വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 23

കഫർന്ന​ഹൂ​മിൽ യേശു വലിയ അത്ഭുതങ്ങൾ ചെയ്യുന്നു

കഫർന്ന​ഹൂ​മിൽ യേശു വലിയ അത്ഭുതങ്ങൾ ചെയ്യുന്നു

മത്തായി 8:14-17; മർക്കോസ്‌ 1:21-34; ലൂക്കോസ്‌ 4:31-41

  • യേശു ഭൂതത്തെ പുറത്താ​ക്കു​ന്നു

  • പത്രോ​സി​ന്റെ അമ്മായി​യ​മ്മയെ സുഖ​പ്പെ​ടു​ത്തു​ന്നു

മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ യേശു നാലു ശിഷ്യ​ന്മാ​രെ ക്ഷണിക്കു​ന്നു; പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവ​രാണ്‌ അവർ. ഇപ്പോൾ ശബത്തു​ദി​വസം അവരെ​ല്ലാം​കൂ​ടി കഫർന്ന​ഹൂ​മി​ലുള്ള സിന​ഗോ​ഗിൽ പോകു​ന്നു. യേശു അവിടെ പഠിപ്പി​ക്കു​ന്നു. അവി​ടെ​യുള്ള ആളുകൾ യേശു​വി​ന്റെ പഠിപ്പി​ക്കൽ രീതി​യിൽ വീണ്ടും അത്ഭുത​പ്പെ​ടു​ന്നു. ശാസ്‌ത്രി​മാ​രെ​പ്പോ​ലെയല്ല, അധികാ​ര​മു​ള്ള​വ​നാ​യി​ട്ടാ​ണു യേശു പഠിപ്പി​ക്കു​ന്നത്‌.

ഭൂതം ബാധിച്ച ഒരു മനുഷ്യൻ അന്ന്‌ അവി​ടെ​യുണ്ട്‌. സിന​ഗോ​ഗി​നു​ള്ളിൽവെ​ച്ചു​തന്നെ അയാൾ വലിയ ഉച്ചത്തിൽ അലറുന്നു: “നസറെ​ത്തു​കാ​ര​നായ യേശുവേ, അങ്ങയ്‌ക്ക്‌ ഇവിടെ എന്തു കാര്യം? ഞങ്ങളെ ഇല്ലാതാ​ക്കാൻ വന്നതാ​ണോ? അങ്ങ്‌ ആരാ​ണെന്ന്‌ എനിക്കു നന്നായി അറിയാം; ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ!” എന്നാൽ അതിനെ ശകാരി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “മിണ്ടി​പ്പോ​ക​രുത്‌! അയാളിൽനിന്ന്‌ പുറത്ത്‌ വരൂ.”​—മർക്കോസ്‌ 1:24, 25.

അപ്പോൾ ദുഷ്ടാ​ത്മാവ്‌ ഈ മനുഷ്യ​നെ തറയിൽ തള്ളിയിട്ട്‌ ഞെളി​പി​രി​കൊ​ള്ളിച്ച്‌ വലിയ ഉച്ചത്തിൽ അലറുന്നു. പക്ഷേ “അയാൾക്ക്‌ ഉപദ്ര​വ​മൊ​ന്നും ചെയ്യാതെ” അത്‌ അയാളിൽനിന്ന്‌ പുറത്തു​വ​രു​ന്നു. (ലൂക്കോസ്‌ 4:35) അവിടെ കൂടി​വ​ന്ന​വർക്ക്‌ അത്ഭുതം അടക്കാ​നാ​കു​ന്നില്ല! “എന്താണ്‌ ഇത്‌? . . . അദ്ദേഹം അശുദ്ധാ​ത്മാ​ക്ക​ളോ​ടു​പോ​ലും അധികാ​ര​ത്തോ​ടെ കല്‌പി​ക്കു​ന്നു; അവ അനുസ​രി​ക്കു​ക​യും ചെയ്യുന്നു” എന്ന്‌ അവർ പറയുന്നു. (മർക്കോസ്‌ 1:27) എല്ലാവ​രെ​യും അത്ഭുത​പ്പെ​ടു​ത്തിയ ഈ സംഭവ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത ഗലീല​യി​ലെ​ങ്ങും പരക്കുന്നു.

സിന​ഗോ​ഗിൽനിന്ന്‌ ഇറങ്ങിയ യേശു​വും ശിഷ്യ​ന്മാ​രും ശിമോ​ന്റെ, അതായത്‌ പത്രോ​സി​ന്റെ, വീട്ടി​ലേക്കു പോകു​ന്നു. അവിടെ പത്രോ​സി​ന്റെ അമ്മായി​യമ്മ കടുത്ത പനി പിടിച്ച്‌ കിടപ്പാണ്‌. അവരെ സുഖ​പ്പെ​ടു​ത്താൻ ശിഷ്യ​ന്മാർ യേശു​വി​നോ​ടു യാചി​ക്കു​ന്നു. യേശു ചെന്ന്‌ കൈക്കു പിടിച്ച്‌ അവരെ എഴു​ന്നേൽപ്പി​ക്കു​ന്നു. അപ്പോൾത്തന്നെ അവരുടെ രോഗം ഭേദമാ​കു​ന്നു. ഒരുപക്ഷേ ഭക്ഷണം ഉണ്ടാക്കി കൊടു​ത്തു​കൊണ്ട്‌ അവർ യേശു​വി​നെ​യും ശിഷ്യ​ന്മാ​രെ​യും സത്‌ക​രി​ക്കു​ന്നു.

സൂര്യൻ അസ്‌ത​മി​ക്കാ​റാ​യ​പ്പോൾ എല്ലായി​ട​ത്തു​നി​ന്നും ആളുകൾ രോഗി​ക​ളെ​യും​കൊണ്ട്‌ പത്രോ​സി​ന്റെ വീട്ടി​ലേക്കു വരുന്നു. നിമി​ഷ​നേ​രം​കൊണ്ട്‌ നഗരവാ​സി​കൾ മുഴുവൻ അവിടെ കൂടി​വ​ന്ന​തു​പോ​ലെ തോന്നി. അവർക്കെ​ല്ലാം രോഗം ഭേദമാ​കണം. ‘പലപല രോഗ​ങ്ങൾകൊണ്ട്‌ കഷ്ടപ്പെ​ട്ടി​രു​ന്ന​വരെ ആളുകൾ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വ​രു​ന്നു. ഓരോ​രു​ത്ത​രു​ടെ​യും മേൽ കൈ​വെച്ച്‌ യേശു അവരെ സുഖ​പ്പെ​ടു​ത്തു​ന്നു.’ (ലൂക്കോസ്‌ 4:40) എല്ലാ തരം രോഗ​വും യേശു സുഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌, മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ. (യശയ്യ 53:4) ഭൂതങ്ങൾ ബാധി​ച്ചി​രു​ന്ന​വ​രെ​പ്പോ​ലും യേശു സ്വതന്ത്രരാക്കുന്നു. “അങ്ങ്‌ ദൈവ​പു​ത്ര​നാണ്‌” എന്ന്‌ അലറി​ക്കൊ​ണ്ടാണ്‌ ദുഷ്ടാ​ത്മാ​ക്കൾ അവരിൽനിന്ന്‌ പുറത്തു​വ​രു​ന്നത്‌. (ലൂക്കോസ്‌ 4:41) പക്ഷേ യേശു അവരെ ശാസി​ക്കു​ന്നു. കൂടുതൽ സംസാ​രി​ക്കാൻ അനുവ​ദി​ക്കു​ന്നില്ല. യേശു​വാണ്‌ ക്രിസ്‌തു​വെന്ന്‌ ഭൂതങ്ങൾക്ക്‌ അറിയാം. പക്ഷേ അവർ സത്യ​ദൈ​വത്തെ സേവി​ക്കു​ന്ന​വ​രാ​ണെന്ന തെറ്റി​ദ്ധാ​രണ പരത്താ​നൊ​ന്നും യേശു ആഗ്രഹി​ക്കു​ന്നില്ല.