ഏദെൻ—മനുഷ്യൻ പിറവിയെടുത്തത് അവിടെയാണോ?
ഏദെൻ—മനുഷ്യൻ പിറവിയെടുത്തത് അവിടെയാണോ?
നിങ്ങൾ ഒരു പൂന്തോട്ടത്തിലാണെന്നു സങ്കൽപ്പിക്കുക. നിങ്ങളുടെ ശ്രദ്ധ പതറിക്കുന്ന ഒന്നും അവിടെയില്ല, നഗരത്തിരക്കിന്റെ ശബ്ദകോലാഹലങ്ങളില്ലാത്ത വിശാലമായ ഒരു ഉദ്യാനം! അതിന്റെ ശാന്തത ആരുടെയും മനംമയക്കും. മനസ്സിനെ ഭാരപ്പെടുത്തുന്ന ചിന്തകൾ ഏതുമില്ലാതെ, ആരോഗ്യപ്രശ്നങ്ങളോ വേദനകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ അതിന്റെ സൗന്ദര്യം നുകരുന്നത് ഒന്ന് ആലോചിച്ചു നോക്കൂ.
നാനാവർണങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന പുഷ്പങ്ങളും തെളിനീർ അരുവിയുടെ വൈരത്തിളക്കവും എങ്ങും പച്ചവിരിച്ച് നിൽക്കുന്ന ഇലപ്പടർപ്പുകളും പുൽമേടുകളും നിങ്ങളുടെ കണ്ണുകൾക്കു കുളിർമയേകുന്നു. സൂര്യപ്രഭയിൽ അവ തിളങ്ങിനിൽക്കുന്നു. മധുരസുഗന്ധം വഹിക്കുന്ന മന്ദമാരുതൻ നിങ്ങളെ തലോടുന്നു. കാറ്റത്ത് ഇളകിയാടുന്ന ഇലകളുടെ മർമര ശബ്ദവും പാറമേൽ തട്ടിയൊഴുകുന്ന അരുവിയുടെ കളകള നാദവും കിളികളുടെ കളകൂജനവും വണ്ടുകളുടെ മൂളിപ്പാട്ടും എല്ലാം നിങ്ങൾക്ക് ആസ്വദിക്കാം. അങ്ങനെയുള്ള ഒരു സ്ഥലത്തുനിന്നും നിങ്ങൾക്കു പോരാൻ തോന്നുമോ?
മനുഷ്യരുടെ ജീവിതം ആരംഭിച്ചത് അങ്ങനെയൊരു സ്ഥലത്താണെന്നു ലോകമെങ്ങുമുള്ള ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി ജൂതമതവും ക്രൈസ്തവമതവും ഇസ്ലാം മതവും ഏദെൻ തോട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്നു. ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വയെയും ദൈവം അവിടെ ആക്കിയെന്നും പഠിപ്പിക്കുന്നു. ബൈബിൾ പറയുന്നതനുസരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അവസ്ഥയിലായിരുന്നു അവർ. അവർ തമ്മിൽത്തമ്മിലും അവിടെയുള്ള മൃഗങ്ങളുമായും സമാധാനത്തിലായിരുന്നു. വളരെ മനോഹരമായ ഈ അന്തരീക്ഷത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ നൽകിയ ദൈവവുമായും അവർ സമാധാനത്തിലായിരുന്നു.—ഉൽപത്തി 2:15-24.
ഹൈന്ദവരുടെ ഇടയിലും പറുദീസയെക്കുറിച്ച് അവരുടേതായ ചില വിശ്വാസങ്ങൾ ഉണ്ട്. ഇനി, ബുദ്ധമതക്കാർ വിശ്വസിക്കുന്നതു ഭൂമി ഒരു പറുദീസപോലെ ആകുന്ന സുവർണകാലഘട്ടങ്ങൾ ഉണ്ടെന്നും അത്തരം സമയങ്ങളിലാണ് അവരുടെ ആത്മീയനേതാക്കന്മാർ അഥവാ ബുദ്ധന്മാർ രംഗപ്രവേശം ചെയ്യുന്നതെന്നുമാണ്. ബൈബിളിലെ ആദാമിന്റെയും ഹവ്വയുടെയും വിവരണത്തോടു സാമ്യമുള്ള ചില കഥകൾ ആഫ്രിക്കയിലെ എണ്ണമറ്റ മതവിഭാഗങ്ങളുടെ ഇടയിലും പ്രചാരത്തിലുണ്ട്.
ശരിക്കും പറഞ്ഞാൽ തുടക്കത്തിൽ ഒരു പറുദീസയുണ്ടായിരുന്നു എന്ന ആശയം ലോകത്തിലെ പല മതങ്ങളിലും പാരമ്പര്യവിശ്വാസങ്ങളിലും കാണാം. ഒരു എഴുത്തുകാരന്റെ അഭിപ്രായം ഇതാണ്: “തുടക്കത്തിൽ മനുഷ്യൻ ഒരു പറുദീസയിലാണു ജീവിച്ചിരുന്നതെന്നു പല സംസ്കാരങ്ങളിലുള്ളവരും വിശ്വസിച്ചിരുന്നു. അവർക്കു സന്തോഷവും സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും ഒക്കെ ഉണ്ടായിരുന്നെന്നും അവർക്ക് ഒന്നിനും ഒരു കുറവും ഇല്ലായിരുന്നെന്നും ഭയപ്പെടുകയോ ടെൻഷനടിക്കുകയോ ചെയ്യേണ്ട ഒരു പ്രശ്നവും അവിടെ ഇല്ലായിരുന്നെന്നും അവർ വിശ്വസിച്ചിരുന്നു. . . . ഈ ഒരു വിശ്വാസമാണു നഷ്ടപ്പെട്ട പറുദീസ തിരിച്ചുകിട്ടണമെന്ന ആഗ്രഹം ആളുകളിൽ ഉണ്ടാക്കിയത്.”
അങ്ങനെയെങ്കിൽ ഈ കഥകളും പാരമ്പര്യവിശ്വാസങ്ങളും എല്ലാം ഉത്ഭവിച്ചത് ഒരേ സ്ഥലത്തുനിന്നായിരിക്കുമോ? പലപല സംസ്കാരങ്ങളിൽപ്പെട്ട ആളുകളുടെ മനസ്സിൽ ഇങ്ങനെയൊരു ആശയം കടന്നുകൂടിയത് അത് യഥാർഥമായതുകൊണ്ട് ആയിരിക്കുമോ? പണ്ടുപണ്ട് ശരിക്കും ഒരു ഏദെൻ തോട്ടം ഉണ്ടായിരുന്നോ? ഒരു ആദാമും ഹവ്വയും യഥാർഥത്തിൽ ജീവിച്ചിരുന്നോ?
എന്നാൽ ഈ വിവരണത്തെ സംശയത്തോടെ കാണുന്നവരുണ്ട്. ഈ ശാസ്ത്രയുഗത്തിൽ ഇത്തരം കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും പുറകേ പോകുന്നതു മണ്ടത്തരമാണ് എന്ന അഭിപ്രായമാണ് അവർക്ക്. ഇക്കൂട്ടത്തിൽ ദൈവവിശ്വാസികൾപോലും ഉണ്ട് എന്നതാണു രസകരമായ കാര്യം. ഏദെൻ തോട്ടം എന്ന ഒരു സ്ഥലം ഉണ്ടായിരുന്നിട്ടേ ഇല്ലെന്നു പല മതനേതാക്കന്മാരും ആളുകളെ പഠിപ്പിക്കുന്നു. നമുക്കു ചില സന്മാർഗപാഠങ്ങൾ പകർന്നുതരാനുള്ള ഒരു സങ്കൽപ്പകഥ മാത്രമാണ് ഇത് എന്ന് അവർ വിശ്വസിക്കുന്നു.
സന്മാർഗപാഠങ്ങൾ പകർന്നുതരുന്ന കഥകൾ ബൈബിളിലുണ്ട് എന്നതു ശരിയാണ്. അതിൽ ഏറ്റവും പ്രശസ്തമായവ പറഞ്ഞിരിക്കുന്നതു യേശു തന്നെയാണ്. എന്നാൽ ഏദെൻ തോട്ടത്തെക്കുറിച്ചുള്ള വിവരണം ബൈബിൾ അവതരിപ്പിക്കുന്നതു വെറുമൊരു ഗുണപാഠകഥയായിട്ടല്ല, മറിച്ച് ചരിത്രമായിട്ടാണ്. ആ സംഭവങ്ങൾ ഒരിക്കലും നടന്നിട്ടില്ലായിരുന്നെങ്കിൽ ബൈബിളിന്റെ മറ്റു ഭാഗങ്ങൾ നമ്മൾ എങ്ങനെ വിശ്വസിക്കും? നമുക്ക് ഇപ്പോൾ ഏദെൻ തോട്ടത്തെക്കുറിച്ചുള്ള വിവരണം ചിലർ വിശ്വസിക്കാത്തത് എന്തുകൊണ്ടാണ് എന്നും അവരുടെ വാദങ്ങളിൽ കഴമ്പുണ്ടോ എന്നും നോക്കാം. അതിനു ശേഷം ഈ വിവരണത്തിനു നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രസക്തിയുള്ളത് എന്തുകൊണ്ടാണെന്നും നമ്മൾ കാണും.