വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 84

ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​ലെ ഉത്തരവാ​ദി​ത്വം

ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​ലെ ഉത്തരവാ​ദി​ത്വം

ലൂക്കോസ്‌ 14:25-35

  • ഒരു ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​ലെ ത്യാഗങ്ങൾ

പരീശ​ന്മാ​രു​ടെ ഒരു നേതാ​വി​ന്റെ വീട്ടിൽവെച്ച്‌ ഭക്ഷണസ​മ​യത്ത്‌ യേശു വില​യേ​റിയ പല പാഠങ്ങ​ളും പഠിപ്പി​ച്ചു. യേശു ഇപ്പോൾ യരുശ​ലേ​മി​ലേ​ക്കുള്ള യാത്ര തുടരു​ക​യാണ്‌. വലിയ ഒരു ജനക്കൂട്ടം ഒപ്പമുണ്ട്‌. യഥാർഥത്തിൽ യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി​രി​ക്കാൻ താത്‌പ​ര്യ​മു​ള്ള​തു​കൊ​ണ്ടാ​ണോ അവർ കൂടെ പോകു​ന്നത്‌? എന്തു ത്യാഗം സഹിച്ചും യേശു​വി​ന്റെ അനുഗാ​മി​ക​ളാ​കാൻ അവർ തയ്യാറാ​കു​മോ?

അവരിൽ ചില​രെ​യെ​ങ്കി​ലും ഞെട്ടി​ച്ചേ​ക്കാ​വുന്ന ഒരു കാര്യം യാത്രയ്‌ക്കി​ട​യിൽ യേശു പറയുന്നു: “എന്റെ അടുത്ത്‌ വരുന്ന ഒരാൾ അയാളു​ടെ അപ്പനെ​യും അമ്മയെ​യും ഭാര്യ​യെ​യും മക്കളെ​യും സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും സ്വന്തം ജീവ​നെ​ത്ത​ന്നെ​യും വെറു​ക്കാ​തെ, അയാൾക്ക്‌ എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ കഴിയില്ല.” (ലൂക്കോസ്‌ 14:26) യേശു വാസ്‌ത​വ​ത്തിൽ എന്താണ്‌ അർഥമാ​ക്കി​യത്‌?

യേശു​വി​ന്റെ അനുഗാ​മി​ക​ളാ​കു​ന്ന​വ​രെ​ല്ലാം അവരുടെ ബന്ധുക്കളെ വെറു​ക്ക​ണ​മെന്നല്ല യേശു പറയു​ന്നത്‌. ബന്ധുക്ക​ളോ​ടുള്ള സ്‌നേഹം യേശു​വി​നോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കാൾ കുറവാ​യി​രി​ക്കണം എന്ന അർഥത്തി​ലാണ്‌ അവരെ വെറു​ക്കണം എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. അല്ലാതെ അത്താഴ​വി​രു​ന്നി​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ത്തിൽ യേശു പറഞ്ഞ ആ വ്യക്തി​യെ​പ്പോ​ലെ ആകരുത്‌ നമ്മൾ. അടുത്തി​ടെ കല്യാണം കഴിച്ചു എന്നതിന്റെ പേരിൽ പ്രധാ​ന​പ്പെട്ട ഒരു ക്ഷണമാണ്‌ അയാൾ തള്ളിക്ക​ള​ഞ്ഞത്‌! (ലൂക്കോസ്‌ 14:20) ജൂതന്മാ​രു​ടെ പൂർവി​ക​നായ യാക്കോബ്‌ ലേയയെ ‘വെറുത്തു’ എന്നും റാഹേ​ലി​നെ സ്‌നേ​ഹി​ച്ചു എന്നും പറയുന്നു. ഇതിന്റെ അർഥം ലേയ​യോ​ടുള്ള യാക്കോ​ബി​ന്റെ സ്‌നേഹം റാഹേ​ലി​നോട്‌ ഉള്ളതി​നെ​ക്കാൾ കുറവാ​യി​രു​ന്നു എന്നാണ്‌.​—ഉൽപത്തി 29:31, അടിക്കു​റിപ്പ്‌.

ഒരു ശിഷ്യൻ “സ്വന്തം ജീവ​നെ​ത്തന്നെ” അഥവാ ദേഹി​യെ​ത്തന്നെ വെറു​ക്ക​ണ​മെ​ന്നാ​ണു യേശു പറയു​ന്ന​തെന്നു കണ്ടോ. അതിന്റെ അർഥം യഥാർഥ​ശി​ഷ്യൻ സ്വന്തം ജീവ​നെ​ക്കാൾ യേശു​വി​നെ സ്‌നേ​ഹി​ക്കണം എന്നാണ്‌. ആവശ്യ​മെ​ങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെ​ടു​ത്താൻപോ​ലും അയാൾ തയ്യാറാ​കണം. അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​യി​രി​ക്കുക എന്നതു നന്നായി ആലോ​ചിച്ച്‌ എടുക്കേണ്ട ഗൗരവ​മുള്ള ഒരു ഉത്തരവാ​ദി​ത്വ​മാണ്‌, നിസ്സാ​ര​മാ​യി കാണാ​വുന്ന ഒന്നല്ല.

ഒരു ശിഷ്യ​നാ​യി​രി​ക്കു​ന്ന​തിൽ കഷ്ടപ്പാ​ടും ഉപദ്ര​വ​വും ഒക്കെ സഹിക്കു​ന്നത്‌ ഉൾപ്പെ​ട്ടേ​ക്കാം. കാരണം യേശു പറയുന്നു: “സ്വന്തം ദണ്ഡനസ്‌തം​ഭം എടുത്ത്‌ എന്നെ അനുഗ​മി​ക്കാ​ത്ത​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ കഴിയില്ല.” (ലൂക്കോസ്‌ 14:27) അതെ, യേശു​വി​ന്റെ ഒരു യഥാർഥ​ശി​ഷ്യൻ യേശു സഹിച്ച​തു​പോ​ലെ നിന്ദ സഹിക്കാൻ തയ്യാറാ​യി​രി​ക്കണം. ശത്രു​ക്ക​ളു​ടെ കൈയാൽ താൻ മരിക്കു​മെ​ന്നു​പോ​ലും യേശു പറഞ്ഞു.

ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​രി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ യേശു​വി​ന്റെ​കൂ​ടെ യാത്ര ചെയ്യു​ന്നവർ വളരെ ശ്രദ്ധാ​പൂർവം ചിന്തി​ക്കേ​ണ്ട​തുണ്ട്‌. ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു ഇതു വ്യക്തമാ​ക്കു​ന്നു. യേശു പറയുന്നു: “ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന്‌ അറിയാൻ ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​ല്ലേ? അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ അടിസ്ഥാ​നം ഇട്ടിട്ട്‌ അയാൾക്കു പണി പൂർത്തി​യാ​ക്കാൻ കഴിയാ​തെ വന്നേക്കാം.” (ലൂക്കോസ്‌ 14:28, 29) അതു​കൊണ്ട്‌ യേശു​വി​നോ​ടൊ​പ്പം യരുശ​ലേ​മി​ലേക്കു യാത്ര ചെയ്യു​ന്നവർ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​കു​ന്ന​തി​നു മുമ്പ്‌ തങ്ങളുടെ ഉത്തരവാ​ദി​ത്വം പൂർണ​മാ​യി നിറ​വേ​റ്റാൻ തീരു​മാ​നിച്ച്‌ ഉറച്ചി​രി​ക്കണം. മറ്റൊരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു ഇത്‌ ഊന്നി​പ്പ​റ​യു​ന്നു:

“10,000 പടയാ​ളി​ക​ളുള്ള ഒരു രാജാ​വി​നു നേരെ 20,000 പടയാ​ളി​ക​ളുള്ള മറ്റൊരു രാജാവ്‌ യുദ്ധത്തി​നു വരു​ന്നെന്നു കരുതുക. ഇത്രയും പേരു​മാ​യി അവരെ നേരി​ടാൻ സാധി​ക്കു​മോ എന്ന്‌ അറിയാൻ രാജാവ്‌ ആദ്യം​തന്നെ ഉപദേശം ചോദി​ക്കി​ല്ലേ? തന്നെ​ക്കൊണ്ട്‌ പറ്റി​ല്ലെന്നു തോന്നി​യാൽ, മറ്റേ രാജാവ്‌ അടുത്ത്‌ എത്തുന്ന​തി​നു മുമ്പു​തന്നെ ഈ രാജാവ്‌ സ്ഥാനപ​തി​ക​ളു​ടെ ഒരു കൂട്ടത്തെ അയച്ച്‌ സമാധാ​ന​സ​ന്ധി​ക്കാ​യി അപേക്ഷി​ക്കും.” താൻ പറഞ്ഞു​വ​രു​ന്ന​തി​ന്റെ ആശയം ഒന്നുകൂ​ടി വ്യക്തമാ​ക്കു​ന്ന​തി​നു യേശു ഇങ്ങനെ പറയുന്നു: “ഇതു​പോ​ലെ, എല്ലാ വസ്‌തു​വ​ക​ക​ളോ​ടും വിട പറയാതെ നിങ്ങളിൽ ആർക്കും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ കഴിയില്ല.”​—ലൂക്കോസ്‌ 14:31-33.

തന്റെ പിന്നാലെ വരുന്ന ആ ജനക്കൂ​ട്ടത്തെ ഉദ്ദേശി​ച്ചു മാത്രമല്ല യേശു ഇതു പറയു​ന്നത്‌. ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ പഠിക്കുന്ന എല്ലാവ​രും യേശു പറഞ്ഞ ഇക്കാര്യം ചെയ്യാൻ തയ്യാറാ​കണം. അതിന്റെ അർഥം യേശു​വി​ന്റെ ഒരു ശിഷ്യ​നാ​കാൻ ഒരാൾ തനിക്കു​ള്ള​തെ​ല്ലാം—തന്റെ വസ്‌തു​വ​ക​ക​ളും ജീവൻപോ​ലും​—ത്യജി​ക്കണം എന്നാണ്‌. വളരെ ചിന്തി​ക്കേണ്ട, പ്രാർഥി​ക്കേണ്ട ഒരു വിഷയ​മാണ്‌ ഇത്‌.

അടുത്ത​താ​യി, ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ചെറു​താ​യി പരാമർശിച്ച ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌, തന്റെ ശിഷ്യ​ന്മാർ “ഭൂമി​യു​ടെ ഉപ്പാണ്‌ ” എന്നു പറഞ്ഞതി​നെ​ക്കു​റിച്ച്‌, യേശു ഒന്നുകൂ​ടി പറയുന്നു. (മത്തായി 5:13) ഭക്ഷണസാ​ധ​നങ്ങൾ കേടാ​കാ​തെ ഉപ്പ്‌ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ ആളുകളെ സംരക്ഷി​ക്കു​ന്ന​തിൽ ശിഷ്യ​ന്മാർക്കു വലിയ ഒരു പങ്കുണ്ട്‌ എന്നായി​രി​ക്കാം യേശു ഉദ്ദേശി​ച്ചത്‌. അതായത്‌, ആത്മീയ​വും ധാർമി​ക​വും ആയി ‘കേടാ​കാ​തെ’ അവരെ സംരക്ഷി​ക്കാൻ ശിഷ്യ​ന്മാർക്കു കഴിയും എന്ന്‌. തന്റെ ശുശ്രൂഷ അവസാ​ന​ത്തോട്‌ അടുക്കുന്ന ഈ സമയത്ത്‌ യേശു പറയുന്നു: “ഉപ്പു നല്ലതു​തന്നെ. എന്നാൽ അതിന്‌ ഉപ്പുരസം നഷ്ടമാ​യാൽ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം വരുത്തും?” (ലൂക്കോസ്‌ 14:34) അന്ന്‌ ലഭ്യമാ​യി​രുന്ന ചില ഉപ്പ്‌ മണ്ണും മറ്റും കലർന്ന്‌ അശുദ്ധ​മാ​യി​രു​ന്നെ​ന്നും അതു​കൊണ്ട്‌ ഉപയോ​ഗി​ക്കാൻ പറ്റില്ലാ​യി​രു​ന്നെ​ന്നും യേശു​വി​ന്റെ ശ്രോ​താ​ക്കൾക്ക്‌ അറിയാം.

അതു​കൊണ്ട്‌ ദീർഘ​കാ​ല​മാ​യി യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​രു​ന്ന​വർപോ​ലും തങ്ങളുടെ ദൃഢനി​ശ്ച​യ​ത്തിന്‌ ഇളക്കം തട്ടാതെ സൂക്ഷി​ക്ക​ണ​മെ​ന്നാ​ണു യേശു പറയു​ന്നത്‌. അഥവാ അങ്ങനെ​യെ​ങ്ങാ​നും സംഭവി​ച്ചാൽ ഉപ്പുരസം നഷ്ടമായ ഉപ്പു​പോ​ലെ ശിഷ്യ​ന്മാ​രും പ്രയോ​ജനം ഇല്ലാത്ത​വ​രാ​യി​ത്തീ​രും. അപ്പോൾ ലോകം അവരെ പരിഹ​സി​ക്കും. അതിലു​പരി ദൈവ​മു​മ്പാ​കെ അവരുടെ പ്രീതി നഷ്ടപ്പെ​ടു​ക​യും ദൈവ​നാ​മ​ത്തി​നു നിന്ദ വരുക​യും ചെയ്യും. ഇങ്ങനെ സംഭവി​ക്കാ​തെ നോ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ട്ടി​ക്കൊണ്ട്‌ യേശു പറയുന്നു: “കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ.”​—ലൂക്കോസ്‌ 14:35.