മുഖ്യലേഖനം | ബൈബിൾ—പിന്നിട്ട വഴികളിലൂടെ
ആശയങ്ങൾക്ക് മാറ്റം വരുത്താനുള്ള ശ്രമങ്ങളെ അതിജീവിക്കുന്നു
പ്രശ്നം: കീടങ്ങളുടെ ആക്രമണവും ശത്രുക്കളുടെ എതിർപ്പും ആയിരുന്നു പുറമേനിന്ന് ബൈബിൾ നേരിട്ട രണ്ടു ഭീഷണികൾ. അതുകൊണ്ടൊന്നും ബൈബിളിനെ നശിപ്പിക്കാൻ കഴിഞ്ഞില്ല. ഇനി ചില പകർപ്പെഴുത്തുകാരും പരിഭാഷകരും ബൈബിളിലെ സന്ദേശത്തിനു ചില മാറ്റങ്ങൾ വരുത്താൻ നോക്കി. അവരുടെ സിദ്ധാന്തങ്ങൾ ബൈബിളിൽ തിരുകിക്കയറ്റാനാണ് ശ്രമിച്ചത്, അല്ലാതെ ബൈബിൾപഠിപ്പിക്കലുകൾ അനുസരിച്ച് അവരുടെ സിദ്ധാന്തങ്ങളിൽ മാറ്റം വരുത്തുകയല്ല ചെയ്തത്. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.
ആരാധനയ്ക്ക് കൂടിവരാനുള്ള സ്ഥലം: ബി. സി. രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലുള്ള സമയത്ത് ശമര്യ പഞ്ചഗ്രന്ഥി എഴുത്തുകാർ പുറപ്പാട് 20:17-നു ശേഷം “ഗരീസിം പർവതത്തിൽ ഒരു യാഗപീഠം പണിയുക” എന്ന വാക്കുകൾ അവർ ഉൾപ്പെടുത്തി. ഇതുവഴി “ഗരീസിം” പർവതത്തിൽ അവർ പണിയുന്ന ആലയത്തിന്റെ നിർമാണത്തെ ബൈബിൾ പിന്തുണയ്ക്കുന്നുണ്ടെന്നു കാണിക്കാമെന്ന് അവർ കരുതി. ശമര്യക്കാർ അംഗീകരിച്ച ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണ് ഇവ.
ത്രിത്വം എന്ന പഠിപ്പിക്കൽ: ബൈബിൾ പൂർത്തിയായി 300 വർഷം കഴിഞ്ഞില്ല അതിനു മുമ്പ് ത്രിത്വവാദിയായ ഒരു എഴുത്തുകാരൻ 1 യോഹന്നാൻ 5:7 നോട് ‘സ്വർഗത്തിൽ പിതാവ്, വചനം, പരിശുദ്ധാത്മാവ് അവർ മൂന്നു പേരും ഒന്നാണ്’ എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രസ്താവന ബൈബിളിന്റെ ആദ്യകാലഎഴുത്തുകളിൽ കാണുന്നില്ല. ഈ വാക്കുകൾ “ആറാം നൂറ്റാണ്ടു മുതലാണ് (ലത്തീൻ) വൾഗേറ്റിന്റെയും പഴയ ലത്തീൻ പരിഭാഷകളുടെയും കൈയെഴുത്തുപ്രതികളിൽ കൂടെക്കൂടെ കണ്ടു തുടങ്ങിയത്” എന്ന് ബ്രൂസ് മെറ്റ്സഗർ എന്ന ബൈബിൾ പണ്ഡിതൻ പറയുന്നു.
ദൈവത്തിന്റെ പേര്: ജൂതന്മാരുടെ ഒരു അന്ധവിശ്വാസം അടിസ്ഥാനമാക്കി മിക്ക ബൈബിൾ പരിഭാഷകരും തിരുവെഴുത്തുകളിൽനിന്ന് ദൈവത്തിന്റെ പേര് ഒഴിവാക്കാൻ തീരുമാനിച്ചു. എന്നിട്ട് ആ പേര് വരുന്ന സ്ഥലങ്ങളിലെല്ലാം “ദൈവം” “കർത്താവ്” എന്നതുപോലുള്ള സ്ഥാനപ്പേരുകൾ ചേർത്തു. എന്നാൽ ബൈബിളിൽ സ്രഷ്ടാവിനെ കുറിക്കാൻ മാത്രമല്ല ഈ സ്ഥാനപ്പേരുകൾ ഉപയോഗിച്ചിട്ടുള്ളത്. പലസ്ഥലങ്ങളിലും മനുഷ്യരെയും വ്യാജാരാധനയ്ക്കുവേണ്ടിയുള്ള വസ്തുക്കളെയും എന്തിന് പിശാചിനെപ്പോലും സൂചിപ്പിക്കാൻ ഇവ ഉപയോഗിച്ചിട്ടുണ്ട്.—യോഹന്നാൻ 10:34, 35; 1 കൊരിന്ത്യർ 8:5, 6; 2 കൊരിന്ത്യർ 4:4. *
ബൈബിളിന്റെ അതിജീവനം: ഒന്ന്, ചില ബൈബിൾ പകർപ്പെഴുത്തുകാർ അവരുടെ ജോലി അശ്രദ്ധമായാണ് ചെയ്തത്. ഇനി ചിലർ അതിൽ സ്വന്തം ആശയം തിരുകിക്കയറ്റാൻപോലും ശ്രമിച്ചു. എന്നാൽ മിക്കവരും വൈദഗ്ധ്യം ഉള്ളവരും അതിസൂക്ഷ്മമായി കാര്യങ്ങൾ പകർത്തിയെഴുതുന്നവരും ആയിരുന്നു. മാസൊരിറ്റുകൾ എ.ഡി. ആറാം നൂറ്റാണ്ടിനും എ.ഡി. പത്താം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത്, എബ്രായതിരുവെഴുത്തുകൾ പകർത്തിയെഴുതി ഉണ്ടാക്കിയ ബൈബിൾപാഠങ്ങളെയാണ് മാസൊരിറ്റിക് പാഠം എന്നു വിളിക്കുന്നത്. തങ്ങളുടെ എഴുത്തുകളിൽ ഒരു തെറ്റും കടന്നുകൂടാതിരിക്കാൻ അവർ വാക്കുകളും അക്ഷരങ്ങളും എണ്ണിനോക്കി. ഇനി മൂലപാഠവുമായി എന്തെങ്കിലും വ്യത്യാസം കണ്ടാൽ അവർ അവ മാർജിനിൽ എഴുതിവെക്കുമായിരുന്നു. മാസൊരിറ്റുകൾ അവരുടെ പകർപ്പുകളിൽ മൂലപാഠത്തോടു പറ്റിനിന്നു. അതിൽ ഒരു മാറ്റവും വരുത്തിയില്ല. “മനഃപൂർവം മാറ്റങ്ങൾ വരുത്തുന്നത് ഏറ്റവും വലിയ പാപമായിട്ടാണ് അവർ കണ്ടിരുന്നത്” എന്നാണ് പ്രൊഫസ്സർ മോഷെ ഗോശെൻ ഗോസ്ററൻ പറയുന്നത്.
രണ്ട്, ഒരുപാട് കൈയെഴുത്തുപ്രതികൾ ഇപ്പോൾ ലഭ്യമായതുകൊണ്ട് ബൈബിളെഴുത്തുകാർക്ക് തെറ്റുകൾ കണ്ടുപിടിക്കുക വളരെ എളുപ്പമാണ്. ഉദാഹരണത്തിന്, നൂറ്റാണ്ടുകളായി പല മതനേതാക്കളും പറയുന്നത്, തങ്ങളുടെ ലത്തീൻ പരിഭാഷയിലാണ് ബൈബിളിലെ കാര്യങ്ങൾ ചോർന്നുപോകാതെ കൊടുത്തിട്ടുള്ളത് എന്നാണ്. ഈ ലേഖനത്തിൽ നമ്മൾ കണ്ടതുപോലെ 1 യോഹന്നാൻ 5:7-ൽ ഒറ്റനോട്ടത്തിൽ ശരിയാണെന്നു തോന്നുന്ന ആ വാക്കുകൾ കൂട്ടിച്ചേർത്തവയാണ്. ജനങ്ങൾക്കിടയിൽ പ്രചാരം നേടിയ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ പോലും ഈ തെറ്റ് കടന്നുകൂടിയിട്ടുണ്ട്! മറ്റ് കൈയെഴുത്തുപ്രതികൾ കണ്ടെടുത്തപ്പോൾ എന്തൊക്കെ മനസ്സിലാക്കാൻ സാധിച്ചു? ബൈബിൾ പണ്ഡിതനായ ബ്രൂസ് മെറ്റ്സ്ഗർ 1 യോഹന്നാൻ 5:7-ലെ വാക്കുകളെക്കുറിച്ച് ഇങ്ങനെയാണ് എഴുതിയത്: “ഈ ഭാഗങ്ങൾ ലത്തീൻ പരിഭാഷ ഒഴിച്ച് മറ്റു പുരാതന കൈയെഴുത്തുപ്രതികളായ (സുറിയാനി, കോപ്ടിക്, അർമേനിയൻ, അറബി, എത്യോപിക്, സ്ലെവോനിക്) എന്നിവയിൽ ഒന്നും കാണുന്നില്ല.” ഇതിന്റെ ഫലമായി ജയിംസ് രാജാവിന്റെ ഭാഷാന്തരം പരിഷ്കരിച്ച പതിപ്പിലും മറ്റു ബൈബിളുകളുടെ പരിഷ്കരിച്ച പതിപ്പിലും ഈ തെറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്.
ബൈബിളിലെ സന്ദേശത്തിനു മാറ്റം വന്നിട്ടില്ലെന്ന് പുരാതനകൈയെഴുത്തുപ്രതികൾ തെളിയിക്കുന്നുണ്ടോ? 1947-ൽ ചാവുകടൽ ചുരുളുകൾ കണ്ടെടുത്തു. അങ്ങനെ ബൈബിൾ പണ്ഡിതന്മാർക്ക് അവരുടെ കൈവശം ഉണ്ടായിരുന്ന എബ്രായ മാസൊരിറ്റിക് പാഠത്തിനെക്കാൾ 1000-ത്തിലധികം വർഷം പഴക്കമുണ്ടായിരുന്ന ചാവുകടൽ ചുരുളുമായി അവ താരതമ്യം ചെയ്തുനോക്കാൻ കഴിഞ്ഞു. ആയിരത്തിലധികം വർഷം പഴക്കമുള്ള ചാവുകടൽ ചുരുളുകൾ നോക്കിയപ്പോൾ “ജൂതപകർപ്പെഴുത്തുകാർ എത്ര ശ്രദ്ധയോടെയും വിശ്വസ്തതയോടെയും ആണ് ബൈബിളിന്റെ മൂലപാഠം കൃത്യമായി പകർത്തിയത്” എന്ന് മനസ്സിലാക്കാനായി എന്ന് ചാവുകടൽ ചുരുളുകൾ പരിശോധിച്ച സംഘത്തിലെ ഒരു വ്യക്തി അഭിപ്രായപ്പെട്ടു.
അയർലൻഡിലെ ഡബ്ലിനിലുള്ള ചെസ്റ്റർ ബീറ്റി ലൈബ്രറിയിൽ പപ്പൈറസുകളുടെ ഒരു ശേഖരംതന്നെയുണ്ട്. ക്രിസ്തീയഗ്രീക്കുതിരുവെഴുത്തുകളുടെ മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും ഭാഗങ്ങൾ അതിൽ ഉണ്ട്. അതിൽ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ എഴുതിയ കൈയെഴുത്തുപ്രതികളും കാണാം. അതായത്, ബൈബിൾ എഴുതി പൂർത്തിയായി 100 വർഷങ്ങൾക്കു ശേഷമുള്ളത്. ഈ “പപ്പൈറസുകൾ ബൈബിളിന്റെ മൂലപാഠത്തെക്കുറിച്ച് ധാരാളം പുതിയ വിവരങ്ങൾ നൽകുന്നു.” കൂടാതെ, “കാലാകാലങ്ങളിൽ ബൈബിൾ പകർത്തിയെഴുതിയപ്പോൾ ബൈബിളിന്റെ മൂലപാഠത്തോട് അത് വളരെയധികം പറ്റിനിന്നു” എന്ന് ഒരു ബൈബിൾ നിഘണ്ടു പറയുന്നു.
“മറ്റ് ഒരു പുരാതനഗ്രന്ഥവും ഇത്ര കൃത്യമായി പകർത്തിയെഴുതപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം”
പ്രയോജനം: വളരെ പഴക്കംചെന്ന ധാരാളം ബൈബിൾ കൈയെഴുത്തുപ്രതികൾ ലഭ്യമാണെന്ന വസ്തുത സൂചിപ്പിക്കുന്നത്, ബൈബിളിന്റെ പരിഭാഷ മൂലപാഠത്തോട് ചേർന്നു നിൽക്കുന്നു എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളെക്കുറിച്ച് സർ ഫ്രെഡറിക് കെന്യൺ പറയുന്നത് ഇങ്ങനെയാണ്: “മറ്റ് ഏതൊരു പുസ്തകവും ബൈബിളിന്റെ അത്ര കൃത്യമായി പകർത്തിയെഴുതിയിട്ടില്ല, ഇത്രയധികം അംഗീകാരം കിട്ടിയിട്ടും ഇല്ല. നമ്മുടെ കൈവശം എത്തിയിരിക്കുന്ന ബൈബിളിൽ അടിസ്ഥാനപരമായി കലർപ്പൊന്നും സംഭവിച്ചിട്ടില്ല എന്നത് മുൻവിധിയില്ലാത്ത ഏതൊരു പണ്ഡിതനും നിഷേധിക്കാനാകാത്ത ഒരു കാര്യമാണ്.” പണ്ഡിതനായ വില്യം ഹെൻറി ഗ്രീൻ, എബ്രായ തിരുവെഴുത്തുകളെക്കുറിച്ച് പറയുന്നു: “മറ്റ് ഒരു പുരാതനഗ്രന്ഥവും ഇത്ര കൃത്യമായി പകർത്തിയെഴുതപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം.”
^ ഖ. 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ അനുബന്ധം എ4, എ5 എന്നിവ കാണുക. ഇവ www.pr418.com-ൽ ലഭ്യമാണ്.