വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 63

വീണു​പോ​കാൻ ഇടയാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പാപ​ത്തെ​ക്കു​റി​ച്ചും ഉള്ള ബുദ്ധി​യു​പ​ദേശം

വീണു​പോ​കാൻ ഇടയാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പാപ​ത്തെ​ക്കു​റി​ച്ചും ഉള്ള ബുദ്ധി​യു​പ​ദേശം

മത്തായി 18:6-20; മർക്കോസ്‌ 9:38-50; ലൂക്കോസ്‌ 9:49, 50

  • വീണു​പോ​കാൻ ഇടയാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബുദ്ധി​യു​പ​ദേശം

  • ഒരു സഹോ​ദരൻ പാപം ചെയ്യു​ന്നെ​ങ്കിൽ

തന്റെ അനുഗാ​മി​കൾക്കു​ണ്ടാ​യി​രി​ക്കേണ്ട മനോ​ഭാ​വ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞു​ക​ഴി​ഞ്ഞതേ ഉള്ളൂ. അവർ തങ്ങളെ​ത്തന്നെ കുട്ടി​ക​ളെ​പ്പോ​ലെ കരുതണം, അതായത്‌ എളിയ​വ​രും സ്ഥാനമാ​ന​ങ്ങ​ളൊ​ന്നും ഇല്ലാത്ത​വ​രാ​യി. ശിഷ്യ​ന്മാർ ‘അങ്ങനെ​യുള്ള കുട്ടി​കളെ യേശു​വി​ന്റെ നാമത്തിൽ സ്വീക​രി​ക്കണം; അപ്പോൾ അവർ യേശു​വി​നെ​യും സ്വീക​രി​ക്കു​ന്നു.’​—മത്തായി 18:5.

ആരാണ്‌ ഏറ്റവും വലിയവൻ എന്നതി​നെ​ക്കു​റിച്ച്‌ ഈയി​ടെ​യാ​ണു ശിഷ്യ​ന്മാർക്കി​ട​യിൽ തർക്കമു​ണ്ടാ​യത്‌. അതു​കൊണ്ട്‌ യേശു പറഞ്ഞത്‌ ഒരു ശാസന​യാ​യി അവർക്കു തോന്നി​യി​രി​ക്കണം. അപ്പോ​ഴാ​ണു യോഹ​ന്നാൻ അപ്പോസ്‌തലൻ മറ്റൊരു കാര്യം പറയു​ന്നത്‌. അത്‌ ഇപ്പോൾ നടന്നതേ ഉള്ളൂ. “ഒരാൾ അങ്ങയുടെ പേര്‌ ഉപയോ​ഗിച്ച്‌ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോ​ടൊ​പ്പം അങ്ങയെ അനുഗ​മി​ക്കാ​ത്ത​തു​കൊണ്ട്‌ ഞങ്ങൾ അയാളെ തടയാൻ നോക്കി,” യോഹ​ന്നാൻ പറയുന്നു.​—ലൂക്കോസ്‌ 9:49.

ഭൂതങ്ങളെ പുറത്താ​ക്കാ​നും ആളുകളെ സുഖ​പ്പെ​ടു​ത്താ​നും അപ്പോസ്‌ത​ല​ന്മാർക്കു മാത്രമേ അവകാ​ശ​മു​ള്ളൂ എന്നാണോ യോഹ​ന്നാൻ ചിന്തി​ക്കു​ന്നത്‌? അങ്ങനെ​യെ​ങ്കിൽ ഈ ജൂതന്‌ ദുഷ്ടാ​ത്മാ​ക്കളെ പുറത്താ​ക്കാൻ എങ്ങനെ കഴിയു​ന്നു? അയാൾ യേശു​വി​ന്റെ​യും അപ്പോസ്‌ത​ല​ന്മാ​രു​ടെ​യും കൂടെ ഇല്ലാത്ത​തു​കൊണ്ട്‌ ഇത്തരം അത്ഭുതങ്ങൾ ചെയ്യരു​തെ​ന്നാ​യി​രി​ക്കാം യോഹ​ന്നാൻ കരുതു​ന്നത്‌.

യോഹ​ന്നാ​നെ അത്ഭുത​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു പറയുന്നു: “അയാളെ തടയേണ്ടാ. കാരണം, എന്റെ നാമത്തിൽ ഒരു അത്ഭുതം ചെയ്‌തിട്ട്‌ ഉടനെ എന്നെക്കു​റിച്ച്‌ മോശ​മാ​യതു പറയാൻ ആർക്കും പറ്റില്ല. നമുക്ക്‌ എതിര​ല്ലാ​ത്ത​വ​രെ​ല്ലാം നമ്മുടെ പക്ഷത്താണ്‌. നിങ്ങൾ ക്രിസ്‌തു​വി​ന്റെ ആളുക​ളാണ്‌ എന്ന കാരണ​ത്താൽ ആരെങ്കി​ലും നിങ്ങൾക്ക്‌ അൽപ്പം വെള്ളം കുടി​ക്കാൻ തന്നാൽ അയാൾക്കു പ്രതി​ഫലം ലഭിക്കാ​തെ​പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മർക്കോസ്‌ 9:39-41.

ഈ സമയത്ത്‌ യേശു​വി​ന്റെ പക്ഷത്താ​യി​രി​ക്കാൻ ഒരാൾ യേശു​വി​ന്റെ കൂടെ​ത്തന്നെ കാണണ​മെ​ന്നില്ല. കാരണം ക്രിസ്‌തീ​യസഭ അപ്പോ​ഴും നിലവിൽ വന്നിട്ടില്ല. അതു​കൊണ്ട്‌ യേശു​വി​ന്റെ​കൂ​ടെ യാത്ര ചെയ്യു​ന്നില്ല എന്നു​വെച്ച്‌ ആ മനുഷ്യൻ ഒരു എതിരാ​ളി​യോ വ്യാജ​മ​തത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​നോ അല്ല. അയാൾക്കു വ്യക്തമാ​യും യേശു​വി​ന്റെ നാമത്തിൽ വിശ്വാ​സ​മുണ്ട്‌. അയാൾക്കു സമ്മാനം നഷ്ടമാ​കില്ല എന്നു യേശു​വി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു.

അതേസ​മ​യം അപ്പോസ്‌ത​ല​ന്മാ​രു​ടെ വാക്കു​ക​ളോ പ്രവൃ​ത്തി​ക​ളോ അയാൾ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കാൻ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു വളരെ ഗൗരവ​മുള്ള കാര്യ​മാണ്‌. യേശു പറയുന്നു: “വിശ്വാ​സ​മുള്ള ഈ ചെറി​യ​വ​രിൽ ഒരാൾ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കാൻ ആരെങ്കി​ലും ഇടയാ​ക്കി​യാൽ, കഴുത തിരി​ക്കു​ന്ന​തു​പോ​ലുള്ള ഒരു തിരി​കല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയു​ന്ന​താണ്‌ അയാൾക്കു കൂടുതൽ നല്ലത്‌.” (മർക്കോസ്‌ 9:42) തുടർന്ന്‌ യേശു പറയു​ന്നത്‌ ഒരാളു​ടെ കൈ, കാൽ, കണ്ണ്‌ എന്നിവ​പോ​ലെ വളരെ പ്രധാ​ന​പ്പെട്ട അവയവ​ങ്ങൾപോ​ലും അയാൾ വീണു​പോ​കാൻ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു നീക്കം ചെയ്യണ​മെ​ന്നാണ്‌. അത്തരം വില​യേ​റിയ കാര്യങ്ങൾ സഹിതം ഗീഹെ​ന്ന​യി​ലേക്കു (ഹിന്നോം താഴ്‌വര) പോകു​ന്ന​തി​നെ​ക്കാൾ അതൊ​ന്നും ഇല്ലാതെ ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​താ​ണു നല്ലത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോസ്‌ത​ല​ന്മാർ യരുശ​ലേ​മിന്‌ അടുത്തുള്ള ഹിന്നോം താഴ്‌വര കണ്ടിട്ടുണ്ട്‌. അവി​ടെ​യാ​ണു ചപ്പുച​വ​റു​കൾ കത്തിക്കു​ന്നത്‌. അതു​കൊണ്ട്‌ അതു നിത്യ​നാ​ശത്തെ അർഥമാ​ക്കു​ന്നെന്ന്‌ അവർക്കു മനസ്സി​ലാ​കും.

യേശു ഇങ്ങനെ​യും മുന്നറി​യി​പ്പു കൊടു​ക്കു​ന്നു: “ഈ ചെറി​യ​വ​രിൽ ഒരാ​ളെ​പ്പോ​ലും നിന്ദി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക; കാരണം സ്വർഗ​ത്തിൽ അവരുടെ ദൂതന്മാർ എപ്പോ​ഴും സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുഖം കാണു​ന്ന​വ​രാ​ണെന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” ‘ഈ ചെറി​യ​വരെ’ ദൈവം എങ്ങനെ​യാ​ണു കണക്കാ​ക്കു​ന്നത്‌? ഒരാൾക്കുള്ള 100 ആടിൽനിന്ന്‌ ഒരെണ്ണം നഷ്ടപ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു പറയുന്നു. അയാൾ 99-നെയും വിട്ടിട്ട്‌ നഷ്ടപ്പെട്ട ആ ഒരെണ്ണത്തെ തേടി പോകു​ന്നു. അതിനെ കണ്ടെത്തു​മ്പോൾ ബാക്കി 99-നെക്കാൾ ഈ ഒരെണ്ണ​ത്തെ​ക്കു​റിച്ച്‌ അയാൾ കൂടുതൽ സന്തോ​ഷി​ക്കും. “ഈ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും നശിച്ചു​പോ​കു​ന്നതു സ്വർഗ​സ്ഥ​നായ എന്റെ പിതാ​വിന്‌ ഇഷ്ടമല്ല” എന്നും യേശു പറയുന്നു.​—മത്തായി 18:10, 14.

ആരാണ്‌ ഏറ്റവും വലിയവൻ എന്നതി​നെ​ക്കു​റി​ച്ചുള്ള അപ്പോസ്‌ത​ല​ന്മാ​രു​ടെ തർക്ക​ത്തെ​പ്പറ്റി ചിന്തി​ച്ചി​ട്ടാ​യി​രി​ക്കാം, യേശു പറയുന്നു: “നിങ്ങൾ ഉപ്പുള്ള​വ​രും പരസ്‌പരം സമാധാ​ന​ത്തിൽ കഴിയു​ന്ന​വ​രും ആയിരി​ക്കുക.” (മർക്കോസ്‌ 9:50) ഉപ്പ്‌ ആഹാര​ത്തി​ന്റെ രുചി വർധി​പ്പി​ക്കു​ന്നു. ആലങ്കാ​രിക ഉപ്പ്‌ ഒരാൾ പറയുന്ന കാര്യം സ്വീക​രി​ക്കു​ന്നത്‌ എളുപ്പ​മാ​ക്കു​ന്നു. അങ്ങനെ സമാധാ​നം നിലനി​റു​ത്താ​നാ​കു​ന്നു. പക്ഷേ തർക്കി​ച്ചാൽ അതു പറ്റില്ല.​—കൊ​ലോ​സ്യർ 4:6.

ചില​പ്പോൾ ഗുരു​ത​ര​മായ പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം. അവ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു യേശു പറയുന്നു. “നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ നീയും ആ സഹോ​ദ​ര​നും മാത്ര​മു​ള്ള​പ്പോൾ ചെന്ന്‌ സംസാ​രിച്ച്‌ തെറ്റ്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. അദ്ദേഹം നീ പറയു​ന്നതു കേൾക്കു​ന്നെ​ങ്കിൽ നീ സഹോ​ദ​രനെ നേടി.” അദ്ദേഹം കേൾക്കാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കി​ലോ? “ഒന്നോ രണ്ടോ പേരെ​ക്കൂ​ടെ കൂട്ടി​ക്കൊണ്ട്‌ ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴി​യു​ടെ അടിസ്ഥാ​ന​ത്തിൽ ഏതു കാര്യ​വും സ്ഥിരീ​ക​രി​ക്കാം,” യേശു ഉപദേ​ശി​ക്കു​ന്നു. എന്നിട്ടും പ്രശ്‌നം പരിഹ​രി​ക്കാ​നാ​കു​ന്നി​ല്ലെ​ങ്കിൽ അവർ “സഭയെ,” അതായത്‌ തീരു​മാ​ന​മെ​ടു​ക്കാൻ ചുമത​ല​യുള്ള മൂപ്പന്മാ​രെ, അറിയി​ക്കണം. എന്നിട്ടും, പാപം ചെയ്‌ത വ്യക്തി ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? “അദ്ദേഹത്തെ ജനതക​ളിൽപ്പെ​ട്ട​വ​നെ​പ്പോ​ലെ​യും നികു​തി​പി​രി​വു​കാ​ര​നെ​പ്പോ​ലെ​യും” കണക്കാ​ക്കണം. അത്തരം ആളുക​ളു​മാ​യി ജൂതന്മാർക്ക്‌ ഒരു അടുപ്പ​വും ഇല്ലായി​രു​ന്നു.​—മത്തായി 18:15-17.

സഭാ​മേൽവി​ചാ​ര​ക​ന്മാർ ദൈവ​വ​ച​ന​ത്തോ​ടു പറ്റിനിൽക്കണം. ഒരു പാപി കുറ്റക്കാ​ര​നും ശിക്ഷണം ആവശ്യ​മു​ള്ള​വ​നും ആണെന്നു കണ്ടാൽ അവരുടെ വിധി, “അതിനു മുമ്പേ സ്വർഗ​ത്തിൽ കെട്ടി​യി​ട്ടു​ണ്ടാ​കും.” പക്ഷേ ഒരാൾ നിരപ​രാ​ധി​യാ​ണെന്നു കണ്ടാൽ അതു “സ്വർഗ​ത്തിൽ അഴിച്ചി​ട്ടു​ണ്ടാ​കും.” ഒരു ക്രിസ്‌തീ​യസഭ നിലവിൽ വരു​മ്പോൾ ഈ മാർഗ​നിർദേ​ശങ്ങൾ സഹായി​ക്കും. അത്തരം ഗൗരവ​മുള്ള തീരു​മാ​നം എടുക്കാൻവേണ്ടി “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി​വ​ന്നാൽ അവിടെ അവരുടെ ഇടയിൽ ഞാനുണ്ട്‌ ” എന്നു യേശു പറയുന്നു.​—മത്തായി 18:18-20.