വിവരങ്ങള്‍ കാണിക്കുക

വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത

വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത

വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത

1, 2. (എ) ജനപ്രീതിയുളള ഏതു മതപരമായ ആശയം അനേകർ ആവർത്തിച്ചു പറയുന്നു? (ബി) എന്നാൽ ഇത്‌ ഏത്‌ ചോദ്യങ്ങൾ ഉന്നയിക്കുന്നു?

 “എല്ലാ പാതകളും ദൈവത്തിലേക്കു നയിക്കുന്നു”വെന്നത്‌ അനേകർക്കു സമ്മതമുളള ഒരു ആശയമാണ്‌. തീർച്ചയായും ഇതിന്റെ അർത്ഥം മനുഷ്യവർഗ്ഗത്തിന്റെ എല്ലാ മതങ്ങളും ദൈവത്തിനു സ്വീകാര്യമാണെന്നാണ്‌. ഈ ആശയത്തോടു യോജിച്ചുകൊണ്ട്‌ ഭഗവത്‌ഗീത പറയുന്നു: “കുന്തീപുത്രാ, (അർജ്ജുനൻ) മററു ദൈവങ്ങളുടെ ഭക്തൻമാർ പോലും, അവരെ വിശ്വാസത്തോടെ ആരാധിക്കുന്നവർ തന്നെ, എനിക്കുമാത്രമാണ്‌ ബലിയർപ്പിക്കുന്നത്‌, സത്യ നിയമപ്രകാരമല്ലെങ്കിലും.”—9:23.

2 ‘ഇന്ന്‌ മതപരമായ എത്ര പാതകളുണ്ട്‌? മതഭക്തൻമാർക്കു തെരഞ്ഞെടുക്കുന്നതിന്‌ വിവിധങ്ങളായ ഇത്രയധികം മതവിശ്വാസങ്ങൾ എല്ലായ്‌പ്പോഴുമുണ്ടായിരുന്നോ? ദൃഷ്ടാന്തമായി, ഭൂമിയിൽ ഒരു മനുഷ്യൻ മാത്രമുണ്ടായിരുന്ന കാലത്ത്‌ മതപരമായ എത്ര പാതകൾ സ്ഥിതിചെയ്‌തിരുന്നു?’ ഇവ ചിന്തിക്കുന്ന ഒരാൾ അറിയാനാഗ്രഹിച്ചേക്കാവുന്ന കാര്യങ്ങളാണ്‌.

3. ആദ്യമതത്തെ എങ്ങനെ ചുവടുപിടിച്ചുചെന്നു കണ്ടെത്താൻ കഴിയും?

3 മതം നമ്മുടെ പൂർവ്വപിതാക്കൻമാരിൽ നിന്ന്‌ ചരിത്രത്തിലൂടെ നമ്മിൽ വന്നെത്തിയിരിക്കുന്നുവെന്ന വസ്‌തുതയിൽ നിന്ന്‌ ഒരുവന്‌ ഒഴിഞ്ഞുമാറാൻ സാദ്ധ്യമല്ല. മതം ചരിത്രത്തോട്‌ ഇത്ര അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്‌, നാം ചരിത്രത്തിലൂടെ പിമ്പോട്ടു വേണ്ടത്ര ദൂരം ചുവടുപിടിച്ചു പോകുന്നപക്ഷം അതു നമ്മെ ആദ്യമാനുഷ പൂർവ്വികനിലേക്കു നയിക്കുമെന്നുളളത്‌ യുക്തിസിദ്ധമാണ്‌. ക്രമത്തിൽ അതു നമ്മെ ആദ്യമതപാതയിൽ കൊണ്ടെത്തിക്കും. അപ്പോൾ ആ ആദ്യമനുഷ്യൻ ആരായിരുന്നു? അവന്റെ മതം ഏതായിരുന്നു?

ആദ്യമനുഷ്യന്റെയും സ്‌ത്രീയുടെയും ഉത്ഭവം

4. മാനുഷശരീരത്തിന്റെ രചന സംബന്ധിച്ച ബൈബിളിന്റെ സൃഷ്ടിവിവരണത്തോട്‌ സയൻസ്‌ യോജിക്കുന്നതെങ്ങനെ?

4 ഹൈന്ദവലിഖിതങ്ങളനുസരിച്ച്‌ ആദ്യമനുഷ്യൻ മനു ആയിരുന്നു; ബൈബിളനുസരിച്ച്‌ അവന്റെ പേർ ആദാം എന്നായിരുന്നു. (ഉല്‌പത്തി 5:1) എന്നാൽ ആദ്യമനുഷ്യനെക്കുറിച്ച്‌ സത്യവും വിശ്വാസ്യവും അറിയപ്പെടുന്ന വസ്‌തുതകൾക്കനുയോജ്യവുമായ ഒരു ചരിത്രമുണ്ടോ? ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ ഈ ചോദ്യത്തിന്റെ ഉത്തരത്തിന്‌ ഉപോൽബലകമാണ്‌. നമ്മുടെ മാനുഷ ശരീരം ഭൂമിയിലെ മണ്ണിൽ നിന്നു കിട്ടുന്ന ഏതാണ്ടു 90 വ്യത്യസ്‌ത രാസമൂലകങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ വൈദ്യശാസ്‌ത്രജ്ഞൻമാർ പറയുന്നു. ഇപ്പോൾ, ആദ്യമനുഷ്യൻ ഭൂമിയിലെ മണ്ണിൽ നിന്ന്‌ സൃഷ്ടിക്കപ്പെട്ടതാണെന്ന്‌ കൃത്യമായി പ്രസ്‌താവിക്കുന്ന ഒരു പുരാതനചരിത്രമുണ്ടെങ്കിൽ നിങ്ങൾ അതു വിശ്വസിക്കുമോ? ബൈബിൾ പറയുന്നത്‌ നിങ്ങൾക്കു തന്നെ വായിക്കരുതോ? ഉല്‌പത്തി 2:7–ൽ അതു പ്രസ്‌താവിക്കുന്നു: “യഹോവയായ ദൈവം നിലത്തെ പൊടിയിൽ നിന്ന്‌ മനുഷ്യനെ നിർമ്മിക്കാനും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതാനും പ്രവർത്തിച്ചുതുടങ്ങി, മനുഷ്യൻ ഒരു ജീവനുളള ദേഹി ആയിത്തീർന്നു.”

5, 6. (എ) സൃഷ്ടിയെ സംബന്ധിച്ച ബൈബിൾ വിവരണം എഴുതപ്പെട്ടതെപ്പോൾ? (ബി) തുടർന്നുണ്ടായ ഹൈന്ദവ സൃഷ്ടി പാരമ്പര്യങ്ങൾ ബൈബിൾ ചരിത്രത്തോടു യോജിക്കുന്നതെങ്ങനെ?

5 മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചുളള ഈ പുരാതന ചരിത്രം ശ്രദ്ധേയമാണ്‌, കാരണം യരൂശലേമിലെ ശലോമോൻ രാജാവിന്റെ കാലം ക്രി. മു. 975 എന്നു നിശ്ചയിക്കുന്ന ഹൈന്ദവ പണ്ഡിതനായിരുന്ന എസ്‌. രാധാകൃഷ്‌ണന്റെ കാലഗണന പ്രവാചകനായ മോശ ക്രി. മു. രണ്ടാം സഹസ്രാബ്‌ദത്തിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. (1 രാജാക്കൻമാർ 6:1 താരതമ്യപ്പെടുത്തുക) ഒരു ഹിന്ദുസ്വാമിയായ ഭാരതി കൃഷ്‌ണൻ “മോശൈക ന്യായപ്രമാണ”ത്തെക്കുറിച്ച്‌ എഴുതുന്നതിനാൽ മോശയെ ഉല്‌പത്തിയുടെ സമാഹർത്താവായി സമ്മതിക്കുന്നു, എന്തുകൊണ്ടെന്നാൽ അതു ‘മോശയുടെ ന്യായപ്രമാണ’ത്തിന്റെ അഥവാ പഞ്ചഗ്രന്ഥിയുടെ ആദ്യഭാഗമാണ്‌. കൃത്യമായി പറഞ്ഞാൽ, വിശ്വാസയോഗ്യമായ കാലഗണന ഉല്‌പത്തി സമാഹരിക്കപ്പെട്ട തീയതി ക്രി. മു. 1513 ആണെന്നു ഉറപ്പിക്കുന്നു. അങ്ങനെ ആദ്യമനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച്‌ ഇവിടെ നമുക്ക്‌ വളരെ പുരാതനമായ ഒരു വർണ്ണനയാണു ലഭിച്ചിരിക്കുന്നത്‌. ഇതിനോട്‌ 20-ാം നൂററാണ്ടിലെ വൈദ്യശാസ്‌ത്രജ്ഞൻമാർ യോജിക്കുന്നു. ഐതിഹ്യസംബന്ധമായ തർക്കങ്ങളിൽ നിന്നും കെട്ടുകഥകളിൽ നിന്നും സ്വതന്ത്രമായ ആശ്രയിക്കത്തക്ക ഒരു ചരിത്രം തന്നെ!

6 ഇത്‌ ഒരു ഹിന്ദുവിന്‌ താൽപ്പര്യമുളളതാണ്‌, എന്തുകൊണ്ടെന്നാൽ ഏററവും അടുത്തകാലത്തെ ഹൈന്ദവപാണ്ഡിത്യപ്രകാരം ക്രി. മു. ആദ്യസഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിൽ സമാഹരിക്കപ്പെട്ടതായി ഊഹിക്കപ്പെടുന്ന ഋഗ്വേദം മൂർത്തീകരിക്കപ്പെട്ട ഭൂമിയായ പൃത്‌ഥ്വിയെ മനുഷ്യന്റെ മാതാവായി വരച്ചുകാട്ടുന്നു. ആദ്യമാനുഷജീവിക്കുവേണ്ടിയുളള ഗർഭാശയമെന്ന നിലയിൽ നൂററാണ്ടുകളിൽ സ്‌മരിക്കപ്പെട്ടിട്ടുളള ഭൂമി പിന്നീടു ജനരഞ്‌ജകമായി “ഭൂമാതാവ്‌” എന്നു കരുതപ്പെടും. ഋഗ്വേദം 1. 164. 33 താരതമ്യപ്പെടുത്തുക.

7, 8. (എ) ആദ്യസ്‌ത്രീയുടെ സൃഷ്ടിയെ സംബന്ധിച്ച ബൈബിൾ വിവരണം യുക്തിയുക്തമാണോ? (ബി) ഋഗ്വേദപാരമ്പര്യം ബൈബിൾ രേഖയെ പ്രതിഫലിപ്പിക്കുന്നതെങ്ങനെ?

7 മനു സന്താനങ്ങളെ ജനിപ്പിക്കുന്നതു സംബന്ധിച്ച ഋഗ്വേദത്തിലെ ഒരു വിവരണത്തിന്‌ ബൈബിളിലാണ്‌ വേരുകളുളളതെന്ന്‌ തോന്നുന്നു. ആദിമ ഹൈന്ദവലിഖിതങ്ങൾ ആദ്യമനുഷ്യൻ മനു ആണെന്ന്‌ വർണ്ണിക്കുന്നു, ഒരു ഭാര്യയുടെ അഭാവം അയാളുടെ വാരിയെല്ലുകളിലൊന്ന്‌ (പർശു) മുഖേന സന്താനങ്ങളെ ജനിപ്പിക്കാൻ അയാളെ പ്രേരിപ്പിച്ചു. പിൽക്കാലത്തെ ഒരു ഋഗ്വേദകീർത്തനം മൂർത്തീകരിക്കപ്പെട്ട വാരിയെല്ലിനെ, പർശുവിനെ, ആദ്യമനുഷ്യനായ മനുവിന്റെ പുത്രിയായി വർണ്ണിക്കുന്നു. അവളിൽ നിന്ന്‌ അയാൾ മക്കളെ ജനിപ്പിക്കുന്നു—“ഒരു ജനനത്തിൽ ഇരുപതു കുട്ടികൾ”! (ഋഗ്വേദം 10. 86. 23) ആദ്യമനുഷ്യന്റെ വാരിയെല്ലിന്റെ ദിവ്യോൽപ്പന്നമെന്ന നിലയിൽ ആദ്യസ്‌ത്രീ, കാലക്രമത്തിൽ പാരമ്പര്യ പ്രകാരം അയാളുടെ പുത്രിയായി വീക്ഷിക്കപ്പെടാൻ കഴിയുമായിരുന്നു.

8 വിവേചനാശക്തിയുളള ഒരു വ്യക്തി ഈ പാരമ്പര്യത്തെ ഉല്‌പത്തി 2:21, 22ലെ നേരത്തെയുളള ബൈബിൾ ചരിത്രരേഖയുടെ ഒരു വിദൂരസ്‌മരണയായി കാണുന്നതാണ്‌, അതിങ്ങനെ വായിക്കപ്പെടുന്നു: “യഹോവയായ ദൈവം മനുഷ്യന്‌ ഒരു ഗാഢനിദ്ര വരുത്തി. അവൻ ഉറക്കത്തിലായിരുന്നപ്പോൾ അവൻ അവന്റെ വാരിയെല്ലുകളിലൊന്ന്‌ എടുക്കുകയും അതിന്റെ സ്ഥാനത്ത്‌ മാംസം പിടിപ്പിക്കുകയും ചെയ്‌തു. യഹോവയായ ദൈവം താൻ മനുഷ്യനിൽനിന്ന്‌ എടുത്തിരുന്ന വാരിയെല്ലുകൊണ്ട്‌ ഒരു സ്‌ത്രീയെ ഉണ്ടാക്കി അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവരാൻ നടപടിയെടുത്തു.” ഇതാണ്‌ ആദ്യസ്‌ത്രീയുടെ സൃഷ്ടിയെക്കുറിച്ചുളള ബൈബിളിലെ തികച്ചും യുക്തിയുക്തമായ വിവരണം. രസാവഹമായി, അസ്ഥിപ്പാട (അസ്ഥിയെ ആവരണം ചെയ്യുന്ന യോജകകല) നിലനിൽക്കാൻ അനുവദിക്കപ്പെടുന്നിടത്തോളം കാലം നീക്കം ചെയ്യപ്പെട്ട വാരിയെല്ല്‌ തൽസ്ഥാനത്തു വീണ്ടും വളരുമെന്ന്‌ ഡോക്ടർമാർ വെളിപ്പെടുത്തുന്നു. യഹോവയായ ദൈവം ഈ നടപടി അനുവർത്തിച്ചോ ഇല്ലയോ എന്ന്‌ ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, മനുഷ്യന്റെ സ്രഷ്ടാവെന്ന നിലയിൽ യഹോവയാം ദൈവത്തിന്‌ വാരിയെല്ലുകളുടെ ഈ പ്രത്യേക ഗുണത്തെക്കുറിച്ച്‌ തീർച്ചയായും അറിയാമായിരുന്നു. മനുഷ്യനിൽ നിന്നുളള ഒരു വാരിയെല്ലുപയോഗിച്ച്‌ ആദ്യസ്‌ത്രീയെ സൃഷ്ടിക്കുന്നതു സംബന്ധിച്ച ബൈബിളിന്റെ വിവരണം യുക്തിക്കു ചേരുന്നതാണ്‌. അതു കെട്ടുകഥയിൽനിന്ന്‌ തികച്ചും വിമുക്തവുമാണ്‌.

9. സൃഷ്ടിയെ സംബന്ധിച്ച ബൈബിൾ രേഖ ഒരു ഹിന്ദുവിനു നേരിട്ടു താല്‌പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്‌?

9 സ്വഭാവികമായി, മനുഷ്യവർഗ്ഗത്തിന്റെ ആദ്യ മാതാപിതാക്കളെ സംബന്ധിച്ച ബൈബിളിലെ വിശ്വാസ്യമായ സൃഷ്ടിപ്പിൻ രേഖ അവരുടെ മക്കളുടെ തുടർന്നുളള തലമുറകളിലേക്ക്‌ കൈമാറപ്പെടും. കാലക്രമത്തിൽ, മനുഷ്യരുടെ ആദ്യപൂർവ്വികരെക്കുറിച്ചുളള ഈ ഓർമ്മകൾ തുടർന്നു ചിതറിപ്പോയ മനുഷ്യവർഗ്ഗജനസമുദായങ്ങളുടെ നാടോടിവിജ്ഞാനീയത്തിൽ ഉൾക്കൊളളിക്കപ്പെട്ടു. അങ്ങനെ മനുവിനെയും പർശുവിനെയും കുറിച്ചുളള ഋഗ്വേദത്തിലെ ഈ വർണ്ണനകളുടെ ഉറവ്‌ ബൈബിളിലെ നേരത്തെയുളള ഉല്‌പത്തിരേഖയാണ്‌. അതുകൊണ്ട്‌ ആത്മാർത്ഥതയും വിവേചനാശക്തിയുമുളള ഒരു ഹിന്ദുവിന്‌ സൃഷ്ടിയെയും അതിന്റെ സ്രഷ്ടാവിനെയും കുറിച്ചുളള വിശ്വസനീയമായ ബൈബിൾരേഖ പരിശോധിക്കുന്നതിന്‌ കേവലം വിദ്യാസമ്പാദന താൽപര്യം മാത്രമല്ലുളളത്‌; പകരം ആ താൽപര്യം അയാൾക്ക്‌ നേരിട്ടു പ്രയോജനപ്രദമാണ്‌.

ആദ്യമതത്തെ കണ്ടുപിടിക്കൽ

10. (എ) മനുഷ്യന്റെ ആദ്യമതത്തെ സംബന്ധിച്ചു ബൈബിൾ എന്തുപറയുന്നു? (ബി) അതു പ്രായോഗികമായിരുന്നതെന്തുകൊണ്ട്‌?

10 അപ്പോൾ, ഈ വിശ്വാസ്യമായ ചരിത്രം മററ്‌ ഉത്ഭവങ്ങളെക്കുറിച്ച്‌ എന്തു പറയുന്നു? ദൃഷ്ടാന്തമായി, മതത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചും തിൻമയുടെയും മരണത്തിന്റെയും ഉത്ഭവത്തെ സംബന്ധിച്ചും എന്ത്‌? വീണ്ടും, ഉല്‌പത്തി 2:15–17 വായിക്കുക: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻതോട്ടത്തിൽ കൃഷി ചെയ്യാനും അതിനെ പരിപാലിക്കാനുമായി അവനെ അതിൽ പാർപ്പിക്കാൻ പുറപ്പെട്ടു. യഹോവയായ ദൈവം മനുഷ്യന്റെമേൽ ഈ കല്‌പനയും വെച്ചു: ‘തോട്ടത്തിലെ ഏതു വൃക്ഷത്തിൽനിന്നും നീ തൃപ്‌തിയാകുവോളം തിന്നുകൊളളുക. എന്നാൽ നൻമയേയും തിൻമയേയും സംബന്ധിച്ച അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചിടത്തോളം നീ അതിൽനിന്ന്‌ തിന്നരുത്‌, എന്തുകൊണ്ടെന്നാൽ നീ അതിൽനിന്ന്‌ തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.’” ഈ കല്‌പനയുടെ അനുസരണം ദൈവത്തോടുളള ഭക്തിയെ പ്രകടമാക്കുമെന്നുളളതുകൊണ്ട്‌ ഈ വിവരണം യഥാർത്ഥത്തിൽ ആദ്യമനുഷ്യനുവേണ്ടി നിർദ്ദേശിക്കപ്പെട്ട മതത്തെ വർണ്ണിക്കുകയാണ്‌. അതുകൊണ്ട്‌ ആദ്യമതം ദൈവത്തോടുളള അനുസരണത്തിന്റെ പാത ആയിരിക്കേണ്ടതായിരുന്നു. അത്‌ ധാർമ്മികവും ആത്മീയവുമായ അർത്ഥത്തിൽ നൻമയെന്തെന്നും തിൻമയെന്തെന്നും മനുഷ്യനുവേണ്ടി തീരുമാനിക്കാനുളള നമ്മുടെ നിർമ്മാതാവിന്റെ അവകാശത്തെ അംഗീകരിച്ചു. അത്‌ അത്ര ലളിതമായിരുന്നു! ക്ഷേത്രങ്ങളോ പളളികളോ ഇല്ലായിരുന്നു. ഗുരുക്കളില്ല, മിഷനറിമാരില്ല. പുരോഹിതൻമാരില്ല. വിഗ്രഹങ്ങളോ അനുഷ്‌ഠാനങ്ങളോ ഇല്ലായിരുന്നു. അത്‌ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഗ്രാഹ്യത്തിൽ ഒതുങ്ങുന്ന ഒരു മതമായിരുന്നു. തത്വശാസ്‌ത്രമോ അഭ്യൂഹരൂപത്തിലുളള സിദ്ധാന്തീകരണമോ ഇല്ലായിരുന്നു. മനസ്സിലാക്കാനോ ചെയ്യാനോ ഉളള സാധാരണ മനുഷ്യപ്രാപ്‌തിക്കതീതമായ യാതൊന്നുമില്ലായിരുന്നു. മനുഷ്യന്റെ ആദ്യമതം വാസ്‌തവികവും പ്രായോഗികവുമായിരുന്നു—മനുഷ്യൻ തന്റെ ആവശ്യങ്ങളിലും തന്റെ ഉദ്യാനഭവനത്തിലും ബുദ്ധിപൂർവ്വം ശ്രദ്ധിക്കുന്ന അനുദിന വ്യാപാരങ്ങളിലേർപ്പെട്ടിരിക്കവേ, അവന്റെ സ്രഷ്ടാവിനോടു പ്രകടമാക്കുന്ന ലളിതമായ അനുസരണത്തിന്റെ പാതതന്നെ. തീർച്ചയായും ഇതു വിശ്വസിക്കാൻ പ്രയാസമില്ല.

11. മനുഷ്യന്റെ ആദ്യമതം അവനെ എന്തിലേക്കു നയിക്കുമായിരുന്നു?

11 വാസ്‌തവികമായ ആ ചരിത്രം മനുഷ്യന്റെ ആദ്യഭവനം ഒരു പറുദീസാ ഭൂമിയായിരുന്നുവെന്നു പറയുന്നു. അവന്റെ ആദ്യമതം അവനെ മരണത്തിലേക്കല്ല, ജീവനിലേക്കു നയിക്കേണ്ടതിനായിരുന്നു! മനുഷ്യന്റെ ആദ്യമതം അവന്റെ പൂർണ്ണവും ഭൗതികവുമായ മാനുഷജഡത്തിലെ നിത്യജീവനിലേക്ക്‌ അവനെ നയിക്കുന്നതിനുളള ഒരു പാതയായിരുന്നു—അതേ, ദുർമ്മോഹത്തിൽനിന്നും പാപത്തിൽ നിന്നുമുളള യഥാർത്ഥ വിമുക്തിയും, അതുപോലെതന്നെ, ഏതെങ്കിലും പ്രതികൂല കർമ്മഫലങ്ങളിൽ നിന്നുളള സ്വാതന്ത്ര്യവുമുളള മാനുഷജീവനിലേക്കു നയിക്കുന്നതിനുളള പാത തന്നെ. ദൈവം മനുഷ്യന്റെ മുമ്പാകെ നിത്യസംതൃപ്‌തമായ ഒരു ജഡികജീവിതത്തിന്റെ തെരഞ്ഞെടുപ്പായിരുന്നു വെച്ചത്‌; അതായത്‌, നാശത്തിന്റെ, മരണത്തിന്റെ വിപരീതം. മനുഷ്യൻ അന്തിമ മോക്ഷത്തിനോ മുക്തിക്കോ വേണ്ടി എന്നെങ്കിലും അവന്റെ ജഡം വെടിയുന്നതിനെക്കുറിച്ച്‌ ഒരു സൂചനപോലും ഇല്ലായിരുന്നു. മനുഷ്യന്റെ ആദ്യമതപ്രകാരം മരണം ഒരു വിമോചനമോ വിടുതലോ ആയിരിക്കേണ്ടതല്ലായിരുന്നു. പകരം അത്‌ ഒരു ശിക്ഷ ആയിരുന്നു. എന്നാൽ മനുഷ്യൻ മരിക്കണമെന്നും അവന്റെ ജഡികശരീരവും ഭൗമിക പറുദീസയും ഇല്ലാതാകണമെന്നും ദൈവം ആഗ്രഹിച്ചിരുന്നില്ലെന്ന്‌ ദയവായി ശ്രദ്ധിക്കുക. അപ്പോൾ എന്തു കുഴപ്പം പററി?

മരണം എന്തുകൊണ്ട്‌—അതെന്താണ്‌?

12, 13. (എ) നമ്മുടെ ആദ്യമാനുഷപൂർവ്വപിതാവ്‌ മരിച്ചതെന്തുകൊണ്ട്‌? (ബി) മനുഷ്യന്‌ അവന്റെ ഭാവി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നതെന്തുകൊണ്ട്‌?

12 നമ്മുടെ ആദ്യമാനുഷ പൂർവ്വപിതാവ്‌ മരിച്ചതെന്തുകൊണ്ട്‌? കാരണം അവൻ തന്റെ സ്വതന്ത്രമായ ഇച്ഛാശക്തിയെ ദുരുപയോഗപ്പെടുത്തി. ദൈവം സ്‌നേഹപൂർവ്വം മനുഷ്യന്‌ തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം കൊടുത്തിരുന്നു. അതു നാം ഇപ്പോൾ വായിച്ചുകഴിഞ്ഞ (10-ാം ഖണ്ഡികയിൽ) ഉല്‌പത്തി 2:17–ലെ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട വാക്കുകളിൽനിന്ന്‌ മനസ്സിലാക്കാൻ കഴിയും. മാനുഷപൂർണ്ണത മനുഷ്യന്‌ സ്വതന്ത്രമായ ഇച്ഛാശക്തി ഉണ്ടായിരിക്കേണ്ടതാവശ്യമാക്കിത്തീർത്തു. തന്നിമിത്തം മനുഷ്യന്‌ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം കൊടുക്കപ്പെട്ടു. വിലക്കപ്പെട്ട കനി തിന്നണമോ വേണ്ടയോ? അതായിരുന്നു പ്രശ്‌നം. ദൈവത്തെ അനുസരിക്കാതിരിക്കണമോ? അനുസരിക്കണമോ? മനുഷ്യൻ അവന്റെ സ്വന്തം ഭാവി തെരഞ്ഞെടുക്കാൻ വിടപ്പെട്ടു. ഇതു മനുഷ്യന്റെ ബുദ്ധിക്കും സ്‌നേഹിക്കാനുളള അവന്റെ പ്രാപ്‌തിക്കും ചേർച്ചയായിട്ടായിരുന്നു.

13 അതേ, സ്‌നേഹിക്കാനുളള മനുഷ്യന്റെ പ്രാപ്‌തിയാണ്‌ അവന്‌ ഒരു സ്വതന്ത്രമായ ഇച്ഛാശക്തി ഉണ്ടെന്നു തെളിയിക്കുന്നത്‌. “സ്‌നേഹം” വിധിച്ചിരിക്കുകയോ നിർബന്ധിക്കപ്പെടുകയോ ആണെങ്കിൽ അതു സ്‌നേഹമല്ല. സ്‌നേഹം ഐച്ഛികമായിരിക്കേണ്ടത്‌—വ്യക്തിയുടെ ഒരു യഥാർത്ഥ സമ്മതമായിരിക്കേണ്ടതു—ആവശ്യമാണ്‌. തൽഫലമായി ദൈവത്തോടുളള മനുഷ്യന്റെ സ്‌നേഹം സത്യവും യഥാർത്ഥവുമായിരിക്കേണ്ടതിന്‌ സ്‌നേഹിക്കാനുളള അവന്റെ ഇച്ഛാശക്തി സ്വതന്ത്രമായിരിക്കേണ്ടിയിരുന്നു. അതുകൊണ്ട്‌ മനുഷ്യന്റെ ആദ്യമതത്തിന്റെ ഉദ്ദേശംതന്നെ നിറവേററപ്പെടേണ്ടതിന്‌ ദൈവം മനുഷ്യനിൽ സ്വതന്ത്രവും ധാർമ്മികവുമായ ഒരു ഇച്ഛാശക്തി സ്ഥാപിച്ചു. തന്നിമിത്തം മനുഷ്യന്‌ ബുദ്ധിപൂർവ്വകമായ ഒരു തെരഞ്ഞെടുപ്പു നടത്താനും തന്റെ സ്‌നേഹം പ്രകടമാക്കാനും കഴിയുമായിരുന്നു—അവന്റെ സ്വർഗ്ഗീയ പിതാവിനോടുളള നന്ദിയിൽനിന്ന്‌. സ്‌നേഹം ഉളവാക്കുന്ന ഫലങ്ങളിൽനിന്നു മാത്രമേ സ്‌നേഹം അറിയപ്പെടാൻ കഴിയൂ. സ്വയംപര്യാപ്‌തനായ ഒരു ദൈവത്തോടുളള സ്‌നേഹം അവനോടുളള മനുഷ്യന്റെ അനുസരണത്താൽ മാത്രമേ തെളിയിക്കാനും കഴിയൂ. ബൈബിൾ 1 യോഹന്നാൻ 5:3–ൽ പറയുന്നപ്രകാരം: “ഇതാണ്‌ ദൈവത്തോടുളള സ്‌നേഹത്തിന്റെ അർത്ഥം, നാം അവന്റെ കല്‌പനകൾ അനുസരിക്കണമെന്നുതന്നെ; എന്നിരുന്നാലും അവന്റെ കല്‌പനകൾ ഭാരമുളളവയല്ല.”

14. (എ) ആദ്യമനുഷ്യന്റെ അനുസരണക്കേടിന്റെ പരിണതഫലങ്ങൾ എന്തൊക്കെയായിരുന്നു? (ബി) ഇത്‌ അവന്റെ സന്താനങ്ങളെ ബാധിച്ചതെങ്ങനെ?

14 എന്നാൽ നമ്മുടെ ആദ്യപൂർവ്വപിതാവ്‌ മന:പൂർവ്വം അനുസരണക്കേടിന്റെ പാത പിന്തുടരുകയും അങ്ങനെ അഖിലാണ്ഡത്തിന്റെ ദൈവത്തിൽനിന്ന്‌ തന്നേത്തന്നെ അന്യപ്പെടുത്തുകയും ചെയ്‌തു. ഇപ്പോൾ മനുഷ്യൻ ദൈവത്തെ കൂടാതെ സ്വന്തം ചുമതലയിലും ഉത്തരവാദിത്വത്തിലുമായി. തൽഫലമായി, അവന്‌ തന്റെ മാനുഷപൂർണ്ണത നഷ്ടപ്പെട്ടു, ഒരു ശിക്ഷയെന്ന നിലയിൽ മരണം മാനുഷമണ്ഡലത്തെ ആക്രമിച്ചു. സ്വാഭാവിക പാരമ്പര്യനിയമം പ്രാബല്യത്തിലാകുകയും ആദ്യമനുഷ്യന്റെ സന്തതികൾ അങ്ങനെ പാപത്താൽ കളങ്കപ്പെട്ടു, അങ്ങനെ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട അവസ്‌ഥയിൽ ജനിക്കുകയും ചെയ്‌തു. നമ്മുടെ ആദ്യപൂർവ്വപിതാവ്‌ തന്റെ വെളിപ്പെടുത്തപ്പെട്ട മതത്തിന്റെ പ്രഥമവും ലളിതവുമായ വ്യവസ്ഥയെ, അതായത്‌ ദൈവത്തോടുളള സ്‌നേഹത്തിൽനിന്നുളള അനുസരണത്തിന്റെ വ്യവസ്ഥയെ, അവഗണിക്കുകയും ലംഘിക്കുകയും ചെയ്‌തു. തൽഫലമായി അവന്റെ സന്തതികൾക്ക്‌ ലഭിക്കാമായിരുന്ന മഹത്തായ പൈതൃകാവകാശം നഷ്ടപ്പെട്ടു. അതുകൊണ്ട്‌ പാപത്തിന്റെയും കുററത്തിന്റെയും ഒരു ബോധം ഋഗ്വേദത്തിന്റെ എഴുത്തുകാർ ഉൾപ്പെടെയുളള സകല മനുഷ്യവർഗ്ഗത്തിലേക്കും കൈമാറപ്പെട്ടു. അങ്ങനെ വേദത്തിലെ ദൈവമായ വരുണനോടുളള ഒരു കീർത്തനത്തിൽ ഇങ്ങനെ പറയുന്നു: “അല്ലയോ വരുണാ, മനുഷ്യരെന്ന നിലയിൽ ഞങ്ങൾ സ്വർഗ്ഗീയ സൈന്യത്തിനെതിരായി ചെയ്യുന്നത്‌ എന്തു തെററായിരുന്നാലും, ഞങ്ങളുടെ ചിന്തയില്ലായ്‌മയാൽ ഞങ്ങൾ അങ്ങയുടെ നിയമങ്ങൾ ലംഘിക്കുമ്പോൾ, ദൈവമേ ആ അകൃത്യത്തിന്‌ ഞങ്ങളെ ശിക്ഷിക്കരുതേ.”—ഋഗ്വേദം 7. 89. 5. ബൈബിളിലെ റോമർ 5:12 താരതമ്യപ്പെടുത്തുക.

15, 16. (എ) മരണം എന്താണ്‌? (ബി) അതുകൊണ്ട്‌ മരണത്തെ സംബന്ധിച്ച സർവ്വസാധാരണമായ ഏതാശയങ്ങൾ സത്യമായിരിക്കാവുന്നതല്ല?

15 ആദ്യമനുഷ്യൻ ദൈവം പറഞ്ഞിരുന്നതുപോലെ തന്നെ അവന്റെ മൽസരം നിമിത്തം മരിച്ചു. നമ്മുടെ ആദ്യപൊതുപൂർവ്വിക പിതാവിനു മരണവിധി കൽപ്പിച്ചപ്പോൾ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട അറിയിപ്പ്‌ ഇതായിരുന്നു: “നീ നിലത്തേക്കു തിരികെ പോകുന്നതുവരെ, നിന്റെ മുഖത്തെ വിയർപ്പോടെ നീ അപ്പം ഭക്ഷിക്കും, എന്തുകൊണ്ടെന്നാൽ അതിൽനിന്നാണ്‌ നീ എടുക്കപ്പെട്ടത്‌. എന്തുകൊണ്ടെന്നാൽ നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെ പോകും.” (ഉല്‌പത്തി 3:19) മാനുഷമരണത്തെക്കുറിച്ചുളള ദൈവത്തിന്റെ വർണ്ണനയാണിത്‌. രസാവഹമായി, മരിച്ചവരുടെ അവസ്‌ഥയെക്കുറിച്ചുളള വേദത്തിലെ ഒരു പിൽക്കാല വർണ്ണനയുടെ അടിസ്ഥാനം ഈ ബൈബിൾ വാക്യമാണെന്നു തോന്നുന്നു. മേലുദ്ധരിക്കപ്പെട്ട ഋഗ്വേദ കീർത്തനം ഒന്നാം വരിയിൽ ഇങ്ങനെ പറയുന്നു: “വരുണരാജാവേ, ഞാൻ കളിമൺവീട്ടിലേക്ക്‌ ഇനിയും പ്രവേശിക്കാതിരിക്കട്ടെ: ബലവാനായ ഭഗവാനേ, കരുണ കാണിക്കേണമേ, എന്നെ രക്ഷിക്കേണമേ.” (ഋഗ്വേദം 7. 89. 1) ഋഗ്വേദത്തിൽ ഈ വരിയെ സംബന്ധിച്ച ഒരു അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “കളിമൺ വീട്‌: ശവക്കുഴി. അഥർവവേദം V. 30.14 താരതമ്യപ്പെടുത്തുക.” ശവക്കുഴിയിലേക്കു പോകുന്നതും നിലത്തെ പൊടിയിലേക്ക്‌ തിരികെ പോകുന്നതും തീർച്ചയായും ഒരു മാനുഷമൃതദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു “കളിമൺവീട്ടി”ലേക്കുളള പ്രവേശനമായിരിക്കും!

16 അതുകൊണ്ട്‌ മരണം മനുഷ്യൻ എവിടെനിന്നു വന്നുവോ അവിടെ അവനെ തിരികെ എത്തിക്കും—ഭൂമിയിലെ പൊടിയിൽ. മരണം മറേറതെങ്കിലും അസ്‌തിത്വത്തിലേക്കുളള വാതിൽ ആയിരിക്കേണ്ടതല്ലായിരുന്നു. മനുഷ്യന്റെ മരണം ജീവന്റെ വിപരീതം, അതായത്‌, അസ്‌തിത്വമില്ലായ്‌മ ആയിരിക്കേണ്ടിയിരുന്നു. മരണം സംസാരത്തിന്റെ അഥവാ ജൻമപുനർജൻമങ്ങളുടെ ഒരു ചക്രത്തിന്റെ അനിശ്ചിതമായ അടിമത്വത്തിന്‌ തുടക്കമിടേണ്ടതല്ലായിരുന്നു. മരണം ജീവനെ അവസാനിപ്പിക്കാനായിരുന്നു. തീർച്ചയായും സംസാരത്തെക്കുറിച്ചുളള ഹൈന്ദവ സങ്കല്‌പവും ദേഹിയുടെ ദേഹാന്തര പ്രാപ്‌തിയെന്ന ബന്ധപ്പെട്ട ഉപദേശവും ഹൈന്ദവലിഖിതങ്ങളിൽവച്ച്‌ ഏററവും നേരത്തെയുളള ഋഗ്വേദത്തിൽ കാണപ്പെടുന്നില്ല. ഉപനിഷത്തുലിഖിതങ്ങൾ രചിക്കപ്പെട്ടതുവരെ ദേഹാന്തരപ്രാപ്‌തിയുടെ ഹൈന്ദവസങ്കൽപ്പം അവതരിപ്പിക്കപ്പെട്ടിരുന്നില്ല. ഹിന്ദുഗ്രന്ഥകർത്താവായ എസ്‌. എൻ. ദാസ്‌ ഗുപ്‌തയുടെ പ്രസ്‌താവനപ്രകാരം ഉപനിഷത്തുകളുടെ എഴുത്ത്‌ ക്രി. മു. 700-നും 600-നും ഇടയ്‌ക്കു ഒരു സമയത്തായിരുന്നു. ഇത്‌ മോശ ഉല്‌പത്തി രണ്ടാമദ്ധ്യായം എഴുതിക്കഴിഞ്ഞ്‌ 800-നും 900-നും ഇടയ്‌ക്കുളള ഒരു കാലഘട്ടം കഴിഞ്ഞായിരുന്നു.

17. മനുഷ്യന്റെ ഭാവിജീവൻ എന്തിനെ ആശ്രയിച്ചിരിക്കുന്നു?

17 ദൈവോദ്ദേശ്യത്തിൽ മനുഷ്യന്റെ ഏതു ഭാവിജീവനും ഒരു അമർത്ത്യദേഹിയിലല്ല, പിന്നെയോ മരിച്ച വ്യക്തിയെക്കുറിച്ചുളള ദൈവത്തിന്റെ ഓർമ്മയിലാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. “ഭൂമിയിൽ അവനെപ്പോലെ ആരുമില്ല” എന്നു ദൈവം പറഞ്ഞ ഒരു പുരാതന ഗോത്രപിതാവായിരുന്ന ഇയ്യോബ്‌ ഈ ദിവ്യസത്യത്തിന്‌ അനുയോജ്യമായി ഇങ്ങനെ പ്രസ്‌താവിച്ചു: “മനുഷ്യനും കിടക്കേണ്ടിയിരിക്കുന്നു, എഴുന്നേൽക്കുന്നതുമില്ല. ആകാശം ഇല്ലാതാകുംവരെ അവർ ഉണരുകയില്ല, അവർ ഉറക്കത്തിൽനിന്ന്‌ ഉണർത്തപ്പെടുകയുമില്ല. നീ എന്നെ ഷീയോളിൽ മറച്ചുവെച്ചിരുന്നെങ്കിൽ; നിന്റെ കോപം പിന്തിരിയുവോളം നീ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ, എനിക്കുവേണ്ടി ഒരു കാലപരിധി വെക്കുകയും എന്നെ ഓർക്കുകയും ചെയ്‌തിരുന്നെങ്കിൽ! ഒരു ശരീരശേഷിയുളള മനുഷ്യൻ മരിക്കുന്നുവെങ്കിൽ അവനു വീണ്ടും ജീവിക്കാൻ കഴിയുമോ? എന്റെ മോചനം വരുന്നതുവരെ എന്റെ നിർബന്ധിത സേവനത്തിന്റെ നാളുകളിലെല്ലാം ഞാൻ കാത്തിരിക്കാം. നീ എന്നെ വിളിക്കും, ഞാൻതന്നെ നിനക്ക്‌ ഉത്തരം നൽകും. നിന്റെ കൈകളുടെ പ്രവൃത്തിയോട്‌ നിനക്ക്‌ ഒരു ആകാംക്ഷ ഉണ്ടായിരിക്കും.” (ഇയ്യോബ്‌ 1:8; 14:12–15, ക്രി. മു. 1500–നോടടുത്ത്‌ എഴുതപ്പെട്ടത്‌.) മനുഷ്യനെ ഓർക്കാനുളള ദൈവത്തിന്റെ തക്കസമയംവരെ അവൻ തന്റെ മരണനിദ്രയിൽ കാത്തിരിക്കേണ്ടതുണ്ട്‌. അങ്ങനെ മനുഷ്യവർഗ്ഗത്തിന്റെ ഭാവി ജീവൻ ദൈവത്തിന്റെ പിഴയ്‌ക്കാത്ത ഓർമ്മയെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌—മരണമില്ലാത്ത ഒരു ദേഹിയെ അല്ല.

മാനുഷപൂർവ്വപിതാക്കൻമാരോടു വെളിപ്പെടുത്തപ്പെട്ട ഭാവി പ്രത്യാശ

18. മനുഷ്യവർഗ്ഗം ദൈവത്താൽ മുഴുവനായി ഉപേക്ഷിക്കപ്പെടാഞ്ഞതെന്തുകൊണ്ട്‌?

18 ഏതായാലും, ആദ്യമനുഷ്യൻ ദൈവത്തെ ഉപേക്ഷിച്ചെങ്കിലും ദൈവം മനുഷ്യനെ ഉപേക്ഷിച്ചോ? ദൈവം തന്റെ നീതിയെ കരുണയാൽ മയപ്പെടുത്തിയെന്ന്‌ മനുഷ്യവർഗ്ഗത്തിന്റെ ആദ്യചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. നീതിപൂർവ്വം മനുഷ്യവർഗ്ഗം പാപത്തിന്റെ തക്ക പ്രതിഫലം അനുഭവിക്കാൻ ദൈവം അനുവദിച്ചു. എന്നാൽ കരുണാപൂർവം അവൻ തന്നോടുളള അവരുടെ അനുരഞ്‌ജനത്തിന്‌ കരുതൽ ചെയ്‌തു. ഭൗമിക പരദീസയുടെ പുന:സ്‌ഥിതീകരണത്തിന്റെ പ്രത്യാശയും അവൻ അവർക്കു കൊടുത്തു. ബൈബിളിലെ യഥാർത്ഥ ചരിത്രം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “എന്തുകൊണ്ടെന്നാൽ സൃഷ്‌ടിതന്നെയും ദ്രവത്വത്തിന്റെ അടിമത്തത്തിൽ നിന്ന്‌ സ്വതന്ത്രമാക്കപ്പെടുമെന്നും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടുമെന്നുമുളള പ്രത്യാശയുടെ അടിസ്‌ഥാനത്തിൽ സൃഷ്ടി നിഷ്‌പ്രയോജനത്വത്തിന്‌ വിധേയമാക്കപ്പെട്ടു, അതിന്റെ സ്വന്ത ഇഷ്ടത്താലല്ല, പിന്നെയോ അതിനെ വിധേയപ്പെടുത്തിയവൻമുഖേന.” (റോമർ 8:20, 21) മാനുഷ ചരിത്രം നിഷ്‌പ്രയോജനത്വത്തിന്റെ ഒരു നീണ്ട രേഖയാണെന്നുളളത്‌ ഒരു വസ്‌തുതയല്ലേ? സത്യമായി മാനുഷ ചരിത്രം ഈ ബൈബിൾപ്രസ്‌താവനയുടെ സത്യതയെ തെളിയിക്കുന്നു. എന്നാൽ ദൈവം പ്രത്യാശക്ക്‌ അടിസ്‌ഥാനം നൽകിയതെങ്ങനെയാണ്‌?

19. സകല മാനുഷപ്രത്യാശകളുടെയും അടിസ്ഥാന വാഗ്‌ദത്തം എന്താണ്‌?

19 നമ്മുടെ ആദിമചരിത്രത്തിലേക്കു തിരികെ പോകുമ്പോൾ, ദൈവം ഉല്‌പത്തി 3:15 ലെ ഈ വാക്കുകളിൽ മനുഷ്യവർഗ്ഗത്തിനുളള പ്രത്യാശ വെളിപ്പെടുത്തി: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വമുണ്ടാക്കും. അവൻ നിന്റെ തല ചതയ്‌ക്കും, നീ അവന്റെ കുതികാൽ ചതയ്‌ക്കും.” ഈ അടിസ്‌ഥാന വാഗ്‌ദാനത്തിലാണ്‌ സകല മനുഷ്യവർഗ്ഗത്തിന്റെയും പ്രത്യാശകൾ സ്ഥിതിചെയ്യുന്നത്‌. അത്‌ യഥാർത്ഥത്തിൽ, മുഴുമനുഷ്യവർഗ്ഗത്തിനും വേണ്ടിയുളള നമ്മുടെ വലിയ പൂർവ്വപിതാവിൽ നിന്നുളള വാഗ്‌ദത്തമാണ്‌!

20. (എ) ബൈബിളിലെ ഒന്നാമത്തെ പ്രവചനത്തിൽ ഏതു നാലു കഥാപാത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു? (ബി) നിങ്ങളുടെ വലിയ പൂർവ്വപിതാവിൽനിന്നുളള ഈ വാഗ്‌ദത്തം എങ്ങനെ നിറവേറും?

20 സകല മാനുഷചരിത്രത്തിലും വച്ച്‌ പാവനമായ ഈ ആദ്യപ്രവചനം നാലു മുഖ്യ കഥാപാത്രങ്ങളെ ചുററിത്തിരിയുന്നു: (1) ഒരു സർപ്പത്തിന്റെ പ്രതീകത്തിലുളള ശത്രു, (2) ശത്രുവിന്റെ സന്തതി, (3) സ്‌ത്രീ, (4) അവളുടെ സന്തതി. ഈ കഥാപാത്രങ്ങൾ പ്രതീകങ്ങളായി വർണ്ണിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്‌ ബൈബിൾ സ്‌ത്രീയുടെ സന്തതി ആരെന്നുളളതിനെ ഒരു “പാവനരഹസ്യ”മായി പരാമർശിക്കുന്നു. (കൊലോസ്യർ 1:26 താരതമ്യപ്പെടുത്തുക.) ഏതായാലും, ഈ പ്രവചനം സംബോധന ചെയ്യുന്നത്‌, പ്രസ്‌പഷ്ടമായി ദൈവത്തിന്റെ പരമാധികാരത്തിന്റെ ആദ്യത്തെ വലിയ ശത്രുവിനെയാണ്‌, മൽസരിയെയാണ്‌. അവന്റെ “സന്തതി” അവനെ പിന്താങ്ങുന്നവരാണ്‌. “സ്‌ത്രീ” ദൈവത്തിന്റെ പരമാധികാരത്തോട്‌ ഭാര്യാസമാനമായ വിശ്വസ്‌തതയും കീഴ്‌പ്പെടലും പാലിക്കുന്ന അവന്റെ സാർവ്വത്രിക സ്ഥാപനത്തിന്റെ ഒരു പ്രതീകമാണ്‌. (യെശയ്യാ 54:1, 5; ഗലാത്യർ 4:26; വെളിപ്പാട്‌ 12:1 താരതമ്യപ്പെടുത്തുക.) അതുകൊണ്ട്‌ വലിയ മൽസരിയെ തകർക്കുന്നതിനും ദൈവത്തിന്റെ പരമാധികാരത്തെ സംസ്ഥാപിക്കുന്നതിനും ദൈവത്തിന്റെ ഭരണാധിപത്യത്തെ പിന്താങ്ങുന്ന സകല മനുഷ്യവർഗ്ഗത്തിന്റെയും മഹദ്‌ വിമോചകനായിരിക്കുന്നതിനുമായി ‘സ്‌ത്രീയുടെ സന്തതി’ ദൈവപുത്രനെന്ന നിലയിൽ ദൈവത്തിന്റെ സൃഷ്ടികളുടെ സാർവ്വത്രിക സ്ഥാപനത്തിൽനിന്ന്‌ ജനിപ്പിക്കപ്പെടും. ഇത്‌, അതായത്‌ നിങ്ങളുടെ വലിയ പൂർവ്വപിതാവിൽനിന്നുളള ഈ വാഗ്‌ദത്തം, തന്നിമിത്തം, തിൻമയുടെ ശക്തികൾക്കെതിരെ ദൈവത്തിന്റെ ഒരു യുദ്ധപ്രഖ്യാപനവും ആത്യന്തികഫലത്തിന്റെ, അതായത്‌ ദിവ്യപരമാധികാരത്തിന്റെയും നൻമയുടെയും വിജയത്തിന്റെ ഒരു പ്രവചനവുമാണ്‌.

21, 22. (എ) ഈ ബൈബിൾവാഗ്‌ദത്തം ഹൈന്ദവ പാരമ്പര്യത്തിൽ എങ്ങനെ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു? (ബി) ഈ ഹൈന്ദവ ചിത്രം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?

21 ബൈബിളിലെ ഈ അടിസ്ഥാന വാഗ്‌ദത്തത്തിന്റെ സ്‌മരണ ഹിന്ദുമതവികാസത്തിന്റെ ആയിരക്കണക്കിനു വർഷങ്ങളിൽ സജീവമായി നിലനിർത്തപ്പെട്ടുപോന്നുവെന്നത്‌ എടുത്തുപറയത്തക്ക ഒരു വസ്‌തുതയാണ്‌. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, ‘സ്‌ത്രീയുടെ സന്തതി’യാലുളള ‘സർപ്പത്തിന്റെ തല’ ചതയ്‌ക്കലിന്റെ ഈ ദിവ്യവാഗ്‌ദത്തം മനുഷ്യവർഗ്ഗത്തിന്റെ ആദ്യ മാനുഷമാതാപിതാക്കൾക്കു വെളിപ്പെടുത്തപ്പെട്ടതുകൊണ്ട്‌, ഈ വാഗ്‌ദത്തത്തിന്റെ ഒരു അംശം ജനതകളുടെ ഇടയിൽ കാണപ്പെടുമെന്ന്‌ പ്രതീക്ഷിക്കേണ്ടതാണ്‌. വാസ്‌തവം അങ്ങനെതന്നെയാണ്‌.

22 ഇന്ന്‌ ആധുനിക ഹിന്ദുക്കൾ സന്താനലക്ഷ്‌മി എന്നു പേരുളള ഒരു ദേവിയുടെ ചിത്രത്തെ പൂജിക്കുന്നുണ്ട്‌. അമ്മയുടെയും കുട്ടിയുടെയും പ്രതീകപ്രയോഗം ഒരു പൂർവ്വിക “സ്‌ത്രീ”യും അവളുടെ“സന്തതി”യും ഉണ്ടായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. അതേസമയം സംരക്ഷണത്തിനുവേണ്ടി അമ്മ പ്രയോഗിക്കുന്ന വാളും പരിചയും പ്രസ്‌പഷ്‌ടമായ ഒരു ശത്രുവിൽ നിന്നുളള “ശത്രുതയെ” മുന്നമേ സൂചിപ്പിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾ കടന്നുപോയതോടെ സാധ്യത പ്രകാരം ലക്ഷ്‌മിയുടെ ഈ ചിത്രത്തിന്റെ മുഖ്യ അർത്ഥത്തിന്റെ കാഴ്‌ചപ്പാട്‌ നഷ്ടപ്പെട്ടു. എന്നാൽ നിസ്സംശയമായി അതു മനുഷ്യന്റെ ആദ്യഭൗമിക മാതാപിതാക്കന്‌മാർക്ക്‌ നേരത്തെ ബൈബിളിൽ കൊടുക്കപ്പെട്ടിരുന്ന മനുഷ്യവർഗ്ഗത്തിന്റെ ആദ്യപ്രത്യാശകളെ പ്രതിനിധാനം ചെയ്യുന്നു. ഒരുപക്ഷേ, ഹിന്ദുക്കൾ തിരിച്ചറിയാതെ, ബൈബിളിലെ ആദ്യവാഗ്‌ദത്തത്തിന്റെ സ്‌മരണയെ, ലക്ഷ്‌മിയുടെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തുകയാണ്‌!

23, 24. (എ) ഈ ചിത്രത്തെ എങ്ങനെ മാത്രമേ യുക്തിയാനുസരണം വിശദീകരിക്കാൻ കഴിയൂ? (ബി) ഉല്‌പത്തി 3:15 സകല മനുഷ്യവർഗ്ഗത്തിനും എന്തു പ്രത്യാശകൾ വച്ചുനീട്ടുന്നു?

23 ഈ ഹൈന്ദവചിത്രത്തെ ബൈബിളിലെ ആദ്യപ്രവചനത്തോടു താരതമ്യപ്പെടുത്തുമ്പോൾ ‘ഏതാണ്‌ ആദ്യമുണ്ടായത്‌, ഹൈന്ദവചിത്രമോ ബൈബിൾ തിരുവെഴുത്തോ, എന്ന്‌ ചോദിക്കുന്നത്‌ ഉചിതമാണ്‌. ഉത്തരം, ചരിത്രപരമായി, തിരുവെഴുത്ത്‌ എന്നായിരിക്കണം. പ്രവചനം ഉച്ചരിക്കപ്പെട്ടതുതന്നെ മനുഷ്യന്റെ ആദ്യ ഭൗമികപൂർവ്വപിതാവിന്റെ ആയുസിന്റെ ആദ്യകാലത്തായിരുന്നു. അതിനുശേഷം ദൈവത്തിന്റെ തക്കസമയംവരെ തുടർന്നുളള തലമുറകളിൽ ഈ പ്രവചനത്തിന്റെ യഥാർത്ഥ അർത്ഥം മറച്ചുവെക്കപ്പെട്ടിരുന്നു. (കൊലോസ്യർ 1:26) മറിച്ച്‌, മതപരമായ എഴുത്തുകളിലും ചിത്രങ്ങളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ‘മാതാ–ദേവി–ശിശു’ സങ്കൽപം, യുക്തിയാനുസൃതം ഒന്നാം മനുഷ്യനും അവന്‌ ഈ ആദ്യപ്രവചനം ലഭിക്കുന്നതിനും മുൻപ്‌ വിഭാവന ചെയ്യാൻ കഴിയുമായിരുന്നില്ല.

24 ബൈബിൾ മാററിവെച്ചുകൊണ്ട്‌ ഈ ഹൈന്ദവചിത്രത്തിന്‌ കൊടുക്കുന്ന മററു വിശദീകരണങ്ങൾ ഉപരിപ്‌ളവമായ അഭ്യൂഹങ്ങൾ മാത്രമായിരിക്കാനേ കഴിയു. വിവേചനാപരമായ വിശദീകരണങ്ങൾ ചിന്തിക്കുന്ന ഒരാൾക്ക്‌ യഥാർത്ഥത്തിൽ സംതൃപ്‌തികരമായിരിക്കയില്ല. അതുകൊണ്ട്‌ ലക്ഷ്‌മിയുടെ ഈ ആധുനിക ചിത്രത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന, ഹിന്ദുക്കളുടെ ഭാവിപ്രത്യാശകൾ ഉത്ഭവിച്ചിരിക്കുന്നത്‌ ബൈബിളിൽ മാത്രം സൂക്ഷിച്ചിരിക്കുന്ന ചരിത്രത്തിലാണ്‌. അങ്ങനെ ഉല്‌പത്തി 3:15 ലെ ‘സ്‌ത്രീയുടെ സന്തതി’ യെക്കുറിച്ചുളള ബൈബിൾ പ്രവചനം ആത്മാർത്ഥതയുളള ഹിന്ദുക്കൾക്ക്‌ ദൈവത്തിന്റെ പരമാധികാരത്തിന്റെ അന്തിമവിജയത്തിന്റെ പ്രത്യാശ നൽകുന്നു. നമ്മുടെ ഭൂമി ഉൾപ്പെടെയുളള അഖിലാണ്ഡത്തിൽനിന്ന്‌ സകല മത്സരവും ദുഷ്ടതയും അന്തിമമായി നീക്കംചെയ്യപ്പെടുമെന്നുളള പ്രത്യാശയും നൽകുന്നു. യഥാർത്ഥ ‘സ്‌ത്രീയുടെ സന്തതി’ ദൈവംതന്നെ നിയമിച്ചിരിക്കുന്ന ഒരു വിമോചകനാണ്‌. ഇന്നോളം ഈ മർമ്മപ്രധാനമായ വിവാദപ്രശ്‌നത്തിന്‌ തീർപ്പുണ്ടാക്കുന്നതിൽ യാതൊരു മനുഷ്യനും വിജയിച്ചിട്ടില്ലാത്തതിന്റെ കാരണം അതു ദൈവത്തിന്റെ വിധത്തിലും അവന്റെ തക്കസമയത്തും ചെയ്യപ്പെടേണ്ടിയിരിക്കുന്നുവെന്നതാണ്‌.

25. നമുക്ക്‌ ഉല്‌പത്തി 3:15 ന്റെ യഥാർത്ഥ നിവൃത്തി എങ്ങനെ വിവരിക്കാൻ കഴിയും?

25 സാർവ്വത്രികക്രമം പുന:സ്ഥാപിക്കാനുളള ഈ ദിവ്യവാഗ്‌ദത്തത്തിന്റെ യഥാർത്ഥനിവൃത്തി കണ്ടെത്തുന്നതിന്‌ നാം മനുഷ്യചരിത്രത്തിന്റെ അന്വേഷണം തുടരേണ്ടിയിരിക്കുന്നു. അതുകൊണ്ട്‌ നാം മനുഷ്യവർഗ്ഗത്തിന്റെ ആദ്യസമുദായത്തിന്റെ—നമ്മുടെ പൊതുമാനുഷപൂർവ്വപിതാക്കളുടെ—ചരിത്രപരമായ വികാസം വിവരിക്കുകയാണ്‌. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ആദ്യജോടിക്കുതന്നെ മക്കളുണ്ടായി. ക്രമേണ മാനുഷകുടുംബം പെരുകി. അവർ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടപ്പോൾ കൊലപാതകം, വ്യഭിചാരം, ഹീനമായ മാനുഷ പെരുമാററനിലവാരങ്ങൾ എന്നിവ വികൃതരൂപത്തിൽ തലയുയർത്തി.—ഉല്‌പത്തി 5:3–5; 4:8, 23.

അവതാരങ്ങളുടെ ഉത്ഭവം

26-30. (എ) ബൈബിൾ അവതാരങ്ങൾ സംബന്ധിച്ച ഹൈന്ദവ ഉപദേശത്തിൻമേൽ എങ്ങനെ വെളിച്ചംവീശുന്നു? (ബി) ചില ഹൈന്ദവ പാരമ്പര്യങ്ങൾക്ക്‌ ബൈബിളിലെ യഥാർത്ഥ രേഖയിലാണ്‌ വേരുകളുളളതെന്ന്‌ പറയാവുന്നതെന്തുകൊണ്ട്‌?

26 ഇപ്പോൾ ചരിത്രത്തിൽ ഒരു അസാധാരണ സംഭവമുണ്ടായി—ഹൈന്ദവ നാടോടിവിജ്ഞാനീയത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു സംഭവംതന്നെ. ബൈബിളിലെ വിശ്വാസ്യമായ ചരിത്രം പ്രസ്‌താവിക്കുന്നതിങ്ങനെയാണ്‌: “മനുഷ്യർ ഭൂതലത്തിൽ പെരുകിത്തുടങ്ങുകയും അവർക്കു പുത്രന്‌മാർ ജനിക്കുകയും ചെയ്‌തപ്പോൾ സത്യദൈവത്തിന്റെ പുത്രന്‌മാർ മനുഷ്യരുടെ പുത്രിമാർ സുമുഖികളാണെന്നു കണ്ടുതുടങ്ങി; അവർ തങ്ങൾക്കിഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു. അതിനുശേഷം യഹോവ പറഞ്ഞു: ‘മനുഷ്യനും ജഡമാകയാൽ എന്റെ ആത്മാവ്‌ അനിശ്ചിതമായി അവന്റെ നേരേ പ്രവർത്തിക്കുകയില്ല. അതിൻപ്രകാരം, അവന്റെ നാളുകൾ നൂററിയിരുപതു വർഷമായിത്തീരും.’

27 “ആ നാളുകളിൽ ഭൂമിയിൽ നെഫലിം ഉണ്ടെന്നു തെളിഞ്ഞു, അതിനുശേഷവും, സത്യദൈവത്തിന്റെ പുത്രന്‌മാർ മനുഷ്യരുടെ പുത്രിമാരുമായി തുടർന്നു ബന്ധങ്ങളിലേർപ്പെടുകയും അവർ അവർക്കു പുത്രന്‌മാരെ പ്രസവിക്കുകയും ചെയ്‌തപ്പോൾ അവർ പുരാതനകാലത്തെ വീരന്‌മാർ, കീർത്തിപ്പെട്ട പുരുഷന്‌മാർ ആയിരുന്നു.

28 “തൽഫലമായി ഭൂമിയിൽ മനുഷ്യന്റെ വഷളത്തം ധാരാളമാണെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ ഓരോ ചായ്‌വും എല്ലാ സമയത്തും മോശം മാത്രമാണെന്നും യഹോവ കണ്ടു.”—ഉല്‌പത്തി 6:1–5.

29 ഇതിന്റെ അർത്ഥം അദൃശ്യമണ്ഡലത്തിലെ ബുദ്ധിശക്തിയുളള ആത്മദൈവപുത്രന്‌മാർ സുമുഖികളായ മാനുഷ സ്‌ത്രീകളിൽ പ്രകൃതിവിരുദ്ധമായ മോഹങ്ങൾ വളർത്തിയെന്നും, തന്നിമിത്തം ആ “ദൂതൻമാർ . . . തങ്ങളുടെ ആദിമസ്ഥാനം പിടിച്ചുകൊളളാതെ തങ്ങളുടെ ഉചിതമായ സ്വന്തം വാസസ്ഥലം ഉപേക്ഷിച്ചു”വെന്നുമാണ്‌. (യൂദാ 6) ദൈവത്തിന്റെ ഈ ദൂതപുത്രന്‌മാർ ഭൂമിയിൽ മാനുഷാവതാരമെടുത്തു. അവർ സുമുഖികളായ ജഡികസ്‌ത്രീകളുമായി സംഭോഗത്തിലേർപ്പെടുകയും മനുഷ്യാതീതശക്തിയുളള സങ്കരസന്തതിയെ ഉളവാക്കുകയും ചെയ്‌തു. അവതാരം എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം “ഇറക്കം” എന്നാണ്‌; വിശേഷിച്ച്‌ ഒരു ദൈവം സ്വർഗ്ഗത്തിൽ നിന്ന്‌ ഭൂമിയിലേക്ക്‌ ഇറങ്ങിവരുന്നതിനെയാണ്‌ അതർത്ഥമാക്കുന്നത്‌. ഇവിടെ ബൈബിൾ ചരിത്രം നമ്മോട്‌ യഥാർത്ഥ സംഭവങ്ങൾ പറയുന്നു. അവ പിൽക്കാലത്ത്‌ അവതാരങ്ങളുടെ ഹൈന്ദവ ഉപദേശത്തിൽ പ്രതിഫലിക്കാനിടയായി.

30 ഈ യഥാർത്ഥ ബൈബിൾവിവരണം പുരാണങ്ങൾ എന്നറിയപ്പെടുന്ന ഹൈന്ദവലിഖിതങ്ങളിലെ ദൈവശാസ്‌ത്രത്തിൻമേലും വെളിച്ചം വീശുന്നു. പുരാണങ്ങൾ ദൈവങ്ങളുടെയും രാക്ഷസൻമാരുടെയും അവരുടെ വീര്യ പ്രവൃത്തികളുടെയും അവരുടെ പ്രേമകാര്യങ്ങളുടെയും അവരുടെ യുദ്ധങ്ങളുടെയും അത്ഭുതങ്ങളുടെയും വിവരണങ്ങൾ രേഖപ്പെടുത്തുന്നു. പുരാണങ്ങൾ രൂക്ഷമായ ഒരു ഭൗമിക ഗന്ധമുളള ഗന്ധർവ്വന്‌മാർ എന്നു വിളിക്കപ്പെടുന്ന ദൈവങ്ങളുടെ ഒരു വർഗ്ഗത്തെ വർണ്ണിക്കുന്നു. ഗന്ധർവ്വന്‌മാർ വിവാഹത്തോടും ബന്ധപ്പെട്ടിരിക്കുന്നു. അവർ സ്‌ത്രീകളെ സ്‌നേഹിക്കുന്നതായും എല്ലായ്‌പോഴും അവരെക്കുറിച്ചു ചിന്തിക്കുന്നതായും പറയപ്പെടുന്നു. അവരുടെ കാമിനിമാരാണ്‌ അപ്‌സരസുകൾ. അവർ ഹൈന്ദവലിഖിതങ്ങളിൽ പ്രലോഭിപ്പിക്കുന്നവരും വിവേചനാരഹിതമായി ലൈംഗികബന്ധങ്ങളിലേർപ്പെടുന്നവരും മാതൃത്വവികാരങ്ങളില്ലാത്തവരുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അപ്‌സരസുകൾക്കും ഒരു ഭൗമികഗന്ധമുണ്ട്‌, അത്‌ പ്രീതിപൂർവ്വം വിലമതിക്കപ്പെടുന്നു. ഹൈന്ദവദൈവശാസ്‌ത്രത്തിലെ അർദ്ധദൈവങ്ങളുടെ മറെറാരു കൂട്ടമാണ്‌ ഗണങ്ങൾ. ഒരു ഹൈന്ദവപ്രാമാണികന്റെ പ്രസ്‌താവന പ്രകാരം ഗണങ്ങൾ സങ്കരരൂപികളാണെന്ന്‌ പറയപ്പെടുന്നു. ഈ വിവരണങ്ങൾ അനുസരണംകെട്ട ആത്മ ദൈവപുത്രൻമാരെക്കുറിച്ചുളള ബൈബിളിലെ യഥാർത്ഥരേഖയോട്‌ നന്നായി യോജിക്കുന്നു. ആ ദൂതൻമാർക്ക്‌ പ്രേമകാര്യങ്ങൾ ഉണ്ടായിരുന്നു; അവർക്ക്‌ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യാനും കഴിയുമായിരുന്നു. അവരുടെ രാക്ഷസീയ സങ്കരസന്താനങ്ങൾക്കും വീര്യപ്രവൃത്തികൾ ചെയ്യാൻ കഴിയുമായിരുന്നു. ആ അനുസരണംകെട്ട ദൂതൻമാരും രാക്ഷസൻമാരും ഭൂമിയിൽ കുറഞ്ഞപക്ഷം 120 വർഷം ജീവിച്ചിരുന്നു. ബൈബിൾ പ്രസ്‌താവിക്കുന്നതുപോലെ, അവർക്ക്‌ കീർത്തിപ്പെട്ട അനേകം പ്രവൃത്തികളുടെ ഒരു രേഖ ഉണ്ടാക്കുന്നതിന്‌ ആ സമയം മതിയായതായിരുന്നു. അങ്ങനെ ഈ സംഭവങ്ങൾ പല പുരാതന ജനങ്ങളുടെ മതാത്മക ഐതീഹ്യങ്ങളിൽ വ്യത്യസ്‌ത അളവിലുളള കൃത്യതയോടെ കൈമാറപ്പെട്ടുപോന്നു.

31, 32. ദൈവം വലിയ ജലപ്രളയം വരുത്തിയതെന്തുകൊണ്ട്‌?

31 എന്നിരുന്നാലും, ഈ സംഭവങ്ങൾ തിൻമയെ പ്രോത്സാഹിപ്പിക്കുകയും, ക്രമത്തിൽ അത്‌ ജലപ്രളയം വരുത്താൻ ദൈവത്തെ പ്രേരിപ്പിക്കുകയും ചെയ്‌തു. യഥാർത്ഥചരിത്രം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സത്യദൈവത്തിന്റെ ദൃഷ്ടിയിൽ ഭൂമി അധ:പതിച്ചു, ഭൂമി അക്രമംകൊണ്ടു നിറഞ്ഞു. അങ്ങനെ ദൈവം ഭൂമിയെ നോക്കി, നോക്കൂ! അത്‌ അധ:പതിച്ചിരുന്നു, എന്തുകൊണ്ടെന്നാൽ ഭൂമിയിൽ സകല ജഡവും അവയുടെ വഴി അധ:പതിപ്പിച്ചിരുന്നു. അതിനുശേഷം ദൈവം നോഹയോടു പറഞ്ഞു. . . . ‘എന്നെ സംബന്ധിച്ചാണെങ്കിൽ, ജീവശക്തി പ്രവർത്തനനിരതമായിരിക്കുന്ന സകല ജഡത്തെയും ആകാശങ്ങളിൻകീഴിൽനിന്നു നശിപ്പിക്കാൻ ഇതാ ഞാൻ ഭൂമിയിൽ ജലപ്രളയം വരുത്തുകയാകുന്നു. ഭൂമിയിലുളളതെല്ലാം ചത്തൊടുങ്ങും.’”—ഉല്‌പത്തി 6:11–17.

32 “അങ്ങനെ ഭൂമിയിൽ ചരിച്ചിരുന്ന സകലജഡവും ചത്തൊടുങ്ങി. പറവകളിൽ പെട്ടവയും വീട്ടുമൃഗങ്ങളിൽ പെട്ടവയും കാട്ടുമൃഗങ്ങളിൽപെട്ടവയും ഭൂമിയിൽ കൂട്ടംകൂട്ടമായി സഞ്ചരിക്കുന്ന ഷഡ്‌പദങ്ങളിലെല്ലാം പെട്ടവയും, സകലമനുഷ്യവർഗ്ഗവും തന്നെ.”—ഉല്‌പത്തി 7:21.

33. ഏതൽക്കാലയുഗം എങ്ങനെ, എപ്പോൾ തുടങ്ങി?

33 ആ വെളളപ്പൊക്കം അഥവാ ജലപ്രളയം മൂലം ഭൂമി ഇപ്പോൾ ശുദ്ധീകരിക്കപ്പെട്ടു. ദൈവം തന്റെ നീതിസ്‌നേഹം പ്രകടമാക്കിയിരുന്നു. അവൻ ചിലരുടെ അതിജീവനത്തിന്‌ ഏർപ്പാടു ചെയ്‌തതുകൊണ്ട്‌ മനുഷ്യവർഗ്ഗത്തിന്‌ ഒരു പുതിയ തുടക്കം ലഭിച്ചു. നമ്മുടെ ഇപ്പോഴത്തെ യുഗം അഥവാ കാലഘട്ടം തുടങ്ങി. ഏതായാലും പ്രളയത്തിനു മുമ്പത്തെ ചരിത്രങ്ങളെക്കുറിച്ചുളള ഈ അറിവ്‌ പ്രളയത്തെ അതിജീവിച്ചവരുടെ ഓർമ്മകളിൽ തങ്ങിനിൽക്കുകയും ഇന്നത്തെ അനേകം ജനങ്ങളുടെ വിശ്വാസങ്ങളുടെയും ദൈവത്തെ സംബന്ധിച്ച ആശയങ്ങളുടെയും മതങ്ങളുടെയും അടിസ്‌ഥാനമായിത്തീരാനിടയാകുകയും ചെയ്‌തു.

ഭൂതങ്ങളെ സൃഷ്ടിച്ചതാര്‌?

34. ആ അവതാരങ്ങൾക്ക്‌ എന്തു സംഭവിച്ചു?

34 ജലപ്രളയം ഭക്തികെട്ട മനുഷ്യരെ ഒരു ജലാശയ ശവക്കുഴിയിലേക്ക്‌ തളളിവിട്ടു. മൽസരികളായ ദൂതൻമാർ അപ്പോൾ തങ്ങളുടെ ജഡശരീരങ്ങൾ ഉരിയുകയും ആത്മ മണ്ഡലത്തിലേക്ക്‌ തിരികെ പോകുകയും ചെയ്‌തു, നീതിയുളള ഭരണാധിപത്യത്തിൽ ദൈവപക്ഷത്തു വീണ്ടും ചേരുന്നതിനല്ല, പിന്നെയോ ഭൂതങ്ങളുടെ പ്രഭുവിനോടു പങ്കു ചേരാൻ. അവനാണ്‌ ദൈവത്തിന്റെ മുഖ്യ എതിരാളി. ഈ ആദ്യത്തെ ഭൂതമായിരുന്നു ആദിയിൽത്തന്നെ ദൈവത്തിന്റെ പരമാധികാരത്തോടു മൽസരിക്കാൻ ആദ്യമനുഷ്യനെയും സ്‌ത്രീയെയും പ്രേരിപ്പിച്ചത്‌. ഉല്‌പത്തി 3:15 ലെ വലിയ പ്രവചനത്തിൽ സംബോധന ചെയ്‌തിരിക്കുന്നത്‌ അവനെയാണ്‌. ഈ ഒന്നാമത്തെ ഭൂതം വഞ്ചന പ്രയോഗിച്ചും ജീവനെയും മരണത്തെയും കുറിച്ച്‌ തെററായ ആശയങ്ങൾ ധരിപ്പിച്ചും കൊണ്ട്‌ മാനുഷ മൽസരം ഉളവാക്കിയിരുന്നു. എങ്ങനെ?

35. ആദ്യത്തെ ഭൂതം ദൈവത്തിനെതിരായി മത്സരിക്കാൻ നമ്മുടെ ആദ്യമാനുഷപൂർവ്വികരെ പ്രേരിപ്പിച്ചതെങ്ങനെ?

35 നമുക്ക്‌ ഉല്‌പത്തി 3:1–5 ലെ രേഖ വീണ്ടും ഒരുമിച്ചു പരിശോധിക്കാം: “ഇപ്പോൾ യഹോവയായ ദൈവം ഉണ്ടാക്കിയിരുന്ന വയലിലെ സകല കാട്ടുമൃഗങ്ങളിലും വച്ച്‌ സർപ്പം ഏററവും ജാഗ്രതയുളളതെന്നു തെളിഞ്ഞു. അങ്ങനെ അതു സ്‌ത്രീയോട്‌: ‘തോട്ടത്തിലെ സകല വൃക്ഷങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്ന്‌ ദൈവം പറഞ്ഞുവെന്നുളളത്‌ യഥാർത്ഥത്തിൽ അങ്ങനെ തന്നെയോ?’ എന്ന്‌ പറയാൻ തുടങ്ങി. ഇതിങ്കൽ സ്‌ത്രീ സർപ്പത്തോട്‌: ‘തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിന്റെ മദ്ധ്യത്തിലുളള വൃക്ഷത്തിന്റെ ഫലം തിന്നുന്നതിനെ സംബന്ധിച്ചാണെങ്കിൽ, “നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്‌ നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അല്ല, നിങ്ങൾ അത്‌ തൊടുകയുമരുത്‌” എന്നു ദൈവം പറഞ്ഞിട്ടുണ്ട്‌’ എന്നു പറഞ്ഞു. ഇതിങ്കൽ സർപ്പം സ്‌ത്രീയോട്‌ പറഞ്ഞു: ‘നിങ്ങൾ തീർച്ചയായും മരിക്കയില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽനിന്നു തിന്നുന്ന ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടേണ്ടതാണെന്നും നിങ്ങൾ നൻമയും തിൻമയും അറിയുന്നവരായി ദൈവത്തെപ്പോലെ ആയിത്തീരേണ്ടതാണെന്നും ദൈവം അറിയുന്നു.’”

36. സാത്താൻ എന്തു വാദിച്ചു, അവൻ മുഴുനിവസിത ഭൂമിയെയും വഴിതെററിക്കുന്നതെങ്ങനെ?

36 ദൈവം പറഞ്ഞതിനു വിരുദ്ധമായി പറഞ്ഞുകൊണ്ട്‌ ഈ ആദ്യ പിശാച്‌ അവന്റെ സർപ്പവക്താവു മുഖേന തന്നേത്തന്നെ ഒരു ഭോഷ്‌ക്കാളിയും ഭോഷ്‌കിന്റെ പിതാവുമാക്കിത്തീർത്തു. (യോഹന്നാൻ 8:44) ദൈവത്തോടുളള ഈ എതിർപ്പ്‌ അവൻ സാത്താൻ എന്നു വിളിക്കപ്പെടാനിടയാക്കി, എന്തുകൊണ്ടെന്നാൽ സാത്താൻ എന്നതിന്റെ അർത്ഥം “എതിരാളി” അഥവാ “എതിർക്കുന്നവൻ” എന്നാണ്‌. മനുഷ്യവർഗ്ഗത്തിന്റെ തുടർച്ചയായ ജീവൻ ദൈവത്തോടുളള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നില്ലെന്ന്‌ സാത്താൻ വാദിച്ചു. അതുകൊണ്ട്‌ സാത്താൻ ജീവനെയും മരണത്തെയും കുറിച്ച്‌ ചില തെററിദ്ധാരണകൾ മനുഷ്യവർഗ്ഗത്തിൽ കടത്തിവിട്ടു. യഥാർത്ഥത്തിൽ സാത്താൻ മുഴുനിവസിതഭൂമിയെയും വഴിതെററിക്കുകയാണെന്ന്‌ ബൈബിൾ പറയുന്നു. (വെളിപ്പാട്‌ 12:9) ഈ തെററിദ്ധാരണകളുടെ അടിസ്‌ഥാനത്തിലാണ്‌ ഇന്നത്തെ മനുഷ്യവർഗ്ഗത്തിൽ മിക്കവർക്കും ജീവനെയും മരണത്തെയും കുറിച്ചുളള തങ്ങളുടെ ആശയങ്ങൾ കിട്ടിയിരിക്കുന്നത്‌. തീർച്ചയായും, ഈ ആയിരക്കണക്കിനു വർഷങ്ങളിൽ ആ ആശയങ്ങൾ ജീവനും മരണവും മതവും സംബന്ധിച്ച സർവ്വസാധാരണമായ വിശ്വാസങ്ങളും മനോഭാവങ്ങളുമായി വാർത്തെടുക്കപ്പെട്ടിട്ടുണ്ട്‌.

37. പൂർണ്ണതയുളള ഒരു ദൂതന്‌ ഒരു പിശാചായിത്തീരാൻ കഴിയുന്നതെങ്ങനെ?

37 എന്നാൽ പൂർണ്ണതയുണ്ടായിരുന്ന ഒരു ദൂതന്‌ ഒരു ഭൂതമോ പിശാചോ ആയിത്തീരാൻ എങ്ങനെ കഴിയുമെന്ന്‌ നിങ്ങൾ ചോദിച്ചേക്കാം. ഒന്നാമത്തെ പൂർണ്ണമനുഷ്യൻ ദൈവത്തിനെതിരായി മൽസരിച്ചതുപോലെ തന്നെ സ്വതന്ത്രമായ ഇച്ഛാശക്തിയുടെ ദുരുപയോഗത്താൽ! നല്ല ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ എങ്ങനെയാണ്‌ ഒരു കുററപ്പുളളിയായിത്തീരുന്നത്‌? ഒരുവൻ തന്നേത്തന്നെ ഒരു മോഷ്ടാവാക്കിത്തീർക്കുന്നത്‌ മോഷണത്താലാണ്‌. അതുപോലെ, മനുഷ്യനായാലും ആത്മാവായാലും, പൂർണ്ണതയുളള ഒരു സ്വതന്ത്ര ധാർമ്മിക കാര്യസ്‌ഥന്‌ തന്റെ സ്വതന്ത്രമായ ഇച്ഛാശക്തി ദുരുപയോഗപ്പെടുത്തി ദൈവത്തിനെതിരായ ഒരു മൽസരിയായി അധ:പതിക്കാൻ കഴിയും. പ്രളയത്തിനു മുമ്പത്തെ യുഗത്തിലെ പൂർണ്ണതയുണ്ടായിരുന്ന ആ ദൂതദൈവപുത്രൻമാരെ സംബന്ധിച്ചും അങ്ങനെ തന്നെയായിരുന്നു. അവർ തങ്ങളുടെ ആദ്യവാസസ്ഥലം ഉപേക്ഷിക്കാൻ തങ്ങളുടെ സ്വതന്ത്രമായ ഇച്ഛാശക്തി ഉപയോഗിച്ചു. എന്നാൽ ഇപ്പോൾ അവർ ദൈവപ്രീതിയിലല്ലെങ്കിലും അവരുടെ ആത്മാസ്‌തിത്വം വീണ്ടും തുടങ്ങാൻ അവർ ജലപ്രളയത്താൽ നിർബന്ധിതരാക്കപ്പെട്ടു.

ആര്യൻമാർ ഇൻഡ്യയിലേക്കു വന്നവിധം

38, 39. ഈ ഏതൽക്കാല യുഗത്തിൽ, മനുഷ്യവർഗ്ഗത്തിൻമേൽ തങ്ങളുടെ ദുഷ്ടസ്വാധീനം പ്രയോഗിക്കുന്നതിന്‌ ഭൂതങ്ങൾക്ക്‌ ആദ്യ അവസരം ലഭിച്ചതെപ്പോൾ?

38 അങ്ങനെ ശുദ്ധീകരിക്കപ്പെട്ട ജലപ്രളയാനന്തര ഭൂമിയിൽ ഈ ഭൂതങ്ങൾ സാത്താന്റെ നേതൃത്വത്തിൽ മനുഷ്യവർഗ്ഗത്തിൻമേൽ തങ്ങളുടെ ദുഷ്ട സ്വാധീനം പ്രയോഗിക്കാനും മനുഷ്യവർഗ്ഗത്തെ ദൈവത്തിന്റെ ഭരണാധിപത്യത്തിൻകീഴിൽ അഥവാ പരമാധികാരത്തിൻകീഴിൽ വരുത്തുകയെന്ന അവന്റെ പ്രഖ്യാപിതോദ്ദേശ്യത്തിന്റെ പുരോഗതിയെ എതിർക്കാനും പുറപ്പെട്ടു. (ഉല്‌പത്തി 3:15) ഈ ഏതൽക്കാലയുഗത്തിലെ അവരുടെ ആദ്യ അവസരം സകല മനുഷ്യവർഗ്ഗവും ഏകഭാഷ സംസാരിച്ചിരുന്ന ഒരു സമയത്തായിരുന്നു, നിങ്ങൾക്കുതന്നെ ആ ചരിത്രം ഉല്‌പത്തി 11:1–9 ൽ വായിക്കാവുന്നതാണ്‌:

39 “ഇപ്പോൾ സർവ്വഭൂമിയും ഏകഭാഷയും ഏക പദസംഹിതയുമുളളതായി തുടർന്നു. അവർ കിഴക്കോട്ടു യാത്ര ചെയ്‌തപ്പോൾ അവർ ഒടുവിൽ ശീനാർ ദേശത്ത്‌ ഒരു താഴ്‌വര സമതലം കണ്ടുപിടിക്കാനിടയായി, അവർ അവിടെ പാർപ്പുറപ്പിച്ചു. അവർ ഓരോരുത്തരും മറെറാരുവനോട്‌: ‘വരൂ! നമുക്ക്‌ ഇഷ്ടികകൾ ഉണ്ടാക്കി ചുട്ടെടുക്കാം’ എന്നു പറഞ്ഞുതുടങ്ങി. അങ്ങനെ അവർക്ക്‌ ഇഷ്ടിക കല്ലായും ബിററുമൻ കുമ്മായക്കൂട്ടായും ഉതകി. അവർ ഇപ്പോൾ: ‘വരൂ! നാം ഭൂതലത്തിലെല്ലാം ചിതറിപ്പോകാതിരിക്കേണ്ടതിന്‌ നമുക്ക്‌ ഒരു നഗരവും മേലഗ്രം ആകാശങ്ങളിലെത്തുന്ന ഒരു ഗോപുരവും പണിയാം, നമുക്ക്‌ ഒരു കീർത്തിപ്പെട്ട പേരും സമ്പാദിക്കാം എന്നു പറഞ്ഞു.”

40. സർവ്വശക്തനായ ദൈവം അവരുടെ മത്സരപൂർവ്വകമായ പദ്ധതികളെ വിഫലമാക്കിയതെങ്ങനെ?

40 “മനുഷ്യപുത്രന്‌മാർ നിർമ്മിച്ചിരുന്ന നഗരവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിവന്നു. അതിനുശേഷം യഹോവ പറഞ്ഞു: ‘നോക്കൂ! അവർ ഏകജനമാണ്‌, അവർക്കെല്ലാം ഏക ഭാഷയുമാണുളളത്‌, ഇതാണ്‌ അവർ ചെയ്‌തു തുടങ്ങുന്നത്‌. ഇപ്പോൾ അവർ ചെയ്യാനുദ്ദേശിക്കുന്ന യാതൊന്നും അവർക്ക്‌ അസാദ്ധ്യമായിരിക്കയില്ല. ഇപ്പോൾ വരിക! ഒരുവൻ മറെറാരുവന്റെ ഭാഷ കേട്ടനുസരിക്കാതിരിക്കേണ്ടതിന്‌ നമുക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ ഭാഷ കലക്കിക്കളയാം. അതിൻപ്രകാരം യഹോവ അവരെ അവിടെനിന്ന്‌ സർവ്വഭൂതലത്തിലും ചിതറിച്ചു, അവർ ക്രമേണ നഗരംപണി ഉപേക്ഷിച്ചു. അതുകൊണ്ടാണ്‌ അതിനു ബാബേൽ എന്നു പേർ വിളിക്കപ്പെട്ടത്‌, എന്തുകൊണ്ടെന്നാൽ അവിടെവച്ച്‌ യഹോവ സർവ്വഭൂമിയിലെയും ഭാഷ കലക്കിക്കളഞ്ഞിരുന്നു, യഹോവ അവരെ അവിടെനിന്ന്‌ സർവ്വഭൂതലത്തിലും ചിതറിച്ചിരുന്നു.”

41. (എ) അങ്ങനെ ബൈബിൾ ചരിത്രപരമായ ഏത്‌ ഉത്ഭവങ്ങളെ വെളിപ്പെടുത്തുന്നു? (ബി) ഇത്‌ ബൈബിളിലുളള നമ്മുടെ തുടർച്ചയായ താൽപര്യത്തിന്‌ അർഹതയുളളതായിരിക്കുന്നതെന്തുകൊണ്ട്‌?

41 അപ്പോൾ, ഇതാണ്‌, സംസ്‌കൃതം, പ്രാകൃതം, പാലി, എന്നീ ഭാഷകളും ദ്രാവിഡഭാഷകളും ഉൾപ്പെടെയുളള ഇൻഡോ—യൂറോപ്യൻ ഭാഷകളുടെ ഉത്ഭവം സംബന്ധിച്ച്‌ ഏററവും നേരത്തെയുളള ചരിത്രവിവരണം. ആര്യഗോത്രങ്ങൾ മദ്ധ്യേഷ്യവഴി ഇൻഡ്യയിലേക്കും യൂറോപ്പിലേക്കും വരാനിടയാക്കിയ പ്രഖ്യാതമായ പുരാതന ദേശാന്തരഗമനങ്ങൾക്ക്‌ കാരണം ബാബേലിലെ ഈ ദിവ്യ ഇടപെടലായിരുന്നു. ഏതൽക്കാല ജനതകളുടെയും ഭാഷകളുടെയും ഈ ചരിത്രപരമായ ഉത്ഭവങ്ങളെ ആധുനികശാസ്‌ത്രം പിന്താങ്ങുന്നതായി തോന്നുന്നു. ദൃഷ്ടാന്തമായി, പൗരസ്‌ത്യഭാഷാ പണ്ഡിതനായ സർ ഹെൻട്രി റോളിൻസൺ പ്രസ്‌താവിച്ചു: “നാം ഭാഷാപരമായ പാതകളുടെ പിരിവുകളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയും തിരുവെഴുത്തുരേഖയിലെ പരാമർശനത്തെയൊന്നും ആശ്രയിക്കാതെയും നയിക്കപ്പെടുകയാണെങ്കിൽ, നാം വിവിധ മാർഗ്ഗങ്ങൾ പുറത്തേക്കു വ്യാപിച്ച കേന്ദ്രമെന്ന നിലയിൽ അപ്പോഴും ശീനാർസമതലത്തെ സ്ഥിരീകരിക്കാൻ പ്രേരിപ്പിക്കപ്പെടും.” അവിതർക്കിതമായി, ബൈബിൾ നിങ്ങളുടെ ജനതയുടെയും ഭാഷയുടെയും രൂപവൽക്കരണത്തിലേക്കു നയിച്ച ഒരു ചരിത്രപരമായ തുടക്കം അവതരിപ്പിക്കുന്നു. അങ്ങനെ ബൈബിൾ നിങ്ങളുടെ തുടർച്ചയായ താൽപര്യവും ശ്രദ്ധയും അർഹിക്കുന്നു.

42. (എ) ബാബേലിലെ ദൈവത്തിന്റെ ഇടപെടലിനെ തുടർന്ന്‌ ഏതു മാനുഷവികാസങ്ങളുണ്ടായി? (ബി) “എല്ലാ പാതകളും ദൈവത്തിലേക്കു നയിക്കുന്നു” എന്ന്‌ അനേകർ വിശ്വസിക്കാനിടയായിരിക്കുന്നതെന്തുകൊണ്ട്‌? (സി) ഒരു ധാർമ്മിക നിയമസംഹിത ഉണ്ടായിരിക്കുന്നത്‌ ദൈവത്തിൽനിന്ന്‌ നേരിട്ടുളള ഒരു വെളിപ്പാടിന്റെ തെളിവാണോ?

42 ബാബേൽ ഗോപുര സംഭവകഥ ദിവ്യേഷ്ടത്തിന്റെ മറെറാരു മാനുഷനിരസനമായിരുന്നു. ദൈവത്തിന്റെ ഇടപെടൽ മാനുഷപരാജയത്തിൽ കലാശിച്ചു. തുടർന്ന്‌ ഭൂമിയുടെ അറുതികളിലേക്ക്‌ ഭാഷാക്കൂട്ടങ്ങളുടെ ദേശാന്തരഗമനം നടന്നു. അതുകൊണ്ട്‌ ആശ്രയയോഗ്യമായ ചരിത്രം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഇവയായിരുന്നു നോഹയുടെ പുത്രൻമാരുടെ കുടംബവംശക്രമപ്രകാരമുളള, അവരുടെ ജനതകളനുസരിച്ചുളള, അവരുടെ കുടുംബങ്ങൾ, ഇവരിൽനിന്ന്‌ പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചു.” (ഉല്‌പത്തി 10:32) മനുഷ്യവർഗ്ഗം ദിവ്യപരമാധികാരത്തിൽ നിന്നുളള അവരുടെ അന്യപ്പെടലിൽ സ്വന്തം രാജത്വങ്ങളും പൗരോഹിത്യങ്ങളും സ്ഥാപിച്ചു. ഇത്‌ തീർച്ചയായും ബാബേലിൽനിന്ന്‌ കൊണ്ടുവന്ന ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട നിർദ്ദിഷ്ട വിശ്വാസങ്ങളോടും ആചാരങ്ങളോടും അനുഷ്‌ഠാനങ്ങളോടും അഭ്യൂഹങ്ങളോടും കൂടിയ മതങ്ങൾ പെരുകുന്നതിൽ കലാശിച്ചു. എന്തായാലും, സൃഷ്ടിക്കപ്പെട്ട നമ്മുടെ ആദ്യമാതാപിതാക്കളിൽ നിവേശിക്കപ്പെട്ടിരുന്ന ദൈവദത്തമായ മന:സാക്ഷി ഒരേ മാതിരി ധാർമ്മിക നിയമസംഹിതകൾ ഉളവാക്കുന്നതിൽ ലോകമതങ്ങളെ സ്വാധീനിച്ചുവെന്നതിന്‌ സംശയമില്ല. ഇത്‌ “എല്ലാ പാതകളും ദൈവത്തിലേക്കു നയിക്കുന്നു” വെന്ന്‌ അനേകർ വിശ്വസിക്കാനിടയാക്കി. ബൈബിൾ ഇതിന്‌മേൽ വെളിച്ചം വീശിക്കൊണ്ടു വിശദീകരിക്കുന്നു: “നിയമമില്ലാത്ത ജനതകളിലെ ആളുകൾ നിയമത്തിലെ കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോഴൊക്കെയും, നിയമമില്ലാത്തവരെങ്കിലും അവർ തങ്ങൾക്കുതന്നെ ഒരു നിയമമാകുന്നു. തങ്ങളുടെ മന:സ്സാക്ഷി അവരുമായി സാക്ഷ്യം വഹിക്കുമ്പോഴും അവരുടെ സ്വന്തം വിചാരങ്ങൾക്കിടയിൽ അവർ കുററപ്പെടുത്തപ്പെടുകയോ കുററവിമുക്തരാക്കപ്പെടുകപോലുമോ ചെയ്യുമ്പോഴും നിയമത്തിന്റെ സംഗതി തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നതായി പ്രകടമാക്കുന്നവർ തന്നെയാണ്‌ അവർ.” (റോമർ 2:14, 15) എന്നാൽ ഒരു ധാർമ്മിക നിയമസംഹിത ഉണ്ടായിരിക്കുന്നത്‌ അതിൽത്തന്നെ ദിവ്യവെളിപ്പാടു ലഭിച്ചിട്ടുണ്ടെന്നുളളതിന്റെ തെളിവല്ല. ഒരു നിരീശ്വര പ്രത്യയശാസ്‌ത്രമായ കമ്മ്യൂണിസത്തിന്‌ ചില മതങ്ങളുടേതിനോടു സമാനമായ ധാർമ്മിക നിയമസംഹിതയുണ്ട്‌. അതെ, പിൻവരുന്ന വിവരങ്ങൾ പ്രകടമാക്കുന്നതുപോലെ ദിവ്യവെളിപ്പാടിൽ വെറുമൊരു ധാർമ്മിക നിയമസംഹിതയെക്കാളധികം ഉൾപ്പെടുന്നു.

ദൈവത്തോടുളള മാനുഷ അനുരഞ്‌ജനത്തിനുളള ഒരുക്കം

43. താൻ മനുഷ്യവർഗ്ഗത്തെ ഉപേക്ഷിച്ചിട്ടില്ലെന്ന്‌ ദൈവം ചരിത്രത്തിലുടനീളം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?

43 ഏതായാലും, മനുഷ്യവർഗ്ഗം ദിവ്യേഷ്ടത്തെ ത്യജിച്ചുവെങ്കിലും ദൈവം പിന്നെയും മനുഷ്യവർഗ്ഗത്തെ ആസ്‌തിക്യത്തിൽ നിലനിർത്തി. അതുകൊണ്ട്‌ ബൈബിൾ നമുക്ക്‌ ഇങ്ങനെ ഉറപ്പു നൽകുന്നു: “കഴിഞ്ഞ തലമുറകളിൽ തങ്ങളുടെ വഴികളിൽ നടക്കാൻ അവൻ സകല ജനതകളെയും അനുവദിച്ചുവെങ്കിലും, തീർച്ചയായും നിങ്ങൾക്ക്‌ ആകാശത്തുനിന്ന്‌ മഴയും ഫലപുഷ്ടിയുളള കാലങ്ങളും തന്നുകൊണ്ടും നിങ്ങളുടെ ഹൃദയങ്ങളെ ആഹാരത്താലും സന്തോഷത്താലും പൂർണ്ണമായി നിറച്ചുകൊണ്ടും നൻമ ചെയ്‌തതിനാൽ അവൻ തന്നേക്കുറിച്ചുതന്നെ സാക്ഷ്യം നൽകാതിരുന്നിട്ടില്ല.”—പ്രവൃത്തികൾ 14:16, 17.

44. (എ) മനുഷ്യവർഗ്ഗത്തെ തന്നോടുതന്നെ അനുരഞ്‌ജിപ്പിക്കാൻ ദൈവം ഉദ്ദേശിച്ചതെങ്ങനെ? (ബി) വിമോചകനായ ‘വാഗ്‌ദത്ത സന്തതി’യെ ഉളവാക്കാൻ ദൈവം അബ്രാഹാമിന്റെ സന്തതിയെ തെരഞ്ഞെടുത്തതെന്തുകൊണ്ട്‌?

44 എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ മന:പൂർവ്വമായ അനുസരണക്കേട്‌ മനസ്സിൽ പിടിച്ചുകൊണ്ട്‌ നാം ചോദിക്കുന്നു: അവർ ദൈവവുമായി അനുരഞ്‌ജനത്തിലാക്കപ്പെട്ട ഒരു അവസ്ഥയിലേക്ക്‌ സ്വമേധയാ എങ്ങനെ തിരിച്ചുവരുത്തപ്പെടും? സകല വർഗ്ഗങ്ങൾക്കും സ്വയം പ്രയോജനം ചെയ്യാൻ കഴിയുന്നതിനുളള ദൈവത്തിന്റെ ഉപകരണമായിരിക്കുന്നതിന്‌ മാനുഷ കുടുംബത്തിൽനിന്ന്‌ ഒരു ചെറിയ സമുദായത്തെ എടുക്കാൻ ദൈവം സ്‌നേഹപൂർവ്വം ഏർപ്പാടു ചെയ്‌തു. സ്രഷ്ടാവ്‌ ഒരു പുരാതന ഗോത്രപിതാവായ അബ്രാഹാമിന്റെ സന്തതികളെ ഉപയോഗിക്കാൻ തീരുമാനിച്ചു. അബ്രാഹാം തന്നെ പാപം അവകാശപ്പെടുത്തിയിരുന്നവനായിട്ടും അവൻ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തോടു നിസ്സങ്കോചം കൂറു പ്രകടമാക്കി. ദൈവേഷ്ടമെങ്കിൽ സ്വന്തം പുത്രനായ യിസ്‌ഹാക്കിനെ ബലി ചെയ്യാൻ പോലും അബ്രാഹാം സന്നദ്ധത പ്രകടമാക്കിയപ്പോൾ “യഹോവയുടെ ദൂതൻ ആകാശങ്ങളിൽനിന്ന്‌. . . . അബ്രാഹാമിനെ വിളിച്ച്‌ പറയാൻ തുടങ്ങി: ‘ “നീ ഈ കാര്യം ചെയ്യുകയും നിന്റെ പുത്രനെ’ നിന്റെ ഏകനെ’ തരാൻ മടിക്കാതിരിക്കുകയും ചെയ്‌തിരിക്കുന്നുവെന്ന വസ്‌തുതഹേതുവായി ഞാൻ തീർച്ചയായും നിന്നെ അനുഗ്രഹിക്കുകയും നിന്റെ സന്തതിയെ ആകാശങ്ങളിലെ നക്ഷത്രങ്ങളെ പോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും തീർച്ചയായും പെരുക്കുകയും ചെയ്യും, നിന്റെ സന്തതി അവന്റെ ശത്രുക്കളുടെ പടിവാതിൽ കൈവശപ്പെടുത്തും. നീ എന്റെ വാക്കു കേട്ടനുസരിച്ചിരിക്കുന്നുവെന്ന വസ്‌തുതനിമിത്തം നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും തങ്ങളേതന്നെ അനുഗ്രഹിക്കും” എന്നു ഞാൻ എന്നേക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു’ എന്നാകുന്നു യഹോവയുടെ അരുളപ്പാട്‌.”—ഉല്‌പത്തി 22:15–18.

45. (എ) യഹൂദൻമാർ മനുഷ്യരാശിയിൽ ശേഷിച്ചവരെക്കാൾ മെച്ചമല്ലാഞ്ഞതെന്തുകൊണ്ട്‌? (ബി) അങ്ങനെയുളള നിഷ്‌ക്കാപട്യം ബൈബിളിനെക്കുറിച്ച്‌ എന്തു സൂചിപ്പിക്കുന്നു?

45 തൽഫലമായി, ഉല്‌പത്തി 3:15 ലെ വിമോചനം നൽകുന്ന ‘വാഗ്‌ദത്ത സന്തതി’ അബ്രഹാമിന്റെ സന്തതിയാൽ ഉളവാക്കപ്പെടും, അങ്ങനെ തിരിച്ചറിയപ്പെടാനും കഴിയും. ഏതായാലും, അബ്രാഹാമിന്റെ സന്തതികളായ യഹൂദന്‌മാർ മനുഷ്യരാശിയിലെ മററു വർഗ്ഗങ്ങളെക്കാൾ മെച്ചമായതുകൊണ്ടല്ല തെരഞ്ഞെടുക്കപ്പെട്ടത്‌. ദൈവവും അവരും തമ്മിലുളള അവരുടെ ദേശീയമദ്ധ്യസ്ഥനായിരുന്ന മോശ ഇതു ചൂണ്ടിക്കാട്ടിക്കൊണ്ടു പറയുന്നു: “നിന്റെ ദൈവമായ യഹോവ നിന്റെ നീതി നിമിത്തമല്ല ഈ നല്ല ദേശം നിനക്കു കൈവശമാക്കാൻ തരുന്നത്‌ എന്നു നീ അറിയണം; നീ ദുശ്ശാഠ്യമുളള ഒരു ജനമല്ലോ.” (വെട്ടിത്തുറന്നുളള ഈ സംസാരം നിഷ്‌പക്ഷവും വിശ്വാസയോഗ്യവുമായ ചരിത്രവസ്‌തുതകളാണിവയെന്നു തെളിയിക്കുന്നു!) ഇതു രേഖപ്പെടുത്തിയിരിക്കുന്നത്‌ ആവർത്തനം 9:6 ലാണ്‌. എന്നാൽ ദിവ്യ ഉപകരണമായിരിക്കുന്നതിന്‌ യഹൂദജനതയെ തെരഞ്ഞെടുത്തതെന്തുകൊണ്ട്‌?

46. (എ) നാം ദൈവത്തിന്റെ തെരഞ്ഞെടുപ്പിൽ നീരസപ്പെടേണ്ട ആവശ്യമില്ലാത്തതെന്തുകൊണ്ടെന്ന്‌ ദൃഷ്ടാന്തസഹിതം വിശദീകരിക്കുക. (ബി) താൽക്കാലികമായി യിസ്രായേലുമായി ഇടപെട്ടതിലുളള ദൈവോദ്ദേശ്യം എന്തായിരുന്നു?

46 എന്തുകൊണ്ടെന്നാൽ അവർ അബ്രഹാമിന്റെ വിശ്വസ്‌ത പുത്രനായ യിസ്‌ഹാക്കിലൂടെയും പൗത്രനായ യാക്കോബിലൂടെയുമുളള അബ്രാഹാമിന്റെ സന്തതിയായിരുന്നു. അതിനു പുറമേ, മനുഷ്യവർഗ്ഗത്തിന്റെ വിമോചകൻ മനുഷ്യവർഗ്ഗലോകത്തിൽ ഒരു മനുഷ്യനായി ജനിക്കണമായിരുന്നു, ഒരു അവതാരമായിട്ടല്ല, ഒരു ദൈവ–മനുഷ്യനായിട്ടുമല്ല, പിന്നെയോ ഒരു ശുദ്ധ ജഡികമനുഷ്യനായി, അബ്രാഹാമിന്റെ ഒരു സ്വാഭാവിക സന്തതിയായിത്തന്നെ. വിശ്വസ്‌ത പൂർവ്വപിതാക്കൻമാർ നിമിത്തമാണെങ്കിൽ പോലും, ദൈവം ഏതു ജനതയെ തെരഞ്ഞെടുത്താലും മററു ജനതകൾ പുറന്തളളപ്പെട്ടതായി നീരസത്തോടെ വിചാരിച്ചേക്കാം. ഏതായാലും ദൈവത്തിന്റെ തെരഞ്ഞെടുപ്പിലുളള നീതിയിൽ ദൃഢവിശ്വാസമുളള ആരും അങ്ങനെ അശേഷവും വിചാരിക്കുകയില്ല. ദൃഷ്ടാന്തമായി, ഒരു വലിയ സദസ്സ്‌ ഒരു നാടകം കാണുമ്പോൾ അവർ സ്‌റേറജിൽ അഭിനയിക്കുന്നില്ലാത്തതുകൊണ്ട്‌ അവർ പുറന്തളളപ്പെട്ടതായി വിചാരിക്കുന്നില്ല. അതുപോലെ, ദൈവത്തിന്റെ തത്വങ്ങളും ഇടപെടലുകളും ലോകത്തെ പഠിപ്പിക്കുന്നതിന്‌ ഒരു സജീവപ്രകടനമായിത്തീരുന്നതിന്‌ ദിവ്യനായവൻ മനുഷ്യരാശിയുടെ ഒരു ചെറിയ അംശത്തെ തെരഞ്ഞെടുത്തപ്പോൾ അവൻ മനുഷ്യരാശിയിൽ ശേഷിച്ചവരെ അവഗണിച്ചില്ല. ജ്ഞാനപൂർവ്വകവും നീതിപൂർവ്വകവുമായ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന്‌ യിസ്രായേല്യ ചരിത്രം സകല മനുഷ്യവർഗ്ഗത്തെയും പഠിപ്പിക്കുന്നു. അങ്ങനെ ദൈവം താൽക്കാലികമായി യിസ്രായേലുമായി മാത്രം, ഇടപെട്ടപ്പോൾ, പിൽക്കാലത്ത്‌ സകല ജനതകളിലെയും ആളുകളെ അനുഗ്രഹിക്കുകയെന്ന തന്റെ ദീർഘകാലാടിസ്ഥാനത്തിലുളള ഉദ്ദേശ്യം ദൈവം പ്രാവർത്തികമാക്കുകയായിരുന്നു.—ഉല്‌പത്തി 22:18.

അതുകൊണ്ട്‌ നിങ്ങളുടെ ഭാവി എന്താണ്‌?

47. (എ) നമ്മുടെ ഗവേഷണം ബൈബിളിൽ നമുക്കു വിശ്വാസം നൽകേണ്ടതെന്തുകൊണ്ട്‌? (ബി) ബൈബിൾ നിങ്ങൾക്ക്‌ എന്തു ഭാവി വാഗ്‌ദത്തം ചെയ്യുന്നു, എന്ത്‌ ഉറപ്പോടെ?

47 ജീവൻ, പാപം, മരണം, മതം എന്നിവയുടെ യഥാർത്ഥ ഉത്‌ഭവം നാം ചുവടുപിടിച്ച്‌ ചെന്നു കണ്ടെത്തിയിരിക്കുന്നു. വിശ്വാസയോഗ്യമായ ബൈബിളിലെ ചരിത്രം ആധുനികസയൻസിനാലും, അതെ, യുക്തിയാനുസൃതം ഹൈന്ദവപാരമ്പര്യത്താലും, എങ്ങനെ സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നും നാം കണ്ടിരിക്കുന്നു. ദിവ്യസത്യത്തിന്റെ പാതയിൽനിന്ന്‌ എങ്ങനെ വ്യതിചലിച്ചുവെന്നും അനന്തരം പാപത്തിൽനിന്നും മരണത്തിൽനിന്നുമുളള യഥാർത്ഥ മോചനത്തിന്റെ മഹത്തായ വാഗ്‌ദത്തം എങ്ങനെ ഉണ്ടായി എന്നും നാം കണ്ടിരിക്കുന്നു. ബൈബിൾ ഭാവിയെക്കുറിച്ച്‌ പറയുന്നതിൽ വിശ്വാസമുണ്ടായിരിക്കാൻ ഇത്‌ ഒരുവനെ പ്രേരിപ്പിക്കുന്നു. ദൈവം നിങ്ങൾക്കുവേണ്ടി അത്യന്തം സന്തുഷ്ടവും ഐശ്വര്യപ്രദവുമായ ഒരു ഭാവി ഏർപ്പാടു ചെയ്യുകയാണെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നാം മാനുഷപൂർണ്ണതയോടെ ഒരു ഭൗമിക പരദീസയിൽ ജീവിക്കണമെന്നുളളതായിരുന്നുവെന്നു നാം മനസ്സിലാക്കി. ഈ ഭൂമിയിൽത്തന്നെയുളള ആ മഹത്തായ പരദീസയുടെ പുന:സ്ഥിതീകരണത്തിലേക്ക്‌ വിശുദ്ധ തിരുവെഴുത്തുകൾ വിരൽചൂണ്ടുന്നു. യെശയ്യാ 55:11–ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യഥാർത്ഥബൈബിൾചരിത്രത്തിന്റെ ദൈവം പറയുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം അങ്ങനെയെന്നു തെളിയും. അതു നിഷ്‌ഫലമായി എന്റെ അടുക്കലേക്കു മടങ്ങിവരാതെ തീർച്ചയായും എന്റെ ഇഷ്ടം ചെയ്യും, ഞാൻ അത്‌ എന്തിന്‌ അയച്ചിരിക്കുന്നുവോ അതിൽ ഒരു വിജയം അതിനു ലഭിക്കും.”

48. നീതിമാൻമാർ എത്രനാൾ ഭൂമിയിൽ വസിക്കും, ഏതവസ്ഥകളിൽ?

48 അതുകൊണ്ട്‌ നിങ്ങളുടെ വ്യക്തിപരമായ സ്വന്തം ഭാവി പ്രത്യാശയും പ്രതീക്ഷയും പുന:സ്ഥിതീകരിക്കപ്പെടുന്ന ഒരു ഭൗമികപരദീസയിൽ ജീവിക്കുന്നതിനായിരിക്കാൻ കഴിയും. നിങ്ങൾക്ക്‌ ജഡത്തിൽ മനുഷ്യ പൂർണ്ണതയിലേക്ക്‌ ഉയർത്തപ്പെടാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ മനുഷ്യത്വത്തിൽനിന്ന്‌ സകലപാപവും അപൂർണ്ണതയും നീക്കി ശുദ്ധീകരിക്കുന്നതിന്‌ ദൈവം ഏർപ്പാടു ചെയ്‌തിരിക്കുന്നു. സങ്കീർത്തനം 37:29–ൽ ബൈബിൾ പറയുന്നു: “നീതിമാന്‌മാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.” കൂടാതെ, യെശയ്യാ 33:24–ൽ നാം വായിക്കുന്നു: “‘ഞാൻ രോഗിയാണ്‌’ എന്ന്‌ യാതൊരു നിവാസിയും പറയുകയില്ല. ദേശത്തു വസിക്കുന്ന ജനം അകൃത്യം ക്ഷമിക്കപ്പെട്ടവരായിരിക്കും.”

49. (എ) ഈ അത്ഭുതകരമായ അനുഗ്രഹങ്ങൾ ഏർപ്പാടു ചെയ്യുന്ന ദൈവം ആരാണ്‌? (ബി) യഹോവ ഏതുതരം ദൈവമാകുന്നു?

49 എന്നാൽ മാനുഷികമായി അസാദ്ധ്യമായ ഈ അനുഗ്രങ്ങൾ നിങ്ങൾക്കു നൽകാൻ ഉദ്ദേശ്യമുളള ദൈവം ആരാണ്‌? നാം കണ്ടു കഴിഞ്ഞതുപോലെ, അവന്റെ പേർ യഹോവ എന്നാണ്‌. ആ പേരിന്റെ അർത്ഥം ദൈവത്തിന്റെ അത്ഭുതകരമായ വ്യക്തിത്വത്തിന്‌ അനുയോജ്യമാണ്‌. യഹോവയെന്നതിന്റെ അർത്ഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. അതിന്റെ അർത്ഥം ദൈവം നിറവേററുന്നവനാകുന്നു (അവന്റെ വാഗ്‌ദത്തങ്ങൾ അല്ലെങ്കിൽ പ്രസ്‌താവിതോദ്ദേശ്യങ്ങൾ) എന്നാണ്‌. ജീവനുളള സത്യദൈവത്തിനു മാത്രമേ ഉചിതമായും സത്യമായും അങ്ങനെയൊരു നാമം വഹിക്കാൻ കഴിയു. യഹോവയെ സംബന്ധിച്ച്‌ ബൈബിൾ പറയുന്നു: “യഹോവ ദൈവമാകുന്നു എന്ന്‌ അറിയുക. അവനാണ്‌ നമ്മെ നിർമ്മിച്ചത്‌, നാം തന്നെയല്ല. നാം അവന്റെ ജനവും അവന്റെ മേച്ചിൽ സ്ഥലത്തെ ആടുകളുമാകുന്നു. എന്തെന്നാൽ യഹോവ നല്ലവനാകുന്നു; അവന്റെ സ്‌നേഹാർദ്രത അനിശ്‌ചിത കാലത്തോളവും അവന്റെ വിശ്വസ്‌തത തലമുറതലമുറയായുമാകുന്നു.”—സങ്കീർത്തനം 100:3, 5.

50. യഹോവ പക്ഷപാതിത്വമുളള ദൈവമല്ലാത്തതെന്തുകൊണ്ട്‌?

50 യഹോവ നല്ലവനും സ്‌നേഹാർദ്രത ഉളളവനുമായതുകൊണ്ടാണ്‌ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി അവൻ ഇത്ര മഹത്തായ ഭാവി സാദ്ധ്യമാക്കിയിരിക്കുന്നത്‌. വിവേകശാലിയായിരുന്ന ഒരു വ്യക്തി ഒരിക്കൽ പറഞ്ഞതു പോലെ: “ദൈവം പക്ഷപാതിത്വമുളളവനല്ലെന്നും എന്നാൽ ഏതു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നമനുഷ്യൻ അവനു സ്വീകാര്യനാണെന്നും ഞാൻ സുനിശ്‌ചിതമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.

51. ഈ പ്രധാന വിഷയങ്ങളെ സംബന്ധിച്ച കൂടുതലായ ചോദ്യങ്ങൾക്ക്‌ നിങ്ങൾക്ക്‌ എങ്ങനെ ഉത്തരം ലഭിക്കാൻ കഴിയും?

51 എന്നാൽ നിങ്ങൾക്ക്‌ ഈ നല്ല വാഗ്‌ദത്തങ്ങൾ എപ്പോൾ ആസ്വദിക്കാൻ കഴിയും? പരദീസ ഭൂവ്യാപകമായി എങ്ങനെ പുന:സ്ഥീതീകരിക്കപ്പെടും? അതു വരുമ്പോൾ നിങ്ങൾ ജീവിച്ചിരിക്കുമോ? ഉത്തരങ്ങൾക്കുവേണ്ടി നിങ്ങൾ വിശുദ്ധ ബൈബിളിന്റെ വ്യക്തിപരമായ പരിശോധനയും പഠനവും നടത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌. കൂടാതെ, ദയവായി, നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്തുക, അല്ലെങ്കിൽ ഇതിന്റെ പ്രസാധകർക്കെഴുതുക. നിങ്ങൾക്കു പൂർണ്ണസംതൃപ്‌തി ലഭിക്കുമാറ്‌ ഈ മർമ്മപ്രധാനമായ കാര്യങ്ങളുടെ ഒരു സൗജന്യ ചർച്ചക്ക്‌ ഏർപ്പൊടുചെയ്യാൻ കഴിയും.

[അധ്യയന ചോദ്യങ്ങൾ]

[24-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

ഭാഷാകലക്കം ദേശാന്തര ഗമനങ്ങൾക്കിടയാക്കുന്നു

ബാബേൽ

ആഫ്രിക്ക

ഇന്ത്യാ

[4-ാം പേജിലെ ചിത്രം]

ആദ്യമനുഷ്യൻ പൊടിയിൽ നിന്നു സൃഷ്ടിക്കപ്പെട്ടു

[6-ാം പേജിലെ ചിത്രം]

ആദ്യസ്‌ത്രീ ഒരു മാനുഷ വാരിയെല്ലിൽനിന്നു സൃഷ്ടിക്കപ്പെട്ടു

[9-ാം പേജിലെ ചിത്രം]

അനന്ത മാനുഷ ജീവൻ അന്തിമ മോക്‌ഷത്തെ നിരാകരിക്കുന്നു

[10-ാം പേജിലെ ചിത്രം]

തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം: ദൈവത്തെ അനുസരിക്കാതിരിക്കണമോ അനുസരിക്കണമോ?

[13-ാം പേജിലെ ചിത്രം]

അപൂർണ്ണമായ ആസ്‌തിക്യം

[14-ാം പേജിലെ ചിത്രം]

വാഗ്‌ദത്ത സന്തതി സർപ്പത്തിന്റെ തല ചതയ്‌ക്കും

[29-ാം പേജിലെ ചിത്രം]

സങ്കര രാക്ഷസൻമാർ ഐതിഹാസിക കീർത്തി നേടുന്നു

[29-ാം പേജ്‌ നിറയെയുള്ള ചിത്രം]