സത്യദൈവം രക്ഷ മുൻകൂട്ടി പറയുന്നു
അധ്യായം അഞ്ച്
സത്യദൈവം രക്ഷ മുൻകൂട്ടി പറയുന്നു
1, 2. (എ) യഹോവ എന്തു ചോദ്യങ്ങൾ ഉന്നയിക്കുന്നു? (ബി) താൻ മാത്രമാണു സത്യദൈവം എന്ന് അവൻ എങ്ങനെ തെളിയിക്കും?
‘സത്യദൈവം ആരാണ്?’ നൂറ്റാണ്ടുകളായി ഉയർന്നുകേൾക്കുന്ന ഒരു ചോദ്യമാണത്. ആ സ്ഥിതിക്ക്, യെശയ്യാ പുസ്തകത്തിൽ യഹോവതന്നെ ആ ചോദ്യം ഉന്നയിക്കുന്നത് എത്ര ആശ്ചര്യകരമാണ്! പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കാൻ അവൻ മനുഷ്യവർഗത്തെ ക്ഷണിക്കുന്നു: ‘ഏക സത്യദൈവം യഹോവയാണോ? അതോ, അവന്റെ സ്ഥാനത്തെ വെല്ലുവിളിക്കാൻ പോന്ന വേറെ ആരെങ്കിലുമുണ്ടോ?’ ഈ ചർച്ചയ്ക്കു തുടക്കമിട്ടശേഷം യഹോവ, ദൈവത്വം സംബന്ധിച്ച വിവാദപ്രശ്നത്തിനു തീർപ്പു കൽപ്പിക്കുന്നതിനുള്ള ന്യായമായ മാനദണ്ഡങ്ങൾ പ്രദാനം ചെയ്യുന്നു. അവൻ അവതരിപ്പിച്ചിരിക്കുന്ന ന്യായവാദം പരമാർഥഹൃദയരെ അവിതർക്കിതമായ ഒരു നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു.
2 യെശയ്യാവിന്റെ നാളിൽ ആളുകൾ ആരാധനയിൽ വിഗ്രഹങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. യെശയ്യാവിന്റെ പ്രാവചനിക പുസ്തകത്തിന്റെ 44-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തുറന്ന, സുവ്യക്തമായ ചർച്ചയിൽ വിഗ്രഹാരാധനയുടെ വ്യർഥതയെ എത്ര ശക്തമായി ചിത്രീകരിച്ചിരിക്കുന്നു! എന്നിട്ടും, ദൈവത്തിന്റെ ജനംതന്നെ ആ കെണിയിൽ വീഴുന്നു. തന്മൂലം, യെശയ്യാ പുസ്തകത്തിന്റെ മുൻ അധ്യായങ്ങളിൽ കാണുന്നതു പോലെ ഇസ്രായേല്യർക്കു കടുത്ത ശിക്ഷണം ലഭിക്കാനിരിക്കുകയാണ്. എന്നുവരികിലും, യഹോവ ആ ജനതയെ സ്നേഹപുരസ്സരം ആശ്വസിപ്പിക്കുന്നു. തന്റെ ജനത്തെ അടിമത്തത്തിലേക്കു കൊണ്ടുപോകാൻ അവൻ ബാബിലോണിയരെ അനുവദിക്കുമെങ്കിലും തക്കസമയത്ത് അവൻ അവരെ വിടുവിക്കും. അവരുടെ വിടുതലിനെയും നിർമലാരാധനയുടെ പുനഃസ്ഥാപനത്തെയും കുറിച്ചുള്ള പ്രവചനങ്ങളുടെ നിവൃത്തി യഹോവ മാത്രമാണു സത്യദൈവം എന്ന് അസന്ദിഗ്ധമായി സ്ഥിരീകരിക്കും. അങ്ങനെ, ജനതകളുടെ നിർജീവ ദൈവങ്ങളെ ആരാധിക്കുന്ന സകലരും ലജ്ജിച്ചു തലകുനിക്കേണ്ടിവരും.
3. യെശയ്യാവിന്റെ പ്രാവചനിക വചനങ്ങൾ ഇന്നു ക്രിസ്ത്യാനികളെ എങ്ങനെ സഹായിക്കുന്നു?
3 യെശയ്യാ പുസ്തകത്തിന്റെ ഈ ഭാഗത്തെ പ്രവചനങ്ങളും പുരാതന കാലത്തെ അവയുടെ നിവൃത്തിയും ഇന്നത്തെ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. കൂടാതെ, യെശയ്യാവിന്റെ പ്രാവചനിക വചനങ്ങൾക്കു നമ്മുടെ നാളിലും ഭാവിയിൽ പോലും നിവൃത്തിയുണ്ട്. ആ സംഭവങ്ങളിൽ, ദൈവത്തിന്റെ പുരാതന ജനതയോടുള്ള ബന്ധത്തിൽ പ്രവചിച്ചിരുന്നതിനെക്കാൾ വലിയ ഒരു വിമോചനവും വിമോചകനും ഉൾപ്പെട്ടിരിക്കുന്നു.
യഹോവയ്ക്കുള്ളവരുടെ പ്രത്യാശ
4. യഹോവ ഇസ്രായേല്യരെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
4 ദൈവം ഇസ്രായേലിനെ ചുറ്റുമുള്ള ജനതകളിൽനിന്നു വേർതിരിച്ച് തന്റെ ദാസനായിരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന ആശാവഹമായ ഓർമിപ്പിക്കലോടെയാണ് 44-ാം അധ്യായം തുടങ്ങുന്നത്. ആ പ്രവചനം ഇങ്ങനെ പറയുന്നു: “ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക. നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.” (യെശയ്യാവു 44:1, 2) ആലങ്കാരിക അർഥത്തിൽ, അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾ, അതായത് ഈജിപ്തിൽനിന്നു പോന്നശേഷം ഒരു ജനതയായി തീർന്നതു മുതൽ യഹോവ ഇസ്രായേല്യർക്കായി കരുതിയിരിക്കുന്നു. അവൻ തന്റെ ജനത്തെ മൊത്തത്തിൽ ‘യെശുരൂൻ’ എന്നു വിളിക്കുന്നു. വാത്സല്യവും ആർദ്രസ്നേഹവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ പദത്തിന്റെ അർഥം “നേരുള്ളവൻ” എന്നാണ്. ഇസ്രായേല്യർ നേരുള്ളവരായി നിലകൊള്ളണം എന്നുള്ള ഓർമിപ്പിക്കലായും ആ പേര് ഉതകുന്നു. അക്കാര്യത്തിൽ അവർ പലപ്പോഴും പരാജയപ്പെട്ടിരിക്കുന്നു എന്നതാണു വസ്തുത.
5, 6. ഉന്മേഷദായകമായ എന്തു കരുതലുകളാണ് യഹോവ ഇസ്രായേല്യർക്കു വേണ്ടി ചെയ്യുന്നത്, അതിന്റെ ഫലമെന്ത്?
5 യഹോവയുടെ തുടർന്നുള്ള വാക്കുകൾ എത്ര ആനന്ദദായകവും ഉന്മേഷപ്രദവുമാണ്! അവൻ ഇങ്ങനെ പറയുന്നു: “ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.” (യെശയ്യാവു 44:3, 4) ചുട്ടുപൊള്ളുന്ന, വരണ്ട പ്രദേശത്തുപോലും ജലസ്രോതസ്സുകൾക്ക് അരികെയുള്ള മരക്കൂട്ടങ്ങൾക്കു തഴച്ചുവളരാൻ കഴിയും. യഹോവ സത്യത്തിന്റെ ജീവദായകമായ വെള്ളം പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ പകരുകയും ചെയ്യുമ്പോൾ നീർത്തോടുകൾക്ക് അരികെയുള്ള മരങ്ങൾ പോലെ ഇസ്രായേൽ തഴച്ചുവളരും. (സങ്കീർത്തനം 1:3; യിരെമ്യാവു 17:7, 8) തന്റെ ദൈവത്വത്തിന്റെ സാക്ഷികൾ എന്ന നിലയിൽ തങ്ങളുടെ ധർമം നിവർത്തിക്കാൻ ആവശ്യമായ ബലം യഹോവ തന്റെ ജനത്തിനു നൽകും.
6 ഇവ്വണ്ണം പരിശുദ്ധാത്മാവ് പകരുന്നതിന്റെ ഒരു ഫലം, യഹോവയുമായുള്ള ഇസ്രായേലിന്റെ ബന്ധത്തോടു ചിലർ നല്ല വിലമതിപ്പു പ്രകടമാക്കും എന്നതാണ്. അതേക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.” (യെശയ്യാവു 44:5) യഹോവയുടെ നാമം വഹിക്കുന്നത് ഒരു ശ്രേഷ്ഠ പദവിയായിരിക്കും, കാരണം സത്യദൈവം അവൻ മാത്രമാണെന്നു വ്യക്തമാകും.
ദൈവങ്ങൾക്ക് ഒരു വെല്ലുവിളി
7, 8. യഹോവ ജനതകളുടെ ദൈവങ്ങളെ എങ്ങനെ വെല്ലുവിളിക്കുന്നു?
7 മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ഒരു വീണ്ടെടുപ്പുകാരന്, സാധാരണമായി ഏറ്റവും അടുത്ത ചാർച്ചക്കാരന്, ഒരു വ്യക്തിയെ അടിമത്തത്തിൽനിന്നു വിലയ്ക്കു വാങ്ങാൻ കഴിയുമായിരുന്നു. (ലേവ്യപുസ്തകം 25:47-54; രൂത്ത് 2:20) യഹോവ ഇപ്പോൾ സ്വയം ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനായി തിരിച്ചറിയിക്കുന്നു. ബാബിലോണിനെയും അവളുടെ എല്ലാ ദൈവങ്ങളെയും ലജ്ജിപ്പിച്ചുകൊണ്ട് അവൻ ആ ജനതയെ വീണ്ടെടുക്കും. (യിരെമ്യാവു ) അവൻ വ്യാജ ദൈവങ്ങളെയും അവരുടെ ആരാധകരെയും ഇങ്ങനെ വെല്ലുവിളിക്കുന്നു: “യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.”— 50:34യെശയ്യാവു 44:6-8.
8 തങ്ങളുടെ ദൈവത്വത്തിനു തെളിവു നൽകാൻ യഹോവ ജനതകളുടെ ദൈവങ്ങളെ വെല്ലുവിളിക്കുന്നു. ഇല്ലാത്തതിനെ ഉള്ളതിനെ പോലെ വിളിക്കാൻ, ഭാവിസംഭവങ്ങൾ കൺമുന്നിൽ നടക്കുന്നതു പോലെ അതീവ കൃത്യതയോടെ മുൻകൂട്ടി പറയാൻ അവർക്കു കഴിയുമോ? “ആദ്യനും അന്ത്യനും” ആയവന്—വ്യാജ ദൈവങ്ങൾ അസ്തിത്വത്തിൽ വരുന്നതിനു മുമ്പ് ഉണ്ടായിരുന്നവനും അവർ പൊയ്പോയ ശേഷം നിലകൊള്ളുന്നവനും ആയവന്—മാത്രമേ അത്തരമൊരു കാര്യം ചെയ്യാനാകൂ. ഈ സത്യത്തെ കുറിച്ചു സാക്ഷ്യം നൽകാൻ അവന്റെ ജനം ഭയപ്പെടേണ്ടതില്ല. കാരണം, അവർക്ക് അവന്റെ പിന്തുണയുണ്ട്. അവൻ ഒരു കൂറ്റൻ പാറ പോലെ സുദൃഢനും സുസ്ഥിരനുമാണ്!—ആവർത്തനപുസ്തകം 32:4; 2 ശമൂവേൽ 22:31, 32.
വിഗ്രഹാരാധനയുടെ വ്യർഥത
9. ഇസ്രായേല്യർ ജീവനുള്ള എന്തിന്റെയെങ്കിലും പ്രതിരൂപം ഉണ്ടാക്കുന്നത് തെറ്റായിരുന്നോ? വിശദീകരിക്കുക.
9 വ്യാജദൈവങ്ങളോടുള്ള യഹോവയുടെ വെല്ലുവിളി പത്തു കൽപ്പനകളിൽ രണ്ടാമത്തേത് നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ആ കൽപ്പന വ്യക്തമായി ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു.” (പുറപ്പാടു 20:4, 5) ഇസ്രായേല്യർ അലങ്കാര വസ്തുക്കളൊന്നും ഉണ്ടാക്കാൻ പാടില്ലെന്ന് ഈ നിരോധനം അർഥമാക്കിയില്ല. മരങ്ങളുടെയും മൃഗങ്ങളുടെയും കെരൂബുകളുടെയും കൊത്തുരൂപങ്ങൾ ഉണ്ടാക്കി തിരുനിവാസത്തിൽ വെക്കാൻ യഹോവതന്നെ കൽപ്പിച്ചിരുന്നു. (പുറപ്പാടു 25:18; 26:31) എന്നുവരികിലും, അവയെ പൂജിക്കാനോ ആരാധിക്കാനോ പാടില്ലായിരുന്നു. ആരും ആ രൂപങ്ങൾക്കു മുമ്പാകെ നിന്നു പ്രാർഥിക്കുകയോ അവയ്ക്കു യാഗങ്ങൾ അർപ്പിക്കുകയോ ചെയ്യാനും പാടില്ലായിരുന്നു. ആരാധനയ്ക്കായി ഏതെങ്കിലും വസ്തുവിന്റെ പ്രതിരൂപം ഉണ്ടാക്കുന്നത് ദിവ്യനിശ്വസ്ത കൽപ്പനയാൽ വിലക്കിയിരുന്നു. പ്രതിമകളെ ആരാധിക്കുന്നതോ ഭക്ത്യാദരവോടെ അവയ്ക്കു മുമ്പാകെ കുമ്പിടുന്നതോ വിഗ്രഹാരാധനയാണ്.—1 യോഹന്നാൻ 5:21.
10, 11. യഹോവ വിഗ്രഹങ്ങളെ ലജ്ജാകരമായി വീക്ഷിക്കുന്നത് എന്തുകൊണ്ട്?
10 നിർജീവ പ്രതിമകളുടെ നിഷ്ഫലതയെയും അവയെ ഉണ്ടാക്കുന്നവർ അനുഭവിക്കാൻ പോകുന്ന ലജ്ജയെയും കുറിച്ച് ഇപ്പോൾ യെശയ്യാവ് വിവരിക്കുന്നു: “വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളു. ഒരു ദേവനെ നിർമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആർ? ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.”—യെശയ്യാവു 44:9-11.
11 വിഗ്രഹങ്ങളെ ലജ്ജാകരമായ വസ്തുക്കളായി ദൈവം കണക്കാക്കുന്നത് എന്തുകൊണ്ടാണ്? ഒന്നാമതായി, സർവശക്തനെ ഭൗതിക വസ്തുക്കളാൽ പൂർണമായി പ്രതിനിധാനം ചെയ്യുക അസാധ്യമാണ്. (പ്രവൃത്തികൾ 17:29) മാത്രമല്ല, സ്രഷ്ടാവിനു പകരം സൃഷ്ടിയെ ആരാധിക്കുന്നത് യഹോവയുടെ ദൈവത്വത്തിന് അപമാനകരമാണ്. തന്നെയുമല്ല, അപ്രകാരം ചെയ്യുന്നത് “ദൈവത്തിന്റെ സ്വരൂപത്തിൽ” അഥവാ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ്സിനു നിരക്കാത്തതല്ലേ?—ഉല്പത്തി 1:27; റോമർ 1:23, 25.
12, 13. ആരാധനയ്ക്ക് അർഹമായ ഒരു വിഗ്രഹം ഉണ്ടാക്കാൻ മനുഷ്യനു സാധിക്കില്ലാത്തത് എന്തുകൊണ്ട്?
12 ആരാധനയ്ക്കായി നിർമിക്കപ്പെട്ടതാണെന്ന കാരണത്താൽ ഒരു ഭൗതിക വസ്തുവിന് ഏതെങ്കിലും വിധത്തിൽ വിശുദ്ധി കൈവരുമോ? വിഗ്രഹം മനുഷ്യന്റെ കരവേല മാത്രമാണെന്നും ഒരു ശിൽപ്പി തന്റെ വേലയ്ക്ക് ഉപയോഗിക്കുന്ന അതേ ഉപകരണങ്ങളും രീതികളുമാണ് വിഗ്രഹനിർമാതാവും ഉപയോഗിക്കുന്നതെന്നും യെശയ്യാവു നമ്മെ ഓർമിപ്പിക്കുന്നു: “കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു. ആശാരി തോതുപിടിച്ചു ഈയക്കോൽകൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വെക്കുന്നു.”—യെശയ്യാവു 44:12, 13.
13 മനുഷ്യൻ ഉൾപ്പെടെ ഭൂമിയിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചത് സത്യദൈവമാണ്. സചേതനമായ എന്തും യഹോവയുടെ ദൈവത്വത്തിനുള്ള വിസ്മയാവഹമായ സാക്ഷ്യമാണ്. എന്നിരുന്നാലും, യഹോവയുടെ സകല സൃഷ്ടിയും അവനെക്കാൾ താഴ്ന്നവയാണ്. ആ സ്ഥിതിക്ക്, മനുഷ്യന് യഹോവയെക്കാൾ കഴിവുണ്ടെന്നു വരുമോ? തന്നെക്കാൾ ഉയർന്ന, തന്റെ ഭക്തി അർഹിക്കുന്ന എന്തിനെയെങ്കിലും ഉണ്ടാക്കാൻ അവനു കഴിയുമോ? ഒരു വിഗ്രഹം ഉണ്ടാക്കുമ്പോൾ മനുഷ്യനു തളർച്ചയും വിശപ്പും ദാഹവും തോന്നുന്നു. മനുഷ്യ പരിമിതികളെ എടുത്തുകാണിക്കുന്നവയെങ്കിലും ഈ വികാരങ്ങൾ ചുരുങ്ങിയപക്ഷം മനുഷ്യന് ജീവനുണ്ടെന്നതിന്റെ തെളിവാണ്. അയാൾ നിർമിക്കുന്ന വിഗ്രഹം ഒരു മനുഷ്യനെ പോലെ കാണപ്പെട്ടേക്കാം. അതു മനോഹരംപോലും ആയിരുന്നേക്കാം. എന്നാൽ, അതു നിർജീവമാണ്. വിഗ്രഹങ്ങൾ ഒരു വിധത്തിലും ദിവ്യമല്ല. കൊത്തിയുണ്ടാക്കിയ ഒരു പ്രതിമയും, അതിന് രൂപം നൽകിയതു മനുഷ്യനല്ലെന്നു തെളിയിക്കുംവിധം ‘സ്വർഗ്ഗത്തിൽനിന്നു വീണത്’ അല്ല.—പ്രവൃത്തികൾ 19:35, NIBV.
14. വിഗ്രഹ നിർമാതാക്കൾ പൂർണമായും യഹോവയെ ആശ്രയിക്കുന്നത് എങ്ങനെ?
14 യഹോവ സൃഷ്ടിച്ച വസ്തുക്കളെയും പ്രകൃതിയിലെ പ്രതിഭാസങ്ങളെയുമാണ് വിഗ്രഹ നിർമാതാക്കൾ പൂർണമായും ആശ്രയിക്കുന്നത് എന്ന് യെശയ്യാവു വ്യക്തമാക്കുന്നു: “ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു. പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്തു അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. അതിൽ ഒരംശംകൊണ്ടു അവൻ തീ കത്തിക്കുന്നു: ഒരംശംകൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീകാഞ്ഞു; നല്ല തീ, കുളിർ മാറി എന്നു പറയുന്നു. അതിന്റെ ശേഷിപ്പുകൊണ്ടു അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗംവീണു നമസ്കരിക്കയും അതിനോടു പ്രാർത്ഥിച്ചു: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.”—യെശയ്യാവു 44:14-17.
15. വിഗ്രഹ നിർമാതാക്കൾ ഏതു വസ്തുത ഗ്രഹിക്കാൻ പാടേ പരാജയപ്പെട്ടിരിക്കുന്നു?
15 ഒരു വിറകുകഷണത്തിന് ഒരുവനെ രക്ഷിക്കാനാകുമോ? ഒരിക്കലുമില്ല. സത്യദൈവത്തിനു മാത്രമേ രക്ഷ പ്രദാനം ചെയ്യാനാകൂ. ആളുകൾക്ക് നിർജീവ വസ്തുക്കളെ ആരാധിക്കാൻ എങ്ങനെ സാധിക്കും? യഥാർഥ പ്രശ്നത്തിന്റെ ഉറവിടം മനുഷ്യ ഹൃദയമാണ് എന്ന് യെശയ്യാവു വ്യക്തമാക്കുന്നു: “അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവൻ അടെച്ചിരിക്കുന്നു. ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ? എന്നിങ്ങനെ പറവാൻ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല. അവൻ വെണ്ണീർ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെററിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.” (യെശയ്യാവു 44:18-20) വിഗ്രഹാരാധന ആത്മീയമായി എന്തെങ്കിലും ഫലം ചെയ്യുമെന്നു ചിന്തിക്കുന്നത് പോഷകാഹാരത്തിനു പകരം ചാരം ഭക്ഷിക്കുന്നതിനു സമാനമാണ്.
16. വിഗ്രഹാരാധന തുടങ്ങിയത് എങ്ങനെ, വിഗ്രഹാരാധനയിൽ ഏർപ്പെടാൻ ഒരുവനെ പ്രേരിപ്പിക്കുന്നത് എന്ത്?
16 വിഗ്രഹാരാധനയുടെ തുടക്കം സ്വർഗത്തിലായിരുന്നു. സാത്താനായിത്തീർന്ന ശക്തനായ ഒരു ആത്മജീവി യഹോവയ്ക്കു മാത്രം അർഹതപ്പെട്ട ആരാധന തനിക്കു കിട്ടാൻ അത്യാഗ്രഹത്തോടെ മോഹിച്ചു. ദൈവത്തിൽനിന്ന് അകന്നുമാറാൻ പോന്നവിധം അത്ര ശക്തമായിരുന്നു സാത്താന്റെ ഈ ആഗ്രഹം. വാസ്തവത്തിൽ വിഗ്രഹാരാധനയുടെ തുടക്കം അതായിരുന്നു. കാരണം, അത്യാഗ്രഹം വിഗ്രഹാരാധന തന്നെയാണ് എന്ന് പൗലൊസ് അപ്പൊസ്തലൻ പറയുകയുണ്ടായി. (യെശയ്യാവു 14:12-14; യെഹെസ്കേൽ 28:13-15, 17; കൊലൊസ്സ്യർ 3:5) സ്വാർഥ ചിന്തകൾ മനസ്സിൽ താലോലിക്കാൻ സാത്താൻ ആദ്യ മനുഷ്യ ദമ്പതികൾക്കു പ്രേരണ നൽകി. സാത്താൻ നൽകിയ വാഗ്ദാനം ഹവ്വായിൽ അതിമോഹം ജനിപ്പിച്ചു: “നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും.” അത്യാഗ്രഹം ഹൃദയത്തിൽനിന്നു വരുന്നു എന്ന് യേശു പ്രസ്താവിച്ചു. (ഉല്പത്തി 3:5; മർക്കൊസ് 7:20-23) ഹൃദയം ദുഷിക്കപ്പെടുമ്പോഴാണ് ഒരു വ്യക്തി വിഗ്രഹാരാധനയിൽ ഏർപ്പെടുന്നത്. അതിനാൽ, നമ്മുടെ ഹൃദയത്തിൽ യഹോവയ്ക്ക് അർഹമായ സ്ഥാനം കൈവശപ്പെടുത്താൻ മറ്റ് ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും അനുവദിക്കാതെ ‘ഹൃദയത്തെ കാത്തുകൊള്ളുന്നത്’ എത്ര പ്രധാനമാണ്!—സദൃശവാക്യങ്ങൾ 4:23; യാക്കോബ് 1:14.
യഹോവ ഹൃദയത്തോട് ആഹ്വാനം ചെയ്യുന്നു
17. ഇസ്രായേല്യർ ഏതു കാര്യം ഹൃദയത്തിൽ സംഗ്രഹിക്കേണ്ടതുണ്ട്?
17 അടുത്തതായി യഹോവ ഇസ്രായേല്യരെ അവരുടെ ഉന്നത പദവിയെ കുറിച്ചും ഉത്തരവാദിത്വ സ്ഥാനത്തെ കുറിച്ചും ഓർമിപ്പിക്കുന്നു. അവർ അവന്റെ സാക്ഷികളാണ്! അവൻ പറയുന്നതു കേൾക്കുക: “യാക്കോബേ, ഇതു ഓർത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല. ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.”—യെശയ്യാവു 44:21-23.
18. (എ) ഇസ്രായേലിന് ആനന്ദിക്കാൻ കാരണമുള്ളത് എന്തുകൊണ്ട്? (ബി) കരുണ പ്രകടിപ്പിക്കുന്ന കാര്യത്തിൽ യഹോവയുടെ ദാസന്മാർക്ക് അവന്റെ മാതൃക എങ്ങനെ അനുകരിക്കാനാകും?
18 യഹോവയെ ഇസ്രായേല്യർ ഉണ്ടാക്കിയതല്ല. അവൻ മനുഷ്യ നിർമിത ദൈവമല്ല. നേരെ മറിച്ച്, താൻ തിരഞ്ഞെടുത്ത ദാസനായിരിക്കാൻ യഹോവ ഇസ്രായേലിനെയാണ് ഉണ്ടാക്കിയത്. ആ ജനതയെ രക്ഷിക്കുമ്പോൾ അവൻ വീണ്ടുമൊരിക്കൽ കൂടി തന്റെ ദൈവത്വം തെളിയിക്കും. ആർദ്രതയോടെയാണ് അവൻ തന്റെ ജനത്തെ അഭിസംബോധന ചെയ്യുന്നത്. അനുതപിച്ചാൽ അവരുടെ പാപങ്ങൾ പൂർണമായി മൂടിക്കളയുമെന്ന്, അഭേദ്യമായ മേഘങ്ങൾക്കു പിന്നിലെന്നവണ്ണം അവരുടെ അകൃത്യങ്ങൾ മറച്ചുവെക്കുമെന്ന് അവൻ അവർക്ക് ഉറപ്പു നൽകുന്നു. ഇസ്രായേലിന് ആനന്ദിക്കുന്നതിനുള്ള എത്ര ശക്തമായ കാരണം! യഹോവയുടെ കരുണ അനുകരിക്കാൻ അവന്റെ മാതൃക ആധുനിക ദാസന്മാരെ പ്രചോദിപ്പിക്കുന്നു. തെറ്റു ചെയ്യുന്നവരെ സഹായിച്ചുകൊണ്ട്, സാധ്യമെങ്കിൽ ആത്മീയമായി പുനഃസ്ഥിതീകരിക്കാൻ ശ്രമിച്ചുകൊണ്ട് അവർക്ക് അതു ചെയ്യാനാകും.—ഗലാത്യർ 6:1, 2.
ദൈവത്വം സംബന്ധിച്ച പരിശോധനയുടെ പാരമ്യം
19, 20. (എ) ഏതു വിധത്തിൽ യഹോവ തന്റെ വാദഗതികൾ ഒരു പാരമ്യത്തിൽ എത്തിക്കുന്നു? (ബി) തന്റെ ജനത്തിനായി ഹൃദയോഷ്മളമായ എന്തെല്ലാം കാര്യങ്ങൾ യഹോവ പ്രവചിക്കുന്നു, അവ നിറവേറ്റാൻ അവൻ ഉപയോഗിക്കാൻ പോകുന്നത് ആരെയാണ്?
19 യഹോവ ഇപ്പോൾ തന്റെ വാദഗതികൾ ശക്തമായ ഒരു പാരമ്യത്തിലെത്തിക്കുന്നു. ഭാവി കൃത്യമായി മുൻകൂട്ടി പറയുകയെന്ന, ദൈവത്വം സംബന്ധിച്ച ഏറ്റവും വലിയ പരിശോധനയ്ക്ക് അവൻ ഉത്തരം നൽകാൻ പോകുകയാണ്. “ഇസ്രായേലിന്റെ ദൈവത്തിന്റെ വല്ലഭത്വത്തെ പ്രതിഫലിപ്പിക്കുന്ന കാവ്യം” എന്നാണ് യെശയ്യാവു 44-ാം അധ്യായത്തിലെ അടുത്ത അഞ്ചു വാക്യങ്ങളെ ഒരു ബൈബിൾ പണ്ഡിതൻ വിശേഷിപ്പിക്കുന്നത്. അതേ, ഭാവി വെളിപ്പെടുത്താൻ, ഇസ്രായേലിനു വിമോചനത്തെ കുറിച്ചു പ്രത്യാശ പ്രദാനം ചെയ്യാൻ കഴിവുള്ള ഒരേയൊരു സ്രഷ്ടാവ് അവനാണ്. ഇസ്രായേൽ ജനതയെ ബാബിലോണിൽനിന്നു മോചിപ്പിക്കുന്ന വ്യക്തിയുടെ പേരു വെളിപ്പെടുത്തിക്കൊണ്ട് ഈ അധ്യായം പാരമ്യത്തിലെത്തുന്നു.
20 “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു. ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു. ഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു. കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”—യെശയ്യാവു 44:24-28.
21. യഹോവയുടെ വാക്കുകൾ എന്ത് ഉറപ്പേകുന്നു?
21 യഹോവയ്ക്കു ഭാവി സംഭവങ്ങൾ പ്രവചിക്കാനുള്ള കഴിവുണ്ടെന്നു മാത്രമല്ല, താൻ വെളിപ്പെടുത്തിയ തന്റെ ഉദ്ദേശ്യം പൂർണമായി നിവർത്തിക്കാനുള്ള ശക്തിയുമുണ്ട്. ഈ പ്രഖ്യാപനം ഇസ്രായേല്യർക്ക് പ്രത്യാശയ്ക്കുള്ള ഉറവായി ഉതകും. ബാബിലോണിയൻ സേനകൾ യെരൂശലേമിനെ ശൂന്യമാക്കുമെങ്കിലും അതും ആശ്രിത നഗരങ്ങളും വീണ്ടും സ്ഥാപിതമാകുകയും സത്യാരാധന പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ ഉറപ്പാണത്. പക്ഷേ എങ്ങനെ?
22. യൂഫ്രട്ടീസ് നദി വറ്റിപ്പോകുന്നത് എങ്ങനെയെന്നു വിവരിക്കുക.
22 ദൈവനിശ്വസ്തരല്ലാത്ത ഭാവികഥനക്കാർ ‘പ്രവചനങ്ങൾ’ നടത്തുമ്പോൾ സകല വിശദാംശങ്ങളും വെളിപ്പെടുത്താൻ ധൈര്യപ്പെടാറില്ല. അവ നുണകളാണെന്ന് കാലം തെളിയിക്കുമെന്ന ഭയം അവർക്കുണ്ട്. നേരെ മറിച്ച്, തന്റെ ജനത്തിനു സ്വദേശത്തേക്കു മടങ്ങാനും യെരൂശലേം നഗരവും ആലയവും പുനർനിർമിക്കാനും കഴിയേണ്ടതിന് അവരെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുന്ന വ്യക്തിയുടെ പേരു പോലും യെശയ്യാവ് മുഖാന്തരം യഹോവ വെളിപ്പെടുത്തുന്നു. കോരെശ് (സൈറസ്) എന്നാണ് ആ വ്യക്തിയുടെ പേര്. പേർഷ്യയുടെ മഹാനായ കോരെശ് എന്ന് അവൻ അറിയപ്പെടുന്നു. ബാബിലോണിന്റെ സുശക്തവും വിപുലവുമായ പ്രതിരോധ സംവിധാനം ഭേദിക്കാൻ കോരെശ് ഉപയോഗിക്കുന്ന തന്ത്രത്തെ കുറിച്ചുള്ള വിശദാംശങ്ങളും യഹോവ നൽകുന്നു. കൂറ്റൻ മതിലുകളും നഗരത്തിനകത്തും ചുറ്റുമായും ഒഴുകുന്ന തോടുകളും ബാബിലോണിനു സംരക്ഷണമേകുന്നു. അതിൽ ഒരു പ്രമുഖ പ്രതിരോധ ഘടകമായ യൂഫ്രട്ടീസ് നദിയെ തന്റെ പ്രയോജനത്തിനായി കോരെശ് ഉപയോഗപ്പെടുത്തും. പുരാതന ചരിത്രകാരന്മാരായ ഹിറോഡോട്ടസും സെനൊഫൊണും പറയുന്നപ്രകാരം, തന്റെ സൈനികർക്കു നദിയിലൂടെ നടന്നുപോകത്തക്കവിധം ജലനിരപ്പു താഴുന്നതിന് മുകൾഭാഗത്തുവെച്ച് കോരെശ് യൂഫ്രട്ടീസിന്റെ ഗതി തിരിച്ചുവിട്ടു. ബാബിലോണിനെ സംരക്ഷിക്കാനുള്ള യൂഫ്രട്ടീസിന്റെ പ്രാപ്തി പരിചിന്തിക്കുമ്പോൾ, ശക്തമായ യൂഫ്രട്ടീസ് ഇപ്പോൾ വറ്റിപ്പോയെന്നു പറയാനാകും.
23. കോരെശ് ഇസ്രായേലിനെ വിടുവിക്കുമെന്ന പ്രവചനം നിവൃത്തിയേറി എന്നതിന് എന്തു തെളിവുണ്ട്?
23 കോരെശ് ദൈവജനത്തെ വിട്ടയയ്ക്കുമെന്നും യെരൂശലേമിന്റെയും ആലയത്തിന്റെയും പുനർനിർമാണം അവൻ ഉറപ്പു വരുത്തുമെന്നുമുള്ള പ്രവചനത്തിന്റെ കാര്യമോ? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കോരെശിന്റെ ഈ ഔദ്യോഗിക പ്രഖ്യാപനം ശ്രദ്ധിക്കുക: “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു. നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.” (എസ്രാ 1:2, 3) യെശയ്യാവ് മുഖാന്തരം യഹോവ അരുളിച്ചെയ്ത വാക്കുകൾ പൂർണമായി നിറവേറി!
യെശയ്യാവും കോരെശും ക്രിസ്ത്യാനികളും—ഇന്ന്
24. “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള” അർത്ഥഹ്ശഷ്ടാവിന്റെ കൽപ്പനയും മിശിഹായുടെ വരവും തമ്മിൽ എന്തു ബന്ധമാണുള്ളത്?
24 യെശയ്യാവു 44-ാം അധ്യായം യഹോവയെ സത്യദൈവമായും തന്റെ പുരാതന ജനത്തിന്റെ വിമോചകനായും മഹത്ത്വപ്പെടുത്തുന്നു. കൂടാതെ, ഇന്നു ജീവിക്കുന്ന നമ്മെ ഏവരെയും സംബന്ധിച്ചിടത്തോളവും ആ പ്രവചനത്തിന് ആഴമായ അർഥമുണ്ട്. പൊ.യു.മു. 538/537-ൽ നൽകപ്പെട്ട, യെരൂശലേമിലെ ആലയം പുനർനിർമിക്കാനുള്ള കോരെശിന്റെ കൽപ്പന ശ്രദ്ധേയമായ മറ്റൊരു പ്രവചനത്തിന്റെ നിവൃത്തിയിൽ കലാശിച്ചു. കോരെശിന്റെ കൽപ്പനയ്ക്കു പുറകെ അർത്ഥഹ്ശഷ്ടാവ് എന്ന മറ്റൊരു ഭരണാധിപൻ ഒരു കൽപ്പന പുറപ്പെടുവിച്ചു. യെരൂശലേം നഗരം പുനർനിർമിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കൽപ്പന. “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന [പൊ.യു.മു. 455-ൽ] പുറപ്പെടുന്നതു മുതൽ നായകനായ മിശിഹാ വരെ” 7 വർഷം വീതമുള്ള 69 ‘ആഴ്ചകൾ’ ഉണ്ടായിരിക്കുമെന്നു ദാനീയേൽ പുസ്തകം വെളിപ്പെടുത്തി. (ദാനീയേൽ 9:24, 25, NW) ഈ പ്രവചനവും സത്യമായി ഭവിച്ചു. കൃത്യസമയത്ത്, അർത്ഥഹ്ശഷ്ടാവിന്റെ കൽപ്പന വാഗ്ദത്ത ദേശത്തു പ്രാബല്യത്തിൽ വന്ന അന്നു തുടങ്ങി 483 വർഷം കഴിഞ്ഞ്, പൊ.യു. 29-ൽ യേശു സ്നാപനമേൽക്കുകയും തന്റെ ഭൗമിക ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. a
25. കോരെശിന്റെ കൈകളാൽ ബാബിലോണിന് ഉണ്ടായ നാശം ആധുനിക കാലത്തെ ഏതു സംഭവത്തിലേക്കു വിരൽ ചൂണ്ടുന്നു?
25 ബാബിലോണിന്റെ വീഴ്ചയുടെ ഫലമായി പ്രവാസത്തിൽ കഴിഞ്ഞിരുന്ന വിശ്വസ്തരായ യഹൂദർക്കു വിടുതൽ ലഭിച്ചു. ആ സംഭവം 1919-ൽ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ആത്മീയ പ്രവാസത്തിൽനിന്നു ലഭിച്ച വിടുതലിനെ മുൻനിഴലാക്കി. ആ വിടുതൽ മഹാബാബിലോൺ എന്ന വേശ്യയായി—ലോകത്തിലെ മുഴു വ്യാജമതങ്ങളുടെയും പ്രതീകമായി—ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു ബാബിലോൺ വീണു എന്നതിന്റെ തെളിവായിരുന്നു. വെളിപ്പാടു പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതു പോലെ, യോഹന്നാൻ അപ്പൊസ്തലൻ അവളുടെ വീഴ്ച മുൻകൂട്ടി കണ്ടു. (വെളിപ്പാടു 14:8, NW) അവളുടെ പെട്ടെന്നുള്ള നാശവും അവൻ മുൻകൂട്ടി കണ്ടു. വിഗ്രഹപൂരിതമായ ആ ലോക സാമ്രാജ്യത്തിന്റെ നാശത്തെ കുറിച്ചുള്ള യോഹന്നാന്റെ വർണനയ്ക്ക്, പുരാതന നഗരമായ ബാബിലോണിനെ കോരെശ് വിജയപ്രദമായി കീഴടക്കിയതിനെ കുറിച്ചുള്ള യെശയ്യാവിന്റെ വർണനയുമായി ചില സാമ്യങ്ങളുണ്ട്. ബാബിലോണിനെ സംരക്ഷിച്ചിരുന്ന ജലസംവിധാനങ്ങൾക്കു കോരെശിൽനിന്ന് അവളെ രക്ഷിക്കാൻ കഴിയാഞ്ഞതു പോലെ, മഹാബാബിലോണിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യവർഗമാകുന്ന “വെള്ളം” അവൾ ന്യായയുക്തമായി നശിപ്പിക്കപ്പെടുന്നതിനു മുമ്പ് “വറ്റിപ്പോ”കും.—വെളിപ്പാടു 16:12. b
26. യെശയ്യാ പ്രവചനവും അതിന്റെ നിവൃത്തിയും നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ?
26 യെശയ്യാവ് തന്റെ പ്രവചനം നൽകി രണ്ടായിരത്തഞ്ഞൂറിലധികം വർഷങ്ങൾക്കു ശേഷം ഇന്നു നമുക്ക്, ദൈവം വാസ്തവമായും ‘തന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു’ എന്നു കാണാനാകും. (യെശയ്യാവു 44:26) തന്മൂലം, യെശയ്യാ പ്രവചനത്തിന്റെ നിവൃത്തി വിശുദ്ധ തിരുവെഴുത്തുകളിലെ സകല പ്രവചനങ്ങളും വിശ്വാസയോഗ്യമാണ് എന്നതിന്റെ ഒരു ദൃഷ്ടാന്തമാണ്.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 35-ഉം 36-ഉം അധ്യായങ്ങൾ കാണുക.
[അധ്യയന ചോദ്യങ്ങൾ]
[63-ാം പേജിലെ ചിത്രം]
ഒരു വിറകുകഷണത്തിന് ഒരുവനെ രക്ഷിക്കാനാകുമോ?
[73-ാം പേജിലെ ചിത്രം]
ഇറാൻകാരനായ ഒരു രാജാവിന്റെ, സാധ്യതയനുസരിച്ച് കോരെശിന്റെ വെണ്ണക്കൽ ശിരസ്സ്
[75-ാം പേജിലെ ചിത്രം]
യൂഫ്രട്ടീസ് നദിയിലെ വെള്ളം തിരിച്ചുവിട്ടുകൊണ്ട് കോരെശ് പ്രവചനം നിവർത്തിക്കുന്നു