വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 138

ക്രിസ്‌തു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌

ക്രിസ്‌തു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌

പ്രവൃത്തികൾ 7:56

  • യേശു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നു

  • ശൗൽ ഒരു ശിഷ്യ​നാ​യി​ത്തീ​രു​ന്നു

  • നമുക്കു സന്തോ​ഷി​ക്കാൻ കാരണ​മുണ്ട്‌

യേശു സ്വർഗാ​രോ​ഹണം ചെയ്‌ത്‌ പത്തു ദിവസ​ത്തി​നു ശേഷം പെന്തി​ക്കോ​സ്‌ത്‌ നാളിൽ ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചത്‌ യേശു സ്വർഗ​ത്തി​ലുണ്ട്‌ എന്നതിന്റെ വ്യക്തമായ തെളി​വാ​യി​രു​ന്നു. പിന്നീട്‌ അതിന്‌ മറ്റൊരു തെളി​വും ലഭിച്ചു. യേശു​വി​ന്റെ ശിഷ്യ​നായ സ്‌തെ​ഫാ​നൊസ്‌ കല്ലെറി​യ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ആകാശങ്ങൾ തുറന്നി​രി​ക്കു​ന്ന​തും മനുഷ്യ​പു​ത്രൻ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ നിൽക്കു​ന്ന​തും ഞാൻ കാണുന്നു.”​—പ്രവൃ​ത്തി​കൾ 7:56.

പിതാ​വി​നോ​ടൊ​പ്പം ഇപ്പോൾ സ്വർഗ​ത്തി​ലുള്ള യേശു ദൈവ​വ​ച​ന​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന ഒരു പ്രത്യേ​ക​നിർദേ​ശ​ത്തി​നു​വേണ്ടി കാത്തി​രു​ന്നു. ദൈവ​പ്ര​ചോ​ദി​ത​മാ​യി ദാവീദ്‌ ഇങ്ങനെ എഴുതി: “യഹോവ എന്റെ കർത്താ​വി​നോ​ടു (യേശു​വി​നോ​ടു) പറഞ്ഞു: ‘ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.’” കാത്തി​രി​പ്പിൻ കാലം തീരു​മ്പോൾ യേശു ‘ശത്രു​ക്ക​ളു​ടെ ഇടയി​ലേക്കു ചെന്ന്‌ അവരെ കീഴടക്കി മുന്നേ​റു​മാ​യി​രു​ന്നു.’ (സങ്കീർത്തനം 110:1, 2) തന്റെ ശത്രു​ക്കൾക്കെ​തി​രെ നടപടി​യെ​ടു​ക്കുന്ന സമയം​വരെ യേശു സ്വർഗ​ത്തി​ലി​രുന്ന്‌ എന്തു ചെയ്യു​മാ​യി​രു​ന്നു?

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ക്രിസ്‌തീ​യസഭ രൂപം​കൊ​ണ്ടു. തന്റെ ആത്മാഭി​ഷിക്ത ശിഷ്യ​രു​ടെ മേൽ യേശു സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കാൻ തുടങ്ങി. (കൊ​ലോ​സ്യർ 1:13) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ യേശു അവരെ നയിക്കു​ക​യും അവരുടെ ഭാവി​യി​ലെ ഉത്തരവാ​ദി​ത്വ​ത്തി​നാ​യി ഒരുക്കു​ക​യും ചെയ്‌തു. ഏത്‌ ഉത്തരവാ​ദി​ത്വ​ത്തി​നാ​യി? മരണം​വരെ വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നവർ കാല​ക്ര​മ​ത്തിൽ പുനരു​ത്ഥാ​ന​പ്പെ​ടു​ക​യും യേശു​വി​നോ​ടൊ​പ്പം രാജ്യ​ത്തിൽ സഹരാ​ജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

ഇതി​നൊ​രു മികച്ച ഉദാഹ​രണം പൗലോസ്‌ എന്ന റോമൻ പേരിൽ അറിയ​പ്പെട്ട ശൗലാണ്‌. അദ്ദേഹം ഭാവി​യിൽ യേശു​വി​നോ​ടൊ​പ്പം ഒരു രാജാ​വാ​കു​മാ​യി​രു​ന്നു. മോശ​യു​ടെ നിയമം ദീർഘ​കാ​ലം തീക്ഷണ​ത​യോ​ടെ പിൻപ​റ്റിയ ഒരു ജൂതനാ​യി​രു​ന്നു അദ്ദേഹം. എന്നാൽ ജൂത മതനേ​താ​ക്ക​ന്മാ​രു​ടെ സ്വാധീ​ന​ത്തി​നു വഴിപ്പെട്ട ശൗൽ സ്‌തെ​ഫാ​നൊ​സി​നെ കൊല്ലു​ന്ന​തി​നു​വരെ കൂട്ടു​നി​ന്നു. ‘കർത്താ​വി​ന്റെ ശിഷ്യ​ന്മാർക്കെ​തി​രെ ഭീഷണി ഉയർത്തി​ക്കൊണ്ട്‌ ’ ശൗൽ ദമസ്‌കൊ​സി​ലേക്കു പോയി. യേശു​വി​ന്റെ അനുഗാ​മി​കളെ അറസ്റ്റു ചെയ്‌ത്‌ യരുശ​ലേ​മി​ലേക്കു തിരികെ കൊണ്ടു​വ​രാൻ മഹാപു​രോ​ഹി​ത​നായ കയ്യഫ ശൗലിനെ അധികാ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 7:58; 9:1) എന്നാൽ അങ്ങോ​ട്ടുള്ള വഴിയിൽവെച്ച്‌ ഒരു ഉജ്ജ്വല​പ്ര​കാ​ശം ശൗലിനു ചുറ്റും മിന്നി. ശൗൽ നിലത്ത്‌ വീണു.

“ശൗലേ, ശൗലേ, നീ എന്തിനാണ്‌ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌ ” എന്ന്‌ ആരോ ചോദി​ക്കു​ന്നത്‌ കേട്ടു. “കർത്താവേ, അങ്ങ്‌ ആരാണ്‌ ” എന്നു ശൗൽ ചോദി​ച്ചു. “നീ ഉപദ്ര​വി​ക്കുന്ന യേശു​വാ​ണു ഞാൻ” എന്നായി​രു​ന്നു മറുപടി.​—പ്രവൃ​ത്തി​കൾ 9:4, 5.

ദമസ്‌കൊ​സി​ലേക്കു പോകാ​നും കൂടു​ത​ലായ നിർദേ​ശ​ങ്ങൾക്കാ​യി കാത്തി​രി​ക്കാ​നും യേശു ശൗലി​നോ​ടു പറഞ്ഞു. എന്നാൽ അത്ഭുത​വെ​ളി​ച്ചം കാരണം ശൗലിന്‌ കാഴ്‌ച നഷ്ടപ്പെ​ട്ടി​രു​ന്നു. അതു​കൊണ്ട്‌ ശൗലിനെ ആരെങ്കി​ലും അങ്ങോ​ട്ടേ​യ്‌ക്കു കൂട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മാ​യി​രു​ന്നു. മറ്റൊരു ദർശന​ത്തിൽ യേശു ദമസ്‌കൊ​സി​ലുള്ള അനന്യാസ്‌ എന്ന ശിഷ്യനു പ്രത്യ​ക്ഷ​നാ​യി. എന്നിട്ട്‌ താൻ പറഞ്ഞ സ്ഥലത്ത്‌ ചെന്ന്‌ ശൗലിനെ കാണാൻ യേശു അനന്യാ​സി​നോ​ടു പറഞ്ഞു. അനന്യാ​സിന്‌ ആദ്യം ഒരു പേടി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ യേശു ഈ ഉറപ്പ്‌ കൊടു​ത്തു: “ജനതക​ളു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും ഇസ്രാ​യേൽമ​ക്ക​ളു​ടെ​യും മുമ്പാകെ എന്റെ പേര്‌ വഹിക്കാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു പാത്ര​മാണ്‌ ആ മനുഷ്യൻ.” പിന്നീട്‌ കാഴ്‌ച കിട്ടിയ ശൗൽ ദമസ്‌കൊ​സിൽ ചെന്ന്‌ “യേശു ദൈവ​പു​ത്ര​നാ​ണെന്നു പ്രസം​ഗി​ക്കാൻതു​ടങ്ങി.”​—പ്രവൃ​ത്തി​കൾ 9:15, 20.

യേശു​വി​ന്റെ പിന്തു​ണ​യോ​ടെ പൗലോ​സും മറ്റു സുവി​ശേ​ഷ​ക​രും യേശു തുടങ്ങി​വെച്ച പ്രസം​ഗ​വേ​ല​യിൽ തുടർന്നു. വലിയ നേട്ടങ്ങൾ നൽകി​ക്കൊണ്ട്‌ ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു. ദമസ്‌കൊ​സി​ലെ വഴിയിൽവെച്ച്‌ യേശു പ്രത്യ​ക്ഷ​നാ​യി ഏകദേശം 25-വർഷം കഴിഞ്ഞ​പ്പോൾ സന്തോ​ഷ​വാർത്ത “ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയി​ലും” ഘോഷി​ച്ച​താ​യി പൗലോസ്‌ എഴുതി.​—കൊ​ലോ​സ്യർ 1:23.

വർഷങ്ങൾക്കു ശേഷം, തന്റെ പ്രിയ​പ്പെട്ട ശിഷ്യ​നായ യോഹ​ന്നാ​നു യേശു ചില ദർശനങ്ങൾ നൽകി. അത്‌ ബൈബിൾപു​സ്‌ത​ക​മായ വെളി​പാ​ടിൽ കാണാം. ഈ ദർശനങ്ങൾ കണ്ട യോഹ​ന്നാൻ ഒരർഥ​ത്തിൽ യേശു രാജ്യാ​ധി​കാ​ര​ത്തിൽ വരുന്ന സമയത്തു ജീവി​ച്ചി​രു​ന്നെന്നു പറയാം. (യോഹ​ന്നാൻ 21:22) “ദൈവാ​ത്മാ​വി​നാൽ (യോഹ​ന്നാൻ) കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​യി” എന്നു തിരു​വെ​ഴു​ത്തു പറയുന്നു. (വെളി​പാട്‌ 1:10) എപ്പോ​ഴാ​യി​രി​ക്കും ആ ദിവസം?

ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ സൂക്ഷ്‌മ​മായ പഠനം ‘കർത്താ​വി​ന്റെ ദിവസം’ 1914-ൽ തുടങ്ങി​യെന്നു കാണി​ക്കു​ന്നു. ആ വർഷം ഒന്നാം ലോക​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. അതിനു ശേഷമുള്ള വർഷങ്ങ​ളി​ലെ പ്രത്യേ​ക​ത​യാ​യി​രു​ന്നു വർധിച്ച തോതി​ലുള്ള യുദ്ധങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ഭൂകമ്പ​ങ്ങ​ളും ഒക്കെ. തന്റെ ‘സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തി​ന്റെ​യും’ ‘അടയാ​ള​മാ​യി’ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു യേശു പറഞ്ഞ കാര്യ​ങ്ങ​ളു​ടെ വലിയ നിവൃ​ത്തി​യാ​യി​രു​ന്നു ഇവ. (മത്തായി 24:3, 7, 8, 14) ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത ഇന്ന്‌ റോമാ​സാ​മ്രാ​ജ്യ​ത്തിൽ മാത്രമല്ല മുഴു​ഭൂ​മി​യി​ലും ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ഇത്‌ എന്ത്‌ സൂചി​പ്പി​ക്കു​ന്നു? ദൈവ​പ്ര​ചോ​ദി​ത​നാ​യി യോഹ​ന്നാൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും ദൈവ​ത്തി​ന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും വന്നിരി​ക്കു​ന്നു.” (വെളി​പാട്‌ 12:10) അതെ, യേശു സജീവ​മാ​യി ഘോഷിച്ച ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ സ്ഥാപി​ത​മാ​യി​രി​ക്കു​ന്നു!

യേശു​വി​ന്റെ എല്ലാ വിശ്വ​സ്‌ത​ശി​ഷ്യർക്കും ഇതൊരു നല്ല വാർത്ത​യാണ്‌. യോഹ​ന്നാ​ന്റെ ഈ വാക്കുകൾ അവർക്ക്‌ മനസ്സിൽപ്പി​ടി​ക്കാ​നാ​കും: “അതു​കൊണ്ട്‌ സ്വർഗമേ, അവിടെ വസിക്കു​ന്ന​വരേ, സന്തോ​ഷി​ക്കുക! ഭൂമി​ക്കും സമു​ദ്ര​ത്തി​നും ഹാ, കഷ്ടം! തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്ന്‌ അറിഞ്ഞ്‌ പിശാച്‌ ഉഗ്രേ​കാ​പ​ത്തോ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വന്നിരി​ക്കു​ന്നു.”​—വെളി​പാട്‌ 12:12.

ഇപ്പോൾ യേശു പിതാ​വി​ന്റെ വലതു​ഭാ​ഗത്ത്‌ കാത്തി​രി​ക്കു​കയല്ല. രാജാ​വാ​യി ഭരിക്കു​ക​യാണ്‌. ഉടൻതന്നെ യേശു തന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം ഇല്ലാതാ​ക്കും. (എബ്രായർ 10:12, 13) അതിനു ശേഷം, ആവേശ​ക​ര​മായ എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ നമ്മളെ കാത്തി​രി​ക്കു​ന്നത്‌?