അധ്യായം 10
യേശുവും വീട്ടുകാരും യരുശലേമിലേക്കു പോകുന്നു
-
പന്ത്രണ്ടു വയസ്സുള്ള യേശു ഉപദേഷ്ടാക്കളോടു ചോദ്യങ്ങൾ ചോദിക്കുന്നു
-
യേശു യഹോവയെക്കുറിച്ച് ‘എന്റെ പിതാവ് ’ എന്നു പറയുന്നു
ഇതു വസന്തകാലമാണ്. യരുശലേമിലേക്കുള്ള യാത്രയ്ക്കു സമയമായി. യോസേഫും കുടുംബവും എല്ലാ വർഷവും സ്നേഹിതരുടെയും ബന്ധുക്കളുടെയും കൂടെ അങ്ങോട്ടു പോകാറുണ്ട്. ഇസ്രായേല്യർക്കു ദൈവം കൊടുത്ത നിയമം ആവശ്യപ്പെടുന്നതുപോലെ പെസഹ ആഘോഷിക്കാനാണ് അവർ പോകുന്നത്. (ആവർത്തനം 16:16) നസറെത്തിൽനിന്ന് യരുശലേമിലേക്ക് ഏകദേശം 120 കിലോമീറ്ററുണ്ട്. എല്ലാവരും നല്ല തിരക്കിലാണ്, ഒപ്പം ആവേശത്തിലും. യേശുവിന് ഇപ്പോൾ 12 വയസ്സുണ്ട്. ആലയത്തിൽ പോകാനും ഉത്സവം ആഘോഷിക്കാനും യേശുവിന് എത്ര ഉത്സാഹമാണെന്നോ!
യേശുവിനും വീട്ടുകാർക്കും പെസഹ വെറും ഒറ്റ ദിവസത്തെ ആഘോഷമല്ല. പെസഹയുടെ പിറ്റേന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം തുടങ്ങും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണത്. (മർക്കോസ് 14:1) അതും പെസഹ ആഘോഷത്തിന്റെ ഭാഗമായിത്തന്നെ കണക്കാക്കിയിരുന്നു. നസറെത്തിലെ വീട്ടിൽനിന്നുള്ള യാത്ര, യരുശലേമിലെ താമസം, മടക്കയാത്ര എല്ലാംകൂടി ഏകദേശം രണ്ടാഴ്ചയെടുക്കും. എന്നാൽ ഈ വർഷം അത് അല്പംകൂടി നീണ്ടുപോകുന്നു. യേശുവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവമാണു കാരണം. യരുശലേമിൽനിന്നുള്ള മടക്കയാത്രയിലാണു നടന്നത് എന്താണെന്ന് വീട്ടുകാർ അറിയുന്നത്.
യാത്രയ്ക്കിടയിൽ യോസേഫും മറിയയും വിചാരിക്കുന്നത്, തങ്ങളുടെകൂടെ വടക്കോട്ട് യാത്ര ചെയ്യുന്ന ബന്ധുക്കളുടെയും സ്നേഹിതരുടെയും കൂട്ടത്തിൽ യേശു കാണുമെന്നാണ്. രാത്രി താമസിക്കാനുള്ള സ്ഥലത്ത് എത്തുമ്പോഴാണ് അവർ അറിയുന്നത് യേശു കൂടെയില്ലെന്ന്. അവർ ഉടനെ കൂടെ യാത്ര ചെയ്തിരുന്നവരുടെ അടുത്ത് അന്വേഷിച്ചു. പക്ഷേ, യേശുവിനെ അവിടെയെങ്ങും കാണാനില്ല! അതുകൊണ്ട് യോസേഫും മറിയയും യേശുവിനെ അന്വേഷിച്ച് യരുശലേമിലേക്കു പുറപ്പെട്ടു.
ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും യേശുവിനെ കണ്ടെത്തുന്നില്ല. രണ്ടാം ദിവസവും കാണുന്നില്ല. മൂന്നാം ദിവസം, ആ ആലയത്തിലെ ഓരോ മുറിയിലും യേശുവിനെ അന്വേഷിച്ച് അവസാനം അവർ മകനെ കണ്ടെത്തുന്നു. ഉപദേഷ്ടാക്കളുടെ നടുവിൽ ഇരിക്കുകയാണ് യേശു! അവർ പറയുന്നതെല്ലാം യേശു ശ്രദ്ധിച്ചുകേൾക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. യേശുവിന്റെ ഗ്രാഹ്യത്തിൽ ആ ഉപദേഷ്ടാക്കൾ അതിശയിച്ചുപോകുന്നു!
“മോനേ, നീ എന്തിനാണ് ഞങ്ങളോട് ഇതു ചെയ്തത്” എന്നു മറിയ ചോദിക്കുന്നു. “നിന്റെ അപ്പനും ഞാനും ആധിപിടിച്ച് നിന്നെ എവിടെയെല്ലാം തിരഞ്ഞെന്നോ!”—ലൂക്കോസ് 2:48.
താൻ എവിടെയായിരിക്കുമെന്ന് അവർക്ക് അറിയില്ലാഞ്ഞതിൽ യേശു അതിശയിക്കുന്നു. “നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചുനടന്നത്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലുണ്ടായിരിക്കുമെന്നു നിങ്ങൾക്ക് അറിയില്ലായിരുന്നോ,” യേശു ചോദിക്കുന്നു.—ലൂക്കോസ് 2:49.
ഇപ്പോൾ യേശുവിനെ കണ്ടുപിടിച്ച സ്ഥിതിക്ക് യോസേഫും മറിയയും മകനെയും കൂട്ടി നസറെത്തിലെ വീട്ടിലേക്കു മടങ്ങുന്നു. അവിടെ യേശു അവർക്കു കീഴ്പെട്ടിരിക്കുന്നു. യേശു വളർന്നുവലുതാകുകയും കൂടുതൽക്കൂടുതൽ അറിവ് നേടുകയും ചെയ്യുന്നു. ഒരു കുട്ടിയാണെങ്കിലും യേശുവിനു ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയുണ്ടായിരുന്നു. ചെറുപ്പംമുതൽത്തന്നെ യേശു ആത്മീയകാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തു. കൂടാതെ മാതാപിതാക്കളെ ബഹുമാനിക്കുകയും ചെയ്തു. അങ്ങനെ നല്ലൊരു മാതൃക വെച്ചു.