പ്രവചനം 6. ലോകമെങ്ങുമായി നടക്കുന്ന പ്രസംഗപ്രവർത്തനം
പ്രവചനം 6. ലോകമെങ്ങുമായി നടക്കുന്ന പ്രസംഗപ്രവർത്തനം
“ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.”—മത്തായി 24:14.
● പസിഫിക് സമുദ്രത്തിലെ റ്റ്യുഎമോട്ടു ദ്വീപസമൂഹങ്ങളിലൊന്നിലാണ് വയറ്റിയോ താമസിക്കുന്നത്. 80 ദ്വീപസമൂഹങ്ങൾ ചേർന്ന് കിടക്കുന്നതാണ് റ്റ്യുഎമോട്ടു. 8,02,900 ചതുരശ്രകിലോമീറ്ററാണ് അതിന്റെ വിസ്തീർണം. അവിടെ വെറും 16,000-ത്തോളം ആളുകളേ താമസിക്കുന്നുള്ളൂ. എന്നാൽ ഈ ഒറ്റപ്പെട്ട ദ്വീപസമൂഹത്തിൽപ്പോലും യഹോവയുടെ സാക്ഷികൾ വന്നിട്ടുണ്ട്. എന്തിനാണ് അവർ ഈ ഒറ്റപ്പെട്ട സ്ഥലത്തുപോലും വന്നത്? ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നതിനുവേണ്ടി. ആളുകൾ എവിടെ താമസിച്ചാലും യഹോവയുടെ സാക്ഷികൾ ഈ സന്ദേശവുമായി അവിടെ എത്തും.
കണക്കുകൾ കാണിക്കുന്നത്: ലോകത്തിന്റെ എല്ലാ കോണിലും ദൈവരാജ്യസന്ദേശം എത്തുന്നു. യഹോവയുടെ സാക്ഷികൾ 2010-ൽ മാത്രം 236 ദേശങ്ങളിലായി 160 കോടിയിലധികം മണിക്കൂറാണ് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി ചെലവഴിച്ചിരിക്കുന്നത്. ഒരു ശരാശരി കണക്കെടുത്താൽ ഓരോ ദിവസവും ഓരോ യഹോവയുടെ സാക്ഷിയും അരമണിക്കൂർ സമയം ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളിൽ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള 2,000 കോടിയിലധികം പ്രസിദ്ധീകരണങ്ങളാണ് അവർ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുള്ളത്.
പൊതുവേ പറയാറുള്ളത്: ബൈബിളിലെ സന്ദേശം ആയിരക്കണക്കിന് വർഷങ്ങളായില്ലേ പ്രസംഗിക്കുന്നു?
വസ്തുത എന്താണ്? ശരിയാണ്. ബൈബിളിലെ സന്ദേശത്തെക്കുറിച്ച് ആയിരക്കണക്കിന് വർഷങ്ങളായി പ്രസംഗിക്കുന്നുണ്ട്. പക്ഷേ അതൊക്കെ ഏതെങ്കിലും ഒരു പ്രദേശത്ത് കുറച്ചു കാലം മാത്രം ചെയ്തിട്ടുള്ളതാണ്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ സംഘടിതമായ വിധത്തിൽ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളോട് ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നു. മനുഷ്യചരിത്രത്തിലെ ക്രൂരതയ്ക്കു പേരുകേട്ട പല സംഘടനകളും അവരെ അടിച്ചമർത്താൻ നോക്കിയിട്ടുണ്ട്. അവർ ഈ എതിർപ്പിനെയെല്ലാം അതിജീവിച്ച് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചിരിക്കുന്നു. * (മർക്കോസ് 13:13) ശമ്പളം വാങ്ങിക്കൊണ്ടല്ല യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനം നടത്തുന്നത്. പ്രസംഗപ്രവർത്തനം നടത്താൻ ആരും അവരെ നിർബന്ധിക്കുന്നുമില്ല. ഇനി അവർ പ്രസിദ്ധീകരണങ്ങൾ സൗജന്യമായും കൊടുക്കുന്നു. ഓരോരുത്തരും സ്വമനസ്സാലെ കൊടുക്കുന്ന സംഭാവനകളാലാണ് ഈ പ്രവർത്തനം മുന്നോട്ടു പോകുന്നത്.
നിങ്ങൾക്ക് എന്ത് തോന്നുന്നു? “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത” ലോകമെങ്ങും പ്രസംഗിക്കപ്പെടുന്നില്ലേ? സന്തോഷമുള്ള കാലമാണ് മുന്നിലുള്ളത് എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്?
[അടിക്കുറിപ്പ്]
^ ഖ. 6 കൂടുതൽ വിവരങ്ങൾക്കായി “പരിശോധനകളിൻമധ്യേ വിശ്വസ്തർ, പർപ്പിൾ ട്രയാങ്കിൾ” (ഇംഗ്ലീഷ്) “യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു” (ഇംഗ്ലീഷ്) യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ ഈ രണ്ടു വിഡീയോ ഡോക്യുമെന്ററികൾ കാണുക.
[ആകർഷകവാക്യം]
“യഹോവ അനുവദിക്കുന്നിടത്തോളം കാലം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ നാം തുടരും. ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാനുള്ള എല്ലാ മാർഗങ്ങളും നമ്മൾ പ്രയോജനപ്പെടുത്തും.”—യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2010.