അധ്യായം 61
ഭൂതം ബാധിച്ച ഒരു ആൺകുട്ടിയെ യേശു സുഖപ്പെടുത്തുന്നു
മത്തായി 17:14-20; മർക്കോസ് 9:14-29; ലൂക്കോസ് 9:37-43
-
ഭൂതം ബാധിച്ച ഒരു കുട്ടിയെ സുഖപ്പെടുത്താൻ ശക്തമായ വിശ്വാസം വേണമായിരുന്നു
യേശുവും പത്രോസും യാക്കോബും യോഹന്നാനും മലയിൽനിന്ന് ഇറങ്ങി വരുമ്പോൾ ഒരു വലിയ ജനക്കൂട്ടത്തെ കാണുന്നു. എന്തോ കുഴപ്പമുണ്ട്. ശാസ്ത്രിമാർ ശിഷ്യന്മാരെ വളഞ്ഞിരിക്കുകയാണ്. അവർ അവരോടു തർക്കിക്കുന്നുണ്ട്. യേശുവിനെ കാണുമ്പോൾ ആളുകൾക്കു സന്തോഷമാകുന്നു. അവർ അടുത്തേക്ക് ഓടിച്ചെല്ലുന്നു. “എന്തിനെക്കുറിച്ചാണു നിങ്ങൾ അവരോടു തർക്കിക്കുന്നത്,” യേശു ചോദിക്കുന്നു.—മർക്കോസ് 9:16.
അക്കൂട്ടത്തിലുള്ള ഒരു മനുഷ്യൻ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി ഇങ്ങനെ പറയുന്നു: “ഗുരുവേ, ഊമനായ ഒരു അശുദ്ധാത്മാവ് എന്റെ മകനെ ബാധിച്ചതുകൊണ്ട് ഞാൻ അവനെ അങ്ങയുടെ അടുത്തേക്കു കൊണ്ടുവന്നതാണ്. അത് അവനെ ബാധിക്കുമ്പോഴെല്ലാം അവനെ നിലത്ത് തള്ളിയിടും. അവൻ പല്ലു കടിക്കുകയും അവന്റെ വായിൽനിന്ന് നുരയും പതയും വരുകയും ചെയ്യും. അതോടെ അവന്റെ ശക്തിയെല്ലാം ചോർന്നുപോകും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടെങ്കിലും അവർക്കു കഴിഞ്ഞില്ല.”—മർക്കോസ് 9:17, 18.
ആ കുട്ടിയെ സുഖപ്പെടുത്താൻ ശിഷ്യന്മാർക്കു കഴിയാഞ്ഞതുകൊണ്ട് സാധ്യതയനുസരിച്ച് ശാസ്ത്രിമാർ അവരെ കുറ്റപ്പെടുത്തുകയാണ്. ഒരുപക്ഷേ അതിന്റെ പേരിൽ അവരെ കളിയാക്കുന്നുമുണ്ട്. അതുകൊണ്ട് ആ കുട്ടിയുടെ അപ്പനോട് ഒന്നും പറയാതെ യേശു ആ ജനക്കൂട്ടത്തോടു പറയുന്നു: “വിശ്വാസമില്ലാതെ വഴിതെറ്റിപ്പോയ തലമുറയേ, ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം?” യേശു അടുത്ത് ഇല്ലാതിരുന്ന നേരംനോക്കി ശിഷ്യന്മാരെ ബുദ്ധിമുട്ടിച്ച ആ ശാസ്ത്രിമാരെ ഉദ്ദേശിച്ചാണു യേശു ഇത്ര ശക്തമായ ഭാഷയിൽ സംസാരിക്കുന്നത്. തുടർന്ന് ആ പാവം മനുഷ്യനോട് യേശു പറയുന്നു: “അവനെ ഇങ്ങു കൊണ്ടുവരൂ.”—മത്തായി 17:17.
കുട്ടി യേശുവിന്റെ അടുത്തേക്കു വരുമ്പോൾ ആ ഭൂതം അവനെ നിലത്ത് തള്ളിയിട്ട് ഞെളിപിരികൊള്ളിക്കുന്നു. അവൻ നിലത്ത് കിടന്ന് ഉരുളുകയാണ്. വായിലൂടെ നുരയും പതയും വരുന്നുണ്ട്. “ഇവന് ഇതു തുടങ്ങിയിട്ട് എത്ര കാലമായി,” യേശു അപ്പനോടു ചോദിക്കുന്നു. “കുട്ടിക്കാലംമുതൽ” എന്ന് അയാൾ പറയുന്നു. “അവനെ കൊല്ലാൻവേണ്ടി അതു കൂടെക്കൂടെ അവനെ തീയിലും വെള്ളത്തിലും തള്ളിയിടാറുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങളോട് അലിവ് തോന്നി ഞങ്ങളെ സഹായിക്കേണമേ,” മർക്കോസ് 9:21, 22.
ആ മനുഷ്യൻ അപേക്ഷിക്കുന്നു.—എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നുണ്ട് അയാൾ. കാരണം യേശുവിന്റെ ശിഷ്യന്മാർക്കുപോലും സഹായിക്കാൻ കഴിഞ്ഞില്ല. ആശയറ്റ ആ മനുഷ്യനു യേശു പ്രോത്സാഹനം പകരുന്ന വിധത്തിൽ ഇങ്ങനെ ഉറപ്പുകൊടുക്കുന്നു: “‘കഴിയുമെങ്കിൽ’ എന്നോ? വിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക് എന്തും സാധിക്കും.” ഉടനെ കുട്ടിയുടെ അപ്പൻ ഇങ്ങനെ വിളിച്ചുപറയുന്നു: “എനിക്കു വിശ്വാസമുണ്ട്! എങ്കിലും വിശ്വാസത്തിൽ എനിക്കുള്ള കുറവ് നികത്താൻ സഹായിക്കണേ.”—മർക്കോസ് 9:23, 24.
ആളുകൾ തന്റെ അടുത്തേക്ക് ഓടി വരുന്നത് യേശു കാണുന്നു. അവരുടെയെല്ലാം മുന്നിൽവെച്ച് യേശു ഭൂതത്തെ ശാസിക്കുന്നു: “ഊമനും ബധിരനും ആയ ആത്മാവേ, ഇവനെ വിട്ട് പോകൂ. ഇനി ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു.” അലറിവിളിച്ച് അവനെ വല്ലാതെ ഞെളിപിരികൊള്ളിച്ചുകൊണ്ടാണ് അത് അവനെ വിട്ട് പോകുന്നത്. കുട്ടി അനക്കമില്ലാതെ അവിടെ കിടക്കുന്നു. ഇതു കണ്ട് പലരും, “അവൻ മരിച്ചുപോയി” എന്നു പറയുന്നു. (മർക്കോസ് 9:25, 26) പക്ഷേ യേശു കുട്ടിയുടെ കൈയിൽ പിടിക്കുമ്പോൾ അവൻ എഴുന്നേൽക്കുന്നു. “അപ്പോൾത്തന്നെ കുട്ടിക്കു സുഖമായി.” (മത്തായി 17:18) യേശു ഇതു ചെയ്യുന്നതു കണ്ട് ആളുകൾ അത്ഭുതപ്പെടുന്നു.
മുമ്പ് യേശു ശിഷ്യന്മാരെ പ്രസംഗപ്രവർത്തനത്തിന് അയച്ചപ്പോൾ അവർക്ക് ഭൂതങ്ങളെ പുറത്താക്കാൻ കഴിഞ്ഞതാണ്. അതുകൊണ്ട് ഇപ്പോൾ വീട്ടിൽ എത്തിയശേഷം അവർ സ്വകാര്യമായി യേശുവിനോടു ചോദിക്കുന്നു: “അതെന്താ ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്?” ശിഷ്യന്മാരുടെ വിശ്വാസമില്ലായ്മകൊണ്ടാണ് എന്നു യേശു വിശദീകരിക്കുന്നു. യേശു പറയുന്നു: “ഇത്തരം അശുദ്ധാത്മാക്കളെ പ്രാർഥനകൊണ്ട് മാത്രമേ പുറത്താക്കാൻ പറ്റൂ.” (മർക്കോസ് 9:28, 29) ശക്തനായ ആ ഭൂതത്തെ പുറത്താക്കാൻ ശക്തമായ വിശ്വാസം വേണം. കൂടാതെ ദൈവത്തിൽനിന്നുള്ള ശക്തി കിട്ടാൻ പ്രാർഥിക്കുകയും വേണം.
യേശു അവരോടു പറയുന്നു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കില്ല.” (മത്തായി 17:20) വിശ്വാസത്തിന് എത്ര ശക്തിയുണ്ട്!
യഹോവയുടെ സേവനത്തിലുള്ള നമ്മുടെ പുരോഗതിക്കു തടസ്സമായി നിൽക്കുന്ന പലപല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കാം. മറികടക്കാനോ നീക്കാനോ പറ്റാത്ത ഒരു പർവതംപോലെ അവ കാണപ്പെട്ടേക്കാം. എങ്കിലും വിശ്വാസം വളർത്തിയെടുക്കുന്നെങ്കിൽ പർവതസമാനമായ അത്തരം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നമുക്കു മറികടക്കാനാകും.