അധ്യായം 58
യേശു അപ്പം വർധിപ്പിക്കുന്നു, പുളിച്ച മാവിന് എതിരെ മുന്നറിയിപ്പു കൊടുക്കുന്നു
മത്തായി 15:32–16:12; മർക്കോസ് 8:1-21
-
യേശു 4,000 പുരുഷന്മാരെ പോഷിപ്പിക്കുന്നു
-
പരീശന്മാരുടെ പുളിച്ച മാവിന് എതിരെ യേശു മുന്നറിയിപ്പു കൊടുക്കുന്നു
ഗലീലക്കടലിനു കിഴക്കുള്ള ദക്കപ്പൊലി പ്രദേശത്തുവെച്ച് വലിയ ജനക്കൂട്ടം യേശുവിന്റെ അടുത്ത് വരുന്നു. യേശുവിൽനിന്ന് പഠിക്കണം, സുഖം പ്രാപിക്കണം; ഇതാണ് അവരുടെ ആഗ്രഹം. വലിയ കുട്ടകളിൽ സാധനങ്ങളുമായാണ് അവർ വരുന്നത്.
അങ്ങനെ കുറെ സമയം കടന്നുപോകുന്നു. അപ്പോൾ യേശു ശിഷ്യന്മാരോടു പറയുന്നു: “ഈ ജനക്കൂട്ടത്തോട് എനിക്ക് അലിവ് തോന്നുന്നു. മൂന്നു ദിവസമായി ഇവർ എന്റെകൂടെയാണല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല. വിശന്നിരിക്കുന്ന ഇവരെ ഞാൻ ഒന്നും കൊടുക്കാതെ വീടുകളിലേക്കു പറഞ്ഞയച്ചാൽ ഇവർ വഴിയിൽ കുഴഞ്ഞുവീണാലോ? ചിലരാണെങ്കിൽ വളരെ ദൂരെനിന്നുള്ളവരാണ്.” എന്നാൽ ശിഷ്യന്മാർ യേശുവിനോട്, “ഇവരുടെയെല്ലാം വിശപ്പു മാറ്റാൻ വേണ്ട അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത് എവിടെനിന്ന് കിട്ടാനാണ് ” എന്നു ചോദിക്കുന്നു.—മർക്കോസ് 8:2-4.
യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട് ” എന്നു ചോദിക്കുമ്പോൾ, “ഏഴെണ്ണമുണ്ട്, കുറച്ച് ചെറുമീനും” എന്നു ശിഷ്യന്മാർ പറയുന്നു. (മത്തായി 15:34) അപ്പോൾ യേശു ജനക്കൂട്ടത്തോട് നിലത്ത് ഇരിക്കാൻ ആവശ്യപ്പെടുന്നു. എന്നിട്ട് അപ്പവും മീനും കൈയിൽ എടുത്ത് ദൈവത്തോടു പ്രാർഥിച്ചശേഷം അവ വിതരണം ചെയ്യാൻ ശിഷ്യന്മാരെ ഏൽപ്പിക്കുന്നു. എല്ലാവരും തിന്ന് തൃപ്തരാകുന്നു. എത്ര അതിശയം! ഏതാണ്ട് 4,000 പുരുഷന്മാരും കൂടാതെ സ്ത്രീകളും കുട്ടികളും മതിയാവോളം കഴിച്ചിട്ടും ഏഴു വലിയ കൊട്ട നിറയെ അപ്പം ബാക്കിയുണ്ടായിരുന്നു!
യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം യേശുവും ശിഷ്യന്മാരും വള്ളത്തിൽ കയറി അക്കരെ, ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരത്തുള്ള മഗദയിലേക്കു പോകുന്നു. അവിടെ പരീശന്മാരും സദൂക്യരുടെ ഒരു വിഭാഗവും കൂടെ യേശുവിനെ പരീക്ഷിക്കാൻ വരുന്നു. അവർക്ക് ആകാശത്തുനിന്ന് ഒരു അടയാളം കാണിച്ചുകൊടുക്കണമത്രേ.
അവരുടെ ആന്തരം മനസ്സിലാക്കിയിട്ട് യേശു പറയുന്നു: “സന്ധ്യാസമയത്ത്, ‘ആകാശം ചുവന്നിരിക്കുന്നതുകൊണ്ട് ഇന്നു കാലാവസ്ഥ നല്ലതായിരിക്കും’ എന്നു നിങ്ങൾ പറയുന്നു. എന്നാൽ രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കുന്നതുകൊണ്ട് ഇന്നു തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാറുണ്ടല്ലോ. ആകാശത്തിന്റെ ഭാവമാറ്റങ്ങൾ നിങ്ങൾ വിവേചിച്ചറിയുന്നു. എന്നാൽ കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നില്ല.” (മത്തായി 16:2, 3) എന്നിട്ട് യേശു ആ പരീശന്മാരോടും സദൂക്യരോടും യോനയുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല എന്നു പറയുന്നു.
പിന്നെ, യേശുവും ശിഷ്യന്മാരും കൂടെ ഒരു വള്ളത്തിൽ കയറി കടലിന്റെ വടക്കുകിഴക്കേ തീരത്തുള്ള ബേത്ത്സയിദയിലേക്കു പോകുന്നു. പോകുന്ന വഴിക്കാണ് ആവശ്യത്തിന് അപ്പം എടുത്തില്ലല്ലോ എന്ന കാര്യം ശിഷ്യന്മാർ ഓർക്കുന്നത്. അവരുടെ കൈയിൽ ആകെ ഒരു അപ്പമേ ഉള്ളൂ. തൊട്ടു മുമ്പ് പരീശന്മാരുമായും ഹെരോദിന്റെ പക്ഷക്കാരായ സദൂക്യരുമായും നടന്ന സംസാരത്തെക്കുറിച്ച് ഓർത്തുകൊണ്ട് യേശു അവരോട്, “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും ഹെരോദിന്റെയും പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം” എന്നു മുന്നറിയിപ്പു കൊടുക്കുന്നു. പുളിച്ച മാവിനെക്കുറിച്ച് യേശു പറഞ്ഞപ്പോൾ അപ്പം എടുക്കാൻ മറന്ന കാര്യമായിരിക്കും യേശു ഉദ്ദേശിക്കുന്നതെന്ന് അവർ തെറ്റിദ്ധരിക്കുന്നു. അതു മനസ്സിലാക്കിയിട്ട് യേശു അവരോട്, “അപ്പമില്ലാത്തതിനെച്ചൊല്ലി നിങ്ങൾ എന്തിനാണു വഴക്കിടുന്നത് ” എന്നു ചോദിക്കുന്നു.—മർക്കോസ് 8:15-17.
അടുത്തയിടെയാണു യേശു ആയിരങ്ങൾക്ക് അപ്പം കൊടുത്തത്. അതുകൊണ്ട് അപ്പത്തെക്കുറിച്ച് യേശു ഉത്കണ്ഠപ്പെടില്ലെന്നു ശിഷ്യന്മാർ ഓർക്കേണ്ടതാണ്. “ഞാൻ അഞ്ച് അപ്പം 5,000 പുരുഷന്മാർക്കു നുറുക്കിക്കൊടുത്തപ്പോൾ ബാക്കിവന്ന കഷണങ്ങൾ നിങ്ങൾ എത്ര കൊട്ട നിറച്ചെടുത്തെന്ന് ഓർക്കുന്നില്ലേ,” യേശു ചോദിക്കുന്നു. “പന്ത്രണ്ട് ” എന്ന് അവർ പറയുന്നു. “ഞാൻ ഏഴ് അപ്പം 4,000 പുരുഷന്മാർക്കു നുറുക്കിക്കൊടുത്തപ്പോൾ മർക്കോസ് 8:18-20.
ബാക്കിവന്ന കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു?” “ഏഴ് ” എന്ന് അവർ പറയുന്നു.—യേശു ചോദിക്കുന്നു: “ഞാൻ പറഞ്ഞത് അപ്പത്തിന്റെ കാര്യമല്ലെന്നു നിങ്ങൾ തിരിച്ചറിയാത്തത് എന്താണ്?” എന്നിട്ട്, “പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിന് എതിരെ ജാഗ്രത പാലിക്കാ”ൻ യേശു അവരോടു പറയുന്നു.—മത്തായി 16:11.
അവസാനം ശിഷ്യന്മാർക്കു കാര്യം പിടികിട്ടുന്നു. മാവ് പുളിപ്പിക്കാനും അങ്ങനെ അപ്പം പൊങ്ങിവരാനും വേണ്ടിയാണു സാധാരണഗതിയിൽ പുളിച്ച മാവ് ചേർക്കുന്നത്. പക്ഷേ യേശു ഇവിടെ ദുഷിപ്പിന്റെ ഒരു അടയാളമായിട്ടാണ് പുളിച്ച മാവിനെക്കുറിച്ച് പറയുന്നത്. “പരീശന്മാരും സദൂക്യരും പഠിപ്പിക്കുന്ന” ദുഷിപ്പിക്കുന്ന സ്വാധീനമുള്ള “കാര്യങ്ങൾക്കെതിരെ” ജാഗ്രത പാലിക്കാനാണ് യേശു അവർക്കു മുന്നറിയിപ്പു കൊടുക്കുന്നത്.—മത്തായി 16:12.