൽ അടുത്തു​വ​രി​ക​യാണ്‌. അവൾക്കു ശിക്ഷ ലഭിക്കാ​നുള്ള കാരണ​ങ്ങ​ളിൽ ഒന്ന്‌ ദൈവ​ജ​ന​ത്തോ​ടുള്ള അവളുടെ ഹീനമായ പെരു​മാ​റ്റ​മാണ്‌.

11. (എ) യെശയ്യാ​വി​ന്റെ നാളിലെ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പാപത്തി​ന്റെ ഗൗരവം വർധി​പ്പി​ക്കു​ന്നത്‌ എന്താണ്‌? (ബി) യെശയ്യാ​വി​ന്റെ സമകാ​ലി​കർ വിശ്വ​സ്‌ത​രാ​യ​വരെ ‘ദൈവ​ത്തി​ന്റെ നാമം​നി​മി​ത്തം’ പുറത്താ​ക്കു​ന്നത്‌ ഏത്‌ അർഥത്തിൽ?

11 യെശയ്യാവ്‌ തുടരു​ന്നു: “യഹോ​വ​യു​ടെ വചനത്തി​ങ്കൽ വിറെ​ക്കു​ന്ന​വരേ, അവന്റെ വചനം കേട്ടു​കൊൾവിൻ; നിങ്ങളെ പകെച്ചു, എന്റെ നാമം​നി​മി​ത്തം നിങ്ങളെ പുറത്താ​ക്കി​ക്ക​ള​യുന്ന നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ: ഞങ്ങൾ നിങ്ങളു​ടെ സന്തോഷം കണ്ടു രസി​ക്കേ​ണ്ട​തി​ന്നു യഹോവ തന്നെത്താൻ മഹത്വീ​ക​രി​ക്കട്ടെ എന്നു പറയു​ന്നു​വ​ല്ലോ; എന്നാൽ അവർ ലജ്ജിച്ചു​പോ​കും.” (യെശയ്യാ​വു 66:5) യെശയ്യാ​വി​ന്റെ “സഹോ​ദ​ര​ന്മാർ”ക്ക്‌, അവന്റെ സ്വന്ത​ദേ​ശ​ക്കാർക്ക്‌, യഹോ​വ​യാം ദൈവത്തെ പ്രതി​നി​ധാ​നം ചെയ്യാ​നും അവന്റെ പരമാ​ധി​കാ​ര​ത്തി​നു കീഴ്‌പെ​ടാ​നു​മുള്ള ദൈവദത്ത ഉത്തരവാ​ദി​ത്വ​മുണ്ട്‌. അതിൽ പരാജ​യ​പ്പെ​ടുക വഴി അവർ ചെയ്‌തി​രി​ക്കുന്ന പാപം തീർച്ച​യാ​യും അതീവ ഗുരു​ത​ര​മാണ്‌. എന്നാൽ യെശയ്യാ​വി​നെ പോലെ വിശ്വ​സ്‌ത​ത​യും താഴ്‌മ​യു​മുള്ള ആളുകളെ അവർ വെറു​ക്കു​ന്നു​വെ​ന്നത്‌ അവരുടെ പാപത്തി​ന്റെ ഗൗരവത്തെ ഒന്നുകൂ​ടി വർധി​പ്പി​ക്കു​ന്നു. വിശ്വ​സ്‌ത​രാ​യവർ യഹോ​വയെ സത്യസ​ന്ധ​മാ​യി പ്രതി​നി​ധാ​നം ചെയ്യു​ന്ന​തി​നാൽ, ഈ വിശ്വാ​സ​ത്യാ​ഗി​കൾ അവരെ വെറു​ക്കു​ക​യും പുറത്താ​ക്കു​ക​യും ചെയ്യുന്നു. ആ അർഥത്തിൽ അവരെ പുറത്താ​ക്കി​യി​രി​ക്കു​ന്നത്‌ ‘ദൈവ​ത്തി​ന്റെ നാമം​നി​മി​ത്തം’ ആണെന്നു പറയാം. അതേസ​മയം, “യഹോവ തന്നെത്താൻ മഹത്വീ​ക​രി​ക്കട്ടെ” എന്നിങ്ങ​നെ​യുള്ള മതപര​മായ പ്രയോ​ഗങ്ങൾ ഭക്തിപൂർവം ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവന്റെ ഈ വ്യാജ​ദാ​സ​ന്മാർ അവനെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു. a

12. കപടഭക്തർ യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാ​രു​ടെ നേർക്ക്‌ അഴിച്ചു​വിട്ട പീഡന​ത്തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ ഏവ?

12 സത്യാരാധകരോട്‌ വ്യാജ​മ​ത​ത്തി​നുള്ള വെറുപ്പ്‌ പുതിയ സംഗതി​യൊ​ന്നു​മല്ല. അത്‌ ഉല്‌പത്തി 3:15-ലെ പ്രവച​ന​ത്തി​ന്റെ കൂടു​ത​ലായ ഒരു നിവൃ​ത്തി​യാണ്‌. സാത്താന്റെ സന്തതി​യും ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ സന്തതി​യും തമ്മിലുള്ള ദീർഘ​കാല ശത്രു​തയെ കുറിച്ച്‌ ആ വാക്യ​ത്തിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ തന്റെ അഭിഷിക്ത അനുഗാ​മി​കൾക്കും സ്വന്തനാ​ട്ടു​കാ​രു​ടെ കൈക​ളാൽ കഷ്ടം അനുഭ​വി​ക്കേണ്ടി വരു​മെന്ന്‌ യേശു അവരോ​ടു പറയു​ക​യു​ണ്ടാ​യി. ശത്രുക്കൾ അവരെ സിന​ഗോ​ഗു​ക​ളിൽനി​ന്നു പുറത്താ​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും കൊല്ലുക പോലും ചെയ്യു​മെന്ന്‌ അവൻ മുൻകൂ​ട്ടി പറഞ്ഞു. (യോഹ​ന്നാൻ 16:2) ആധുനിക കാലത്തോ? അത്തരം പീഡനം തങ്ങൾക്കും ഉണ്ടാകു​മെന്ന്‌ ‘അന്ത്യകാ​ലത്തി’ന്റെ തുടക്ക​ത്തിൽ ദൈവ​ജനം മനസ്സി​ലാ​ക്കി. (2 തിമൊ​ഥെ​യൊസ്‌ 3:1) 1914-ൽ, യെശയ്യാ​വു 66:5 ഉദ്ധരി​ച്ചു​കൊണ്ട്‌ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പ്രസ്‌താ​വി​ച്ചു. “ദൈവ​ജ​ന​ത്തിന്‌ ഉണ്ടായി​ട്ടുള്ള മിക്ക പീഡന​ങ്ങ​ളും ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രിൽ നിന്നാണ്‌ ഉണ്ടായി​രി​ക്കു​ന്നത്‌.” അതേ ലേഖനം ഇങ്ങനെ​യും പ്രസ്‌താ​വി​ച്ചു: “അവർ നമ്മുടെ നാളിൽ അങ്ങേയറ്റം ഉഗ്രമാ​യി പ്രവർത്തി​ക്കു​മോ എന്ന്‌—സാമൂ​ഹിക ഭ്രഷ്ട്‌ കൽപ്പി​ക്കു​ക​യും സംഘട​ന​യു​ടെ പ്രവർത്ത​നത്തെ വിഘ്‌ന​പ്പെ​ടു​ത്തു​ക​യും നമ്മെ കൊല്ലു​ക​യും ചെയ്യു​മോ എന്ന്‌—നമുക്ക്‌ അറിയില്ല.” ആ വാക്കുകൾ എത്ര സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു! അതു പ്രസി​ദ്ധീ​ക​രിച്ച്‌ താമസി​യാ​തെ, വൈദി​ക​വർഗ​ത്തി​ന്റെ പ്രേര​ണ​യാൽ ഉണ്ടായ പീഡനം ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ അതിന്റെ പാരമ്യ​ത്തിൽ എത്തി. എന്നാൽ മുൻകൂ​ട്ടി പറയ​പ്പെ​ട്ടതു പോലെ ക്രൈ​സ്‌ത​വ​ലോ​കം ലജ്ജിത​മാ​ക്ക​പ്പെട്ടു. എങ്ങനെ?

ശീഘ്ര​മായ പുനഃ​സ്ഥി​തീ​ക​രണം

13. ആദ്യ നിവൃ​ത്തി​യിൽ ‘നഗരത്തിൽനി​ന്നുള്ള ശബ്‌ദ​കോ​ലാ​ഹലം’ എന്താണ്‌?

13 യെശയ്യാവ്‌ പ്രവചി​ക്കു​ന്നു: “നഗരത്തിൽനി​ന്നു ഒരു മുഴക്കം [“ശബ്‌ദ​കോ​ലാ​ഹലം,” “പി.ഒ.സി. ബൈ.”] കേൾക്കു​ന്നു; മന്ദിര​ത്തിൽനി​ന്നു ഒരു നാദം കേൾക്കു​ന്നു; തന്റെ ശത്രു​ക്ക​ളോ​ടു പ്രതി​ക്രിയ ചെയ്യുന്ന യഹോ​വ​യു​ടെ നാദം തന്നേ.” (യെശയ്യാ​വു 66:6) ഈ വാക്കു​ക​ളു​ടെ ആദിമ നിവൃ​ത്തി​യിൽ ‘നഗരം’ യഹോ​വ​യു​ടെ ആലയം സ്ഥിതി ചെയ്യുന്ന യെരൂ​ശ​ലേ​മാണ്‌. “ശബ്‌ദ​കോ​ലാ​ഹലം” പൊ.യു.മു. 607-ൽ ബാബി​ലോ​ണി​യൻ സൈന്യ​ങ്ങൾ ആക്രമി​ച്ചെ​ത്തു​മ്പോ​ഴുള്ള യുദ്ധ​കോ​ലാ​ഹ​ലത്തെ സൂചി​പ്പി​ക്കു​ന്നു. എന്നാൽ, അതിന്റെ ആധുനി​ക​കാല നിവൃത്തി എന്തായി​രി​ക്കും?

14. (എ) യഹോവ തന്റെ ആലയത്തി​ലേക്കു വരുന്ന​തി​നെ കുറിച്ച്‌ മലാഖി എന്തു മുൻകൂ​ട്ടി പറഞ്ഞു? (ബി) യെഹെ​സ്‌കേൽ പ്രവചനം അനുസ​രിച്ച്‌, യഹോവ തന്റെ ആലയത്തി​ലേക്കു വന്നതിന്റെ ഫലം എന്തായി​രു​ന്നു? (സി) യഹോ​വ​യും യേശു​വും ആത്മീയ ആലയം പരി​ശോ​ധി​ച്ചത്‌ എപ്പോൾ, ശുദ്ധാ​രാ​ധ​നയെ പ്രതി​നി​ധാ​നം ചെയ്യു​ന്നവർ എന്ന്‌ അവകാ​ശ​പ്പെ​ട്ട​വരെ ഇത്‌ എങ്ങനെ ബാധിച്ചു?

14 യെശയ്യാവിന്റെ ഈ വാക്കുകൾ, യെഹെ​സ്‌കേൽ 43:4, 6-9-ലും മലാഖി 3:1-5-ലും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റു രണ്ടു പ്രാവ​ച​നിക പ്രഖ്യാ​പ​ന​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. യഹോ​വ​യാം ദൈവം തന്റെ ആലയത്തി​ലേക്കു വരുന്ന സമയത്തെ കുറിച്ച്‌ യെഹെ​സ്‌കേ​ലും മലാഖി​യും മുൻകൂ​ട്ടി പറയുന്നു. യഹോവ തന്റെ ശുദ്ധാ​രാ​ധ​ന​യു​ടെ ആലയം പരി​ശോ​ധി​ക്കാൻ വരുന്ന​താ​യും ശുദ്ധി വരുത്തു​ന്ന​വനെ പോലെ പ്രവർത്തി​ച്ചു​കൊണ്ട്‌ അവനെ തെറ്റായി പ്രതി​നി​ധാ​നം ചെയ്യു​ന്ന​വരെ തള്ളിക്ക​ള​യു​ന്ന​താ​യും മലാഖി​യു​ടെ പ്രവചനം വ്യക്തമാ​ക്കു​ന്നു. യഹോവ ആലയത്തിൽ പ്രവേ​ശിച്ച്‌ സകലതരം അധാർമി​ക​ത​യും വിഗ്ര​ഹാ​രാ​ധ​ന​യും നീക്കം ചെയ്യാൻ കൽപ്പി​ക്കു​ന്ന​താ​യി യെഹെ​സ്‌കേ​ലി​ന്റെ പ്രവചനം വ്യക്തമാ​ക്കു​ന്നു. b ഈ പ്രവച​ന​ങ്ങ​ളു​ടെ ആധുനി​ക​കാല നിവൃ​ത്തി​യിൽ, യഹോ​വ​യു​ടെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട്‌ 1918-ൽ ആത്മമണ്ഡ​ല​ത്തിൽ ഒരു വലിയ സംഭവം അരങ്ങേ​റു​ക​യു​ണ്ടാ​യി. വ്യക്തമാ​യും യഹോ​വ​യും യേശു​വും ശുദ്ധാ​രാ​ധ​നയെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്ന്‌ അവകാ​ശ​പ്പെട്ട എല്ലാവ​രെ​യും പരി​ശോ​ധി​ച്ചു. ആ പരി​ശോ​ധ​ന​യ്‌ക്കു ശേഷം ദുഷിച്ച ക്രൈ​സ്‌ത​വ​ലോ​കത്തെ അവർ തള്ളിക്ക​ളഞ്ഞു. ക്രിസ്‌തു​വി​ന്റെ അഭിഷിക്ത അനുഗാ​മി​കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ ആ പരി​ശോ​ധന, ഹ്രസ്വ​മായ ഒരു കാലത്തെ ശുദ്ധീ​ക​ര​ണ​ത്തെ​യും 1919-ലെ പെട്ടെ​ന്നുള്ള ആത്മീയ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​യും അർഥമാ​ക്കി.—1 പത്രൊസ്‌ 4:17.

15. യെശയ്യാ പ്രവച​ന​ത്തിൽ ഏതു ജനനത്തെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു, പൊ.യു.മു. 537-ൽ അതിനു നിവൃത്തി ഉണ്ടായത്‌ എങ്ങനെ?

15 യെശയ്യാവിലെ പിൻവ​രുന്ന വാക്യ​ങ്ങ​ളിൽ ഈ പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറിച്ച്‌ ഉചിത​മാ​യി പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നു: “നോവു കിട്ടും മുമ്പെ അവൾ പ്രസവി​ച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. ഈവക ആർ കേട്ടി​ട്ടു​ള്ളു? ഇങ്ങനെ​യു​ള്ളതു ആർ കണ്ടിട്ടു​ള്ളു? ഒരു ദേശം ഒരു ദിവസം​കൊ​ണ്ടു പിറക്കു​മോ? ഒരു ജാതി [“ജനത,” NW] ഒന്നായി​ട്ടു തന്നേ ജനിക്കു​മോ? സീയോ​നോ നോവു​കി​ട്ടിയ ഉടൻ തന്നേ മക്കളെ പ്രസവി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 66:7, 8) ബാബി​ലോ​ണിൽ പ്രവാ​സി​ക​ളായ യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ വാക്കു​കൾക്ക്‌ ആവേശ​ക​ര​മായ ഒരു നിവൃ​ത്തി​യുണ്ട്‌. ഒരു കുഞ്ഞിനു ജന്മം നൽകുന്ന സ്‌ത്രീ​യാ​യി സീയോ​നെ അഥവാ യെരൂ​ശ​ലേ​മി​നെ വീണ്ടും ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു, എന്നാൽ ഈ പ്രസവം തികച്ചും അസാധാ​ര​ണ​മാണ്‌! കാരണം, വളരെ പെട്ടെന്ന്‌, നോവു കിട്ടു​ന്ന​തി​നു മുമ്പു​തന്നെ പ്രസവം നടക്കുന്നു! അത്‌ ഉചിത​മായ ഒരു ചിത്ര​മാണ്‌. ഒരു വ്യത്യസ്‌ത ജനത എന്ന നിലയി​ലുള്ള ദൈവ​ജ​ന​ത്തി​ന്റെ പൊ.യു.മു. 537-ലെ പുനർജ​നനം വളരെ പെട്ടെന്ന്‌ ആയതി​നാൽ അത്‌ അത്ഭുത​ക​ര​മാ​യി തോന്നു​ന്നു. കോ​രെശ്‌ യഹൂദ​ന്മാ​രെ പ്രവാ​സ​ത്തിൽനി​ന്നു വിടു​വി​ച്ച​ശേഷം ഏതാനും മാസങ്ങൾക്കു​ള്ളിൽ ഒരു വിശ്വസ്‌ത ശേഷിപ്പ്‌ തങ്ങളുടെ സ്വദേ​ശത്ത്‌ തിരികെ എത്തുന്നു! ഇസ്രാ​യേൽ ജനത്തിന്റെ ആദ്യ ജനനത്തി​ലേക്കു നയിച്ച സംഭവ​ങ്ങ​ളിൽനിന്ന്‌ എത്ര ഭിന്നമാ​ണിത്‌! പൊ.യു.മു. 537-ൽ ഇസ്രാ​യേൽ ജനതയ്‌ക്ക്‌ മത്സരി​യായ ഒരു രാജാ​വി​നോട്‌ അപേക്ഷി​ക്കേ​ണ്ട​താ​യോ ശത്രു​സൈ​ന്യ​ത്തിൽനിന്ന്‌ ഓടി​യൊ​ളി​ക്കേ​ണ്ട​താ​യോ 40 വർഷം മരുഭൂ​മി​യി​ലൂ​ടെ യാത്ര ചെയ്യേ​ണ്ട​താ​യോ വരുന്നില്ല.

16. യെശയ്യാ​വു 66:7, 8-ന്റെ ആധുനിക നിവൃ​ത്തി​യിൽ സീയോൻ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു, അവളുടെ സന്തതി പുനർജ​നി​ച്ചത്‌ എങ്ങനെ?

16 ആധുനികകാല നിവൃ​ത്തി​യിൽ, സീയോൻ യഹോ​വ​യു​ടെ സ്വർഗീയ “സ്‌ത്രീ”യെ—ആത്മജീ​വി​കൾ ഉൾപ്പെട്ട അവന്റെ സ്വർഗീയ സംഘട​നയെ—പ്രതി​നി​ധാ​നം ചെയ്യുന്നു. 1919-ൽ ഒരു സംഘടിത ജനം അഥവാ “ഒരു ജനത” എന്നനി​ല​യി​ലുള്ള, ഭൂമി​യി​ലെ തന്റെ അഭിഷിക്ത പുത്ര​ന്മാ​രു​ടെ ജനനം കണ്ടതിൽ ഈ “സ്‌ത്രീ” സന്തോ​ഷി​ച്ചു. ആ പുനർജ​നനം വളരെ ശീഘ്ര​മാ​യി​രു​ന്നു. c ഏതാനും മാസങ്ങൾക്കു​ള്ളിൽ, അഭിഷി​ക്തർ ഒരു കൂട്ടമെന്ന നിലയിൽ മരണതു​ല്യ​മായ പ്രവർത്തന രാഹി​ത്യ​ത്തി​ന്റെ ഒരു അവസ്ഥയിൽനിന്ന്‌ തങ്ങളുടെ “ദേശ”ത്തെ അഥവാ ആത്മീയ പ്രവർത്ത​ന​ത്തി​ന്റെ ദൈവദത്ത മണ്ഡലത്തി​ലെ ഊർജ​സ്വ​ല​വും സജീവ​വു​മായ ഒരു ജീവി​ത​ഗ​തി​യി​ലേക്കു പ്രവേ​ശി​ച്ചു. (വെളി​പ്പാ​ടു 11:8-12) 1919-ലെ ശരത്‌കാ​ലം ആയപ്പോ​ഴേ​ക്കും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ കൂട്ടു​മാ​സി​ക​യാ​യി ഒരു പുതിയ പത്രിക അവർ പ്രസി​ദ്ധീ​ക​രി​ച്ചു. സുവർണ​യു​ഗം (ഇപ്പോൾ ഉണരുക!) എന്നു വിളി​ക്ക​പ്പെട്ട ആ പുതിയ പ്രസി​ദ്ധീ​ക​രണം, ദൈവ​ജനം ഊർജ​സ്വ​ല​രാ​ക്ക​പ്പെ​ട്ട​തി​ന്റെ​യും സേവന​ത്തി​നാ​യി വീണ്ടും സംഘടി​പ്പി​ക്ക​പ്പെ​ട്ട​തി​ന്റെ​യും തെളി​വാ​യി​രു​ന്നു.

17. ആത്മീയ ഇസ്രാ​യേ​ലി​നെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ യാതൊ​ന്നി​നും തന്നെ തടയാൻ കഴിയി​ല്ലെന്ന്‌ യഹോവ തന്റെ ജനത്തിന്‌ ഉറപ്പു നൽകു​ന്നത്‌ എങ്ങനെ?

17 ഈ ആത്മീയ പുനർജ​ന​നത്തെ തടയാൻ പ്രപഞ്ച​ത്തി​ലെ ഒരു ശക്തിക്കും സാധി​ച്ചില്ല. അടുത്ത വാക്യം അതു വളരെ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു: “ഞാൻ പ്രസവ​ദ്വാ​ര​ത്തി​ങ്കൽ വരുത്തീ​ട്ടു പ്രസവി​പ്പി​ക്കാ​തെ ഇരിക്കു​മോ എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു; പ്രസവി​ക്കു​മാ​റാ​ക്കീ​ട്ടു ഞാൻ ഗർഭപാ​ത്രം അടെച്ചു​ക​ള​യു​മോ എന്നു നിന്റെ ദൈവം അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 66:9) ജന്മമേ​കുന്ന പ്രക്രിയ തുടങ്ങി​ക്ക​ഴി​ഞ്ഞാൽ കുഞ്ഞ്‌ പുറത്തു​വ​രേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രി​ക്കു​ന്നതു പോലെ, ഇസ്രാ​യേൽ ജനതയു​ടെ പുനർജ​നനം ഒരിക്കൽ തുടങ്ങി​ക്ക​ഴി​ഞ്ഞാൽ അതിനെ തടയാ​നാ​വില്ല. മുമ്പ്‌ എതിർപ്പ്‌ ഉണ്ടായി​രു​ന്നു, ഭാവി​യിൽ കൂടുതൽ എതിപ്പ്‌ ഉണ്ടാകാ​നുള്ള സാധ്യ​ത​യു​മുണ്ട്‌. എന്നാൽ യഹോവ തുടങ്ങി​വെ​ക്കു​ന്നത്‌ നിറു​ത്താൻ അവനു മാത്രമേ കഴിയൂ. പക്ഷേ അവൻ ഒരിക്ക​ലും അതു ചെയ്യു​ക​യില്ല! തന്റെ പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട ജനത്തോട്‌ യഹോവ എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌?

യഹോ​വ​യു​ടെ ആർദ്ര പരിപാ​ല​നം

18, 19. (എ) ഹൃദയ​സ്‌പർശി​യായ എന്തു ദൃഷ്ടാന്തം യഹോവ ഉപയോ​ഗി​ക്കു​ന്നു, പ്രവാ​സി​ക​ളായ ജനത്തിന്‌ അത്‌ ബാധക​മാ​കു​ന്നത്‌ എങ്ങനെ? (ബി) സ്‌നേ​ഹ​പു​ര​സ്സ​ര​മായ പോഷ​ണ​ത്തിൽനി​ന്നും പരിപാ​ല​ന​ത്തിൽനി​ന്നും അഭിഷിക്ത ശേഷിപ്പ്‌ എങ്ങനെ പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു?

18 യഹോവയുടെ ആർദ്ര പരിപാ​ല​ന​ത്തി​ന്റെ ഹൃദയ​സ്‌പർശി​യായ ഒരു ചിത്ര​മാണ്‌ അടുത്ത നാലു വാക്യങ്ങൾ വരച്ചു​കാ​ട്ടു​ന്നത്‌. ഒന്നാമത്‌, യെശയ്യാവ്‌ ഇപ്രകാ​രം പറയുന്നു: “യെരൂ​ശ​ലേ​മി​നെ സ്‌നേ​ഹി​ക്കുന്ന ഏവരു​മാ​യു​ള്ളോ​രേ, അവളോ​ടു​കൂ​ടെ സന്തോ​ഷി​പ്പിൻ അവളെ​ച്ചൊ​ല്ലി ഘോഷി​ച്ചു​ല്ല​സി​പ്പിൻ; അവളെ​ച്ചൊ​ല്ലി ദുഃഖി​ക്കുന്ന ഏവരു​മാ​യു​ള്ളോ​രേ, അവളോ​ടു​കൂ​ടെ അത്യന്തം ആനന്ദി​പ്പിൻ. അവളുടെ സാന്ത്വ​ന​സ്‌ത​ന​ങ്ങളെ പാനം ചെയ്‌തു തൃപ്‌ത​രാ​ക​യും, അവളുടെ തേജസ്സിൻ കുചാ​ഗ്ര​ങ്ങളെ നുകർന്നു രമിക്ക​യും ചെയ്‌വിൻ.” (യെശയ്യാ​വു 66:10, 11) മുലയൂ​ട്ടുന്ന ഒരു സ്‌ത്രീ​യു​ടെ ദൃഷ്ടാ​ന്ത​മാണ്‌ യഹോവ ഇവിടെ ഉപയോ​ഗി​ക്കു​ന്നത്‌. കുഞ്ഞിന്‌ വിശപ്പു തോന്നു​മ്പോൾ, അതു നിറു​ത്താ​തെ കരഞ്ഞു​കൊ​ണ്ടി​രി​ക്കും. എന്നാൽ മുലയൂ​ട്ടാൻ മാതാവ്‌ അതിനെ സ്‌തന​ത്തോട്‌ അടുപ്പി​ക്കു​മ്പോൾ അതിന്റെ സങ്കടം സന്തോ​ഷ​ത്തി​നും സംതൃ​പ്‌തി​ക്കും വഴിമാ​റു​ന്നു. സമാന​മാ​യി, വിമോ​ച​ന​ത്തി​നും പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​നു​മുള്ള സമയം വരു​മ്പോൾ ബാബി​ലോ​ണി​ലെ വിശ്വസ്‌ത യഹൂദ​ന്മാ​രു​ടെ ശേഷിപ്പ്‌ ദുഃഖാ​വ​സ്ഥ​യിൽനിന്ന്‌ സന്തുഷ്ടി​യു​ടെ അവസ്ഥയി​ലേക്കു വരുത്ത​പ്പെ​ടും. അവർ സന്തോ​ഷ​മു​ള്ളവർ ആയിരി​ക്കും. യെരൂ​ശ​ലേ​മി​നെ പുനർനിർമി​ക്കു​ക​യും അവിടെ ആളുകൾ വീണ്ടും വസിക്കു​ക​യും ചെയ്യു​മ്പോൾ യെരൂ​ശ​ലേ​മിന്‌ അതിന്റെ നഷ്ടപ്പെട്ട മഹത്ത്വം തിരി​ച്ചു​കി​ട്ടും. തുടർന്ന്‌ ആ നഗരത്തി​ന്റെ മഹത്ത്വം അതിന്റെ വിശ്വസ്‌ത നിവാ​സി​ക​ളി​ലേക്കു വ്യാപി​ക്കും. അവർ പിന്നെ​യും, സജീവ​മായ പൗരോ​ഹി​ത്യ​ത്തി​ലൂ​ടെ ആത്മീയ​മാ​യി പോഷി​പ്പി​ക്ക​പ്പെ​ടും.—യെഹെ​സ്‌കേൽ 44:15, 23.

19 ആത്മീയ ഇസ്രാ​യേ​ലും, 1919-ലെ അതിന്റെ പുനഃ​സ്ഥി​തീ​ക​ര​ണത്തെ തുടർന്ന്‌ സമൃദ്ധ​മാ​യി പോഷി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അന്നു മുതൽ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ക്രമമാ​യി ആത്മീയ ഭക്ഷണം പ്രദാനം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (മത്തായി 24:45-47, NW) അത്‌ അഭിഷിക്ത ശേഷി​പ്പി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ആശ്വാ​സ​ത്തി​ന്റെ​യും സന്തോ​ഷ​ത്തി​ന്റെ​യും ഒരു സമയം ആയിരി​ക്കു​ന്നു. എന്നാൽ കൂടുതൽ അനു​ഗ്ര​ഹ​ങ്ങ​ളും അതിനു ലഭിക്കു​ക​യു​ണ്ടാ​യി.

20. യെരൂ​ശ​ലേം പുരാതന കാലത്തും ആധുനിക കാലത്തും ‘കവി​ഞ്ഞൊ​ഴു​കുന്ന തോടി​നാൽ’ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

20 പ്രവചനം ഇങ്ങനെ തുടരു​ന്നു: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: നിങ്ങൾക്കു കുടി​പ്പാൻവേണ്ടി ഞാൻ അവൾക്കു നദി​പോ​ലെ സമാധാ​ന​വും കവി​ഞ്ഞൊ​ഴു​കുന്ന തോടു​പോ​ലെ ജാതി​ക​ളു​ടെ മഹത്വ​വും നീട്ടി​ക്കൊ​ടു​ക്കും; നിങ്ങളെ പാർശ്വ​ത്തിൽ എടുത്തു​കൊ​ണ്ടു നടക്കയും മുഴങ്കാ​ലി​ന്മേൽ ഇരുത്തി ലാളി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 66:12) ഇവിടെ അമ്മ കുഞ്ഞിനെ മുലയൂ​ട്ടു​ന്ന​തി​നെ​യും അനു​ഗ്ര​ഹ​ങ്ങ​ളു​ടെ സമൃദ്ധ​മായ പ്രവാ​ഹ​ത്തെ​യും—“നദി”യും ‘കവി​ഞ്ഞൊ​ഴു​കന്ന തോടും’—ബന്ധിപ്പിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യിൽ നിന്നുള്ള സമൃദ്ധ​മായ സമാധാ​ന​ത്താൽ മാത്രമല്ല, ദൈവ​ജ​ന​ത്തി​ന്റെ പക്കലേക്ക്‌ ഒഴുകു​ക​യും അവരെ ആശീർവ​ദി​ക്കു​ക​യും ചെയ്യുന്ന “ജാതി​ക​ളു​ടെ മഹത്വ”ത്താലും യെരൂ​ശ​ലേം അനു​ഗ്ര​ഹി​ക്ക​പ്പെ​ടും. അതിന്റെ അർഥം ജാതി​ക​ളിൽ പെട്ടവർ യഹോ​വ​യു​ടെ ജനത്തിന്റെ പക്കലേക്ക്‌ ഒഴുകി​യെ​ത്തു​മെ​ന്നാണ്‌. (ഹഗ്ഗായി 2:7) അതിന്റെ പുരാതന നിവൃ​ത്തി​യിൽ, നാനാ ദേശങ്ങ​ളിൽ നിന്നുള്ള നിരവധി ആളുകൾ ഇസ്രാ​യേ​ലി​നോ​ടൊ​പ്പം സഹവസി​ക്കു​ക​യും യഹൂദ മതാനു​സാ​രി​കൾ ആയിത്തീ​രു​ക​യും ചെയ്‌തു. എന്നാൽ, “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ള . . . ഒരു മഹാപു​രു​ഷാ​രം” ആത്മീയ യഹൂദ​ന്മാ​രു​ടെ ശേഷി​പ്പു​മാ​യുള്ള സഹവാ​സ​ത്തി​ലേക്കു വന്നിരി​ക്കുന്ന നമ്മുടെ കാലത്ത്‌ അതിനു വലിയ ഒരു നിവൃത്തി ഉണ്ടായി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 7:9; സെഖര്യാ​വു 8:23.

21. ആകർഷ​ക​മായ ഒരു വാങ്‌മയ ചിത്ര​ത്തിൽ, എങ്ങനെ​യുള്ള ആശ്വാ​സത്തെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു?

21 യെശയ്യാവു 66:12 മാതൃ​സ്‌നേ​ഹ​ത്തി​ന്റെ പ്രകട​ന​ങ്ങളെ കുറി​ച്ചും പറയുന്നു—കുഞ്ഞിനെ മുട്ടി​ന്മേ​ലി​രു​ത്തി ലാളി​ക്കു​ന്ന​തും ഒക്കത്തി​രു​ത്തി കൊണ്ടു​പോ​കു​ന്ന​തു​മൊ​ക്കെ. അടുത്ത വാക്യ​ത്തിൽ, സമാന ആശയം വ്യത്യ​സ്‌ത​മായ ഒരു വീക്ഷണ​കോ​ണ​ത്തിൽ അവതരി​പ്പി​ച്ചി​രി​ക്കു​ന്നു. [ഒരു പുരു​ഷനെ] അമ്മ ആശ്വസി​പ്പി​ക്കു​ന്ന​തു​പോ​ലെ ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും; നിങ്ങൾ യെരൂ​ശ​ലേ​മിൽ ആശ്വാസം പ്രാപി​ക്കും.” (യെശയ്യാ​വു 66:13) കുട്ടി ഇപ്പോൾ ‘പുരുഷൻ,’ പ്രായ​പൂർത്തി​യായ ആൾ, ആയിരി​ക്കു​ക​യാണ്‌. എന്നിട്ടും, അരിഷ്ട​ത​യു​ടെ സമയത്ത്‌ അവനെ ആശ്വസി​പ്പി​ക്കാ​നുള്ള ആഗ്രഹം ആ അമ്മയ്‌ക്കു നഷ്ടമാ​യി​ട്ടില്ല.

22. തന്റെ സ്‌നേ​ഹ​ത്തി​ന്റെ ആർദ്ര​ത​യും കരുത്തും യഹോവ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

22 ഇങ്ങനെ ആകർഷ​ക​മായ ഒരു വിധത്തിൽ, തന്റെ ജനത്തോ​ടു തനിക്കുള്ള സ്‌നേ​ഹ​ത്തി​ന്റെ ആർദ്ര​ത​യും കരുത്തും യഹോവ ചിത്രീ​ക​രി​ക്കു​ന്നു. ഏറ്റവും ശക്തമായ മാതൃ​സ്‌നേഹം പോലും തന്റെ വിശ്വസ്‌ത ജനത്തോട്‌ യഹോ​വ​യ്‌ക്കുള്ള ആഴമായ സ്‌നേ​ഹ​ത്തി​ന്റെ ചെറി​യൊ​രു പ്രതി​ഫ​ലനം മാത്രമേ ആകുന്നു​ള്ളൂ. (യെശയ്യാ​വു 49:15) തങ്ങളുടെ സ്വർഗീയ പിതാ​വി​ന്റെ ഈ ഗുണത്തെ കുറിച്ച്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ചിന്തി​ക്കേ​ണ്ടത്‌ എത്ര മർമ​പ്ര​ധാ​ന​മാണ്‌! അങ്ങനെ ചെയ്‌ത പൗലൊസ്‌ അപ്പൊ​സ്‌തലൻ ക്രിസ്‌തീയ സഭയിലെ മൂപ്പന്മാർക്കാ​യി നല്ലൊരു മാതൃക വെക്കു​ക​യു​ണ്ടാ​യി. (1 തെസ്സ​ലൊ​നീ​ക്യർ 2:7) തന്റെ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം സഹോദര സ്‌നേഹം ആയിരി​ക്കു​മെന്ന്‌ യേശു പറഞ്ഞു.—യോഹ​ന്നാൻ 13:34, 35.

23. യഹോ​വ​യു​ടെ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ജനത്തിന്റെ സന്തുഷ്ട അവസ്ഥ വിവരി​ക്കുക.

23 യഹോവ തന്റെ സ്‌നേഹം പ്രവൃ​ത്തി​യിൽ കാണി​ക്കു​ന്നു. അതിനാൽ അവൻ ഇങ്ങനെ തുടർന്നു പറയുന്നു: “അതു കണ്ടിട്ടു [“നിങ്ങൾ അതു തീർച്ച​യാ​യും കാണും,” NW] നിങ്ങളു​ടെ ഹൃദയം സന്തോ​ഷി​ക്കും; നിങ്ങളു​ടെ അസ്ഥികൾ ഇളമ്പു​ല്ലു​പോ​ലെ തഴെക്കും; യഹോ​വ​യു​ടെ കൈ തന്റെ ദാസന്മാർക്കു വെളി​പ്പെ​ടും; ശത്രു​ക്ക​ളോ​ടോ അവൻ ക്രോധം കാണി​ക്കും.” (യെശയ്യാ​വു 66:14) “നിങ്ങൾ അതു തീർച്ച​യാ​യും കാണും” എന്ന പ്രയോ​ഗം, തിരി​ച്ചെ​ത്തുന്ന പ്രവാ​സി​കൾ പുനഃ​സ്ഥാ​പിത ദേശത്ത്‌ എവിടെ നോക്കി​യാ​ലും “അവരുടെ കണ്ണുകൾ സന്തോ​ഷത്തെ മാത്രമേ കാണൂ” എന്ന്‌ അർഥമാ​ക്കു​ന്ന​താ​യി ഒരു എബ്രായ ഭാഷാ വൈയാ​ക​രണൻ പറയുന്നു. അവർ തീർച്ച​യാ​യും ആനന്ദി​ക്കും, തങ്ങളുടെ പ്രിയ​പ്പെട്ട സ്വദേ​ശ​ത്തേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്റെ അവർണ​നീയ സന്തോഷം അവർ അനുഭ​വി​ക്കും. തങ്ങളുടെ അസ്ഥികൾക്ക്‌ കൂടുതൽ കരുത്ത്‌ ലഭിച്ച​താ​യി, വസന്തകാ​ലത്തു തഴയ്‌ക്കുന്ന പുല്ലു പോലെ തങ്ങൾ വീണ്ടും ഊർജ​സ്വ​ല​രാ​യി​രി​ക്കു​ന്ന​താ​യി അവർക്കു തോന്നും. ഇതെല്ലാം സാധ്യ​മാ​യി​രി​ക്കു​ന്നത്‌ മനുഷ്യ​രു​ടെ ശ്രമത്താൽ അല്ല, മറിച്ച്‌ “യഹോ​വ​യു​ടെ കൈ”യാൽ ആയിരി​ക്കും.

24. (എ) ഇന്ന്‌ യഹോ​വ​യു​ടെ ജനവു​മാ​യി ബന്ധപ്പെട്ട സംഭവങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ നിങ്ങൾ ഏതു നിഗമ​ന​ത്തിൽ എത്തുന്നു? (ബി) നമ്മുടെ ദൃഢനി​ശ്ചയം എന്തായി​രി​ക്കണം?

24 ഇന്ന്‌ യഹോ​വ​യു​ടെ ജനത്തി​നി​ട​യിൽ അവന്റെ കൈ പ്രവർത്ത​ന​നി​ര​ത​മാ​യി​രി​ക്കു​ന്നത്‌ നിങ്ങൾ കാണു​ന്നു​വോ? ശുദ്ധാ​രാ​ധ​ന​യു​ടെ ആ പുനഃ​സ്ഥാ​പനം യാതൊ​രു മനുഷ്യ​നും കൈവ​രു​ത്താ​നാ​വില്ല. വിശ്വസ്‌ത ശേഷി​പ്പി​ന്റെ ആത്മീയ ദേശത്ത്‌ അവരോ​ടു ചേരാൻ സകല ജനതക​ളിൽ നിന്നു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ പ്രവാഹം ഇടയാ​ക്കാൻ യാതൊ​രു മനുഷ്യ​നും സാധ്യമല്ല. അത്തരം സംഗതി​കൾ യഹോ​വ​യ്‌ക്കു മാത്രമേ സാധിക്കൂ. യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഈ പ്രകട​നങ്ങൾ ആഴമായ സന്തോ​ഷ​ത്തി​നുള്ള കാരണങ്ങൾ നമു​ക്കേ​കു​ന്നു. നമുക്ക്‌ അവന്റെ സ്‌നേ​ഹത്തെ ഒരിക്ക​ലും വിലകു​റച്ച്‌ കാണാ​തി​രി​ക്കാം. തുടർന്നും നമുക്ക്‌ ‘അവന്റെ വചനത്തി​ങ്കൽ വിറയ്‌ക്കാം.’ ബൈബിൾ തത്ത്വങ്ങൾ അനുസ​രി​ച്ചു ജീവി​ക്കാ​നും യഹോ​വയെ സേവി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്താ​നും നമുക്കു ദൃഢചി​ത്ത​രാ​യി​രി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പലരും യഹോ​വ​യു​ടെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കാൻ വിസമ്മ​തി​ക്കു​ന്നു. അവർ അതു തങ്ങളുടെ ബൈബിൾ പരിഭാ​ഷ​ക​ളിൽനി​ന്നു മാറ്റുക പോലും ചെയ്‌തി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കു​ന്ന​തി​നെ പ്രതി അവന്റെ ജനത്തെ ചിലർ പരിഹ​സി​ക്കു​ന്നു. എങ്കിലും, അവരിൽ പലരും “യാഹിനെ സ്‌തു​തി​പ്പിൻ” എന്നർഥ​മുള്ള “ഹല്ലെലൂ​യ്യാ” എന്ന പ്രയോ​ഗം ഭക്തിപൂർവം ഉപയോ​ഗി​ക്കു​ന്നു.

b യെഹെസ്‌കേൽ 43:7, 9-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “രാജാ​ക്ക​ന്മാ​രു​ടെ ശവങ്ങൾ” എന്ന പദപ്ര​യോ​ഗം വിഗ്ര​ഹ​ങ്ങളെ പരാമർശി​ക്കു​ന്നു. യെരൂ​ശ​ലേ​മി​ലെ മത്സരി​ക​ളായ നേതാ​ക്ക​ന്മാ​രും ജനങ്ങളും വിഗ്ര​ഹ​ങ്ങ​ളാൽ ദൈവ​ത്തി​ന്റെ ആലയത്തെ മലിന​മാ​ക്കി​യി​രു​ന്നു, അവർ ഫലത്തിൽ അവയെ രാജാ​ക്ക​ന്മാർ ആക്കി.

c ഇവിടെ പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ജനനവും വെളി​പ്പാ​ടു 12:1, 2, 5-ൽ പറഞ്ഞി​രി​ക്കുന്ന ജനനവും ഒന്നുത​ന്നെയല്ല. വെളി​പ്പാ​ടി​ലെ ആ അധ്യാ​യ​ത്തി​ലെ “ആൺകുട്ടി” 1914 മുതൽ പ്രവർത്ത​ന​ത്തി​ലി​രി​ക്കുന്ന മിശി​ഹൈക രാജ്യത്തെ ചിത്രീ​ക​രി​ക്കു​ന്നു. എന്നാൽ, ഈ രണ്ടു പ്രവച​ന​ങ്ങ​ളി​ലെ​യും “സ്‌ത്രീ” ഒന്നുത​ന്നെ​യാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[395-ാം പേജിലെ ചിത്രം]

“എന്റെ കൈ ഇതൊ​ക്കെ​യും ഉണ്ടാക്കി”

[402-ാം പേജിലെ ചിത്രം]

യഹോവ സീയോന്‌ ‘ജാതി​ക​ളു​ടെ മഹത്വം’ കൊടു​ക്കും