അധ്യായം 54
യേശു “ജീവന്റെ അപ്പം”
-
യേശു ‘സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ് ’
ഗലീലക്കടലിനു കിഴക്കുവശത്തുവെച്ച് യേശു ആയിരങ്ങളെ അത്ഭുതകരമായി പോഷിപ്പിച്ചു. പക്ഷേ, അവർ യേശുവിനെ രാജാവാക്കാൻ നോക്കിയപ്പോൾ യേശു അവിടെനിന്ന് രക്ഷപ്പെട്ടു. അന്നു രാത്രിയിൽ യേശു ഇളകിമറിയുന്ന കടലിലൂടെ നടന്നു, വിശ്വാസക്കുറവ് കാരണം മുങ്ങിത്താഴാൻതുടങ്ങിയ പത്രോസിനെ രക്ഷിച്ചു. യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ശിഷ്യന്മാർ യാത്ര ചെയ്തിരുന്ന വള്ളം തകർന്നേനേ.
യേശു വീണ്ടും കടലിന്റെ പടിഞ്ഞാറുവശത്തുള്ള കഫർന്നഹൂം പ്രദേശത്താണ്. യേശു അത്ഭുതകരമായി പോഷിപ്പിച്ചവർ യേശുവിനെ കണ്ടെത്തുമ്പോൾ, “അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത് ” എന്നു ചോദിക്കുന്നു. അവർ തന്നെ അന്വേഷിക്കുന്നതു വീണ്ടും അപ്പം കിട്ടാനാണ് എന്നു പറഞ്ഞ് യേശു അവരെ ശാസിക്കുന്നു. “നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി പ്രയത്നിക്കുക” എന്നും യേശു അവരോടു പറയുന്നു. അപ്പോൾ അവർ യേശുവിനോട്, “ദൈവത്തിന്റെ അംഗീകാരം കിട്ടാൻ ഞങ്ങൾ എന്താണു ചെയ്യേണ്ടത് ” എന്നു ചോദിക്കുന്നു.—യോഹന്നാൻ 6:25-28.
മോശയ്ക്കു കൊടുത്ത നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചായിരിക്കാം അവർ ചിന്തിക്കുന്നത്. പക്ഷേ, യേശു പറയുന്നത് അതിനെക്കാൾ വളരെ മൂല്യമുള്ള ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ചാണ്. “ദൈവം അയച്ചവനെ വിശ്വസിക്കുക; അതാണു ദൈവം അംഗീകരിക്കുന്ന പ്രവൃത്തി” എന്ന് യേശു പറയുന്നു. പക്ഷേ യേശു ഇത്രയെല്ലാം ചെയ്തിട്ടും ആളുകൾ യേശുവിൽ വിശ്വസിക്കുന്നില്ല. യേശുവിൽ വിശ്വസിക്കണമെങ്കിൽ ഒരു അടയാളം കാണിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. “എന്ത് അടയാളം കാണിക്കും” എന്ന് അവർ യേശുവിനോടു ചോദിക്കുന്നു. “നമ്മുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചില്ലേ? ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു’ എന്ന് എഴുതിയിട്ടുണ്ടല്ലോ,” അവർ പറയുന്നു.—യോഹന്നാൻ 6:29-31; സങ്കീർത്തനം 78:24.
അടയാളം കാണിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ അത്ഭുതകരമായി അപ്പം നൽകിയത് ശരിക്കും ആരാണെന്നു യേശു വ്യക്തമാക്കുന്നു: “ഞാൻ നിങ്ങളോടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ് സ്വർഗത്തിൽനിന്ന് ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു. ദൈവത്തിന്റെ അപ്പമോ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് ലോകത്തിനു ജീവൻ നൽകുന്നവനാണ്.” യേശു പറഞ്ഞതിന്റെ അർഥം മനസ്സിലാക്കാതെ അവർ, “കർത്താവേ, ഞങ്ങൾക്ക് എപ്പോഴും ആ അപ്പം തരണേ” എന്നു പറയുന്നു. (യോഹന്നാൻ 6:32-34) യേശു ഏത് “അപ്പ”ത്തെക്കുറിച്ചാണ് പറയുന്നത്?
യേശു വിശദീകരിക്കുന്നു: “ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. എന്നാൽ ഞാൻ പറഞ്ഞതുപോലെ, നിങ്ങൾ എന്നെ കണ്ടിട്ടുപോലും വിശ്വസിക്കുന്നില്ല. . . . ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നത് എന്റെ സ്വന്തം ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ്. എന്നെ അയച്ച പിതാവിന്റെ ഇഷ്ടമോ, പിതാവ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടുപോകരുതെന്നും അവസാനനാളിൽ അവരെയെല്ലാം ഞാൻ ഉയിർപ്പിക്കണം എന്നും ആണ്. പുത്രനെ അംഗീകരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.”—യോഹന്നാൻ 6:35-40.
ഇതു കേട്ട് ആളുകൾക്കു നല്ല ദേഷ്യം വരുന്നു. ആ ജൂതന്മാർ യേശുവിനെക്കുറിച്ച് പിറുപിറുക്കാനും തുടങ്ങുന്നു. “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ് ” താനെന്ന് യേശുവിന് എങ്ങനെ അവകാശപ്പെടാനാകും? (യോഹന്നാൻ 6:41) അവരുടെ നോട്ടത്തിൽ യേശു ഗലീലനഗരമായ നസറെത്തിൽനിന്നുള്ള വെറും സാധാരണമനുഷ്യനാണ്. യേശുവിന്റെ അപ്പനും അമ്മയും ആരാണെന്നും അവർക്ക് അറിയാം. ആളുകൾ ചോദിക്കുന്നു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?”—യോഹന്നാൻ 6:42.
“നിങ്ങൾ ഇങ്ങനെ പിറുപിറുക്കേണ്ടാ,” യേശു പറയുന്നു. “എന്നെ അയച്ച പിതാവ് ആകർഷിക്കാതെ ഒരു മനുഷ്യനും എന്റെ അടുത്ത് വരാൻ കഴിയില്ല. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും. ‘അവരെയെല്ലാം യഹോവ പഠിപ്പിക്കും’ എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ. പിതാവിൽനിന്ന് കേട്ടുപഠിച്ചവരെല്ലാം എന്റെ അടുത്തേക്കു വരുന്നു. ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ് ഏതെങ്കിലും മനുഷ്യൻ പിതാവിനെ കണ്ടിട്ടുണ്ടെന്നല്ല ഇതിന് അർഥം. എന്നാൽ ദൈവത്തിൽനിന്നുള്ളവൻ പിതാവിനെ കണ്ടിട്ടുണ്ട്. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.”—യോഹന്നാൻ 6:43-47; യശയ്യ 54:13.
മുമ്പ് നിക്കോദേമൊസിനോടു സംസാരിക്കുമ്പോൾ, യേശു നിത്യജീവനെക്കുറിച്ച്, മനുഷ്യപുത്രനിലുള്ള വിശ്വാസവുമായി യോഹന്നാൻ 3:15, 16) എന്നാൽ യേശു ഇപ്പോൾ സംസാരിക്കുന്നത് വലിയ ഒരു സദസ്സിനോടാണ്. അവർ നിത്യജീവൻ നേടുന്നതിൽ തനിക്ക് ഒരു പങ്കുണ്ടെന്ന് യേശു അവരോടു പറയുന്നു. അതു മന്നയിലൂടെയോ ഗലീലയിൽ സാധാരണ കാണുന്ന അപ്പത്തിലൂടെയോ അവർക്കു നേടാനാകില്ല. പിന്നെ എങ്ങനെയാണ് അവർക്കു നിത്യജീവൻ നേടാനാകുന്നത്? “ഞാനാണു ജീവന്റെ അപ്പം” എന്ന് യേശു വീണ്ടും പറയുന്നു.—യോഹന്നാൻ 6:48.
അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്ന്, പറഞ്ഞു: “(ദൈവത്തിന്റ ഏകജാതനായ മകനിൽ) വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവൻ” നേടും. (സ്വർഗത്തിൽനിന്നുള്ള അപ്പത്തെ സംബന്ധിച്ച ഈ സംസാരം ഇവിടെയൊന്നും അവസാനിക്കുന്നില്ല. കഫർന്നഹൂമിലെ സിനഗോഗിൽ യേശു പഠിപ്പിക്കുമ്പോൾ വീണ്ടും ഇതെക്കുറിച്ച് ചൂടുപിടിച്ച ചർച്ച നടക്കുന്നു.