അവർക്ക് ഒരു നഷ്ടബോധവും ഇല്ല
ലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നില്ല. ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് ഒരു നഷ്ടമായി അവർക്ക് തോന്നുന്നുണ്ടോ? അവരുടെ കുട്ടികൾക്ക് അതുകൊണ്ട് വിഷമമുണ്ടോ? ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ ഈ വിഷയത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നു നോക്കാം.
യേശുക്രിസ്തുവിനെ ഓർമിക്കുന്നത്: “യഹോവയുടെ സാക്ഷികളിൽ ഒരാൾ ആകുന്നതിനു മുമ്പ് ഞാൻ പള്ളിയിലൊന്നും അങ്ങനെ പോയിരുന്നില്ല. ക്രിസ്തുമസ്സിനോ ഈസ്റ്ററിനോ വല്ലതും പോയാലായി. ഇനി പോയാൽത്തന്നെ യേശുക്രിസ്തുവിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ഞാൻ ക്രിസ്തുമസ്സ് ആഘോഷിക്കാറില്ല. പക്ഷേ ആഴ്ചയിൽ രണ്ടു ദിവസം ക്രിസ്തീയയോഗങ്ങൾക്കു പോകുന്നുണ്ട്. യേശുവിനെ കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു!”—ഈവ്, ഓസ്ട്രേലിയ.
സമ്മാനങ്ങൾ കൊടുക്കുന്നതിന്റെ സന്തോഷം: “ഒട്ടും പ്രതീക്ഷിക്കാത്തപ്പോൾ സർപ്രൈസ് ആയിട്ട് എന്തെങ്കിലും സമ്മാനങ്ങൾ കിട്ടുന്നത് എനിക്ക് എന്തിഷ്ടമാണെന്നോ! മറ്റുള്ളവർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കുന്നതും എനിക്കിഷ്ടമാണ്, അവർക്കുവേണ്ടി കാർഡുകൾ ഉണ്ടാക്കുകയോ പടങ്ങൾ വരയ്ക്കുകയോ ഒക്കെ ചെയ്യുന്നത്. അപ്പോൾ അവർക്കും സന്തോഷമാകും, എനിക്കും സന്തോഷം കിട്ടും.”—രൂബേൻ, ഉത്തര അയർലൻഡ്.
മറ്റുള്ളവരെ സഹായിക്കുന്നത്: “സുഖമില്ലാതിരിക്കുന്നവർക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ഞങ്ങൾക്ക് വലിയ സന്തോഷമാണ്. ഇനി ചിലപ്പോഴൊക്കെ ഒരു കേക്കോ പൂക്കളോ അല്ലെങ്കിൽ അവരെ സന്തോഷിപ്പിക്കാൻ ചെറിയ ഒരു ഗിഫ്റ്റോ ഒക്കെ ഞങ്ങൾ കൊടുക്കും. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമല്ലോ, അതു രസമാണ്.”—എമിലി, ഓസ്ട്രേലിയ.
കുടുംബാംഗങ്ങളുമായി ഒത്തുകൂടുന്നത്: “വീട്ടിലെല്ലാവരും കൂടി ഒരുമിച്ചുകൂടുമ്പോൾ ഞങ്ങളുടെ മക്കൾക്ക് അവരുടെ അങ്കിൾമാരെയും ആന്റിമാരെയും കസിൻസിനെയും ഒക്കെ നന്നായി അടുത്തറിയാൻ കഴിയുന്നു. അതിനുവേണ്ടി പ്രത്യേകം ഒരു അവധി ദിവസം നോക്കേണ്ടാത്തത് ഞങ്ങൾക്ക് വലിയ ഒരു സൗകര്യമാണ്. ഞങ്ങളുടെ വീട്ടുകാരോടുള്ള സ്നേഹം കാരണമാണ് അവരെ ചെന്നു കാണുന്നതെന്ന് അവർക്കറിയാം.”—വെൻഡി, കേയ്മൻ ദ്വീപുകൾ.
സമാധാനം: “ക്രിസ്തുമസ്സിന്റെ സമയത്ത് ആകെയൊരു തിരക്കാണ്. അതിനിടയ്ക്ക് സമാധാനത്തെക്കുറിച്ച് ആരുംതന്നെ ചിന്തിക്കുമെന്ന് എനിക്കു തോന്നുന്നില്ല. മനുഷ്യരുടെ ഭാവിയെക്കുറിച്ച് ബൈബിളിൽ പറയുന്ന കാര്യങ്ങൾ പഠിച്ചത് എനിക്കു വലിയ സമാധാനം തന്നു. എന്റെ മക്കൾക്ക് നല്ലൊരു ഭാവിയുണ്ടെന്ന് എനിക്ക് ഇപ്പോൾ അറിയാം.”—സാൻഡ്ര, സ്പെയിൻ.