രക്തത്തിനു നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും?
ആമുഖം
ഓരോ ദിവസവും ആളുകൾക്ക് ആരോഗ്യം സംബന്ധിച്ചു സദാചാരപരമായ തീരുമാനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു: അവയവം മാറ്റിവെക്കൽ, ഗർഭച്ഛിദ്രം, “മരിക്കാനുള്ള അവകാശം” എന്നിങ്ങനെ. നിങ്ങൾ അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരില്ലെന്നു പ്രത്യാശിക്കട്ടെ.
എന്നാൽ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്: ജീവൻ രക്ഷിക്കാൻവേണ്ടി രക്തം എങ്ങനെ ഉപയോഗിക്കാൻ കഴിയും?
നല്ല കാരണത്തോടെ ഇപ്പോൾ അനേകർ ചോദിക്കുന്നു, ‘രക്തപ്പകർച്ചകൾ എത്ര സുരക്ഷിതമാണ്?’ എന്നാൽ രക്തപ്പകർച്ച എന്നത് കേവലം വൈദ്യശാസ്ത്രപരമായ ഒരു പ്രശ്‌നമല്ല. അത് യഹോവയുടെ സാക്ഷികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ സൃഷ്ടിച്ചിരിക്കുന്നു. സദാചാരനിഷ്ഠയുള്ളവരും നല്ല ചികിത്സാരീതികളിൽ വിശ്വസിക്കുന്നവരുമായ ഈ ആളുകൾ രക്തം സ്വീകരിക്കാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടെന്ന് അറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
നിങ്ങൾ കാണാൻ പോകുന്നതുപോലെ, രക്തം ഉപയോഗിക്കുന്നതിന്റെ വൈദ്യശാസ്ത്രപരവും ധാർമികവുമായ വശങ്ങൾക്കു നിങ്ങൾ ഏറ്റവും വിലപ്പെട്ടതായി കരുതുന്ന സംഗതിയെ—ജീവനെ—നിങ്ങൾക്ക് എങ്ങനെ രക്ഷിക്കാൻ കഴിയും എന്നതുമായി നേരിട്ടു ബന്ധമുണ്ട്.