വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 74

ആതിഥ്യ​ത്തെ​യും പ്രാർഥ​ന​യെ​യും കുറി​ച്ചുള്ള പാഠങ്ങൾ

ആതിഥ്യ​ത്തെ​യും പ്രാർഥ​ന​യെ​യും കുറി​ച്ചുള്ള പാഠങ്ങൾ

ലൂക്കോസ്‌ 10:38–11:13

  • യേശു മാർത്ത​യെ​യും മറിയ​യെ​യും സന്ദർശി​ക്കു​ന്നു

  • മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ക്കു​ന്നതു പ്രധാനം

യരുശ​ലേ​മിൽനിന്ന്‌ ഏതാണ്ട്‌ മൂന്നു കിലോ​മീ​റ്റർ അകലെ, ഒലിവ്‌ മലയുടെ കിഴക്കേ ചെരു​വി​ലാ​ണു ബഥാന്യ ഗ്രാമം. (യോഹ​ന്നാൻ 11:18) യേശു അവിടെ മാർത്ത, മറിയ എന്ന രണ്ടു സഹോ​ദ​രി​മാ​രു​ടെ വീട്ടിൽ ചെല്ലുന്നു. അവരും അവരുടെ ആങ്ങളയായ ലാസറും യേശു​വി​ന്റെ കൂട്ടു​കാ​രാണ്‌. അവർ യേശു​വി​നെ ഹാർദ​മാ​യി സ്വാഗതം ചെയ്യുന്നു.

മിശി​ഹ​യെ അതിഥി​യാ​യി കിട്ടു​ന്നത്‌ ഒരു പദവി​യാണ്‌. യേശു​വി​നു വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കാ​നുള്ള ഉത്സാഹ​ത്തി​ലാ​ണു മാർത്ത. അതു​കൊണ്ട്‌ യേശു​വി​നു​വേണ്ടി വലി​യൊ​രു സദ്യ ഒരുക്കു​ന്നു. മാർത്ത പണി​യെ​ടു​ക്കു​മ്പോൾ സഹോ​ദ​രി​യായ മറിയ പക്ഷേ, യേശു​വി​ന്റെ കാൽക്കൽ ഇരുന്ന്‌ എല്ലാം കേൾക്കു​ക​യാണ്‌. കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ മാർത്ത യേശു​വി​നോ​ടു പറയുന്നു: “കർത്താവേ, ഇതൊക്കെ ചെയ്യാൻ എന്റെ സഹോ​ദരി എന്നെ തനിച്ചു വിട്ടി​രി​ക്കു​ന്നത്‌ അങ്ങ്‌ കാണു​ന്നി​ല്ലേ? വന്ന്‌ എന്നെ സഹായി​ക്കാൻ അവളോ​ടു പറയൂ.”​—ലൂക്കോസ്‌ 10:40.

മറിയയെ കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം ഇത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അമിത​മാ​യി വേവലാ​തി​പ്പെ​ടു​ന്ന​തി​നു യേശു മാർത്തയെ ഉപദേ​ശി​ക്കു​ന്നു: “മാർത്തേ, മാർത്തേ, നീ പല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ​പ്പെട്ട്‌ ആകെ അസ്വസ്ഥ​യാണ്‌. അധിക​മൊ​ന്നും വേണ്ടാ. അല്ല, ഒന്നായാ​ലും മതി. എന്നാൽ മറിയ നല്ല പങ്കു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അത്‌ അവളിൽനിന്ന്‌ ആരും എടുത്തു​ക​ള​യില്ല.” (ലൂക്കോസ്‌ 10:41, 42) അതെ, പലപല വിഭവങ്ങൾ ഉണ്ടാക്കി ഒരുപാ​ടു സമയം കളയേണ്ട ആവശ്യ​മി​ല്ലെന്നു യേശു പറയുന്നു. ലളിത​മായ എന്തെങ്കി​ലും മതി.

മാർത്ത​യു​ടെ ഉദ്ദേശ്യം നല്ലതാണ്‌: അതിഥി​കളെ സത്‌ക​രി​ക്കണം. പക്ഷേ, ആഹാരം ഉണ്ടാക്കാ​നുള്ള തത്രപ്പാ​ടിൽ നഷ്ടപ്പെ​ടു​ന്നതു ദൈവ​ത്തി​ന്റെ പുത്രൻ പഠിപ്പി​ക്കുന്ന വില​യേ​റിയ കാര്യ​ങ്ങ​ളാണ്‌! മറിയ ജ്ഞാന​ത്തോ​ടെ നല്ലതു തിര​ഞ്ഞെ​ടു​ത്തെന്ന്‌ യേശു എടുത്തു​പ​റഞ്ഞു. കാരണം അതു നിലനിൽക്കുന്ന പ്രയോ​ജനം ചെയ്യു​ന്ന​താണ്‌. നമു​ക്കെ​ല്ലാം ഓർമ​യിൽ സൂക്ഷി​ക്കാൻ കഴിയുന്ന എത്ര നല്ല പാഠം!

മറ്റൊരു അവസര​ത്തിൽ ഇതു​പോ​ലെ​തന്നെ പ്രധാ​ന​പ്പെട്ട വേറൊ​രു കാര്യ​വും യേശു പഠിപ്പി​ച്ചു. ഒരു ശിഷ്യൻ യേശു​വി​നോട്‌, “കർത്താവേ, യോഹ​ന്നാൻ തന്റെ ശിഷ്യ​ന്മാ​രെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​തു​പോ​ലെ ഞങ്ങളെ​യും പഠിപ്പി​ക്കേ​ണമേ” എന്നു പറയുന്നു. (ലൂക്കോസ്‌ 11:1) ഏതാണ്ട്‌ ഒന്നര വർഷം മുമ്പ്‌ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ട​യിൽ യേശു അതെക്കു​റിച്ച്‌ പറഞ്ഞതാണ്‌. (മത്തായി 6:9-13) ഒരുപക്ഷേ ഈ ശിഷ്യൻ അന്ന്‌ അവിടെ ഇല്ലായി​രു​ന്നി​രി​ക്കാം. അതു​കൊണ്ട്‌ യേശു അതിലെ പ്രധാ​ന​പ്പെട്ട ആശയങ്ങൾ വീണ്ടും പറയുന്നു. എന്നിട്ട്‌ മടുത്തു​പോ​കാ​തെ പ്രാർഥി​ക്കേ​ണ്ട​തി​ന്റെ ആവശ്യം ഊന്നി​പ്പ​റ​യാൻ ഒരു ദൃഷ്ടാ​ന്ത​വും ഉപയോ​ഗി​ക്കു​ന്നു.

“നിങ്ങളിൽ ഒരാൾക്ക്‌ ഒരു കൂട്ടു​കാ​ര​നു​ണ്ടെന്നു വിചാ​രി​ക്കുക. നിങ്ങൾ അർധരാ​ത്രി അയാളു​ടെ അടുത്ത്‌ ചെന്ന്‌ പറയുന്നു: ‘സ്‌നേ​ഹി​താ, എനിക്കു മൂന്ന്‌ അപ്പം കടം തരണം. എന്റെ ഒരു കൂട്ടു​കാ​രൻ യാത്രയ്‌ക്കി​ട​യിൽ എന്റെ അടുത്ത്‌ വന്നിട്ടുണ്ട്‌. അവനു കൊടു​ക്കാൻ എന്റെ കൈയിൽ ഒന്നുമില്ല.’ അപ്പോൾ അകത്തു​നിന്ന്‌ അയാൾ പറയുന്നു, ‘വെറുതേ ശല്യ​പ്പെ​ടു​ത്താ​തി​രിക്ക്‌! വാതിൽ അടച്ചു​ക​ഴി​ഞ്ഞു. കുട്ടികൾ എന്റെകൂ​ടെ കിടക്കു​ക​യാണ്‌. എഴു​ന്നേറ്റ്‌ നിനക്ക്‌ എന്തെങ്കി​ലും തരാൻ എനിക്ക്‌ ഇപ്പോൾ പറ്റില്ല.’ കൂട്ടു​കാ​ര​നാ​ണെന്ന കാരണ​ത്താൽ അയാൾ എഴു​ന്നേറ്റ്‌ എന്തെങ്കി​ലും കൊടു​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല. പക്ഷേ മടുത്ത്‌ പിന്മാ​റാ​തെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നാൽ അതിന്റെ പേരിൽ അയാൾ എഴു​ന്നേറ്റ്‌ ആവശ്യ​മു​ള്ളതു കൊടു​ക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”​—ലൂക്കോസ്‌ 11:5-8.

ഈ കൂട്ടു​കാ​ര​നെ​പ്പോ​ലെ അപേക്ഷകൾ കേൾക്കാൻ യഹോ​വയ്‌ക്കു മനസ്സി​ല്ലെന്നല്ല യേശു പറയു​ന്നത്‌. മറിച്ച്‌ വിശ്വസ്‌ത​ദാ​സർ ആത്മാർഥ​മാ​യി പ്രാർഥി​ക്കു​മ്പോൾ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താവ്‌ തീർച്ച​യാ​യും അതു കേൾക്കും എന്നാണു യേശു ഉദ്ദേശി​ക്കു​ന്നത്‌. കാരണം മടുത്തു​പോ​കാ​തെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ കഠിന​ഹൃ​ദ​യ​നായ ആ കൂട്ടു​കാ​രൻപോ​ലും അപേക്ഷ സാധി​ച്ചു​കൊ​ടു​ത്ത​ല്ലോ. എന്നിട്ട്‌ യേശു ഇങ്ങനെ​യും പറയുന്നു: “ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും. കാരണം, ചോദി​ക്കു​ന്ന​വർക്കെ​ല്ലാം കിട്ടുന്നു. അന്വേ​ഷി​ക്കു​ന്ന​വ​രെ​ല്ലാം കണ്ടെത്തു​ന്നു. മുട്ടു​ന്ന​വർക്കെ​ല്ലാം തുറന്നു​കി​ട്ടു​ന്നു.”​—ലൂക്കോസ്‌ 11:9, 10.

തുടർന്ന്‌ മനുഷ്യ​രു​ടെ ഇടയിലെ പിതാ​ക്ക​ന്മാ​രു​മാ​യി താരത​മ്യം ചെയ്‌തു​കൊണ്ട്‌ താൻ പറഞ്ഞ ആശയം യേശു ഒന്നുകൂ​ടി വ്യക്തമാ​ക്കു​ന്നു: “നിങ്ങളിൽ ഏതെങ്കി​ലും പിതാവ്‌, മകൻ മീൻ ചോദി​ച്ചാൽ അതിനു പകരം പാമ്പിനെ കൊടു​ക്കു​മോ? മുട്ട ചോദി​ച്ചാൽ തേളിനെ കൊടു​ക്കു​മോ? മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടു​ക്കാൻ ദുഷ്ടന്മാ​രായ നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ സ്വർഗ​സ്ഥ​നായ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ എത്രയ​ധി​കം കൊടു​ക്കും!” (ലൂക്കോസ്‌ 11:11-13) നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മൾ പറയു​ന്നതു കേൾക്കാ​നും നമ്മുടെ ആവശ്യങ്ങൾ നടത്തി​ത്ത​രാ​നും മനസ്സു​കാ​ണി​ക്കും എന്നതിന്റെ എത്ര നല്ല ഉറപ്പ്‌!