വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനം 4. സഹജസ്‌നേ​ഹ​ത്തി​ന്റെ കുറവ്‌

പ്രവചനം 4. സഹജസ്‌നേ​ഹ​ത്തി​ന്റെ കുറവ്‌

പ്രവചനം 4. സഹജസ്‌നേ​ഹ​ത്തി​ന്റെ കുറവ്‌

‘മനുഷ്യർ സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും.’​—2 തിമൊ​ഥെ​യൊസ്‌ 3:1-3.

● യു.കെ.-യിൽ ഗാർഹി​ക​പീ​ഡ​ന​ത്തിന്‌ എതിരെ പ്രവർത്തി​ക്കുന്ന ഒരു സംഘട​ന​യി​ലെ അംഗമാണ്‌ ക്രിസ്‌. ക്രിസ്‌ പറയുന്നു: “എനിക്ക്‌ പരിച​യ​മുള്ള ഒരു സ്‌ത്രീ​യെ ഈ അടുത്ത്‌ ഞാൻ കണ്ടു. പൊതി​രെ അടി​കൊണ്ട അവരെ കണ്ടിട്ട്‌ തിരി​ച്ച​റി​യാൻപോ​ലും കഴിഞ്ഞില്ല. . . . നമ്മുടെ മുഖത്തു നോക്കാൻ പോലും പറ്റാത്ത അത്രയ്‌ക്കു മനസ്സു തകർന്ന​വ​രാണ്‌ പല സ്‌ത്രീ​ക​ളും.”

കണക്കുകൾ കാണി​ക്കു​ന്നത്‌: ഒരു ആഫ്രിക്കൻ രാജ്യത്ത്‌ സ്‌ത്രീ​ക​ളിൽ മൂന്നിൽ ഒരാ​ളെ​ങ്കി​ലും അവരുടെ കുട്ടി​ക്കാ​ലത്ത്‌ ലൈം​ഗിക അതി​ക്ര​മ​ത്തിന്‌ ഇരയാ​യി​ട്ടുണ്ട്‌. ആ രാജ്യ​ത്തു​തന്നെ നടന്ന ഒരു കണക്കെ​ടു​പ്പിൽനിന്ന്‌ മനസ്സി​ലാ​യത്‌ ഇതാണ്‌: ഭാര്യയെ തല്ലുന്ന​തിൽ കുഴപ്പ​മില്ല എന്ന അഭി​പ്രാ​യ​ക്കാ​രാണ്‌ പുരു​ഷ​ന്മാ​രിൽ മൂന്നി​ലൊ​ന്നിൽ കൂടുതൽ പേരും. എന്നാൽ സ്‌ത്രീ​കൾ മാത്രമല്ല വീടി​നു​ള്ളി​ലെ അതി​ക്ര​മ​ങ്ങൾക്ക്‌ ഇരകളാ​യി​ത്തീ​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, കാനഡ​യിൽ പത്തു പുരു​ഷ​ന്മാ​രെ എടുത്താൽ അതിൽ മൂന്നു പേർക്കെ​ങ്കി​ലും പങ്കാളി​യിൽനിന്ന്‌ ഉപദ്ര​വ​മോ അധി​ക്ഷേ​പ​മോ ഏൽക്കേ​ണ്ടി​വ​രു​ന്നുണ്ട്‌.

പൊതുവേ പറയാ​റു​ള്ളത്‌: വീട്ടിലെ അതി​ക്ര​മങ്ങൾ ഇപ്പോൾ മാത്രമല്ല മുമ്പും ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. പക്ഷേ ഇപ്പോൾ മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം അത്‌ ശ്രദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ടെന്ന്‌ മാത്രം.

വസ്‌തുത എന്താണ്‌? അടുത്ത കാലത്താ​യി വീടിന്‌ അകത്ത്‌ നടക്കുന്ന അതി​ക്ര​മ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുകൾ കൂടുതൽ ബോധ​വാ​ന്മാ​രാ​യി​ട്ടുണ്ട്‌. എന്നാൽ ഈ അറിവ്‌ പ്രശ്‌നങ്ങൾ കുറച്ചി​ട്ടു​ണ്ടോ? ഇല്ല. ഒരു കുറവും വന്നിട്ടില്ല. ഇന്ന്‌ പൊതു​വേ ആളുകൾക്ക്‌ സഹജസ്‌നേഹം തീരെ ഇല്ല, മനുഷ്യ​ത്വം ഒട്ടുമില്ല.

നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? 2 തിമൊ​ഥെ​യൊസ്‌ 3:1-3-ൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ അല്ലേ നമുക്കു ചുറ്റും നടക്കു​ന്നത്‌? സ്വാഭാ​വി​ക​മാ​യി കുടും​ബാം​ഗ​ങ്ങ​ളോ​ടു തോന്നേണ്ട വാത്സല്യ​വും സ്‌നേ​ഹ​വും ഒക്കെ ഇന്ന്‌ മിക്കവർക്കും ഇല്ല എന്നുള്ളത്‌ ഒരു സത്യമല്ലേ?

അഞ്ചാമത്തെ പ്രവചനം നമ്മൾ താമസി​ക്കുന്ന ഭൂമി​യെ​ക്കു​റി​ച്ചു​ള്ള​താണ്‌. ബൈബിൾ അതെക്കു​റിച്ച്‌ എന്താണ്‌ പറയു​ന്നത്‌?

[ആകർഷകവാക്യം]

“സമൂഹ​ത്തിൽ റിപ്പോർട്ട്‌ ചെയ്യ​പ്പെ​ടാത്ത അതി​ക്രൂ​ര​മായ അതി​ക്ര​മ​ങ്ങ​ളാണ്‌ ഗാർഹിക പീഡനങ്ങൾ. ഒരു ശരാശരി കണക്കു പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരു സ്‌ത്രീ തനിക്കു നേരി​ടുന്ന അതി​ക്രമം പോലീ​സിൽ റിപ്പോർട്ട്‌ ചെയ്യു​ന്ന​തി​നു മുമ്പ്‌ 35-ഓളം പ്രാവ​ശ്യം തന്റെ പങ്കാളി​യിൽനിന്ന്‌ അതി​ക്രമം നേരി​ട്ടുണ്ട്‌.”​—ഗാർഹിക പീഡന​ത്തി​നെ​തി​രെ പ്രവർത്തി​ക്കുന്ന യു.കെ.-യിലെ ഒരു വക്താവ്‌.