വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉജ്ജ്വലശോഭയുളള നഗരം

ഉജ്ജ്വലശോഭയുളള നഗരം

അധ്യായം 43

ഉജ്ജ്വല​ശോ​ഭ​യു​ളള നഗരം

ദർശനം 16 വെളി​പ്പാ​ടു 21:9–22:5

വിഷയം: പുതിയ യെരു​ശ​ലേ​മി​ന്റെ ഒരു വർണന

നിവൃത്തിയുടെ കാലം: മഹോ​പ​ദ്ര​വ​ത്തി​നും സാത്താന്റെ അഗാധ​ത്തി​ല​ട​യ്‌ക്ക​ലി​നും ശേഷം

1, 2. (എ) പുതിയ യെരു​ശ​ലേം കാണാൻ ഒരു ദൂതൻ യോഹ​ന്നാ​നെ എങ്ങോട്ടു കൊണ്ടു​പോ​കു​ന്നു, നാം ഇവിടെ എന്ത്‌ അന്തരം കുറി​ക്കൊ​ള​ളു​ന്നു? (ബി) ഇതു വെളി​പാ​ടി​ന്റെ മഹത്തായ പാരമ്യം ആയിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

 ഒരു ദൂതൻ മഹാബാ​ബി​ലോ​നെ കാണി​ച്ചു​കൊ​ടു​ക്കാൻ യോഹ​ന്നാ​നെ മരുഭൂ​മി​യിൽ കൊണ്ടു​പോ​യി​രു​ന്നു. ഇപ്പോൾ അതേ ദൂതഗ​ണ​ത്തിൽ ഒരാൾ ഒരു ഉയർന്ന പർവത​ത്തി​ലേക്ക്‌ യോഹ​ന്നാ​നെ നയിക്കു​ന്നു. അവൻ എന്തൊരു അന്തരമാ​ണു കാണു​ന്നത്‌! ഇവി​ടെ​യു​ള​ളതു ബാബി​ലോ​ന്യ വേശ്യ​യെ​പ്പോ​ലെ അശുദ്ധ​വും അധാർമി​ക​വു​മായ ഒരു നഗരമല്ല, പിന്നെ​യോ നിർമ​ല​വും ആത്മീയ​വും വിശു​ദ്ധ​വു​മായ പുതിയ യെരു​ശ​ലേ​മാണ്‌, അതു സ്വർഗ​ത്തിൽനി​ന്നു​തന്നെ ഇറങ്ങു​ക​യു​മാണ്‌.—വെളി​പ്പാ​ടു 17:1, 5.

2 ഭൗമിക യെരു​ശ​ലേ​മി​നു​പോ​ലും ഇതു​പോ​ലൊ​രു പ്രതാപം ഒരിക്ക​ലും ഉണ്ടായി​രു​ന്നില്ല. യോഹ​ന്നാൻ നമ്മോടു പറയുന്നു: “അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായി​രുന്ന ഏഴു ദൂതൻമാ​രിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാ​ടി​ന്റെ കാന്തയായ മണവാ​ട്ടി​യെ കാണി​ച്ചു​ത​രാം എന്നു പറഞ്ഞു. അവൻ എന്നെ ആത്മവി​വ​ശ​ത​യിൽ ഉയർന്നോ​രു വൻമല​യിൽ കൊണ്ടു​പോ​യി, യെരൂ​ശ​ലേ​മെന്ന വിശു​ദ്ധ​ന​ഗരം സ്വർഗ്ഗ​ത്തിൽനി​ന്നു, ദൈവ​സ​ന്നി​ധി​യിൽനി​ന്നു തന്നേ, ദൈവ​തേ​ജ​സ്സു​ള​ള​താ​യി ഇറങ്ങു​ന്നതു കാണി​ച്ചു​തന്നു.” (വെളി​പ്പാ​ടു 21:9, 10) ഉയർന്നു​നിൽക്കുന്ന ആ പർവത​ത്തി​ന്റെ മുകളി​ലെ അനുകൂ​ല​സ്ഥാ​നത്തു യോഹ​ന്നാൻ മനോ​ഹ​ര​മായ ആ നഗരത്തെ അതിന്റെ മനോ​ജ്ഞ​മായ എല്ലാ വിശദാം​ശ​ങ്ങ​ളി​ലും നോക്കി​ക്കാ​ണു​ന്നു. പാപത്തി​ലേ​ക്കും മരണത്തി​ലേ​ക്കു​മു​ളള മനുഷ്യ​വർഗ​ത്തി​ന്റെ വീഴ്‌ച​മു​തൽ എക്കാല​വും വിശ്വാ​സ​മു​ളള മനുഷ്യർ അതിന്റെ വരവി​നു​വേണ്ടി ആകാം​ക്ഷാ​പൂർവം കാത്തി​രു​ന്നി​ട്ടുണ്ട്‌. ഒടുവിൽ അത്‌ വന്നിരി​ക്കു​ന്നു! (റോമർ 8:19; 1 കൊരി​ന്ത്യർ 15:22, 23; എബ്രായർ 11:39, 40) അതു വിശ്വ​സ്‌ത​രായ 1,44,000 നിർമ​ല​താ​പാ​ലകർ ചേർന്നു​ള​വാ​കുന്ന മഹനീ​യ​മായ ആത്മീയ നഗരമാണ്‌, അതിന്റെ പരിശു​ദ്ധി​യിൽ ഉജ്ജ്വല​ശോ​ഭ​യു​ള​ള​തും യഹോ​വ​യു​ടെ തേജസ്സു പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തും തന്നെ. മഹത്തായ വെളി​പാ​ടു പാരമ്യം ഇതാ!

3. പുതിയ യെരു​ശ​ലേ​മി​ന്റെ മനോ​ഹാ​രിത യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ?

3 പുതിയ യെരു​ശ​ലേം അതിന്റെ മനോ​ഹാ​രി​ത​യിൽ പുളക​മ​ണി​യി​ക്കു​ന്ന​താണ്‌: “അതിന്റെ ജ്യോ​തി​സ്സു ഏററവും വില​യേ​റിയ രത്‌ന​ത്തി​ന്നു തുല്യ​മാ​യി സ്‌ഫടി​ക​സ്വ​ച്ഛ​ത​യു​ളള സൂര്യ​കാ​ന്തം​പോ​ലെ ആയിരു​ന്നു. അതിന്നു പൊക്ക​മു​ളള വൻമതി​ലും പന്ത്രണ്ടു ഗോപു​ര​വും ഗോപു​ര​ങ്ങ​ളിൽ പന്ത്രണ്ടു ദൂതൻമാ​രും ഉണ്ടു; യിസ്രാ​യേൽമ​ക്ക​ളു​ടെ പന്ത്രണ്ടു ഗോ​ത്ര​ങ്ങ​ളു​ടെ​യും പേർ കൊത്തീ​ട്ടും ഉണ്ടു. കിഴക്കു മൂന്നു ഗോപു​രം, വടക്കു മൂന്നു ഗോപു​രം, തെക്കു മൂന്നു ഗോപു​രം, പടിഞ്ഞാ​റു മൂന്നു ഗോപു​രം. നഗരത്തി​ന്റെ മതിലി​ന്നു പന്ത്രണ്ടു അടിസ്ഥാ​ന​വും അതിൽ കുഞ്ഞാ​ടി​ന്റെ പന്ത്രണ്ടു അപ്പൊ​സ്‌ത​ലൻമാ​രു​ടെ പന്ത്രണ്ടു പേരും ഉണ്ടു.” (വെളി​പ്പാ​ടു 21:11-14) യോഹ​ന്നാൻ രേഖ​പ്പെ​ടു​ത്തുന്ന ആദ്യത്തെ ധാരണ ജ്വലി​ക്കുന്ന ശോഭ​യാ​ണെ​ന്നു​ള​ളത്‌ എത്ര ഉചിതം! ഒരു പുതു​മ​ണ​വാ​ട്ടി​യെ​പ്പോ​ലെ ജ്വലി​ക്കുന്ന പുതിയ യെരു​ശ​ലേം ക്രിസ്‌തു​വി​നു യോജിച്ച ഒരു ഭാര്യ​യാണ്‌. “വെളി​ച്ച​ങ്ങ​ളു​ടെ പിതാവി”ന്റെ ഒരു സൃഷ്ടിക്കു യോജിച്ച വിധത്തിൽ അതു ജ്വലി​ക്കു​ക​ത​ന്നെ​ചെ​യ്യു​ന്നു.—യാക്കോബ്‌ 1:17.

4. പുതിയ യെരു​ശ​ലേം ജഡിക ഇസ്രാ​യേൽ ജനതയ​ല്ലെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

4 അതിന്റെ 12 ഗോപു​ര​ങ്ങ​ളിൽ ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്ര​ങ്ങ​ളു​ടെ പേരുകൾ എഴുതി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഈ പ്രതീ​കാ​ത്മക നഗരം “യിസ്രാ​യേൽമ​ക്ക​ളു​ടെ സകല ഗോ​ത്രത്തി”ൽനിന്നും മുദ്ര​യേററ 1,44,000 പേർ ചേർന്നു രൂപം​കൊ​ള​ളു​ന്ന​താണ്‌. (വെളി​പ്പാ​ടു 7:4-8) ഇതി​നോ​ടു ചേർച്ച​യിൽ, അടിസ്ഥാ​ന​ക്ക​ല്ലു​ക​ളിൽ കുഞ്ഞാ​ടി​ന്റെ 12 അപ്പോ​സ്‌ത​ലൻമാ​രു​ടെ പേരുണ്ട്‌. അതെ, പുതിയ യെരു​ശ​ലേം യാക്കോ​ബി​ന്റെ 12 പുത്രൻമാ​രു​ടെ മേൽ സ്ഥാപി​ത​മായ ജഡിക ഇസ്രാ​യേൽ ജനതയല്ല. അത്‌ ‘അപ്പൊ​സ്‌ത​ലൻമാ​രു​ടെ​യും പ്രവാ​ച​കൻമാ​രു​ടെ​യും’ മേൽ സ്ഥാപി​ത​മായ ആത്മീയ ഇസ്രാ​യേൽ ആണ്‌.—എഫെസ്യർ 2:20.

5. പുതിയ യെരു​ശ​ലേ​മി​ന്റെ “പൊക്ക​മു​ളള വൻമതി​ലും” ഓരോ കവാട​ത്തി​ലും ദൂതൻമാ​രെ നിർത്തി​യി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യും എന്തിനെ സൂചി​പ്പി​ക്കു​ന്നു?

5 പ്രതീ​കാ​ത്മക നഗരത്തി​നു വലി​യൊ​രു മതിൽ ഉണ്ട്‌. പുരാതന കാലങ്ങ​ളിൽ ശത്രു​ക്കളെ അകററി​നിർത്തു​ന്ന​തി​നു സുരക്ഷ​യു​ടെ ഉദ്ദേശ്യ​ത്തിൽ നഗരമ​തി​ലു​കൾ പണിതി​രു​ന്നു. പുതിയ യെരു​ശ​ലേ​മി​ന്റെ ‘പൊക്ക​മു​ളള വൻമതിൽ’ അവൾ ആത്മീയ​മാ​യി സുരക്ഷി​ത​യാ​ണെന്നു പ്രകട​മാ​ക്കു​ന്നു. നീതി​യു​ടെ ഒരു ശത്രു​വി​നും അശുദ്ധ​നോ നെറി​വി​ല്ലാ​ത്ത​വ​നോ ആയ ഒരുവ​നും പ്രവേ​ശനം നേടാൻ ഒരിക്ക​ലും കഴിയു​ക​യില്ല. (വെളി​പ്പാ​ടു 21:27) എന്നാൽ അനുവ​ദി​ക്ക​പ്പെ​ടു​ന്ന​വർക്ക്‌, ഈ മനോഹര നഗരത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നതു പറുദീ​സ​യി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. (വെളി​പ്പാ​ടു 2:7) ആദാമി​ന്റെ പുറത്താ​ക്ക​ലി​നു​ശേഷം ആദിമ പറുദീ​സ​യു​ടെ മുമ്പിൽ അശുദ്ധ​രായ മനുഷ്യ​രെ അകററി​നിർത്തു​ന്ന​തി​നു​വേണ്ടി കെരൂ​ബു​കളെ നിർത്തി​യി​രു​ന്നു. (ഉല്‌പത്തി 3:24) അതു​പോ​ലെ​തന്നെ, വിശു​ദ്ധ​ന​ഗ​ര​മാ​കുന്ന യെരു​ശ​ലേ​മി​ന്റെ ഓരോ പ്രവേശന കവാട​ത്തി​ലും നഗരത്തി​ന്റെ ആത്മീയ സുരക്ഷി​ത​ത്വം ഉറപ്പു​വ​രു​ത്തു​ന്ന​തി​നു ദൂതൻമാ​രെ നിർത്തു​ന്നു. വാസ്‌ത​വ​ത്തിൽ, അന്ത്യനാ​ളു​ക​ളി​ലു​ട​നീ​ളം ബാബി​ലോ​ന്യ ദുഷി​പ്പിൽനി​ന്നു പുതിയ യെരു​ശ​ലേ​മാ​യി​ത്തീ​രുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയെ ദൂതൻമാർ കാത്തു​ര​ക്ഷി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌.—മത്തായി 13:41.

നഗരത്തെ അളക്കുന്നു

6. (എ) നഗരത്തി​ന്റെ അളക്കലി​നെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ, ഈ അളക്കൽ എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) ഉപയോ​ഗിച്ച അളവ്‌ “മമനു​ഷ്യ​ന്റെ അളവിന്നു എന്നു​വെച്ചൽ ദൂതന്റെ അളവിന്നു തന്നേ” ആയിരു​ന്നു എന്നതിനെ എന്തു വിശദ​മാ​ക്കി​യേ​ക്കാം? (അടിക്കു​റി​പ്പു കാണുക.)

6 യോഹ​ന്നാൻ തന്റെ വിവരണം തുടരു​ന്നു: “എന്നോടു സംസാ​രി​ച്ച​വന്നു നഗര​ത്തെ​യും അതിന്റെ ഗോപു​ര​ങ്ങ​ളെ​യും മതിലി​നെ​യും അളക്കേ​ണ്ട​തി​ന്നു പൊന്നു​കൊ​ണ്ടു​ളള ഒരു അളവു​കോൽ ഉണ്ടായി​രു​ന്നു. നഗരം സമചതു​ര​മാ​യി കിടക്കു​ന്നു; അതിന്റെ വീതി​യും നീളവും സമം. അളവു​കോൽകൊ​ണ്ടു അവൻ നഗരത്തെ അളന്നു, ആയിര​ത്തി​രു​നൂ​റു നാഴിക [പന്തീരാ​യി​രം ഫർലോങ്‌, NW] കണ്ടു; അതിന്റെ നീളവും വീതി​യും ഉയരവും സമം തന്നേ. അതിന്റെ മതിൽ അളന്നു; മമനു​ഷ്യ​ന്റെ അളവിന്നു എന്നു​വെ​ച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂററി​നാ​ല്‌പ​ത്തി​നാ​ലു മുഴം ഉണ്ടായി​രു​ന്നു.” (വെളി​പ്പാ​ടു 21:15-17) ആലയ വിശു​ദ്ധ​മ​ന്ദി​രം അളക്ക​പ്പെ​ട്ട​പ്പോൾ, അതി​നോ​ടു​ളള ബന്ധത്തിൽ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ നിവൃ​ത്തിക്ക്‌ അത്‌ ഉറപ്പു നൽകി. (വെളി​പ്പാ​ടു 11:1) ഇപ്പോൾ ദൂതൻ നടത്തുന്ന പുതിയ യെരു​ശ​ലേ​മി​ന്റെ അളക്കൽ തേജോ​മ​യ​മായ ഈ നഗരത്തെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ എത്ര മാററ​മി​ല്ലാ​ത്ത​താ​ണെന്നു പ്രകട​മാ​ക്കു​ന്നു. a

7. നഗരത്തി​ന്റെ അളവുകൾ സംബന്ധിച്ച്‌ ശ്രദ്ധേ​യ​മാ​യ​തെ​ന്താണ്‌?

7 ഇത്‌ എന്തൊരു അസാമാ​ന്യ നഗരമാണ്‌! അത്‌ 12,000 ഫർലോങ്‌ (ഏതാണ്ട്‌ 2,220 കിലോ​മീ​ററർ) ചുററ​ള​വു​ളള ഒരു പൂർണ ക്യൂബ്‌ ആണ്‌, അതിന്‌ 144 മുഴം അല്ലെങ്കിൽ 64 മീററർ ഉയരമു​ളള ഒരു മതിൽക്കെ​ട്ടു​മുണ്ട്‌. ഒരു അക്ഷരീയ നഗരത്തി​നും ഒരിക്ക​ലും അത്തരം അളവുകൾ ഉണ്ടായി​രു​ന്നി​ട്ടില്ല. അത്‌ ആധുനിക ഇസ്രാ​യേ​ലി​ന്റെ ഏതാണ്ട്‌ 14 ഇരട്ടി പ്രദേ​ശത്തു വ്യാപി​ച്ചു​കി​ട​ക്കും, അത്‌ ബഹിരാ​കാ​ശ​ത്തി​ലേക്ക്‌ ഏതാണ്ട്‌ 560 കിലോ​മീ​ററർ ഉയർന്നു​നിൽക്കു​ക​യും ചെയ്യും! വെളി​പാട്‌ അടയാ​ള​ങ്ങ​ളാ​യി നൽക​പ്പെട്ടു. അതു​കൊണ്ട്‌ പുതിയ സ്വർഗീയ യെരു​ശ​ലേ​മി​ന്റെ അളവുകൾ നമ്മോട്‌ എന്ത്‌ അറിയി​ക്കു​ന്നു?

8. പിൻവ​രു​ന്നവ എന്തിനെ സൂചി​പ്പി​ക്കു​ന്നു (എ) നഗരത്തി​ന്റെ 144 മുഴം ഉയരമു​ളള മതിലു​കൾ? (ബി) നഗരത്തി​ന്റെ 12,000 ഫർലോങ്‌ അളവ്‌? (സി) നഗരം ആകൃതി​യിൽ ഒരു പൂർണ ക്യൂബ്‌ ആയിരി​ക്കു​ന്നത്‌?

8 ആത്മീയ​മാ​യി ദത്തെടുത്ത 1,44,000 ദൈവ​പു​ത്രൻമാർ ചേർന്ന​താ​ണു നഗര​മെന്ന്‌ 144 മുഴം ഉയരമു​ളള മതിലു​കൾ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. നഗരത്തി​ന്റെ 12,000 ഫർലോങ്‌ അളവിൽ കാണുന്ന 12 എന്ന സംഖ്യ—നീളവും വീതി​യും ഉയരവും സമംതന്നെ—ബൈബിൾ പ്രവച​ന​ത്തിൽ സംഘട​നാ​പ​ര​മായ പശ്ചാത്ത​ല​ങ്ങ​ളിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, പുതിയ യെരു​ശ​ലേം ദൈവ​ത്തി​ന്റെ നിത്യോ​ദ്ദേ​ശ്യം സാക്ഷാ​ത്‌ക​രി​ക്കു​ന്ന​തിന്‌ അതിഗം​ഭീ​ര​മാ​യി രൂപകൽപ്പന ചെയ്‌തി​ട്ടു​ളള ഒരു സംഘട​നാ​ക്ര​മീ​ക​ര​ണ​മാണ്‌. രാജാ​വായ യേശു​ക്രി​സ്‌തു​വും​കൂ​ടെ കൂടു​മ്പോൾ പുതിയ യെരു​ശ​ലേം യഹോ​വ​യു​ടെ രാജ്യ​സം​ഘ​ട​ന​യാണ്‌. അടുത്ത​താ​യി നഗരത്തി​ന്റെ ആകൃതി​യുണ്ട്‌: ഒരു പൂർണ ക്യൂബ്‌. ശലോ​മോ​ന്റെ ആലയത്തിൽ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ ഒരു പ്രതീ​കാ​ത്മക പ്രതി​നി​ധാ​നം ഉൾക്കൊ​ണ്ടി​രുന്ന അതിവി​ശു​ദ്ധം ഒരു പൂർണ ക്യൂബ്‌ ആയിരു​ന്നു. (1 രാജാ​ക്കൻമാർ 6:19, 20) അപ്പോൾ യഹോ​വ​യു​ടെ​തന്നെ തേജസ്സി​നാൽ പ്രകാ​ശി​പ്പി​ക്ക​പ്പെ​ടുന്ന പുതിയ യെരു​ശ​ലേം പൂർണ​മായ ഒരു വലിയ ക്യൂബ്‌ ആയി കാണു​ന്നത്‌ എത്ര ഉചിത​മാണ്‌! അതിന്റെ അളവു​ക​ളെ​ല്ലാം തികച്ചും സമതു​ലി​ത​മാണ്‌. അതു ക്രമരാ​ഹി​ത്യ​ങ്ങ​ളോ ന്യൂന​ത​ക​ളോ ഇല്ലാത്ത ഒരു നഗരമാണ്‌.—വെളി​പ്പാ​ടു 21:22.

വിലപി​ടിച്ച നിർമാണ വസ്‌തു​ക്കൾ

9. നഗരത്തി​ന്റെ നിർമാ​ണ​വ​സ്‌തു​ക്കളെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ?

9 യോഹ​ന്നാൻ തന്റെ വർണന തുടരു​ന്നു: “മതിലി​ന്റെ പണി സൂര്യ​കാ​ന്ത​വും നഗരം സ്വച്ഛസ്‌ഫ​ടി​ക​ത്തി​ന്നൊത്ത തങ്കവും ആയിരു​ന്നു. നഗരമ​തി​ലി​ന്റെ അടിസ്ഥാ​നങ്ങൾ സകല രത്‌ന​വും​കൊ​ണ്ടു അലങ്കരി​ച്ചി​രി​ക്കു​ന്നു; ഒന്നാം അടിസ്ഥാ​നം സൂര്യ​കാ​ന്തം, രണ്ടാമ​ത്തേതു നീലര​ത്‌നം, മൂന്നാ​മ​ത്തേതു മാണി​ക്യം, നാലാ​മ​ത്തേതു മരതകം, അഞ്ചാമ​ത്തേതു നഖവർണ്ണി, ആറാമ​ത്തേതു ചുവപ്പു​കല്ലു, ഏഴാമ​ത്തേതു പീതര​ത്‌നം, എട്ടാമ​ത്തേതു ഗോ​മേ​ദകം, ഒമ്പതാ​മ​ത്തേതു പുഷ്യ​രാ​ഗം, പത്താമ​ത്തേതു വൈഡൂ​ര്യം, പതി​നൊ​ന്നാ​മ​ത്തേതു പത്മരാഗം, പന്ത്രണ്ടാ​മ​ത്തേതു സുഗന്ധി​ര​ത്‌നം. പന്ത്രണ്ടു ഗോപു​ര​വും പന്ത്രണ്ടു മുത്തു; ഓരോ ഗോപു​രം ഓരോ മുത്തു​കൊ​ണ്ടു​ള​ള​തും നഗരത്തി​ന്റെ വീഥി സ്വച്ഛസ്‌ഫ​ടി​ക​ത്തി​ന്നു തുല്യ​മായ തങ്കവും ആയിരു​ന്നു.”—വെളി​പ്പാ​ടു 21:18-21.

10. നഗരം സൂര്യ​കാ​ന്ത​വും സ്വർണ​വും “സകല രത്‌ന​വും​കൊ​ണ്ടു” പണിതി​രി​ക്കു​ന്നു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു?

10 നഗരത്തി​ന്റെ നിർമാ​ണം സത്യത്തിൽ ഉജ്ജ്വല​ശോ​ഭ​യു​ള​ള​താണ്‌. മണ്ണും കല്ലും പോലെ മൺമയ​മായ ഭൗമിക നിർമാ​ണ​വ​സ്‌തു​ക്കൾക്കു പകരം നാം സൂര്യ​കാ​ന്ത​വും തങ്കവും “സകല രത്‌ന​വും” സംബന്ധി​ച്ചു വായി​ക്കു​ന്നു. ഇവ എത്ര ഉചിത​മാ​യി സ്വർഗീയ നിർമാ​ണ​വ​സ്‌തു​ക്കളെ ചിത്രീ​ക​രി​ക്കു​ന്നു! മറെറാ​ന്നി​നും അതിലും ശോഭ​യു​ള​ള​താ​യി​രി​ക്കാൻ കഴിയില്ല. പുരാതന നിയമ​പെ​ട്ടകം ശുദ്ധമായ സ്വർണം​കൊ​ണ്ടു പൊതി​ഞ്ഞി​രു​ന്നു, ബൈബി​ളിൽ ഈ മൂലകം മിക്ക​പ്പോ​ഴും ശ്രേഷ്‌ഠ​വും വിലപി​ടി​പ്പു​ള​ള​തു​മായ കാര്യ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യുന്നു. (പുറപ്പാ​ടു 25:11; സദൃശ​വാ​ക്യ​ങ്ങൾ 25:11; യെശയ്യാ​വു 60:6, 17) എന്നാൽ പുതിയ യെരു​ശ​ലേം മുഴു​വ​നും അതിന്റെ വിശാ​ല​മായ വീഥി​പോ​ലും ‘സ്വച്ഛസ്‌ഫ​ടി​ക​ത്തി​ന്നു തുല്യ​മായ തങ്കം​കൊ​ണ്ടു’ നിർമി​ക്ക​പ്പെ​ടു​ന്നു, ഭാവനയെ ഞെട്ടി​ക്കുന്ന മനോ​ഹാ​രി​ത​യെ​യും യഥാർഥ മൂല്യ​ത്തെ​യും വർണി​ക്കു​ന്ന​തു​തന്നെ.

11. പുതിയ യെരു​ശ​ലേം ആയിത്തീ​രു​ന്നവർ ആത്മീയ ശുദ്ധി​യു​ടെ ഏററവും ഉന്നതമായ ഗുണനി​ല​വാ​ര​ത്താൽ ജ്വലി​ക്കു​മെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നത്‌ എന്ത്‌?

11 അത്ര ശുദ്ധമായ സ്വർണം ഉത്‌പാ​ദി​പ്പി​ക്കാൻ ഒരു മനുഷ്യ സ്വർണ​പ്പ​ണി​ക്കാ​ര​നും കഴിയു​ക​യില്ല. എന്നാൽ യഹോവ വിദഗ്‌ധ​നായ ശുദ്ധി​കർത്താവ്‌ ആണ്‌. അവൻ “ഊതി​ക്ക​ഴി​ക്കു​ന്ന​വ​നെ​പ്പോ​ലെ​യും വെളളി ശുദ്ധി​വ​രു​ത്തു​ന്ന​വ​നെ​പ്പോ​ലെ​യും” ഇരുന്നു​കൊണ്ട്‌, ആത്മീയ ഇസ്രാ​യേ​ലി​ലെ വ്യക്തി​ക​ളായ വിശ്വസ്‌ത അംഗങ്ങളെ “പൊന്നു​പോ​ലെ​യും വെളളി​പോ​ലെ​യും” ശുദ്ധീ​ക​രി​ക്കു​ന്നു, അവരിൽനി​ന്നു സകല മാലി​ന്യ​ങ്ങ​ളും നീക്കം​ചെ​യ്‌തു​കൊ​ണ്ടു​തന്നെ. സത്യമാ​യും ശുദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വ​രും നിർമ​ലീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​മായ വ്യക്തികൾ മാത്രമേ പുതിയ യെരു​ശ​ലേ​മാ​യി​ത്തീ​രു​ക​യു​ളളൂ. ഈ വിധത്തിൽ യഹോവ, അതിവി​ശി​ഷ്ട​മായ ആത്മീയ ശുദ്ധി​യിൽ ജ്വലി​ക്കുന്ന ജീവി​ക്കുന്ന നിർമാണ വസ്‌തു​ക്കൾകൊണ്ട്‌ നഗരം പണിയു​ന്നു.—മലാഖി 3:3, 4.

12. പിൻവ​രുന്ന വസ്‌തു​ത​യാൽ എന്ത്‌ അർഥമാ​ക്ക​പ്പെ​ടു​ന്നു (എ) നഗരത്തി​ന്റെ അടിസ്ഥാ​നങ്ങൾ 12 രത്‌ന​ങ്ങ​ളാൽ അലങ്കരി​ക്ക​പ്പെ​ടു​ന്നു? (ബി) നഗരത്തി​ന്റെ ഗോപു​രങ്ങൾ മുത്തുകൾ ആണ്‌?

12 വിലപി​ടിച്ച 12 രത്‌ന​ങ്ങൾകൊണ്ട്‌ അലങ്കരി​ച്ചി​രു​ന്ന​തി​നാൽ, നഗരത്തി​ന്റെ അടിസ്ഥാ​ന​ങ്ങൾപോ​ലും മനോ​ഹ​ര​മാ​യി​രു​ന്നു. ഇവിടെ വിവരി​ച്ചി​രി​ക്കു​ന്ന​തി​നോട്‌ ഏതാണ്ടു സമാന​മാ​യി വിലപി​ടിച്ച 12 കല്ലുകൾ പതിച്ച ഒരു ഏഫോദ്‌ ഔപചാ​രിക ദിവസ​ങ്ങ​ളിൽ ധരിച്ചി​രുന്ന പുരാ​ത​ന​കാ​ലത്തെ യഹൂദ മഹാപു​രോ​ഹി​തനെ ഇത്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (പുറപ്പാ​ടു 28:15-21) തീർച്ച​യാ​യും ഇത്‌ ഒട്ടും ആകസ്‌മി​കമല്ല! പിന്നെ​യോ, വലിയ മഹാപു​രോ​ഹി​ത​നായ യേശു “വിളക്കു” ആയിരി​ക്കുന്ന, പുതിയ യെരു​ശ​ലേ​മി​ന്റെ പൗരോ​ഹി​ത്യ​ധർമ​ത്തിന്‌ ഇത്‌ ഊന്നൽ നൽകുന്നു. (വെളി​പ്പാ​ടു 20:6; 21:23; എബ്രായർ 8:1) കൂടാതെ, യേശു​വി​ന്റെ മഹാപു​രോ​ഹിത ശുശ്രൂ​ഷ​യു​ടെ പ്രയോ​ജ​നങ്ങൾ മനുഷ്യ​വർഗ​ത്തി​ലേക്കു തിരി​ച്ചു​വി​ടു​ന്നതു പുതിയ യെരു​ശ​ലേ​മി​ലൂ​ടെ​യാണ്‌. (വെളി​പ്പാ​ടു 22:1, 2) നഗരത്തി​ന്റെ 12 ഗോപു​രങ്ങൾ ഓരോ​ന്നും വളരെ മനോ​ഹ​ര​മായ ഒരു മുത്താ​ണെ​ന്നു​ള​ളത്‌, രാജ്യത്തെ വില​യേ​റിയ ഒരു മുത്തി​നോട്‌ ഉപമിച്ച യേശു​വി​ന്റെ ദൃഷ്ടാ​ന്തത്തെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ആ പടിവാ​തി​ലു​ക​ളി​ലൂ​ടെ പ്രവേ​ശി​ക്കുന്ന എല്ലാവ​രും ആത്മീയ മൂല്യ​ങ്ങ​ളോട്‌ യഥാർഥ വിലമ​തി​പ്പു പ്രകടി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.—മത്തായി 13:45, 46; താരത​മ്യം ചെയ്യുക: ഇയ്യോബ്‌ 28:12, 17, 18.

പ്രകാ​ശ​മു​ളള ഒരു നഗരം

13. പുതിയ യെരു​ശ​ലേ​മി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ അടുത്ത​താ​യി എന്തു പറയുന്നു, നഗരത്തിന്‌ ഒരു അക്ഷരീയ ആലയം ആവശ്യ​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

13 ശലോ​മോ​ന്റെ കാലത്ത്‌, വടക്കു മോറി​യാ മലയിൽ നഗരത്തി​ലെ ഏററവും ഉയർന്ന സ്ഥാനത്തു പണിതി​രുന്ന ആലയം യെരു​ശ​ലേ​മിൽ തല ഉയർത്തി​നി​ന്നി​രു​ന്നു. എന്നാൽ പുതിയ യെരു​ശ​ലേ​മി​നെ സംബന്ധി​ച്ചെന്ത്‌? യോഹ​ന്നാൻ പറയുന്നു: “മന്ദിരം അതിൽ കണ്ടില്ല; സർവ്വശ​ക്തി​യു​ളള ദൈവ​മായ കർത്താ​വും കുഞ്ഞാ​ടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാ​ശി​പ്പാൻ സൂര്യ​നും ചന്ദ്രനും ആവശ്യ​മില്ല; ദൈവ​തേ​ജസ്സു അതിനെ പ്രകാ​ശി​പ്പി​ച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.” (വെളി​പ്പാ​ടു 21:22, 23) സത്യത്തിൽ, ഇവിടെ ഒരു അക്ഷരീയ ആലയം പണിയേണ്ട ഒരാവ​ശ്യ​വും ഇല്ല. യഹൂദ​യി​ലെ പുരാതന ആലയം ഒരു മാതൃക മാത്ര​മാ​യി​രു​ന്നു, ആ മാതൃ​ക​യു​ടെ യാഥാർഥ്യം ആകുന്ന വലിയ ആത്മീയ ആലയം, യഹോവ പൊ.യു. 29-ൽ യേശു​വി​നെ മഹാപു​രോ​ഹി​ത​നാ​യി അഭി​ഷേകം ചെയ്‌ത​തു​മു​തൽ സ്ഥിതി​ചെ​യ്‌തി​രി​ക്കു​ന്നു. (മത്തായി 3:16, 17; എബ്രായർ 9:11, 12, 23, 24) ഒരു ആലയം ജനത്തി​നു​വേണ്ടി യഹോ​വക്കു യാഗങ്ങൾ അർപ്പി​ക്കുന്ന ഒരു പുരോ​ഹി​ത​വർഗ​ത്തെ​യും മുൻകൂ​ട്ടി ഉദ്ദേശി​ക്കു​ന്നു. എന്നാൽ പുതിയ യെരു​ശ​ലേ​മി​ന്റെ ഭാഗമായ എല്ലാവ​രും പുരോ​ഹി​തൻമാ​രാണ്‌. (വെളി​പ്പാ​ടു 20:6) കൂടാതെ, വലിയ യാഗം, യേശു​വി​ന്റെ പൂർണ മനുഷ്യ​ജീ​വൻ എന്നേക്കു​മാ​യി ഒരിക്കൽ അർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (എബ്രായർ 9:27, 28) അതിനു​പു​റമേ, യഹോവ നഗരത്തിൽ ജീവി​ക്കുന്ന എല്ലാവർക്കും വ്യക്തി​പ​ര​മാ​യി സമീപി​ക്കാ​വു​ന്ന​വ​നാണ്‌.

14. (എ) പുതിയ യെരു​ശ​ലേ​മിന്‌ അതിൻമേൽ പ്രകാ​ശി​ക്കാൻ സൂര്യ​നും ചന്ദ്രനും ആവശ്യ​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ സാർവ​ത്രിക സ്ഥാപന​ത്തെ​ക്കു​റിച്ച്‌ യെശയ്യാ​വി​ന്റെ പ്രവചനം എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു, പുതിയ യെരു​ശ​ലേം അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

14 സീനായ്‌ പർവത​ത്തിൽ യഹോ​വ​യു​ടെ തേജസ്സു മോശ​യു​ടെ അടുക്ക​ലൂ​ടെ കടന്നു​പോ​യ​പ്പോൾ അതു മോശ​യു​ടെ മുഖം വളരെ​യ​ധി​കം ശോഭി​ക്കാൻ ഇടയാക്കി, തന്നിമി​ത്തം അവന്‌ സഹഇ​സ്രാ​യേ​ല്യ​രിൽനിന്ന്‌ അതു മറച്ചു​പി​ടി​ക്കേ​ണ്ടി​വന്നു. (പുറപ്പാ​ടു 34:4-7, 29, 30, 33) അപ്പോൾ, യഹോ​വ​യു​ടെ തേജസ്സി​നാൽ സ്ഥിരമാ​യി പ്രകാ​ശി​പ്പി​ക്ക​പ്പെ​ടുന്ന ഒരു നഗരത്തി​ന്റെ ശോഭ നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയു​മോ? അത്തരം ഒരു നഗരത്തി​നു രാത്രി​കാ​ലം ഉണ്ടായി​രി​ക്കാ​വു​ന്നതല്ല. അതിന്‌ ഒരു അക്ഷരീയ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആവശ്യം ഉണ്ടായി​രി​ക്കു​ക​യില്ല. അതു നിത്യം പ്രകാശം വർഷി​ച്ചു​കൊ​ണ്ടി​രി​ക്കും. (താരത​മ്യം ചെയ്യുക: 1 തിമൊ​ഥെ​യൊസ്‌ 6:16.) പുതിയ യെരു​ശ​ലേം അത്തരം ഉജ്ജ്വല​മായ തിളക്ക​ത്തിൽ കുളിച്ചു നിൽക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഈ മണവാ​ട്ടി​യും അതിന്റെ മണവാ​ള​നായ രാജാ​വും യഹോ​വ​യു​ടെ സാർവ​ത്രിക സ്ഥാപന​ത്തി​ന്റെ—അവന്റെ “സ്‌ത്രീ”യുടെ, “മീതെ​യു​ളള യെരൂ​ശലേ”മിന്റെ—തലസ്ഥാ​ന​മാ​യി​ത്തീ​രു​ന്നു. അതി​നെ​ക്കു​റിച്ച്‌ യെശയ്യാവ്‌ ഇപ്രകാ​രം പ്രവചി​ച്ചു: “ഇനി പകൽനേ​രത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാ​വെട്ടം തരുന്നതു ചന്ദ്രനു​മല്ല; യഹോവ നിനക്കു നിത്യ​പ്ര​കാ​ശ​വും നിന്റെ ദൈവം നിന്റെ തേജസ്സു​മാ​കു​ന്നു. നിന്റെ സൂര്യൻ ഇനി അസ്‌ത​മി​ക്ക​യില്ല; നിന്റെ ചന്ദ്രൻ മറഞ്ഞു​പോ​ക​യു​മില്ല; യഹോവ നിന്റെ നിത്യ​പ്ര​കാ​ശ​മാ​യി​രി​ക്കും; നിന്റെ ദുഃഖ​കാ​ലം തീർന്നു​പോ​കും.”—യെശയ്യാ​വു 60:1, 19, 20; ഗലാത്യർ 4:26.

ജനതകൾക്ക്‌ ഒരു വെളിച്ചം

15. പുതിയ യെരു​ശ​ലേ​മി​നെ​ക്കു​റി​ച്ചു​ളള വെളി​പാ​ടി​ലെ ഏതു വാക്കുകൾ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​നു സമാന​മാണ്‌?

15 ഇതേ പ്രവചനം ഇതുകൂ​ടെ മുൻകൂ​ട്ടി​പ്പ​റഞ്ഞു: “ജാതികൾ നിന്റെ പ്രകാ​ശ​ത്തി​ലേ​ക്കും രാജാ​ക്കൻമാർ നിന്റെ ഉദയ​ശോ​ഭ​യി​ലേ​ക്കും വരും.” (യെശയ്യാ​വു 60:3) ഈ വചനങ്ങൾ പുതിയ യെരു​ശ​ലേ​മി​നെ ഉൾപ്പെ​ടു​ത്തു​മെന്നു വെളി​പാ​ടു പ്രകട​മാ​ക്കു​ന്നു. “ജാതികൾ അതിന്റെ വെളി​ച്ച​ത്തിൽ നടക്കും; ഭൂമി​യു​ടെ രാജാ​ക്കൻമാർ തങ്ങളുടെ മഹത്വം അതി​ലേക്കു കൊണ്ടു​വ​രും. അതിന്റെ ഗോപു​രങ്ങൾ പകല്‌ക്കാ​ലത്തു അടെക്കു​ക​യില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതി​ക​ളു​ടെ മഹത്വ​വും ബഹുമാ​ന​വും അതി​ലേക്കു കൊണ്ടു​വ​രും.”—വെളി​പ്പാ​ടു 21:24-26.

16. പുതിയ യെരു​ശ​ലേ​മി​ന്റെ വെളി​ച്ച​ത്തിൽ നടക്കുന്ന “ജാതികൾ” ആരാണ്‌?

16 പുതിയ യെരു​ശ​ലേ​മി​ന്റെ വെളി​ച്ച​ത്തിൽ നടക്കുന്ന ഈ “ജാതികൾ” ആരാണ്‌? അവർ ഒരിക്കൽ ഈ ദുഷ്ട​ലോ​ക​ത്തി​ലെ ജനതക​ളു​ടെ ഭാഗമാ​യി​രു​ന്ന​വ​രും ഈ മഹത്ത്വ​പൂർണ​മായ സ്വർഗീയ നഗരത്തി​ലൂ​ടെ വർഷി​ക്കുന്ന വെളി​ച്ച​ത്തോ​ടു പ്രതി​ക​രി​ക്കു​ന്ന​വ​രും ആയ ആളുക​ളാണ്‌. അവരിൽ പ്രഥമ​സ്ഥാ​ന​ത്തു​ള​ളവർ ഇപ്പോൾതന്നെ “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു” പുറത്തു​വ​ന്നി​രി​ക്കു​ന്ന​വ​രും യോഹ​ന്നാൻ വർഗ​ത്തോ​ടു​ചേർന്നു രാവും പകലും ദൈവത്തെ ആരാധി​ക്കു​ന്ന​വ​രും ആയ മഹാപു​രു​ഷാ​രം ആണ്‌. (വെളി​പ്പാ​ടു 7:9, 15) പുതിയ യെരു​ശ​ലേം സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ക​യും യേശു മരിച്ച​വരെ ഉയിർപ്പി​ക്കാൻ മരണത്തി​ന്റെ​യും ഹേഡീ​സി​ന്റെ​യും താക്കോൽ ഉപയോ​ഗി​ക്കു​ക​യും ചെയ്‌ത​ശേഷം മുമ്പു “ജാതികൾ” ആയിരുന്ന മററു ലക്ഷങ്ങൾകൂ​ടെ അവരോ​ടു കൂട്ടി​ച്ചേർക്ക​പ്പെ​ടും, അവർ യഹോ​വ​യെ​യും പുതിയ യെരു​ശ​ലേ​മി​ന്റെ കുഞ്ഞാ​ടു​തു​ല്യ ഭർത്താ​വായ അവന്റെ പുത്ര​നെ​യും സ്‌നേ​ഹി​ക്കാൻ ഇടയാ​കു​ന്നവർ ആണ്‌.—വെളി​പ്പാ​ടു 1:18.

17. പുതിയ യെരു​ശ​ലേ​മി​ലേക്കു ‘തങ്ങളുടെ മഹത്വം കൊണ്ടു​വ​രുന്ന’ “ഭൂമി​യു​ടെ രാജാ​ക്കൻമാർ” ആരാണ്‌?

17 അപ്പോൾ “തങ്ങളുടെ മഹത്വം അതി​ലേക്കു കൊണ്ടു​വരു”ന്ന “ഭൂമി​യു​ടെ രാജാ​ക്കൻമാർ” ആരാണ്‌? അവർ ഒരു സംഘ​മെ​ന്ന​നി​ല​യിൽ ഭൂമി​യി​ലെ അക്ഷരീയ രാജാ​ക്കൻമാർ അല്ല, എന്തെന്നാൽ അർമ​ഗെ​ദോ​നിൽ ദൈവ​രാ​ജ്യ​ത്തി​നെ​തി​രെ പോരാ​ടി​ക്കൊണ്ട്‌ അവർ നാശത്തി​ലേക്കു പോകു​ന്നു. (വെളി​പ്പാ​ടു 16:14, 16; 19:17, 18) രാജാ​ക്കൻമാർ മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രുന്ന ജനതക​ളി​ലെ ചില ഉന്നതസ്ഥാ​നീ​യർ ആയിരി​ക്കു​മോ, അതോ അവർ പുതി​യ​ലോ​ക​ത്തിൽ ദൈവ​രാ​ജ്യ​ത്തി​നു കീഴ്‌പെ​ടുന്ന പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന രാജാ​ക്കൻമാർ ആണോ? (മത്തായി 12:42) തീർച്ച​യാ​യും അല്ല, എന്തെന്നാൽ അത്തരം രാജാ​ക്കൻമാ​രു​ടെ മഹത്ത്വ​ത്തിൽ അധിക​പ​ങ്കും ലൗകി​ക​മാ​യി​രു​ന്നു, അതു മങ്ങിയി​ട്ടു വളരെ​ക്കാ​ല​വു​മാ​യി​രി​ക്കു​ന്നു. അപ്പോൾ പുതിയ യെരു​ശ​ലേ​മി​ലേക്കു തങ്ങളുടെ മഹത്ത്വം കൊണ്ടു​വ​രുന്ന “ഭൂമി​യു​ടെ രാജാ​ക്കൻമാർ” കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ രാജാ​ക്കൻമാ​രാ​യി ഭരിക്കു​ന്ന​തി​നു “സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും വംശത്തി​ലും ജാതി​യി​ലും നിന്നു . . . വിലെക്കു വാങ്ങ”പ്പെട്ടവർ ആയ 1,44,000 ആയിരി​ക്കണം. (വെളി​പ്പാ​ടു 5:9, 10; 22:5) നഗരത്തി​ന്റെ ശോഭ കൂട്ടു​ന്ന​തിന്‌ അവർ അതി​ലേക്കു ദൈവ​ദ​ത്ത​മായ തങ്ങളുടെ മഹത്ത്വം കൊണ്ടു​വ​രു​ന്നു.

18. (എ) പുതിയ യെരു​ശ​ലേ​മിൽനിന്ന്‌ ആർ ഒഴിവാ​ക്കി നിർത്ത​പ്പെ​ടും? (ബി) നഗരത്തിൽ പ്രവേ​ശി​ക്കാൻ ആർ മാത്രമേ അനുവ​ദി​ക്ക​പ്പെ​ടു​ക​യു​ളളൂ?

18 യോഹ​ന്നാൻ തുടരു​ന്നു: “കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​വ​ര​ല്ലാ​തെ അശുദ്ധ​മാ​യതു യാതൊ​ന്നും മ്‌ളേ​ച്ഛ​ത​യും ഭോഷ്‌കും പ്രവർത്തി​ക്കു​ന്നവൻ ആരും അതിൽ കടക്കയില്ല.” (വെളി​പ്പാ​ടു 21:27) സാത്താന്റെ വ്യവസ്ഥി​തി​യാൽ കളങ്കപ്പെട്ട യാതൊ​ന്നി​നും പുതിയ യെരു​ശ​ലേ​മി​ന്റെ ഭാഗമാ​യി​രി​ക്കാൻ കഴിയില്ല. അതിന്റെ പടിവാ​തി​ലു​കൾ സ്ഥിരമാ​യി തുറന്നി​രി​ക്കു​ന്നെ​ങ്കിൽ പോലും “മ്‌ളേ​ച്ഛ​ത​യും ഭോഷ്‌കും പ്രവർത്തി​ക്കുന്ന” ആരും പ്രവേ​ശി​ക്കാൻ അനുവ​ദി​ക്ക​പ്പെ​ടു​ക​യില്ല. ആ നഗരത്തിൽ വിശ്വാ​സ​ത്യാ​ഗി​ക​ളോ മഹാബാ​ബി​ലോ​ന്റെ ഏതെങ്കി​ലും അംഗങ്ങ​ളോ ഉണ്ടായി​രി​ക്കു​ക​യില്ല. നഗരത്തി​ന്റെ ഭാവി അംഗങ്ങൾ ഭൂമി​യി​ലാ​യി​രി​ക്കെ അവരെ ദുഷി​പ്പി​ച്ചു​കൊണ്ട്‌ അതിന്റെ പരിശു​ദ്ധി നശിപ്പി​ക്കാൻ ആരെങ്കി​ലും ശ്രമി​ക്കു​ന്നെ​ങ്കിൽ അവരുടെ ശ്രമങ്ങൾ തകർക്ക​പ്പെ​ടു​ന്നു. (മത്തായി 13:41-43) “കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന”വരായ 1,44,000 പേർ മാത്രമേ ഒടുവിൽ പുതിയ യെരു​ശ​ലേ​മി​ലേക്കു പ്രവേ​ശി​ക്കു​ക​യു​ളളൂ. bവെളി​പ്പാ​ടു 13:8; ദാനീ​യേൽ 12:3.

ജീവജ​ല​ന​ദി

19. (എ) മനുഷ്യ​വർഗ​ത്തി​ലേക്ക്‌ അനു​ഗ്ര​ഹങ്ങൾ തിരി​ച്ചു​വി​ടുന്ന മാർഗ​മെ​ന്ന​നി​ല​യിൽ യോഹ​ന്നാൻ പുതിയ യെരു​ശ​ലേ​മി​നെ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) “ജീവജ​ല​നദി” എപ്പോൾ ഒഴുകു​ന്നു, നാം എങ്ങനെ അറിയു​ന്നു?

19 ഉജ്ജ്വല​ശോ​ഭ​യു​ളള പുതിയ യെരു​ശ​ലേം ഭൂമി​യിൽ മനുഷ്യ​വർഗ​ത്തി​ലേക്കു മഹത്തായ അനു​ഗ്ര​ഹങ്ങൾ തിരി​ച്ചു​വി​ടും. യോഹ​ന്നാൻ അടുത്ത​താ​യി മനസ്സി​ലാ​ക്കു​ന്നത്‌ ഇതാണ്‌: “വീഥി​യു​ടെ നടുവിൽ ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സ​ന​ത്തിൽനി​ന്നു പുറ​പ്പെ​ടു​ന്ന​താ​യി പളുങ്കു​പോ​ലെ ശുഭ്ര​മായ ജീവജ​ല​ന​ദി​യും അവൻ എന്നെ കാണിച്ചു.” (വെളി​പ്പാ​ടു 22:1) ഈ “നദി” ഒഴുകു​ന്നത്‌ എപ്പോ​ഴാണ്‌? അത്‌ “ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സ​ന​ത്തിൽനി​ന്നു” ഒഴുകു​ന്ന​തു​കൊണ്ട്‌ 1914-ൽ കർത്താ​വി​ന്റെ ദിവസം തുടങ്ങി​യ​തി​നു​ശേഷം മാത്രമേ ആയിരി​ക്കാൻ കഴിയു​ക​യു​ളളൂ. അത്‌ ഏഴാമത്തെ കാഹളം മുഴക്ക​ലും “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും തുടങ്ങി​യി​രി​ക്കു​ന്നു” എന്ന മഹത്തായ പ്രഖ്യാ​പ​ന​വും മുഖേന ഉദ്‌ഘോ​ഷി​ക്ക​പ്പെട്ട സംഭവം നടക്കു​ന്ന​തി​നു​ളള സമയമാ​യി​രു​ന്നു. (വെളി​പ്പാ​ടു 11:15; 12:10) ആ തീയതി​ക്കു മുമ്പു മിശി​ഹൈക രാജാ​വെന്ന നിലയിൽ “കുഞ്ഞാടു” സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ടി​രു​ന്നില്ല. അതിനു​പു​റമേ, നദി പുതിയ യെരു​ശ​ലേ​മി​ന്റെ വിശാ​ല​മായ വീഥി​യി​ലൂ​ടെ ഒഴുകു​ന്ന​തു​കൊണ്ട്‌, ദർശന​ത്തി​ന്റെ നിവൃ​ത്തി​യു​ടെ കാലം സാത്താന്റെ ലോക​ത്തി​ന്റെ നാശത്തി​നു​ശേഷം പുതിയ യെരു​ശ​ലേം ‘സ്വർഗ്ഗ​ത്തിൽനി​ന്നു ദൈവ​സ​ന്നി​ധി​യിൽനി​ന്നു​തന്നേ ഇറങ്ങി​വ​രു​മ്പോൾ’ ആയിരി​ക്കണം.—വെളി​പ്പാ​ടു 21:2.

20. ഒരളവിൽ ജീവജലം ഇപ്പോൾതന്നെ ലഭ്യമാ​ണെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

20 ജീവദാ​യ​ക​മായ ജലം മനുഷ്യ​വർഗ​ത്തി​നു വാഗ്‌ദാ​നം ചെയ്‌ത ആദ്യ സന്ദർഭം ഇതല്ല. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നിത്യ​ജീ​വൻ പകർന്നു​കൊ​ടു​ക്കുന്ന ജലത്തെ​ക്കു​റിച്ച്‌ അവൻ സംസാ​രി​ച്ചു. (യോഹ​ന്നാൻ 4:10-14; 7:37, 38) കൂടാതെ, ഈ സ്‌നേ​ഹ​പൂർവ​ക​മായ ക്ഷണം യോഹ​ന്നാൻ കേൾക്കാൻ പോക​യാണ്‌: “വരിക എന്നു ആത്മാവും മണവാ​ട്ടി​യും പറയുന്നു; കേൾക്കു​ന്ന​വ​നും: വരിക എന്നു പറയട്ടെ; ദാഹി​ക്കു​ന്നവൻ വരട്ടെ; ഇച്ഛിക്കു​ന്നവൻ ജീവജലം സൗജന്യ​മാ​യി വാങ്ങട്ടെ.” (വെളി​പ്പാ​ടു 22:17) ഒരളവിൽ ജീവജലം ഇപ്പോൾതന്നെ ലഭ്യമാ​ണെന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ ഈ ക്ഷണം ഇപ്പോൾപോ​ലും മുഴക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. എന്നാൽ പുതിയ ലോക​ത്തിൽ ആ വെളളം ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽനി​ന്നു പുതിയ യെരു​ശ​ലേ​മി​ലൂ​ടെ ഒരു അസ്സൽ നദിയാ​യി ഒഴുകും.

21. “ജീവജ​ല​നദി” എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു, ഈ നദി​യെ​ക്കു​റി​ച്ചു​ളള എസെക്കി​യേ​ലി​ന്റെ ദർശനം അതറി​യാൻ നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

21 ഈ “ജീവജ​ല​നദി” എന്താണ്‌? അക്ഷരാർഥ ജലം ജീവി​ച്ചി​രി​ക്കാൻ അനു​പേ​ക്ഷ​ണീ​യ​മായ ഒരു ഘടകമാണ്‌. ആഹാര​മി​ല്ലാ​തെ ഒരു മനുഷ്യന്‌ ആഴ്‌ച​ക​ളോ​ളം ജീവി​ച്ചി​രി​ക്കാൻ കഴിയും, എന്നാൽ വെളളം കിട്ടി​യി​ല്ലെ​ങ്കിൽ അയാൾ ഏതാണ്ട്‌ ഒരാഴ്‌ച​ക്കു​ള​ളിൽ മരിക്കും. ജലം ഒരു ശുചീ​കരണ ഹേതു​വാണ്‌, ആരോ​ഗ്യ​ത്തിന്‌ അതി​പ്ര​ധാ​ന​വു​മാണ്‌. അതു​കൊണ്ട്‌, ജീവജലം മനുഷ്യ​വർഗ​ത്തി​ന്റെ ജീവനും ആരോ​ഗ്യ​ത്തി​നും ഒഴിച്ചു​കൂ​ടാ​നാ​വാത്ത ചിലതി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താ​യി​രി​ക്കണം. ഈ “ജീവജ​ല​നദി”യുടെ ഒരു ദർശനം പ്രവാ​ച​ക​നായ എസെക്കി​യേ​ലി​നും നൽക​പ്പെട്ടു. അവന്റെ ദർശന​ത്തിൽ നദി യെരു​ശ​ലേ​മി​ലെ ആലയത്തിൽനി​ന്നു പുറ​പ്പെട്ടു ചാവു​ക​ട​ലി​ലേക്ക്‌ ഒഴുകി. അനന്തരം അതാ മഹാത്ഭു​തം! ജീവര​ഹി​ത​മായ ആ രാസവ​സ്‌തു​പൂ​രിത ജലം മത്സ്യങ്ങ​ളെ​ക്കൊ​ണ്ടു നിറഞ്ഞ ശുദ്ധജ​ല​മാ​യി മാറി! (യെഹെ​സ്‌കേൽ 47:1-12) അതെ, ദാർശ​നിക നദി മുമ്പു മരിച്ച​താ​യി​രുന്ന ചിലതി​നെ ജീവനി​ലേക്കു തിരി​ച്ചു​വ​രു​ത്തു​ന്നു, ജീവജ​ല​നദി ‘മൃതാവസ്ഥ’യിലുളള മാനവ​രാ​ശി​ക്കു പൂർണ​ത​യു​ളള മനുഷ്യ​ജീ​വൻ പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള ദൈവ​ത്തി​ന്റെ കരുത​ലി​നെ ചിത്രീ​ക​രി​ക്കു​ന്ന​താ​യി അതു സ്ഥിരീ​ക​രി​ക്കു​ന്നു. ഈ നദി “പളുങ്കു​പോ​ലെ ശുഭ്ര”മാണ്‌, ദൈവ​ത്തി​ന്റെ കരുത​ലു​ക​ളു​ടെ പരിശു​ദ്ധി​യെ​യും പവി​ത്ര​ത​യെ​യും ഇത്‌ കാണി​ക്കു​ന്നു. അതു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മാരക​മായ രക്തപങ്കില “വെളളം” പോ​ലെയല്ല.—വെളി​പ്പാ​ടു 8:10, 11.

22. (എ) നദി ഉത്ഭവി​ക്കു​ന്ന​തെ​വി​ടെ, ഇത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ജീവജ​ല​ത്തിൽ എന്തുൾപ്പെ​ടു​ന്നു, ഈ പ്രതീ​കാ​ത്മക നദിയിൽ എന്തുൾപ്പെ​ടു​ന്നു?

22 നദി “ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സ​ന​ത്തിൽനി​ന്നു” പുറ​പ്പെ​ടു​ന്നു. ഇത്‌ ഉചിത​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വ​യു​ടെ ജീവദാ​യ​ക​മായ കരുത​ലു​ക​ളു​ടെ അടിസ്ഥാ​നം മറുവി​ല​യാ​ഗം ആണ്‌. യഹോവ “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു . . . അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹിച്ച”തുകൊ​ണ്ടാണ്‌ ഇതു പ്രദാനം ചെയ്‌തത്‌. (യോഹ​ന്നാൻ 3:16) ബൈബി​ളിൽ ജലമായി പറയ​പ്പെ​ടുന്ന ദൈവ​വ​ച​ന​വും ജീവജ​ല​ത്തിൽ ഉൾപ്പെ​ടു​ന്നു. (എഫെസ്യർ 5:26) എന്നിരു​ന്നാ​ലും, ജീവജ​ല​ന​ദി​യിൽ സത്യം മാത്രമല്ല, പിന്നെ​യോ അനുസ​ര​ണ​മു​ളള മനുഷ്യ​വർഗത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും ഉദ്ധരി​ക്കാ​നും അവർക്കു നിത്യ​ജീ​വൻ നൽകാ​നും യേശു​വി​ന്റെ ബലിയെ അടിസ്ഥാ​ന​മാ​ക്കി​യു​ളള യഹോ​വ​യു​ടെ മററു സകല കരുത​ലും ഉൾപ്പെ​ടു​ന്നു.—യോഹ​ന്നാൻ 1:29; 1 യോഹ​ന്നാൻ 2:1, 2.

23. (എ) ജീവജ​ല​നദി പുതിയ യെരു​ശ​ലേ​മി​ന്റെ വിശാ​ല​മായ വീഥി​യു​ടെ നടുവി​ലൂ​ടെ ഒഴുകു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ജീവജലം സമൃദ്ധ​മാ​യി ഒഴുകു​മ്പോൾ അബ്രഹാ​മി​നോ​ടു​ളള ഏതു ദിവ്യ​വാ​ഗ്‌ദത്തം നിറ​വേ​റും?

23 ആയിര​മാ​ണ്ടു വാഴ്‌ച​ക്കാ​ലത്തു മറുവി​ല​യു​ടെ പ്രയോ​ജ​നങ്ങൾ യേശു​വി​ന്റെ​യും അവന്റെ 1,44,000 ഉപപു​രോ​ഹി​തൻമാ​രു​ടെ​യും പൗരോ​ഹി​ത്യം മുഖാ​ന്തരം പൂർണ​മാ​യി പ്രയോ​ഗി​ക്ക​പ്പെ​ടു​ന്നു. അപ്പോൾ ഉചിത​മാ​യി, ജീവജ​ല​നദി പുതിയ യെരു​ശ​ലേ​മി​ന്റെ വിശാ​ല​മായ വീഥി​യു​ടെ നടുവി​ലൂ​ടെ ഒഴുകു​ന്നു. ഇത്‌ യേശു​വി​നോ​ടൊത്ത്‌ അബ്രഹാ​മി​ന്റെ യഥാർഥ സന്തതി​യാ​യി​ത്തീ​രുന്ന ആത്മീയ ഇസ്രാ​യേൽ കൂടി​ച്ചേർന്ന​താണ്‌. (ഗലാത്യർ 3:16, 29) അതു​കൊണ്ട്‌, പ്രതീ​കാ​ത്മക നഗരത്തി​ന്റെ വിശാ​ല​മായ വീഥി​യു​ടെ നടുവി​ലൂ​ടെ ജീവജലം സമൃദ്ധ​മാ​യി ഒഴുകു​മ്പോൾ ‘ഭൂമി​യി​ലു​ളള സകലജാ​തി​കൾക്കും’ അബ്രഹാ​മി​ന്റെ സന്തതി മുഖാ​ന്തരം തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കാൻ പൂർണ​മായ അവസരം ലഭിക്കും. അബ്രഹാ​മി​നോ​ടു​ളള യഹോ​വ​യു​ടെ വാഗ്‌ദത്തം പൂർണ​മാ​യി നിറ​വേ​റും.—ഉല്‌പത്തി 22:17, 18.

ജീവവൃ​ക്ഷ​ങ്ങൾ

24. ജീവജ​ല​ന​ദി​യു​ടെ ഇരു കരകളി​ലും യോഹ​ന്നാൻ ഇപ്പോൾ എന്തു കാണുന്നു, അവ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

24 എസെക്കി​യേ​ലി​ന്റെ ദർശന​ത്തിൽ നദി ഒരു മഹാ​പ്ര​വാ​ഹം ആയിത്തീ​രു​ക​പോ​ലും ചെയ്‌തു, അതിന്റെ ഇരു കരകളി​ലും എല്ലാത്തരം ഫലോ​ത്‌പാ​ദക വൃക്ഷങ്ങ​ളും വളരു​ന്ന​താ​യും പ്രവാ​ചകൻ കണ്ടു. (യെഹെ​സ്‌കേൽ 47:12) എന്നാൽ യോഹ​ന്നാൻ എന്തു കാണുന്നു? ഇതുതന്നെ: “നദിക്കു ഇക്കരെ​യും അക്കരെ​യും ജീവവൃ​ക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസം​തോ​റും അതതു ഫലം കൊടു​ക്കു​ന്നു; വൃക്ഷത്തി​ന്റെ ഇല ജാതി​ക​ളു​ടെ രോഗ​ശാ​ന്തി​ക്കു ഉതകുന്നു.” (വെളി​പ്പാ​ടു 22:2) ഈ ‘ജീവവൃ​ക്ഷ​ങ്ങ​ളും’ അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തി​നു നിത്യ​ജീ​വൻ നൽകാ​നു​ളള യഹോ​വ​യു​ടെ കരുത​ലി​ന്റെ ഭാഗത്തെ ചിത്രീ​ക​രി​ക്കേ​ണ്ട​താണ്‌.

25. പ്രതി​ക​ര​ണ​മു​ളള മനുഷ്യർക്കു​വേണ്ടി ആഗോള പറുദീ​സ​യിൽ യഹോവ സമൃദ്ധ​മായ എന്തു കരുതൽ ചെയ്യുന്നു?

25 പ്രതി​ക​ര​ണ​മു​ളള മനുഷ്യർക്കു​വേണ്ടി യഹോവ എന്തു സമൃദ്ധ​മായ കരുത​ലാ​ണു ചെയ്യു​ന്നത്‌! അവർക്ക്‌ ആ ഉൻമേ​ഷ​ദാ​യ​ക​മായ ജലം കുടി​ക്കാ​മെന്നു മാത്രമല്ല, ആ വൃക്ഷങ്ങ​ളിൽനി​ന്നു പോഷ​ക​ഗു​ണ​മു​ളള, തുടർച്ച​യാ​യി ലഭിക്കുന്ന വിവി​ധ​യി​നം ഫലങ്ങൾ പറി​ച്ചെ​ടു​ക്കു​ക​യും ചെയ്യാം. ഓ, നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾ ഏദെനി​ലെ പറുദീ​സ​യിൽ ‘അഭികാ​മ്യ​മായ’ ഒരു സമാന കരുതൽകൊ​ണ്ടു തൃപ്‌തി​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ! (ഉൽപ്പത്തി 2:9, NW) എന്നാൽ ഇപ്പോൾ ഒരു ആഗോള പറുദീസ കൈവ​ന്നി​രി​ക്കു​ന്നു, ആ പ്രതീ​കാ​ത്മക വൃക്ഷങ്ങ​ളു​ടെ ഇലകൾ മുഖാ​ന്തരം “ജാതി​ക​ളു​ടെ രോഗ​ശാ​ന്തി​ക്കു”വേണ്ടി പോലും യഹോവ കരുതൽ ചെയ്യുന്നു. c പച്ചമരു​ന്നാ​യാ​ലും മറെറ​ന്താ​യാ​ലും ഇന്നു പ്രയോ​ഗി​ക്ക​പ്പെ​ടുന്ന ഏതു മരുന്നി​നെ​ക്കാ​ളും വളരെ ശ്രേഷ്‌ഠ​മായ ആ പ്രതീ​കാ​ത്മക ഇലകളു​ടെ സാന്ത്വക പ്രയോ​ഗം വിശ്വാ​സ​മു​ളള മനുഷ്യ​വർഗത്തെ ആത്മീയ​വും ശാരീ​രി​ക​വു​മായ പൂർണ​ത​യി​ലേക്ക്‌ ഉയർത്തും.

26. ജീവവൃ​ക്ഷങ്ങൾ എന്തി​നെ​യും ചിത്രീ​ക​രി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌?

26 കൂടു​ത​ലാ​യി, നദിയി​ലൂ​ടെ നല്ല നീരോ​ട്ടം ലഭിക്കുന്ന ആ വൃക്ഷങ്ങൾ കുഞ്ഞാ​ടി​ന്റെ ഭാര്യ​യാ​കുന്ന 1,44,000 അംഗങ്ങ​ളെ​യും ചിത്രീ​ക​രി​ച്ചേ​ക്കാം. ഭൂമി​യി​ലാ​യി​രി​ക്കു​മ്പോൾ ഇവരും ജീവനു​വേണ്ടി യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള ദൈവ​ത്തി​ന്റെ കരുത​ലിൽനി​ന്നു കുടി​ക്കു​ന്നു, അവർ വൻ “നീതി​വൃ​ക്ഷങ്ങൾ” എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (യെശയ്യാ​വു 61:1-3; വെളി​പ്പാ​ടു 21:6) അവർ ഇതിനകം യഹോ​വ​യു​ടെ സ്‌തു​തി​ക്കാ​യി വളരെ ആത്മീയ​ഫലം ഉത്‌പാ​ദി​പ്പി​ച്ചി​ട്ടുണ്ട്‌. (മത്തായി 21:43) ആയിര​മാ​ണ്ടു വാഴ്‌ച​ക്കാ​ലത്ത്‌, പാപത്തിൽനി​ന്നും മരണത്തിൽനി​ന്നു​മു​ളള “ജനതക​ളു​ടെ രോഗ​ശാ​ന്തി​ക്കു”തകുന്ന മറുവില സംബന്ധ​മായ കരുത​ലു​കൾ പകർന്നു​കൊ​ടു​ക്കു​ന്ന​തിൽ അവർക്ക്‌ ഒരു പങ്കുണ്ടാ​യി​രി​ക്കും.—താരത​മ്യം ചെയ്യുക: 1 യോഹ​ന്നാൻ 1:7.

മേലാൽ രാത്രി​യി​ല്ല

27. പുതിയ യെരു​ശ​ലേ​മി​ലേക്കു പ്രവേ​ശി​ക്കാൻ പദവി ലഭിക്കു​ന്ന​വർക്കു​ളള കൂടു​ത​ലായ ഏത്‌ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു യോഹ​ന്നാൻ പറയുന്നു, “യാതൊ​രു ശാപവും ഇനി ഉണ്ടാക​യില്ല” എന്നു പറഞ്ഞി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

27 പുതിയ യെരു​ശ​ലേ​മി​ലേ​ക്കു​ളള പ്രവേ​ശനം—തീർച്ച​യാ​യും, അതിലും അത്ഭുത​ക​ര​മായ ഒരു പദവി ഉണ്ടായി​രി​ക്കാൻ കഴിയില്ല! ആലോ​ചി​ച്ചു നോക്കൂ,—ഒരിക്കൽ എളിയ​വ​രും അപൂർണ​രു​മായ മനുഷ്യ​രാ​യി​രു​ന്നവർ അത്തരം മഹത്ത്വ​പൂർണ​മായ ഒരു ക്രമീ​ക​ര​ണ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്ന​തിന്‌ യേശു​വി​ന്റെ പിന്നാലെ സ്വർഗ​ത്തി​ലേക്കു പോകും! (യോഹ​ന്നാൻ 14:2) ഇവർ ആസ്വദി​ക്കാൻ പോകുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ കുറെ ആശയം നൽകുന്നു: “യാതൊ​രു ശാപവും ഇനി ഉണ്ടാക​യില്ല; ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സനം അതിൽ ഇരിക്കും; അവന്റെ ദാസൻമാർ അവനെ ആരാധി​ക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെററി​യിൽ ഇരിക്കും.” (വെളി​പ്പാ​ടു 22:3, 4) ഇസ്രാ​യേല്യ പുരോ​ഹി​ത​വർഗം ദുഷി​ച്ചു​പോ​യ​പ്പോൾ അത്‌ യഹോ​വ​യു​ടെ ശാപം അനുഭ​വി​ച്ചു. (മലാഖി 2:2) യെരു​ശ​ലേ​മി​ന്റെ അവിശ്വസ്‌ത “ഭവനം” ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യി യേശു പ്രഖ്യാ​പി​ച്ചു. (മത്തായി 23:37-39) എന്നാൽ പുതിയ യെരു​ശ​ലേ​മിൽ “യാതൊ​രു ശാപവും ഇനി ഉണ്ടാക​യില്ല”. (താരത​മ്യം ചെയ്യുക: സെഖര്യാ​വു 14:11.) അതിലെ നിവാ​സി​കൾ എല്ലാം ഇവിടെ ഭൂമി​യിൽവെച്ച്‌ അഗ്നിപ​രീ​ക്ഷ​ക​ളിൽ പരി​ശോ​ധി​ക്ക​പ്പെ​ട്ട​വ​രാണ്‌, വിജയം വരിച്ച​ശേഷം അവർ ‘അമർത്ത്യ​ത​യും അക്ഷയത്വ​വും ധരിച്ചി​രി​ക്കും’. യേശു​വി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, അവരുടെ സംഗതി​യി​ലും അവർ ഒരിക്ക​ലും തെററി​പ്പോ​വു​ക​യി​ല്ലെന്ന്‌ യഹോവ അറിയു​ന്നു. (1 കൊരി​ന്ത്യർ 15:53, 57) അതിനു​പു​റമേ, നഗരത്തി​ന്റെ നില സകലനി​ത്യ​ത​യി​ലും ഭദ്രമാ​ക്കി​ക്കൊണ്ട്‌, “ദൈവ​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും സിംഹാ​സനം” അവിടെ ഉണ്ടായി​രി​ക്കും.

28. പുതിയ യെരു​ശ​ലേ​മി​ന്റെ അംഗങ്ങൾക്ക്‌ അവരുടെ നെററി​യിൽ ദൈവ​നാ​മം എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അവരുടെ മുമ്പാകെ ഏതു പുളക​പ്ര​ദ​മായ പ്രതീക്ഷ സ്ഥിതി​ചെ​യ്യു​ന്നു?

28 യോഹ​ന്നാ​നെ​പ്പോ​ലെ, ആ സ്വർഗീയ നഗരത്തി​ന്റെ എല്ലാ ഭാവി അംഗങ്ങ​ളും ദൈവ​ത്തി​ന്റെ “അടിമകൾ” ആണ്‌. ആ നിലയിൽ, അവരുടെ നെററി​യിൽ ദൈവ​നാ​മം സ്‌പഷ്ട​മാ​യി എഴുതി​യി​ട്ടുണ്ട്‌, അവനെ അവരുടെ ഉടമസ്ഥ​നാ​യി തിരി​ച്ച​റി​യി​ച്ചു​കൊ​ണ്ടു​തന്നെ. (വെളി​പാട്‌ 1:1, NW; 3:12) പുതിയ യെരു​ശ​ലേ​മി​ന്റെ ഭാഗമെന്ന നിലയിൽ അവന്‌ വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്നത്‌ ഒരു അമൂല്യ പദവി​യാ​യി അവർ കണക്കാ​ക്കും. “ഹൃദയ​ശു​ദ്ധി​യു​ള​ളവർ ഭാഗ്യ​വാൻമാർ; അവർ ദൈവത്തെ കാണും” എന്നു പറഞ്ഞു​കൊണ്ട്‌ യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അത്തരം ഭാവി ഭരണാ​ധി​കാ​രി​കൾക്കു പുളക​പ്ര​ദ​മായ ഒരു വാഗ്‌ദത്തം നൽകി. (മത്തായി 5:8) വാസ്‌ത​വ​ത്തിൽ യഹോ​വയെ നേരിട്ടു കണ്ടു​കൊണ്ട്‌ ആരാധി​ക്കു​ന്ന​തിൽ ഈ ദാസൻമാർ എത്ര സന്തുഷ്ട​രാ​യി​രി​ക്കും!

29. സ്വർഗീ​യ​മായ പുതിയ യെരു​ശ​ലേ​മി​നെ​ക്കു​റിച്ച്‌ “ഇനി രാത്രി ഉണ്ടാക​യില്ല” എന്ന്‌ യോഹ​ന്നാൻ പറയു​ന്ന​തെ​ന്തു​കൊണ്ട്‌?

29 യോഹ​ന്നാൻ തുടരു​ന്നു: “ഇനി രാത്രി ഉണ്ടാക​യില്ല; ദൈവ​മായ കർത്താവു അവരു​ടെ​മേൽ പ്രകാ​ശി​ക്കു​ന്ന​തു​കൊ​ണ്ടു വിളക്കി​ന്റെ വെളി​ച്ച​മോ സൂര്യന്റെ വെളി​ച്ച​മോ അവർക്കു ആവശ്യ​മില്ല.” (വെളി​പ്പാ​ടു 22:5എ) ഭൂമി​യി​ലെ മറേറതു നഗര​ത്തെ​യും പോലെ, പുരാതന യെരു​ശ​ലേം പകൽ വെളി​ച്ച​ത്തി​നു​വേണ്ടി സൂര്യ​നെ​യും രാത്രി​യിൽ ചന്ദ്ര​പ്ര​കാ​ശ​ത്തെ​യും കൃത്രിമ വെളി​ച്ച​ത്തെ​യും ആശ്രയി​ച്ചു. എന്നാൽ സ്വർഗീ​യ​മായ പുതിയ യെരു​ശ​ലേ​മിൽ അത്തരം പ്രകാ​ശി​പ്പി​ക്കൽ അനാവ​ശ്യ​മാ​യി​രി​ക്കും. യഹോ​വ​തന്നെ നഗരത്തെ പ്രകാ​ശി​ത​മാ​ക്കും. “രാത്രി” ആലങ്കാ​രിക അർഥത്തിൽ അനർഥത്തെ അല്ലെങ്കിൽ യഹോ​വ​യിൽനി​ന്നു​ളള വേർപാ​ടി​നെ പരാമർശി​ക്കാ​നും ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. (മീഖാ 3:6; യോഹ​ന്നാൻ 9:4; റോമർ 13:11, 12) സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹത്ത്വ​പൂർണ​വും ജ്വലി​ക്കു​ന്ന​തു​മായ സന്നിധാ​ന​ത്തിൽ അത്തരം രാത്രി ഒരിക്ക​ലും ഉണ്ടായി​രി​ക്കാൻ കഴിയില്ല.

30. ശോഭ​ന​മായ ഈ ദർശനം യോഹ​ന്നാൻ ഉപസം​ഹ​രി​ക്കു​ന്ന​തെ​ങ്ങനെ, വെളി​പാട്‌ നമുക്ക്‌ എന്തുറപ്പു നൽകുന്നു?

30 ദൈവ​ത്തി​ന്റെ ഈ അടിമ​ക​ളെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ യോഹ​ന്നാൻ ശോഭ​ന​മായ ഈ ദർശനം ഉപസം​ഹ​രി​ക്കു​ന്നു: “അവർ എന്നെ​ന്നേ​ക്കും രാജാ​ക്കൻമാ​രാ​യി​രി​ക്കും.” (വെളി​പ്പാ​ടു 22:5ബി) ആയിരം വർഷത്തി​ന്റെ അവസാ​ന​ത്തിൽ മറുവി​ല​യു​ടെ പ്രയോ​ജ​നങ്ങൾ പൂർണ​മാ​യി പ്രയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കും, പൂർണ​രാ​ക്ക​പ്പെട്ട ഒരു മനുഷ്യ​വർഗത്തെ യേശു തന്റെ പിതാ​വി​നു സമർപ്പി​ക്കു​ക​യും ചെയ്യു​മെ​ന്നതു സത്യം​തന്നെ. (1 കൊരി​ന്ത്യർ 15:25-28) അതിനു​ശേഷം യേശു​വി​നെ​യും 1,44,000-ത്തെയും സംബന്ധിച്ച്‌ യഹോ​വ​യു​ടെ മനസ്സി​ലു​ള​ള​തെ​ന്തെന്നു നമുക്ക​റി​യില്ല. എന്നാൽ യഹോ​വ​ക്കു​ളള അവരുടെ മഹത്തായ വിശു​ദ്ധ​സേ​വനം സകലനി​ത്യ​ത​യി​ലും തുടരു​മെന്നു വെളി​പ്പാ​ടു നമുക്കു​റപ്പു നൽകുന്നു.

വെളി​പാ​ടി​ന്റെ സന്തുഷ്ടി​ക​ര​മായ പാരമ്യം

31. (എ) പുതിയ യെരു​ശ​ലേ​മി​ന്റെ ദർശനം ഏതു പാരമ്യ​ത്തെ കുറി​ക്കു​ന്നു? (ബി) മനുഷ്യ​വർഗ​ത്തി​ലെ മററു വിശ്വ​സ്‌തർക്കു പുതിയ യെരു​ശ​ലേം എന്തു സാധി​ച്ചു​കൊ​ടു​ക്കു​ന്നു?

31 കുഞ്ഞാ​ടി​ന്റെ മണവാ​ട്ടി​യായ പുതിയ യെരു​ശ​ലേ​മി​നെ സംബന്ധിച്ച ഈ ദർശന​ത്തി​ന്റെ സാക്ഷാ​ത്‌കാ​ര​മാ​ണു വെളി​പാ​ടു ചൂണ്ടി​ക്കാ​ണി​ക്കുന്ന സന്തുഷ്ടി​ക​ര​മായ പാരമ്യം, അത്‌ ഉചിത​വു​മാണ്‌. യോഹ​ന്നാ​ന്റെ ഒന്നാം നൂററാ​ണ്ടി​ലെ സഹക്രി​സ്‌ത്യാ​നി​കൾ എല്ലാവ​രും യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ അമർത്ത്യ ആത്മാക്ക​ളായ സഹഭര​ണാ​ധി​കാ​രി​ക​ളാ​യി ആ നഗരത്തി​ലേക്കു പ്രവേ​ശി​ക്കാൻ നോക്കി​പ്പാർത്തി​രു​ന്നു, പുസ്‌തകം ആദ്യം സംബോ​ധന ചെയ്‌തത്‌ അവരെ​യാ​യി​രു​ന്നു. ഇപ്പോ​ഴും ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇന്നുളള ശേഷി​പ്പിന്‌ അതേ പ്രത്യാ​ശ​യാ​ണു​ള​ളത്‌. അങ്ങനെ അംഗസം​ഖ്യ തികഞ്ഞ മണവാട്ടി കുഞ്ഞാ​ടി​നോ​ടു ചേരു​ന്ന​തോ​ടെ വെളി​പാട്‌ അതിന്റെ മഹത്തായ പാരമ്യ​ത്തി​ലേക്കു നീങ്ങുന്നു. അടുത്ത​താ​യി, യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ പുതിയ യെരു​ശ​ലേം മുഖാ​ന്തരം മനുഷ്യ​വർഗ​ത്തി​നാ​യി പ്രയോ​ഗി​ക്ക​പ്പെ​ടും, തന്നിമി​ത്തം അന്തിമ​മാ​യി വിശ്വ​സ്‌ത​രായ എല്ലാവ​രും നിത്യ​ജീ​വ​നി​ലേക്കു പ്രവേ​ശി​ക്കും. ഈ വിധത്തിൽ മണവാ​ട്ടി​യായ പുതിയ യെരു​ശ​ലേം അവളുടെ മണവാ​ള​രാ​ജാ​വി​ന്റെ വിശ്വസ്‌ത പങ്കാളി​യെ​ന്ന​നി​ല​യിൽ നിത്യ​മാ​യി നീതി​യു​ളള ഒരു പുതിയ ഭൂമി പടുത്തു​യർത്തു​ന്ന​തിൽ പങ്കെടു​ക്കും—എല്ലാം നമ്മുടെ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി​ത്തന്നെ.—മത്തായി 20:28; യോഹ​ന്നാൻ 10:10, 16; റോമർ 16:27.

32, 33. വെളി​പാ​ടിൽനിന്ന്‌ നാം എന്തു പഠിച്ചി​രി​ക്കു​ന്നു, നമ്മുടെ ഹൃദയം​ഗ​മ​മായ പ്രതി​ക​രണം എന്തായി​രി​ക്കണം?

32 അപ്പോൾ, നമ്മുടെ വെളി​പാ​ടു പുസ്‌ത​ക​ത്തി​ന്റെ പരിചി​ന്തനം അതിന്റെ സമാപ​ന​ത്തി​ലേക്കു വരു​മ്പോൾ നമുക്ക്‌ എത്ര സന്തോഷം അനുഭ​വ​പ്പെ​ടു​ന്നു! സാത്താ​ന്റെ​യും അവന്റെ സന്തതി​യു​ടെ​യും അന്തിമ​ശ്ര​മങ്ങൾ തികച്ചും നിഷ്‌ഫ​ല​മാ​ക്ക​പ്പെ​ട്ട​തും യഹോ​വ​യു​ടെ നീതി​യു​ളള ന്യായ​വി​ധി​കൾ പൂർണ​മാ​യി നിർവ​ഹി​ക്ക​പ്പെ​ട്ട​തും നാം കണ്ടുക​ഴി​ഞ്ഞി​രി​ക്കു​ന്നു. മഹാബാ​ബി​ലോ​നും അതി​നെ​ത്തു​ടർന്നു സാത്താന്യ ലോക​ത്തി​ന്റെ അങ്ങേയ​ററം ദുഷിച്ച മറെറല്ലാ ഘടകങ്ങ​ളും അസ്‌തി​ത്വ​ത്തിൽനിന്ന്‌ എന്നേക്കു​മാ​യി നീങ്ങി​പ്പോ​കേ​ണ്ടി​യി​രി​ക്കു​ന്നു. സാത്താൻത​ന്നെ​യും അവന്റെ ഭൂതങ്ങ​ളും അഗാധ​ത്തി​ല​ട​യ്‌ക്ക​പ്പെ​ടു​ക​യും പിന്നീടു നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും. പുനരു​ത്ഥാ​ന​വും ന്യായ​വി​ധി​യും നടക്കു​മ്പോൾ പുതിയ യെരു​ശ​ലേം സ്വർഗ​ത്തിൽനി​ന്നു ക്രിസ്‌തു​വി​നോ​ടൊ​ത്തു ഭരണം നടത്തും, പൂർണ​രാ​ക്ക​പ്പെട്ട മനുഷ്യ​വർഗം ഒടുവിൽ പറുദീ​സാ​ഭൂ​മി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ ഇടയാ​കും. വെളി​പാട്‌ ഈ കാര്യ​ങ്ങ​ളെ​ല്ലാം എത്ര സ്‌പഷ്ട​മാ​യി ചിത്രീ​ക​രി​ക്കു​ന്നു! ഇന്നു ഭൂമി​യി​ലു​ളള ‘സകല ജാതി​യും ഗോ​ത്ര​വും ഭാഷയും വംശവും ആയവ​രോ​ടു സദ്‌വാർത്ത​ക​ളാ​യി ഈ നിത്യ​സു​വി​ശേഷം ഘോഷി​ക്കാ​നു​ളള’ നമ്മുടെ നിശ്ചയത്തെ അത്‌ എത്ര ബലിഷ്‌ഠ​മാ​ക്കു​ന്നു! (വെളി​പ്പാ​ടു 14:6, 7) ഈ മഹത്തായ വേലയിൽ നിങ്ങൾ പൂർണ​മാ​യി നിങ്ങ​ളെ​ത്തന്നെ ചെലവ​ഴി​ക്കു​ന്നു​വോ?

33 വളരെ​യ​ധി​കം നന്ദി നിറഞ്ഞ ഹൃദയ​ത്തോ​ടെ നമുക്കു വെളി​പാ​ടി​ന്റെ ഉപസം​ഹാര വാക്കു​കൾക്കു ശ്രദ്ധ നൽകാം.

[അടിക്കു​റി​പ്പു​കൾ]

a ഉപയോഗിക്കപ്പെട്ട അളവ്‌ “മമനു​ഷ്യ​ന്റെ അളവിന്നു എന്നു​വെ​ച്ചാൽ ദൂതന്റെ അളവിന്നു തന്നേ” എന്ന വസ്‌തുത ആദ്യം മനുഷ്യ​രാ​യി​രു​ന്ന​വ​രും എന്നാൽ പിന്നീടു ദൂതൻമാ​രു​ടെ ഇടയിൽ ആത്മീയ ജീവി​ക​ളാ​യി​ത്തീ​രു​ന്ന​വ​രും ആയ 1,44,000 പേർ ചേർന്നാ​ണു നഗരം രൂപീ​കൃ​ത​മാ​കു​ന്നത്‌ എന്ന വസ്‌തു​ത​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കാം.

b “കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ” ആത്മീയ ഇസ്രാ​യേ​ലായ 1,44,000-ത്തിന്റെ പേരുകൾ മാത്രമേ ഉളളൂ എന്നതു കുറി​ക്കൊ​ള​ളുക. അങ്ങനെ അതു ഭൂമി​യിൽ ജീവൻ പ്രാപി​ക്കു​ന്ന​വരെ ഉൾപ്പെ​ടു​ത്തുന്ന “ജീവപു​സ്‌തക”ത്തിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌.—വെളി​പ്പാ​ടു 20:12.

c ‘ജാതികൾ’ [ജനതകൾ, NW] എന്ന പ്രയോ​ഗം മിക്ക​പ്പോ​ഴും ആത്മീയ ഇസ്രാ​യേ​ലിൽ ഉൾപ്പെ​ടാ​ത്ത​വരെ പരാമർശി​ക്കു​ന്നു എന്നതു കുറി​ക്കൊ​ള​ളുക. (വെളി​പ്പാ​ടു 7:9; 15:4; 20:3; 21:24, 26) ആ പദത്തിന്റെ ഇവി​ടെ​യു​ളള ഉപയോ​ഗം ആയിര​മാ​ണ്ടു വാഴ്‌ച​ക്കാ​ലത്തു മനുഷ്യ​വർഗം തുടർന്നും വ്യത്യസ്‌ത ദേശീയ സംഘങ്ങ​ളാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​മെന്നു സൂചി​പ്പി​ക്കു​ന്നില്ല.

[അധ്യയന ചോദ്യ​ങ്ങൾ]