അധ്യായം 83
ഭക്ഷണത്തിനുള്ള ക്ഷണം—ആരെയാണു ദൈവം ക്ഷണിക്കുന്നത്?
-
താഴ്മയുടെ ഒരു പാഠം
-
ക്ഷണിക്കപ്പെട്ട അതിഥികൾ ഒഴികഴിവുകൾ പറയുന്നു
ശരീരം മുഴുവൻ നീരുവെച്ച മനുഷ്യനെ സുഖപ്പെടുത്തിയശേഷം യേശു ഇപ്പോഴും പരീശന്റെ വീട്ടിൽത്തന്നെയാണ്. അവിടെ ഭക്ഷണത്തിനു വന്ന അതിഥികൾ പ്രധാനപ്പെട്ട ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നതു യേശു കാണുന്നു. താഴ്മയുടെ ഒരു പാഠം പഠിപ്പിക്കാൻ യേശു ഈ അവസരം ഉപയോഗിക്കുന്നു.
“ആരെങ്കിലും നിങ്ങളെ ഒരു വിവാഹവിരുന്നിനു ക്ഷണിച്ചാൽ പ്രധാനപ്പെട്ട ഇരിപ്പിടത്തിൽ ചെന്ന് ഇരിക്കരുത്. അയാൾ നിങ്ങളെക്കാൾ ബഹുമാന്യനായ ഒരാളെ ക്ഷണിച്ചിട്ടുണ്ടാകാം. നിങ്ങളെ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘ഈ ഇരിപ്പിടം ഇദ്ദേഹത്തിനു കൊടുക്കുക’ എന്നു പറഞ്ഞാൽ, നിങ്ങൾക്ക് ആകെ നാണക്കേടാകും, എഴുന്നേറ്റ് ഏറ്റവും പിന്നിൽ പോയി ഇരിക്കേണ്ടിവരും.”—ലൂക്കോസ് 14:8, 9.
യേശു ഇങ്ങനെയും പറയുന്നു: “നിങ്ങളെ ക്ഷണിക്കുമ്പോൾ, ചെന്ന് ഏറ്റവും പിന്നിൽ ഇരിക്കുക. അപ്പോൾ ക്ഷണിച്ചയാൾ വന്ന് നിങ്ങളോട്, ‘സ്നേഹിതാ, മുമ്പിലേക്കു കയറി ഇരിക്കുക’ എന്നു പറയും. അപ്പോൾ മറ്റെല്ലാ അതിഥികളുടെയും മുന്നിൽ നിങ്ങൾക്കു ബഹുമാനം ലഭിക്കും.” നല്ല പെരുമാറ്റശീലങ്ങൾ ഉണ്ടായിരിക്കുന്നതു മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. യേശു വിശദീകരിക്കുന്നു: “തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.” (ലൂക്കോസ് 14:10, 11) അതെ, താഴ്മ നട്ടുവളർത്താനാണു യേശു കേൾവിക്കാരെ പ്രോത്സാഹിപ്പിക്കുന്നത്.
തന്നെ ഭക്ഷണത്തിനു ക്ഷണിച്ച പരീശനോടു യേശു മറ്റൊരു കാര്യം പറയുന്നു. ദൈവം അംഗീകരിക്കുന്ന രീതിയിൽ എങ്ങനെ ഒരു വിരുന്നുകൊടുക്കാമെന്നാണ് യേശു വിശദീകരിക്കുന്നത്. “ഒരു വിരുന്നു നടത്തുമ്പോൾ കൂട്ടുകാരെയോ സഹോദരന്മാരെയോ ബന്ധുക്കളെയോ പണക്കാരായ അയൽക്കാരെയോ അല്ല ക്ഷണിക്കേണ്ടത്. കാരണം, അവർ തിരിച്ച് താങ്കളെയും ക്ഷണിച്ചേക്കാം. അതോടെ, താങ്കൾക്കുള്ള പ്രതിഫലം കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് വിരുന്നു നടത്തുമ്പോൾ പാവപ്പെട്ടവരെയും വികലാംഗരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക. തിരിച്ചുതരാൻ അവരുടെ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ട് താങ്കൾക്കു സന്തോഷിക്കാം.”—ലൂക്കോസ് 14:12-14.
ബന്ധുക്കളെയും കൂട്ടുകാരെയും അയൽക്കാരെയും ഭക്ഷണത്തിനു ക്ഷണിക്കുക സ്വാഭാവികമാണ്. ഇതൊന്നും തെറ്റാണെന്നല്ല യേശു പറയുന്നത്. മറിച്ച് പാവപ്പെട്ടവരെയും വികലാംഗരെയും അന്ധരെയും മറ്റും ക്ഷണിക്കുന്നെങ്കിൽ വലിയ അനുഗ്രഹങ്ങൾ കിട്ടുമെന്നു വ്യക്തമാക്കുകയായിരുന്നു യേശു. “നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ താങ്കൾക്കു പ്രതിഫലം ലഭിക്കും” എന്ന് യേശു ആതിഥേയനോടു പറയുന്നു. യേശുവിന്റെകൂടെയുണ്ടായിരുന്ന അതിഥികളിൽ ഒരാൾ അതിനോടു യോജിച്ചുകൊണ്ട്, “ദൈവരാജ്യത്തിൽ വിരുന്നിന് ഇരിക്കുന്നവൻ സന്തുഷ്ടൻ” എന്നു പറയുന്നു. (ലൂക്കോസ് 14:15) ഇത് എത്ര വലിയ ഒരു പദവിയായിരിക്കുമെന്ന് അയാൾക്കു മനസ്സിലായി. എങ്കിലും എല്ലാവർക്കും ഇത്തരത്തിലുള്ള വിലമതിപ്പില്ല. യേശു തുടർന്ന് ഒരു ദൃഷ്ടാന്തത്തിലൂടെ അതു വ്യക്തമാക്കുന്നു:
“ഒരാൾ വലിയൊരു അത്താഴവിരുന്ന് ഒരുക്കി അനേകരെ ക്ഷണിച്ചു. . . . അടിമയെ അയച്ച്, അയാൾ ക്ഷണിച്ചിരുന്നവരോട്, ‘വരൂ, എല്ലാം തയ്യാറാണ് ’ എന്ന് അറിയിച്ചു. എന്നാൽ എല്ലാവരും ഒരുപോലെ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. ആദ്യത്തെയാൾ അടിമയോടു പറഞ്ഞു: ‘ഞാൻ ഒരു വയൽ വാങ്ങി. എനിക്കു പോയി അതൊന്നു കാണണം. എന്നോടു ക്ഷമിക്കൂ.’ മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങി. അവ എങ്ങനെയുണ്ടെന്നു നോക്കാൻ പോകുകയാണ്. എന്നോടു ക്ഷമിക്കണം.’ വേറൊരാൾ പറഞ്ഞു: ‘ഞാൻ കല്യാണം കഴിച്ചതേ ഉള്ളൂ. അതുകൊണ്ട് എനിക്കു വരാൻ കഴിയില്ല.’”—ലൂക്കോസ് 14:16-20.
അതൊക്കെ മുടന്തൻ ന്യായങ്ങളാണ്! കാരണം വാങ്ങുന്നതിനു മുമ്പാണ് സാധാരണഗതിയിൽ വയൽ കാണാനും മൃഗങ്ങളെ നോക്കാനും ഒക്കെ പോകുന്നത്. വാങ്ങിച്ചതിനു ശേഷം അത്ര തിരക്കുകൂട്ടി അതു നോക്കാൻ പോകേണ്ടതില്ല. ഇനി, മൂന്നാമത്തെ ആളാണെങ്കിൽ കല്യാണം കഴിക്കാൻ ഒരുങ്ങുകയല്ല, ഇപ്പോൾത്തന്നെ വിവാഹിതനാണ്. അതുകൊണ്ട് ഈ പ്രധാനപ്പെട്ട ക്ഷണം സ്വീകരിക്കുന്നതിൽനിന്ന് അത് അയാളെ തടയരുതാത്തതാണ്. ഈ ഒഴികഴിവുകൾ കേട്ട് യജമാനൻ ദേഷ്യത്തോടെ അടിമയോടു പറയുന്നു:
“വേഗം ചെന്ന് നഗരത്തിലെ പ്രധാനതെരുവുകളിലും ഇടവഴികളിലും കാണുന്ന ദരിദ്രരെയും വികലാംഗരെയും അന്ധരെയും മുടന്തരെയും കൂട്ടിക്കൊണ്ടുവരൂ.” അടിമ അങ്ങനെ ചെയ്തതിനു ശേഷവും സ്ഥലം ബാക്കിയുണ്ട്. അപ്പോൾ യജമാനൻ അടിമയോടു പറയുന്നു: “തെരുവുകളിലും ഊടുവഴികളിലും ചെന്ന് കാണുന്നവരെയെല്ലാം വരാൻ നിർബന്ധിക്കുക. എന്റെ വീട് ആളുകളെക്കൊണ്ട് നിറയട്ടെ. ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ക്ഷണിച്ചവർ ആരും എന്റെ അത്താഴവിരുന്ന് ആസ്വദിക്കില്ല.”—ലൂക്കോസ് 14:21-24.
യേശു ഇപ്പോൾ പറഞ്ഞ കാര്യം, സ്വർഗരാജ്യത്തിനുവേണ്ടിയുള്ളവരെ ദൈവമായ യഹോവ യേശുക്രിസ്തുവിലൂടെ ക്ഷണിക്കുന്നതിനെ നന്നായി ഉദാഹരിക്കുന്നു. ജൂതന്മാർക്കായിരുന്നു ആദ്യക്ഷണം, പ്രത്യേകിച്ച് മതനേതാക്കന്മാർക്ക്. പ്രവൃത്തികൾ 10:28-48.
പക്ഷേ യേശു ശുശ്രൂഷ ചെയ്ത കാലത്തെല്ലാം അവരിൽ മിക്കവരും ആ ക്ഷണം നിരസിച്ചു. എന്നാൽ അവർക്കു മാത്രമല്ല ഈ ക്ഷണം വെച്ചുനീട്ടിയത്. ഭാവിയിൽ രണ്ടാമത്തെ ക്ഷണം, താഴേക്കിടയിലുള്ള ജൂതന്മാർക്കും ജൂതമതം സ്വീകരിച്ചവർക്കും വെച്ചുനീട്ടുമെന്നാണു യേശു ഇവിടെ വ്യക്തമാക്കുന്നത്. അതിനു ശേഷം മൂന്നാമത്തേതും അവസാനത്തേതും ആയ ക്ഷണം നൽകുന്നു. ദൈവമുമ്പാകെ ജൂതന്മാർ വിലകെട്ടവരായി കണ്ടിരുന്നവർക്കായിരുന്നു ഈ ക്ഷണം.—യേശു പറഞ്ഞ കാര്യം, അവിടെയുണ്ടായിരുന്ന അതിഥികളിൽ ഒരാളുടെ വാക്കുകൾ എത്ര ശരിയാണെന്നു വ്യക്തമാക്കുന്നു: “ദൈവരാജ്യത്തിൽ വിരുന്നിന് ഇരിക്കുന്നവൻ സന്തുഷ്ടൻ!”