വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 64

ക്ഷമി​ക്കേ​ണ്ട​തി​ന്റെ ആവശ്യം

ക്ഷമി​ക്കേ​ണ്ട​തി​ന്റെ ആവശ്യം

മത്തായി 18:21-35

  • ഏഴു തവണ ക്ഷമിച്ചാൽ മതിയോ?

  • കരുണ കാണി​ക്കാത്ത അടിമ​യെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം

സഹോ​ദ​രങ്ങൾ തമ്മിലുള്ള പ്രശ്‌നം നേരിട്ടു പറഞ്ഞു തീർക്കണം എന്ന യേശു​വി​ന്റെ ഉപദേശം പത്രോസ്‌ കേട്ടു. പക്ഷേ അതിനു​വേണ്ടി കൃത്യം എത്ര പ്രാവ​ശ്യം ശ്രമി​ക്കണം എന്ന്‌ അറിയാൻ പത്രോസ്‌ ആഗ്രഹി​ക്കു​ന്നു.

പത്രോസ്‌ ചോദി​ക്കു​ന്നു: “കർത്താവേ, എന്നോടു പാപം ചെയ്യുന്ന സഹോ​ദ​ര​നോ​ടു ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു തവണ മതിയോ?” മൂന്നു തവണവരെ ക്ഷമിക്കണം എന്നാണു ചില മതനേ​താ​ക്ക​ന്മാർ പഠിപ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ “ഏഴു തവണ” സഹോ​ദ​ര​നോ​ടു ക്ഷമിക്കു​ന്നത്‌ വലിയ ഔദാ​ര്യ​മാ​ണെന്നു പത്രോസ്‌ ഒരുപക്ഷേ ചിന്തി​ക്കു​ന്നു​ണ്ടാ​കും.​—മത്തായി 18:21.

പക്ഷേ, ഒരാൾ നമ്മളോട്‌ എത്ര തവണ തെറ്റു ചെയ്‌തു എന്നതിന്റെ കണക്കു സൂക്ഷി​ക്കു​ന്നതു യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​മാ​യി ഒത്തു​പോ​കു​ന്നില്ല. അതു​കൊണ്ട്‌ യേശു പത്രോ​സി​നെ തിരു​ത്തു​ന്നു: “7 അല്ല, 77 തവണ എന്നു ഞാൻ പറയുന്നു.” (മത്തായി 18:22) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ എപ്പോ​ഴും ക്ഷമിക്ക​ണ​മെന്ന്‌. പത്രോസ്‌ എത്ര പ്രാവ​ശ്യം സഹോ​ദ​ര​നോ​ടു ക്ഷമിക്കു​ന്നു എന്നതിനു പരിധി വെക്കരു​തെ​ന്നാണ്‌ അതിന്റെ അർഥം.

തുടർന്ന്‌, ക്ഷമിക്കാൻ കടപ്പെ​ട്ട​വ​രാ​ണെന്ന കാര്യം ബോധ്യ​പ്പെ​ടു​ത്താൻ യേശു പത്രോ​സി​നോ​ടും മറ്റുള്ള​വ​രോ​ടും ഒരു ദൃഷ്ടാന്തം പറയുന്നു. തന്നോടു കരുണ കാണിച്ച യജമാ​നന്റെ മാതൃക അനുക​രി​ക്കാൻ പരാജ​യ​പ്പെട്ട ഒരു അടിമ​യെ​ക്കു​റി​ച്ചു​ള്ള​താണ്‌ അത്‌. തന്റെ അടിമ​ക​ളു​മാ​യി കണക്കു തീർക്കാൻ ഒരു രാജാവ്‌ ആഗ്രഹി​ക്കു​ന്നു. അദ്ദേഹ​ത്തി​നു 10,000 താലന്തു (6,00,00,000 ദിനാറെ) കൊടു​ത്തു​തീർക്കാ​നുള്ള ഒരാളെ അവിടെ കൊണ്ടു​വ​രു​ന്നു. ആ കടം അടച്ചു​തീർക്കാൻ അയാൾക്ക്‌ ഒരിക്ക​ലും പറ്റില്ല. അതു​കൊണ്ട്‌ അയാ​ളെ​യും ഭാര്യ​യെ​യും മക്കളെ​യും ഉൾപ്പെടെ അയാൾക്കു​ള്ള​തെ​ല്ലാം വിറ്റ്‌ കടം വീട്ടാൻ രാജാവ്‌ കല്‌പി​ക്കു​ന്നു. അപ്പോൾ ആ അടിമ അദ്ദേഹ​ത്തി​ന്റെ മുന്നിൽ വീണ്‌ താണു​വ​ണങ്ങി ഇങ്ങനെ പറയുന്നു: “എനിക്കു കുറച്ച്‌ സമയം തരണേ; ഞാൻ എല്ലാം തന്നുതീർത്തു​കൊ​ള്ളാം.”​—മത്തായി 18:26.

മനസ്സ്‌ അലിഞ്ഞിട്ട്‌ രാജാവ്‌ കരുണ​യോ​ടെ ആ അടിമ​യു​ടെ വലിയ കടം മുഴുവൻ എഴുതി​ത്ത​ള്ളു​ന്നു. രാജാവ്‌ അങ്ങനെ ചെയ്‌തു കഴിഞ്ഞ​പ്പോൾ അയാൾ പോയി തനിക്ക്‌ 100 ദിനാറെ തരാനുള്ള സഹയടി​മയെ കണ്ടുപി​ടി​ക്കു​ന്നു. എന്നിട്ട്‌ അയാളു​ടെ കഴുത്തി​നു പിടിച്ച്‌ ഞെരി​ച്ചു​കൊണ്ട്‌, “എനിക്കു തരാനുള്ള കടം തന്നുതീർക്ക്‌ ” എന്നു പറയുന്നു. അപ്പോൾ ആ അടിമ അയാളു​ടെ കാൽക്കൽ വീണ്‌, “എനിക്ക്‌ കുറച്ച്‌ സമയം തരണേ; ഞാൻ കടം തന്നുതീർത്തു​കൊ​ള്ളാം” എന്നു കരഞ്ഞ​പേ​ക്ഷി​ക്കു​ന്നു. (മത്തായി 18:28, 29) പക്ഷേ, രാജാ​വിൽനിന്ന്‌ കടം ഇളച്ചു​കി​ട്ടിയ ആ അടിമ യജമാ​നന്റെ മാതൃക അനുക​രി​ക്കു​ന്നില്ല. തനിക്കു കിട്ടാ​നുള്ള തുക നിസ്സാ​ര​മാ​ണെ​ങ്കി​ലും അതു തന്ന്‌ തീർക്കു​ന്ന​തു​വരെ സഹയടി​മയെ പിടിച്ച്‌ ജയിലിൽ അടയ്‌ക്കു​ന്നു.

തുടർന്ന്‌ എന്തു സംഭവി​ച്ചെന്നു യേശു വിവരി​ക്കു​ന്നു. അയാളു​ടെ കണ്ണിൽ ചോര​യി​ല്ലാത്ത ഈ പെരു​മാ​റ്റം കാണു​മ്പോൾ മറ്റ്‌ അടിമകൾ ചെന്ന്‌ യജമാ​ന​നോ​ടു കാര്യം പറയുന്നു. അപ്പോൾ രാജാവ്‌ ദേഷ്യ​ത്തോ​ടെ അയാളെ വിളി​പ്പിച്ച്‌ ഇങ്ങനെ പറയുന്നു: “ദുഷ്ടനായ അടിമേ, നീ കെഞ്ചി​യ​പേ​ക്ഷി​ച്ച​പ്പോൾ നിന്റെ കടമൊ​ക്കെ ഞാൻ എഴുതി​ത്ത​ള്ളി​യി​ല്ലേ? ഞാൻ നിന്നോ​ടു കരുണ കാണി​ച്ച​തു​പോ​ലെ നീയും നിന്റെ സഹയടി​മ​യോ​ടു കരുണ കാണി​ക്കേ​ണ്ട​ത​ല്ലാ​യി​രു​ന്നോ?” അങ്ങേയറ്റം ദേഷ്യം വന്ന രാജാവ്‌, കടം മുഴുവൻ വീട്ടു​ന്ന​തു​വരെ അയാളെ ജയിലിൽ അടയ്‌ക്കാൻ പറഞ്ഞ്‌ ജയില​ധി​കാ​രി​കളെ ഏൽപ്പി​ക്കു​ന്നു. യേശു പറയുന്നു: “നിങ്ങൾ ഓരോ​രു​ത്ത​നും സഹോ​ദ​ര​നോ​ടു ഹൃദയ​പൂർവം ക്ഷമിക്കാ​തി​രു​ന്നാൽ എന്റെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ഇതു​പോ​ലെ ചെയ്യും.”​—മത്തായി 18:32-35.

ക്ഷമിക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള എത്ര നല്ല പാഠം! പാപത്തി​ന്റെ വലിയ ഒരു കടമാണു ദൈവം നമുക്കു ക്ഷമിച്ചു​ത​ന്നി​രി​ക്കു​ന്നത്‌. അതി​നോ​ടുള്ള താരത​മ്യ​ത്തിൽ ഒരു ക്രിസ്‌തീ​യ​സ​ഹോ​ദരൻ നമ്മളോ​ടു ചെയ്യുന്ന ദ്രോഹം വളരെ നിസ്സാ​ര​മാണ്‌. ഇനി, യഹോവ നമ്മളോ​ടു ക്ഷമിക്കു​ന്നത്‌ ഒരു തവണയല്ല, ആയിര​ക്ക​ണ​ക്കി​നു തവണയാണ്‌. പരാതിക്കു കാരണം ഉണ്ടെങ്കിൽത്തന്നെ നമുക്കു നമ്മുടെ സഹോ​ദ​ര​നോ​ടു പലവട്ടം ക്ഷമിക്കാൻ കഴിയി​ല്ലേ? മലയിലെ പ്രസം​ഗ​ത്തിൽ യേശു പഠിപ്പി​ച്ച​തു​പോ​ലെ ‘നമ്മളോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോ​ടു നമ്മൾ ക്ഷമിച്ച​തു​പോ​ലെ നമ്മുടെ കടങ്ങൾ ദൈവം നമ്മളോ​ടും ക്ഷമിക്കും.’​—മത്തായി 6:12.