വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പാവനരഹസ്യം വെളിപ്പെടുത്തുന്നു

ഒരു പാവനരഹസ്യം വെളിപ്പെടുത്തുന്നു

അധ്യായം 6

ഒരു പാവന​ര​ഹ​സ്യം വെളി​പ്പെ​ടു​ത്തു​ന്നു

1. വെളി​പ്പാ​ടു 1:10-17-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഉജ്ജ്വല​മായ ചിത്ര​ത്തോട്‌ നാം എങ്ങനെ പ്രതി​ക​രി​ക്കണം?

 ഉയർത്ത​പ്പെട്ട യേശു​വി​ന്റെ ദർശനം തീർച്ച​യാ​യും ഭയോ​ദ്ദീ​പ​ക​മാണ്‌! അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നോ​ടൊ​പ്പം കാഴ്‌ച​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ നാമും സാഷ്ടാം​ഗം വീണു​കൊണ്ട്‌ ആ ഉജ്ജ്വല​മായ പ്രതാ​പ​ത്താൽ കീഴട​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. (വെളി​പ്പാ​ടു 1:10-17) അതി​ശ്രേ​ഷ്‌ഠ​മായ ഈ നിശ്വ​സ്‌ത​ദർശനം ഇന്നു നമ്മെ പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കാൻവേണ്ടി കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. യോഹ​ന്നാ​നെ​പ്പോ​ലെ ദർശനം അർഥമാ​ക്കുന്ന എല്ലാറ​റി​നോ​ടും നാം വിനീ​ത​മായ വിലമ​തി​പ്പു കാണി​ക്കണം. സിംഹാ​സ​ന​സ്ഥ​നായ രാജാ​വും മഹാപു​രോ​ഹി​ത​നും ന്യായാ​ധി​പ​നും എന്നനി​ല​യിൽ യേശു​വി​ന്റെ സ്ഥാന​ത്തോ​ടു നമു​ക്കെ​പ്പോ​ഴും ഭക്ത്യാ​ദ​ര​പൂർവ​ക​മായ ബഹുമാ​ന​മു​ണ്ടാ​യി​രി​ക്കട്ടെ.—ഫിലി​പ്പി​യർ 2:5-11.

“ആദ്യനും അന്ത്യനും”

2. (എ) യേശു ഏതു സ്ഥാന​പ്പേ​രി​ലാ​ണു തന്നേത്തന്നെ അവതരി​പ്പി​ക്കു​ന്നത്‌? (ബി) “ഞാൻ ആദ്യനും അന്ത്യനു”മാകുന്നു എന്നു യഹോവ പറയു​മ്പോൾ എന്തർഥ​മാ​ക്കു​ന്നു? (സി) “ആദ്യനും അന്ത്യനും” എന്ന യേശു​വി​ന്റെ സ്ഥാനപ്പേർ എന്തി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു?

2 എന്നിരു​ന്നാ​ലും നമ്മുടെ ഭയാദരം അനാ​രോ​ഗ്യ​ക​ര​മായ ഭയമായി പരിണ​മി​ക്കേ​ണ്ട​തില്ല. അപ്പോ​സ്‌തലൻ അടുത്ത​താ​യി വിവരി​ക്കു​ന്ന​തു​പോ​ലെ യേശു യോഹ​ന്നാ​നു വീണ്ടും ഇങ്ങനെ ഉറപ്പു നൽകി: “അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെ​ടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനു​ള​ള​വ​നും ആകുന്നു.” (വെളി​പ്പാ​ടു 1:17ബി) യെശയ്യാ​വു 44:6-ൽ “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാ​തെ ഒരു ദൈവ​വു​മില്ല” എന്നു പറഞ്ഞു​കൊ​ണ്ടു സർവശ​ക്തി​യു​ളള ദൈവ​മായ ഏകൻ എന്നനി​ല​യിൽ യഹോവ തന്റെ സ്വന്തം സ്ഥാനത്തെ കൃത്യ​മാ​യി വർണി​ക്കു​ന്നു. a യേശു “ആദ്യനും അന്ത്യനും” എന്ന സ്ഥാന​പ്പേ​രിൽ തന്നേത്തന്നെ അവതരി​പ്പി​ക്കു​മ്പോൾ അവൻ മഹാ​സ്ര​ഷ്ടാ​വായ യഹോ​വ​യോട്‌ സമത്വം അവകാ​ശ​പ്പെ​ടു​കയല്ല. അവൻ ദൈവം തനിക്കു നൽകിയ ഒരു സ്ഥാനപ്പേർ ഉചിത​മാ​യി ഉപയോ​ഗി​ക്കു​ക​യാണ്‌. യെശയ്യാ​വിൽ യഹോവ സത്യ​ദൈ​വ​മെന്ന തന്റെ അനുപ​മ​സ്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ഒരു പ്രസ്‌താ​വന നടത്തു​ക​യാ​യി​രു​ന്നു. അവൻ നിത്യ​ദൈ​വ​മാ​കു​ന്നു, അവനല്ലാ​തെ തീർച്ച​യാ​യും മറെറാ​രു ദൈവ​മില്ല. (1 തിമൊ​ഥെ​യൊസ്‌ 1:17) വെളി​പാ​ടിൽ യേശു തന്റെ അതുല്യ പുനരു​ത്ഥാ​ന​ത്തി​ലേക്കു ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ തനിക്കു നൽകപ്പെട്ട സ്ഥാന​പ്പേ​രി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു.

3. (എ) യേശു “ആദ്യനും അന്ത്യനും” ആയിരു​ന്നത്‌ ഏതു വിധത്തിൽ? (ബി) “മരണത്തി​ന്റെ​യും പാതാ​ള​ത്തി​ന്റെ​യും താക്കോൽ” യേശു​വി​ന്റെ കൈവ​ശ​മു​ള​ള​തി​നാൽ എന്തർഥ​മാ​ക്കു​ന്നു?

3 അമർത്ത്യ ആത്മജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട “ആദ്യ”മനുഷ്യൻ തീർച്ച​യാ​യും യേശു​വാ​യി​രു​ന്നു. (കൊ​ലൊ​സ്സ്യർ 1:18) അതിനു​പു​റമേ, യഹോവ വ്യക്തി​പ​ര​മാ​യി ഇങ്ങനെ ഉയിർപ്പി​ക്കേ​ണ്ടി​യി​രു​ന്ന​വ​രിൽ “അന്ത്യനും” അവനാണ്‌. അങ്ങനെ അവൻ ‘ജീവനു​ള​ളവൻ . . . എന്നെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കു​ന്നവൻ’ ആയിത്തീ​രു​ന്നു. അവൻ അമർത്ത്യത ആസ്വദി​ക്കു​ന്നു. ഈ കാര്യ​ത്തിൽ അവൻ ‘ജീവനു​ളള ദൈവം’ എന്നു വിളി​ക്ക​പ്പെ​ടുന്ന തന്റെ അമർത്ത്യ പിതാ​വി​നെ​പ്പോ​ലെ​യാണ്‌. (വെളി​പ്പാ​ടു 7:2; സങ്കീർത്തനം 42:2) മനുഷ്യ​വർഗ​ത്തി​ലെ മറെറ​ല്ലാ​വർക്കും​വേണ്ടി യേശു​ത​ന്നെ​യാണ്‌ “പുനരു​ത്ഥാ​ന​വും ജീവനും.” (യോഹ​ന്നാൻ 11:25) ഇതി​നോ​ടു​ളള യോജി​പ്പിൽ അവൻ യോഹ​ന്നാ​നോ​ടു പറയുന്നു: “ഞാൻ മരിച്ച​വ​നാ​യി​രു​ന്നു; എന്നാൽ ഇതാ, എന്നെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കു​ന്നു; മരണത്തി​ന്റെ​യും പാതാ​ള​ത്തി​ന്റെ​യും താക്കോൽ എന്റെ കൈവ​ശ​മു​ണ്ടു.” (വെളി​പ്പാ​ടു 1:18) മരിച്ച​വരെ ഉയിർപ്പി​ക്കാ​നു​ളള അധികാ​രം യഹോവ യേശു​വി​നു നൽകി​യി​ട്ടുണ്ട്‌. മരണവും ഹേഡീ​സും (ശവക്കുഴി) ബന്ധനസ്ഥ​രാ​ക്കി​യി​രി​ക്കു​ന്ന​വർക്കു​വേണ്ടി പടിവാ​തിൽ തുറന്നു​കൊ​ടു​ക്കാ​നു​ളള താക്കോൽ തന്റെ പക്കലു​ണ്ടെന്ന്‌ യേശു​വി​നു പറയാൻ കഴിയു​ന്നത്‌ അതു​കൊ​ണ്ടാണ്‌.—താരത​മ്യം ചെയ്യുക: മത്തായി 16:18.

4. യേശു ഏതു കല്‌പന ആവർത്തി​ക്കു​ന്നു, ആരുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി?

4 “നീ കണ്ടതും ഇപ്പോൾ ഉളളതും ഇനി സംഭവി​പ്പാ​നി​രി​ക്കു​ന്ന​തും . . . എഴുതുക” എന്നു യോഹ​ന്നാ​നോ​ടു പറഞ്ഞു​കൊണ്ട്‌ ദർശനം രേഖ​പ്പെ​ടു​ത്താ​നു​ളള തന്റെ കല്‌പന യേശു ഇവിടെ ആവർത്തി​ക്കു​ന്നു. (വെളി​പ്പാ​ടു 1:19) നമ്മുടെ പ്രബോ​ധ​ന​ത്തി​നു​വേണ്ടി പുളക​പ്ര​ദ​മായ എന്തുകാ​ര്യ​ങ്ങൾ യോഹ​ന്നാൻ ഇനിയും നമ്മെ അറിയി​ക്കും?

നക്ഷത്ര​ങ്ങ​ളും നിലവി​ള​ക്കു​ക​ളും

5. “ഏഴു നക്ഷത്ര”ങ്ങളേയും “ഏഴു നിലവി​ളക്കു”കളേയും യേശു എങ്ങനെ വിശദീ​ക​രി​ക്കു​ന്നു?

5 യോഹ​ന്നാൻ വലങ്കയ്യിൽ ഏഴു നക്ഷത്ര​ങ്ങ​ളു​മാ​യി ഏഴു പൊൻനി​ല​വി​ള​ക്കു​ക​ളു​ടെ നടുവിൽ യേശു​വി​നെ കാണു​ക​യു​ണ്ടാ​യി. (വെളി​പ്പാ​ടു 1:12, 13, 16) ഇപ്പോൾ യേശു ഇതു വിശദീ​ക​രി​ക്കു​ന്നു: “എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്ര​ത്തി​ന്റെ മർമ്മവും ഏഴു പൊൻനി​ല​വി​ള​ക്കി​ന്റെ വിവര​വും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളു​ടെ ദൂതൻമാ​രാ​കു​ന്നു; ഏഴു നിലവി​ളക്കു ഏഴു സഭകൾ ആകുന്നു.”—വെളി​പ്പാ​ടു 1:20.

6. “ഏഴു നക്ഷത്ര”ങ്ങൾ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു, സന്ദേശങ്ങൾ പ്രത്യേ​കി​ച്ചും ഇവരെ സംബോ​ധന ചെയ്‌തത്‌ എന്തു​കൊണ്ട്‌?

6 “നക്ഷത്ര”ങ്ങൾ “ഏഴു സഭകളു​ടെ ദൂതൻമാ​രാ”കുന്നു. വെളി​പാ​ടിൽ നക്ഷത്രങ്ങൾ ചില​പ്പോ​ഴെ​ല്ലാം അക്ഷരീയ ദൂതൻമാ​രെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു, പക്ഷേ അദൃശ്യ ആത്മജീ​വി​കൾക്ക്‌ എഴുതാൻ ഒരു മനുഷ്യ എഴുത്തു​കാ​രനെ യേശു ഒരിക്ക​ലും ഉപയോ​ഗി​ക്കു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ‘നക്ഷത്രങ്ങൾ’ യേശു​വി​ന്റെ സന്ദേശ​വാ​ഹ​ക​രാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന സഭകളി​ലെ മനുഷ്യ​രായ മേൽവി​ചാ​ര​കൻമാർ അഥവാ മൂപ്പൻമാർ ആയിരി​ക്കണം. b നക്ഷത്ര​ങ്ങ​ളോ​ടാ​ണു സന്ദേശങ്ങൾ സംബോ​ധന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌, എന്തെന്നാൽ അവർ യഹോ​വ​യു​ടെ ആട്ടിൻകൂ​ട്ട​ത്തി​ന്റെ മേൽനോ​ട്ട​ത്തിന്‌ ഉത്തരവാ​ദി​ത്വ​മു​ള​ള​വ​രാണ്‌.—പ്രവൃ​ത്തി​കൾ 20:28.

7. (എ) ഓരോ സഭയി​ലെ​യും ഒരു ദൂത​നോ​ടു മാത്രം യേശു സംസാ​രി​ക്കു​ന്നത്‌ ഓരോ സഭയ്‌ക്കും ഒരു മൂപ്പൻ മാത്ര​മേ​യു​ള​ളു​വെന്ന്‌ അർഥമാ​ക്കു​ന്നി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) യേശു​വി​ന്റെ വലങ്കയ്യി​ലു​ളള ഏഴു നക്ഷത്രങ്ങൾ ഫലത്തിൽ ആരെയാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌?

7 ഓരോ സഭയി​ലെ​യും ഒരു “ദൂത”നോടു​മാ​ത്രം യേശു സംസാ​രി​ക്കു​ന്ന​തു​കൊണ്ട്‌ ഓരോ സഭയ്‌ക്കും ഒരു മൂപ്പ​നേ​യു​ള​ളൂ​വെന്ന്‌ ഇതർഥ​മാ​ക്കു​ന്നു​ണ്ടോ? ഇല്ല. പൗലോ​സി​ന്റെ നാളിൽപോ​ലും എഫേ​സോസ്‌ സഭയിൽ അനേകം മൂപ്പൻമാർ ഉണ്ടായി​രു​ന്നു, വെറും ഒരാള​ല്ലാ​യി​രു​ന്നു. (വെളി​പ്പാ​ടു 2:1; പ്രവൃ​ത്തി​കൾ 20:17) അതു​കൊണ്ട്‌ യോഹ​ന്നാ​ന്റെ നാളിൽ (എഫേ​സോ​സി​ലേ​തുൾപ്പെടെ) സഭകളെ വായിച്ചു കേൾപ്പി​ക്കേ​ണ്ട​തിന്‌ ഏഴു നക്ഷത്ര​ങ്ങൾക്കു സന്ദേശങ്ങൾ അയക്ക​പ്പെ​ട്ട​പ്പോൾ ആ നക്ഷത്രങ്ങൾ യഹോ​വ​യു​ടെ അഭിഷിക്ത സഭയ്‌ക്കു​ള​ളി​ലെ മൂപ്പൻമാ​രു​ടെ സംഘങ്ങ​ളിൽ സേവി​ച്ചി​രുന്ന എല്ലാവ​രേ​യും പ്രതി​നി​ധാ​നം ചെയ്‌തി​രി​ക്കണം. ഇതേ രീതി​യിൽ യേശു​വി​ന്റെ ശിരസ്ഥാ​ന​ത്തിൻ കീഴിൽ സേവി​ക്കുന്ന അഭിഷിക്ത മേൽവി​ചാ​ര​കൻമാർ ഉൾപ്പെട്ട ഭരണസം​ഘ​ത്തിൽനി​ന്നും ലഭിക്കുന്ന കത്തുകൾ ഇന്നുളള മേൽവി​ചാ​ര​കൻമാർ തങ്ങളുടെ സഭകളെ വായിച്ചു കേൾപ്പി​ക്കു​ന്നു. തങ്ങളുടെ സഭകൾ യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ന്നു​ണ്ടെന്നു മൂപ്പൻമാ​രു​ടെ പ്രാ​ദേ​ശിക സംഘങ്ങൾ ഉറപ്പു​വ​രു​ത്തേ​ണ്ട​തുണ്ട്‌. ബുദ്ധ്യു​പ​ദേശം മൂപ്പൻമാർക്കു​വേ​ണ്ടി​മാ​ത്രമല്ല, തീർച്ച​യാ​യും സഭകളിൽ സഹവസി​ക്കുന്ന എല്ലാവ​രു​ടെ​യും പ്രയോ​ജ​ന​ത്തി​നു വേണ്ടി​യു​ള​ള​താണ്‌.—കാണുക: വെളി​പ്പാ​ടു 2:11എ.

8. മൂപ്പൻമാർ യേശു​വി​ന്റെ വലങ്കയ്യി​ലാ​യി​രി​ക്കു​ന്നത്‌ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

8 യേശു സഭയുടെ തലയാ​യ​തു​കൊണ്ട്‌ മൂപ്പൻമാർ അവന്റെ വലങ്കയ്യിൽ, അതായത്‌ അവന്റെ നിയ​ന്ത്ര​ണ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും കീഴിൽ ആയിരി​ക്കു​ന്ന​താ​യി ഉചിത​മാ​യും പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:18) അവൻ മുഖ്യ ഇടയനാണ്‌, അവർ ഉപഇട​യൻമാ​രു​മാ​കു​ന്നു.—1 പത്രൊസ്‌ 5:2-4.

9. (എ) ഏഴു നിലവി​ള​ക്കു​കൾ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു, നിലവി​ളക്ക്‌ ഇവയുടെ അനു​യോ​ജ്യ​മായ പ്രതീ​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഈ ദർശനം സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ എന്തനു​സ്‌മ​രി​പ്പി​ച്ചി​രി​ക്കും?

9 യോഹ​ന്നാൻ വെളി​പാ​ടു​പു​സ്‌തകം ആർക്ക്‌ അയച്ചു​കൊ​ടു​ക്കു​ന്നു​വോ ആ ഏഴു സഭകളാണ്‌ ഏഴു നിലവി​ള​ക്കു​കൾ: എഫേ​സോസ്‌, സ്‌മിർണ, പെർഗ​മോസ്‌, തുയ​ഥൈര, സർദിസ്‌, ഫില​ദെൽഫിയ, ലവോ​ദി​ക്യ എന്നിവ​തന്നെ. സഭകളെ നിലവി​ള​ക്കു​കൾകൊ​ണ്ടു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ ക്രിസ്‌ത്യാ​നി​കൾ വ്യക്തി​ക​ളെ​ന്ന​നി​ല​യി​ലും സംയു​ക്ത​മാ​യി സഭക​ളെ​ന്ന​നി​ല​യി​ലും ഈ അന്ധകാ​ര​ലോ​ക​ത്തിൽ ‘തങ്ങളുടെ വെളിച്ചം മനുഷ്യ​രു​ടെ മുമ്പാകെ പ്രകാശി’പ്പിക്കേ​ണ്ട​തുണ്ട്‌. (മത്തായി 5:14-16) അതിനു​പു​റമേ, നിലവി​ള​ക്കു​കൾ ശലോ​മോ​ന്റെ ആലയത്തി​ലെ സജ്ജീക​ര​ണ​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രു​ന്നു. സഭകളെ നിലവി​ള​ക്കു​കൾ എന്നു വിളി​ക്കു​ന്നത്‌, ഒരു ദൃഷ്ടാ​ന്ത​പ​ര​മായ അർഥത്തിൽ അഭിഷി​ക്ത​രു​ടെ ഓരോ പ്രാ​ദേ​ശി​ക​സ​ഭ​യും ദൈവാ​ത്മാ​വി​ന്റെ ഒരു വാസസ്ഥ​ല​മായ “ദൈവ​ത്തി​ന്റെ ആലയം” ആണെന്നു യോഹ​ന്നാ​നെ അനുസ്‌മ​രി​പ്പി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. (1 കൊരി​ന്ത്യർ 3:16NW) അതിലു​പരി, യഹൂദ ആലയ​ക്ര​മീ​ക​ര​ണ​ത്തി​ന്റെ പ്രതി​മാ​തൃ​ക​യിൽ, അഭിഷി​ക്ത​രായ സഭാം​ഗങ്ങൾ യഹോ​വ​യു​ടെ വലിയ ആത്മീയ ആലയ​ക്ര​മീ​ക​ര​ണ​ത്തിൽ ‘ഒരു രാജകീയ പുരോ​ഹി​ത​വർഗ്ഗ’മായി സേവി​ക്കു​ന്നു. യേശു​വാണ്‌ അതിലെ മഹാപു​രോ​ഹി​തൻ, അവിടെ സ്വർഗീയ അതിവി​ശു​ദ്ധ​ത്തിൽ യഹോവ വ്യക്തി​പ​ര​മാ​യി വസിക്കു​ക​യും ചെയ്യുന്നു.—1 പത്രൊസ്‌ 2:4, 5, 9; എബ്രായർ 3:1; 6:20; 9:9-14, 24.

വലിയ വിശ്വാ​സ​ത്യാ​ഗം

10. യഹൂദ വ്യവസ്ഥി​തി​ക്കും അതിന്റെ അനുതാ​പ​മി​ല്ലാത്ത പിന്തു​ണ​ക്കാർക്കും പൊ.യു. 70-ൽ എന്തു സംഭവി​ച്ചു?

10 യോഹ​ന്നാൻ വെളി​പാ​ടെ​ഴു​തി​യ​പ്പോൾ ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ 60-ലധികം വർഷം പ്രായം ചെന്നി​രു​ന്നു. തുടക്ക​ത്തിൽ യഹൂദ​മ​ത​ത്തിൽ നിന്നു​മു​ണ്ടായ 40 വർഷത്തെ തുടർച്ച​യായ എതിർപ്പി​നെ അത്‌ അതിജീ​വി​ക്കു​ക​യു​ണ്ടാ​യി. പിന്നീട്‌ പൊ.യു. 70-ൽ അനുതാ​പ​മി​ല്ലാത്ത യഹൂദൻമാർക്ക്‌ തങ്ങളുടെ ദേശീയ താദാ​ത്മ്യ​വും ഫലത്തിൽ തങ്ങൾക്കൊ​രു വിഗ്ര​ഹ​മാ​യി​രുന്ന യെരു​ശ​ലേ​മി​ലെ ആലയവും നഷ്ടപ്പെ​ട്ട​പ്പോൾ യഹൂദ വ്യവസ്ഥി​തിക്ക്‌ ഒരു മാരക​മായ പ്രഹര​മേ​ററു.

11. വികസി​ച്ചു​വ​രുന്ന പ്രവണ​ത​ക​ളെ​ക്കു​റി​ച്ചു മുഖ്യ ഇടയൻ സഭകൾക്കു മുന്നറി​യി​പ്പു നൽകി​യതു വളരെ സമയോ​ചി​ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

11 എന്നുവ​രി​കി​ലും അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ​യി​ട​യിൽ ഒരു വിശ്വാ​സ​ത്യാ​ഗ​മു​ണ്ടാ​കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യോഹ​ന്നാ​ന്റെ വാർധ​ക്യ​കാ​ലത്ത്‌ ഈ വിശ്വാ​സ​ത്യാ​ഗം അപ്പോൾതന്നെ വികാസം പ്രാപി​ക്കു​ക​യാ​യി​രു​ന്നു​വെന്ന്‌ യേശു​വി​ന്റെ സന്ദേശങ്ങൾ പ്രകട​മാ​ക്കു​ക​യും ചെയ്യുന്നു. സ്‌ത്രീ​യു​ടെ സന്തതിയെ ദുഷി​പ്പി​ക്കാ​നു​ളള സാത്താന്റെ ഈ സർവവി​ധ​ശ്ര​മ​ത്തി​നും ഒരു പ്രതി​ബ​ന്ധ​മാ​യി നിന്നവ​രിൽ അവസാ​ന​ത്തെ​യാൾ യോഹ​ന്നാൻ ആയിരു​ന്നു. (2 തെസ്സ​ലൊ​നീ​ക്യർ 2:3-12; 2 പത്രൊസ്‌ 2:1-3; 2 യോഹ​ന്നാൻ 7-11) അതു​കൊ​ണ്ടു വികസി​ച്ചു​വ​രുന്ന പ്രവണ​ത​ക​ളെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകി​ക്കൊ​ണ്ടും നീതി​ക്കു​വേണ്ടി ഉറച്ചു​നിൽക്കു​ന്ന​തി​നു ശരിയായ ഹൃദയ​നി​ല​യു​ള​ള​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടും യഹോ​വ​യു​ടെ മുഖ്യ ഇടയൻ സഭകളി​ലെ മൂപ്പൻമാർക്ക്‌ എഴുതു​ന്ന​തി​നു​ളള ഉചിത​മായ സമയമാ​യി​രു​ന്നു അത്‌.

12. (എ) യോഹ​ന്നാ​ന്റെ കാല​ശേ​ഷ​മു​ളള നൂററാ​ണ്ടു​ക​ളിൽ വിശ്വാ​സ​ത്യാ​ഗം വികാസം പ്രാപി​ച്ചത്‌ എങ്ങനെ? (ബി) ക്രൈ​സ്‌ത​വ​ലോ​കം എങ്ങനെ അസ്‌തി​ത്വ​ത്തിൽ വന്നു?

12 പൊ.യു. 96-ലെ സഭകൾ യേശു​വി​ന്റെ സന്ദേശ​ങ്ങ​ളോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു​വെന്ന്‌ നമുക്ക​റി​യില്ല. എന്നാൽ യോഹ​ന്നാ​ന്റെ മരണ​ശേഷം വിശ്വാ​സ​ത്യാ​ഗം അതിശീ​ഘ്രം വികാസം പ്രാപി​ച്ചു​വെന്നു നമുക്ക​റി​യാം. “ക്രിസ്‌ത്യാ​നി​കൾ” യഹോ​വ​യു​ടെ നാമം ഉപയോ​ഗി​ക്കു​ന്നതു നിർത്തു​ക​യും അതിനു പകരമാ​യി ബൈബിൾ കയ്യെഴു​ത്തു​പ്ര​തി​ക​ളിൽ “കർത്താവ്‌” എന്നോ “ദൈവം” എന്നോ ചേർക്കു​ക​യും ചെയ്‌തു. നാലാം നൂററാ​ണ്ടോ​ടെ വ്യാ​ജോ​പ​ദേ​ശ​മായ ത്രിത്വം സഭകളി​ലേക്കു നുഴഞ്ഞു​ക​യ​റി​യി​രു​ന്നു. അതേ കാലഘ​ട്ട​ത്തിൽതന്നെ ഒരു അമർത്ത്യ​ദേ​ഹി​യു​ടെ ആശയവും സ്വീക​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒടുവിൽ റോമൻ ചക്രവർത്തി​യാ​യി​രുന്ന കോൺസ്‌റ​റ​ന്റൈൻ “ക്രിസ്‌ത്യാ​നി​ത്വ”ത്തെ ദേശീ​യ​മ​ത​മാ​ക്കി​ത്തീർത്തു. ഇതു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു ജൻമം നൽകി, അവിടെ ഒരായി​രം വർഷം ഭരിക്കു​ന്ന​തി​നു സഭയും രാഷ്‌ട്ര​വും ഒത്തു​ചേർന്നു. പുതിയ രൂപത്തി​ലു​ളള ഒരു “ക്രിസ്‌ത്യാ​നി” ആയിത്തീ​രു​ന്നത്‌ എളുപ്പ​മാ​യി​രു​ന്നു. എല്ലാ ഗോ​ത്ര​ങ്ങ​ളും അവരുടെ മുൻ പുറജാ​തി വിശ്വാ​സ​ങ്ങളെ ഈ മതത്തിന്റെ ഭാഷ്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടു​ത്തി. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പല നായകൻമാ​രും തങ്ങളുടെ വിശ്വാ​സ​ത്യാ​ഗം ഭവിച്ച വീക്ഷണങ്ങൾ വാളാൽ പ്രാബ​ല്യ​ത്തിൽ വരുത്തി​ക്കൊണ്ട്‌ അതി​ക്രൂ​ര​രായ രാഷ്‌ട്രീയ സ്വേച്ഛാ​ധി​പ​തി​ക​ളാ​യി​ത്തീർന്നു.

13. വിഭാ​ഗീ​യ​ത​യ്‌ക്കെ​തി​രെ യേശു​വി​ന്റെ മുന്നറി​യി​പ്പു​ണ്ടാ​യി​രു​ന്നി​ട്ടും വിശ്വാ​സ​ത്യാ​ഗി​ക​ളായ ക്രിസ്‌ത്യാ​നി​കൾ ഏതു പാത സ്വീക​രി​ച്ചു?

13 ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ വാക്കു​കളെ വിശ്വാ​സ​ത്യാ​ഗം ഭവിച്ചു​കൊ​ണ്ടി​രുന്ന ക്രിസ്‌ത്യാ​നി​കൾ പൂർണ​മാ​യും അവഗണി​ച്ചു. തങ്ങൾക്കു​ണ്ടാ​യി​രുന്ന ആദ്യസ്‌നേഹം വീണ്ടെ​ടു​ക്കാൻ എഫേസ്യർക്ക്‌ യേശു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (വെളി​പ്പാ​ടു 2:4) എന്നിരു​ന്നാ​ലും യഹോ​വ​യോ​ടു​ളള സ്‌നേ​ഹ​ത്തിൽ മേലാൽ ഐകമ​ത്യ​പ്പെ​ട്ടി​രി​ക്കാ​തെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ അംഗങ്ങൾ ദുഷ്ടമായ യുദ്ധങ്ങൾ നടത്തു​ക​യും പരസ്‌പരം ഘോര​മാ​യി പീഡി​പ്പി​ക്കു​ക​യും ചെയ്‌തു. (1 യോഹ​ന്നാൻ 4:20) പെർഗ​മൊസ്‌ സഭയ്‌ക്ക്‌ യേശു വിഭാ​ഗീ​യ​ത​ക്കെ​തി​രെ മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. എന്നിട്ടും രണ്ടാം നൂററാ​ണ്ടിൽപോ​ലും വിഭാ​ഗങ്ങൾ പ്രത്യ​ക്ഷ​പ്പെട്ടു, ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ വഴക്കടി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു വിഭാ​ഗ​ങ്ങ​ളും മതങ്ങളു​മുണ്ട്‌.—വെളി​പ്പാ​ടു 2:15.

14. (എ) ആത്മീയ മൃതാ​വ​സ്ഥ​യ്‌ക്കെ​തി​രെ യേശു മുന്നറി​യി​പ്പു നൽകി​യെ​ങ്കി​ലും ക്രിസ്‌ത്യാ​നി​ക​ളെ​ന്ന​വ​കാ​ശ​പ്പെ​ട്ടവർ ഏതു ഗതി സ്വീക​രി​ച്ചു? (ബി) വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കും അധാർമി​ക​ത​യ്‌ക്കും എതി​രെ​യു​ളള യേശു​വി​ന്റെ മുന്നറി​യി​പ്പി​നു ചെവി​കൊ​ടു​ക്കു​ന്ന​തിൽ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടവർ ഏതു രീതി​ക​ളിൽ പരാജ​യ​പ്പെട്ടു?

14 ആത്മീയ മൃതാ​വ​സ്ഥ​യിൽ ആയിരി​ക്കു​ന്ന​തി​നെ​തി​രെ യേശു സർദിസ്‌ സഭയ്‌ക്കു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (വെളി​പ്പാ​ടു 3:1) സർദി​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​പ്പോ​ലെ, ക്രിസ്‌ത്യാ​നി​ക​ളെന്നു ഭാവി​ച്ചവർ ക്രിസ്‌തീ​യ​പ്ര​വർത്ത​നങ്ങൾ പെട്ടെ​ന്നു​തന്നെ മറന്നു​ക​ള​യു​ക​യും അതി​പ്ര​ധാ​ന​മായ പ്രസം​ഗ​വേല ശമ്പളം പററുന്ന ഒരു ന്യൂനപക്ഷ വൈദി​ക​വർഗത്തെ ഏല്‌പി​ക്കു​ക​യും ചെയ്‌തു. തുയ​ഥൈ​ര​യി​ലു​ളള സഭയ്‌ക്ക്‌ വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കും പരസം​ഗ​ത്തി​നു​മെ​തി​രെ യേശു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (വെളി​പ്പാ​ടു 2:20) എന്നിട്ടും ക്രൈ​സ്‌ത​വ​ലോ​കം വിഗ്ര​ഹ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തി​നു പരസ്യ​മാ​യി അംഗീ​കാ​രം നൽകി, അതു​പോ​ലെ​തന്നെ ദേശീ​യ​ത്വ​ത്തി​ന്റെ​യും ഭൗതി​ക​ത്വ​ത്തി​ന്റെ​യും പ്രച്ഛന്ന​മായ വിഗ്ര​ഹാ​രാ​ധ​നക്കു പ്രചോ​ദനം നൽകു​ക​യും ചെയ്‌തു. ദുർമാർഗ​ത്തി​നെ​തി​രെ ചില​പ്പോ​ഴൊ​ക്കെ പ്രസം​ഗി​ച്ചാ​ലും അത്‌ എല്ലായ്‌പോ​ഴും വ്യാപ​ക​മാ​യി അനുവ​ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

15. ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ വാക്കുകൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങ​ളോ​ടു​ളള ബന്ധത്തിൽ എന്തു തുറന്നു​കാ​ട്ടു​ന്നു, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ എന്താ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു?

15 അതു​കൊണ്ട്‌, ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ സന്ദേശം, യഹോ​വ​യു​ടെ പ്രത്യേക ജനമാ​യി​രി​ക്കു​ന്ന​തിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സകല മതങ്ങളു​ടെ​യും സമ്പൂർണ​പ​രാ​ജ​യത്തെ തുറന്നു​കാ​ട്ടു​ന്നു. തീർച്ച​യാ​യും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ സാത്താന്റെ സന്തതി​യു​ടെ ഏററവും പ്രമുഖ അംഗങ്ങൾ ആയിരു​ന്നി​ട്ടുണ്ട്‌. ഇവരെ “അധർമ്മ​മൂർത്തി”യെന്നു വിളി​ച്ചു​കൊണ്ട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അവരുടെ “പ്രത്യക്ഷത നശിച്ചു​പോ​കു​ന്ന​വർക്കു സാത്താന്റെ വ്യാപാ​ര​ശ​ക്തി​ക്കു ഒത്തവണ്ണം വ്യാജ​മായ സകലശ​ക്തി​യോ​ടും അടയാ​ള​ങ്ങ​ളോ​ടും അത്ഭുത​ങ്ങ​ളോ​ടും അനീതി​യു​ടെ സകലവ​ഞ്ച​ന​യോ​ടും​കൂ​ടെ ആയിരി​ക്കും” എന്നു മുൻകൂ​ട്ടി​പ്പ​റഞ്ഞു.—2 തെസ്സ​ലൊ​നീ​ക്യർ 2:9, 10.

16. (എ) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ നേതാ​ക്കൻമാർ ആർക്കെ​തി​രെ പ്രത്യേ​ക​വി​ദ്വേ​ഷം പ്രകട​മാ​ക്കി? (ബി) മധ്യയു​ഗ​ത്തിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ എന്തു നടന്നു? (സി) പ്രൊ​ട്ട​സ്‌റ​റൻറു മത്സരമോ നാനമോ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ വിശ്വാ​സ​ത്യാ​ഗ​പ​ര​മായ വഴികൾക്കു മാററം വരുത്തി​യോ?

16 ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തി​ന്റെ ഇടയൻമാ​രെന്ന്‌ അവകാ​ശ​പ്പെ​ടു​മ്പോൾതന്നെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മത-ലൗകിക നേതാ​ക്കൻമാർ ബൈബിൾ വായനയെ പ്രോ​ത്സാ​ഹി​പ്പിച്ച ഏതൊ​രു​വ​നോ​ടും അല്ലെങ്കിൽ അവരുടെ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങളെ തുറന്നു​കാ​ണിച്ച ഏതൊ​രു​വ​നോ​ടും പ്രത്യേക വിദ്വേ​ഷം പ്രകട​മാ​ക്കി. ജോൺ ഹസും ബൈബിൾ വിവർത്ത​ക​നായ വില്ല്യം ററിൻഡെ​യി​ലും പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും രക്തസാ​ക്ഷി​മ​രണം വരിക്ക​യും ചെയ്‌തു. അന്ധകാ​ര​യു​ഗ​ങ്ങ​ളിൽ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ ഭരണം പൈശാ​ചി​ക​മായ കത്തോ​ലി​ക്കാ മതപീ​ഡ​ന​ത്തിൽ പാരമ്യ​ത്തി​ലെത്തി. സഭയുടെ ഉപദേ​ശ​ങ്ങ​ളെ​യോ അധികാ​ര​ത്തെ​യോ എതിർത്ത ഏതൊ​രു​വ​നും നിഷ്‌ക​രു​ണം അടിച്ച​മർത്ത​പ്പെട്ടു. മത​ദ്രോ​ഹി​ക​ളെന്നു മുദ്ര​യ​ടി​ക്ക​പ്പെട്ട അനേകാ​യി​ര​ങ്ങളെ പീഡി​പ്പി​ച്ചു​കൊ​ന്നു, അല്ലെങ്കിൽ സ്‌തം​ഭ​ത്തിൽ ചുട്ടെ​രി​ച്ചു. അങ്ങനെ സാത്താൻ ദൈവ​ത്തി​ന്റെ സ്‌ത്രീ​സ​മാന സ്ഥാപന​ത്തി​ലെ ഏതൊരു യഥാർഥ​സ​ന്ത​തി​യും പെട്ടെ​ന്നു​തന്നെ നശിപ്പി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ ശ്രമിച്ചു. പ്രൊ​ട്ട​സ്‌റ​റൻറു മത്സരം, അഥവാ നാനം സംഭവി​ച്ച​പ്പോൾ (1517 മുതൽ ഇങ്ങോട്ട്‌) പല പ്രൊ​ട്ട​സ്‌റ​റൻറു സഭകളും സമാന​മായ അസഹി​ഷ്‌ണു​ത​യു​ടെ ഒരു ആത്മാവു പ്രകട​മാ​ക്കി. ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ശ്രമി​ച്ച​വരെ രക്തസാ​ക്ഷി​കൾ ആക്കി​ക്കൊണ്ട്‌ അവരും രക്തപാ​ത​കി​കൾ ആയിത്തീർന്നു. സത്യമാ​യും, “വിശു​ദ്ധൻമാ​രു​ടെ രക്തം” യഥേഷ്ടം ഒഴുക്ക​പ്പെട്ടു!—വെളി​പ്പാ​ടു 16:6; താരത​മ്യം ചെയ്യുക: മത്തായി 23:33-36.

സന്തതി സഹിച്ചു നിൽക്കു​ന്നു

17. (എ) ഗോത​മ്പി​നെ​യും കളക​ളെ​യും കുറി​ച്ചു​ളള യേശു​വി​ന്റെ ഉപമ എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു? (ബി) 1918-ൽ എന്തു സംഭവി​ച്ചു, ഏതു തളളി​ക്ക​ള​യ​ലി​ലും ഏതു നിയമ​ന​ത്തി​ലും കലാശി​ച്ചു​കൊണ്ട്‌?

17 ക്രൈ​സ്‌ത​വ​ലോ​കം ആധിപ​ത്യം നടത്തു​മ്പോൾ സ്ഥിതി​ചെ​യ്യാ​നി​രുന്ന അന്ധകാ​ര​കാ​ല​ത്തെ​ക്കു​റിച്ച്‌ ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ഉപമയിൽ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. എന്നിരു​ന്നാ​ലും വിശ്വാ​സ​ത്യാ​ഗ​ത്തി​ന്റെ നൂററാ​ണ്ടു​ക​ളി​ലെ​ല്ലാം വ്യക്തി​ക​ളായ ഗോത​മ്പു​തു​ല്യ ക്രിസ്‌ത്യാ​നി​കൾ, യഥാർഥ അഭിഷി​ക്തർ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. (മത്തായി 13:24-29, 36-43) അങ്ങനെ, 1914 ഒക്‌ടോ​ബ​റിൽ കർത്താ​വി​ന്റെ ദിവസം ഉദിച്ച​പ്പോൾ, അപ്പോ​ഴും സത്യ​ക്രി​സ്‌ത്യാ​നി​കൾ ഭൂമി​യി​ലു​ണ്ടാ​യി​രു​ന്നു. (വെളി​പ്പാ​ടു 1:10) ഏതാണ്ടു മൂന്നര വർഷങ്ങൾക്കു​ശേഷം 1918-ൽ യഹോവ തന്റെ ‘നിയമ​ദൂ​തൻ’ ആയ യേശു​വി​നോ​ടൊ​പ്പം ന്യായ​വി​ധി​ക്കാ​യി തന്റെ ആത്മീയ ആലയത്തി​ലേക്കു വന്നതായി കാണ​പ്പെ​ടു​ന്നു. (മലാഖി 3:1; മത്തായി 13:47-50) ഒടുവിൽ വ്യാജ​ക്രി​സ്‌ത്യാ​നി​കളെ തളളി​ക്ക​ള​യു​ന്ന​തി​നും ‘തനിക്കു​ളള സകലത്തിൻമേ​ലും വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമയെ’ നിയമി​ക്കു​ന്ന​തി​നു​മു​ളള യജമാ​നന്റെ സമയം അതായി​രു​ന്നു.—മത്തായി 7:22, 23; 24:45-47.

18. 1914-ൽ എന്തിനു​ളള ‘കാലം’ വന്നു, അത്‌ അടിമ​യ്‌ക്ക്‌ എന്തു ചെയ്യു​ന്ന​തി​നു​ളള സമയമാ​യി​രു​ന്നു?

18 ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ സന്ദേശ​ങ്ങ​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങൾക്ക്‌ ഈ അടിമ പ്രത്യേ​ക​ശ്രദ്ധ നൽകാ​നു​ളള സമയവും അതായി​രു​ന്നു, അവിടെ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്ന​തിൽനി​ന്നു നാം അതു മനസ്സി​ലാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സഭകളെ ന്യായം​വി​ധി​ക്കു​ന്ന​തി​നു​ളള തന്റെ വരവി​നെ​ക്കു​റിച്ച്‌ യേശു പരാമർശി​ക്കു​ന്നു, ആ ന്യായ​വി​ധി 1918-ൽ ആരംഭി​ച്ചു. (വെളി​പ്പാ​ടു 2:5, 16, 22, 23; 3:3) “ഭൂതല​ത്തിൽ എങ്ങും വരുവാ​നു​ളള പരീക്ഷാ​കാ​ലത്തു” ഫില​ദെൽഫിയ സഭയെ സംരക്ഷി​ക്കു​മെന്ന്‌ അവൻ പറയുന്നു. (വെളി​പ്പാ​ടു 3:10, 11) ഈ ‘പരീക്ഷാ​കാ​ലം’ 1914-ൽ കർത്താ​വി​ന്റെ ദിവസം ഉദിക്കു​ന്ന​തോ​ടെ മാത്രമേ വന്നെത്തു​ന്നു​ളളു, അതിനു​ശേഷം, സ്ഥാപി​ത​മായ ദൈവ​രാ​ജ്യ​ത്തോ​ടു​ളള തങ്ങളുടെ വിശ്വ​സ്‌തത സംബന്ധിച്ച്‌ ക്രിസ്‌ത്യാ​നി​കൾ പരീക്ഷി​ക്ക​പ്പെട്ടു.—താരത​മ്യം ചെയ്യുക: മത്തായി 24:3, 9-13.

19. (എ) ഏഴു സഭകൾ ഇന്ന്‌ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു? (ബി) വലിയ കൂട്ടമാ​യി അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം ആരു സഹവസി​ച്ചി​രി​ക്കു​ന്നു, യേശു​വി​ന്റെ ബുദ്ധ്യു​പ​ദേ​ശ​വും അവൻ വിവരി​ക്കുന്ന അവസ്ഥക​ളും അവർക്കും ബാധക​മാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (സി) ഒന്നാം നൂററാ​ണ്ടി​ലെ ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ സന്ദേശ​ങ്ങളെ നാം എങ്ങനെ വീക്ഷി​ക്കണം?

19 ഇക്കാര​ണ​ത്താൽ സഭക​ളോ​ടു​ളള യേശു​വി​ന്റെ വാക്കു​കൾക്ക്‌ 1914 മുതൽ അതിന്റെ വലിയ പ്രയുക്തി ഉണ്ടായി​ട്ടുണ്ട്‌. ഈ പശ്ചാത്ത​ല​ത്തിൽ ഏഴു സഭകൾ കർത്താ​വി​ന്റെ ദിവസ​ത്തി​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ എല്ലാസ​ഭ​ക​ളേ​യും ചിത്രീ​ക​രി​ക്കു​ന്നു. കൂടാതെ, കഴിഞ്ഞ 50-ലധികം വർഷങ്ങ​ളി​ലാ​യി യോഹ​ന്നാ​നാൽ ചിത്രീ​ക​രി​ക്ക​പ്പെട്ട അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോ​ടു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശി​ക്കുന്ന വിശ്വാ​സി​ക​ളു​ടെ വലിയ കൂട്ടം കൂടി​ച്ചേർന്നി​ട്ടുണ്ട്‌. യഹോ​വ​യു​ടെ എല്ലാ ദാസൻമാർക്കും നീതി​യു​ടെ​യും വിശ്വ​സ്‌ത​ത​യു​ടെ​യും ഒരേ​യൊ​രു നിലവാ​രം മാത്ര​മു​ള​ള​തി​നാൽ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വി​ന്റെ ബുദ്ധ്യു​പ​ദേ​ശ​വും അവന്റെ പരി​ശോ​ധ​ന​യു​ടെ ഫലമായി ഏഴു സഭകളിൽ കണ്ട അവസ്ഥക​ളും തുല്യ​ശ​ക്തി​യോ​ടെ ഇവർക്കും ബാധക​മാ​കു​ന്നു. (പുറപ്പാ​ടു 12:49; കൊ​ലൊ​സ്സ്യർ 3:11) അങ്ങനെ ഏഷ്യാ​മൈ​ന​റിൽ ഒന്നാം നൂററാ​ണ്ടി​ലു​ണ്ടാ​യി​രുന്ന ഏഴു സഭകൾക്കു​ളള യേശു​വി​ന്റെ സന്ദേശങ്ങൾ വെറും ചരി​ത്ര​പ​ര​മായ ജിജ്ഞാ​സ​കളല്ല. അവ നമു​ക്കോ​രോ​രു​ത്തർക്കും ജീവ​നെ​യോ മരണ​ത്തെ​യോ അർഥമാ​ക്കു​ന്നു. അപ്പോൾ യേശു​വി​ന്റെ വാക്കുകൾ നമുക്കു സൂക്ഷ്‌മ​മാ​യി ശ്രദ്ധി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a മൂല എബ്രാ​യ​യിൽ യെശയ്യാ​വു 44:6-ൽ ‘ആദ്യൻ’, ‘അന്ത്യൻ’ എന്നീ വാക്കു​ക​ളു​ടെ​കൂ​ടെ നിശ്ച​യോ​പ​പ​ദ​മില്ല. എന്നാൽ മൂല​ഗ്രീ​ക്കിൽ തന്നെക്കു​റി​ച്ചു​ത​ന്നെ​യു​ളള വെളി​പ്പാ​ടു 1:17-ലെ യേശു​വി​ന്റെ വിവര​ണ​ത്തിൽ നിശ്ച​യോ​പ​പദം കാണ​പ്പെ​ടു​ന്നു. അതു​കൊ​ണ്ടു വ്യാക​ര​ണ​പ​ര​മാ​യി വെളി​പ്പാ​ടു 1:17 ഒരു സ്ഥാന​പ്പേ​രി​നെ കുറി​ക്കു​ന്നു, അതേസ​മയം യെശയ്യാ​വു 44:6 യഹോ​വ​യു​ടെ ദൈവ​ത്വ​ത്തെ വർണി​ക്കു​ന്നു.

b ആഞ്ചെലോസ്‌ എന്ന ഗ്രീക്കു​പദം “സന്ദേശ​വാ​ഹകൻ” എന്നും “ദൂതൻ” എന്നും അർഥമാ​ക്കു​ന്നു. മലാഖി 2:7-ൽ ഒരു ലേവ്യ​പു​രോ​ഹി​തൻ “സന്ദേശ​വാ​ഹകൻ” (എബ്രായ, മാലാഖ്‌) എന്നു പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ അടിക്കു​റി​പ്പു കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[32-ാം പേജിലെ ചതുരം]

പരിശോധനയുടെയും ന്യായ​വി​ധി​യു​ടെ​യും ഒരു കാലം

യേശു പൊ.യു. 29 ഏതാണ്ട്‌ ഒക്‌ടോ​ബ​റിൽ യോർദാൻ നദിയിൽവെച്ചു സ്‌നാ​പനം സ്വീക​രി​ക്കു​ക​യും നിയു​ക്ത​രാ​ജാ​വാ​യി അഭി​ഷേകം ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തു. മൂന്നര വർഷം കഴിഞ്ഞ്‌ പൊ.യു. 33-ൽ യേശു യെരു​ശ​ലേ​മി​ലെ ആലയത്തിൽ വരിക​യും അതിനെ കളളൻമാ​രു​ടെ ഒരു ഗുഹയാ​ക്കി​യ​വരെ പുറത്താ​ക്കു​ക​യും ചെയ്‌തു. യേശു 1914 ഒക്‌ടോ​ബ​റിൽ സ്വർഗ​ത്തി​ലെ ‘തന്റെ തേജസ്സി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നതു’മുതൽ ദൈവ​ഗൃ​ഹ​ത്തിൽ ന്യായ​വി​ധി ആരംഭി​ച്ചു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​ക​ളെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വരെ പരി​ശോ​ധി​ക്കു​ന്ന​തി​നു വരുന്ന​തു​വ​രെ​യു​ളള മൂന്നര​വർഷ കാലഘ​ട്ട​ത്തിന്‌ ഇതി​നോ​ടൊ​രു സമാന്ത​ര​ത്വം ഉളളതാ​യി കാണുന്നു. (മത്തായി 21:12, 13; 25:31-33; 1 പത്രൊസ്‌ 4:17) യഹോ​വ​യു​ടെ ജനത്തിന്റെ രാജ്യ​വേല 1918-ന്റെ ആരംഭ​ത്തി​ങ്കൽ കടുത്ത എതിർപ്പി​നെ അഭിമു​ഖീ​ക​രി​ച്ചു. അത്‌ ഭൂവ്യാ​പ​ക​മായ പരി​ശോ​ധ​ന​യു​ടെ ഒരു കാലമാ​യി​രു​ന്നു, ഭയമു​ള​ളവർ പാററി​ക്ക​ള​യ​പ്പെട്ടു. വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ അധികാ​രി​കളെ 1918 മേയ്‌ മാസത്തിൽ ജയിലി​ല​ട​യ്‌ക്കാൻ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​ക​വർഗം ദുഷ്‌​പ്രേരണ നൽകി, പക്ഷേ ഒൻപതു മാസത്തി​നു​ശേഷം ഇവർ മോചി​പ്പി​ക്ക​പ്പെട്ടു. പിന്നീട്‌ അവർക്കെ​തി​രെ​യു​ളള വ്യാജാ​രോ​പ​ണ​ങ്ങ​ളിൽനി​ന്നും അവർ പൂർണ​മാ​യി കുററ​വി​മു​ക്ത​രാ​ക്ക​പ്പെട്ടു. പരി​ശോ​ധി​ക്ക​പ്പെ​ടു​ക​യും ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത ദൈവ​ജ​ന​ത്തി​ന്റെ സ്ഥാപനം ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യു​ളള യഹോ​വ​യു​ടെ രാജ്യ​മാ​ണു മനുഷ്യ​വർഗ​ത്തി​നു​ളള പ്രത്യാ​ശ​യെന്നു ഘോഷി​ക്കാൻ 1919 മുതൽ തീക്ഷ്‌ണ​ത​യോ​ടെ മുന്നോ​ട്ടു നീങ്ങി.—മലാഖി 3:1-3.

യേശു തന്റെ പരി​ശോ​ധന 1918-ൽ ആരംഭി​ച്ച​പ്പോൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർക്ക്‌ ഒരു പ്രതി​കൂല ന്യായ​വി​ധി ലഭിച്ചു​വെ​ന്ന​തിൽ സംശയ​മില്ല. ദൈവ​ജ​ന​ത്തി​നെ​തി​രെ അവർ പീഡനം ഇളക്കി​വി​ട്ടു​വെന്നു മാത്രമല്ല, ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു പോരാ​ടി​ക്കൊ​ണ്ടി​രുന്ന രാഷ്‌ട്ര​ങ്ങളെ പിന്തു​ണ​ച്ചു​കൊ​ണ്ടു വലിയ രക്തപാ​തകം വരുത്തി​ക്കൂ​ട്ടു​ക​യും ചെയ്‌തു. (വെളി​പ്പാ​ടു 18:21, 24) പിന്നീട്‌ ആ വൈദി​കൻമാർ തങ്ങളുടെ പ്രത്യാശ മനുഷ്യ​നിർമിത സർവരാ​ജ്യ​സ​ഖ്യ​ത്തിൽ അർപ്പിച്ചു. മുഴു വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​ത്തോ​ടു​മൊ​പ്പം ക്രൈ​സ്‌ത​വ​ലോ​കം 1919-ൽ ദൈവ​ത്തി​ന്റെ പ്രീതി​യിൽ നിന്നു പൂർണ​മാ​യി വീണു​പോ​യി.

[28, 29 പേജു​ക​ളി​ലെ മാപ്പ്‌]

(പുസ്‌തകം കാണുക)

പെർഗമോസ്‌

സ്‌മിർണ

തുയഥൈര

ഫിലദെൽഫിയ

സർദിസ്‌

എഫേസോസ്‌

ലവോദിക്യ

[31-ാം പേജിലെ ചിത്രം]

ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യോ വായി​ക്കു​ക​യോ കൈവശം വെക്കു​ക​യോ ചെയ്‌ത​വരെ പീഡി​പ്പി​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌ത​തി​നാൽ ക്രൈ​സ്‌ത​വ​ലോ​ക​മതം ഭാരിച്ച രക്തപാ​തകം വരുത്തി​വെ​ച്ചു