വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 87

മുന്നമേ ആലോ​ചിച്ച്‌ ബുദ്ധി​പൂർവം പ്രവർത്തി​ക്കുക

മുന്നമേ ആലോ​ചിച്ച്‌ ബുദ്ധി​പൂർവം പ്രവർത്തി​ക്കുക

ലൂക്കോസ്‌ 16:1-13

  • അനീതി​ക്കാ​ര​നായ കാര്യ​സ്ഥന്റെ ദൃഷ്ടാന്തം

  • നിങ്ങളു​ടെ ധനം​കൊണ്ട്‌ “സ്‌നേ​ഹി​തരെ നേടി​ക്കൊ​ള്ളുക”

കാണാ​തെ​പോയ മകനെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം കേട്ട നികു​തി​പി​രി​വു​കാർക്കും പരീശ​ന്മാർക്കും ശാസ്‌ത്രി​മാർക്കും ഒരു കാര്യം വ്യക്തമാ​യി മനസ്സി​ലാ​യി​ട്ടു​ണ്ടാ​വും. മാനസാ​ന്ത​ര​മുള്ള പാപി​ക​ളോട്‌ ദൈവം ക്ഷമിക്കാൻ സന്നദ്ധനാണ്‌ എന്നത്‌. (ലൂക്കോസ്‌ 15:1-7, 11) യേശു അടുത്ത​താ​യി ശിഷ്യ​ന്മാ​രോ​ടാ​ണു സംസാ​രി​ക്കു​ന്നത്‌. തന്റെ കാര്യസ്ഥൻ ശരിയായ വിധത്തിൽ പ്രവർത്തി​ക്കു​ന്നി​ല്ലെന്നു മനസ്സി​ലാ​ക്കിയ ഒരു ധനിക​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം യേശു അവരോ​ടു പറയുന്നു.

യജമാ​ന​ന്റെ വസ്‌തു​വ​കകൾ ദുരു​പ​യോ​ഗം ചെയ്‌തെന്ന കുറ്റമാണ്‌ കാര്യസ്ഥന്റെ മേലുള്ളത്‌. അതു​കൊണ്ട്‌, കാര്യ​സ്ഥനെ പിരി​ച്ചു​വി​ടു​മെന്നു യജമാനൻ പറയുന്നു. “യജമാനൻ എന്നെ പണിയിൽനിന്ന്‌ പിരി​ച്ചു​വി​ടു​ക​യാ​ണ​ല്ലോ. കിളയ്‌ക്കാ​നുള്ള ആരോ​ഗ്യം എനിക്കില്ല. ആരു​ടെ​യെ​ങ്കി​ലും മുന്നിൽ കൈ നീട്ടു​ന്നതു നാണ​ക്കേ​ടു​മാണ്‌.” അതു​കൊണ്ട്‌, “ഞാൻ ഇനി എന്തു ചെയ്യും?” എന്ന ആശങ്കയി​ലാണ്‌ കാര്യസ്ഥൻ. നേരി​ടാ​നുള്ള കാര്യങ്ങൾ മുന്നിൽ കണ്ട്‌ കാര്യസ്ഥൻ ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്നു: “എന്നെ കാര്യ​സ്ഥ​പ്പ​ണി​യിൽനിന്ന്‌ നീക്കി​യാ​ലും ആളുകൾ എന്നെ അവരുടെ വീടു​ക​ളിൽ സ്വീക​രി​ക്ക​ണ​മെ​ങ്കിൽ എന്തെങ്കി​ലും ചെയ്യണം. അതി​നൊ​രു വഴിയുണ്ട്‌.” പെട്ടെ​ന്നു​തന്നെ കാര്യസ്ഥൻ യജമാ​നന്റെ കടക്കാരെ വിളി​ക്കു​ന്നു. എന്നിട്ട്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “എന്റെ യജമാ​നനു നീ എത്ര കൊടു​ത്തു​തീർക്കാ​നുണ്ട്‌?”​—ലൂക്കോസ്‌ 16:3-5.

ആദ്യ​ത്തെ​യാൾ പറയുന്നു: “100 ബത്ത്‌ ഒലിവെണ്ണ.” അതായത്‌ ഏകദേശം 2,200 ലിറ്റർ. ഒരുപക്ഷേ, ഈ കടക്കാരൻ ഒരു എണ്ണ വ്യാപാ​രി​യാ​യി​രു​ന്നി​രി​ക്കാം. അല്ലെങ്കിൽ അയാൾക്ക്‌ ഒരു വലിയ ഒലിവു​തോ​ട്ടം ഉണ്ടായി​രു​ന്നി​രി​ക്കാം. കാര്യസ്ഥൻ അയാ​ളോ​ടു പറയുന്നു, “എഴുതി​വെച്ച കരാർ തിരികെ വാങ്ങി വേഗം ഇരുന്ന്‌ അത്‌ 50 (1,100 ലിറ്റർ) എന്നു മാറ്റി​യെ​ഴു​തുക.”​—ലൂക്കോസ്‌ 16:6.

“പിന്നെ കാര്യസ്ഥൻ മറ്റൊ​രാ​ളോട്‌, ‘നിനക്ക്‌ എത്ര കടമുണ്ട്‌ ’ എന്നു ചോദി​ച്ചു. ‘100 കോർ ഗോതമ്പ്‌ ’ എന്ന്‌ അയാൾ പറഞ്ഞു.” അതായത്‌ ഏകദേശം 22,000 ലിറ്റർ. “കാര്യസ്ഥൻ അയാ​ളോട്‌, ‘എഴുതി​വെച്ച കരാർ തിരികെ വാങ്ങി അത്‌ 80 എന്നു മാറ്റി​യെ​ഴു​തുക’ എന്നു പറഞ്ഞു.” അങ്ങനെ കടത്തിന്റെ 20 ശതമാനം കാര്യസ്ഥൻ അയാൾക്കു കുറച്ചു​കൊ​ടു​ത്തു.​—ലൂക്കോസ്‌ 16:7.

യജമാ​ന​ന്റെ സാമ്പത്തി​ക​കാ​ര്യ​ങ്ങൾ ഇപ്പോ​ഴും നോക്കി​ന​ട​ത്തു​ന്നത്‌ കാര്യ​സ്ഥ​നാണ്‌. അതു​കൊ​ണ്ടു​തന്നെ യജമാ​നനു മറ്റുള്ളവർ കൊടു​ത്തു​തീർക്കാ​നുള്ള കടത്തിൽ ചില ഇളവു​ക​ളൊ​ക്കെ വരുത്തു​ന്ന​തിന്‌ അയാൾക്ക്‌ അധികാ​ര​മുണ്ട്‌. കടക്കാർക്ക്‌ ഈ വിധത്തിൽ ചില ഇളവുകൾ ചെയ്‌തു​കൊ​ടു​ത്തു​കൊണ്ട്‌ കാര്യസ്ഥൻ അവരെ സുഹൃ​ത്തു​ക്ക​ളാ​ക്കു​ന്നു. ഇനി ജോലി പോയാ​ലും അവർ കാര്യ​സ്ഥനെ സഹായി​ക്കാൻ സാധ്യ​ത​യുണ്ട്‌.

സംഭവിച്ച കാര്യ​ങ്ങ​ളൊ​ക്കെ യജമാനൻ എങ്ങനെ​യോ മനസ്സി​ലാ​ക്കി. കാര്യസ്ഥൻ ചെയ്‌തതു തനിക്കു നഷ്ടം വരുത്തി​യെ​ങ്കി​ലും യജമാനൻ അയാളെ അഭിന​ന്ദി​ക്കു​ക​യാണ്‌ ചെയ്‌തത്‌. കാരണം, “നീതി​കേ​ടാ​ണു കാണി​ച്ച​തെ​ങ്കി​ലും” അയാൾ “ബുദ്ധി​പൂർവം പ്രവർത്തി​ച്ചു.” യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഈ വ്യവസ്ഥി​തി​യു​ടെ മക്കൾ അവരുടെ തലമു​റ​ക്കാ​രു​മാ​യുള്ള ഇടപാ​ടു​ക​ളിൽ വെളി​ച്ച​ത്തി​ന്റെ മക്കളെ​ക്കാൾ ബുദ്ധി​ശാ​ലി​ക​ളാണ്‌.”​—ലൂക്കോസ്‌ 16:8.

കാര്യസ്ഥൻ ചെയ്‌ത കാര്യത്തെ യേശു നിസ്സാ​രീ​ക​രി​ച്ചു​കാ​ണു​ക​യോ അദ്ദേഹ​ത്തി​ന്റെ കുടില വ്യാപാ​ര​ത​ന്ത്രത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ആയിരു​ന്നില്ല. പിന്നെ എന്താണ്‌ യേശു ഉദ്ദേശി​ച്ചത്‌? ശിഷ്യ​ന്മാ​രെ യേശു ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “നീതി​കെട്ട ധനം​കൊണ്ട്‌ നിങ്ങൾക്കു​വേണ്ടി സ്‌നേ​ഹി​തരെ നേടി​ക്കൊ​ള്ളുക. അങ്ങനെ​യാ​യാൽ അതു തീർന്നു​പോ​കു​മ്പോൾ അവർ നിങ്ങളെ നിത്യ​മായ വാസസ്ഥ​ല​ങ്ങ​ളി​ലേക്കു സ്വീക​രി​ക്കും.” (ലൂക്കോസ്‌ 16:9) ദീർഘ​വീ​ക്ഷ​ണ​ത്തി​ന്റെ​യും പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തി​ന്റെ​യും ഒരു പാഠം ഇവിടെ പഠിക്കാ​നുണ്ട്‌. ദൈവ​ത്തി​ന്റെ ദാസരായ ‘വെളി​ച്ച​ത്തി​ന്റെ മക്കൾ’ ഭാവി​യി​ലെ നിത്യ​ജീ​വി​തം മനസ്സിൽ കണ്ടു​കൊണ്ട്‌ അവരുടെ വസ്‌തു​വ​കകൾ ജ്ഞാന​ത്തോ​ടെ ഉപയോ​ഗി​ക്കണം.

ദൈവ​മാ​യ യഹോ​വയ്‌ക്കും പുത്ര​നും മാത്രമേ ഒരു വ്യക്തിയെ സ്വർഗ​രാ​ജ്യ​ത്തി​ലേ​ക്കോ ആ രാജ്യം ഭൂമി​യിൽ കൊണ്ടു​വ​രാൻപോ​കുന്ന പറുദീ​സ​യി​ലേ​ക്കോ സ്വീക​രി​ക്കാൻ കഴിയൂ. നമുക്കുള്ള വസ്‌തു​വ​കകൾ ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങളെ പിന്തു​ണയ്‌ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവരു​മാ​യി സുഹൃദ്‌ബന്ധം വളർത്തി​യെ​ടു​ക്കാൻ നമ്മൾ കഠിന​മാ​യി ശ്രമി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ സ്വർണ​വും വെള്ളി​യും സമ്പത്തും ഒക്കെ നശിച്ചി​ല്ലാ​താ​കുന്ന സമയത്ത്‌ എന്നേക്കു​മുള്ള നമ്മുടെ ഭാവി സുരക്ഷി​ത​മാ​യി​രി​ക്കും.

തങ്ങളുടെ സമ്പത്തും വസ്‌തു​വ​ക​ക​ളും സൂക്ഷിച്ച്‌ കൈകാ​ര്യം ചെയ്യു​ന്നവർ കൂടുതൽ പ്രാധാ​ന്യ​മുള്ള മറ്റു കാര്യ​ങ്ങ​ളും സൂക്ഷിച്ച്‌ കൈകാ​ര്യം ചെയ്യു​മെന്ന്‌ യേശു പറഞ്ഞു. അവരെ കാര്യങ്ങൾ വിശ്വ​സിച്ച്‌ ഏൽപ്പി​ക്കാ​നാ​കും. അതു​കൊ​ണ്ടാണ്‌ യേശു ഇങ്ങനെ പറഞ്ഞത്‌: “നീതി​കെട്ട ധനത്തിന്റെ കാര്യ​ത്തിൽ നിങ്ങൾ വിശ്വസ്‌ത​ര​ല്ലെ​ങ്കിൽ ആരെങ്കി​ലും നിങ്ങളെ യഥാർഥ​ധനം (രാജ്യ​താത്‌പ​ര്യ​ങ്ങൾപോ​ലുള്ള ഒന്ന്‌) ഏൽപ്പി​ക്കു​മോ?”​—ലൂക്കോസ്‌ 16:11.

ദൈവ​വും യേശു​വും ശിഷ്യ​ന്മാ​രെ “നിത്യ​മായ വാസസ്ഥ​ല​ങ്ങ​ളി​ലേക്കു” സ്വീക​രി​ക്കാൻ തയ്യാറാണ്‌. എന്നാൽ അവരിൽനിന്ന്‌ കൂടു​ത​ലായ ചിലത്‌ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌ എന്നാണ്‌ യേശു പറഞ്ഞത്‌. നീതി​കെട്ട ധനത്തെ സേവി​ക്കുന്ന ഒരാൾക്ക്‌ ദൈവ​ത്തി​ന്റെ ശരിക്കുള്ള സേവക​നാ​യി​രി​ക്കാൻ കഴിയില്ല. യേശു ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ഒരു അടിമയ്‌ക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റിനിന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.”​—ലൂക്കോസ്‌ 16:9, 13.