വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 52

അത്ഭുത​ക​ര​മാ​യി ആയിര​ങ്ങളെ പോഷി​പ്പി​ക്കു​ന്നു

അത്ഭുത​ക​ര​മാ​യി ആയിര​ങ്ങളെ പോഷി​പ്പി​ക്കു​ന്നു

മത്തായി 14:13-21; മർക്കോസ്‌ 6:30-44; ലൂക്കോസ്‌ 9:10-17; യോഹ​ന്നാൻ 6:1-13

  • യേശു 5,000 പുരു​ഷ​ന്മാ​രെ പോഷി​പ്പി​ക്കു​ന്നു

ആ 12 അപ്പോസ്‌ത​ല​ന്മാ​രും ഗലീല​യി​ലെ പ്രസം​ഗ​പ​ര്യ​ടനം നന്നായി ആസ്വദി​ച്ചു. അവർ ഇപ്പോൾ തങ്ങൾ “ചെയ്‌ത​തും പഠിപ്പി​ച്ച​തും എല്ലാം” യേശു​വി​നോ​ടു വിവരി​ക്കു​ക​യാണ്‌. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്‌. പക്ഷേ അവർക്ക്‌ ആഹാരം കഴിക്കാൻപോ​ലും സമയമില്ല. കാരണം ഒരുപാട്‌ ആളുകൾ വന്നും പോയും ഇരിക്കു​ന്നു. അതു​കൊണ്ട്‌ യേശു പറയുന്നു: “വരൂ, നമുക്കു മാത്ര​മാ​യി ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം.”​—മർക്കോസ്‌ 6:30, 31.

ഒരുപക്ഷേ കഫർന്ന​ഹൂ​മിന്‌ അടുത്തു​നി​ന്നാ​യി​രി​ക്കാം, അവർ ഒരു വള്ളത്തിൽ കയറുന്നു. എന്നിട്ട്‌ യോർദാൻ നദിക്കു കിഴക്ക്‌ ബേത്ത്‌സ​യി​ദയ്‌ക്ക്‌ അപ്പുറ​ത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു പോകു​ന്നു. പക്ഷേ ഇവർ പോകു​ന്നതു ചില​രെ​ങ്കി​ലും കാണുന്നു; മറ്റുള്ള​വ​രും അറിയു​ന്നു. അങ്ങനെ അവരെ​ല്ലാം​കൂ​ടി തീരത്തു​കൂ​ടെ ഓടി വള്ളം കരയ്‌ക്ക്‌ അടുക്കുമ്പോഴേക്ക്‌ അവിടെ എത്തുന്നു.

വള്ളത്തിൽനിന്ന്‌ ഇറങ്ങുന്ന യേശു കാണു​ന്നതു വലി​യൊ​രു ജനക്കൂ​ട്ട​ത്തെ​യാണ്‌. യേശു​വിന്‌ അവരോട്‌ അലിവു തോന്നു​ന്നു. കാരണം അവർ ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ​യാണ്‌. അതു​കൊണ്ട്‌ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ “അവരെ പലതും പഠിപ്പി”ക്കാൻ തുടങ്ങു​ന്നു. (മർക്കോസ്‌ 6:34) കൂടാതെ “രോഗി​ക​ളെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ക​യും” ചെയ്യുന്നു. (ലൂക്കോസ്‌ 9:11) അങ്ങനെ കുറെ സമയം കടന്നു​പോ​കു​ന്നു. അപ്പോൾ ശിഷ്യ​ന്മാർ യേശു​വി​നോ​ടു പറയുന്നു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമ​ങ്ങ​ളിൽ ചെന്ന്‌ എന്തെങ്കി​ലും വാങ്ങി കഴിക്കട്ടെ.”​—മത്തായി 14:15.

അപ്പോൾ യേശു പറയുന്നു: “അവർ പോകേണ്ട കാര്യ​മില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌.” (മത്തായി 14:16) താൻ ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ യേശു​വിന്‌ അറിയാം. എന്നിട്ടും ഫിലി​പ്പോ​സി​നെ പരീക്ഷി​ക്കാൻവേണ്ടി യേശു ചോദി​ക്കു​ന്നു: “ഇവർക്കെ​ല്ലാം കഴിക്കാൻ നമ്മൾ എവി​ടെ​നിന്ന്‌ അപ്പം വാങ്ങും?” ചോദി​ക്കാൻ പറ്റിയ ആൾ ഫിലി​പ്പോ​സു​ത​ന്നെ​യാണ്‌. കാരണം, അദ്ദേഹ​ത്തി​ന്റെ വീട്‌ ബേത്ത്‌സ​യി​ദയ്‌ക്ക്‌ അടുത്താണ്‌. പക്ഷേ അപ്പം വാങ്ങി​ക്കൊ​ടുത്ത്‌ പ്രശ്‌നം പരിഹ​രി​ക്കാ​മെന്നു കരു​തേണ്ടാ. കാരണം അവിടെ പുരു​ഷ​ന്മാർതന്നെ ഏതാണ്ട്‌ 5,000 പേരുണ്ട്‌. സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും എണ്ണംകൂ​ടെ എടുക്കു​ക​യാ​ണെ​ങ്കിൽ 10,000-ത്തിനും മേൽ വന്നുകാ​ണും! ഫിലി​പ്പോസ്‌ പറയുന്നു: “200 ദിനാ​റെക്ക്‌ (ഒരാളു​ടെ ഒരു ദിവസത്തെ കൂലി​യാണ്‌ ഒരു ദിനാറെ.) അപ്പം വാങ്ങി​യാൽപ്പോ​ലും ഓരോ​രു​ത്തർക്കും അൽപ്പ​മെ​ങ്കി​ലും കൊടു​ക്കാൻ തികയില്ല.”​—യോഹ​ന്നാൻ 6:5-7.

ഇത്രയ​ധി​കം ആളുകളെ പോഷി​പ്പി​ക്കു​ന്നത്‌ ഏതാണ്ട്‌ അസാധ്യ​മാ​ണെന്നു കാണി​ക്കാൻ അന്ത്ര​യോസ്‌ പറയുന്നു: “ഈ കുട്ടി​യു​ടെ കൈയിൽ അഞ്ചു ബാർളി​യ​പ്പ​വും രണ്ടു ചെറിയ മീനും ഉണ്ട്‌. എന്നാൽ ഇത്രയ​ധി​കം പേർക്ക്‌ ഇതു​കൊണ്ട്‌ എന്താകാ​നാണ്‌?”​—യോഹ​ന്നാൻ 6:9.

എ.ഡി. 32-ലെ പെസഹയ്‌ക്കു തൊട്ടു​മു​മ്പുള്ള വസന്തകാ​ല​മാണ്‌ ഇത്‌. മലഞ്ചെ​രു​വി​ലെ​ല്ലാം പച്ചപ്പട്ട്‌ വിരി​ച്ച​തു​പോ​ലെ കാണാം. ആളുകളെ 50 പേരു​ടെ​യും 100 പേരു​ടെ​യും കൂട്ടങ്ങ​ളാ​യി പുൽപ്പു​റത്ത്‌ ഇരുത്താൻ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു. എന്നിട്ട്‌ യേശു ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ദൈവ​ത്തോ​ടു നന്ദി പറഞ്ഞ​ശേഷം അവ മുറിച്ച്‌ കഷണങ്ങ​ളാ​ക്കു​ന്നു. ഇതു ശിഷ്യ​ന്മാ​രെ ഏൽപ്പി​ച്ചിട്ട്‌ ആളുകൾക്കു കൊടു​ക്കാൻ പറയുന്നു. അത്ഭുത​ക​ര​മെന്നു പറയട്ടെ, എല്ലാവർക്കും വേണ്ടു​വോ​ളം കഴിക്കാൻ കിട്ടുന്നു!

പിന്നീട്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “മിച്ചമുള്ള കഷണങ്ങ​ളെ​ല്ലാം എടുക്കുക. ഒന്നും കളയരുത്‌.” (യോഹ​ന്നാൻ 6:12) ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറയാൻ മാത്രം ഉണ്ടായി​രു​ന്നു!