വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

വാഗ്‌ദാ​നം ചെയ്‌തി​രുന്ന കുഞ്ഞ്‌

വാഗ്‌ദാ​നം ചെയ്‌തി​രുന്ന കുഞ്ഞ്‌

ലൂക്കോസ്‌ 2:21-39

  • യേശു​വി​നെ പരി​ച്ഛേദന ചെയ്യി​ക്കു​ക​യും പിന്നീട്‌ ആലയത്തി​ലേക്കു കൊണ്ടു​വ​രു​ക​യും ചെയ്യുന്നു

യോ​സേ​ഫും മറിയ​യും നസറെ​ത്തി​ലേക്കു തിരി​ച്ചു​പോ​കാ​തെ യരുശ​ലേ​മിൽത്തന്നെ തങ്ങുന്നു. ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമ​ത്തിൽ ആവശ്യ​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ എട്ടാം ദിവസം അവർ യേശു​വി​നെ പരി​ച്ഛേദന ചെയ്യി​ക്കു​ന്നു. (ലേവ്യ 12:2, 3) ആൺകു​ട്ടി​കൾക്കു പേരി​ടു​ന്ന​തും സാധാ​ര​ണ​ഗ​തി​യിൽ ആ ദിവസം​ത​ന്നെ​യാ​യി​രു​ന്നു. ഗബ്രി​യേൽ ദൈവ​ദൂ​തൻ പറഞ്ഞതു​പോ​ലെ അവർ കുഞ്ഞിന്‌ യേശു എന്നു പേരിട്ടു.

ഒരു മാസം കടന്നു​പോ​യി. യേശു​വിന്‌ ഇപ്പോൾ 40 ദിവസം പ്രായ​മുണ്ട്‌. യേശു​വി​നെ​യും​കൊണ്ട്‌ അപ്പനും അമ്മയും ഇപ്പോൾ എങ്ങോ​ട്ടാ​ണു പോകു​ന്നത്‌? യരുശ​ലേ​മി​ലെ ആലയത്തി​ലേക്ക്‌. അവർ താമസി​ക്കു​ന്നി​ട​ത്തു​നിന്ന്‌ അങ്ങോട്ട്‌ ഏതാനും കിലോ​മീ​റ്റ​റേ​യു​ള്ളൂ. ഒരു ആൺകുഞ്ഞു ജനിച്ചാൽ 40 ദിവസം കഴിയു​മ്പോൾ അമ്മ യരുശ​ലേ​മി​ലെ ആലയത്തിൽ ചെന്ന്‌ ശുദ്ധീ​ക​ര​ണ​യാ​ഗം അർപ്പി​ക്ക​ണ​മെന്നു ദൈവ​നി​യമം ആവശ്യ​പ്പെ​ട്ടി​രു​ന്നു.​—ലേവ്യ 12:4-8.

അതാണു മറിയ ചെയ്യു​ന്നത്‌. യാഗം അർപ്പി​ക്കാൻ മറിയ രണ്ടു ചെറിയ പക്ഷികളെ കൊണ്ടു​വ​രു​ന്നു. ഇതിൽനിന്ന്‌ യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും സാമ്പത്തി​ക​സ്ഥി​തി​യെ​ക്കു​റിച്ച്‌ നമുക്കു മനസ്സി​ലാ​ക്കാം. ദൈവ​നി​യ​മ​മ​നു​സ​രിച്ച്‌ ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ​യും ഒരു പക്ഷി​യെ​യും ആണ്‌ യാഗം അർപ്പി​ക്കേ​ണ്ടത്‌. എന്നാൽ ആടിനെ അർപ്പി​ക്കാ​നുള്ള വകയി​ല്ലെ​ങ്കിൽ രണ്ടു ചെങ്ങാ​ലി​പ്രാ​വു​ക​ളെ​യോ രണ്ടു നാട്ടു​പ്രാ​വു​ക​ളെ​യോ അർപ്പി​ക്കാം. മറിയ​യ്‌ക്ക്‌ അതിനുള്ള വകയേ ഉള്ളൂ, അതാണു മറിയ അർപ്പി​ക്കു​ന്ന​തും.

ആലയത്തിൽവെച്ച്‌ പ്രായ​മേ​റിയ ഒരാൾ യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും അടുത്ത്‌ വരുന്നു. ശിമെ​യോൻ എന്നാണ്‌ അദ്ദേഹ​ത്തി​ന്റെ പേര്‌. മരിക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹ​ത്തിന്‌, യഹോവ വാഗ്‌ദാ​നം ചെയ്‌ത ക്രിസ്‌തു​വി​നെ അല്ലെങ്കിൽ മിശി​ഹയെ കാണാൻ പറ്റു​മെന്ന്‌ ദൈവം വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തി​രു​ന്നു. പരിശു​ദ്ധാ​ത്മാ​വാണ്‌ ശിമെ​യോ​നെ അന്ന്‌ ആലയത്തി​ലേക്കു നയിക്കു​ന്നത്‌. അവിടെ യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും കൂടെ അദ്ദേഹം കുഞ്ഞിനെ കാണുന്നു. ശിമെ​യോൻ കുഞ്ഞിനെ കൈയിൽ എടുക്കു​ന്നു.

യേശു​വി​നെ കൈയിൽ പിടി​ച്ചു​കൊണ്ട്‌ ശിമെ​യോൻ ദൈവ​ത്തി​നു നന്ദി നൽകി ഇങ്ങനെ പറയുന്നു: “പരമാ​ധി​കാ​രി​യാം കർത്താവേ, അങ്ങ്‌ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ അടിയന്‌ ഇനി സമാധാ​ന​ത്തോ​ടെ മരിക്കാ​മ​ല്ലോ. കാരണം അങ്ങയുടെ രക്ഷാമാർഗം ഞാൻ എന്റെ കണ്ണു​കൊണ്ട്‌ കണ്ടിരി​ക്കു​ന്നു. എല്ലാ ജനതകൾക്കും കാണാൻ പാകത്തിന്‌ അങ്ങ്‌ അതു നൽകി​യി​രി​ക്കു​ന്നു. ഇവൻ, ജനതക​ളിൽനിന്ന്‌ ഇരുട്ടി​ന്റെ മൂടു​പടം നീക്കുന്ന വെളി​ച്ച​വും അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ മഹത്ത്വ​വും ആണല്ലോ.”​—ലൂക്കോസ്‌ 2:29-32.

ആ വാക്കുകൾ കേട്ട്‌ യോ​സേ​ഫും മറിയ​യും അത്ഭുത​പ്പെ​ടു​ന്നു. ശിമെ​യോൻ അവരെ അനു​ഗ്ര​ഹി​ച്ചു​കൊണ്ട്‌ യേശു​വി​നെ​ക്കു​റിച്ച്‌ മറിയ​യോ​ടു പറയുന്നു: “ഇസ്രാ​യേ​ലിൽ അനേക​രു​ടെ വീഴ്‌ച​യ്‌ക്കും എഴു​ന്നേൽപ്പി​നും ഇവൻ കാരണ​മാ​കും.” മൂർച്ച​യുള്ള വാൾപോ​ലെ ആ സങ്കടം മറിയ​യു​ടെ പ്രാണ​നി​ലൂ​ടെ തുളച്ചു​ക​യ​റു​മെ​ന്നും അദ്ദേഹം പറയുന്നു.​—ലൂക്കോസ്‌ 2:34.

മറ്റൊ​രാ​ളും അന്ന്‌ അവി​ടെ​യുണ്ട്‌. 84 വയസ്സുള്ള അന്ന. അവർ ഒരു പ്രവാ​ചി​ക​യാണ്‌. ഒരു ദിവസം​പോ​ലും മുടങ്ങാ​തെ അന്ന ആലയത്തിൽ വരും. യോ​സേ​ഫി​നെ​യും മറിയ​യെ​യും അവരുടെ കുഞ്ഞി​നെ​യും കാണു​മ്പോൾ അന്ന അടു​ത്തേക്കു വരുന്നു. അന്ന ദൈവ​ത്തി​നു നന്ദിയർപ്പി​ക്കു​ക​യും ശ്രദ്ധി​ക്കു​ന്ന​വ​രോ​ടെ​ല്ലാം യേശു​വി​നെ​ക്കു​റി​ച്ചു പറയു​ക​യും ചെയ്യുന്നു.

ആലയത്തി​ലെ ഈ സംഭവങ്ങൾ കണ്ട്‌ യോ​സേ​ഫി​നും മറിയ​യ്‌ക്കും എത്രമാ​ത്രം സന്തോഷം തോന്നി​യി​രി​ക്കണം! ഇതെല്ലാം കാണു​മ്പോൾ ദൈവം വാഗ്‌ദാ​നം ചെയ്‌ത ശിശു​വാ​ണു തങ്ങളുടെ കുഞ്ഞ്‌ എന്ന അവരുടെ ബോധ്യം ഒന്നുകൂ​ടെ ശക്തമാ​കു​ന്നു.