എല്ലാ “ക്രിസ്ത്യാനികളും” ക്രിസ്ത്യാനികളാണോ?
എല്ലാ “ക്രിസ്ത്യാനികളും” ക്രിസ്ത്യാനികളാണോ?
ലോകമാകെ എത്ര ക്രിസ്ത്യാനികളുണ്ട്? ക്രൈസ്തവസമൂഹത്തിന്റെ ഒരു ആഗോളരേഖ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് 2010-ൽ 230 കോടിയോളം ക്രിസ്ത്യാനികളുണ്ടായിരുന്നു. ഈ ക്രിസ്ത്യാനികൾ 41,000-ത്തിലേറെ വിഭാഗങ്ങളായിട്ടാണ് നിൽക്കുന്നതെന്നും അതേ പ്രസിദ്ധീകരണം പറയുന്നു. ഓരോ വിഭാഗത്തിനും അവരുടേതായ വിശ്വാസപ്രമാണങ്ങളും ചട്ടങ്ങളും ഉണ്ട്. “ക്രിസ്തീയ” മതത്തിൽത്തന്നെ ഇത്രയേറെ വിഭാഗങ്ങൾ കാണുമ്പോൾ ആളുകൾക്ക് ഒരു അങ്കലാപ്പും നിരാശയും തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല. ‘ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാവരും ശരിക്കും ക്രിസ്ത്യാനികളാണോ’ എന്ന് അവർ ചിന്തിച്ചുപോയേക്കാം.
ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കുക. ഒരാൾ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നെന്നിരിക്കട്ടെ. അധികാരികൾ ചോദിക്കുമ്പോൾ താൻ ഇന്ന രാജ്യക്കാരനാണെന്ന് അയാൾ പറഞ്ഞാൽ മാത്രം പോരാ. അതു തെളിയിക്കുന്ന പാസ്പോർട്ട് പോലുള്ള എന്തെങ്കിലും രേഖ അയാൾ കാണിക്കേണ്ടതുണ്ട്. അതുപോലെ ഒരാൾ ശരിക്കുമുള്ള ക്രിസ്ത്യാനിയാണെങ്കിൽ അയാൾ ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ മാത്രം പോരാ, അതിനുള്ള തെളിവുകൾ കാണിക്കേണ്ടതുണ്ട്. എന്താണ് ശരിക്കുമുള്ള ഒരു ക്രിസ്ത്യാനിയെ തിരിച്ചറിയിക്കുന്ന തെളിവുകൾ?
എ.ഡി. 44-നു ശേഷമാണ് “ക്രിസ്ത്യാനികൾ” എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്. ബൈബിൾ ചരിത്രകാരനായ ലൂക്കോസ് ഇങ്ങനെ എഴുതി: “അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.” (പ്രവൃത്തികൾ 11:26) ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചോ? ക്രിസ്തുവിന്റെ ശിഷ്യന്മാരെയാണ് ക്രിസ്ത്യാനികൾ എന്നു വിളിച്ചത്. ആരാണ് യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ? പുതിയനിയമ ദൈവശാസ്ത്രത്തിന്റെ പുതിയ അന്തർദേശീയ നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിക്കുന്നു: “യേശുവിന്റെ ഒരു ശിഷ്യൻ ഒരു നിബന്ധനയും വെക്കാതെ തന്നെത്തന്നെ മുഴുവനായി വിട്ടുകൊടുക്കും. . . . ജീവിതകാലം മുഴുവനും അങ്ങനെ ചെയ്യും.” അതുകൊണ്ട് ശരിക്കുമുള്ള ഒരു ക്രിസ്ത്യാനി ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുവിന്റെ ഉപദേശങ്ങൾ ഒന്നും വിടാതെ അതേപടി പാലിക്കും, എന്തുവന്നാലും യേശുവിനെ അനുസരിക്കും.
ഇന്ന് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെല്ലാം അങ്ങനെയുള്ളവരാണോ? യേശുവിന്റെ ശരിക്കുമുള്ള അനുഗാമികളെ എങ്ങനെ തിരിച്ചറിയാം? യേശുതന്നെ അതിനെക്കുറിച്ച് എന്താണ് പറഞ്ഞത്? ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം എന്താണെന്ന് പരിശോധിച്ചുനോക്കുന്നോ? തന്റെ ശരിക്കുമുള്ള അനുഗാമികളുടെ സവിശേഷതയായി യേശു എടുത്തുപറഞ്ഞ അഞ്ചു കാര്യങ്ങളാണ് ഇനി വരുന്ന ലേഖനങ്ങളിൽ. എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഈ സവിശേഷതകൾ കാണിച്ചത്? ഇന്ന് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരിൽ ആരാണ് ഈ സവിശേഷതകൾ കാണിക്കുന്നത്? നമുക്കു നോക്കാം.