എന്തിനെക്കുറിച്ച് പ്രാർഥിക്കണം?
ക്രിസ്ത്യാനികൾ ഒരുപാട് ആവർത്തിച്ചു ചൊല്ലുന്ന ഒരു പ്രാർഥനയെക്കുറിച്ച് നമുക്കു നോക്കാം. യേശു പഠിപ്പിച്ച ഈ പ്രാർഥനയെ കർത്താവിന്റെ പ്രാർഥനയെന്നു ചിലർ വിളിക്കാറുണ്ട്. “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പേരിലും ഇത് അറിയപ്പെടുന്നു. യേശുവിന്റെ ഈ മാതൃകാപ്രാർഥനയെ പലയാളുകളും ശരിയായിട്ടല്ല മനസ്സിലാക്കിയിരിക്കുന്നത്. കോടിക്കണക്കിനാളുകൾ ഈ പ്രാർഥനയിലെ വാക്കുകൾ തന്നെയും പിന്നെയും ആവർത്തിച്ചുചൊല്ലുന്നു. ചിലപ്പോൾ ഒരു ദിവസത്തിൽ പലപ്രാവശ്യം. എന്നാൽ ഈ രീതിയിൽ പ്രാർഥിക്കാനാണോ യേശു ഉദ്ദേശിച്ചത്? നമുക്ക് അത് എങ്ങനെ അറിയാം?
ഈ പ്രാർഥന പഠിപ്പിക്കുന്നതിന് തൊട്ടുമുമ്പ് യേശു ഇങ്ങനെ പറഞ്ഞു: ‘പ്രാർഥിക്കുമ്പോൾ, ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്.’ (മത്തായി 6:7) ഇങ്ങനെ പഠിപ്പിച്ച യേശു, ഒരുകൂട്ടം വാക്കുകൾ കാണാതെ പഠിച്ച് വീണ്ടും വീണ്ടും ചൊല്ലാൻ നമ്മളോടു പറയുമോ? ഇല്ല, ഒരിക്കലുമില്ല. പിന്നെ എന്താണ് യേശു ഉദ്ദേശിച്ചത്? പ്രധാനപ്പെട്ട എന്തൊക്കെ കാര്യങ്ങൾ പ്രാർഥനയിൽ പറയണമെന്നാണ് യേശു ഇതിലൂടെ ഉദ്ദേശിച്ചത്? മത്തായി 6:9-13 വരെ പറയുന്ന യേശുവിന്റെ ഈ മാതൃകാപ്രാർഥനയിലെ ഓരോ കാര്യങ്ങളും നമുക്കു നോക്കിയാലോ?
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.”
തന്റെ പിതാവായ യഹോവയെ വിളിച്ചു പ്രാർഥിക്കാനാണ് യേശു തന്റെ അനുഗാമികളോടു പറഞ്ഞത്. ദൈവത്തിന്റെ പേര് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ആ പേര് പരിശുദ്ധമായിരിക്കേണമേ എന്നു പ്രാർഥിക്കാൻ പഠിപ്പിച്ചത് എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് അറിയാമോ?
മനുഷ്യകുടുംബത്തിന്റെ തുടക്കംമുതലേ സാത്താൻ നുണകൾ പറഞ്ഞ് ദൈവത്തിന്റെ പരിശുദ്ധമായ നാമത്തിൻമേൽ കരിവാരിത്തേച്ചിട്ടുണ്ട്. ദൈവത്തിന്റെ ശത്രുവായ അവൻ ദൈവത്തിനെതിരെ പറഞ്ഞ നുണകൾ എന്താണെന്ന് അറിയാമോ? മനുഷ്യമക്കളെ ഭരിക്കാൻ അവകാശമൊന്നുമില്ലാത്ത, സ്വാർഥനും നുണയനും ആയ ഒരു ഭരണാധികാരിയാണ് യഹോവ എന്നാണ് അവൻ പറഞ്ഞുവെച്ചത്. (ഉൽപത്തി 3:1-6) ഒരുപാടു പേർ സാത്താന്റെ കൂടെച്ചേർന്നു. ചിലർ പറയുന്നത് ഒരു സ്നേഹവുമില്ലാത്ത, ക്രൂരനായ, നമുക്ക് നല്ലതൊന്നും തരാത്ത ഒരു ദൈവമാണ് യഹോവ എന്നാണ്. എല്ലാം ഉണ്ടാക്കിയ ഒരു ദൈവം ഇല്ലെന്നുപോലും ചിലർ പറയുന്നു. ഇനി വേറെ ചിലർ ദൈവത്തിന്റെ പേരുതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അതിനുവേണ്ടി അവർ ബൈബിൾപരിഭാഷകളിൽനിന്ന് ദൈവത്തിന്റെ പേരു നീക്കുന്നു. ഇനി, അത് ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്യുന്നു.
ദൈവത്തിനെതിരെ പറഞ്ഞു പരത്തിയിരിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്ന് ദൈവം തെളിയിക്കാൻ പോകുകയാണ്. (യഹസ്കേൽ 39:7) അപ്പോൾ ദൈവം നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും, ആവശ്യങ്ങൾ നടത്തിത്തരും. എങ്ങനെയാണ് അത് ചെയ്യാൻ പോകുന്നത്? അതിനുള്ള ഉത്തരം പ്രാർഥനയുടെ അടുത്ത ഭാഗത്തുണ്ട്.
“അങ്ങയുടെ രാജ്യം വരേണമേ.”
ഇന്നുള്ള പല മതാധ്യാപകർക്കും ദൈവരാജ്യത്തെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ഉള്ളത്. ദൈവത്തിന്റെ പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞതുപോലെ ഒരു മിശിഹാ വരുമെന്ന് യേശുവിനെ ശ്രദ്ധിച്ചവർക്ക് അറിയാമായിരുന്നു. ദൈവം തിരഞ്ഞെടുത്ത ആ രക്ഷകൻ ഒരു രാജ്യം സ്ഥാപിക്കുമെന്നും ആ രാജ്യം ഭൂമിയിൽ മാറ്റങ്ങൾ വരുത്തുമെന്നും അവർ തിരിച്ചറിഞ്ഞിരുന്നു. (യശയ്യ 9:6, 7; ദാനിയേൽ 2:44) ആ രാജ്യം സാത്താൻ പറഞ്ഞ എല്ലാ നുണകളും തുറന്നുകാണിച്ചുകൊണ്ട് ദൈവത്തിന്റെ നാമം പരിശുദ്ധമാക്കും. പിന്നെ സാത്താനെ നീക്കിക്കളയും, അവൻ വരുത്തിക്കൂട്ടിയ എല്ലാ കുഴപ്പങ്ങളും പരിഹരിക്കും. ദൈവത്തിന്റെ രാജ്യം യുദ്ധം, രോഗങ്ങൾ, പട്ടിണി എന്തിന് മരണംപോലും ഇല്ലാതാക്കും. (സങ്കീർത്തനം 46:9; 72:12-16; യശയ്യ 25:8; 33:24) ദൈവത്തിന്റെ രാജ്യം വരേണമേ എന്നു പ്രാർഥിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം നടന്നുകാണാൻ നിങ്ങൾ പ്രാർഥിക്കുകയാണ്.
“അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.”
ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിലെപ്പോലെതന്നെ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിലും നടപ്പിലാകും എന്നാണ് യേശു സൂചിപ്പിച്ചത്. സ്വർഗത്തിൽ ദൈവത്തിന്റെ ഇഷ്ടം തടുക്കാൻ ആർക്കും കഴിയില്ല. ദൈവത്തിന്റെ പുത്രനായ യേശു, സാത്താനോടും അവന്റെ അനുയായികളോടും യുദ്ധം ചെയ്ത് അവരെ തോൽപ്പിച്ച് ഭൂമിയിലേക്ക് വലിച്ചെറിയും. (വെളിപാട് 12:9-12) ഒന്നും രണ്ടും അപേക്ഷകളിലെപ്പോലെതന്നെ ഈ മൂന്നാമത്തെ അപേക്ഷയും, പ്രാർഥിക്കുമ്പോൾ നമ്മൾ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് വ്യക്തമാക്കുന്നു: നമ്മുടെ ഇഷ്ടത്തിനല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്. ദൈവത്തിന്റെ ഇഷ്ടമാണ് എല്ലാ സൃഷ്ടികൾക്കും നന്മ വരുത്തുന്നത്. പൂർണമനുഷ്യനായിരുന്ന യേശുപോലും പിതാവിനോട് ഇങ്ങനെയാണ് പറഞ്ഞത്: “എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”—ലൂക്കോസ് 22:42.
“ഇന്നത്തേക്കുള്ള ആഹാരം ഞങ്ങൾക്ക് ഇന്നു തരേണമേ.”
നമ്മുടെ കാര്യങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാമെന്നാണ് അടുത്തതായി യേശു പറഞ്ഞത്. നമ്മുടെ ഓരോ ദിവസത്തെയും കാര്യങ്ങൾ നടന്നുപോകുന്നതിനുവേണ്ടി പ്രാർഥിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങനെ നമ്മൾ പ്രാർഥിക്കുമ്പോൾ യഹോവയാണ് “എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്” എന്ന് നമ്മൾ അംഗീകരിക്കുകയാണ്. (പ്രവൃത്തികൾ 17:25) മക്കൾക്കു നല്ലതുമാത്രം കൊടുക്കുന്ന സ്നേഹവാനായ ഒരു പിതാവിനെപ്പോലെയാണ് യഹോവ. അവർക്കു ദോഷംചെയ്യുന്ന ഒരു അപേക്ഷയും ദൈവം സ്വീകരിക്കില്ല.
“ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ.”
നിങ്ങൾക്ക് ദൈവത്തോട് എന്തെങ്കിലും കടമുണ്ടോ? നിങ്ങൾക്ക് ദൈവത്തിന്റെ ക്ഷമ ആവശ്യമാണോ? പാപം എന്താണെന്നോ അതിന്റെ ഗൗരവം എന്താണെന്നോ പലർക്കും അറിയില്ല. എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് ഇന്നുള്ള എല്ലാ പ്രശ്നങ്ങൾക്കും അടിസ്ഥാനകാരണം പാപമാണ് എന്നാണ്. മനുഷ്യർ മരിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. പാപികളായി ജനിക്കുന്ന നമ്മൾ പലപ്പോഴും തെറ്റുകൾ ചെയ്യുന്നു. പാപത്തിന്റെ കടക്കെണിയിലായ നമ്മുടെ ഭാവി ദൈവത്തിന്റെ കൈകളിലാണ്. അതുകൊണ്ട് ദൈവത്തിന്റെ ക്ഷമ നമുക്കു കൂടിയേ തീരൂ. (റോമർ 3:23; 5:12; 6:23) “യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.” ബൈബിളിലെ ഈ വാക്കുകൾ നമ്മളെ ശരിക്കും ആശ്വസിപ്പിക്കുന്നില്ലേ.—സങ്കീർത്തനം 86:5.
“ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.”
ദൈവത്തിന്റെ സംരക്ഷണം നിങ്ങൾക്ക് എത്ര ആവശ്യമാണെന്ന് മനസ്സിലാകുന്നുണ്ടോ? ‘ദുഷ്ടൻ’ അഥവാ സാത്താൻ ഉണ്ടെന്നുള്ള കാര്യംപോലും പലരും വിശ്വസിക്കുന്നില്ല. എന്നാൽ സാത്താൻ ശരിക്കും ഉള്ള വ്യക്തിയാണെന്ന് യേശു പഠിപ്പിച്ചു. “ഈ ലോകത്തിന്റെ ഭരണാധികാരി” എന്നുപോലും സാത്താനെ വിളിച്ചു. (യോഹന്നാൻ 12:31; 16:11) ഈ ലോകം നിയന്ത്രിക്കുന്നത് സാത്താനാണ്. അവന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്തിലാകെ മോശമായ കാര്യങ്ങളാണ് നടക്കുന്നത്. അവൻ നിങ്ങളെയും വീഴിക്കാൻ നോക്കും. പ്രത്യേകിച്ച് യഹോവയുമായുള്ള നിങ്ങളുടെ ബന്ധം തകർക്കാൻ. (1 പത്രോസ് 5:8) പക്ഷേ സാത്താനെക്കാൾ വളരെ ശക്തനാണ് യഹോവ. തന്നെ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ യഹോവ നോക്കിയിരിക്കുകയാണ്, ഒരു സംശയവും വേണ്ട.
നമ്മൾ പ്രാർഥിക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഈ പ്രാർഥനയിൽ പറയുന്നുണ്ടോ? ഇല്ല. 1 യോഹന്നാൻ 5:14-ൽ ദൈവത്തെക്കുറിച്ചു പറയുന്നു: “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും” എന്ന്. അതുകൊണ്ട് നമ്മുടെ പ്രശ്നങ്ങൾ അത് എത്ര നിസ്സാരമാണെങ്കിലും ദൈവത്തോടു പറയാൻ മടിക്കേണ്ട.—1 പത്രോസ് 5:7.
പ്രാർഥിക്കുന്നതിന് ഏതെങ്കിലും പ്രത്യേക സമയമോ സ്ഥലമോ നോക്കണോ? ഇക്കാര്യത്തിൽ എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ?