സീയോനിൽ നീതി മുളയ്ക്കുന്നു
അധ്യായം ഇരുപത്തിരണ്ട്
സീയോനിൽ നീതി മുളയ്ക്കുന്നു
1, 2. ഇസ്രായേലിന് എന്തു മാറ്റം വരാൻ പോകുന്നു, അത് വരുത്തുന്നത് ആർ?
സ്വാതന്ത്ര്യം ഘോഷിക്കപ്പെടട്ടെ! തന്റെ ജനത്തെ വിടുവിക്കാനും പൂർവികരുടെ ദേശത്തേക്ക് അവരെ പുനഃസ്ഥിതീകരിക്കാനും യഹോവ തീരുമാനിച്ചിരിക്കുന്നു. ചെറിയൊരു മഴയ്ക്കു ശേഷം പൊട്ടിമുളയ്ക്കുന്ന വിത്തുപോലെ, സത്യാരാധന വീണ്ടും തഴയ്ക്കും. ആ ദിവസം വരുമ്പോൾ, നൈരാശ്യം സന്തോഷത്തിനു വഴിമാറും; മുമ്പ് വിലാപസൂചകമായി ചാരം വിതറിയിരുന്ന ശിരസ്സുകൾ ദിവ്യാംഗീകാരത്തിന്റെ കിരീടമണിയും.
2 ഈ വിസ്മയകരമായ പരിവർത്തനം വരുത്തുന്നത് ആരായിരിക്കും? യഹോവയ്ക്കു മാത്രമേ അതിനു സാധിക്കൂ. (സങ്കീർത്തനം 9:19, 20; യെശയ്യാവു 40:25) പ്രവാചകനായ സെഫന്യാവ് പ്രാവചനികമായി ഇങ്ങനെ കൽപ്പിച്ചു: “സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ . . . നീക്കിക്കളഞ്ഞിരിക്കുന്നു.” (സെഫന്യാവു 3:14, 15) അത് എത്ര സന്തോഷകരമായ സമയം ആയിരിക്കും! പൊ.യു.മു. 537-ൽ ബാബിലോണിൽനിന്നു പുനഃസ്ഥിതീകരിക്കപ്പെട്ട ശേഷിപ്പിനെ യഹോവ കൂട്ടിച്ചേർക്കുമ്പോൾ, അതൊരു സ്വപ്നസാക്ഷാത്കാരം പോലെ ആയിരിക്കും.—സങ്കീർത്തനം 126:1.
3. യെശയ്യാവു 61-ാം അധ്യായത്തിലെ പ്രാവചനിക വാക്കുകൾക്ക് ഏതെല്ലാം നിവൃത്തികൾ ഉണ്ട്?
3 ഈ പുനഃസ്ഥിതീകരണത്തെ കുറിച്ച് യെശയ്യാവു 61-ാം അധ്യായത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നു. പൊ.യു.മു. 537-ൽ ആ പ്രവചനത്തിനു വ്യക്തമായ ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കിലും, അതിനു വലിയ നിവൃത്തി ഉണ്ടാകുന്നത് പിൽക്കാലത്താണ്. ഒന്നാം നൂറ്റാണ്ടിലെ അതിന്റെ വലിയ നിവൃത്തിയിൽ യേശുവും അവന്റെ അനുഗാമികളും ഉൾപ്പെടുമ്പോൾ ആധുനികകാലത്ത് അതിൽ ഉൾപ്പെട്ടിരിക്കുന്നത് യഹോവയുടെ ജനമാണ്. അതിനാൽ, ഈ നിശ്വസ്ത മൊഴികൾ എത്ര അർഥവത്താണ്!
‘പ്രസാദവർഷം’
4. യെശയ്യാവു 61:1-ന്റെ ആദ്യ നിവൃത്തിയിൽ സുവാർത്ത ഘോഷിക്കാൻ ആർക്കാണു നിയമനം ലഭിക്കുന്നത്, അത് രണ്ടാമത് ആരിൽ നിവൃത്തിയേറുന്നു?
4 യെശയ്യാവ് എഴുതുന്നു: ‘എളിയവരോടു സദ്വർത്തമാനം [“സുവാർത്ത,” NW] ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു.’ (യെശയ്യാവു 61:1) സുവാർത്ത ഘോഷിക്കാൻ ആർക്കാണു നിയമനം ലഭിച്ചിരിക്കുന്നത്? ബാബിലോണിലെ പ്രവാസികൾക്കായി സുവാർത്ത രേഖപ്പെടുത്താൻ ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ട യെശയ്യാവിൽ തന്നെ ആയിരിക്കാം ഇതിന്റെ ആദ്യ നിവൃത്തി. എന്നാൽ യെശയ്യാവിന്റെ വാക്കുകൾ തനിക്കുതന്നെ ബാധകമാക്കിക്കൊണ്ട് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നിവൃത്തിയിലേക്ക് യേശു വിരൽ ചൂണ്ടി. (ലൂക്കൊസ് 4:16-21) അതേ, സൗമ്യരോടു സുവാർത്ത അറിയിക്കാനാണ് യേശു അയയ്ക്കപ്പെട്ടത്. അതിനായി അവൻ സ്നാപനസമയത്തു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു.—മത്തായി 3:16, 17.
5. ഏകദേശം 2,000 വർഷമായി ആരാണ് സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്?
5 മാത്രമല്ല, സുവിശേഷകർ അഥവാ സുവാർത്ത ഘോഷിക്കുന്നവർ ആയിരിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. ഇവരിൽ ഏകദേശം 120 പേർ പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അങ്ങനെ ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയിത്തീരുകയും ചെയ്തു. (പ്രവൃത്തികൾ 2:1-4, 14-42; റോമർ 8:14-16) സൗമ്യരോടും ഹൃദയം തകർന്നവരോടും സുവാർത്ത അറിയിക്കാൻ അവർക്കും നിയമനം ലഭിച്ചു. 1,44,000 പേരിൽ ഈ വിധത്തിൽ ആദ്യം അഭിഷേകം ചെയ്യപ്പെട്ടവർ ആ 120 പേരായിരുന്നു. ഈ കൂട്ടത്തിലെ അവസാന അംഗങ്ങൾ ഇന്നും ഭൂമിയിൽ പ്രവർത്തനനിരതരാണ്. അങ്ങനെ, 2,000-ത്തോളം വർഷമായി യേശുവിന്റെ അഭിഷിക്ത അനുഗാമികൾ “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും” ഘോഷിച്ചുകൊണ്ടിരിക്കുകയാണ്.—പ്രവൃത്തികൾ 20:21.
6. പുരാതനകാലത്ത് സുവാർത്താ പ്രസംഗം കേട്ടതിൽനിന്ന് ആർക്ക് ആശ്വാസം ലഭിച്ചു, നമ്മുടെ നാളിലോ?
6 യെശയ്യാവിന്റെ നിശ്വസ്ത സന്ദേശം ബാബിലോണിലെ അനുതാപമുണ്ടായിരുന്ന യഹൂദന്മാർക്ക് ആശ്വാസം കൈവരുത്തി. യേശുവിന്റെയും ശിഷ്യന്മാരുടെയും നാളുകളിൽ അത്, ഇസ്രായേലിലെ ദുഷ്ടത നിമിത്തം മനോവേദന അനുഭവിച്ചിരുന്ന, ഒന്നാം നൂറ്റാണ്ടിലെ യഹൂദമതത്തിന്റെ വ്യാജ പാരമ്പര്യങ്ങളുടെ അടിമത്തത്തിൻ കീഴിൽ വലഞ്ഞിരുന്ന യഹൂദന്മാർക്ക് സാന്ത്വനമേകി. (മത്തായി 15:3-6) ഇന്ന്, ക്രൈസ്തവലോകത്തിന്റെ പുറജാതീയ ആചാരങ്ങളുടെയും ദൈവത്തെ അപമാനിക്കുന്ന പാരമ്പര്യങ്ങളുടെയും കെണിയിൽ പെട്ടിരിക്കുന്ന ദശലക്ഷങ്ങൾ ആ മതവ്യവസ്ഥിതിയിൽ നടക്കുന്ന മ്ലേച്ഛമായ കാര്യങ്ങൾ നിമിത്തം ‘നെടുവീർപ്പിട്ടു കരയുകയാണ്.’ (യെഹെസ്കേൽ 9:4) സുവാർത്ത കൈക്കൊള്ളുന്നവർ ആ ദയനീയ അവസ്ഥയിൽനിന്നു മോചിതരാകുന്നു. (മത്തായി 9:35-38) യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ പഠിക്കുമ്പോൾ അവരുടെ ഗ്രാഹ്യക്കണ്ണുകൾ വിശാലമായി തുറക്കുന്നു.—യോഹന്നാൻ 4:24.
7, 8. (എ) രണ്ട് ‘പ്രസാദവർഷങ്ങൾ’ ഏവയാണ്? (ബി) യഹോവയുടെ ‘പ്രതികാരദിവസങ്ങൾ’ എന്താണ്?
7 സുവാർത്ത പ്രസംഗിക്കാൻ ഒരു പ്രത്യേക കാലഘട്ടം ഉണ്ട്. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും” യേശുവിനും അവന്റെ അനുഗാമികൾക്കും നിയമനം ലഭിച്ചിരുന്നു. (യെശയ്യാവു 61:2) ഒരു വർഷം എന്നത് ഒരു നീണ്ട കാലയളവാണെങ്കിലും, അതിന് ഒരു തുടക്കവും ഒടുക്കവും ഉണ്ട്. യഹോവയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടു പ്രതികരിക്കാൻ സൗമ്യർക്ക് അവസരം നൽകുന്ന കാലയളവാണ് അവന്റെ ‘പ്രസാദവർഷം.’
8 ഒന്നാം നൂറ്റാണ്ടിൽ, യേശു തന്റെ ഭൗമിക ശുശ്രൂഷ തുടങ്ങിയ പൊ.യു. 29-ൽ യഹൂദ ജനതയുടെ പ്രസാദവർഷം തുടങ്ങി. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന് അവൻ യഹൂദന്മാരോട് ആഹ്വാനം ചെയ്തു. (മത്തായി 4:17) യഹോവയുടെ ‘പ്രതികാരദിവസം’ അതിന്റെ പാരമ്യത്തിൽ എത്തിയ പൊ.യു. 70 വരെ മാത്രമേ ആ പ്രസാദവർഷം നീണ്ടുനിന്നുള്ളൂ. ആ വർഷം റോമൻ സൈന്യങ്ങൾ യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കാൻ യഹോവ അനുവദിച്ചു. (മത്തായി 24:3-22) 1914-ൽ സ്വർഗത്തിൽ ദൈവരാജ്യം സ്ഥാപിതമായപ്പോൾ തുടങ്ങിയ മറ്റൊരു പ്രസാദവർഷത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. യഹോവ ഈ മുഴു ലോകവ്യവസ്ഥിതിയെയും “മഹോപദ്രവ”ത്തിൽ നശിപ്പിക്കുന്ന വളരെ വ്യാപകമായ പ്രതികാരദിവസത്തോടെ ഈ പ്രസാദവർഷം അവസാനിക്കും.—മത്തായി 24:21, NW.
9. യഹോവയുടെ പ്രസാദവർഷത്തെ ഇന്ന് ആർ പ്രയോജനപ്പെടുത്തുന്നു?
9 ദൈവത്തിന്റെ പ്രസാദവർഷം ഇന്ന് ആരാണു പ്രയോജനപ്പെടുത്തുന്നത്? സുവാർത്ത സ്വീകരിക്കുകയും സൗമ്യത പ്രകടമാക്കുകയും “സകലജാതികളോടു”മുള്ള ദൈവരാജ്യ പ്രസംഗവേലയെ സതീക്ഷ്ണം പിന്താങ്ങുകയും ചെയ്യുന്നവർ. (മർക്കൊസ് 13:10) സുവാർത്ത യഥാർഥ ആശ്വാസം കൈവരുത്തുന്നുവെന്ന് അത്തരക്കാർ മനസ്സിലാക്കുന്നു. അതേസമയം, ആ സന്ദേശം തള്ളിക്കളയുകയും യഹോവയുടെ പ്രസാദവർഷം പ്രയോജനപ്പെടുത്താൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവർക്ക് അവന്റെ പ്രതികാരദിവസം എന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരും.—2 തെസ്സലൊനീക്യർ 1:6-10.
ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ആത്മീയ ഫലം
10. ബാബിലോണിൽനിന്നു മടങ്ങിവരുന്ന യഹൂദന്മാരെ പ്രതിയുള്ള യഹോവയുടെ മഹാപ്രവൃത്തി അവരെ ബാധിക്കുന്നത് എങ്ങനെ?
10 യഹോവ തങ്ങളെപ്രതി മഹത്തായ ഒരു പ്രവൃത്തി ചെയ്തിരിക്കുന്നതായി ബാബിലോണിൽനിന്നു മടങ്ങിവരുന്ന യഹൂദന്മാർ മനസ്സിലാക്കുന്നു. പ്രവാസികൾ എന്ന നിലയിലുള്ള അവരുടെ വിലാപം ആനന്ദത്തിനും സ്തുതിഘോഷത്തിനും വഴിമാറുന്നു. കാരണം, അവർ ഒടുവിൽ സ്വതന്ത്രരാണ്. അങ്ങനെ യെശയ്യാവ് “സീയോനിലെ ദുഃഖിതന്മാർക്കു [“സീയോനെ കുറിച്ചു ദുഃഖിക്കുന്നവർക്ക്,” NW] വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും” ഉള്ള തന്റെ പ്രാവചനിക നിയമനം നിവർത്തിക്കുന്നു. “അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.”—യെശയ്യാവു 61:3.
11. ഒന്നാം നൂറ്റാണ്ടിലെ ആർക്ക് യഹോവയുടെ മഹാ പ്രവൃത്തികൾ നിമിത്തം അവനെ സ്തുതിക്കാൻ നല്ല കാരണം ഉണ്ടായിരുന്നു?
11 ഒന്നാം നൂറ്റാണ്ടിൽ, വ്യാജമതത്തിന്റെ അടിമത്തത്തിൽനിന്നു വിടുതൽ പ്രാപിച്ച യഹൂദന്മാരും തങ്ങളെ പ്രതിയുള്ള ദൈവത്തിന്റെ മഹാ പ്രവൃത്തികൾ നിമിത്തം അവനെ സ്തുതിക്കുകയുണ്ടായി. ആത്മീയമായി മരിച്ച ഒരു ജനതയിൽനിന്നു വിടുവിക്കപ്പെട്ടപ്പോൾ വിഷണ്ഡമനസ്സിനു പകരം അവർക്ക് “സ്തുതി എന്ന മേലാട” ലഭിച്ചു. അത്തരമൊരു മാറ്റം ആദ്യമായി അനുഭവിച്ചറിഞ്ഞത് യേശുവിന്റെ ശിഷ്യന്മാരായിരുന്നു. യേശു മരിച്ചപ്പോഴത്തെ അവരുടെ വിലാപം, പുനരുത്ഥാനം പ്രാപിച്ച അവരുടെ കർത്താവ് പരിശുദ്ധാത്മാവിനാൽ അവരെ അഭിഷേകം ചെയ്തപ്പോൾ സന്തോഷത്തിനു വഴിമാറി. താമസിയാതെ, പുതുതായി അഭിഷേകം ചെയ്യപ്പെട്ട ആ ക്രിസ്ത്യാനികളുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ സ്നാപനമേറ്റ 3,000 സൗമ്യർക്ക് സമാനമായ ഒരു മാറ്റം ഉണ്ടായി. (പ്രവൃത്തികൾ 2:41) യഹോവയുടെ അനുഗ്രഹം ഉണ്ടെന്ന ബോധ്യം എത്രയോ നല്ലതാണ്! “സീയോനെ കുറിച്ചുള്ള ദുഃഖ”ത്തിനു പകരം അവർക്കു പരിശുദ്ധാത്മാവ് ലഭിക്കുകയും യഹോവയാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നവരുടെ ആനന്ദത്തെ പ്രതിനിധാനം ചെയ്യുന്ന ‘ആനന്ദതൈല’ത്താൽ നവോന്മേഷം കൈവരുകയും ചെയ്തു.—എബ്രായർ 1:9.
12, 13. (എ) പൊ.യു.മു. 537-ൽ മടങ്ങിവന്ന യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന “നീതിവൃക്ഷങ്ങൾ” ആരായിരുന്നു? (ബി) പൊ.യു. 33-ലെ പെന്തെക്കൊസ്തു മുതൽ ഈ “നീതിവൃക്ഷങ്ങൾ” ആരായിരിക്കുന്നു?
12 ‘നീതിവൃക്ഷങ്ങളാൽ’ യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നു. ആരാണ് ഈ വൃക്ഷങ്ങൾ? പൊ.യു.മു. 537-നെ തുടർന്നുള്ള വർഷങ്ങളിൽ, ദൈവവചനം പഠിക്കുകയും അതേക്കുറിച്ച് ധ്യാനിക്കുകയും യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾ നട്ടുവളർത്തുകയും ചെയ്ത വ്യക്തികളായിരുന്നു അവർ. (സങ്കീർത്തനം 1:1-3; യെശയ്യാവു 44:2-4; യിരെമ്യാവു 17:7, 8) എസ്രാ, ഹഗ്ഗായി, സെഖര്യാവ്, മഹാപുരോഹിതനായ യോശുവ തുടങ്ങിയ പുരുഷന്മാർ വലിയ “നീതിവൃക്ഷങ്ങൾ”—സത്യത്തിനു വേണ്ടിയും ദേശത്തെ ആത്മീയ ദുഷിപ്പിനെതിരെയും നിലകൊണ്ട കരുത്തർ—ആണെന്നു തെളിഞ്ഞു.
13 പൊ.യു. 33-ലെ പെന്തെക്കൊസ്തു മുതൽ സമാനമായ വലിയ ‘നീതിവൃക്ഷങ്ങളെ’—ധീരരായ അഭിഷിക്ത ക്രിസ്ത്യാനികളെ—‘ദൈവത്തിന്റെ ഇസ്രായേൽ’ ആയ തന്റെ പുതിയ ജനതയുടെ ആത്മീയ ദേശത്തു നട്ടു. (ഗലാത്യർ 6:16) നൂറ്റാണ്ടുകൾകൊണ്ട് ഈ വൃക്ഷങ്ങളുടെ എണ്ണം 1,44,000-ത്തിൽ എത്തി. അവ യഹോവയാം ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. (വെളിപ്പാടു 14:3) പ്രൗഢിയേറിയ ഈ “വൃക്ഷങ്ങ”ളിലെ അവസാന അംഗങ്ങൾ 1919 മുതൽ തഴച്ചുവളർന്നിരിക്കുന്നു. ആ വർഷം ദൈവത്തിന്റെ ഇസ്രായേലിൽ ശേഷിപ്പുള്ളവരെ യഹോവ അവരുടെ താത്കാലിക നിഷ്ക്രിയ അവസ്ഥയിൽനിന്ന് ഊർജസ്വലരാക്കി. ആത്മീയ ജലം സമൃദ്ധമായി നൽകിക്കൊണ്ട് യഹോവ നീതിനിഷ്ഠവും ഫലദായകവുമായ വൃക്ഷങ്ങളുടെ ഒരു വനംതന്നെ ഉളവാക്കിയിരിക്കുന്നു.—യെശയ്യാവു 27:6.
14, 15. വിടുവിക്കപ്പെട്ട യഹോവയുടെ ആരാധകർ (എ) പൊ.യു.മു. 537-ൽ, (ബി) പൊ.യു. 33-ൽ, (സി) 1919-ൽ ഏതു പദ്ധതികൾ ഏറ്റെടുത്തു?
14 ഈ “വൃക്ഷങ്ങ”ളുടെ പ്രവൃത്തിയെ എടുത്തുകാട്ടിക്കൊണ്ട് യെശയ്യാവ് തുടർന്നു പറയുന്നു: “അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.” (യെശയ്യാവു 61:4) പേർഷ്യയിലെ കോരെശ് രാജാവിന്റെ ആജ്ഞയനുസരിച്ച്, ബാബിലോണിൽനിന്നു മടങ്ങിയെത്തിയ വിശ്വസ്തരായ യഹൂദന്മാർ ദീർഘകാലം ശൂന്യമായി കിടന്നിരുന്ന യെരൂശലേമും അതിലെ ആലയവും പുനർനിർമിച്ചു. പൊ.യു. 33-ഉം 1919-ഉം കഴിഞ്ഞുവന്ന വർഷങ്ങളിലും പുനഃസ്ഥിതീകരണ പ്രവർത്തനങ്ങൾ നടക്കുമായിരുന്നു.
15 പൊ.യു. 33-ൽ, യേശുവിന്റെ അറസ്റ്റും വിചാരണയും മരണവും അവന്റെ ശിഷ്യന്മാരെ അതീവ ദുഃഖത്തിലാഴ്ത്തി. (മത്തായി 26:31) എന്നാൽ പുനരുത്ഥാനശേഷം അവൻ അവർക്കു പ്രത്യക്ഷനായപ്പോൾ അവരുടെ വീക്ഷണത്തിന് ആകെ മാറ്റം വന്നു. അവരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടതോടെ, “യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും” സുവാർത്ത പ്രസംഗിക്കുന്ന വേലയിൽ അവർ തിരക്കോടെ ഏർപ്പെട്ടു. (പ്രവൃത്തികൾ 1:8) അങ്ങനെ അവർ സത്യാരാധന പുനഃസ്ഥാപിക്കാൻ തുടങ്ങി. സമാനമായി 1919 മുതൽ, “തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ” പുനർനിർമിക്കാൻ യേശുക്രിസ്തു തന്റെ അഭിഷിക്ത സഹോദരന്മാരുടെ ശേഷിപ്പിനെ പ്രാപ്തമാക്കി. നൂറ്റാണ്ടുകളായി ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം യഹോവയെ കുറിച്ചുള്ള പരിജ്ഞാനം ആളുകൾക്കു പകർന്നുകൊടുക്കാൻ പരാജയപ്പെട്ടിരുന്നു. പകരം, അവർ മനുഷ്യനിർമിത പാരമ്പര്യങ്ങളും തിരുവെഴുത്തുവിരുദ്ധ ഉപദേശങ്ങളുമാണ് പഠിപ്പിച്ചിരിക്കുന്നത്. സത്യാരാധനയുടെ പുനഃസ്ഥാപനം മുന്നോട്ടു കൊണ്ടുപോകുന്നതിന് അഭിഷിക്ത ക്രിസ്ത്യാനികൾ തങ്ങളുടെ സഭകളിൽനിന്നു വ്യാജമതത്താൽ മലിനമായ ആചാരങ്ങൾ നീക്കം ചെയ്തു. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ഒന്ന് ആകുമായിരുന്ന സാക്ഷീകരണ പ്രവർത്തനത്തിന് അവർ തുടക്കമിട്ടു.—മർക്കൊസ് 13:10.
16. അഭിഷിക്ത ക്രിസ്ത്യാനികളെ പുനഃസ്ഥാപന വേലയിൽ ആർ സഹായിച്ചിരിക്കുന്നു, അവരെ ഏതെല്ലാം ജോലികൾ ഭരമേൽപ്പിച്ചിരിക്കുന്നു?
16 അതു വലിയ ഒരു ദൗത്യമായിരുന്നു. ദൈവത്തിന്റെ ഇസ്രായേലിന്റെ ശേഷിക്കുന്നവരായ ഏതാനും പേർക്ക് അത്തരമൊരു വേല എങ്ങനെ ചെയ്യാനാകുമായിരുന്നു? ഇപ്രകാരം പ്രസ്താവിക്കാൻ യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കി: “അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.” (യെശയ്യാവു 61:5) ഈ പ്രതീകാത്മക അന്യജാതിക്കാരും പരദേശക്കാരും യേശുവിന്റെ ‘വേറെ ആടുകളു’ടെ “മഹാപുരുഷാരം” ആണെന്നു തെളിഞ്ഞിരിക്കുന്നു. a (വെളിപ്പാടു 7:9; യോഹന്നാൻ 10:11, 16) സ്വർഗീയ അവകാശം പ്രാപിക്കുന്നതിനായി അവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നില്ല. മറിച്ച് അവരുടെ പ്രത്യാശ പറുദീസാഭൂമിയിലെ നിത്യജീവൻ ആണ്. (വെളിപ്പാടു 21:3-5) എങ്കിലും, അവർ യഹോവയെ സ്നേഹിക്കുന്നു. ആത്മീയ ഇടയവേല, കൃഷി, മുന്തിരിത്തോട്ടത്തിന്റെ പരിപാലനം തുടങ്ങിയ ചുമതലകൾ അവർക്കു ലഭിക്കുകയും ചെയ്തിരിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ തരംതാണ ജോലികളല്ല. ദൈവത്തിന്റെ ഇസ്രായേലിന്റെ ശേഷിപ്പിന്റെ മാർഗനിർദേശത്തിൻ കീഴിൽ, ഈ വേലക്കാർ ആളുകളുടെ ഇടയവേലയിലും പരിപാലനത്തിലും കൊയ്ത്തിലും സഹായിക്കുന്നു.—ലൂക്കൊസ് 10:2; പ്രവൃത്തികൾ 20:28; 1 പത്രൊസ് 5:2; വെളിപ്പാടു 14:15, 16.
17. (എ) ദൈവത്തിന്റെ ഇസ്രായേൽ എങ്ങനെ വിളിക്കപ്പെടും? (ബി) പാപങ്ങൾക്കു ക്ഷമ കിട്ടാൻ ആവശ്യമായ ഏക യാഗം ഏത്?
17 ദൈവത്തിന്റെ ഇസ്രായേലിന്റെ കാര്യമോ? യെശയ്യാവ് മുഖാന്തരം യഹോവ അവരോട് ഇങ്ങനെ പറയുന്നു: “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശയ്യാവു 61:6) പുരാതന ഇസ്രായേലിൽ, പുരോഹിതന്മാർക്കും അവരുടെ സഹ ഇസ്രായേല്യർക്കുമായി യാഗങ്ങൾ അർപ്പിക്കാൻ യഹോവ ലേവ്യ പൗരോഹിത്യം പ്രദാനം ചെയ്തു. എന്നിരുന്നാലും, പൊ.യു. 33-ൽ യഹോവ ലേവ്യ പൗരോഹിത്യം നിറുത്തലാക്കുകയും മെച്ചപ്പെട്ട ഒരു ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു. മനുഷ്യവർഗത്തിന്റെ പാപങ്ങൾക്കുള്ള ബലിയായി അവൻ യേശുവിന്റെ പൂർണതയുള്ള ജീവൻ സ്വീകരിച്ചു. അതിനുശേഷം മറ്റ് യാതൊരു യാഗവും ആവശ്യമായി വന്നിട്ടില്ല. യേശുവിന്റെ ബലിയുടെ മൂല്യം എക്കാലവും നിലനിൽക്കുന്ന ഒന്നാണ്.—യോഹന്നാൻ 14:6; കൊലൊസ്സ്യർ 2:13, 14; എബ്രായർ 9:11-14, 24.
18. ദൈവത്തിന്റെ ഇസ്രായേൽ എങ്ങനെയുള്ള ഒരു പുരോഹിതവർഗം ആണ്, അവരുടെ നിയോഗം എന്താണ്?
18 അപ്പോൾ, ദൈവത്തിന്റെ ഇസ്രായേലിലെ അംഗങ്ങൾ “യഹോവയുടെ പുരോഹിതന്മാർ” ആയിരിക്കുന്നത് എങ്ങനെ? സഹ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതവേ, പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രൊസ് 2:9) അതിനാൽ, ഒരു കൂട്ടമെന്ന നിലയിൽ അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു പുരോഹിതവർഗമാണ്. ജനതകളോട് യഹോവയുടെ മഹത്ത്വം ഘോഷിക്കുകയെന്ന പ്രത്യേക നിയോഗവും അവർക്കുണ്ട്. അവർ അവന്റെ സാക്ഷികൾ ആയിരിക്കേണ്ടവരാണ്. (യെശയ്യാവു 43:10-12) അന്ത്യനാളുകളിൽ ഉടനീളം അഭിഷിക്ത ക്രിസ്ത്യാനികൾ ഈ നിയമനം വിശ്വസ്തമായി നിർവഹിച്ചിരിക്കുന്നു. തത്ഫലമായി, യഹോവയുടെ രാജ്യത്തെ കുറിച്ചു സാക്ഷീകരിക്കുന്ന വേലയിൽ ദശലക്ഷങ്ങൾ ഇപ്പോൾ പങ്കുചേരുന്നു.
19. ഏതു സേവനം അർപ്പിക്കാൻ അഭിഷിക്ത ക്രിസ്ത്യാനികൾക്കു പദവി ലഭിക്കും?
19 മാത്രമല്ല, ദൈവത്തിന്റെ ഇസ്രായേലിലെ അംഗങ്ങൾക്ക് മറ്റൊരു വിധത്തിൽ പുരോഹിതന്മാരായി സേവിക്കുകയെന്ന പ്രത്യാശയുമുണ്ട്. മരണശേഷം അവർ സ്വർഗത്തിലെ അമർത്യജീവനിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നു. അവിടെ അവർ യേശുവിനോടൊത്ത് അവന്റെ രാജ്യത്തിൽ ഭരണാധിപന്മാരായി മാത്രമല്ല ദൈവത്തിന്റെ പുരോഹിതന്മാരായും സേവിക്കുന്നു. (വെളിപ്പാടു 5:10; 20:6) അതിനാൽ, യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ഭൂമിയിലെ വിശ്വസ്ത മനുഷ്യവർഗത്തിന്മേൽ പ്രയോഗിക്കുകയെന്ന പദവി അവർക്ക് ഉണ്ടായിരിക്കും. വെളിപ്പാടു 22-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യോഹന്നാൻ അപ്പൊസ്തലന്റെ ദർശനത്തിൽ അവരെ ‘വൃക്ഷങ്ങൾ’ ആയി വർണിച്ചിരിക്കുന്നു. 1,44,000 ‘വൃക്ഷങ്ങളും’ സ്വർഗത്തിൽ കാണാം. അവ “പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” (വെളിപ്പാടു 22:1, 2) എത്ര വിലയേറിയ പൗരോഹിത്യ സേവനം!
നാണവും ലജ്ജയും, പിന്നെ സന്തോഷവും
20. എതിർപ്പ് നേരിട്ടിട്ടും ഈ രാജകീയ പുരോഹിതവർഗം എന്ത് അനുഗ്രഹത്തിനായി കാത്തിരിക്കുന്നു?
20 യഹോവയുടെ പ്രസാദവർഷം 1914 മുതൽ തുടങ്ങിയപ്പോൾ, ഈ രാജകീയ പുരോഹിതവർഗത്തിനു ക്രൈസ്തവലോകത്തിലെ വൈദികരിൽനിന്ന് എതിർപ്പു മാത്രമാണു ലഭിച്ചത്. (വെളിപ്പാടു 12:17) എന്നിരുന്നാലും, സുവാർത്താ പ്രസംഗം നിറുത്താനുള്ള എല്ലാ ശ്രമങ്ങളും അന്തിമമായി പരാജയപ്പെട്ടിരിക്കുന്നു. യെശയ്യാവിന്റെ പ്രവചനം അതു മുൻകൂട്ടി പറഞ്ഞിരുന്നു: “നാണത്തിന്നു പകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്കു ഉണ്ടാകും.”—യെശയ്യാവു 61:7.
21. അഭിഷിക്ത ക്രിസ്ത്യാനികൾ ഇരട്ടി അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ഇടവന്നത് എങ്ങനെ?
21 ഒന്നാം ലോകമഹായുദ്ധ കാലത്ത്, അഭിഷിക്ത ശേഷിപ്പിനു ദേശീയവാദികളായ ക്രൈസ്തവലോകത്തിന്റെ കൈകളാൽ നാണവും ലജ്ജയും സഹിക്കേണ്ടിവന്നു. ബ്രുക്ലിനിലെ എട്ടു വിശ്വസ്ത സഹോദരന്മാർക്ക് എതിരെ വ്യാജമായി രാജ്യദ്രോഹക്കുറ്റം ചുമത്തിയവരിൽ വൈദികരും ഉൾപ്പെട്ടിരുന്നു. ആ സഹോദരങ്ങൾക്ക് ഒമ്പതു മാസം അന്യായമായി തടവിൽ കഴിയേണ്ടിവന്നു. ഒടുവിൽ, 1919-ലെ വസന്തത്തിൽ അവരെ വിട്ടയച്ചു. പിന്നീട് അവർക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും പിൻവലിക്കപ്പെട്ടു. അങ്ങനെ സുവാർത്താ പ്രസംഗവേല നിറുത്താനുള്ള പദ്ധതിക്കു തിരിച്ചടി നേരിട്ടു. നിത്യമായി നാണക്കേടു സഹിക്കാൻ തന്റെ ആരാധകരെ അനുവദിക്കുന്നതിനു പകരം യഹോവ അവരെ വിമോചിപ്പിക്കുകയും ‘തങ്ങളുടെ ദേശത്ത്,’ അവരുടെ ആത്മീയ അവസ്ഥയിലേക്ക് അവരെ പുനഃസ്ഥിതീകരിക്കുകയും ചെയ്തു. അവിടെ അവർക്ക് ഇരട്ടി അനുഗ്രഹങ്ങൾ ലഭിച്ചു. അവർ അനുഭവിച്ച കഷ്ടങ്ങൾ യഹോവയുടെ അനുഗ്രഹങ്ങളുടെ മുന്നിൽ ഏതുമല്ലാതായി. അവർക്ക് ആനന്ദിക്കാൻ തീർച്ചയായും നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു!
22, 23. അഭിഷിക്ത ക്രിസ്ത്യാനികൾ എങ്ങനെ യഹോവയെ അനുകരിച്ചിരിക്കുന്നു, അവൻ അവർക്ക് എങ്ങനെ പ്രതിഫലം കൊടുത്തിരിക്കുന്നു?
22 യഹോവ തുടർന്ന് പറയുന്ന കാര്യങ്ങൾ ഇന്നു ക്രിസ്ത്യാനികൾക്കു സന്തോഷിക്കാൻ മറ്റൊരു കാരണം നൽകുന്നു: “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം [“ഉടമ്പടി,” “ഓശാന ബൈ.”] ചെയ്യും.” (യെശയ്യാവു 61:8) തങ്ങളുടെ ബൈബിൾ പഠനത്തിലൂടെ അഭിഷിക്ത ശേഷിപ്പ് നീതിയെ സ്നേഹിക്കാനും ദുഷ്ടതയെ വെറുക്കാനും പഠിച്ചു. (സദൃശവാക്യങ്ങൾ 6:12-19; 11:20) മനുഷ്യരുടെ യുദ്ധങ്ങളിലും രാഷ്ട്രീയ കോലാഹലങ്ങളിലും നിഷ്പക്ഷത പാലിച്ചുകൊണ്ട് അവർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാൻ’ അഭ്യസിച്ചു. (യെശയ്യാവു 2:4) ഏഷണി, വ്യഭിചാരം, മോഷണം, മദ്യാസക്തി എന്നിങ്ങനെ ദൈവത്തെ അപമാനിക്കുന്ന ആചാരങ്ങൾ അവർ ഉപേക്ഷിച്ചു.—ഗലാത്യർ 5:19-21.
23 നീതിയോട് തങ്ങളുടെ സ്രഷ്ടാവിനുള്ള സ്നേഹത്തെ അഭിഷിക്ത ക്രിസ്ത്യാനികൾ അനുകരിക്കുന്നതിനാൽ യഹോവ ‘വിശ്വസ്തതയോടെ അവർക്കു പ്രതിഫലം’ കൊടുത്തിരിക്കുന്നു. അത്തരം ഒരു “പ്രതിഫലം” നിത്യമായി നിലനിൽക്കുന്ന ഒരു ഉടമ്പടി—പുതിയ ഉടമ്പടി—ആണ്. അത് യേശു തന്റെ മരണത്തിന്റെ തലേ രാത്രിയിൽ ശിഷ്യന്മാരെ അറിയിച്ചതാണ്. അവർ ആത്മീയ ജനത, ദൈവത്തിന്റെ പ്രത്യേക ജനത ആയിത്തീർന്നത് ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. (യിരെമ്യാവു 31:31-34; ലൂക്കൊസ് 22:20) അതനുസരിച്ച്, യേശുവിന്റെ മറുവിലയുടെ മുഴു പ്രയോജനങ്ങളും യഹോവ നൽകും. അതിൽ അഭിഷിക്തരുടെയും മനുഷ്യവർഗത്തിൽ ശേഷിച്ചവരുടെയും പാപങ്ങളുടെ മോചനവും ഉൾപ്പെടുന്നു.
യഹോവയുടെ അനുഗ്രഹത്തിൽ ആനന്ദിക്കുന്നു
24. ജനതകളിൽ നിന്നുള്ള അനുഗ്രഹിക്കപ്പെടുന്ന “സന്തതി” ആരാണ്, അവർ “സന്തതി” ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
24 ജനതകളിൽ ചിലർ തന്റെ ജനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹം തിരിച്ചറിഞ്ഞിരിക്കുന്നു. യഹോവയുടെ വാഗ്ദാനത്തിൽ ഇതേക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നു: “ജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവർ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.” (യെശയ്യാവു 61:9) ദൈവത്തിന്റെ ഇസ്രായേലിലെ അംഗങ്ങൾ, അഭിഷിക്ത ക്രിസ്ത്യാനികൾ, യഹോവയുടെ പ്രസാദവർഷത്തിൽ ജനതകളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചിരിക്കുന്നു. അവരുടെ ശുശ്രൂഷയോടു പ്രതികരിച്ചവർ ഇന്ന് ദശലക്ഷങ്ങൾ വരും. ദൈവത്തിന്റെ ഇസ്രായേലിനോട് അടുത്തു പ്രവർത്തിക്കുന്നതിനാൽ, ജനതകളിൽ പെട്ടവർക്ക് “യഹോവ അനുഗ്രഹിച്ച സന്തതി” ആയിത്തീരുന്നതിനുള്ള പദവി ലഭിച്ചിരിക്കുന്നു. അവരുടെ സന്തുഷ്ട അവസ്ഥ മുഴു മനുഷ്യവർഗത്തിനും ദൃശ്യമാണ്.
25, 26. യെശയ്യാവു 61:10-ൽ പ്രകടിപ്പിച്ചിരിക്കുന്ന വികാരങ്ങൾ എല്ലാ ക്രിസ്ത്യാനികളും പ്രതിധ്വനിപ്പിക്കുന്നത് എങ്ങനെ?
25 എല്ലാ ക്രിസ്ത്യാനികളും, അഭിഷിക്തരും വേറെ ആടുകളും, യഹോവയെ നിത്യമായി സ്തുതിക്കാനുള്ള അവസരത്തിനായി നോക്കിപ്പാർത്തിരിക്കുന്നു. നിശ്വസ്തതയിൽ ഇപ്രകാരം പറയുന്ന യെശയ്യാ പ്രവാചകനോട് അവർ മുഴുഹൃദയാ യോജിക്കുന്നു: “ഞാൻ യഹോവയിൽ ഏററവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.”—യെശയ്യാവു 61:10.
26 അങ്കി ധരിച്ച ഒരു മണവാട്ടിയെ പോലെ, അഭിഷിക്ത ക്രിസ്ത്യാനികൾ യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധരും നിർമലരുമായി നിലകൊള്ളാൻ ദൃഢചിത്തരാണ്. (2 കൊരിന്ത്യർ 11:1, 2) സ്വർഗീയ ജീവന്റെ അവകാശികൾ എന്ന നിലയിൽ യഹോവയാൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അവർ, തങ്ങൾ മോചിപ്പിക്കപ്പെട്ടിരിക്കുന്ന മഹാബാബിലോണിന്റെ ശൂന്യമായ ആ അവസ്ഥയിലേക്ക് ഒരിക്കലും മടങ്ങുകയില്ല. (റോമർ 5:9; 8:30) അവരെ സംബന്ധിച്ചിടത്തോളം രക്ഷാവസ്ത്രം അമൂല്യമാണ്. ശുദ്ധാരാധന സംബന്ധിച്ച ദൈവത്തിന്റെ ഉന്നതമായ നിലവാരങ്ങൾ പ്രമാണിക്കാൻ അവരുടെ സഹകാരികളായ വേറെ ആടുകളും ദൃഢചിത്തരാണ്. “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന” അവരെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു, അവർ “മഹോപദ്രവ”ത്തെ അതിജീവിക്കും. (വെളിപ്പാടു 7:14, NW; യാക്കോബ് 2:23, 25) അപ്പോൾവരെ, മഹാബാബിലോണിന്റെ മാലിന്യം ഒഴിവാക്കുന്ന കാര്യത്തിൽ അവർ തങ്ങളുടെ അഭിഷിക്ത സഹകാരികളെ അനുകരിക്കുന്നു.
27. (എ) സഹസ്രാബ്ദ വാഴ്ചക്കാലത്ത് ശ്രദ്ധേയമായി എന്തു ‘മുളയ്ക്കും’? (ബി) മനുഷ്യവർഗത്തിനിടയിൽ ഇപ്പോൾത്തന്നെ നീതി മുളയ്ക്കുന്നത് എങ്ങനെ?
27 ഇന്ന് യഹോവയുടെ ആരാധകർ ഒരു ആത്മീയ പറുദീസയിൽ ആയിരിക്കുന്നതിൽ സന്തോഷിക്കുന്നു. പെട്ടെന്നുതന്നെ അവർ അക്ഷരീയ പറുദീസാവസ്ഥയും ആസ്വദിക്കും. ആ കാലത്തിനായി നാം മുഴുഹൃദയാ നോക്കിപ്പാർത്തിരിക്കുന്നു. യെശയ്യാവു 61-ാം അധ്യായത്തിന്റെ അവസാന വാക്കുകളിൽ അതേക്കുറിച്ചു വളരെ സ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു: “ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതെച്ച വിത്തിനെ കിളുർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവു സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.” (യെശയ്യാവു 61:11) ക്രിസ്തുവിന്റെ സഹസ്രബ്ദ വാഴ്ചക്കാലത്ത് ഭൂമി ‘നീതിയെ മുളപ്പിക്കും.’ മനുഷ്യർ സന്തോഷിച്ചാർക്കും, നീതി ഭൂമിയുടെ അറുതികളിലേക്കു വ്യാപിക്കും. (യെശയ്യാവു 26:9) എന്നിരുന്നാലും, സകല ജാതികളുടെയും മുമ്പാകെ സ്തുതിയെ ഘോഷിക്കുന്നതിന് ആ മഹത്തായ ദിവസംവരെ നാം കാത്തിരിക്കേണ്ടതില്ല. സ്വർഗത്തിലെ ദൈവത്തിനു മഹത്ത്വം കൊടുക്കുകയും അവന്റെ രാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയും ചെയ്യുന്ന ദശലക്ഷങ്ങളുടെ ഇടയിൽ ഇപ്പോൾത്തന്നെ നീതി മുളയ്ക്കുന്നുണ്ട്. ഇപ്പോൾ പോലും നമ്മുടെ വിശ്വാസവും പ്രത്യാശയും, ദൈവം നൽകുന്ന അനുഗ്രഹങ്ങളിൽ ഘോഷിച്ചാർക്കാനുള്ള സകല കാരണവും നമുക്കേകുന്നു.
[അടിക്കുറിപ്പ്]
a യെരൂശലേമിലേക്കുള്ള മടങ്ങിപ്പോക്കിൽ യഹൂദരല്ലാത്തവർ യഹൂദരുടെ കൂടെ പോയി ദേശം പുനഃസ്ഥാപിക്കുന്നതിൽ സഹായിച്ചിരിക്കാം എന്നതിനാൽ, യെശയ്യാവു 61:5-ന് പുരാതന കാലത്ത് ഒരു നിവൃത്തി ഉണ്ടായിരുന്നിരിക്കാം. (എസ്രാ 2:43-58) എന്നാൽ പ്രവചനത്തിന്റെ 6 മുതലുള്ള വാക്യങ്ങൾ ദൈവത്തിന്റെ ഇസ്രായേലിനു മാത്രം ബാധകമാകുന്നതായി കാണപ്പെടുന്നു.
[അധ്യയന ചോദ്യങ്ങൾ]
[323-ാം പേജിലെ ചിത്രം]
യഹൂദ പ്രവാസികളോട് ഘോഷിക്കാൻ യെശയ്യാവിന്റെ പക്കൽ ഒരു സുവാർത്തയുണ്ട്
[331-ാം പേജിലെ ചിത്രം]
പൊ.യു. 33-ൽ തുടങ്ങി യഹോവ 1,44,000 “നീതിവൃക്ഷങ്ങൾ” നട്ടിരിക്കുന്നു
[334-ാം പേജിലെ ചിത്രം]
ഭൂമിയിൽ നീതി മുളയ്ക്കും