ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ?
ഈ ചോദ്യത്തിന്റെ ഉത്തരം അറിയാൻ നമുക്ക് ശരിക്കും ആഗ്രഹം ഉണ്ടായിരിക്കും. ബൈബിൾ വ്യക്തമാക്കുന്നത് യഹോവ ഇന്നും നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ട് എന്നാണ്. എന്നാൽ ഒരു കാര്യം: ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുമോ ഇല്ലയോ എന്നത് നമ്മുടെ പ്രവൃത്തികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
കാപട്യത്തോടെ പ്രാർഥിച്ച തന്റെ കാലത്തെ മതനേതാക്കന്മാരെ യേശു കുറ്റം വിധിച്ചു. അവർ വെറും ഭക്തിയുടെ വേഷംകെട്ടുക മാത്രമാണ് ചെയ്തത്. “അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു” എന്ന് യേശു പറഞ്ഞു. അവർക്ക് ശരിക്കും ആളുകളുടെ ശ്രദ്ധയാണ് വേണ്ടിയിരുന്നത്, അത് അവർക്ക് കിട്ടി. പക്ഷേ അവരുടെ പ്രാർഥന ദൈവം കേട്ടിട്ടുണ്ടാകില്ല. (മത്തായി 6:5) അതുപോലെ ഇന്നും ധാരാളം പേർ ദൈവത്തിന്റെ ഇഷ്ടത്തിനല്ല, സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് പ്രാർഥിക്കുന്നത്. നമ്മൾ മനസ്സിലാക്കിയ നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രാർഥിച്ചില്ലെങ്കിൽ അത് ദൈവം കേൾക്കില്ല.
നിങ്ങളുടെ കാര്യമോ? ദൈവം നിങ്ങളുടെ പ്രാർഥനകൾ കേൾക്കുമോ? അതിന് ഉത്തരം തരുമോ? നിങ്ങളുടെ വംശം, രാജ്യം, സമൂഹത്തിലെ നില ഇതിന്റെയൊക്കെ അടിസ്ഥാനത്തിലല്ല ദൈവം പ്രാർഥനകൾക്ക് ഉത്തരം തരുന്നത്. ബൈബിൾ ഇങ്ങനെയാണ് പറയുന്നത്: ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’ (പ്രവൃത്തികൾ 10:34, 35) ഈ പറഞ്ഞ കാര്യം നിങ്ങൾക്കു ബാധകമാണോ? ദൈവഭയമുണ്ടെങ്കിൽ നിങ്ങൾ ദൈവത്തെ അങ്ങേയറ്റം ആദരിക്കും, ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുകയുമില്ല. നിങ്ങളുടെ ഇഷ്ടത്തെക്കാളും മറ്റുള്ളവരുടെ ഇഷ്ടത്തെക്കാളും അധികമായി ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നെങ്കിൽ നിങ്ങൾ ശരിയായ കാര്യമാണ് ചെയ്യുന്നത്. ശരിക്കും നിങ്ങളുടെ പ്രാർഥനകൾ ദൈവം കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനുള്ള വഴി ബൈബിൾ പറയുന്നുണ്ട്.
പ്രാർഥനകൾക്ക് ദൈവം അത്ഭുതകരമായി മറുപടി തരാനാണ് പലരും ആഗ്രഹിക്കുന്നത്. ബൈബിൾക്കാലങ്ങളിൽപോലും ദൈവം വളരെ ചുരുക്കമായാണ് അത്ഭുതങ്ങൾ ചെയ്തിരുന്നത്. ചിലപ്പോൾ ഒരു അത്ഭുതം നടന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് മറ്റു ചില അത്ഭുതങ്ങൾ നടന്നത്. അപ്പോസ്തലന്മാരുടെ കാലത്തിനു ശേഷം അത്ഭുതങ്ങൾ നിന്നു എന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:8-10) അതിനർഥം ദൈവം ഇന്ന് പ്രാർഥനകൾക്ക് ഉത്തരം തരുന്നില്ല എന്നാണോ? അല്ലേ അല്ല. ദൈവം ഉത്തരം തരുന്ന ചില പ്രാർഥനകൾ നമുക്ക് നോക്കാം.
ദൈവം ജ്ഞാനം തരുന്നു. യഹോവയിൽനിന്നാണ് ശരിയായ ജ്ഞാനം വരുന്നത്. ദൈവത്തിന്റെ മാർഗനിർദേശം അറിയാൻ ആഗ്രഹിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ദൈവം ധാരാളമായി തന്റെ ജ്ഞാനം കൊടുക്കുന്നു, അത് സൗജന്യമായി കൊടുക്കുന്നു.—യാക്കോബ് 1:5.
ദൈവം തന്റെ പരിശുദ്ധാത്മാവിനെ തരുന്നു. ദൈവം കാര്യങ്ങൾ ചെയ്യാൻവേണ്ടി ഉപയോഗിക്കുന്ന ശക്തിയാണ് പരിശുദ്ധാത്മാവ്. അതിലും വലിയ ശക്തി വേറെയില്ല. പ്രയാസങ്ങൾ സഹിച്ചുനിൽക്കാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കും, പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് നമുക്ക് സമാധാനം തരും. കൂടാതെ, മനോഹരമായ ഗുണങ്ങൾ വളർത്തിയെടുക്കാനും പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു. (ഗലാത്യർ 5:22, 23) ചോദിക്കുന്നവർക്ക്, ദൈവം ഈ സമ്മാനം ധാരാളമായി കൊടുക്കുമെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് ഉറപ്പ് കൊടുത്തു.—ലൂക്കോസ് 11:13.
തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് ദൈവം ശരിയായ അറിവ് പകർന്നു കൊടുക്കുന്നു. (പ്രവൃത്തികൾ 17:26, 27) ലോകമെങ്ങും ധാരാളം പേർ സത്യം അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. അവർക്കെല്ലാം പല ചോദ്യങ്ങളുണ്ട്. ദൈവം ആരാണ്? ദൈവത്തിന്റെ പേര് എന്താണ്? ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഉള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? ദൈവത്തോട് എങ്ങനെ അടുത്ത് ചെല്ലാൻ പറ്റും? (യാക്കോബ് 4:8) ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ആളുകളെ കാണാനും ബൈബിളിൽനിന്ന് അവയ്ക്കുള്ള ഉത്തരം കാണിച്ചുകൊടുക്കാനും യഹോവയുടെ സാക്ഷികൾക്ക് സന്തോഷമാണ്.
ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം അറിയാനാണോ നിങ്ങൾ ഈ മാസിക വായിച്ചത്? നിങ്ങൾ ദൈവത്തെ അന്വേഷിക്കുകയാണോ? ഒരുപക്ഷേ ഇതായിരിക്കും നിങ്ങളുടെ പ്രാർഥനകളുടെ ഉത്തരം.