രക്തപ്പകർച്ചകൾ—എത്ര സുരക്ഷിതം?
രക്തപ്പകർച്ചകൾ—എത്ര സുരക്ഷിതം?
ചിന്തിക്കുന്ന ഏതൊരാളും ഗൗരവമേറിയ ഒരു ചികിത്സാനടപടിക്കു വിധേയനാകുന്നതിനുമുമ്പ് അതുകൊണ്ട് ഉണ്ടാകാനിടയുള്ള പ്രയോജനങ്ങളെയും അപകടങ്ങളെയും കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കും. രക്തപ്പകർച്ചയുടെ കാര്യത്തിൽ എന്തു പറയാൻ കഴിയും? അത് ഇന്ന് ഒരു പ്രമുഖ ചികിത്സോപാധിയാണ്. തങ്ങളുടെ രോഗികളിൽ യഥാർഥ താത്പര്യമുള്ള അനേകം ഡോക്ടർമാരും രക്തം നൽകാൻ ഒട്ടുംതന്നെ വൈമനസ്യം കാണിച്ചെന്നുവരില്ല. ജീവദായകമായ സമ്മാനമെന്ന് അതു വിളിക്കപ്പെട്ടിരിക്കുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ രക്തം ദാനം ചെയ്യുകയോ അതു സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. 1986-87-ൽ, 25 ദശലക്ഷം ജനങ്ങൾ ഉണ്ടായിരുന്ന കാനഡയിൽ 1.3 ദശലക്ഷം ആളുകൾ രക്തം ദാനംചെയ്തു. “കണക്കുകൾ ലഭ്യമായിട്ടുള്ള ഏറ്റവും അടുത്ത വർഷത്തിൽ ഐക്യനാടുകളിൽ മാത്രം 12-നും 14-നും ഇടയ്ക്കു ദശലക്ഷം യൂണിറ്റ് രക്തമാണു നിവേശനത്തിനായി ഉപയോഗിക്കപ്പെട്ടത്.”—ദ ന്യൂയോർക്ക് ടൈംസ്, 1990 ഫെബ്രുവരി 18.
“രക്തത്തിന് എന്നും ഒരു ‘മാന്ത്രിക’ ഗുണമുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്” എന്ന് ഡോക്ടർ ലൂയി ജെ. കീറ്റിംഗ് പറയുന്നു. “രക്തം ശേഖരിച്ചുവെക്കുന്ന സമ്പ്രദായം നിലവിൽവന്നശേഷമുള്ള ആദ്യത്തെ 46 വർഷങ്ങളിൽ, അങ്ങനെ സൂക്ഷിച്ചുവെക്കുന്ന രക്തം സുരക്ഷിതമാണെന്നാണു ഡോക്ടർമാരും പൊതുജനങ്ങളും കരുതിപ്പോന്നത്, വാസ്തവത്തിൽ അത് അത്ര സുരക്ഷിതം ആയിരുന്നില്ലെങ്കിലും.” (ക്ലീവ്ലൻഡ് ക്ലിനിക്ക് ജേർണൽ ഓഫ് മെഡിസിൻ, 1989 മേയ്) അന്നത്തെ സാഹചര്യം എന്തായിരുന്നു, ഇന്നത്തെ സാഹചര്യം എന്താണ്?
മുപ്പതു വർഷങ്ങൾക്കുമുമ്പുപോലും പാത്തോളജിസ്റ്റുകൾക്കും രക്തബാങ്ക് ഉദ്യോഗസ്ഥർക്കും ഈ ഉപദേശം ലഭിച്ചിരുന്നു: “രക്തം ഡൈനമൈറ്റാണ്! അതിനു വളരെയധികം പ്രയോജനം ചെയ്യാനോ വളരെയധികം ഉപദ്രവം ചെയ്യാനോ കഴിയും. രക്തപ്പകർച്ച നിമിത്തം ഉണ്ടാകുന്ന മരണനിരക്ക് ഈതർ അനസ്തേഷ്യയോ അപ്പെൻഡിക്സ് ശസ്ത്രക്രിയയോ മൂലം ഉണ്ടാകുന്ന മരണനിരക്കിനു തുല്യമാണ്. 1,000 മുതൽ 3,000 വരെ അല്ലെങ്കിൽ സാധ്യതയനുസരിച്ച് 5,000 രക്തപ്പകർച്ചകൾ നടത്തുമ്പോൾ ഏകദേശം ഒരു
മരണം സംഭവിക്കുന്നതായി പറയപ്പെടുന്നു. ലണ്ടൻ പ്രദേശത്ത് 13,000 കുപ്പി രക്തം കയറ്റുമ്പോൾ ഒരു മരണം വീതം സംഭവിക്കുന്നുണ്ടെന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.”—ന്യൂയോർക്ക് സ്റ്റേറ്റ് ജേർണൽ ഓഫ് മെഡിസിൻ, 1960 ജനുവരി 15.ഉൾപ്പെട്ടിരുന്ന ആ അപകടങ്ങൾ ഒഴിവാക്കാനും അങ്ങനെ ഇന്നു രക്തപ്പകർച്ച സുരക്ഷിതമാക്കാനും കഴിഞ്ഞിട്ടുണ്ടോ? സത്യസന്ധമായി പറഞ്ഞാൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളുടെ ശരീരം അന്യരക്തത്തോടു പ്രതികൂലമായി പ്രതികരിക്കുന്നു, അവരിൽ അനേകർ മരണമടയുന്നു. മേലുദ്ധരിക്കപ്പെട്ട അഭിപ്രായങ്ങൾ വായിക്കുമ്പോൾ രക്തത്തിലൂടെ പകരുന്ന രോഗങ്ങളായിരിക്കാം നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. ആ വശം പരിശോധിക്കുന്നതിനു മുമ്പായി അത്രതന്നെ അറിയപ്പെടാത്ത ചില അപകടങ്ങൾ പരിചിന്തിക്കാം.
രക്തവും നിങ്ങളുടെ രോഗപ്രതിരോധശേഷിയും
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, രക്തത്തിന്റെ അത്ഭുതകരമായ സങ്കീർണത സംബന്ധിച്ച മനുഷ്യന്റെ ഗ്രാഹ്യം വർധിപ്പിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞു. വ്യത്യസ്ത രക്തഗ്രൂപ്പുകൾ ഉള്ളതായി അവർ മനസ്സിലാക്കി. രക്തപ്പകർച്ച നടത്തുമ്പോൾ ദാതാവിന്റെയും രോഗിയുടെയും രക്തഗ്രൂപ്പുകൾ തമ്മിൽ പൊരുത്തമുണ്ടായിരിക്കുന്നത് അത്യന്താപേക്ഷിതമാണ്. ‘എ’ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള ഒരാൾ ‘ബി’ ഗ്രൂപ്പിൽപ്പെട്ട രക്തം സ്വീകരിക്കുന്നതു ഗുരുതരമായ ഹിമോലൈറ്റിക് റിയാക്ഷന് ഇടയാക്കും. ആ വ്യക്തിയുടെ രക്തത്തിലെ അരുണാണുക്കൾ വൻതോതിൽ നശിക്കാനും അയാൾ പെട്ടെന്നു മരിക്കാനും അതു കാരണമായേക്കാം. രക്തത്തിന്റെ ഗ്രൂപ്പ് നിർണയിക്കുന്നതും (blood-typing) പൊരുത്തം ഉറപ്പാക്കുന്നതും (cross matching) ഇന്ന് ഒരു സാധാരണ സംഗതിയാണെങ്കിലും പിശകുകൾ സംഭവിക്കാറുണ്ട്. പൊരുത്തമില്ലാത്ത രക്തം നൽകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഹിമോലൈറ്റിക് റിയാക്ഷൻ നിമിത്തം ഓരോ വർഷവും ആളുകൾ മരിക്കുന്നുണ്ട്.
സാധാരണഗതിയിൽ ആശുപത്രികളിൽ രക്തഗ്രൂപ്പുകളുടെ പൊരുത്തം നിർണയിക്കുമ്പോൾ ഏതാനും ഘടകങ്ങൾ മാത്രമാണു പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ പരിശോധനകൾ കുറ്റമറ്റതാണെന്നു പറയാനാവില്ല. “രക്തപ്പകർച്ച: ഉപയോഗങ്ങൾ, ദുരുപയോഗങ്ങൾ, അപകടങ്ങൾ” (ഇംഗ്ലീഷ്) എന്ന തന്റെ ലേഖനത്തിൽ ഡോ. ഡഗ്ലസ് എച്ച്. പോസി, ജൂനിയർ ഇപ്രകാരം എഴുതുന്നു: “ഏകദേശം 30 വർഷംമുമ്പ് സാംസൺ രക്തപ്പകർച്ചയെ, താരതമ്യേന അപകടം നിറഞ്ഞ ഒരു നടപടിയെന്നു വിശേഷിപ്പിച്ചു . . . [അതിനുശേഷം] കുറഞ്ഞത് 400 അരുണാണു ആന്റിജനുകൾകൂടെ കണ്ടെത്തുകയും അവയുടെ സവിശേഷതകൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഈ സംഖ്യ ഇനിയും വർധിച്ചുകൊണ്ടിരിക്കുമെന്നതിനു സംശയമില്ല, എന്തുകൊണ്ടെന്നാൽ അരുണ രക്തകോശത്തിന്റെ ആവരണം അത്രമേൽ സങ്കീർണമാണ്.”—ജേർണൽ ഓഫ് ദ നാഷണൽ മെഡിക്കൽ അസോസിയേഷൻ, 1989 ജൂലൈ.
രക്തപ്പകർച്ചയ്ക്കു ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയിന്മേലുള്ള ഫലത്തെപ്പറ്റി ശാസ്ത്രജ്ഞർ ഇന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്കോ ഒരു ബന്ധുവിനോ ശസ്ത്രക്രിയ ആവശ്യമായി വരുന്നെങ്കിലോ?
ഡോക്ടർമാർ ഹൃദയമോ കരളോ മറ്റ് ഏതെങ്കിലും അവയവമോ പറിച്ചുനടുമ്പോൾ സ്വീകർത്താവിന്റെ പ്രതിരോധ വ്യവസ്ഥ ആ അന്യകലയെ തിരിച്ചറിയുകയും പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ രക്തപ്പകർച്ചയും ശരീരകലയുടെ പറിച്ചുനടീൽത്തന്നെയാണ്. പൊരുത്തമുണ്ടെന്നു “കൃത്യതയോടെ” നിർണയിക്കപ്പെട്ട രക്തംപോലും രോഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കിയേക്കാം. നൂറുകണക്കിനു വൈദ്യശാസ്ത്രരേഖകൾ “രക്തപ്പകർച്ചയെ രോഗപ്രതിരോധ വ്യവസ്ഥയിലെ പ്രതിപ്രവർത്തനങ്ങളോടു ബന്ധിപ്പിച്ചിരിക്കുന്നു” എന്ന ആശയം പാത്തോളജിസ്റ്റുകളുടെ ഒരു കോൺഫറൻസിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി.—“രക്തപ്പകർച്ചകൾക്കെതിരെ തെളിവുകൾ കുമിഞ്ഞുകൂടുന്നു,” (ഇംഗ്ലീഷ്) മെഡിക്കൽ വേൾഡ് ന്യൂസ്, 1989 ഡിസംബർ 11.
നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഒരു മുഖ്യ ജോലി അർബുദകോശങ്ങളെ കണ്ടുപിടിച്ചു നശിപ്പിക്കുക എന്നതാണ്. പ്രതിരോധ വ്യവസ്ഥയ്ക്കു തകരാറു സംഭവിക്കുമ്പോൾ അത് കാൻസർ പിടിപെട്ടു മരിക്കുന്നതിലേക്കു നയിക്കുമോ? രണ്ടു റിപ്പോർട്ടുകൾ ശ്രദ്ധിക്കുക.
കാൻസർ എന്ന പത്രിക (1987 ഫെബ്രുവരി 15) നെതർലൻഡ്സിൽ നടത്തപ്പെട്ട ഒരു പഠനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു: “വൻകുടലിൽ അർബുദം ബാധിച്ച രോഗികളുടെ ആയുസ്സിനെ രക്തപ്പകർച്ച വളരെയധികം പ്രതികൂലമായി ബാധിച്ചതായി കാണപ്പെട്ടു. അഞ്ചു വർഷത്തെ നിരീക്ഷണത്തിൽനിന്നു കാണാൻ കഴിഞ്ഞത് ഇക്കൂട്ടരിൽ രക്തപ്പകർച്ചയ്ക്കു വിധേയരാകാഞ്ഞവരിൽ 74% ആ അഞ്ചു വർഷവും ജീവിച്ചിരുന്നപ്പോൾ രക്തം സ്വീകരിച്ചവരുടെ അതിജീവന നിരക്ക് 48% മാത്രമായിരുന്നു എന്നാണ്.” ദക്ഷിണ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ, അർബുദബാധയെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയരായ 100 രോഗികളിൽ പഠനം നടത്തി. “സ്വനപേടകത്തെ ബാധിക്കുന്ന കാൻസറിന്റെ കാര്യത്തിൽ, രക്തം കുത്തിവെച്ച 65% വീണ്ടും രോഗബാധിതരായപ്പോൾ രക്തപ്പകർച്ച സ്വീകരിക്കാതിരുന്നവരിൽ 14% മാത്രമേ വീണ്ടും രോഗത്തിന്റെ പിടിയിലായുള്ളൂ. വായ്, ഗ്രസനി, മൂക്ക് അല്ലെങ്കിൽ സൈനസ് എന്നിവിടങ്ങളിലെ
കാൻസറിന്റെ കാര്യത്തിലാകട്ടെ, രക്തപ്പകർച്ചയ്ക്കു വിധേയരാകാതിരുന്നവരിൽ 31% മാത്രമാണ് പിന്നെയും രോഗബാധിതരായത്. എന്നാൽ രക്തം സ്വീകരിച്ചവരിൽ 71% വീണ്ടും കാൻസറിന്റെ പിടിയിലായി.”—ആനൽസ് ഓഫ് ഓട്ടോളജി, റൈനോളജി & ലാറിൻഗോളജി, 1989 മാർച്ച്.അത്തരം പഠനങ്ങൾ രക്തപ്പകർച്ചയെക്കുറിച്ച് എന്താണു സൂചിപ്പിക്കുന്നത്? “രക്തപ്പകർച്ചകളും കാൻസറിനുള്ള ശസ്ത്രക്രിയയും” (ഇംഗ്ലീഷ്) എന്ന തന്റെ ലേഖനത്തിൽ ഡോ. ജോൺ എസ്. സ്പ്രാറ്റ് ഇപ്രകാരം നിഗമനംചെയ്തു: “കാൻസർ ശസ്ത്രക്രിയാവിദഗ്ധൻ ഒരു രക്തരഹിത ശസ്ത്രക്രിയാവിദഗ്ധൻ ആയിത്തീരേണ്ടതുണ്ടായിരിക്കാം.”—ദി അമേരിക്കൻ ജേർണൽ ഓഫ് സർജറി, 1986 സെപ്റ്റംബർ.
നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ മറ്റൊരു പ്രമുഖ ജോലി രോഗാണുക്കളെ ചെറുത്തുതോൽപ്പിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ, രക്തം സ്വീകരിക്കുന്ന രോഗികൾക്കു രോഗാണുബാധയുണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതായി ചില പഠനങ്ങൾ കാണിക്കുന്നതിൽ അതിശയിക്കാനില്ല. വൻകുടലിന്റെയും മലാശയത്തിന്റെയും ശസ്ത്രക്രിയയെക്കുറിച്ച് ഡോ. പി. ഐ. ടാർട്ടർ ഒരു പഠനം നടത്തി. രക്തം കുത്തിവെച്ച രോഗികളിൽ 25 ശതമാനത്തിന് അണുബാധയുണ്ടായി. എന്നാൽ രക്തം സ്വീകരിക്കാതിരുന്നവരിൽ 4 ശതമാനത്തിനേ അതുണ്ടായുള്ളൂ. അദ്ദേഹം ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഓപ്പറേഷനു മുമ്പോ അതിനിടയ്ക്കോ ശേഷമോ നടത്തിയിട്ടുള്ള രക്തപ്പകർച്ച അണുബാധ സംബന്ധമായ സങ്കീർണതകൾക്ക് ഇടയാക്കിയിട്ടുണ്ട് . . . നൽകപ്പെട്ട രക്തത്തിന്റെ അളവനുസരിച്ച് ശസ്ത്രക്രിയാനന്തര അണുബാധയ്ക്കുള്ള സാധ്യതയും വർധിച്ചിരുന്നു.” (ദ ബ്രിട്ടീഷ് ജേർണൽ ഓഫ് സർജറി, 1988 ആഗസ്റ്റ്) 1989-ൽ ‘അമേരിക്കൻ രക്തബാങ്ക് സമിതി’യുടെ ഒരു യോഗത്തിൽ സംബന്ധിച്ചവർ പിൻവരുന്ന കാര്യം മനസ്സിലാക്കി: ഇടുപ്പു മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സമയത്ത്, ദാനം ചെയ്യപ്പെട്ട രക്തം സ്വീകരിച്ചവരിൽ 23 ശതമാനം പേർക്ക് അണുബാധയുണ്ടായി; എന്നാൽ രക്തം സ്വീകരിക്കാതിരുന്നവർക്കു രോഗാണുബാധ ഉണ്ടായതേയില്ല.
രക്തപ്പകർച്ചയുടെ ഈ അനന്തരഫലത്തെ സംബന്ധിച്ചു ഡോ. ജോൺ എ. കോളിൻസ് ഇപ്രകാരം എഴുതി: “എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടെന്നുള്ളതിനു തെളിവൊന്നുംതന്നെ തരാത്ത ഒരു നടപടി, രോഗികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നിനെ രൂക്ഷമാക്കുകകൂടെ ചെയ്യുന്നുവെന്നിരിക്കെ അതിനെ ഒരു ചികിത്സാരീതിയെന്നു വിശേഷിപ്പിക്കുന്നത് ഒരു വൈരുദ്ധ്യം ആയിരിക്കും.”—വേൾഡ് ജേർണൽ ഓഫ് സർജറി, 1987 ഫെബ്രുവരി.
രോഗവിമുക്തമോ അപകടം നിറഞ്ഞതോ?
രക്തത്തിലൂടെ പകരുന്ന രോഗം, ഒട്ടേറെ രോഗികളെയും മനസ്സാക്ഷിബോധമുള്ള ഡോക്ടർമാരെയും ഉത്കണ്ഠാകുലരാക്കിയിരിക്കുന്നു. ഏതു രോഗം? സത്യസന്ധമായി പറഞ്ഞാൽ അതിനെ ഒറ്റ രോഗമായി പരിമിതപ്പെടുത്താനാവില്ല; വാസ്തവത്തിൽ അനേകം രോഗങ്ങളുണ്ട്.
ഏറെ വ്യാപകമായി അറിയപ്പെടുന്ന രോഗങ്ങളെപ്പറ്റി ചർച്ച ചെയ്തശേഷം ടെക്നിക്സ് ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (1982) സിഫിലീസ്, സൈറ്റൊമെഗലോ വൈറസ്ബാധ, മലമ്പനി എന്നിവപോലുള്ള “രക്തപ്പകർച്ചയോടു ബന്ധപ്പെട്ട മറ്റു സാംക്രമിക രോഗങ്ങളെ”പ്പറ്റി സംസാരിക്കുന്നു. തുടർന്ന് അതു പറയുന്നു: “ഹെർപ്പിസ് വൈറസ് ബാധകൾ, ഇൻഫെക്ഷസ് മോണോന്യൂക്ലിയോസിസ് (എപ്സ്റ്റൈൻ-ബാർ വൈറസ്) ടോക്സൊപ്ലാസ്മോസിസ്, ട്രിപ്പാനൊസോമൈയാസിസ് [ആഫ്രിക്കൻ നിദ്രാരോഗവും ഷാഗസ് രോഗവും] ലിഷ്മനൈയാസിസ്, ബ്രൂസെലോസിസ് [അൻഡ്യുലന്റ് ഫീവർ], ടൈഫസ്, മന്ത്, മീസിൽസ്,
സാൽമണെലോസിസ്, കൊളൊറാഡോ ടിക്ക് ഫീവർ എന്നിവ ഉൾപ്പെടെ മറ്റു പല രോഗങ്ങളും രക്തപ്പകർച്ചയിലൂടെ പകരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.”വാസ്തവത്തിൽ അത്തരം രോഗങ്ങളുടെ ലിസ്റ്റ് വലുതായിക്കൊണ്ടിരിക്കുകയാണ്. “രക്തപ്പകർച്ചയിലൂടെ ലൈം രോഗമോ? സാധ്യതയില്ലെങ്കിലും വിദഗ്ധർ ജാഗ്രതയിൽ” എന്നും മറ്റുമുള്ള വാർത്താ തലക്കെട്ടുകൾ നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കാം. ലൈം രോഗത്തിനുള്ള പരിശോധനയിൽ പോസിറ്റീവ് ആയി കാണപ്പെടുന്ന ഒരാളിൽനിന്നു രക്തം സ്വീകരിക്കുന്നത് എത്ര സുരക്ഷിതമാണ്? അങ്ങനെയുള്ള ഒരു വ്യക്തിയുടെ രക്തം സ്വീകരിക്കുമോയെന്ന് ആരോഗ്യരംഗത്തെ ഒരു കൂട്ടം ഉദ്യോഗസ്ഥരോടു ചോദിക്കുകയുണ്ടായി. “‘ഇല്ല’ എന്നായിരുന്നു എല്ലാവരുടെയും മറുപടി, എങ്കിലും അത്തരം ദാതാക്കളിൽനിന്ന് എടുത്ത രക്തം കളയണമെന്ന് അവരാരും അഭിപ്രായപ്പെട്ടില്ല.” തങ്ങളുടെതന്നെ ശരീരത്തിൽ കുത്തിവെക്കാൻ വിദഗ്ധർ സമ്മതിക്കുകയില്ലാത്ത, രക്തബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന അത്തരം രക്തത്തെ സംബന്ധിച്ചു പൊതുജനങ്ങളുടെ വീക്ഷണം എന്തായിരിക്കണം?—ദ ന്യൂയോർക്ക് ടൈംസ്, 1989 ജൂലൈ 18.
ഉത്കണ്ഠയ്ക്കു വക നൽകുന്ന മറ്റൊരു കാരണമുണ്ട്. ഒരു പ്രത്യേക രോഗം വ്യാപകമായിട്ടുള്ള ഒരു ദേശത്തുനിന്നു ശേഖരിക്കപ്പെടുന്ന രക്തം, വിദൂരത്തുള്ള മറ്റൊരു ദേശത്ത് ഉപയോഗിക്കപ്പെട്ടേക്കാം. എന്നാൽ അവിടത്തെ പൊതുജനങ്ങൾക്കും ഡോക്ടർമാർക്കും അപകടകരമായ ആ രോഗത്തെക്കുറിച്ചു യാതൊരു അറിവും ഇല്ലായിരിക്കും. അഭയാർഥികളും കുടിയേറ്റക്കാരും ഉൾപ്പെടെ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം ഇന്നു വർധിച്ചിരിക്കുന്നതിനാൽ ഒരു രക്തോത്പന്നത്തിൽ തികച്ചും അപരിചിതമായ ഒരു രോഗം ഉണ്ടായിരിക്കാനുള്ള സാധ്യത വർധിച്ചുവരുന്നു.
മാത്രവുമല്ല, ഒരു സാംക്രമികരോഗവിദഗ്ധൻ ഇപ്രകാരം മുന്നറിയിപ്പുനൽകി: “രക്താർബുദം, ലിംഫോമ, ഡിമെൻഷ്യ [അല്ലെങ്കിൽ അൽസൈമേഴ്സ് രോഗം] എന്നിവ ഉൾപ്പെടെ, പകരുന്ന രോഗങ്ങളായി മുമ്പു കണക്കാക്കപ്പെട്ടിട്ടില്ലായിരുന്ന പല രോഗങ്ങളുടെയും സംക്രമണം തടയാൻ, ശേഖരിക്കപ്പെടുന്ന രക്തം പരിശോധനാവിധേയമാക്കേണ്ടി വന്നേക്കാം.”—ട്രാൻസ്ഫ്യൂഷൻ മെഡിസിൻ റിവ്യൂസ്, 1989 ജനുവരി.
ഈ അപകടസാധ്യതകൾ ഭീതിജനകമാണെന്നതിനു സംശയമില്ല. എന്നാൽ ഇതിലും ഭയാനകമായ മറ്റു ചില സംഗതികളുണ്ട്.
എയ്ഡ്സ് എന്ന സമസ്തവ്യാപക മഹാമാരി
“രക്തത്തെക്കുറിച്ചു ഡോക്ടർമാർക്കും രോഗികൾക്കും ഉണ്ടായിരുന്ന ധാരണയെ എയ്ഡ്സ് എന്നേക്കുമായി മാറ്റിമറിച്ചിരിക്കുന്നു. അതു മോശമായ ഒരു സംഗതിയല്ലെന്ന് രക്തപ്പകർച്ച സംബന്ധിച്ച ഒരു കോൺഫറൻസിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിൽ കൂടിവന്ന ഡോക്ടർമാർ പറഞ്ഞു.”—വാഷിങ്ടൺ പോസ്റ്റ്, 1988 ജൂലൈ 5.
എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോഡെഫിഷ്യൻസി സിൻഡ്രോം) എന്ന മഹാമാരി, മനുഷ്യരാശിയുടെ മുന്നിലേക്കു ചാടിവീണ് രക്തത്തിൽനിന്നു പകർച്ചവ്യാധികൾ പിടിപെടുന്നതിന്റെ അപകടം സംബന്ധിച്ച് ആളുകളെ മുമ്പെന്നത്തെക്കാളും ഉണർവുള്ളവരാക്കിയിരിക്കുന്നു. ദശലക്ഷങ്ങൾ ഇപ്പോൾത്തന്നെ രോഗബാധിതരാണ്. അതു നിയന്ത്രണാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ മരണനിരക്കാകട്ടെ ഏകദേശം നൂറു ശതമാനം തന്നെയാണ്.
എയ്ഡ്സിനു കാരണം രക്തത്തിലൂടെ പകരാവുന്ന ഹ്യൂമൺ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (HIV) ആണ്. എയ്ഡ്സ് എന്ന ആധുനിക മഹാമാരി വെളിച്ചത്തുവന്നത് 1981-ലാണ്. ഇതിനിടയാക്കുന്ന വൈറസ്, രക്തോത്പന്നങ്ങളിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പിറ്റേ വർഷംതന്നെ മനസ്സിലാക്കി. എച്ച്ഐവി ആന്റിബോഡികളുള്ള രക്തം തിരിച്ചറിയാനുള്ള പരിശോധനകൾ ലഭ്യമായശേഷംപോലും രക്തവ്യവസായം വളരെ സാവധാനത്തിലേ അതിനോടു പ്രതികരിച്ചുള്ളുവെന്ന് ഇപ്പോൾ ആളുകൾ സമ്മതിക്കുന്നുണ്ട്. ദാതാക്കളിൽനിന്നുള്ള രക്തം പരിശോധിക്കാൻ തുടങ്ങിയത് 1985-ലാണ്, a എന്നാൽ അപ്പോഴും, ഉപയോഗത്തിനു തയ്യാറായി അലമാരകളിൽ സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്ന രക്തോത്പന്നങ്ങൾ പരിശോധനാവിധേയമാക്കിയില്ല.
അതിനുശേഷം, ‘രക്തശേഖരം ഇപ്പോൾ സുരക്ഷിതമാണ്’ എന്ന ഉറപ്പ് പൊതുജനങ്ങൾക്കു നൽകപ്പെട്ടു, എന്നാൽ, എയ്ഡ്സിന്റെ കാര്യത്തിൽ, ‘വിൻഡോ പീരിയഡ്’ എന്നറിയപ്പെടുന്ന അപകടകരമായ ഒരു കാലഘട്ടമുണ്ടെന്ന് പിന്നീടു വെളിപ്പെടുത്തപ്പെട്ടു.
ഒരാൾ വൈറസ്ബാധിതനായശേഷം മാസങ്ങൾ കഴിഞ്ഞായിരിക്കാം അയാളുടെ ശരീരം, പരിശോധനയിൽ തിരിച്ചറിയാൻ കഴിയുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്. തന്റെ ശരീരത്തിൽ വൈറസ് ഉണ്ടെന്നറിയാതെ അയാൾ രക്തം ദാനം ചെയ്യാൻ തയ്യാറായേക്കാം. പരിശോധനയിൽ അയാളുടെ രക്തം നെഗറ്റീവ് ആണെന്നു തെളിയുകയും ചെയ്തേക്കാം. ഇങ്ങനെയുള്ള കേസുകൾ ഉണ്ടായിട്ടുണ്ട്. അത്തരം രക്തം സ്വീകരിച്ചശേഷം ആളുകൾക്ക് എയ്ഡ്സ് പിടിപെട്ടിട്ടുണ്ട്!പിന്നീട് ചിത്രം കൂടുതൽ ബീഭത്സമായിത്തീർന്നു. ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ (1989 ജൂൺ 1) “നിശ്ശബ്ദ എച്ച്ഐവി ബാധ”കളെപ്പറ്റി റിപ്പോർട്ടുചെയ്തു. നിലവിലുള്ള പരോക്ഷ പരിശോധനകളിലൂടെ തിരിച്ചറിയപ്പെടാതെ ആളുകൾ വർഷങ്ങളോളം എയ്ഡ്സ് വൈറസ്വാഹികളായി വർത്തിച്ചേക്കാമെന്നു സ്ഥാപിക്കപ്പെട്ടു. ഇത് അപൂർവ സംഭവങ്ങളാണെന്നു പറഞ്ഞുകൊണ്ട് ഇതിന്റെ രൂക്ഷതയെ കുറച്ചുകാണിക്കാൻ ചിലർ ശ്രമിച്ചേക്കാം, എന്നാൽ “രക്തത്തിലൂടെയും രക്തഘടകങ്ങളിലൂടെയും എയ്ഡ്സ് പകരാനുള്ള സാധ്യത പൂർണമായും ഒഴിവാക്കാനാവില്ല” എന്ന് അവ തെളിയിക്കുന്നു. (പേഷ്യന്റ് കെയർ, 1989 നവംബർ 30) അതുകൊണ്ട് അസ്വസ്ഥജനകമായ നിഗമനം ഇതാണ്: പരിശോധനയിൽ നെഗറ്റീവായി കാണപ്പെടുന്നത് ഒരു വ്യക്തി പൂർണ ആരോഗ്യവാനാണ് എന്നതിന്റെ തെളിവല്ല. രക്തത്തിലൂടെ ഇനിയും എത്ര പേർകൂടി എയ്ഡ്സ് ബാധിതരായിത്തീരും?
ഇനി എന്താണാവോ?
ഇനിയും എന്തൊക്കെ അപകടങ്ങളാണു പതിയിരിക്കുന്നത്? ബഹുശാലാ കെട്ടിടങ്ങളിൽ താമസിക്കുന്ന പലർക്കും ഉണ്ടാകാനിടയുള്ള ഒരു അനുഭവം നമുക്കിവിടെ ഉദാഹരണമായെടുക്കാം. മുകളിലത്തെ നിലയുടെ തറയിൽ ഒരു ഷൂ വീഴുന്ന ശബ്ദം കേട്ടാൽ അടുത്തതു വന്നുവീഴുന്നത് ഇനി എപ്പോഴാണെന്ന് അറിയാൻ ഒരുതരം ഉത്കണ്ഠയോടെ അവർ കാത്തിരുന്നേക്കാം. രക്തപ്പകർച്ചയോടുള്ള ബന്ധത്തിൽ പറയുകയാണെങ്കിൽ ഇനി എന്തെല്ലാം അപകടങ്ങളെക്കുറിച്ചാണു കേൾക്കാൻ പോകുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ.
എയ്ഡ്സ് വൈറസിന് എച്ച്ഐവി എന്നാണു പേർ നൽകപ്പെട്ടത്, എന്നാൽ ചില വിദഗ്ധർ ഇപ്പോൾ അതിനെ എച്ച്ഐവി-1 എന്നാണു വിളിക്കുന്നത്. കാരണം? എയ്ഡ്സ് വൈറസിന്റേതിനു സമാനമായ മറ്റൊരു വൈറസിനെ (എച്ച്ഐവി-2) അവർ കണ്ടെത്തിയിരിക്കുന്നു. എയ്ഡ്സിന്റെ രോഗലക്ഷണങ്ങൾ ഉളവാക്കാൻ കഴിയുന്ന ഇവ ചില പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. മാത്രവുമല്ല “ഇന്ന് ഇവിടെ ഉപയോഗത്തിലുള്ള എയ്ഡ്സ് പരിശോധനകളിലൂടെ അവയെ എല്ലായ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല,” ദ ന്യൂയോർക്ക് ടൈംസ് (1989 ജൂൺ 27) റിപ്പോർട്ടുചെയ്യുന്നു. “ഈ പുതിയ കണ്ടുപിടിത്തങ്ങൾ . . . ദാനം ചെയ്യപ്പെടുന്ന രക്തം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നത് രക്തബാങ്കുകളെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രയാസകരമാക്കിത്തീർക്കുന്നു.”
ഇനി, എയ്ഡ്സ് വൈറസിന്റെ അകന്ന ബന്ധുക്കളെക്കുറിച്ച് എന്തു പറയാൻ കഴിയും? അത്തരമൊരു വൈറസ് “മുതിർന്നവരിൽ കാണുന്ന T-സെൽ രക്താർബുദത്തിനും⁄ലിംഫോമയ്ക്കും മാരകമായ ഒരു നാഡീരോഗത്തിനും കാരണമാകുന്നതായി വിശ്വസിക്കപ്പെടുന്നു” എന്ന് ഒരു പ്രസിഡൻഷ്യൽ കമ്മീഷൻ (യു.എസ്.എ.) പറഞ്ഞു. ഈ വൈറസ് ഇപ്പോൾത്തന്നെ, രക്തദാതാക്കളായവരിലുണ്ട്. രക്തപ്പകർച്ചയിലൂടെ അവ പടർന്നുപിടിക്കുകയും ചെയ്തേക്കാം. ‘അത്തരം മറ്റു വൈറസുകളെ കണ്ടെത്താൻ രക്തബാങ്കുകൾ നടത്തുന്ന പരിശോധന എത്ര ഫലകരമാണ്’ എന്ന് ചോദിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
യഥാർഥത്തിൽ രക്തശേഖരത്തിൽ എത്രയിനം വൈറസുകൾ ഒളിച്ചിരിപ്പുണ്ടെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു. “കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന [വൈറസുകളെ] അപേക്ഷിച്ച് കണ്ടുപിടിക്കപ്പെടാത്തവ ആയിരിക്കാം ആശങ്കയ്ക്കു കൂടുതൽ ഇടനൽകുന്നത്” എന്ന് ഡോ. ഹാരൊൾഡ് റ്റി. മെറിമാൻ എഴുതുന്നു. “[വ്യക്തികളിൽനിന്നു വ്യക്തികളിലേക്കു] പകരുന്നതും എന്നാൽ വളർന്നുവരാൻ വർഷങ്ങൾതന്നെ വേണ്ടിവരുന്നതുമായ വൈറസുകളെ രക്തപ്പകർച്ചയുമായി ബന്ധപ്പെടുത്തി ചിന്തിക്കുക ബുദ്ധിമുട്ടാണ്, അവയെ കണ്ടെത്തുന്നതാകട്ടെ അതിലും പ്രയാസവും. എച്ച്റ്റിഎൽവി ഗ്രൂപ്പിൽപ്പെട്ടവയെ കൂടാതെ ഇനിയും പല വൈറസുകളും തലപൊക്കാനിരിക്കുന്നതേയുള്ളൂ.” (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ റിവ്യൂസ്, 1989 ജൂലൈ) “എയ്ഡ്സ് എന്ന മഹാമാരി വിതയ്ക്കുന്ന ദുരന്തങ്ങൾ പോരാഞ്ഞിട്ടെന്നവണ്ണം . . . രക്തപ്പകർച്ചയോടു ബന്ധപ്പെട്ട പുതുതായ പല അപകടസാധ്യതകളും 1980-കളിൽ വെളിച്ചത്തുവന്നിരിക്കുന്നു. ഗുരുതരമായ വേറെയും വൈറസ് രോഗങ്ങൾ ഉണ്ടെന്നും മറ്റുള്ളവരുടെ രക്തം സ്വീകരിക്കുന്നതിലൂടെ അവ പകരുമെന്നും മുൻകൂട്ടി പറയാൻ വലിയ ഭാവനയൊന്നും ആവശ്യമില്ല.”—ലിമിറ്റിങ് ഹോമോലോഗസ് എക്സ്പോഷർ: ഓൾട്ടർനേറ്റീവ് സ്ട്രാറ്റജീസ്, 1989.
വളരെയധികം അപകടങ്ങൾ ഇപ്പോൾത്തന്നെ കണ്ടുപിടിച്ചിട്ടുള്ളതിനാൽ രോഗനിയന്ത്രണ കേന്ദ്രങ്ങൾ “സാർവലൗകികമായ മുൻകരുതലുകൾ” ശുപാർശ ചെയ്യുന്നു. അതായത് ‘എല്ലാ രോഗികളും എച്ച്ഐവി-യുടെയും രക്തത്തിലൂടെ പകരുന്ന മറ്റു രോഗാണുക്കളുടെയും പിടിയിലകപ്പെടാൻ സാധ്യതയുള്ളവരാണെന്ന് ആരോഗ്യരക്ഷാപ്രവർത്തകർ അനുമാനിക്കണം.’ നല്ല കാരണത്തോടെ, ആരോഗ്യപരിപാലകരും പൊതുജനങ്ങളും രക്തത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണം പുന:പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
[അടിക്കുറിപ്പുകൾ]
a ഇപ്പോഴും എല്ലാ രക്തവും പരിശോധിക്കപ്പെടുന്നുണ്ടെന്നു നമുക്ക് അനുമാനിക്കാൻ കഴിയില്ല. ഉദാഹരണത്തിന് 1989-ന്റെ ആരംഭത്തിൽ ബ്രസീലിലെ രക്തബാങ്കുകളിൽ 80 ശതമാനത്തോളം ഗവൺമെന്റ് നിയന്ത്രണത്തിലായിരുന്നില്ല. അവ എയ്ഡ്സിന്റെ പരിശോധന നടത്തിയിരുന്നതുമില്ല.
[8-ാം പേജിലെ ചതുരം]
“ഏകദേശം നൂറിൽ ഒന്ന് എന്ന കണക്കിൽ രക്തപ്പ കർച്ചയോട് അനുബന്ധിച്ച് പനി യോ തണുപ്പും വിറയലുമോ ചൊറിഞ്ഞുതടിപ്പോ (ഹൈവ്സ്) ഉണ്ടാകുന്നു. . . . ഏകദേശം 6,000-ത്തിൽ ഒന്ന് എന്ന കണക്കിൽ അരുണാണുനിവേശനത്തെ തുടർ ന്ന് ഹിമോലൈറ്റിക് ട്രാൻസ്ഫ്യൂഷൻ റിയാക്ഷൻ—രോഗപ്രതിരോധവ്യവസ്ഥയുടെ ഗുരുതരമായ പ്രതിപ്രവർത്തനം—ഉണ്ടാകുന്നു. പെട്ടെന്നുതന്നെയോ ഏതാനും ദിവസങ്ങൾക്കു ശേഷമോ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് ഇത്; പെട്ടെന്നുള്ള ഗുരുതരമായ [വൃക്ക] തകരാറിനും ഷോക്കിനും കാരണമാകുന്നതിനു പുറമേ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനും മരണത്തിനുപോലും ഇത് ഇടയാക്കിയേക്കാം.”—നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) കോൺഫറൻസ്, 1988.
[9-ാം പേജിലെ ചതുരം]
വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം 1984-ൽ മറ്റൊരാളോടൊപ്പം പങ്കിട്ട ഡാനിഷ് ശാസ്ത്രജ്ഞനായ നീൽസ് യെർനെ രക്തപ്പകർച്ച യ്ക്കു വിധേയനാകാൻ വിസമ്മതി ച്ച ഒരു വ്യക്തിയാണ്. അത് എന്തു കൊണ്ടാണെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായി രുന്നു: “ഒരു വ്യക്തിയുടെ രക്തം അയാളുടെ വിരലടയാളം പോലെ യാണ്—ഒരിക്കലും രണ്ടു വ്യക്തി കളുടെ രക്തം പൂർണമായും ഒരു പോലെ ആയിരിക്കുകയില്ല.”
[10-ാം പേജിലെ ചതുരം]
രക്തവും തകരാറിലായ കരളും . . .
“വിചിത്രമെന്നു പറയട്ടെ, രക്തത്തിലൂടെ പകരുന്ന എയ്ഡ്സ് . . . ഹെപ്പറ്റൈറ്റിസ് പോലുള്ള ചില രോഗങ്ങളുടെ അത്രയും ഭീഷണി ഉയർത്തിയിട്ടില്ല” എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
അതേ, തക്കതായ ചികിത്സയൊന്നുമില്ലാത്ത അത്തരം ഹെപ്പറ്റൈറ്റിസ് ബാധിച്ചു നിരവധി ആളുകൾ കടുത്ത രോഗാവസ്ഥയിലാകുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് (1989 മേയ് 1) പറയുന്നത് അനുസരിച്ച് ഐക്യനാടുകളിൽ രക്തം നൽകപ്പെടുന്നവരിൽ ഏകദേശം അഞ്ച് ശതമാനം ആളുകൾക്ക്—ഒരു വർഷം 1,75,000 പേർക്ക്—ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നു. അതിൽ പകുതിയോളം പേർ അതിന്റെ സ്ഥിര വാഹകരായിത്തീരുന്നു. അഞ്ചിൽ ഒരാൾക്കു വീതമെങ്കിലും സിറോസിസോ കരളിലെ കാൻസറോ ഉണ്ടാകുന്നു. നാലായിരം പേർ മരിക്കുന്നെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ജംബോ ജെറ്റ് വിമാനം തകർന്ന് അതിലുള്ള യാത്രക്കാർ എല്ലാവരും മരിക്കുന്നെങ്കിൽ അത് എത്ര വലിയ വാർത്തയായിരിക്കുമെന്നു ചിന്തിക്കുക. എന്നാൽ 4,000 മരണം സംഭവിക്കുന്നെന്നു പറയുമ്പോൾ അത്, ഓരോ മാസവും ഒരു ജംബോ ജെറ്റ് തകർന്ന് അതിനുള്ളിലെ ആളുകളെല്ലാം മരിക്കുന്നതിനു തുല്യമാണ്!
മലിനമായ ആഹാരത്തിലൂടെയോ ജലത്തിലൂടെയോ പടരുന്ന തീവ്രത കുറഞ്ഞ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് (ടൈപ്പ് എ) ഡോക്ടർമാർക്കു ദീർഘനാൾ മുമ്പുതന്നെ അറിവുണ്ടായിരുന്നു. അങ്ങനെയിരിക്കെ, അതിലും ഗുരുതരമായ ഒരിനം രക്തത്തിലൂടെ പകരുന്നുവെന്ന് അവർ മനസ്സിലാക്കി. എന്നാൽ രക്തപരിശോധനയിലൂടെ അതു കണ്ടുപിടിക്കാനുള്ള മാർഗങ്ങളൊന്നും ഇല്ലായിരുന്നുതാനും. കാലക്രമത്തിൽ ഈ വൈറസിന്റെ (ടൈപ്പ് ബി) “പാദമുദ്രകൾ” തിരിച്ചറിയാൻ പ്രതിഭാശാലികളായ ശാസ്ത്രജ്ഞർ പഠിച്ചു. 1970-കളുടെ തുടക്കം ആയപ്പോഴേക്ക് ചില രാജ്യങ്ങളിൽ ഈ വൈറസിനെ കണ്ടുപിടിക്കാനുള്ള രക്തപരിശോധനകൾ നിലവിൽവന്നു. രക്തപ്പകർച്ച സുരക്ഷിതമാണെന്നും രക്തം ഉപയോഗിച്ചുള്ള ചികിത്സാരീതിക്കു നല്ല ഭാവിയുണ്ടെന്നും കാണപ്പെട്ടു! എന്നാൽ യഥാർഥത്തിൽ അത് അങ്ങനെതന്നെ ആയിരുന്നോ?
വാസ്തവത്തിൽ ആ ശുഭപ്രതീക്ഷ ഏറെനാൾ നീണ്ടുനിന്നില്ല. പരിശോധിക്കപ്പെട്ട രക്തം നൽകിയിട്ടും ആയിരക്കണക്കിന് ആളുകളിൽ ഹെപ്പറ്റൈറ്റിസ് വികാസംപ്രാപിക്കുന്നതായി തെളിഞ്ഞു. കടുത്ത രോഗാവസ്ഥയിലായ അനേകർ തങ്ങളുടെ കരൾ തീർത്തും തകരാറിലായിരിക്കുന്നതായി മനസ്സിലാക്കി. എന്നാൽ രക്തം പരിശോധിക്കപ്പെട്ടിരുന്നെങ്കിൽ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? രക്തത്തിൽ നോൺ-എ, നോൺ-ബി ഹെപ്പറ്റൈറ്റിസ് (എൻഎഎൻബി) എന്ന മറ്റൊരു വൈറസുണ്ടായിരുന്നു. ഒരു ദശകക്കാലം അതു രക്തപ്പകർച്ചയ്ക്ക് ഒരു ഭീഷണിയായി നിലകൊണ്ടു—ഇസ്രായേൽ, ഇറ്റലി, ഐക്യനാടുകൾ, ജപ്പാൻ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ രക്തപ്പകർച്ചയ്ക്കു വിധേയരായവരിൽ 8 മുതൽ 17 വരെ ശതമാനം പേരെ ഈ വൈറസ് പിടികൂടുകയുണ്ടായി.
അങ്ങനെയിരിക്കെ, “നിഗൂഢമായ ഹെപ്പറ്റൈറ്റിസ് നോൺ-എ, നോൺ-ബി വൈറസ് ഒടുവിൽ ഇതാ പിടിയിൽ,” “ഒരു രക്തജന്യ നിഗൂഢതയുടെ ചുരുളഴിയുന്നു” എന്നൊക്കെയുള്ള വാർത്താശീർഷകങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വീണ്ടും, ‘പിടികിട്ടാപ്പുള്ളിയെ കണ്ടുപിടിച്ചിരിക്കുന്നു’ എന്നതായിരുന്നു സന്ദേശം. 1989 ഏപ്രിലിൽ, എൻഎഎൻബി വൈറസിനെ—ഇപ്പോൾ ഇത് ഹെപ്പറ്റൈറ്റിസ് സി എന്നറിയപ്പെടുന്നു—തിരിച്ചറിയാനുള്ള പരിശോധന ലഭ്യമാണെന്നു പൊതുജനങ്ങളോടു പ്രഖ്യാപിക്കപ്പെട്ടു.
ഈ ആശ്വാസവും അസ്ഥാനത്താണോയെന്നു നിങ്ങൾ സംശയിച്ചേക്കാം. വാസ്തവത്തിൽ രോഗബാധയുടെ മൂന്നിലൊന്നിന് ഉത്തരവാദിയായിരുന്നേക്കാവുന്ന മറ്റൊരു ഹെപ്പറ്റൈറ്റിസ് വൈറസിനെ—മ്യൂട്ടേഷൻ സംഭവിച്ച ഒരു വൈറസിനെ—കണ്ടുപിടിച്ചതായി ഇറ്റലിയിൽനിന്നുള്ള ഗവേഷകർ റിപ്പോർട്ടുചെയ്തിരിക്കുന്നു. “ഹെപ്പറ്റൈറ്റിസ് വൈറസ് അക്ഷരമാലയിൽ എ, ബി, സി, ഡി മാത്രമല്ല, ഇനിയും പലതും പ്രത്യക്ഷപ്പെട്ടേക്കാം” എന്ന് “ചില വിദഗ്ധർ ഉത്കണ്ഠപ്പെടുന്നതായി” ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഹെൽത്ത് ലെറ്റർ (1989 നവംബർ) അഭിപ്രായപ്പെട്ടു. ദ ന്യൂയോർക്ക് ടൈംസ് (1990 ഫെബ്രുവരി 13) ഇപ്രകാരം പ്രസ്താവിച്ചു: “മറ്റു വൈറസുകളും ഹെപ്പറ്റൈറ്റിസിന് ഇടയാക്കിയേക്കാമെന്നു വിദഗ്ധർ ശക്തമായി സംശയിക്കുന്നു, കണ്ടുപിടിക്കപ്പെട്ടാൽ അവ ഇ മുതലുള്ള [ഇംഗ്ലീഷ്] അക്ഷരങ്ങളാൽ തിരിച്ചറിയപ്പെടും.”
രക്തത്തിന്റെ ഉപയോഗം സുരക്ഷിതമാക്കാൻ പരിശോധനകൾക്കു വേണ്ടിയുള്ള നീണ്ട അന്വേഷണങ്ങൾ രക്തബാങ്കുകൾ ഇനിയും നടത്തേണ്ടതുണ്ടോ? പണച്ചെലവിന്റെ പ്രശ്നം പരാമർശിച്ചുകൊണ്ട് അമേരിക്കൻ റെഡ്ക്രോസിന്റെ ഡയറക്ടർ അസ്വസ്ഥജനകമായ ഈ അഭിപ്രായപ്രകടനം നടത്തി: “ഓരോ സാംക്രമിക രോഗാണുവിനുംവേണ്ടി നമുക്കിങ്ങനെ ഒന്നിനു പുറകെ ഒന്നായി പരിശോധനകൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കാൻ കഴിയുകയില്ല.”—മെഡിക്കൽ വേൾഡ് ന്യൂസ്, 1989 മേയ് 8.
ഹെപ്പറ്റൈറ്റിസ്-ബി-ക്കുള്ള പരിശോധനപോലും പരാജയപ്പെടുന്നുണ്ട്; അനേകർക്ക് ഇപ്പോഴും അതു രക്തത്തിലൂടെ പിടിപെടുന്നു. മാത്രവുമല്ല ഹെപ്പറ്റൈറ്റിസ്-സി-ക്ക് ലഭ്യമായിരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്ന പരിശോധന ആളുകളെ തൃപ്തിപ്പെടുത്തുമോ? വൈറസ് ശരീരത്തിൽ കടന്നുകൂടി ഒരു വർഷം കഴിഞ്ഞേ ചിലപ്പോൾ ഈ രോഗത്തിന്റെ ആന്റിബോഡികൾ പരിശോധനയിൽ വെളിപ്പെടുകയുള്ളുവെന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (1990 ജനുവരി 5) പ്രകടമാക്കി. ഇതിനിടെ വൈറസ്ബാധിത രക്തം സ്വീകരിക്കുന്നവർ വലിയ ദുരന്തത്തിന് ഇരകളായേക്കാം, അവരുടെ കരളിന്റെ പ്രവർത്തനം തകരാറിലാകുകയും അവർ മരണപ്പെടുകയും ചെയ്തേക്കാം.
[11-ാം പേജിലെ ചതുരം/ചിത്രം]
രക്തം രോഗങ്ങളെ വിദൂര സ്ഥല ങ്ങളിലുള്ള ആളുകളിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്നതിനു ള്ള ദൃഷ്ടാന്തമാണ് ഷാഗസ് രോഗം. ‘ലാറ്റിൻ അമേരിക്കയിൽ 10-12 ദശ ലക്ഷം ആളുകളെ സ്ഥായിയായി ഈ രോഗം പിടികൂടിയിരിക്കുന്നു’ എന്ന് “ദ മെഡിക്കൽ പോസ്റ്റ്” (1990 ജനുവരി 16) റിപ്പോർട്ടു ചെയ്യുന്നു. “തെക്കെ അമേരിക്കയിൽ രക്തപ്പ കർച്ച നിമിത്തം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടങ്ങളിൽ ഒന്ന്” എന്ന് അതു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. “കൊലയാളി പ്രാണി” ഉറങ്ങിക്കിട ക്കുന്ന ആളിന്റെ മുഖത്തു വന്നിരുന്നു ചർമം തുളച്ചു രക്തം വലിച്ചുകുടിക്കു ന്നു. മുറിവിൽ അതു വിസർജിക്കുക യും ചെയ്യുന്നു. മരണത്തിനിടയാക്കു ന്ന ഹൃദയസംബന്ധമായ തകരാറു കൾ വികാസം പ്രാപിക്കുന്നതിനുമുമ്പ് ഈ വ്യക്തി വർഷങ്ങളോളം ഷാഗസ് രോഗം കൊണ്ടുനടക്കുകയും (അതിനിടെ രക്തദാനം നടത്തുകയും) ചെയ്തേക്കാം.
എന്നാൽ വിദൂര ഭൂഖണ്ഡങ്ങളിലു ള്ള ആളുകൾ അതേക്കുറിച്ച് ഉത്ക ണ്ഠപ്പെടുന്നത് എന്തിനാണ്? രക്തപ്പ കർച്ചയെ തുടർന്നു ഷാഗസ് രോഗം പിടിപെട്ടവരെ സംബന്ധിച്ചും അവ രിൽ ഒരാൾ മരിച്ചതിനെപ്പറ്റിയും “ദ ന്യൂയോർക്ക് ടൈംസി”ൽ (1989 മേയ് 23) ഡോ. എൽ. കെ. ഓൾട്ട് മാൻ റിപ്പോർട്ടുചെയ്തു. ഓൾട്ട് മാൻ ഇപ്രകാരം എഴുതി: “പല കേസുകളും തിരിച്ചറിയപ്പെടാതെ പോയിരിക്കാം. കാരണം [ഇവിടെ യുള്ള ഡോക്ടർമാർക്ക്] ഷാഗസ് രോഗം പരിചയമില്ല, രക്തപ്പകർച്ച യിലൂടെ അതു പകരുമെന്ന് അവർ തിരിച്ചറിയുന്നതുമില്ല.” അതേ, രോഗങ്ങൾക്കു ബഹുദൂരം യാത്ര ചെയ്യാൻ പറ്റിയ വാഹനമായി വർത്തിക്കാൻ രക്തത്തിനു കഴിയും.
[12-ാം പേജിലെ ചതുരം]
ഡോ.നൂഡ് ലൻഡ്-ഓളെസെൻ ഇപ്രകാരം എഴുതി: “എയ്ഡ്സ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള ഗണത്തിൽപ്പെട്ട ചില ആളുകൾ, സൗജന്യമായി എയ്ഡ്സ് പരിശോധന നടത്തിക്കിട്ടാൻവേണ്ടി രക്തദാനത്തിനു തയ്യാറാകുന്നു . . . എന്നതുകൊണ്ടുതന്നെ രക്തം സ്വീകരിക്കാൻ വിസമ്മതിക്കേണ്ടതാണെന്നു ഞാൻ കരുതുന്നു. യഹോവയുടെ സാക്ഷികൾ അനേക വർഷങ്ങളായി ഇതിനു വിസമ്മതിച്ചിട്ടുണ്ട്. അവർ ഭാവി മുൻകൂട്ടി കണ്ടിരുന്നുവോ?” —“ഉഗസ്ക്രിഫ്റ്റ് ഫോർ ലേഗർ” (ഡോക്ടേഴ്സ് വീക്ക്ലി), 1988 സെപ്റ്റംബർ 26.
[9-ാം പേജിലെ ചിത്രം]
വെടിയേറ്റ പാപ്പാ അതിജീവിച്ചു. ആശു പത്രി വിട്ട അദ്ദേഹത്തെ വീണ്ടും അവിടേക്കു കൊണ്ടുചെല്ലേണ്ടിവന്നു. രണ്ടു മാസംകൂടി അദ്ദേഹം ആശുപത്രിയിൽ കിടന്നു. എന്തുകൊണ്ട്? രക്തപ്പകർച്ചയെ തുടർന്ന് ഉണ്ടായ മരണത്തിനിടയാക്കാൻ സാധ്യതയുള്ള സൈറ്റൊമെഗലോ വൈറസ്ബാധയായിരുന്നു അദ്ദേഹത്തിന്റെ “ദുരിത” കാരണം.
[കടപ്പാട]
UPI/Bettmann Newsphotos
[12-ാം പേജിലെ ചിത്രം]
എയ്ഡ്സ് വൈറസ്
[കടപ്പാട]
CDC, Atlanta, Ga.