മുഖ്യലേഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
ഒരു ദിവസം യരുശലേമിൽവെച്ച് തന്റെ പിതാവായ യഹോവയെക്കുറിച്ച് സംസാരിക്കുന്ന സമയത്ത് യേശു അന്നുണ്ടായിരുന്ന മതനേതാക്കന്മാരുടെ തെറ്റുകൾ തുറന്നുകാട്ടി. (യോഹന്നാൻ 8:12-30) ദൈവത്തെക്കുറിച്ച് ഇന്ന് ആളുകൾ പൊതുവെ വിശ്വസിക്കുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാൻ യേശു അന്ന് പറഞ്ഞ കാര്യങ്ങൾ നമ്മളെ സഹായിക്കും. യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”—യോഹന്നാൻ 8:31, 32.
“എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുക.” മതപരമായ പഠിപ്പിക്കലുകൾ “സത്യം“ ആണോ എന്നു പരിശോധിക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് യേശു ഇവിടെ പറഞ്ഞുതരുകയായിരുന്നു. ദൈവത്തെക്കുറിച്ച് ഒരു കാര്യം കേൾക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക: ‘ഇത് യേശുവിന്റെ വാക്കുകളുമായും ബൈബിളിലെ മറ്റ് വാക്യങ്ങളുമായും ചേരുന്നുണ്ടോ?’ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ കേൾക്കുകയും “കേട്ട കാര്യങ്ങൾ അങ്ങനെതന്നെയാണോ എന്ന് ഉറപ്പാക്കാൻ ദിവസവും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും” ചെയ്തവരെപ്പോലെയാകണം നമ്മളും.—പ്രവൃത്തികൾ 17:11.
ഈ പരമ്പരയുടെ ആദ്യ ലേഖനത്തിൽ കണ്ട മാർക്കോയും റോസയും റെയ്മണ്ടും അവരുടെ വിശ്വാസങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിച്ചു. ഇപ്പോൾ അവർക്ക് എന്താണ് തോന്നുന്നത്?
മാർക്കോ: “ഞാനും ഭാര്യയും ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവർ ബൈബിളിൽനിന്ന് ഉത്തരം തന്നു. ഞങ്ങൾ യഹോവയെ സ്നേഹിക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാഹജീവിതവും കൂടുതൽ സന്തോഷം നിറഞ്ഞതായി.”
റോസ: “മനുഷ്യന്റെ ചിന്തകൾവെച്ച് ദൈവം ആരാണെന്ന് വിശദീകരിക്കുന്ന ഒരു പുസ്തകം, അത്രമാത്രം ആയിരുന്നു ബൈബിളിനെക്കുറിച്ച് എനിക്ക് ആദ്യം ഉണ്ടായിരുന്ന ധാരണ. എന്നാൽ പതുക്കെപ്പതുക്കെ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽനിന്ന് എനിക്ക് കിട്ടി. എനിക്ക് ആശ്രയിക്കാൻ കഴിയുന്ന ശരിക്കുമുള്ള ഒരു വ്യക്തിയാണ് യഹോവ എന്ന് എനിക്ക് ഇപ്പോൾ അറിയാം.”
റെയ്മണ്ട്: “ദൈവത്തെ മനസ്സിലാക്കാൻ എന്നെ സഹായിക്കണേ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. അധികം താമസിയാതെ ഞാനും ഭർത്താവും ബൈബിൾ പഠിക്കാൻ തുടങ്ങി. അങ്ങനെ അവസാനം ഞങ്ങൾ യഹോവയെക്കുറിച്ചുള്ള സത്യം കണ്ടെത്തി. ദൈവം ശരിക്കും ആരാണെന്ന് മനസ്സിലായപ്പോൾ ഞങ്ങൾക്ക് സന്തോഷം അടക്കാനായില്ല.”
ദൈവത്തെക്കുറിച്ചുള്ള നുണകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പുസ്തകം മാത്രമല്ല ബൈബിൾ. ദൈവത്തിന്റെ നല്ലനല്ല ഗുണങ്ങളെക്കുറിച്ചുള്ള സത്യവും അതിലുണ്ട്. ബൈബിൾ ദൈവത്തിന്റെ വചനമാണ്. “ദൈവം നമുക്ക് കനിഞ്ഞുതന്നിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ” അതു നമ്മളെ സഹായിക്കും. (1 കൊരിന്ത്യർ 2:12) ദൈവം ആരാണ്? ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? നമ്മുടെ ഭാവി എന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? അതു വായിച്ച് മനസ്സിലാക്കാൻ www.pr418.com എന്ന വെബ്സൈറ്റിലെ “ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്നതിനു കീഴിൽ നോക്കുക. ഇനി, ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആ വെബ്സൈറ്റിൽത്തന്നെ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ, യഹോവയുടെ സാക്ഷികളിൽ ഒരാളോട് നേരിട്ട് ആവശ്യപ്പെടാം. അങ്ങനെ ചെയ്യുന്നെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ദൈവത്തെ സ്നേഹിക്കാൻ നിങ്ങൾ വിചാരിച്ചതിനെക്കാളൊക്കെ എത്ര എളുപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കും.