വിവരങ്ങള്‍ കാണിക്കുക

യേശു​വി​ന്റെ നാമത്തിൽ നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യേശു​വി​ന്റെ നാമത്തിൽ നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യേശു പ്രാർഥ​ന​യെ​ക്കു​റിച്ച്‌ പലതും നമുക്ക്‌ പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. യേശു​വി​ന്റെ കാലത്തെ ജൂതമ​ത​നേ​താ​ക്ക​ന്മാർ ‘പ്രധാ​ന​തെ​രു​വു​ക​ളു​ടെ മൂലക​ളിൽനിന്ന്‌’ പ്രാർഥി​ക്കു​മാ​യി​രു​ന്നു. എന്തിന്‌? അവർ വലിയ ഭക്തരാ​ണെന്ന്‌ “ആളുകളെ കാണി​ക്കാൻവേണ്ടി.” അവരിൽ പലരും ഒരേ കാര്യങ്ങൾ പിന്നെ​യും​പി​ന്നെ​യും ഉരുവി​ട്ടു​കൊണ്ട്‌ നീണ്ട പ്രാർഥ​നകൾ നടത്തു​മാ​യി​രു​ന്നു. “വാക്കു​ക​ളു​ടെ എണ്ണം കൂടി​യാൽ” ദൈവം കേൾക്കു​മെ​ന്നാ​യി​രു​ന്നു അവരുടെ വിചാരം. (മത്തായി 6:5-8) പക്ഷേ അതു​കൊ​ണ്ടൊ​ന്നും ഒരു പ്രയോ​ജ​ന​വു​മി​ല്ലെന്ന്‌ യേശു പറഞ്ഞു. അങ്ങനെ, പ്രാർഥി​ക്കു​മ്പോൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ നല്ലവരായ ആളുകളെ യേശു സഹായി​ച്ചു. എന്നാൽ, എങ്ങനെ പ്രാർഥി​ക്ക​രു​തെന്ന്‌ മാത്രമല്ല എങ്ങനെ പ്രാർഥി​ക്ക​ണ​മെ​ന്നും യേശു പറഞ്ഞു​തന്നു.

ദൈവത്തിന്റെ പേര്‌ പരിശു​ദ്ധ​മാ​കാ​നും ദൈവ​ത്തി​ന്റെ രാജ്യം വരാനും ദൈവ​ത്തി​ന്റെ ഇഷ്ടം നടന്നു​കാ​ണാ​നും ഉള്ള നമ്മുടെ ആഗ്രഹം പ്രാർഥ​ന​ക​ളിൽ തെളി​ഞ്ഞു​നിൽക്ക​ണ​മെന്ന്‌ യേശു പഠിപ്പി​ച്ചു. നമ്മുടെ സ്വന്തം ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും ദൈവ​ത്തോട്‌ പ്രാർഥി​ക്കാ​മെന്ന്‌ യേശു പറഞ്ഞു. (മത്തായി 6:9-13; ലൂക്കോസ്‌ 11:2-4) അതു​പോ​ലെ, ദൈവം നമ്മുടെ പ്രാർഥന കേൾക്ക​ണ​മെ​ങ്കിൽ നമ്മൾ വിശ്വാ​സ​വും താഴ്‌മ​യും കാണി​ക്ക​ണ​മെ​ന്നും മടുത്തു​പി​ന്മാ​റാ​തെ ചോദി​ച്ചു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നും ദൃഷ്ടാ​ന്ത​ക​ഥ​ക​ളി​ലൂ​ടെ യേശു പഠിപ്പി​ച്ചു​തന്നു. (ലൂക്കോസ്‌ 11:5-13; 18:1-14) ഇതി​നെ​ല്ലാം പുറമേ, പ്രാർഥ​ന​യെ​ക്കു​റിച്ച്‌ പഠിപ്പിച്ച കാര്യങ്ങൾ യേശു സ്വന്തം ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി കാണി​ച്ചു​തന്നു.—മത്തായി 14:23; മർക്കോസ്‌ 1:35.

പ്രാർഥനകൾ മെച്ച​പ്പെ​ടു​ത്താൻ യേശു കൊടുത്ത നിർദേ​ശങ്ങൾ ശിഷ്യരെ സഹായി​ച്ചെന്ന്‌ ഉറപ്പാണ്‌. എങ്കിലും പ്രാർഥ​ന​യെ​ക്കു​റി​ച്ചുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട നിർദേശം യേശു അപ്പോ​ഴും കൊടു​ത്തി​രു​ന്നില്ല. മരണത്തി​ന്റെ തലേ രാത്രി​യാണ്‌ യേശു അത്‌ അവരോട്‌ പറഞ്ഞത്‌.

“പ്രാർഥ​ന​യു​ടെ ചരി​ത്ര​ത്തി​ലെ വഴിത്തി​രിവ്‌”

മരണത്തിന്റെ തലേ രാത്രി വൈകു​വോ​ളം യേശു വിശ്വ​സ്‌ത​രായ തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പ​മി​രുന്ന്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഒരു പുതിയ കാര്യം വെളി​പ്പെ​ടു​ത്താൻ പറ്റിയ സമയമാ​യി​രു​ന്നു അത്‌. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും. എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.” അതിനു ശേഷം ഇങ്ങനെ വാക്കു​കൊ​ടു​ത്തു​കൊണ്ട്‌ യേശു അവരെ ആശ്വസി​പ്പി​ച്ചു: “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തു​ത​രും. അങ്ങനെ പുത്രൻ മുഖാ​ന്തരം പിതാവ്‌ മഹത്ത്വ​പ്പെ​ടും. നിങ്ങൾ എന്റെ നാമത്തിൽ ചോദി​ക്കു​ന്നത്‌ എന്തും ഞാൻ ചെയ്‌തു​ത​രും.” അവസാനം യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും ചോദി​ച്ചി​ട്ടില്ല. ചോദി​ക്കൂ, നിങ്ങൾക്കു കിട്ടും. അങ്ങനെ, നിങ്ങളു​ടെ സന്തോഷം അതിന്റെ പരകോ​ടി​യി​ലെ​ത്തും.”—യോഹ​ന്നാൻ 14:6, 13, 14; 16:24.

വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​മാണ്‌ യേശു ഇവിടെ പറഞ്ഞത്‌. ഒരു പുസ്‌തകം പറയു​ന്നത്‌, യേശു​വി​ന്റെ ഈ വാക്കുകൾ “പ്രാർഥ​ന​യു​ടെ ചരി​ത്ര​ത്തി​ലെ വഴിത്തി​രിവ്‌” ആണെന്നാണ്‌. ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്ന​തി​നു പകരം തന്നോടു പ്രാർഥി​ക്ക​ണ​മെന്നല്ല യേശു ഇവിടെ ഉദ്ദേശി​ച്ചത്‌. ദൈവ​മായ യഹോ​വ​യി​ലേക്ക്‌ അടുത്തു​ചെ​ല്ലാ​നുള്ള ഒരു പുതിയ വഴി​യെ​ക്കു​റിച്ച്‌ പറയു​ക​യാ​യി​രു​ന്നു.

ദൈവം എല്ലാക്കാ​ല​ത്തും തന്റെ വിശ്വ​സ്‌ത​ദാ​സ​രു​ടെ പ്രാർഥ​നകൾ കേട്ടി​ട്ടുണ്ട്‌. ഇല്ലെന്നല്ല. (1 ശമുവേൽ 1:9-19; സങ്കീർത്തനം 65:2) എന്നാൽ, പിന്നീട്‌ ദൈവം ഒരു ഉടമ്പടി​യി​ലൂ​ടെ ഇസ്രാ​യേ​ല്യ​രെ തന്റെ ജനതയാ​യി തിര​ഞ്ഞെ​ടു​ത്തു. അന്നുമു​തൽ ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്നവർ ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ ജനമാ​ണെന്ന്‌ അംഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. എങ്കിലേ, ദൈവം അവരുടെ പ്രാർഥന കേൾക്കു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ അതിനു ശേഷം ശലോ​മോ​ന്റെ കാലം ആയപ്പോൾ ബലിയർപ്പി​ക്കു​ന്ന​തിന്‌ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന സ്ഥലം അന്നത്തെ ദേവാ​ലയം ആണെന്ന്‌ അവർ അംഗീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. (ആവർത്തനം 9:29; 2 ദിനവൃ​ത്താ​ന്തം 6:32, 33) എന്നാൽ ഇതി​നെ​ല്ലാം ഒരു മാറ്റം വന്നു. ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​വും ആലയത്തിൽ അർപ്പി​ച്ചി​രുന്ന ബലിക​ളും “വരാനുള്ള നന്മകളു​ടെ നിഴലാണ്‌, ശരിക്കു​മുള്ള രൂപമല്ല” എന്ന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി. (എബ്രായർ 10:1, 2) അതായത്‌, നിഴൽ മാറി യാഥാർഥ്യം എന്താണോ അത്‌ വരണമാ​യി​രു​ന്നു. ക്രിസ്‌തു​വാണ്‌ ഈ യാഥാർഥ്യം. (കൊ​ലോ​സ്യർ 2:17) അതു​കൊണ്ട്‌ എ.ഡി. 33 മുതൽ യഹോ​വ​യു​മാ​യി ഒരു ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ ഒരു വ്യക്തി മോശ​യു​ടെ നിയമമല്ല, ക്രിസ്‌തു​യേ​ശു​വി​നെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌.—യോഹ​ന്നാൻ 15:14-16; ഗലാത്യർ 3:24, 25.

“മറ്റെല്ലാ പേരു​കൾക്കും മീതെ​യുള്ള ഒരു പേര്‌”

യഹോവയോട്‌ അടുത്തു​ചെ​ല്ലു​ന്ന​തി​നുള്ള ശ്രേഷ്‌ഠ​മായ ഒരു വഴി യേശു തുറന്നു​തന്നു. അധികാ​ര​വും സ്വാധീ​ന​ശേ​ഷി​യും ഉള്ള ഒരു സുഹൃത്ത്‌ നമ്മളെ സഹായി​ക്കു​ന്ന​തു​പോ​ലെ യേശു​വും നമ്മുടെ പ്രാർഥ​നകൾ ദൈവ​ത്തി​ലേക്ക്‌ എത്താൻ വഴി തുറന്നു​ത​ന്നു​കൊണ്ട്‌ നമ്മളെ സഹായി​ച്ചു. നമുക്കു​വേണ്ടി ഇങ്ങനെ​യൊ​ക്കെ ചെയ്യാൻ യേശു​വിന്‌ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

നമ്മളെല്ലാം ജനിക്കു​മ്പോ​ഴേ പാപി​ക​ളാണ്‌. എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്‌താ​ലും എന്തൊക്കെ ബലികൾ അർപ്പി​ച്ചാ​ലും നമ്മളിലെ പാപക്കറ കഴുകി​ക്ക​ള​യാൻ നമുക്ക്‌ കഴിയില്ല. പരിശു​ദ്ധ​നായ യഹോ​വ​യു​മാ​യി ഒരു ബന്ധത്തി​ലേക്കു വരാനും പറ്റില്ല. (റോമർ 3:20, 24; എബ്രായർ 1:3, 4) എന്നാൽ യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ ബലിയർപ്പി​ക്കു​ക​യും നമ്മുടെ പാപങ്ങൾക്കു​വേണ്ടി മോച​ന​വില കൊടു​ക്കു​ക​യും ചെയ്‌തു. അങ്ങനെ പാപത്തിൽനിന്ന്‌ മനുഷ്യ​രെ വീണ്ടെ​ടു​ത്തു. (റോമർ 5:12, 18, 19) അതു​കൊണ്ട്‌, ഇപ്പോൾ മനുഷ്യർക്ക്‌ ദൈവ​മു​മ്പാ​കെ ശുദ്ധരാ​യി​രി​ക്കാ​നും ദൈവ​ത്തോട്‌ “പേടി​യി​ല്ലാ​തെ സംസാ​രി​ക്കാ​നും” കഴിയും. പക്ഷേ അതിന്‌ മനുഷ്യർ യേശു​വി​ന്റെ ബലിയിൽ വിശ്വ​സി​ക്കു​ക​യും യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ക​യും വേണം.—എഫെസ്യർ 3:11, 12.

ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പി​ലാ​ക്കാൻ യേശു പല വിധങ്ങ​ളിൽ പ്രവർത്തി​ക്കു​ന്നു. അവയിൽ മൂന്നെ​ണ്ണ​മാണ്‌ ഇനി പറയു​ന്നത്‌: (1) യേശു “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” ആണ്‌. നമ്മളെ പാപത്തിൽനിന്ന്‌ മോചി​പ്പി​ക്കാൻ യേശു തന്റെ ജീവൻ ബലിയർപ്പി​ച്ചു. (2) യേശു “മഹാപു​രോ​ഹി​തൻ” ആണ്‌. മോച​ന​വി​ല​യു​ടെ മൂല്യം ഉപയോ​ഗിച്ച്‌ നമ്മളെ പാപത്തിൽനിന്ന്‌ മോചി​പ്പി​ക്കാൻ യഹോവ യേശു​വി​നെ അധികാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (3) പ്രാർഥ​ന​യു​മാ​യി യഹോ​വ​യു​ടെ അടു​ത്തേക്കു ചെല്ലാ​നുള്ള ഒരേ ഒരു ‘വഴി’ യേശു​വാണ്‌. യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​മ്പോൾ യേശു​വി​ന്റെ ഈ സ്ഥാനങ്ങ​ളെ​ല്ലാം അംഗീ​ക​രി​ക്കു​ന്നു​വെന്ന്‌ നമ്മൾ കാണി​ക്കു​ക​യാണ്‌.—യോഹ​ന്നാൻ 1:29; 14:6; എബ്രായർ 4:14, 15.

യേശുവിന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്ന​തി​ലൂ​ടെ നമ്മൾ യേശു​വി​നെ ബഹുമാ​നി​ക്കു​ക​യാണ്‌. അങ്ങനെ ബഹുമാ​നി​ക്കു​ന്നത്‌ ഉചിത​വു​മാണ്‌. കാരണം “എല്ലാവ​രും യേശു​വി​ന്റെ പേരിനു മുന്നിൽ മുട്ടു​കു​ത്താ​നും എല്ലാ നാവും യേശു​ക്രി​സ്‌തു കർത്താ​വാ​ണെന്നു പിതാ​വായ ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നാ​യി പരസ്യ​മാ​യി സമ്മതി​ച്ചു​പ​റ​യാ​നും” ആണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (ഫിലി​പ്പി​യർ 2:10, 11) എന്നാൽ യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു എന്നതാണ്‌ അതിലും പ്രധാനം. കാരണം യഹോ​വ​യാ​ണ​ല്ലോ തന്റെ മകനെ നമുക്ക്‌ തന്നത്‌.—യോഹ​ന്നാൻ 3:16.

നമ്മുടെ പ്രാർഥന ഒരു കടമ​പോ​ലെ​യാ​യി​രി​ക്ക​രുത്‌, “മുഴു​ഹൃ​ദയാ” ആയിരിക്കണം

യേശുവിന്റെ സ്ഥാനം എത്ര വലുതാ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ ബൈബി​ളിൽ യേശു​വി​ന്റെ മറ്റു പേരു​ക​ളും ചില സ്ഥാന​പ്പേ​രു​ക​ളും കൊടു​ത്തി​ട്ടുണ്ട്‌. യേശു നമുക്കു​വേണ്ടി ചെയ്‌തി​ട്ടു​ള്ള​തും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഇനി ചെയ്യാൻ പോകു​ന്ന​തും ആയ കാര്യങ്ങൾ നമുക്ക്‌ എങ്ങനെ​യെ​ല്ലാം ഗുണം ചെയ്യു​മെന്ന്‌ മനസ്സി​ലാ​ക്കാൻ ഇത്‌ സഹായി​ക്കും. (“ ദൈ​വോ​ദ്ദേ​ശ്യ​ത്തി​ലെ യേശു​വി​ന്റെ പ്രധാ​ന​പ്പെട്ട സ്ഥാനം” എന്ന ചതുരം നോക്കുക.) ശരിക്കും പറഞ്ഞാൽ യഹോവ യേശു​വിന്‌ “മറ്റെല്ലാ പേരു​കൾക്കും മീതെ​യുള്ള ഒരു പേര്‌” കൊടു​ത്തി​രി​ക്കു​ക​യാണ്‌. * സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും യേശു​വിന്‌ നൽകി​യി​രി​ക്കു​ന്നു.—ഫിലി​പ്പി​യർ 2:9; മത്തായി 28:18.

വെറുതെ പറഞ്ഞാൽ മാത്രം പോരാ

യഹോവ നമ്മുടെ പ്രാർഥന കേൾക്ക​ണ​മെ​ങ്കിൽ നമ്മൾ യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്ക​ണ​മെ​ന്നത്‌ ശരിതന്നെ. (യോഹ​ന്നാൻ 14:13, 14) എന്നാൽ പ്രാർഥി​ക്കു​മ്പോ​ഴൊ​ക്കെ “യേശു​വി​ന്റെ നാമത്തിൽ” എന്ന പദപ്ര​യോ​ഗം വെറു​തെ​യങ്ങു പറയണ​മെന്നല്ല അതിനർഥം. എന്താണ്‌ അതിന്റെ വ്യത്യാ​സം?

ഒരു ഉദാഹ​രണം നോക്കാം. ഒരു ബിസി​നെ​സ്സു​കാ​രൻ നിങ്ങൾക്ക്‌ ഒരു കത്ത്‌ അയയ്‌ക്കു​ന്നു. ആ കത്തിന്റെ ഒടുവിൽ “എന്ന്‌ വിശ്വ​സ്‌ത​ത​യോ​ടെ” എന്ന്‌ എഴുതി​യി​ട്ടു​ണ്ടാ​കും. അത്‌ ആ ബിസി​നെ​സ്സു​കാ​രൻ ഉള്ളിന്റെ ഉള്ളിൽ തോന്നി​യിട്ട്‌ പറയു​ന്ന​താ​ണോ? അതോ കത്ത്‌ എഴുതുന്ന രീതി അതായ​തു​കൊണ്ട്‌ മാത്രം എഴുതി​യ​താ​യി​രി​ക്കു​മോ? പ്രാർഥ​ന​യിൽ “യേശു​വി​ന്റെ നാമത്തിൽ” എന്നു പറയു​മ്പോൾ അത്‌ ആ ബിസി​നെ​സ്സു​കാ​രന്റെ കത്തിലെ അവസാ​ന​വാ​ക്കു​കൾ പോലെ വെറുതെ ഒരു പേരിന്‌ പറയു​ന്ന​താ​യി​രി​ക്ക​രുത്‌. നമ്മൾ ‘ഇടവി​ടാ​തെ പ്രാർഥി​ക്കണം.’ എന്നാൽ അത്‌ ഒരു കടമ​പോ​ലെയല്ല, “മുഴു​ഹൃ​ദയാ” ആയിരി​ക്കണം.—1 തെസ്സ​ലോ​നി​ക്യർ 5:17; സങ്കീർത്തനം 119:145.

പ്രാർഥിക്കുമ്പോൾ “യേശു​വി​ന്റെ നാമത്തിൽ” എന്ന്‌ വെറുതെ ഒരു പേരിനു പറയു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം? യേശു​വി​ന്റെ നല്ലനല്ല ഗുണങ്ങൾ, യേശു നിങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യങ്ങൾ, ചെയ്യാ​നി​രി​ക്കുന്ന കാര്യങ്ങൾ ഇവയെ​ക്കു​റി​ച്ചൊ​ക്കെ ചിന്തി​ച്ചു​നോ​ക്കുക. യഹോവ നിങ്ങൾക്കു​വേണ്ടി തന്റെ മകനെ എങ്ങനെ​യെ​ല്ലാ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌? പ്രാർഥി​ക്കു​മ്പോൾ അതി​നെ​ല്ലാം വേണ്ടി യഹോ​വ​യോട്‌ നന്ദി പറയാം, യഹോ​വയെ സ്‌തു​തി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങളു​ടെ കാര്യ​ത്തി​ലും യേശു ഈ വാക്കു പാലി​ക്കു​മെന്ന്‌ നിങ്ങൾക്ക്‌ കൂടുതൽ ഉറപ്പു​ണ്ടാ​യി​രി​ക്കും: “നിങ്ങൾ പിതാ​വി​നോട്‌ എന്തു ചോദി​ച്ചാ​ലും എന്റെ നാമത്തിൽ പിതാവ്‌ അതു നിങ്ങൾക്കു തരും.”—യോഹ​ന്നാൻ 16:23.

^ ഖ. 14 ഒരു നിഘണ്ടു പറയു​ന്ന​ത​നു​സ​രിച്ച്‌ “പേര്‌” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ വാക്കിന്‌ “അധികാ​രം, സ്വഭാവം, പദവി, പ്രതാപം, ശക്തി, മേന്മ എന്നിങ്ങനെ ഒരു പേരിന്‌ ഉൾക്കൊ​ള്ളാ​നാ​കുന്ന എല്ലാ അർഥത​ല​ങ്ങ​ളെ​യും” സൂചി​പ്പി​ക്കാ​നാ​കും.