യഹോവയുടെ സാക്ഷികൾ ശസ്ത്രക്രിയാപരമായ⁄സദാചാരപരമായ വെല്ലുവിളി
അനുബന്ധം
യഹോവയുടെ സാക്ഷികൾ ശസ്ത്രക്രിയാപരമായ⁄സദാചാരപരമായ വെല്ലുവിളി
ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (JAMA), 1981 നവംബർ 27, വാല്യം 246, ലക്കം 21, പേ. 2471, 2472-ൽനിന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ അനുവാദത്തോടെ പുനർമുദ്രണം ചെയ്തത്. പകർപ്പവകാശം 1981, അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ.
യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നതിൽ ഡോക്ടർമാർ ഒരു പ്രത്യേക വെല്ലുവിളി അഭിമുഖീകരിക്കുന്നു. ഈ വിശ്വാസത്തിൽപ്പെട്ടവർ രക്തം അപ്പാടെയോ രക്തത്തിന്റെ ഘടകങ്ങളായ അരുണ രക്താണുക്കളോ ശ്വേത രക്താണുക്കളോ പ്ലേറ്റ്ലെറ്റുകളോ സ്വീകരിക്കുകയില്ല. സ്വന്തരക്തം ശേഖരിച്ചുവെച്ച് ആവശ്യഘട്ടത്തിൽ രോഗിയിൽ തിരിച്ചു കുത്തിവെക്കുന്ന രീതിപോലും അവർക്കു സ്വീകാര്യമല്ല. തങ്ങളുടെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അതു തെറ്റാണെന്ന ഉറച്ച ബോധ്യം ഉള്ളതിനാലാണ് അവർ അതിനു വിസമ്മതിക്കുന്നത്. രക്തേതര ലായനി പ്രവേശിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന ഹാർട്ട്-ലങ് മെഷീന്റെയോ ഡയാലിസിസ് മെഷീന്റെയോ സമാനമായ ഉപകരണത്തിന്റെയോ ഉപയോഗം അവരിൽ മിക്കവരും അനുവദിക്കുന്നു, ശരീരത്തിലെ രക്തപര്യയന വ്യവസ്ഥയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ‘ക്ലോസ്ഡ് സർക്കി’ട്ടിലൂടെയാണു രക്തം ഒഴുകുന്നതെങ്കിൽ മാത്രം. ജീവാപായത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ചു വൈദ്യശാസ്ത്ര പ്രവർത്തകർ ഉത്കണ്ഠപ്പെടേണ്ടതില്ല. കാരണം, രക്തം വർജിക്കാൻ തങ്ങൾ കാര്യജ്ഞാനത്തോടെ കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തിന്റെ ഫലമായുണ്ടായേക്കാവുന്ന അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ആശുപത്രിജോലിക്കാരെ ഒഴിവാക്കാൻ ആവശ്യമായ നിയമനടപടികൾ സാക്ഷികൾ സ്വീകരിക്കും. വ്യാപ്തം പുനഃസ്ഥാപിക്കാനുള്ള രക്തേതര ലായനികൾ സ്വീകരിക്കാൻ അവർ തയ്യാറാണ്. ഇവയുടെയും അതിസൂക്ഷ്മതയോടെയുള്ള മറ്റു ചികിത്സോപാധികളുടെയും സഹായത്താൽ ഡോക്ടർമാർ സാക്ഷികളായ രോഗികളിൽ, മുതിർന്നവരിലും കുട്ടികളിലും, എല്ലാത്തരത്തിലുമുള്ള മേജർ ശസ്ത്രക്രിയകൾ ഇന്ന് ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി അത്തരം രോഗികളെ ചികിത്സിക്കാനുള്ള ഒരു ചികിത്സാസമ്പ്രദായംതന്നെ ഇന്നു വികാസം പ്രാപിച്ചിരിക്കുന്നു. അത് “മുഴു വ്യക്തിയെയും” ചികിത്സിക്കുകയെന്ന തത്ത്വത്തിനു ചേർച്ചയിലാണ്. (JAMA 1981; 246:2471-2472)
ആരോഗ്യസംബന്ധമായ ഒരു പ്രമുഖ പ്രശ്നത്തെ ചികിത്സകർ ഇന്ന് അഭിമുഖീകരിക്കുന്നു, ഈ വെല്ലുവിളി വളർന്നുവരുകയുമാണ്. ഐക്യനാടുകളിൽ രക്തപ്പകർച്ചയ്ക്കു വിധേയരാകുകയില്ലാത്ത പത്തു ലക്ഷത്തിലധികം യഹോവയുടെ സാക്ഷികളുണ്ട്. സാക്ഷികളുടെയും അവരോടൊപ്പം സഹവസിക്കുന്നവരുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് പല ഡോക്ടർമാരും ആശുപത്രി ഉദ്യോഗസ്ഥരും രക്തം സ്വീകരിക്കാനുള്ള സാക്ഷികളുടെ വിസമ്മതത്തെ ഒരു നിയമപ്രശ്നമായി വീക്ഷിക്കുകയും വൈദ്യശാസ്ത്രപരമായി ശരിയെന്നു തങ്ങൾ വിചാരിച്ച രീതിയിൽ മുമ്പോട്ടുപോകാൻ കോടതി ഉത്തരവു സമ്പാദിക്കുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ മനോഭാവത്തിനു ശ്രദ്ധേയമായ മാറ്റം വന്നുകൊണ്ടിരിക്കുന്നതായി അടുത്തകാലത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങൾ വ്യക്തമാക്കുന്നു. ഇത് ചികിത്സകർ, ഹീമോഗ്ലോബിന്റെ അളവ് തീരെ കുറവായിരുന്ന രോഗികളിൽ ശസ്ത്രക്രിയ നടത്തി കൂടുതലായ അനുഭവപരിചയം സിദ്ധിച്ചിരിക്കുന്നതിനാലും കാര്യജ്ഞാനത്തോടെയുള്ള സമ്മതമെന്ന നിയമപരമായ തത്ത്വം സംബന്ധിച്ചു കൂടുതലായ തിരിച്ചറിവ് നേടിയിരിക്കുന്നതിനാലും ആയിരിക്കാം.
ഇപ്പോൾ മുതിർന്നവരും കുട്ടികളുമായ നിരവധി സാക്ഷികളുടെ കാര്യത്തിൽ, ഇലെക്ടീവ് ശസ്ത്രക്രിയയ്ക്കു വിധേയരാകുമ്പോഴോ മുറിവുപറ്റി രക്തനഷ്ടം ഉണ്ടാകുന്ന സാഹചര്യം സംജാതമാകുമ്പോഴോ രക്തപ്പകർച്ച കൂടാതെ അവർക്കു ചികിത്സ നൽകാൻ കഴിയുന്നുണ്ട്. അടുത്തകാലത്ത് യഹോവയുടെ സാക്ഷികളുടെ പ്രതിനിധികൾ രാജ്യത്തെ ഏറ്റവും വലിയ ചില മെഡിക്കൽ സെന്ററുകളിലെ അധികൃതരും ശസ്ത്രകിയാവിദഗ്ധരും ആയി കൂടിക്കാഴ്ചകൾ നടത്തി. ഈ കൂടിക്കാഴ്ചകൾ അവർ തമ്മിലുള്ള ധാരണകൾ മെച്ചപ്പെടുത്തുകയും രക്തം വീണ്ടെടുത്തു തിരികെ ശരീരത്തിൽ പ്രവേശിപ്പിക്കൽ (Blood salvage), അവയവം മാറ്റിവെക്കൽ, വൈദ്യശാസ്ത്ര⁄നിയമ ഏറ്റുമുട്ടലുകൾ ഒഴിവാക്കൽ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ സഹായിക്കുകയും ചെയ്തു.
ചികിത്സ സംബന്ധിച്ച സാക്ഷികളുടെ നിലപാട്
യഹോവയുടെ സാക്ഷികൾ വൈദ്യചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയരാകാൻ തയ്യാറാണ്. വാസ്തവത്തിൽ അവർക്കിടയിൽത്തന്നെ ധാരാളം ഡോക്ടർമാരുണ്ട്, ശസ്ത്രക്രിയാവിദഗ്ധർപോലുമുണ്ട്. എന്നാൽ അവർ ആഴമായ മതഭക്തിയുള്ളവരാണ്. “പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്” (ഉല്പത്തി 9:3-4); “[നീ] അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം” (ലേവ്യപുസ്തകം 17:13-14); ‘പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിക്കണം’ (പ്രവൃത്തികൾ 15:19-21) എന്നിവപോലുള്ള ബൈബിൾ വാക്യങ്ങൾ രക്തപ്പകർച്ചയ്ക്കു വിധേയമാകുന്നതിൽനിന്നു തങ്ങളെ വിലക്കുന്നെന്ന് അവർ വിശ്വസിക്കുന്നു.1
ഈ വാക്യങ്ങളിൽ വൈദ്യശാസ്ത്രപരമായ പദങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിലും അവ, രക്തത്തിന്റെയും അരുണ രക്താണുക്കൾ, പ്ലാസ്മ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിങ്ങനെയുള്ള അതിന്റെ ഘടകങ്ങളുടെയും ഉപയോഗത്തെ വിലക്കുന്നു എന്നതാണ് സാക്ഷികളുടെ വീക്ഷണം. എന്നിരുന്നാലും സാക്ഷികളുടെ മതപരമായ ഗ്രാഹ്യം ആൽബുമിൻ, ഇമ്മ്യൂൺ ഗ്ലോബുലിനുകൾ, ഹീമോഫിലിയാക് ഔഷധങ്ങൾ എന്നീ ഘടകാംശങ്ങളുടെ ഉപയോഗത്തെ പൂർണമായി വിലക്കുന്നില്ല. ഇവ സ്വീകരിക്കാമോയെന്ന് ഓരോ സാക്ഷിയും വ്യക്തിപരമായി തീരുമാനിക്കേണ്ടതുണ്ട്.2
ശരീരത്തിൽനിന്നു നീക്കംചെയ്ത രക്തം ഉപയോഗിക്കരുതെന്നു സാക്ഷികൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വന്തരക്തം നേരത്തേ ശേഖരിച്ചുവെച്ച് ആവശ്യഘട്ടത്തിൽ തിരിച്ചു കുത്തിവെക്കുന്ന രീതി അവർക്കു സ്വീകാര്യമല്ല. ശസ്ത്രക്രിയാസമയത്തു വാർന്നുപോകുന്ന രക്തം ശേഖരിച്ചുവെച്ച് വീണ്ടും ഉപയോഗിക്കുന്ന രീതികളും രക്തം ശേഖരിച്ചുവെക്കുന്നത് ഉൾപ്പെടുന്നതരം ഹീമോഡൈലൂഷൻ (രക്തം നേർമിപ്പിക്കൽ) വിദ്യകളും അവർ നിരാകരിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ രക്തപര്യയന വ്യവസ്ഥയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ‘ക്ലോസ്ഡ് സർക്കി’ട്ടിലൂടെയാണു രക്തം ഒഴുകുന്നതെങ്കിൽ (രക്തേതര ലായനികൾ പ്രവേശിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന) ഹാർട്ട്-ലങ് മെഷീൻ, ഡയാലിസിസ് മെഷീൻ, എന്നിവയുടെ ഉപയോഗവും ശസ്ത്രക്രിയയ്ക്കിടയിൽ വാർന്നുവരുന്ന രക്തം വീണ്ടെടുത്ത് ഉപയോഗിക്കുന്ന നടപടിയും അനേകം സാക്ഷികൾക്കു
സ്വീകാര്യമാണ്. രോഗിയുടെ മനസ്സാക്ഷി എന്ത് അനുവദിക്കുന്നുവെന്ന് ഡോക്ടർ അയാളോടു ചോദിക്കേണ്ടതുണ്ട്.2അവയവങ്ങൾ മാറ്റിവെക്കുന്നതു സംബന്ധിച്ചു നേരിട്ടു ബൈബിൾ എന്തെങ്കിലും പറയുന്നതായി സാക്ഷികൾ കരുതുന്നില്ല; അതുകൊണ്ട് കോർണിയ, വൃക്ക, മറ്റു ശരീരകലകൾ എന്നിവയുടെ മാറ്റിവെക്കൽ സംബന്ധിച്ച് ഓരോ സാക്ഷിയും സ്വന്തമായി തീരുമാനമെടുക്കണം.
മേജർ ശസ്ത്രക്രിയകൾ സാധ്യമാണ്
രക്തോത്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാട് “ഡോക്ടർമാരുടെ കരങ്ങൾ ബന്ധിക്കുന്നതായി” കാണപ്പെട്ടിട്ടുള്ളതിനാൽ ശസ്ത്രക്രിയാവിദഗ്ധർ മിക്കപ്പോഴും യഹോവയുടെ സാക്ഷികളെ ചികിത്സിക്കാൻ വിസമ്മതിച്ചിട്ടുണ്ട്, എന്നാൽ ഇന്ന് അനേകം ഡോക്ടർമാർ ആ സാഹചര്യത്തെ തങ്ങളുടെ വൈദഗ്ധ്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരു സങ്കീർണതയായി മാത്രം വീക്ഷിക്കുന്നു. രക്തത്തിനു പകരം ഉപയോഗിക്കാവുന്ന കൊളോയ്ഡ് ദ്രാവകങ്ങളും ക്രിസ്റ്റലോയ്ഡ് ദ്രാവകങ്ങളും അതുപോലെ ഇലക്ട്രോകോട്ടറി, ഹൈപ്പോടെൻസീവ് അനസ്തേഷ്യ,3 അല്ലെങ്കിൽ ഹൈപ്പോതെർമിയ എന്നീ രീതികളും ഉപയോഗിക്കുന്നതിനോടു സാക്ഷികൾക്ക് എതിർപ്പില്ലാത്തതിനാൽ ഇവ വിജയകരമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഹെറ്റാസ്റ്റാർച്ച്4 ഉയർന്ന ഡോസിൽ ധമനികളിലേക്കു കുത്തിവെക്കുന്ന അയൺ ഡെക്സ്ട്രാൻ,5,6 “സോണിക് സ്കാൽപ്പൽ”7 എന്നിവയുടെ ഇപ്പോഴത്തെയും വരുംകാലങ്ങളിലെയും ഉപയോഗം, പ്രതീക്ഷയ്ക്കു വകനൽകുന്നു, ഇവയുടെ ഉപയോഗം സാക്ഷികളുടെ മതവിശ്വാസത്തിന് എതിരാകുന്നതുമില്ല. കൂടാതെ, അടുത്തകാലത്തു വികസിപ്പിച്ചെടുത്തിരിക്കുന്നതും രക്തത്തിനു പകരം ഉപയോഗിക്കാവുന്നതുമായ ഫ്ളുറിനേറ്റഡ് പദാർഥമായ ഫ്ളൂസോൾ-ഡിഎ സുരക്ഷിതവും ഫലപ്രദവും ആണെന്നു തെളിഞ്ഞാൽ8 അതിന്റെ ഉപയോഗം സാക്ഷികളുടെ വിശ്വാസങ്ങൾക്കു വിരുദ്ധമായിരിക്കില്ല.
1977-ൽ ഓട്ട്, കൂളി9 എന്നീ ഡോക്ടർമാർ രക്തപ്പകർച്ച കൂടാതെ സാക്ഷികളിൽ നടത്തിയ 542 ഹൃദയ-രക്തക്കുഴൽ ശസ്ത്രക്രിയകളെക്കുറിച്ചു റിപ്പോർട്ടു ചെയ്യുകയുണ്ടായി. “സ്വീകാര്യമാംവണ്ണം കുറഞ്ഞ അപകടസാധ്യതയോടെ” അതു ചെയ്യാൻ കഴിയുമെന്ന നിഗമനത്തിൽ അവർ എത്തുകയും ചെയ്തു. ഞങ്ങളുടെ അഭ്യർഥനപ്രകാരം, കൂളി, 1,026 ശസ്ത്രക്രിയകൾ—അവയിൽ 22% കുട്ടികളിൽ നടത്തപ്പെട്ടവയായിരുന്നു—സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ അടുത്തകാലത്തു പുനരവലോകനം ചെയ്യുകയും “യഹോവയുടെ സാക്ഷികളായ രോഗികളിൽ ശസ്ത്രക്രിയ നടത്തുമ്പോഴുള്ള അപകടസാധ്യത, മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് അത്ര കൂടുതലൊന്നുമായിരുന്നിട്ടില്ല” എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. അതുപോലെ മൈക്കിൾ ഇ. ഡെബേക്കി, എംഡി ഇങ്ങനെ അറിയിച്ചു: “[സാക്ഷികൾ ഉൾപ്പെട്ടിരുന്ന] ബഹുഭൂരിപക്ഷം സാഹചര്യങ്ങളിലും, രക്തം ഉപയോഗിക്കാതെ നടത്തിയ ശസ്ത്രക്രിയകളുടെ അപകടസാധ്യത, രക്തം ഉപയോഗിച്ച് ഞങ്ങൾ മറ്റുള്ളവരിൽ നടത്തുന്നവയെക്കാൾ ഒട്ടും കൂടുതലായിരുന്നില്ല” (വ്യക്തിപരമായി അറിയിച്ചത്, 1981 മാർച്ച്). മൂത്രവ്യൂഹ സംബന്ധവും10 അസ്ഥിസംബന്ധവുമായ11 മേജർ ശസ്ത്രക്രിയകൾ വിജയകരമായി നടത്തപ്പെട്ടിട്ടുള്ളതായും പ്രസിദ്ധീകരണങ്ങൾ രേഖപ്പെടുത്തുന്നു. “[സാക്ഷികളായ] 20 കുട്ടികളിൽ” നട്ടെല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ (posterior spinal fusion) “വിജയകരമായി നടത്തിയതായി” ജി. ഡീൻ മാക്ഈവൻ എംഡി, ജെ. റിച്ചാർഡ് ബോവൻ എംഡി എന്നിവർ എഴുതുന്നു (പ്രസിദ്ധീകരിക്കാത്ത വിവരം, 1981 ആഗസ്റ്റ്). അവർ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “രക്തപ്പകർച്ച നിരസിക്കാനുള്ള രോഗിയുടെ അവകാശം ആദരിക്കുന്ന ഒരു തത്ത്വശാസ്ത്രം ശസ്ത്രക്രിയാവിദഗ്ധൻ സ്ഥാപിക്കണം, അതോടൊപ്പംതന്നെ അവർ രോഗിക്കു സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഒരു വിധത്തിൽ ശസ്ത്രക്രിയ നടത്തുകയും വേണം.”
“മുറിവേറ്റു വലിയ അളവിൽ രക്തനഷ്ടം സംഭവിച്ചിട്ടുള്ള” ചില യുവപ്രായക്കാരെ ഉൾപ്പെടെ പലരെയും വിജയകരമായി ചികിത്സിക്കാൻ കഴിഞ്ഞതിനെക്കുറിച്ച് ഹേർബ്സ്മാൻ12 റിപ്പോർട്ടു ചെയ്യുന്നു. “രക്തം ആവശ്യമായി വരുമ്പോൾ സാക്ഷികൾക്കു പരിമിതികളുണ്ട്” എന്ന് അദ്ദേഹം സമ്മതിക്കുന്നു. “എന്നിരുന്നാലും രക്തത്തിനു പകരമായി ഉപയോഗിക്കാനുള്ള ഔഷധങ്ങളും നമുക്കുണ്ട്.” “നിയമപരമായ നടപടികളെ ഭയന്ന്” സാക്ഷികളെ ചികിത്സിക്കാൻ പല ശസ്ത്രക്രിയാവിദഗ്ധരും മടികാണിച്ചിരിക്കുന്നതായി താൻ നിരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം ഉത്കണ്ഠ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്തവരും നിയമനടപടി സംബന്ധിച്ചുള്ള ഉത്കണ്ഠകളും
ചികിത്സകരെയും ആശുപത്രികളെയും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഫാറം സാക്ഷികൾ വൈമനസ്യമില്ലാതെ ഒപ്പിട്ടുകൊടുക്കുന്നു.13 കൂടാതെ, മിക്ക സാക്ഷികളും വൈദ്യശാസ്ത്ര, നിയമ അധികൃതരുമായി ആലോചിച്ചു തയ്യാറാക്കിയിട്ടുള്ള ഒരു മെഡിക്കൽ അലേർട്ട് കാർഡ് കൈവശം കൊണ്ടുനടക്കുന്നു. തീയതിയും സാക്ഷികളുടെ ഒപ്പും സഹിതമുള്ള ഈ രേഖകൾ രോഗിയുടെമേൽ (അല്ലെങ്കിൽ അയാളുടെ ബന്ധുക്കളുടെമേൽ) ഉത്തരവാദിത്വം വരുത്തുകയും ഡോക്ടർമാർക്കു സംരക്ഷണം നൽകുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ അത്തരം ഒരു രേഖ ഒപ്പിട്ടുകൊടുത്തുകഴിഞ്ഞാൽപ്പിന്നെ ഡോക്ടർക്കെതിരെ അനാസ്ഥയുടെ പേരിൽ ഒരു കോടതിനടപടിക്ക് “അടിസ്ഥാനം ഉണ്ടായിരിക്കുകയില്ല” എന്ന് ജസ്റ്റിസ് വാറൻ ബർഗർ വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. കൂടാതെ “നിർബന്ധിത വൈദ്യചികിത്സയും മതസ്വാതന്ത്ര്യവും” എന്ന വിഷയം അപഗ്രഥിക്കുകയിൽ മേൽപ്പറഞ്ഞ സംഗതിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിക്കൊണ്ട് പാരിസ്14 ഇപ്രകാരം എഴുതി: “പ്രസിദ്ധീകരണങ്ങൾ പരിശോധിച്ച ഒരു നിരൂപകൻ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: ‘രക്തം സ്വീകരിക്കുന്നതിനോട് എതിർപ്പുള്ള ഒരു രോഗിയെ ചികിത്സകൻ രക്തപ്പകർച്ചയ്ക്കു നിർബന്ധപൂർവം വിധേയനാക്കാൻ പരാജയപ്പെട്ടു എന്നതിന്റെ പേരിൽ അദ്ദേഹം . . . ക്രിമിനൽ നടപടിയെ നേരിടേണ്ടിവരുമെന്ന പ്രസ്താവനയ്ക്ക് എന്തെങ്കിലും അടിസ്ഥാനം കാണാൻ എനിക്കു കഴിഞ്ഞിട്ടില്ല.’ നടക്കാൻ സാധ്യതയുള്ള ഒരു സംഭവത്തെക്കാൾ അത് കൽപ്പനാചാതുര്യമുള്ള ഒരു അഭിഭാഷക മനസ്സിന്റെ ഭാവനാസൃഷ്ടി മാത്രമാണ്.”
പ്രായപൂർത്തിയാകാത്തവരുടെ ചികിത്സയോടുള്ള ബന്ധത്തിലാണ് ഏറ്റവും കൂടുതൽ നിയമ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കുട്ടികളോട് അവഗണന കാട്ടി എന്നതിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുന്നതിലേക്കു പലപ്പോഴും അതു നയിക്കുന്നു. എന്നാൽ, സാക്ഷികളായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു നല്ല വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ ശ്രമിക്കുന്നെന്നു വിശ്വസിക്കുന്ന, സാക്ഷികളുടെ കേസുകൾ സംബന്ധിച്ച് അറിവുള്ളവരായ പല ഡോക്ടർമാരും അഭിഭാഷകരും അത്തരം നടപടികളെ ചോദ്യം ചെയ്യുന്നു. മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം വെച്ചൊഴിയാനോ അത് ഒരു ജഡ്ജിയെയോ മറ്റാരെയെങ്കിലുമോ ഏൽപ്പിക്കാനോ ആഗ്രഹിക്കുന്നില്ലാത്തതിനാൽ, കുടുംബത്തിന്റെ മതവിശ്വാസങ്ങൾക്കു പരിഗണന നൽകണമെന്നു സാക്ഷികൾ
ആവശ്യപ്പെടുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സെക്രട്ടറി ഡോ. എ. ഡി. കെല്ലി ഇങ്ങനെ എഴുതി15: “പ്രായപൂർത്തിയാകാത്തവരുടെ മാതാപിതാക്കൾക്കും അബോധാവസ്ഥയിലായിരിക്കുന്ന രോഗികളുടെ ഏറ്റവും അടുത്ത ബന്ധുവിനും രോഗിയുടെ താത്പര്യം വ്യക്തമാക്കാൻ അവകാശമുണ്ട് . . . ഒരു കുട്ടിയെ അതിന്റെ മാതാപിതാക്കളുടെ പരിപാലനത്തിൽനിന്നു മാറ്റാൻവേണ്ടി വെളുപ്പിന് 2 മണിക്കു കൂടിവന്നു വാദിക്കുന്ന കോടതിയുടെ നടപടികളെ വലിയ ആദരവോടെ കാണാനൊന്നും എനിക്കു കഴിയില്ല.”ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയുടെ അപകട-പ്രയോജന സാധ്യതകളെ അഭിമുഖീകരിക്കുമ്പോൾ കുട്ടികളുടെ ചികിത്സ സംബന്ധിച്ച് അഭിപ്രായം പറയാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട് എന്നത് ഒരു അനിഷേധ്യ സത്യമാണ്. രക്തപ്പകർച്ചയിലെ അപകടങ്ങളെക്കാൾ പ്രാധാന്യം അർഹിക്കുന്ന ധാർമിക കാരണങ്ങളാൽ,16 മതപരമായി തങ്ങൾക്കു സ്വീകാര്യമായ ചികിത്സ തങ്ങളുടെ കുട്ടികൾക്കു നൽകാൻ സാക്ഷികളായ മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഈ ആവശ്യമാകട്ടെ, ഒരു കുടുംബത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ ധ്വംസിക്കുന്ന ഒരു കടന്നാക്രമണം വരുത്തികൂട്ടിയേക്കാവുന്ന മാനസികവും സാമൂഹികവുമായ സ്ഥായിയായ ദ്രോഹം കണക്കിലെടുത്തുകൊണ്ട് “മുഴു വ്യക്തിയെയും” ചികിത്സിക്കുകയെന്ന വൈദ്യശാസ്ത്ര തത്ത്വത്തിനു ചേർച്ചയിലുള്ളതാണ്. സാക്ഷികളെ ചികിത്സിച്ചു പരിചയമുള്ള, രാജ്യത്തെമ്പാടുമുള്ള പല വലിയ ആശുപത്രികളും സാക്ഷികളെ ചികിത്സിക്കാൻ വിസമ്മതിക്കുന്ന സ്ഥാപനങ്ങളിൽനിന്നുള്ള രോഗികളെ, കുട്ടികളെപ്പോലും, തങ്ങളുടെ ആശുപത്രികളിലേക്കു മാറ്റാൻ ഇപ്പോൾ അനുവദിക്കുന്നു.
ഡോക്ടറുടെ വെല്ലുവിളി
തനിക്കു ലഭ്യമായിരിക്കുന്ന എല്ലാ ചികിത്സാവിദ്യകളും ഉപയോഗിച്ച് എങ്ങനെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ അർപ്പിതനായ ഒരു ഡോക്ടർക്ക് യഹോവയുടെ സാക്ഷികളെ ചികിത്സിക്കുന്നത് ഒരു വിഷമസ്ഥിതി സൃഷ്ടിച്ചേക്കാം എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. യഹോവയുടെ സാക്ഷികളിൽ നടത്തപ്പെട്ട ചില മേജർ ശസ്ത്രക്രിയകളെ സംബന്ധിച്ചുള്ള ഒരു ലേഖന പരമ്പരയ്ക്ക് അവതാരിക എഴുതവേ ഹാർവി17 ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “എന്റെ ജോലിക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ആ വിശ്വാസങ്ങൾ എന്നെ മുഷിപ്പിക്കുന്നുണ്ട് എന്നതു ശരിയാണ്.” എന്നാൽ അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “വ്യക്തിപരമായ നൈപുണ്യത്തെ ആശ്രയിച്ചിരിക്കുന്ന ഒരു തൊഴിലാണ് ശസ്ത്രക്രിയ എന്നത് നാം ഒരുപക്ഷേ വളരെ എളുപ്പം മറന്നുപോയേക്കാം. നൈപുണ്യമാകട്ടെ മെച്ചപ്പെടുത്താൻ കഴിയുന്ന ഒന്നാണുതാനും.”
ഫ്ളോറിഡയിലെ ഡാഡേ കൗണ്ടിയിൽ അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും തിരക്കുള്ള ആശുപത്രികളിൽ ഒന്ന് സാക്ഷികളെ “ചികിത്സിക്കാൻ പാടേ വിസമ്മതിക്കുന്ന ഒരു നയം” സ്വീകരിച്ചതായുള്ള അസ്വസ്ഥജനകമായ ഒരു റിപ്പോർട്ട് പ്രൊഫസർ ബൊലൂക്കിയുടെ18 ശ്രദ്ധയിൽപ്പെടുകയുണ്ടായി. “ഈ കൂട്ടത്തിൽപ്പെട്ട രോഗികളിൽ നടത്തപ്പെടുന്ന മിക്ക ശസ്ത്രക്രിയാനടപടികളുടെയും അപകടസാധ്യത സാധാരണയിലും കുറവാണ്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു ചികിത്സോപാധി തങ്ങൾക്ക് അവലംബിക്കാനാകാതെ പോകുന്നെന്ന് ശസ്ത്രക്രിയാവിദഗ്ധർ വിചാരിച്ചേക്കാമെങ്കിലും . . . ഈ രോഗികളിൽ ശസ്ത്രക്രിയ നടത്തുകവഴി അവർ വളരെയധികം കാര്യങ്ങൾ പഠിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.”
സാക്ഷികളായ രോഗികളെ ഒരു ശല്യമായി കണക്കാക്കുന്നതിനുപകരം, കൂടുതൽ കൂടുതൽ ഡോക്ടർമാർ ആ സാഹചര്യത്തെ ഒരു വൈദ്യശാസ്ത്ര വെല്ലുവിളിയായി സ്വീകരിക്കുന്നു. ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രാജ്യത്തിനു ചുറ്റുമുള്ള അനേകം മെഡിക്കൽ സെന്ററുകൾക്കും സ്വീകാര്യമായിത്തീർന്നിരിക്കുന്ന ഒരു ചികിത്സാസമ്പ്രദായം ഈ കൂട്ടത്തിൽപ്പെട്ട രോഗികൾക്കുവേണ്ടി അവർ വികസിപ്പിച്ചെടുത്തിരിക്കുന്നു. അതേസമയം ഈ ഡോക്ടർമാർ രോഗിയുടെ മൊത്തം നന്മയ്ക്ക് ഉതകുന്ന ഏറ്റവും നല്ല ചികിത്സയാണു നൽകുന്നത്. ഗാർഡ്നർ എറ്റ് ആൽ19 ഇങ്ങനെ അഭിപ്രായപ്പെടുന്നു: “രോഗിയുടെ ശാരീരികരോഗം ഭേദമാകുകയും എന്നാൽ അയാളുടെ വീക്ഷണപ്രകാരം ദൈവവുമായുള്ള അയാളുടെ ആത്മീയ ജീവിതം തകരാറിലാകുകയുമാണെങ്കിൽ അതുകൊണ്ട് ആർക്കാണു പ്രയോജനമുള്ളത്? അത് ഒരുപക്ഷേ മരണത്തെക്കാൾ ദോഷകരമായ അർഥശൂന്യമായ ഒരു ജീവിതത്തിലേക്കു നയിക്കുന്നു.”
തങ്ങളുടെ ഉറച്ച വിശ്വാസങ്ങൾ വൈദ്യശാസ്ത്രപരമായി കൂടുതൽ അപകടത്തിനിടയാക്കുന്നതായി കാണപ്പെടുമെന്നും തങ്ങളുടെ ചികിത്സ കൂടുതൽ സങ്കീർണമാക്കിയേക്കാമെന്നും സാക്ഷികൾ തിരിച്ചറിയുന്നു. അതിൻപ്രകാരം തങ്ങൾക്കു ലഭിക്കുന്ന ചികിത്സ സംബന്ധിച്ച് അവർ പൊതുവേ അസാധാരണ വിലമതിപ്പു പ്രകടമാക്കുന്നു. ആഴമായ വിശ്വാസവും ജീവിച്ചിരിക്കാനുള്ള ശക്തമായ ആഗ്രഹവും ആകുന്ന മർമപ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കുന്നതു കൂടാതെ ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരുമായി അവർ സന്തോഷപൂർവം സഹകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഈ അതുല്യമായ വെല്ലുവിളിയെ നേരിടുന്നതിനു രോഗിയും ഡോക്ടറും യോജിച്ചു പ്രവർത്തിക്കുന്നു.
REFERENCES
1. Jehovah’s Witnesses and the Question of Blood. Brooklyn, NY, Watchtower Bible and Tract Society, 1977, pp. 1-64.
2. The Watchtower 1978;99 (June 15):29-31.
3. Hypotensive anesthesia facilitates hip surgery, MEDICAL NEWS. JAMA 1978;239:181.
4. Hetastarch (Hespan)—a new plasma expander. Med Lett Drugs Ther 1981;23:16.
5. Hamstra RD, Block MH, Schocket AL:Intravenous iron dextran in clinical medicine. JAMA 1980;243:1726-1731.
6. Lapin R: Major surgery in Jehovah’s Witnesses. Contemp Orthop 1980;2:647-654.
7. Fuerst ML: ‘Sonic scalpel’ spares vessels. Med Trib 1981;22:1,30.
8. Gonzáles ER: The saga of ‘artificial blood’: Fluosol a special boon to Jehovah’s Witnesses. JAMA 1980;243:719-724.
9. Ott DA, Cooley DA: Cardiovascular surgery in Jehovah’s Witnesses. JAMA 1977;238:1256-1258.
10. Roen PR, Velcek F: Extensive urologic surgery without blood transfusion. NY State J Med 1972;72:2524-2527.
11. Nelson CL, Martin K, Lawson N, et al: Total hip replacement without transfusion. Contemp Orthop 1980;2:655-658.
12. Herbsman H: Treating the Jehovah’s Witness. Emerg Med 1980;12:73-76.
13. Medicolegal Forms With Legal Analysis. Chicago, American Medical Association, 1976, p. 83.
14. Paris JJ: Compulsory medical treatment and religious freedom: Whose law shall prevail? Univ San Francisco Law Rev 1975;10:1-35.
15. Kelly AD: Aequanimitas Can Med Assoc J 1967;96:432.
16. Kolins J: Fatalities from blood transfusion. JAMA 1981;245:1120.
17. Harvey JP: A question of craftsmanship. Contemp Orthop 1980;2:629.
18. Bolooki H: Treatment of Jehovah’s Witnesses: Example of good care. Miami Med 1981;51:25-26.
19. Gardner B, Bivona J, Alfonso A, et al: Major surgery in Jehovah’s Witnesses. NY State J Med 1976;76:765-766.