വ്യാജമതം—അതിന്റെ വിസ്മയാവഹമായ അന്ത്യം മുൻകൂട്ടി കണ്ടിരിക്കുന്നു
അധ്യായം എട്ട്
വ്യാജമതം—അതിന്റെ വിസ്മയാവഹമായ അന്ത്യം മുൻകൂട്ടി കണ്ടിരിക്കുന്നു
1, 2. (എ) ലോകത്തിലെ മതപരമായ അന്തരീക്ഷത്തിനു വിസ്മയാവഹമായ ഒരു മാറ്റം സംഭവിക്കാനിരിക്കുന്നു എന്നു വിശ്വസിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നുന്നത് എന്തുകൊണ്ട്? (ബി) യെശയ്യാവു 47-ാം അധ്യായത്തിന് ഒരു ഭാവി നിവൃത്തി ഉള്ളതായി എന്തു സൂചിപ്പിക്കുന്നു? (സി) ലോകത്തിലെ വ്യാജമതങ്ങൾക്ക് “മഹാബാബിലോൻ” എന്ന പേര് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
“മതം തിരിച്ചുവരവു നടത്തുന്നു,” ദ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ വന്ന ഒരു ലേഖനം അപ്രകാരം പ്രസ്താവിച്ചു. മതം ഇന്നും ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലും ഹൃദയത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്നതായി ആ ലേഖനം എടുത്തുകാട്ടി. തന്മൂലം, ലോകത്തിലെ മതപരമായ അന്തരീക്ഷത്തിന് ഉടനടി വിസ്മയാവഹമായ ഒരു മാറ്റം സംഭവിക്കാനിരിക്കുന്നു എന്നു വിശ്വസിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാൽ അത്തരമൊരു മാറ്റം സംഭവിക്കുമെന്ന് യെശയ്യാവു 47-ാം അധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
2 യെശയ്യാവിന്റെ വാക്കുകൾ 2,500 വർഷം മുമ്പു നിവൃത്തിയേറി. എന്നിരുന്നാലും, യെശയ്യാവു 47:8-ലെ വാക്കുകൾ വെളിപ്പാടു പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നു. അങ്ങനെ, അതിന് ഒരു ഭാവിനിവൃത്തി ഉള്ളതായി അതു സൂചിപ്പിക്കുന്നു. അവിടെ ബൈബിൾ, “മഹാബാബിലോൻ” എന്ന വേശ്യാസമാന സംഘടനയുടെ—വ്യാജമത ലോക സാമ്രാജ്യത്തിന്റെ—നാശത്തെ കുറിച്ചു മുൻകൂട്ടി പറയുന്നു. (വെളിപ്പാടു 16:19) ലോകത്തിലെ വ്യാജമതങ്ങൾക്കു “ബാബിലോൻ” എന്ന പേര് ഉചിതമാണ്. കാരണം, പുരാതന ബാബിലോണിൽ നിന്നാണു വ്യാജമതങ്ങളുടെ തുടക്കം. അവിടെനിന്ന് അതു ഭൂമിയുടെ നാനാ ഭാഗങ്ങളിലേക്കു വ്യാപിച്ചു. (ഉല്പത്തി 11:1-9) ആത്മാവിന്റെ അമർത്യത, നരകാഗ്നി, ത്രിത്വദൈവങ്ങളുടെ ആരാധന എന്നിങ്ങനെ ബാബിലോണിൽ തുടക്കം കുറിക്കപ്പെട്ട മതോപദേശങ്ങൾ ക്രൈസ്തവലോകം ഉൾപ്പെടെ ലോകത്തിലെ മിക്കവാറും എല്ലാ മതങ്ങളും പിൻപറ്റുന്നു. a യെശയ്യാവിന്റെ പ്രവചനം മതങ്ങളുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും വെളിച്ചം വീശുന്നുണ്ടോ?
ബാബിലോൺ പൊടിയിൽ ആക്കപ്പെടുന്നു
3. ബാബിലോണിയൻ ലോകശക്തിയുടെ മഹത്ത്വത്തെ കുറിച്ചു വിശദീകരിക്കുക.
3 ഈ ദിവ്യ ഘോഷണത്തിനു ശ്രദ്ധ നൽകുക: “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രി, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും [“മൃദുഗാത്രിയെന്നും കോമളാംഗിയെന്നും,” NIBV] വിളിക്കയില്ല.” (യെശയ്യാവു 47:1) ബാബിലോൺ ലോകശക്തിയായി വാഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവൾ ‘പ്രശംസാലങ്കാരം’—തഴച്ചുവളരുന്ന ഒരു മത, വ്യാവസായിക, സൈനിക കേന്ദ്രം—ആയിത്തീർന്നിരിക്കുന്നു. (യെശയ്യാവു 13:19) അധികാരത്തിന്റെ നെറുകയിൽ ഇരുന്നപ്പോൾ അവളുടെ സാമ്രാജ്യം ഈജിപ്തുവരെ നീണ്ടുകിടന്നിരുന്നു. പൊ.യു.മു. 607-ൽ അവൾ യെരൂശലേമിനെ കീഴടക്കുമ്പോൾ ദൈവത്തിനുപോലും അവളെ തടുക്കാൻ കഴിയാത്തതു പോലെ കാണപ്പെട്ടു! അങ്ങനെ, അവൾ ഒരു ‘കന്യക പുത്രി’യായി, അതായത് ഒരിക്കലും വിദേശ ആക്രമണത്തിന് ഇരയാകുകയില്ലാത്ത ഒരുവളായി സ്വയം കണക്കാക്കുന്നു. b
4. ബാബിലോണിന്റെ അനുഭവം എന്തായിരിക്കും?
4 എന്നിരുന്നാലും, അഹങ്കാരിയായ ഈ ‘കന്യക’ ലോകശക്തിയുടെ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടാനിരിക്കുകയാണ്. അവൾ അപമാനിതയായി ‘പൊടിയിൽ ഇരിക്കാൻ’ നിർബന്ധിതയാകും. (യെശയ്യാവു 26:5) സുഖസമൃദ്ധിയിൽ ജീവിക്കുന്ന ‘മൃദുഗാത്രിയും കോമളാംഗിയു’മായ രാജ്ഞിയായി മേലാൽ അവൾ പരിഗണിക്കപ്പെടില്ല. തന്മൂലം യഹോവ ഇങ്ങനെ കൽപ്പിക്കുന്നു: “തിരികല്ലു എടുത്തു മാവു പൊടിക്ക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറെക്കാതെ നദികളെ കടക്ക.” (യെശയ്യാവു 47:2) യഹൂദ ജനതയെ മുഴുവൻ അടിമത്തത്തിലാക്കിയ ബാബിലോൺതന്നെയും ഇപ്പോൾ അടിമയായിത്തീരും! അവളെ അധികാരത്തിൽ നിന്നു നീക്കം ചെയ്യുന്ന മേദ്യരും പേർഷ്യക്കാരും തങ്ങൾക്കായി ഏറ്റവും തരംതാണ തൊഴിൽ ചെയ്യാൻ അവളെ നിർബന്ധിക്കും.
5. (എ) ബാബിലോൺ ‘മൂടുപടം നീക്കി, വസ്ത്രാന്തം എടുത്തു കുത്തേണ്ടി’വരുന്നത് എങ്ങനെ? (ബി) “നദികളെ കടക്ക” എന്നതിനാൽ എന്താണ് അർഥമാക്കുന്നത്?
5 അങ്ങനെ, ബാബിലോൺ ‘മൂടുപടം നീക്കി, വസ്ത്രാന്തം എടുത്തു കുത്തേണ്ടി’വരും. മുമ്പുണ്ടായിരുന്ന ശ്രേഷ്ഠതയും മാഹാത്മ്യവും അവൾക്കു നഷ്ടമാകും. “നദികളെ കടക്ക” എന്ന് അവളുടെ യജമാനന്മാർ അവളോടു കൽപ്പിക്കും. സാധ്യതയനുസരിച്ച്, ചില ബാബിലോണിയരോട് അക്ഷരാർഥത്തിൽ അടിമവേല ചെയ്യാൻ കൽപ്പിക്കും. അതല്ലെങ്കിൽ, ചിലരെ നദി കുറുകെ കടത്തി പ്രവാസത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകാൻ ഇടയുണ്ട് എന്നായിരിക്കാം ഈ പ്രവചനം അർഥമാക്കുന്നത്. എന്തുതന്നെ ആയിരുന്നാലും, ബാബിലോൺ മേലാൽ പ്രൗഢയായ ഒരു രാജ്ഞിയെ പോലെ പല്ലക്കിലോ തേരിലോ ഇരുന്ന് നദി കടക്കുകയില്ല. നേരെ മറിച്ച്, നാണവും മാനവുമൊന്നും നോക്കാനാവാത്ത അവസ്ഥയിലുള്ള ഒരു അടിമയെ പോലെ, കാലുകൾ മറയ്ക്കാതെ വസ്ത്രം ഉയർത്തിപ്പിടിച്ച് അവൾ നദി കുറുകെ കടക്കേണ്ടിവരും. എത്ര ലജ്ജാകരം!
6. (എ) ഏത് അർഥത്തിലാണ് ബാബിലോണിന്റെ നഗ്നത അനാവൃതമാകുന്നത്? (ബി) ദൈവം “ഒരു മനുഷ്യനെയും ആദരിക്കാ”തിരിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പു കാണുക.)
6 യഹോവ തുടർന്ന് ഇങ്ങനെ പരിഹാസമുതിർക്കുന്നു: “നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ [“ഒരു മനുഷ്യനോടും ദയ കാണിക്കാതെ,” NW] പ്രതികാരം നടത്തും.” (യെശയ്യാവു 47:3) c അതേ, ബാബിലോൺ നാണക്കേടും അനാദരവും സഹിക്കേണ്ടിവരും. അങ്ങനെ അവൾ ദൈവജനത്തോടു ചെയ്ത ദുഷ്ടതയും ക്രൂരതയും തുറന്നു കാട്ടപ്പെടും. ദൈവത്തിന്റെ പ്രതികാരത്തെ തടുക്കാൻ ഒരു മനുഷ്യനും സാധിക്കില്ല!
7. (എ) യഹൂദ പ്രവാസികൾ ബാബിലോണിന്റെ വീഴ്ചയോട് എങ്ങനെ പ്രതികരിക്കും? (ബി) ഏതു വിധത്തിൽ ആയിരിക്കും യഹോവ തന്റെ ജനത്തെ വീണ്ടെടുക്കുന്നത്?
7 എഴുപതു വർഷം ബാബിലോണിന്റെ അടിമത്തത്തിൽ കഴിഞ്ഞ ദൈവജനം അവളുടെ വീഴ്ചയിൽ വളരെയധികം ആനന്ദിക്കും. അവർ ഇങ്ങനെ വിളിച്ചുപറയും: “ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.” (യെശയ്യാവു 47:4) മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ഒരു ഇസ്രായേല്യൻ തന്റെ കടം വീട്ടാനായി സ്വയം അടിമയായി വിറ്റിരുന്നെങ്കിൽ ഒരു വീണ്ടെടുപ്പുകാരന് (രക്തബന്ധത്തിലുള്ള ഒരാൾക്ക്) അയാളെ അടിമത്തത്തിൽനിന്നു വിലയ്ക്കു വാങ്ങാൻ അല്ലെങ്കിൽ വീണ്ടെടുക്കാൻ സാധിക്കുമായിരുന്നു. (ലേവ്യപുസ്തകം 25:47-54) ഇസ്രായേല്യർ ബാബിലോണിൽ അടിമത്തത്തിലേക്കു വിൽക്കപ്പെടുമായിരുന്നതിനാൽ അവർ വീണ്ടെടുക്കപ്പെടേണ്ടത് അല്ലെങ്കിൽ വിടുവിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. അടിമകളെ സംബന്ധിച്ചിടത്തോളം ആർ ജയിക്കുന്നു എന്നതു പ്രസക്തമല്ല, അവർ പുതിയ യജമാനന്മാരുടെ കീഴിലാകുന്നു എന്നു മാത്രം. എന്നാൽ, യഹൂദരെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാൻ യഹോവ ജേതാവായ കോരെശിനെ പ്രേരിപ്പിക്കും. യഹൂദർക്കു മറുവിലയായി ദൈവം ഈജിപ്തിനെയും എത്യോപ്യയെയും സെബയെയും കോരെശിനു നൽകും. (യെശയ്യാവു 43:3) “സൈന്യങ്ങളുടെ യഹോവ” എന്ന് ഇസ്രായേലിന്റെ വിമോചകനെ വിളിച്ചിരിക്കുന്നത് തികച്ചും ഉചിതമാണ്. യഹോവയുടെ അദൃശ്യ, ദൂത സേനകളോടു താരതമ്യം ചെയ്യുമ്പോൾ അതിശക്തമായി കാണപ്പെടുന്ന ബാബിലോണിയൻ സേന ഏതുമില്ല.
ക്രൂരതയ്ക്ക് ഒടുക്കേണ്ടിവരുന്ന വില
8. ഏത് അർഥത്തിലായിരിക്കും ബാബിലോൺ ‘അന്ധകാരത്തിൽ പ്രവേശിക്കു’ന്നത്?
8 യഹോവ വീണ്ടും ബാബിലോണിനെ പ്രാവചനികമായി കുറ്റം വിധിക്കുന്നു: “കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക [“അന്ധകാരത്തിലേക്കു പ്രവേശിക്കൂ,” NIBV]; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല.” (യെശയ്യാവു 47:5) അന്ധകാരം മാത്രമായിരിക്കും ബാബിലോണിന്റെ മുന്നിൽ. ക്രൂരയായ ഒരു തമ്പുരാട്ടിയായി അവൾ മേലാൽ മറ്റു രാജ്യങ്ങളുടെമേൽ ആധിപത്യം നടത്തുകയില്ല.—യെശയ്യാവു 14:4.
9. യഹൂദരോട് യഹോവ ക്രുദ്ധിക്കുന്നത് എന്തുകൊണ്ട്?
9 ദൈവജനത്തെ ദ്രോഹിക്കാൻ ആദ്യം ബാബിലോണിനെ അനുവദിക്കുന്നത് എന്തുകൊണ്ടാണ്? യഹോവ വിശദീകരിക്കുന്നു: “ഞാൻ എന്റെ ജനത്തോടു ക്രുദ്ധിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.” (യെശയ്യാവു 47:6എ) യഹൂദരോടു ക്രുദ്ധിക്കുന്നതിന് യഹോവയ്ക്കു തക്കതായ കാരണമുണ്ട്. തന്റെ ന്യായപ്രമാണത്തോട് അനുസരണക്കേടു കാണിക്കുന്നപക്ഷം ദേശത്തുനിന്നു പറിച്ചുകളയും എന്ന് അവൻ മുമ്പ് അവർക്കു മുന്നറിയിപ്പു നൽകിയിരുന്നതാണ്. (ആവർത്തനപുസ്തകം 28:64) അവർ വിഗ്രഹാരാധനയിലും ലൈംഗിക അധാർമികതയിലും ഏർപ്പെട്ടപ്പോൾ നിർമലാരാധനയിലേക്കു പുനഃസ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് യഹോവ സ്നേഹപുരസ്സരം പ്രവാചകന്മാരെ അയച്ചു. എന്നാൽ, “അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.” (2 ദിനവൃത്താന്തം 36:16) തന്മൂലം, ബാബിലോണിയർ ദേശത്ത് അതിക്രമിച്ചു കയറുകയും ദൈവത്തിന്റെ വിശുദ്ധ മന്ദിരം അശുദ്ധമാക്കുകയും ചെയ്തപ്പോൾ തന്റെ അവകാശമായ യഹൂദയെ കളങ്കപ്പെടുത്താൻ അവൻ അവരെ അനുവദിക്കുന്നു.—സങ്കീർത്തനം 79:1; യെഹെസ്കേൽ 24:21.
10, 11. തന്റെ ജനത്തെ ബാബിലോണിയർ കീഴടക്കണമെന്നത് യഹോവയുടെ ഇഷ്ടമായിരുന്നിട്ടും അവൻ അവരോടു ക്രുദ്ധിക്കുന്നത് എന്തുകൊണ്ട്?
10 ആ സ്ഥിതിക്ക്, ബാബിലോണിയർ യഹൂദരെ അടിമകളാക്കുമ്പോൾ അവർ ദൈവേഷ്ടം നിവർത്തിക്കുക മാത്രമല്ലേ ചെയ്യുന്നത്? അല്ല, കാരണം ദൈവം ഇങ്ങനെ പറയുന്നു: “നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെ മേൽപോലും നിന്റെ ഭാരമുള്ള നുകം വെച്ചിരിക്കുന്നു. ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഓർക്കാതെയും ഇരുന്നു.” (യെശയ്യാവു 47:6ബി, 7) ‘വൃദ്ധന്മാരോടുപോലും കൃപ കാണിക്കാതെ’ അതിക്രൂരമായി പ്രവർത്തിക്കാൻ ദൈവം ബാബിലോണിയരോടു കൽപ്പിച്ചിരുന്നില്ല. (വിലാപങ്ങൾ 4:16; 5:12) അടിമകളായിരുന്ന യഹൂദരെ പരിഹസിക്കുന്നതിൽ വന്യമായി സന്തോഷിക്കാനും അവൻ കൽപ്പിച്ചിരുന്നില്ല.—സങ്കീർത്തനം 137:3.
11 യഹൂദരുടെ മേലുള്ള തങ്ങളുടെ നിയന്ത്രണം താത്കാലികമാണ് എന്നു ഗ്രഹിക്കാൻ ബാബിലോൺ പരാജയപ്പെടുന്നു. തക്കസമയത്ത് യഹോവ തന്റെ ജനത്തെ വിടുവിക്കുമെന്ന യെശയ്യാവിന്റെ മുന്നറിയിപ്പുകൾ അവൾ അവഗണിച്ചിരിക്കുന്നു. യഹൂദരുടെമേൽ ശാശ്വതമായി ആധിപത്യം പുലർത്താനും സാമന്ത ദേശങ്ങളുടെമേൽ നിത്യം തമ്പുരാട്ടിയായി വാഴാനും കഴിയുമെന്നവണ്ണം അവൾ പെരുമാറുന്നു. തന്റെ മർദക ഭരണത്തിന് ഒരു “അവസാനം” ഉണ്ടാകുമെന്ന സന്ദേശത്തിനു ചെവികൊടുക്കാൻ അവൾ പരാജയപ്പെടുന്നു!
ബാബിലോണിന്റെ പതനം മുൻകൂട്ടി പറഞ്ഞിരിക്കുന്നു
12. ബാബിലോണിനെ “സുഖഭോഗിനി” എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
12 യഹോവ പ്രഖ്യാപിക്കുന്നു: “ആകയാൽ: ഞാൻ മാത്രം; എനിക്കു തുല്യമായി മററാരുമില്ല; ഞാൻ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്ക:” (യെശയ്യാവു 47:8) ബാബിലോൺ സുഖഭോഗങ്ങൾ തേടുന്നതു പരക്കെ അറിവുള്ളതാണ്. ബാബിലോണിൽ നിലവിലിരുന്ന “അതിഹീനമായ ആചാര”ങ്ങളിൽ ഒന്നിനെ കുറിച്ചു പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഹിറോഡോട്ടസ് പറയുന്നു. അതായത്, അനുരാഗദേവിക്കുള്ള വഴിപാടായി എല്ലാ സ്ത്രീകളും വ്യഭിചാരത്തിൽ ഏർപ്പെടാൻ നിഷ്കർഷിക്കപ്പെട്ടിരുന്നു. സമാനമായി, പുരാതന ചരിത്രകാരനായ കുർട്സിയസ് ഇങ്ങനെ പറഞ്ഞു: “അതിഹീനമായ സാമൂഹിക ആചാരങ്ങൾ നിലനിന്നിരുന്ന ഒരു നഗരമാണ് അത്; ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരുന്ന അവിടുത്തെ സ്ഥിതിവിശേഷം ദുർന്നടപ്പിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.”
13. ഉല്ലാസത്തിമിർപ്പിനുള്ള ബാബിലോണിന്റെ വ്യഗ്രത അവളുടെ വീഴ്ച ത്വരിതഗതിയിലാക്കുന്നത് എങ്ങനെ?
13 ഉല്ലാസത്തിമിർപ്പിനുള്ള ബാബിലോണിന്റെ വ്യഗ്രത അവളുടെ വീഴ്ച ത്വരിതഗതിയിലാക്കും. അവൾ നശിപ്പിക്കപ്പെടുന്നതിന്റെ തലേ രാത്രിയിൽ, ആഘോഷത്തിൽ ഏർപ്പെട്ടിരിക്കുന്ന അവളുടെ രാജാവും മഹത്തുക്കളും കുടിച്ചു മത്തരായിരിക്കും. തന്മൂലം, മെദോ-പേർഷ്യ സേനകൾ നഗരത്തിൽ അതിക്രമിച്ചു കയറുന്നത് അവർ അറിയുകയേ ഇല്ല. (ദാനീയേൽ 5:1-4) “നിർഭയവാസിനി” ആയിരിക്കുന്ന ബാബിലോൺ, തന്റെ അജയ്യമായ മതിലുകളും കിടങ്ങുകളും അധിനിവേശത്തിൽനിന്നു തനിക്കു സംരക്ഷണമേകുമെന്ന് അനുമാനിക്കും. തന്റെ മേധാവിത്വത്തെ വെല്ലാൻ “മററാരുമില്ല” എന്ന് അവൾ സ്വയം പറയുന്നു. സാമ്രാജ്യത്തിന്റെ ഭരണാധിപനെ നഷ്ടപ്പെട്ട് താൻ എന്നെങ്കിലും “വിധവ” ആകുമെന്നോ തനിക്കു “പുത്രനഷ്ടം” അഥവാ ജനസംഖ്യാ നഷ്ടം ഉണ്ടാകുമെന്നോ ഊഹിക്കാൻ പോലും അവൾക്കു സാധിക്കുന്നില്ല. യഹോവയാം ദൈവത്തിന്റെ പ്രതികാരത്തിൽനിന്ന് അവളെ രക്ഷിക്കാൻ ഒരു മതിലിനും സാധിക്കുകയില്ല! യഹോവ പിന്നീട് ഇങ്ങനെ പറയും: “ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്കു അയക്കും.”—യിരെമ്യാവു 51:53.
14. ബാബിലോണിന് “പുത്രനഷ്ടം,” “വൈധവ്യം” ഇവ രണ്ടും സംഭവിക്കുന്നത് എങ്ങനെ?
14 ബാബിലോണിന് എന്തു സംഭവിക്കും? യഹോവ തുടരുന്നു: “പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തിൽ തന്നേ നിനക്കു ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.” (യെശയ്യാവു 47:9) അതേ, ലോകശക്തി എന്ന നിലയിലുള്ള ബാബിലോണിന്റെ മേധാവിത്വം പൊടുന്നനെ അവസാനിക്കും. പുരാതന കാലത്തു പൂർവ ദേശങ്ങളിൽ, ഒരു വിധവയാകുന്നതും മക്കളെ നഷ്ടപ്പെടുന്നതും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിപത്കരമായ അനുഭവങ്ങളായിരുന്നു. ബാബിലോൺ നിലംപതിക്കുന്ന രാത്രിയിൽ അവൾക്ക് എത്ര മക്കൾ നഷ്ടപ്പെടുന്നു എന്നു നമുക്കറിയില്ല. d എന്നുവരികിലും, തക്കസമയം വന്നെത്തുമ്പോൾ ആ നഗരം പൂർണമായി ശൂന്യമാക്കപ്പെടും. (യിരെമ്യാവു 51:29) അവളുടെ രാജാക്കന്മാർ സിംഹാസന ഭ്രഷ്ടരാകുന്നതോടെ അവൾ വിധവ ആയിത്തീരുകയും ചെയ്യും.
15. യഹൂദരോടുള്ള ബാബിലോണിയരുടെ ക്രൂരതയ്ക്കു പുറമേ മറ്റെന്തു കാരണത്താലും കൂടെയാണ് യഹോവ അവരോടു ക്രോധം പ്രകടിപ്പിച്ചത്?
15 യഹൂദരോടുള്ള ബാബിലോണിയരുടെ ദുഷ്പെരുമാറ്റം മാത്രമല്ല യഹോവയുടെ കോപം ആളിക്കത്താൻ ഇടയാക്കിയത്. അവളുടെ “ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പ”വും അവന്റെ ക്രോധം വർധിപ്പിക്കുന്നു. ഇസ്രായേല്യർക്കു നൽകിയ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആത്മവിദ്യാചാരത്തെ കുറ്റംവിധിച്ചിരിക്കുന്നു. എന്നാൽ, ബാബിലോണിയർ ഭൂതവിദ്യയിൽ ആമഗ്നരാണ്. (ആവർത്തനപുസ്തകം 18:10-12; യെഹെസ്കേൽ 21:21) ബാബിലോണിയർ, “തങ്ങൾക്കു ചുറ്റുമുള്ളതായി കരുതിയിരുന്ന അസംഖ്യം ഭൂതങ്ങളെ കുറിച്ചുള്ള നിത്യഭയത്തിലാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്” എന്ന് അസീറിയക്കാരുടെയും ബാബിലോണിയരുടെയും ഇടയിലെ സാമൂഹിക ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ദുഷ്ടതയിൽ ആശ്രയിക്കുന്നു
16, 17. (എ) ബാബിലോൺ “ദുഷ്ടതയിൽ ആശ്രയി”ച്ചിരിക്കുന്നത് എങ്ങനെ? (ബി) ബാബിലോണിന്റെ നാശത്തെ തടയാനാവാത്തത് എന്തുകൊണ്ട്?
16 ബാബിലോണിലെ ഭാവികഥന വിദ്യക്കാർക്ക് അവളെ രക്ഷിക്കാൻ സാധിക്കുമോ? യഹോവ ഉത്തരം നൽകുന്നു: “നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെററിച്ചുകളഞ്ഞു; ഞാൻ മാത്രം; എനിക്കു തുല്യമായി മററാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു.” (യെശയ്യാവു 47:10) തന്റെ ലൗകികവും മതപരവുമായ ജ്ഞാനത്താലും സൈനിക ബലത്താലും ദാക്ഷിണ്യമില്ലാത്ത തന്ത്രപ്രയോഗങ്ങളാലും ലോകശക്തി എന്ന നിലയിലുള്ള തന്റെ സ്ഥാനം നിലനിറുത്താൻ കഴിയുമെന്ന് ബാബിലോൺ കണക്കുകൂട്ടുന്നു. ആരും തന്നെ “കാണുന്നില്ല” എന്ന് അതായത്, തന്റെ ദുഷ്ട നടപടികൾക്ക് ആരോടും കണക്കു ബോധിപ്പിക്കേണ്ടതില്ലെന്ന് അവൾ കരുതുന്നു. തന്നെ വെല്ലാൻ ഒരു എതിരാളി എഴുന്നേൽക്കുമെന്ന് അവൾ സ്വപ്നേപി വിചാരിക്കുന്നില്ല. “ഞാൻ മാത്രം; എനിക്കു തുല്യമായി മററാരും ഇല്ല,” അവൾ സ്വയം പറയുന്നു.
17 തന്റെ മറ്റൊരു പ്രവാചകൻ മുഖാന്തരം യഹോവ ഈ മുന്നറിയിപ്പു നൽകുന്നു: “ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ?” (യിരെമ്യാവു 23:24; എബ്രായർ 4:13) തുടർന്ന് യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്റെമേൽ വരും; നിന്നാൽ പരിഹരിപ്പാൻ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെമേൽ വരും.” (യെശയ്യാവു 47:11) ബാബിലോണിയൻ ദൈവങ്ങൾക്കോ ആത്മവിദ്യാചാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നടത്തുന്ന “മന്ത്രവാദ”ത്തിനോ അവൾ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ആസന്നമായ ആ ദുരന്തത്തെ തടയാനാവില്ല!
ബാബിലോണിന്റെ ഉപദേഷ്ടാക്കൾ പരാജയപ്പെടുന്നു
18, 19. ബാബിലോണിയൻ ഉപദേഷ്ടാക്കളിൽ ആശ്രയിക്കുന്നത് നാശകരമെന്ന് എങ്ങനെ തെളിയും?
18 അവരെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് യഹോവ ഇങ്ങനെ പറയുന്നു: “നീ ബാല്യം മുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങൾകൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊൾക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും! [“ഒരു പക്ഷേ, നീ വിജയം വരിച്ചേക്കും; കൊടുംഭീതി ഉളവാക്കാൻ നിനക്കു കഴിഞ്ഞേക്കും!,” “ഓശാന ബൈ.”]” (യെശയ്യാവു 47:12) സാധിക്കുമെങ്കിൽ മന്ത്രവാദത്തിൽ ആശ്രയിക്കുന്നതിൽ ‘നിന്നുകൊള്ളാൻ’ അഥവാ അതിൽ തുടരാൻ യഹോവ ബാബിലോണിനെ വെല്ലുവിളിക്കുന്നു. എന്തൊക്കെയാണെങ്കിലും, ഒരു ജനത എന്ന നിലയിൽ അവൾ “ബാല്യം” മുതൽ ഭൂതവിദ്യ അഭ്യസിച്ചിരിക്കുകയാണല്ലോ.
19 എന്നാൽ, യഹോവ അവളെ ഇങ്ങനെ പരിഹസിക്കുന്നു: “നിന്റെ നിരവധി ഉപദേഷ്ടാക്കളെക്കൊണ്ടു നീ മടുത്തിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കയും [“ആകാശങ്ങളെ ആരാധിക്കുകയും,” NW] നക്ഷത്രങ്ങളെ നിരീക്ഷിക്കയും നിനക്ക് എന്തു സംഭവിക്കുമെന്ന് അമാവാസികളിൽ പ്രവചിക്കുകയും ചെയ്യുന്ന അവർ മുമ്പോട്ടുവന്ന് നിന്നെ രക്ഷിക്കട്ടെ!” (യെശയ്യാവു 47:13, ഓശാന ബൈ.) e ബാബിലോണിന്റെ ഉപദേഷ്ടാക്കൾ ദയനീയമായി പരാജയപ്പെടും. നൂറ്റാണ്ടുകളോളം പഴക്കമുള്ള ജ്യോതിശ്ശാസ്ത്ര വിദ്യകളുടെ ഫലമായിട്ടാണു ബാബിലോണിൽ ജ്യോതിഷം വികാസം പ്രാപിച്ചിരിക്കുന്നത് എന്നതു ശരിതന്നെ. എന്നാൽ, ബാബിലോൺ വീഴുന്ന രാത്രിയിൽ ജ്യോത്സ്യന്മാർ ദയനീയമായി പരാജയപ്പെടുന്നതിലൂടെ ഭൂതവിദ്യ നിഷ്ഫലമാണെന്നു വ്യക്തമാകും.—ദാനീയേൽ 5:7, 8.
20. ബാബിലോണിന്റെ ഉപദേഷ്ടാക്കളുടെ ഭാവി എന്തായിരിക്കും?
20 പ്രവചനഭാഗം യഹോവ ഇങ്ങനെ ഉപസംഹരിക്കുന്നു: “ഇതാ, അവർ താളടിപോലെ ആയി തീക്കു ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിർ മാററുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല. ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ താന്താന്റെ ദിക്കിലേക്കു അലഞ്ഞുപോകും ആരും നിന്നെ രക്ഷിക്കയില്ല.” (യെശയ്യാവു 47:14, 15) അതേ, ഈ വ്യാജ ഉപദേഷ്ടാക്കൾ തീക്ക് ഇരയാകുന്ന സമയം സമാഗതമായിരിക്കുന്നു. അത് കുളിരകറ്റാൻ സഹായിക്കുന്ന തരത്തിലുള്ള തീയല്ല, മറിച്ച് വിനാശകമായ തീയായിരിക്കും. വ്യാജ ഉപദേഷ്ടാക്കൾ യാതൊരു ഉപയോഗവുമില്ലാത്ത താളടി പോലെയാണ് എന്ന് അതു വെളിപ്പെടുത്തുന്നു. ബാബിലോണിന്റെ ഉപദേഷ്ടാക്കൾ സംഭ്രാന്തരായി ഓടിപ്പോകും! അങ്ങനെ, ബാബിലോണിന്റെ അവസാന അത്താണിയും വിട്ടു പോകുന്ന സ്ഥിതിക്ക് അവളെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല. യെരൂശലേമിന്റെമേൽ അവൾ വരുത്തിവെച്ച അതേ ദുരന്തം അവൾക്കും അനുഭവിക്കേണ്ടിവരും.—യിരെമ്യാവു 11:12.
21. യെശയ്യാവിന്റെ പ്രാവചനിക വചനങ്ങൾ നിവൃത്തിയേറുന്നത് എങ്ങനെ, എപ്പോൾ?
21 പൊ.യു.മു. 539-ൽ ഈ നിശ്വസ്ത വചനങ്ങൾ നിവൃത്തിയേറാൻ തുടങ്ങി. കോരെശിന്റെ നേതൃത്വത്തിൽ മേദ്യരുടെയും പേർഷ്യക്കാരുടെയും സൈന്യങ്ങൾ നഗരം പിടിച്ചടക്കുകയും ബേൽശസ്സർ രാജാവിനെ വധിക്കുകയും ചെയ്യുന്നു. (ദാനീയേൽ 5:1-4, 30) ബാബിലോൺ ഒറ്റ രാത്രികൊണ്ട് ലോക ആധിപത്യത്തിൽനിന്നു വീഴുന്നു. അങ്ങനെ, നൂറ്റാണ്ടുകളായി നിലവിലിരുന്ന ശേമ്യരുടെ ഭരണാധിപത്യം മൺമറയുന്നു. തുടർന്ന് ലോകം ആര്യന്മാരുടെ നിയന്ത്രണത്തിലാകുന്നു. ബാബിലോൺ നൂറ്റാണ്ടുകൾ നീണ്ട അധഃപതനത്തിന്റെ ഒരു കാലഘട്ടത്തിലേക്കു പ്രവേശിക്കുന്നു. പൊ.യു. നാലാം നൂറ്റാണ്ടോടെ ബാബിലോൺ വെറും ‘കല്ക്കുന്നുകളാ’യി മാറുന്നു. (യിരെമ്യാവു 51:37) അങ്ങനെ, യെശയ്യാ പ്രവചനം പൂർണമായി നിറവേറുന്നു.
ഒരു ആധുനിക ബാബിലോൺ
22. ബാബിലോണിന്റെ പതനം അഹങ്കാരത്തെ കുറിച്ച് നമ്മെ എന്താണു പഠിപ്പിക്കുന്നത്?
22 യെശയ്യാവിന്റെ പ്രവചനം ചിന്തയ്ക്കു വക നൽകുന്നു. അത് അഹങ്കാരത്തിനും ഗർവിനും പിന്നിലുള്ള അപകടത്തിന് അടിവരയിടുന്നു എന്നതാണ് ഒരു സംഗതി. ഗർവിഷ്ഠയായ ബാബിലോണിന്റെ പതനം ഈ ബൈബിൾ പഴമൊഴിയുടെ സത്യതയെ തെളിയിക്കുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.” (സദൃശവാക്യങ്ങൾ 16:18) ചിലപ്പോഴൊക്കെ അഹങ്കാരം നമ്മുടെ അപൂർണ പ്രകൃതത്തിന്മേൽ ആധിപത്യം പുലർത്തുന്നു. എന്നാൽ അഹങ്കാരത്താൽ ‘നിഗളിക്കുന്നത്’ ‘പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാൻ’ മാത്രമേ ഇടയാക്കൂ. (1 തിമൊഥെയൊസ് 3:6, 7) തന്മൂലം, നാം യാക്കോബിന്റെ ഈ ബുദ്ധിയുപദേശം പിൻപറ്റുന്നതു നന്നായിരിക്കും: “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.”—യാക്കോബ് 4:10.
23. യെശയ്യാവിന്റെ പ്രവചനം എന്ത് ഉറപ്പുണ്ടായിരിക്കാൻ നമ്മെ സഹായിക്കുന്നു?
23 എതിരാളികളെക്കാളെല്ലാം അത്യന്തം ശക്തനായ യഹോവയിൽ പൂർണമായി വിശ്വസിക്കാനും ഈ പ്രാവചനിക വചനങ്ങൾ നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 24:8; 34:7; 50:15; 91:14, 15) ഈ ദുഷ്കരനാളുകളിൽ നമുക്ക് ആശ്വാസമേകുന്ന ഒരു ഓർമിപ്പിക്കലാണത്. യഹോവയിൽ ഉറച്ചു വിശ്വസിക്കുന്നത് അവന്റെ ദൃഷ്ടിയിൽ നിർദോഷികളായി നിലകൊള്ളാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കുന്നു. കാരണം, “[നിർദോഷിയായ] മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും” എന്നു നമുക്കറിയാം. (സങ്കീർത്തനം 37:37, 38, NW) സാത്താന്റെ “തന്ത്രങ്ങ”ൾക്കെതിരെ ഉറച്ചു നിൽക്കാൻ നമ്മുടെ സ്വന്തം കഴിവുകളിൽ ആശ്രയിക്കുന്നതിനു പകരം യഹോവയിലേക്കു നോക്കുന്നത് എല്ലായ്പോഴും ജ്ഞാനപൂർവകമായിരിക്കും.—എഫെസ്യർ 6:10-13.
24, 25. (എ) ജ്യോതിഷം യുക്തിരഹിതമായിരിക്കുന്നത് എന്തുകൊണ്ട്, മനുഷ്യർ അതിലേക്കു തിരിയാൻ കാരണമെന്ത്? (ബി) ക്രിസ്ത്യാനികൾ അന്ധവിശ്വാസത്തെ നിരാകരിക്കുന്നതിനുള്ള ചില കാരണങ്ങളേവ?
24 ആത്മവിദ്യാചാരത്തിൽ, പ്രത്യേകിച്ചും ജ്യോതിഷത്തിൽ ഏർപ്പെടുന്നതിന് എതിരെ നമുക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നതു ശ്രദ്ധേയമാണ്. (ഗലാത്യർ 5:20, 21, NW) ബാബിലോൺ വീണപ്പോൾ ജ്യോതിഷത്തിന് ജനങ്ങളുടെമേലുള്ള പിടി അയഞ്ഞിരുന്നില്ല. ബാബിലോണിയർ ഗണിച്ചെടുത്ത ഗ്രഹനില അതിന്റെ പഴയ സ്ഥാനത്തുനിന്ന് ‘വ്യതിചലിച്ചിരിക്കുന്നു’ എന്നും അങ്ങനെ “[ജ്യോതിഷം] എന്ന മുഴു ആശയവും നിരർഥകമായിരിക്കുന്നു” എന്നും പ്രാചീന ലോകത്തെ വൻനഗരങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എങ്കിലും, ജ്യോതിഷം ഇന്നും തഴച്ചുവളരുന്നു. അനേകം പത്രങ്ങൾ തങ്ങളുടെ വായനക്കാരുടെ സൗകര്യത്തിനായി ജാതക പംക്തികൾ പോലും അച്ചടിച്ചിറക്കുന്നു.
25 ഗ്രഹനില നോക്കാനോ യുക്തിരഹിതമായ മറ്റേതെങ്കിലും അന്ധവിശ്വാസത്തിൽ ഏർപ്പെടാനോ ആളുകളെ—അഭ്യസ്തവിദ്യരെ പോലും—പ്രചോദിപ്പിക്കുന്നത് എന്താണ്? അതേക്കുറിച്ച് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “ആളുകൾ അന്യോന്യം ഭയപ്പെടുകയും ഭാവിയെ കുറിച്ച് അവർക്കിടയിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നിടത്തോളം കാലം അന്ധവിശ്വാസത്തിന് അവരുടെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ടായിരിക്കും.” ഭയവും അനിശ്ചിതത്വ ബോധവും ആളുകളെ അന്ധവിശ്വാസത്തിലേക്കു തിരിയാൻ ഇടയാക്കുന്നു. എന്നിരുന്നാലും, ക്രിസ്ത്യാനികൾ അന്ധവിശ്വാസികളല്ല. അവർ മനുഷ്യരെ ഭയപ്പെടുന്നില്ല—യഹോവയാണ് അവരുടെ പിന്തുണ. (സങ്കീർത്തനം 33:11) നമ്മുടെ ജീവിതം യഹോവയുടെ ആലോചനയ്ക്കു ചേർച്ചയിലാക്കുന്നതു നമുക്കു സന്തുഷ്ടിയും ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു ഭാവിയും ഉറപ്പുവരുത്തുന്നു.
26. “ജ്ഞാനികളുടെ വിചാരം വ്യർത്ഥ”മാണെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
26 സമീപ കാലങ്ങളിൽ ചിലർ കൂടുതൽ “ശാസ്ത്രീയ”മായ വിധത്തിൽ ഭാവിയെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുണ്ട്. ഭാവികഥന വിദ്യ എന്ന ഒരു അധ്യാപന മേഖലതന്നെ ഇന്നു നിലവിലുണ്ട്. “ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാവി സാധ്യതകൾ പരിചിന്തിക്കുന്ന അധ്യാപനരീതി” എന്നാണ് അതിനെ നിർവചിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 1992-ഓടെ ലോകത്തിലെ സ്വർണത്തിന്റെയും മെർക്കുറിയുടെയും സിങ്കിന്റെയും പെട്രോളിയത്തിന്റെയും മുഴു ശേഖരവും തീർന്നുപോകുമെന്ന് 1972-ൽ, ക്ലബ് ഓഫ് റോം എന്ന പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം വിദ്യാഭ്യാസ വിചക്ഷണരും ബിസിനസുകാരും പ്രവചിച്ചു. 1972 മുതൽ ലോകം കൊടിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, അവരുടെ പ്രവചനം തികച്ചും തെറ്റാണെന്നു തെളിഞ്ഞു. കാരണം സ്വർണം, മെർക്കുറി, സിങ്ക്, പെട്രോളിയം എന്നിവ ഇപ്പോഴും ഭൂമിയിൽ ധാരാളമായുണ്ട്. ഭാവി പ്രവചിക്കാൻ മനുഷ്യൻ കിണഞ്ഞു പരിശ്രമിക്കുന്നെങ്കിലും അവരുടെ ഊഹാപോഹങ്ങൾ എല്ലായ്പോഴും ആശ്രയയോഗ്യമല്ല. അതേ, “ജ്ഞാനികളുടെ വിചാരം വ്യർത്ഥം”തന്നെ!—1 കൊരിന്ത്യർ 3:20.
മഹാബാബിലോണിന്റെ അന്ത്യം ആസന്നം
27. പൊ.യു.മു. 539-ൽ പുരാതന ബാബിലോൺ വീണതിനു സമാനമായി എപ്പോൾ, എങ്ങനെ മഹാബാബിലോൺ വീണിരിക്കുന്നു?
27 ആധുനിക മതങ്ങൾ പുരാതന ബാബിലോണിന്റെ പല പഠിപ്പിക്കലുകളും നിലനിറുത്തിയിരിക്കുന്നു. അതുകൊണ്ട്, മഹാബാബിലോൺ എന്ന പേര് വ്യാജമത ലോകസാമ്രാജ്യത്തിനു നന്നായി ചേരും. (വെളിപ്പാടു 17:5, NW) പുരാതന ബാബിലോൺ പൊ.യു.മു. 539-ൽ നിലംപതിച്ചതിനു സമാനമായി, ഈ സാർവദേശീയ വ്യാജമത സമൂഹവും വീണിരിക്കുന്നു. (വെളിപ്പാടു 14:8; 18:2) 1919-ൽ ക്രിസ്തുവിന്റെ സഹോദരന്മാരുടെ ശേഷിപ്പ് ആത്മീയ അടിമത്തത്തിൽനിന്നു പുറത്തുവരുകയും മഹാബാബിലോണിന്റെ പ്രമുഖ ഘടകമായ ക്രൈസ്തവലോകവുമായുള്ള സകല ബന്ധവും വിച്ഛേദിക്കുകയും ചെയ്തു. അന്നുമുതൽ, ക്രൈസ്തവലോകം ആധിപത്യം പുലർത്തിയിരുന്ന പല ദേശങ്ങളിലും അതിനു ഗണ്യമായ വിധത്തിൽ സ്വാധീനം നഷ്ടപ്പെട്ടിരിക്കുന്നു.
28. മഹാബാബിലോൺ എന്തു പറഞ്ഞ് വീമ്പിളക്കുന്നു, അവളുടെ ഭാവി എന്തായിരിക്കും?
28 എന്നിരുന്നാലും, ആ വീഴ്ച വ്യാജമതങ്ങളുടെ സമ്പൂർണ നാശത്തിന്റെ ഒരു മുന്നോടിയാണ്. രസകരമെന്നു പറയട്ടെ, മഹാബാബിലോണിന്റെ നാശത്തെ കുറിച്ചുള്ള വെളിപ്പാടിലെ പ്രവചനം യെശയ്യാവു 47:8, 9-ലെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. പുരാതന ബാബിലോണിനെ പോലെ, “രാജ്ഞിയായിട്ടു ഞാൻ ഇരിക്കുന്നു; ഞാൻ വിധവയല്ല; ദുഃഖം കാൺകയുമില്ല” എന്ന് ആധുനിക ബാബിലോൺ വീമ്പിളക്കുന്നു. എന്നാൽ, “മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായംവിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ.” അതുകൊണ്ട്, യെശയ്യാവു 47-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാവചനിക വചനങ്ങൾ ഇപ്പോഴും വ്യാജമതവുമായി ബന്ധം പുലർത്തുന്നവർക്ക് ഒരു മുന്നറിയിപ്പാണ്. അവളോടൊപ്പം നശിക്കാതിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ‘അവളെ വിട്ടുപോരാനുള്ള’ നിശ്വസ്ത ആഹ്വാനത്തിന് അവർ ചെവി കൊടുക്കേണ്ടതുണ്ട്.—വെളിപ്പാടു 18:4, 7, 8.
[അടിക്കുറിപ്പുകൾ]
a വ്യാജമത ഉപദേശങ്ങൾ എങ്ങനെ വികാസം പ്രാപിച്ചു എന്നതു സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
b എബ്രായ ഭാഷയിൽ ‘ബാബേൽപുത്രിയായ കന്യക’ എന്ന പ്രയോഗം ബാബിലോണിനെ അല്ലെങ്കിൽ അതിലെ നിവാസികളെ സൂചിപ്പിക്കുന്നു. ഒരു ലോകശക്തി ആയിത്തീർന്നശേഷം ഒരു വിദേശിയും അവളെ ആക്രമിച്ചിട്ടില്ല.
c ‘ഞാൻ ഒരു മനുഷ്യനെയും ആദരിക്കില്ല’ എന്നതിനുള്ള എബ്രായ പ്രയോഗം, പരിഭാഷപ്പെടുത്താൻ “അങ്ങേയറ്റം ദുഷ്കരമായ ഒരു പ്രയോഗം” ആണെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ബാബിലോണിനെ രക്ഷിക്കാൻ ആരെയും അനുവദിക്കുകയില്ല എന്നു കാണിക്കുന്നതിന് പുതിയലോക ഭാഷാന്തരം “ദയ” എന്ന പദം കൂട്ടിച്ചേർക്കുന്നു. ഒരു യഹൂദ പുസ്തക പ്രസാധക സൊസൈറ്റിയുടെ ഭാഷാന്തരം ആ ഭാഗത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ഞാൻ . . . ആരെയും മധ്യസ്ഥത വഹിക്കാൻ അനുവദിക്കില്ല.”
d ആക്രമണകാരികൾ “പോരാട്ടമില്ലാതെ”യാണ് ബാബിലോണിൽ പ്രവേശിച്ചത് എന്ന് നബോണീഡസ് ക്രോണിക്കിൾ പറയുന്നുണ്ടെങ്കിലും രക്തപ്പുഴ ഒഴുകിയിരിക്കാൻ സാധ്യതയുണ്ടെന്നു ഗ്രീക്ക് ചരിത്രകാരനായ സെനൊഫൊൺ സൂചിപ്പിക്കുന്നുവെന്ന് റെയ്മണ്ട് ഫിലിപ് ഡൗവർട്ടിയുടെ നബോണീഡസും ബേൽശസ്സരും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
e ‘ആകാശങ്ങളെ ആരാധിക്കു’ന്നവർ എന്ന എബ്രായ പ്രയോഗത്തെ ചില പരിഭാഷകൾ ‘ആകാശങ്ങളെ വിഭജിക്കു’ന്നവർ എന്നു പരിഭാഷപ്പെടുത്തിരിക്കുന്നു. രാശിചക്രം നോക്കുന്നതിന് ആകാശത്തെ വിഭജിക്കുന്നതിനെയാണ് ഇത് അർഥമാക്കുന്നത്.
[അധ്യയന ചോദ്യങ്ങൾ]
[111-ാം പേജിലെ ചിത്രങ്ങൾ]
ഉല്ലാസത്തിമിർപ്പിൽ കഴിയുന്ന ബാബിലോൺ പൊടിയിൽ ആക്കപ്പെടും
[114-ാം പേജിലെ ചിത്രം]
ബാബിലോണിലെ ജ്യോത്സ്യന്മാർക്ക് അവളുടെ വീഴ്ചയെ കുറിച്ചു പ്രവചിക്കാൻ കഴിയുകയില്ല
[116-ാം പേജിലെ ചിത്രം]
പൊ.യു.മു. ഒന്നാം സഹസ്രാബ്ദത്തിലെ ഒരു ബാബിലോണിയൻ ജ്യോതിഷ പഞ്ചാംഗം
[119-ാം പേജിലെ ചിത്രങ്ങൾ]
ആധുനികകാല ബാബിലോൺ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടും