വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാർ

യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാർ

യോഹ​ന്നാൻ 1:29-51

  • യേശു​വി​ന്റെ​കൂ​ടെ ചേരുന്ന ആദ്യശി​ഷ്യ​ന്മാർ

വിജന​ഭൂ​മി​യിൽ 40 ദിവസം താമസി​ച്ചിട്ട്‌ ഗലീല​യി​ലേക്കു തിരിച്ചു പോകു​ന്ന​തി​നു മുമ്പ്‌ യേശു, തന്നെ സ്‌നാ​ന​പ്പെ​ടു​ത്തിയ യോഹ​ന്നാ​ന്റെ അടുത്ത്‌ ചെല്ലുന്നു. യേശു വരുന്നതു കാണു​മ്പോൾ അദ്ദേഹത്തെ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ യോഹ​ന്നാൻ ചുറ്റു​മു​ള്ള​വ​രോട്‌ പറയുന്നു: “ഇതാ, ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാട്‌! ഇദ്ദേഹ​ത്തെ​ക്കു​റി​ച്ചാ​ണു മുമ്പ്‌ ഞാൻ ഇങ്ങനെ പറഞ്ഞത്‌: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറി​യി​രി​ക്കു​ന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു.’” (യോഹ​ന്നാൻ 1:29, 30) യോഹ​ന്നാൻ യേശു​വി​നെ​ക്കാൾ അല്‌പം മൂത്തതാണ്‌. പക്ഷേ യേശു ഒരു ആത്മവ്യ​ക്തി​യാ​യി സ്വർഗ​ത്തിൽ തനിക്കു മുമ്പേ ഉണ്ടായി​രു​ന്നെന്നു യോഹ​ന്നാന്‌ അറിയാം.

ഏതാനും ആഴ്‌ച​കൾക്കു മുമ്പ്‌ യേശു സ്‌നാനം ഏൽക്കാൻ വന്നപ്പോൾ യേശു​വാ​യി​രി​ക്കും മിശി​ഹ​യെന്ന്‌ യോഹ​ന്നാന്‌ അത്ര ഉറപ്പി​ല്ലാ​യി​രു​ന്നെന്നു തോന്നു​ന്നു. “എനിക്കും അദ്ദേഹത്തെ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രാ​യേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്തു​ന്ന​വ​നാ​യി വന്നത്‌ ” എന്നു യോഹ​ന്നാൻ സമ്മതി​ക്കു​ന്നു.​—യോഹ​ന്നാൻ 1:31.

യേശു​വി​നെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ എന്താണു സംഭവി​ച്ച​തെന്ന്‌ അവിടെ കൂടി​യി​രു​ന്ന​വ​രോ​ടു യോഹ​ന്നാൻ പറയുന്നു: “ആത്മാവ്‌ പ്രാവു​പോ​ലെ ആകാശ​ത്തു​നിന്ന്‌ ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. അത്‌ അദ്ദേഹ​ത്തി​ന്റെ മേൽ വസിച്ചു. എനിക്കും അദ്ദേഹത്തെ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ, വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്താൻ എന്നെ അയച്ച ദൈവം എന്നോട്‌, ‘ആത്മാവ്‌ ഇറങ്ങി​വന്ന്‌ ആരുടെ മേൽ വസിക്കു​ന്ന​താ​ണോ നീ കാണു​ന്നത്‌ അവനാണു പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നവൻ’ എന്നു പറഞ്ഞു. ഞാൻ അതു കണ്ടു. അതു​കൊണ്ട്‌ ഇദ്ദേഹ​മാ​ണു ദൈവ​പു​ത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 1:32-34.

പിറ്റേന്ന്‌ യോഹ​ന്നാ​നും രണ്ടു ശിഷ്യ​ന്മാ​രും കൂടെ നിൽക്കു​മ്പോൾ വീണ്ടും യേശു അങ്ങോട്ടു വരുന്നു. യോഹ​ന്നാൻ പറയുന്നു: “ഇതാ, ദൈവ​ത്തി​ന്റെ കുഞ്ഞാട്‌.” (യോഹ​ന്നാൻ 1:36) ഇതു കേൾക്കു​മ്പോൾ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ആ ശിഷ്യ​ന്മാർ രണ്ടു​പേ​രും യേശു​വി​നെ അനുഗ​മി​ക്കു​ന്നു. ഒരാളു​ടെ പേര്‌ അന്ത്ര​യോസ്‌ എന്നാണ്‌. മറ്റേയാൾ ഈ സംഭവം രേഖ​പ്പെ​ടു​ത്തിയ അതേ വ്യക്തി​യാ​യി​രി​ക്കണം. അദ്ദേഹ​ത്തി​ന്റെ പേരും യോഹ​ന്നാൻ എന്നാണ്‌. ഈ യോഹ​ന്നാൻ യേശു​വി​ന്റെ ഒരു ബന്ധുവാ​ണെന്നു തോന്നു​ന്നു. കാരണം ശലോ​മ​യു​ടെ മകനാണ്‌ അദ്ദേഹം. സാധ്യ​ത​യ​നു​സ​രിച്ച്‌ ശലോമ മറിയ​യു​ടെ സഹോ​ദ​രി​യാണ്‌. സെബെ​ദി​യാണ്‌ ശലോ​മ​യു​ടെ ഭർത്താവ്‌.

യേശു തിരിഞ്ഞ്‌ നോക്കു​മ്പോൾ അന്ത്ര​യോ​സും യോഹ​ന്നാ​നും പിന്നാലെ വരുന്നതു കാണുന്നു. യേശു അവരോട്‌ “നിങ്ങൾക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ക്കു​ന്നു.

“റബ്ബീ, അങ്ങ്‌ എവി​ടെ​യാ​ണു താമസി​ക്കു​ന്നത്‌” എന്ന്‌ അവർ ചോദി​ക്കു​ന്നു.

“എന്റെകൂ​ടെ വരൂ, കാണാ​മ​ല്ലോ” എന്ന്‌ യേശു മറുപടി പറയുന്നു.​—യോഹ​ന്നാൻ 1:37-39.

വൈകു​ന്നേ​രം ഏതാണ്ട്‌ നാലു മണി​യോ​ടെ​യാണ്‌ ഇതു നടക്കു​ന്നത്‌. അതിനു ശേഷം അവർ അന്ന്‌ യേശു​വി​ന്റെ​കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വലിയ ആവേശ​ത്തി​ലാ​യി​രുന്ന അന്ത്ര​യോസ്‌ അതിനി​ടെ തന്റെ സഹോ​ദ​ര​നായ ശിമോ​നെ (പത്രോസ്‌ എന്നും വിളി​ക്കു​ന്നു) കണ്ടുപി​ടിച്ച്‌ “ഞങ്ങൾ മിശി​ഹയെ കണ്ടെത്തി” എന്നു പറയുന്നു. (യോഹ​ന്നാൻ 1:41) അന്ത്ര​യോസ്‌ പത്രോ​സി​നെ യേശു​വി​ന്റെ അടു​ത്തേക്കു കൂട്ടി​ക്കൊ​ണ്ടു വരുന്നു. പിന്നീ​ടുള്ള സംഭവങ്ങൾ കാണി​ക്കു​ന്നത്‌ യോഹ​ന്നാ​നും തന്റെ സഹോ​ദ​ര​നായ യാക്കോ​ബി​നെ കണ്ടുപി​ടിച്ച്‌ യേശു​വി​ന്റെ അടു​ത്തേക്ക്‌ കൊണ്ടു​വന്നു എന്നാണ്‌. പക്ഷേ യോഹ​ന്നാൻ സംഭവങ്ങൾ രേഖ​പ്പെ​ടു​ത്തു​മ്പോൾ വ്യക്തി​പ​ര​മായ ഈ കാര്യം ഉൾപ്പെ​ടു​ത്തു​ന്നില്ല.

അടുത്ത ദിവസം യേശു ഫിലി​പ്പോ​സി​നെ കാണുന്നു. ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരത്തിന്‌ അടുത്തുള്ള ബേത്ത്‌സ​യി​ദ​യിൽനി​ന്നുള്ള ആളാണ്‌ അദ്ദേഹം. അന്ത്ര​യോ​സി​ന്റെ​യും പത്രോ​സി​ന്റെ​യും നാടും അതുത​ന്നെ​യാണ്‌. യേശു ഫിലി​പ്പോ​സി​നോട്‌ “എന്നെ അനുഗ​മി​ക്കുക” എന്നു പറയുന്നു.​—യോഹ​ന്നാൻ 1:43.

ഫിലി​പ്പോസ്‌ ചെന്ന്‌ നഥന​യേ​ലി​നെ കണ്ടുപി​ടി​ക്കു​ന്നു. അദ്ദേഹ​ത്തിന്‌ ബർത്തൊ​ലൊ​മാ​യി എന്നും പേരുണ്ട്‌. ഫിലി​പ്പോസ്‌ പറയുന്നു: “മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പുസ്‌ത​ക​ങ്ങ​ളി​ലും എഴുതി​യി​രി​ക്കു​ന്ന​യാ​ളെ ഞങ്ങൾ കണ്ടെത്തി. യോ​സേ​ഫി​ന്റെ മകനായ, നസറെ​ത്തിൽനി​ന്നുള്ള യേശു​വാണ്‌ അത്‌.” നഥന​യേ​ലി​നു വിശ്വാ​സ​മാ​കു​ന്നില്ല. അദ്ദേഹം പറയുന്നു: “അതിന്‌, നസറെ​ത്തിൽനിന്ന്‌ എന്തു നന്മ വരാനാണ്‌?”

“നേരിട്ട്‌ വന്ന്‌ കാണൂ,” ഫിലി​പ്പോസ്‌ നിർബ​ന്ധി​ക്കു​ന്നു. നഥനയേൽ വരുന്നതു കാണു​മ്പോൾ യേശു പറയുന്നു: “ഇതാ, ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രാ​യേ​ല്യൻ.”

“അങ്ങയ്‌ക്ക്‌ എന്നെ എങ്ങനെ അറിയാം” എന്നു നഥനയേൽ ചോദി​ക്കു​ന്നു.

“ഫിലി​പ്പോസ്‌ നിന്നെ വിളി​ക്കു​ന്ന​തി​നു മുമ്പ്‌, നീ ആ അത്തിയു​ടെ ചുവട്ടി​ലാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു” എന്ന്‌ യേശു മറുപടി പറയുന്നു.

അത്ഭുതം അടക്കാനാകാതെ നഥനയേൽ പറയുന്നു: “റബ്ബീ, അങ്ങ്‌ ദൈവ​പു​ത്ര​നാണ്‌, ഇസ്രാ​യേ​ലി​ന്റെ രാജാവ്‌.”

“അത്തിയു​ടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതു​കൊ​ണ്ടാ​ണോ നീ വിശ്വ​സി​ക്കു​ന്നത്‌? ഇതി​നെ​ക്കാ​ളെ​ല്ലാം വലിയ കാര്യങ്ങൾ നീ കാണും” എന്ന്‌ യേശു പറയുന്നു. എന്നിട്ട്‌ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “ആകാശം തുറന്നി​രി​ക്കു​ന്ന​തും ദൈവ​ദൂ​ത​ന്മാർ അവി​ടേക്കു കയറി​പ്പോ​കു​ന്ന​തും മനുഷ്യ​പു​ത്രന്റെ അടു​ത്തേക്ക്‌ ഇറങ്ങി​വ​രു​ന്ന​തും നിങ്ങൾ കാണും എന്നു സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു.”​—യോഹ​ന്നാൻ 1:45-51.

ഇതു കഴിഞ്ഞ്‌ ഉടനെ​തന്നെ യേശു യോർദാൻ താഴ്‌വര വിട്ട്‌ പുതിയ ശിഷ്യ​ന്മാ​രു​മാ​യി ഗലീല​യി​ലേക്കു പോകു​ന്നു.