വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 124

ക്രിസ്‌തു​വി​നെ ഒറ്റി​ക്കൊ​ടുത്ത്‌ അറസ്റ്റ്‌ ചെയ്യുന്നു

ക്രിസ്‌തു​വി​നെ ഒറ്റി​ക്കൊ​ടുത്ത്‌ അറസ്റ്റ്‌ ചെയ്യുന്നു

മത്തായി 26:47-56; മർക്കോസ്‌ 14:43-52; ലൂക്കോസ്‌ 22:47-53; യോഹ​ന്നാൻ 18:2-12

  • യൂദാസ്‌ യേശു​വി​നെ തോട്ട​ത്തിൽവെച്ച്‌ ഒറ്റി​ക്കൊ​ടു​ക്കു​ന്നു

  • പത്രോസ്‌ മഹാപു​രോ​ഹി​തന്റെ അടിമയെ വെട്ടുന്നു

  • യേശു​വി​നെ അറസ്റ്റു ചെയ്യുന്നു

സമയം അർധരാ​ത്രി കഴിഞ്ഞി​രി​ക്കു​ന്നു. യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​തി​നു പുരോ​ഹി​ത​ന്മാർ 30 വെള്ളി​നാ​ണയം യൂദാ​സിന്‌ വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇപ്പോൾ യൂദാസ്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും അടങ്ങിയ വലിയ ജനക്കൂ​ട്ട​വു​മാ​യി യേശു​വി​നെ തേടി​പ്പി​ടി​ക്കാൻ ഇറങ്ങി. ഒരു സൈന്യാ​ധി​പ​നോ​ടൊ​പ്പം ആയുധ​ധാ​രി​ക​ളായ പടയാ​ളി​ക​ളും അവരു​ടെ​കൂ​ടെ​യുണ്ട്‌.

പെസഹ കഴിഞ്ഞ്‌ യേശു യൂദാ​സി​നെ പറഞ്ഞു​വി​ട്ട​പ്പോൾ, യൂദാസ്‌ നേരെ പോയത്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ അടുക്ക​ലേ​ക്കാ​യി​രി​ക്കാം. (യോഹ​ന്നാൻ 13:27) അവർ അവരുടെ ഭടന്മാ​രെ​യും ഒരു കൂട്ടം പടയാ​ളി​ക​ളെ​യും കൂട്ടി​വ​രു​ത്തി. യൂദാസ്‌ അവരെ​യും കൂട്ടി യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും പെസഹ ആഘോ​ഷിച്ച മുറി​യി​ലേക്കു പോയി​ക്കാ​ണും. എന്നാൽ അവരെ അവിടെ കാണാ​ത്ത​തു​കൊണ്ട്‌ അവർ കി​ദ്രോൻ താഴ്‌വര താണ്ടി തോട്ട​ത്തി​ലേക്കു നീങ്ങു​ക​യാണ്‌. ആയുധ​ങ്ങ​ളോ​ടൊ​പ്പം തീപ്പന്ത​ങ്ങ​ളും വിളക്കു​ക​ളും അവർ കരുതി​യി​ട്ടുണ്ട്‌. യേശു​വി​നെ കണ്ടുപി​ടി​ച്ചി​ട്ടു​തന്നെ കാര്യം എന്ന മട്ടിലാണ്‌ അവർ.

ഒലിവു​മ​ല​യി​ലേക്ക്‌ ആ വലിയ ജനക്കൂ​ട്ട​ത്തെ​യും​കൊണ്ട്‌ നീങ്ങുന്ന യൂദാ​സി​നെ കണ്ടാൽ യേശു എവി​ടെ​യാ​ണെന്ന കാര്യം യൂദാ​സി​നു നല്ല നിശ്ചയ​മു​ള്ള​തു​പോ​ലെ തോന്നും. യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ബഥാന്യ​യി​ലാണ്‌ താമസി​ച്ചി​രു​ന്നത്‌. ഒട്ടുമിക്ക ദിവസ​വും യരുശ​ലേ​മി​ലേക്കു പോയി​രുന്ന അവർ ഗത്ത്‌ശെമന തോട്ട​ത്തിൽ വിശ്ര​മി​ക്കു​മാ​യി​രു​ന്നു. ഇപ്പോൾ രാത്രി ഏറെ ഇരുട്ടി​യി​രി​ക്കു​ന്നു. ഒലിവു​മ​ര​ങ്ങ​ളു​ടെ നിഴൽ കാരണം അവരെ​യൊ​ന്നും അത്ര വ്യക്തമാ​യി കാണാൻ കഴിയു​ന്നില്ല. യേശു​വി​നെ ഇതുവരെ കണ്ട്‌ പരിച​യ​മി​ല്ലാത്ത പടയാ​ളി​കൾക്കു യേശു​വി​നെ തിരി​ച്ച​റി​യാൻ കഴിയു​മോ? അവരെ സഹായി​ക്കാൻ യൂദാസ്‌ ഒരു അടയാളം പറഞ്ഞൊ​ക്കു​ന്നു. യൂദാസ്‌ പറയുന്നു: “ഞാൻ ആരെയാ​ണോ ചുംബി​ക്കു​ന്നത്‌, അയാളാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്നവൻ. അയാളെ പിടിച്ച്‌ കൊണ്ടു​പൊ​യ്‌ക്കൊ​ള്ളൂ, രക്ഷപ്പെ​ടാ​തെ നോക്കണം.”​—മർക്കോസ്‌ 14:44.

ജനക്കൂ​ട്ട​വു​മാ​യി തോട്ട​ത്തിൽ എത്തിയ യൂദാസ്‌ യേശു​വി​നെ​യും അപ്പോ​സ്‌ത​ല​ന്മാ​രെ​യും കണ്ടിട്ട്‌ നേരെ അങ്ങോട്ടു ചെല്ലുന്നു. എന്നിട്ട്‌ “റബ്ബീ, നമസ്‌കാ​രം” എന്നു പറഞ്ഞ്‌ വളരെ സ്‌നേ​ഹ​ത്തോ​ടെ യേശു​വി​നെ ചുംബി ക്കുന്നു. യേശു ചോദി​ച്ചു: “സ്‌നേ​ഹി​താ, നീ എന്തിനാ​ണു വന്നത്‌?” (മത്തായി 26:49, 50) ആ ചോദ്യ​ത്തി​നു മറുപ​ടി​യും യേശു​തന്നെ പറയുന്നു: “യൂദാസേ, നീ മനുഷ്യ​പു​ത്രനെ ഒരു ചുംബ​നം​കൊണ്ട്‌ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണോ?” (ലൂക്കോസ്‌ 22:48) യൂദാ​സി​നെ​ക്കു​റിച്ച്‌ കൂടു​ത​ലൊ​ന്നും യേശു പറയാൻ ആഗ്രഹി​ച്ചില്ല!

യേശു ഇപ്പോൾ വെളി​ച്ച​ത്തേക്കു മാറി​നി​ന്നിട്ട്‌ ചോദി​ക്കു​ന്നു: “നിങ്ങൾ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌?” “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ” എന്നു ജനക്കൂട്ടം പറയുന്നു. യേശു ധൈര്യ​ത്തോ​ടെ അവരോട്‌, “അതു ഞാനാണ്‌ ” എന്നു പറഞ്ഞു. (യോഹ​ന്നാൻ 18:4, 5) അടുത്ത​താ​യി എന്താണു സംഭവി​ക്കുക എന്നു പേടിച്ച്‌ ആ പുരു​ഷ​ന്മാർ നില​ത്തേക്കു വീഴുന്നു.

ഈ അവസരം മുതലാ​ക്കി​ക്കൊണ്ട്‌ രാത്രി​യു​ടെ ഇരുളി​ലേക്ക്‌ ഓടി​മ​റ​യാൻ യേശു തുനി​ഞ്ഞില്ല. പകരം അവർ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌ എന്നു യേശു വീണ്ടും ചോദി​ക്കു​ന്നു. “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ” എന്ന്‌ അവർ പറഞ്ഞ​പ്പോൾ ശാന്തമാ​യി യേശു അവരോ​ടു പറഞ്ഞു: “അതു ഞാനാ​ണെന്നു പറഞ്ഞല്ലോ. എന്നെയാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്ന​തെ​ങ്കിൽ ഇവരെ വിട്ടേക്ക്‌.” ആരും നഷ്ടമാ​കാ​തെ നോക്കു​മെന്നു താൻ മുമ്പ്‌ പറഞ്ഞ കാര്യം ഈ നിർണാ​യ​ക​സ​മ​യ​ത്തു​പോ​ലും യേശു ഓർക്കു​ന്നു. (യോഹ​ന്നാൻ 6:39; 17:12) യേശു തന്റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രെ കാത്തു​സം​ര​ക്ഷി​ച്ചു. യൂദാസ്‌ എന്ന “നാശപു​ത്ര​ന​ല്ലാ​തെ” ആരും നഷ്ടപ്പെ​ട്ടു​പോ​യില്ല. (യോഹ​ന്നാൻ 18:7-9) തന്റെ വിശ്വ​സ്‌ത​രായ അനുഗാ​മി​കളെ പോകാൻ അനുവ​ദി​ക്ക​ണ​മെന്ന്‌ യേശു ഇപ്പോൾ അവരോട്‌ ആവശ്യ​പ്പെ​ടു​ന്നു.

പടയാ​ളി​കൾ എഴു​ന്നേറ്റ്‌ യേശു​വി​നെ പിടി​ക്കുക എന്ന ലക്ഷ്യത്തിൽ യേശു​വി​ന്റെ അടു​ത്തേക്കു വരുന്നത്‌ കണ്ടപ്പോ​ഴാണ്‌ സംഭവി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ അപ്പോ​സ്‌ത​ല​ന്മാർക്ക്‌ മനസ്സി​ലാ​കു​ന്നത്‌. “കർത്താവേ, ഞങ്ങൾ വാൾ എടുത്ത്‌ വെട്ടട്ടേ” എന്ന്‌ അവർ ചോദി​ച്ചു. (ലൂക്കോസ്‌ 22:49) യേശു മറുപടി പറയു​ന്ന​തി​നു മുമ്പേ പത്രോസ്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കൈയി​ലു​ണ്ടാ​യി​രുന്ന രണ്ടു വാളു​ക​ളിൽ ഒന്നെടുത്ത്‌ മഹാപു​രോ​ഹി​തന്റെ ദാസനായ മൽക്കൊ​സി​ന്റെ വലത്‌ ചെവി വെട്ടി.

യേശു മൽക്കൊ​സി​ന്റെ ചെവി സുഖ​പ്പെ​ടു​ത്തു​ന്നു. എന്നിട്ട്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിപ്പി​ക്കു​ന്നു. പത്രോ​സി​നോട്‌ യേശു ഇങ്ങനെ പറയുന്നു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കു​ന്ന​വ​രെ​ല്ലാം വാളിന്‌ ഇരയാ​കും.” യേശു അറസ്റ്റു ചെയ്യ​പ്പെ​ടാൻ തയ്യാറാണ്‌. കാരണം അങ്ങനെ സംഭവി​ച്ചി​ല്ലെ​ങ്കിൽ “ഇതു​പോ​ലെ സംഭവി​ക്ക​ണ​മെ​ന്നുള്ള തിരു​വെ​ഴു​ത്തു​കൾ എങ്ങനെ നിറ​വേ​റും” എന്ന്‌ യേശു ചോദി​ക്കു​ന്നു. (മത്തായി 26:52, 54) യേശു ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “പിതാവ്‌ എനിക്കു തന്നിരി​ക്കുന്ന പാനപാ​ത്രം ഞാൻ കുടി​ക്കേ​ണ്ട​തല്ലേ?” (യോഹ​ന്നാൻ 18:11) തന്നെക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം നടന്നു​കാ​ണാൻ യേശു ആഗ്രഹി​ക്കു​ന്നു. മരിക്കാൻപോ​ലും യേശു തയ്യാറാണ്‌.

യേശു ജനക്കൂ​ട്ട​ത്തോ​ടു ചോദി​ക്കു​ന്നു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടി​ക്കാൻ വരുന്ന​തു​പോ​ലെ വാളും വടിക​ളും ഒക്കെയാ​യി എന്നെ പിടി​ക്കാൻ വന്നിരി​ക്കു​ന്നത്‌? ഞാൻ ദിവസ​വും ദേവാ​ല​യ​ത്തിൽ പഠിപ്പി​ച്ചു​കൊ​ണ്ടി​രു​ന്നി​ട്ടും നിങ്ങൾ എന്നെ പിടി​ച്ചില്ല. എന്നാൽ പ്രവാ​ച​ക​ന്മാർ എഴുതി​യതു നിറ​വേ​റേ​ണ്ട​തി​നാണ്‌ ഇതൊക്കെ ഇങ്ങനെ സംഭവി​ച്ചത്‌.”​—മത്തായി 26:55, 56.

പടയാ​ളി​ക​ളു​ടെ സംഘവും സൈന്യാ​ധി​പ​നും ജൂതന്മാ​രു​ടെ ഉദ്യോ​ഗ​സ്ഥ​രും യേശു​വി​നെ പിടി​ച്ചു​കെ​ട്ടു​ന്നു. ഇതു കണ്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ല്ലാം ഓടി​പ്പോ​കു​ന്നു. എന്നാൽ “ഒരു യുവാവ്‌,” ഒരുപക്ഷേ അത്‌ ശിഷ്യ​നായ മർക്കോസ്‌ ആയിരു​ന്നി​രി​ക്കണം, യേശു​വി​ന്റെ പിന്നാലെ പോകാ​നാ​യി ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം നിൽക്കു​ന്നു. (മർക്കോസ്‌ 14:51) പക്ഷേ ആ യുവാ​വി​നെ ജനക്കൂട്ടം തിരി​ച്ച​റി​ഞ്ഞു. അവർ അയാളെ പിടി​ക്കാൻ ശ്രമി​ച്ച​പ്പോൾ ധരിച്ചി​രുന്ന ലിനൻ വസ്‌ത്രം വിട്ടിട്ട്‌ അയാൾ ഓടി​പ്പോ​കു​ന്നു.